എം ഗീതാനന്ദന്‍ അഭിമുഖം: 'അധികാരത്തിനുള്ള ആഗ്രഹത്തില്‍ രാഷ്ട്രീയം മനസ്സിലാക്കുന്നതില്‍ സികെ ജാനു പരാജയപ്പെട്ടു'

April 9, 2016, 2:00 pm
എം ഗീതാനന്ദന്‍ അഭിമുഖം: 'അധികാരത്തിനുള്ള ആഗ്രഹത്തില്‍ രാഷ്ട്രീയം മനസ്സിലാക്കുന്നതില്‍ സികെ ജാനു പരാജയപ്പെട്ടു'
Interview
Interview
എം ഗീതാനന്ദന്‍ അഭിമുഖം: 'അധികാരത്തിനുള്ള ആഗ്രഹത്തില്‍ രാഷ്ട്രീയം മനസ്സിലാക്കുന്നതില്‍ സികെ ജാനു പരാജയപ്പെട്ടു'

എം ഗീതാനന്ദന്‍ അഭിമുഖം: 'അധികാരത്തിനുള്ള ആഗ്രഹത്തില്‍ രാഷ്ട്രീയം മനസ്സിലാക്കുന്നതില്‍ സികെ ജാനു പരാജയപ്പെട്ടു'

സികെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തെ രാഷട്രീയമായി താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

ദേശീയ രാഷട്രീയത്തില്‍ ഹിന്ദു രാഷട്രീയം ശക്തിപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ദളിതര്‍ക്കെതിരെ സവര്‍ണ ഫാസിസം ശക്തി പ്രാപിക്കുമ്പോള്‍ അതിന്റെ മാറ്റങ്ങള്‍ കേരളത്തിലും സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ജാനു അതിന്റെ ഭാഗമായി മാറിയത് രാഷട്രീയമായി ഇന്ത്യയില്‍ എന്തു നടക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായി മനസിലാക്കാത്തത് കൊണ്ടാണ്. വലിയ രീതിയിലുള്ള സാമുദായിക ധ്രുവീകരണമാണ് കേരളത്തില്‍ നടക്കുന്നത്. ദേശീയ തലത്തില്‍ ദളിത് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപി കേരളത്തില്‍ ദളിതരെ ലക്ഷ്യമിടുന്നത് വാസ്തവത്തില്‍ ഹിന്ദു വോട്ട് ലക്ഷ്യമാക്കി മാത്രമാണ്. അതിന്റെ ഭാഗമായാണ് ബിഡിജെഎസിന്റെ പിറവിയും. ഇതൊന്നും ദളിതരുടെ നന്മ ലക്ഷ്യ വച്ചുള്ളതല്ല. ഇത് ബിജെപി ദേശീയ നേതൃത്വത്തിന്റെ തന്ത്രങ്ങള്‍ മാത്രമാണ്. ഈ തന്ത്രങ്ങള്‍ മനസിലാക്കാന് ജാനുവിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം

എന്‍ഡിഎയിലേക്കുള്ള പ്രവേശനത്തിന് സികെ ജാനു നല്‍കിയ വിശദീകരണം ഇടത് വലത് മുന്നണികള്‍ തങ്ങളെ വഞ്ചിച്ചുവെന്നും ബിജെപിയില്‍ പ്രതീക്ഷയുണ്ടെന്നുമാണ്. താങ്കള്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

ആദിവാസികളെ രാഷട്രീയമായി മൂല്യമുള്ള ഒരുവിഭാഗം ആക്കുക എന്നത് അവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും എന്ന് മനസിലാക്കിയാണ് രാഷട്രീയ ഊരു വികസനമുന്നണി 2014 ല്‍ രൂപീകരിച്ചത്. ആദിവാസികളുടെ ആവശ്യങ്ങള്‍ക്കായി നിരവധി സമരങ്ങളാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്നത്. എന്നാല്‍ ഈ സമരങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന വാഗ്ദാനം നല്‍കി പറ്റിക്കുകയാണ് ഇതുവരെ ഉണ്ടായത്. അതിനാലാണ് ആദിവാസികളുടെ വോട്ടിന്റെ വില മനസിലാക്കികൊണ്ട് ജനാധിപത്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ഒരു സംഘടന രൂപീകരിച്ചത്. ഇതിന്റെ റിസള്‍ട്ട് ഉണ്ടാവാന്‍ കുറച്ചു വര്‍ഷങ്ങള്‍ എടുക്കുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു അത് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതും. എന്നാല്‍ ആ പ്രോസസിങ് കാത്തിരിക്കാന്‍ ജാനു തയ്യാറായില്ല. ബിജെപിയില്‍ ഒരു പ്രതീക്ഷയും വേണ്ട. രാഷട്രീയമായ മുതലെടുപ്പ് മാത്രമാണ് അവരുടെ ലക്ഷ്യം

ദളിതര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും ആസൂത്രിത ആക്രമണം നടത്തുന്ന കാലം. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ മരണവും ജെഎന്‍യു അടക്കമുള്ള രാജ്യത്തെ ക്യാമ്പസുകളില്‍ വലിയ പ്രക്ഷോഭങ്ങളും നടക്കുന്ന ഈ കാലത്ത് ബിജെപി കേരളത്തിലെ ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നിലകൊള്ളുമെന്ന് വിശ്വസിക്കുന്നുണ്ടോ?

രോഹിതിന്റെ വിഷയത്തില്‍ ഞങ്ങള്‍ ചിലപരിപാടികള്‍ നടത്തിയിരുന്നു. ജാനുവും അതിലെല്ലാം പങ്കെടുത്തിരുന്നു. ഡല്‍ഹിയിലേക്ക് ഒരു മാര്‍ച്ച് നടത്താനും ആലോചിച്ചിരുന്നു. ഝാര്‍ഗണ്ഡിലും ഛത്തീസ്ഗഢിലുമെല്ലാം ആദിവാസികള്‍ക്കെതിരെ വലിയ രീതിയിലുള്ള സവര്‍ണ ഫാസിസ്റ്റുകളുടെ ആക്രമണം നടക്കുമ്പോള്‍, അതിനെതിരെ ശക്തമായ പോരാട്ടം രാജ്യത്താകെ ഉയര്‍ന്നു വരുമ്പോള്‍ അത് മനസിലാക്കുന്നതില്  ജാനു പരാജയപ്പെട്ടു എന്നു തന്നെ പറയാം. അധികാരം പങ്കുവെയ്ക്കുക എന്ന ആഗ്രഹത്തില്‍ ഫാസിസ്റ്റുകളുടെ ഭീഷണി മനസിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കേരളത്തിലെന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബിജെപി ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നിലകൊള്ളില്ല.

ദളിതരുടേയും ആദിവാസികളുടേയും കൂടെ നില്‍ക്കേണ്ട കേരളത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ച് സിപിഐഎം ജാനുവിനെ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ് അവര്‍ ബിജെപി കൂടാരത്തിലേക്ക് പോവാനുള്ള കാരണമെന്ന് വിശ്വസിക്കുന്നുണ്ടോ?

ഇടത് വലത് മുന്നണികള്‍ ഞങ്ങളെ അംഗീകരിക്കാനോ പരിഗണിക്കാനോ തയ്യാറായില്ല എന്നത് ശരിയാണ്. ജാനു അത് തുറന്നു പറഞ്ഞതിലും നിലപാട് വ്യക്തമാക്കിയതിലും തെറ്റില്ല. പക്ഷെ ഇവര്‍ക്ക് ബദലാണ് ബിജെപി എന്നു പറയുന്നതും ബിജെപി ശരിയാണെന്നു പറയുന്നതിലും അര്‍ഥമില്ല. കേരളത്തിലെ ഇടത്- വലത് സമീപനത്തോട് വിയോജിച്ച് ബിജെപിയിലേക്ക് പോവുന്നതില്‍ അര്‍ഥമില്ല. ആരുടേയും പക്ഷം പിടിക്കാതെ ആദിവാസികളെ കൂടുതല്‍ പൊളിറ്റിക്കലായി ബോധവത്കരിച്ച് മുന്നോട്ട് പോവാനുള്ള ശ്രമത്തെയാണ് ജാനു ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ബിജെപി വിളിക്കുമ്പോള്‍ കൂടെ പോയത് എന്ത് തീരുമാനത്തിന്റെ പുറത്താണെന്നറിയില്ല. ബിജെപിയ്ക്ക് വേണ്ടത് സെലിബ്രിറ്റികളെയാണ്. ക്രിക്കറ്റ് താരം ശ്രീശാന്തും സിനിമാ രംഗത്തുള്ളവരുമൊക്കെ സ്ഥാനാര്‍ത്ഥികളായി ബിജെപിയില്‍ എത്തുന്നത് അതിന്റെ ഭാഗമായിട്ടാണ്. ജാനുവിനെയും ഇത്തരത്തില്‍ കൊണ്ട് പോവുകയാണ് ചെയ്തിരിക്കുന്നത്. ജാനു പ്രതിനിധാനം ചെയ്യുന്ന സംഘനയുമായി ഒരു ആലോചനയും നടത്താതെയാണ് തീരുമാനമെടുത്തിരിക്കുന്നത്. അതു കൊണ്ട് തന്നെ ജാനു എന്ന വ്യക്തി കൊണ്ടുവന്ന ആളുകളെ പെരുവഴിയിലാക്കിയിരിക്കുകയാണ്. ദശകം കൊണ്ട് നേടിയെടുത്ത സ്‌പേസ് ആണ് ജാനു ഇല്ലാതാക്കിയത്.

ഗോത്രമഹാസഭയോട് ജാനു ചെയ്തത് ചതിയാണെന്ന് തോന്നിയിട്ടുണ്ടോ? തന്റെ കൂടെയുള്ള ആളുകളെ ജാനു പെരുവഴിയില്‍ ഉപേക്ഷിച്ചു എന്നു പറയുമ്പോള്‍ പുതിയ രാഷട്രീയ പ്രവേശനത്തിന് വ്യക്തി താത്പര്യം മാത്രമാണോ അവര്‍ നോക്കിയിട്ടുള്ളത്?

കേരളത്തിലെ 80 ശതമാനം ആദിവാസികളും ഭൂരഹിതരും ദരിദ്രരുമാണ്. അവരുടെ ആവശ്യങ്ങളും ആവേശവുമാണ്  ജാനു തിരിച്ചറിയാതെ പോയത്. എന്നാല്‍ ആദിവാസികളോട് ജാനു ചെയതത് ചതിയാണെന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല. ഊരുമൂപ്പന്‍, കളക്ടീവ് ഗ്രാമസഭകളില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവായിരുന്നു ജാനു. ആദിവാസികളുടെ അടിസ്ഥാനപരമായ എല്ലാ പ്രശ്‌നങ്ങളും മനസിലാക്കികൊണ്ട് തന്നെയാണ് ജാനു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ക്രമേണെ അവരുടെ ജീവിത രീതിയില്‍ മാറ്റം വരുന്നുണ്ടായിരുന്നു. സംഘടനയ്ക്ക് ഉപരിയായി തന്നെ പൊതു സമൂഹം അംഗീകരിക്കുന്നില്ല എന്ന തോന്നലും വേദികളും ഇടങ്ങളും കിട്ടുന്നില്ല എന്ന ചിന്തയുമാണ് രാഷട്രീയ വ്യക്തതയില്ലാതെ ഇപ്പോള്‍ നടത്തിയ എടുത്തുചാട്ടത്തിനുള്ള കാരണവും. പുതിയ നീക്കത്തിലൂടെ ഇതെല്ലാം ലഭിക്കുമെന്ന തോന്നലും അധികാരവും അഴിമതിയും പണവും എല്ലാ മുന്നില്‍ കണ്ടാണ് അവര്‍ തീരുമാനമെടുത്തത്. അല്ലാതെ ആദിവാസികളോടുള്ള സ്‌നേഹത്തിന്റെ പേരിലല്ല.

പെട്ടന്നുള്ള എടുത്തുചാട്ടം എന്നു പറയുമ്പോള്‍ പുതിയ രാഷട്രീയ നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ച് താങ്കളോടോ ഗോത്രമഹാസഭയുടെ മറ്റ് ഭാരവാഹികളോടോ ജാനു ചര്‍ച്ച നടത്തിയില്ലെന്നാണോ?

ഇല്ല ഒരു ആലോചനയും നടത്തിയിരുന്നില്ല. ബിജെപി നേതാക്കള്‍ എന്നെയും ക്ഷണിച്ചിരുന്നു. ഞങ്ങള്‍ ആ ക്ഷണം നിരസിച്ചപ്പോള്‍ ജാനു ഏകപക്ഷീയമായ തീരുമാനമെടുക്കുകയായിരുന്നു. നിലപാട് വ്യക്തമാക്കാനോ കൂടെയുള്ള ആളുകളെ ബോധ്യപ്പെടുത്താനോ ജാനു ശ്രമിച്ചിട്ടില്ല.


തങ്ങള്‍ വിശ്വസിച്ചിരുന്നു ഒരു നേതാവ് പുതിയൊരു രാഷട്രീയത്തിന്റെ ഭാഗമായപ്പോള്‍ അത് ഗോത്രമഹാസഭയെ എങ്ങിനെ ബാധിക്കും? സംഘടനയിലെ ആളുകള്‍ ജാനുവിന്റെ കൂടെ പോവുമെന്ന് കരുതുന്നുണ്ടോ?

കേരളത്തിലെ രണ്ടായിരത്തോളം ഊരുകൂട്ടങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്നതാണ് ഊരു വികസന മുന്നണി. അതിലെ ആളുകളൊന്നും ജാനുവിന്റെ കൂടെ പോവില്ല. ഗോത്രമഹാസഭയുടേയും ഊരു വികസന മുന്നണിയുടേയും പിന്തുണ തേടാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. കൂടെ ആളുകള്‍ വരില്ലെന്ന ബോധ്യത്തിലാണ് അവര്‍ അത് ചെയ്യാതിരുന്നത്. അതുകൊണ്ട് തന്നെയാണ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന പ്രഖ്യാപനം നടത്തിയതും. പക്ഷെ ജാനുവിന്റെ അസാന്നിധ്യമുണ്ടാക്കിയ ശൂന്യത വളരെ വലുതാണ്. രണ്ടാം നിര നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്.


സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിപ്പിക്കണം എന്ന് നിശ്ചയിക്കാനുള്ള ശക്തി അവിടെയുള്ള ആദിവാസികള്‍ക്കുണ്ടല്ലോ. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന ബത്തേരിയില്‍ ഇത്തവണ വിജയം ആര്‍ക്കൊപ്പമായിരിക്കും?

നാല് പഞ്ചായത്തുകളിലായി ഇരുപതോളം ഊരുകളാണ് ബത്തേരിയിലുള്ളത്. ആദിവാസികള്‍ക്ക് തെരഞ്ഞെടുപ്പിനെ ശക്തമായി സ്വാധാനീക്കാന്‍ കഴിയുന്ന വോട്ടുകള്‍ ഈ മണ്ഡലത്തിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് കൂടിയിട്ടുണ്ട്. എന്നു കരുതി ജാനു ഇവിടെ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ല. ബിജെപിയ്ക്ക് വോട്ട് കുറയാന്‍ മാത്രമേ സാധ്യതയുള്ളു. അതുകൊണ്ട് തന്നെ ഇടത് സ്ഥാനാര്‍ത്ഥിയ്ക്കാണ് മണ്ഡലത്തില്‍ നേരിയ പ്രതീക്ഷയുള്ളത്.

 
പുതിയ സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഗോത്രമഹാസഭയും ഊരു വികസന മുന്നണിയും ബിജെപിയ്ക്ക് എതിരായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമോ? ആര്‍ക്കായിരിക്കും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുക?  

ബിജെപിയെ തോല്‍പ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് ഇറങ്ങില്ല. എന്നാല്‍ ഗോത്രമഹാസഭ സംഘടനാപരമായി അതീജവിക്കാനുള്ള എല്ലാ ഇടപെടലുകളും നടത്തും. ഞങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ബത്തേരിയില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

ദളിത് -ആദിവാസി ദുര്‍ബല വിഭാഗങ്ങളെ എന്നു കൂടെ നിര്‍ത്തേണ്ടിരുന്ന അവര്‍ക്ക് പിന്തുണ നല്‍കേണ്ടിയിരുന്ന ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ പരാജയം കൊണ്ടാണല്ലോ ആദിവാസി ഗോത്രമഹാസഭ രൂപീകരിച്ചത്. അതിന് പൊതുസ്വീകാര്യതയും ലഭിച്ചു. വര്‍ത്തമാനകാലത്ത് ദളിത്-അംബേദ്കര്‍ രാഷട്രീയം ശക്തിപ്രാപിച്ചു വരികയും ശക്തമായ പോരാട്ടങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന ജാനു ബിജെപിയുടെ ഭാഗമായി തീരുകയും ചെയ്യുമ്പോള്‍, ആദിവാസികള്‍ക്ക് 15 വര്‍ഷത്തോളമായി രാഷട്രീയ വിദ്യാഭ്യാസം നല്‍കി കൊണ്ടിരിക്കുന്ന തങ്കളുടെ പരാജയമായി ഇതിനെ കാണാന്‍ കഴിയില്ലേ?

ഒരു പരിധി വരെ ശരിയാണ്. നിലവിലെ സാഹചര്യങ്ങളെ അവരെ മനസിലാക്കി കൊടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലെ മുന്‍കൂട്ടി നിര്‍വചിച്ച തിയറിയോ സംഘനാസംവിധാനമോ ഗോത്രമഹാസഭയ്ക്കില്ല. രാഷട്രീയമായി സംഭവിക്കുന്നതിന്റെ ആന്തരികമായ മാറ്റം ഉണ്ടാക്കി കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. രണ്ടാം നിര നേതൃത്വത്തെ ഉയര്‍ത്തികൊണ്ടു വരുന്നതിലും വീഴ്ച സംഭവിച്ചു