മണികണ്ഠന്‍ അഭിമുഖം: ഞാന്‍ ജനിച്ചുവളര്‍ന്ന ഇടവും ഒരു ‘കമ്മട്ടിപ്പാട’മായിരുന്നു; ‘റബ്ബര്‍ പന്ത്’ പോലെയുള്ള ‘ബാലന്‍ ചേട്ടന്മാരെ’ നേരിട്ടറിയാം 

May 27, 2016, 4:17 pm
മണികണ്ഠന്‍ അഭിമുഖം: ഞാന്‍ ജനിച്ചുവളര്‍ന്ന ഇടവും ഒരു ‘കമ്മട്ടിപ്പാട’മായിരുന്നു; ‘റബ്ബര്‍ പന്ത്’ പോലെയുള്ള ‘ബാലന്‍ ചേട്ടന്മാരെ’ നേരിട്ടറിയാം 
Interview
Interview
മണികണ്ഠന്‍ അഭിമുഖം: ഞാന്‍ ജനിച്ചുവളര്‍ന്ന ഇടവും ഒരു ‘കമ്മട്ടിപ്പാട’മായിരുന്നു; ‘റബ്ബര്‍ പന്ത്’ പോലെയുള്ള ‘ബാലന്‍ ചേട്ടന്മാരെ’ നേരിട്ടറിയാം 

മണികണ്ഠന്‍ അഭിമുഖം: ഞാന്‍ ജനിച്ചുവളര്‍ന്ന ഇടവും ഒരു ‘കമ്മട്ടിപ്പാട’മായിരുന്നു; ‘റബ്ബര്‍ പന്ത്’ പോലെയുള്ള ‘ബാലന്‍ ചേട്ടന്മാരെ’ നേരിട്ടറിയാം 

രാജീവ് രവിയുടെ ഏറ്റവും പുതിയ ചിത്രം ‘കമ്മട്ടിപ്പാട’ത്തില്‍ ദുല്‍ഖറിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ നടന്മാര്‍ വിനായകനും മണികണ്ഠനുമാണ്. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ഇതിനകം അഭിപ്രായം നേടിയ ഗംഗന്റെ ജ്യേഷ്ഠന്‍ ‘ബാലനാ’യാണ് മണികണ്ഠന്‍ നിറഞ്ഞുനിന്നത്. ഇയാള്‍ ഇത്രകാലവും എവിടെയായിരുന്നുവെന്ന് പ്രേക്ഷകരെക്കൊണ്ട് ചോദിപ്പിക്കും വിധം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ‘കമ്മട്ടിപ്പാട’ത്തെ ‘ബാലന്‍ ചേട്ടന്റേ’ത്. സിനിമയില്‍ ആദ്യമായാണെങ്കിലും അഭിനയം അയാള്‍ക്ക് പുതിയ ഒന്നല്ല. പതിനൊന്നാം വയസില്‍ തെരുവുനാടകത്തിലാണ് മണികണ്ഠന്‍ എന്ന അഭിനേതാവിന്റെ ജനനം. പിന്നീട് സിനിമയെ തേടിനടന്ന വഴികളിലെല്ലാം പറയാന്‍ തീക്ഷ്ണാനുഭവങ്ങള്‍. ‘കമ്മട്ടിപ്പാട’ത്തെ ‘ബാലന്‍ ചേട്ടന്‍’ സംസാരിക്കുന്നു..


എങ്ങനെയാണ് രാജീവ് രവിയിലേക്കും ‘കമ്മട്ടിപ്പാട’ത്തേക്കും എത്തുന്നത്?

തൃപ്പൂണിത്തുറയില്‍ ‘ഭാസഭേരി’ എന്നപേരില്‍ ഒരു നാടകസമിതി ഉണ്ടായിരുന്നു. അതിലെ നടനായിരുന്നു. എന്റെ നാടകസുഹൃത്തുക്കളായ വിജയകുമാറും സുജിത്തും രാജീവേട്ടനോടൊപ്പം ‘കമ്മട്ടിപ്പാട’ത്തില്‍ ഉണ്ടായിരുന്നു. കാസ്റ്റിംഗ് ഡയറക്ടറായിരുന്നു വിജയകുമാര്‍. വിജയേട്ടനാണ് എന്നെ രാജീവേട്ടന് പരിചയപ്പെടുത്തുന്നത്. ഇതൊരു കറുത്ത ആള്‍ക്കാരുടെ സിനിമയാണല്ലോ? കാസ്റ്റിംഗിനുവേണ്ടിയുള്ള അന്വേഷണത്തില്‍ വിജയേട്ടന്‍ എന്നെ കണ്ടു. അങ്ങനെ രാജീവേട്ടനെ കാണുന്നു. രണ്ടുമൂന്ന് തവണ പോക്കുവരവ് ഉണ്ടായിരുന്നു. ഒന്ന് ചെയ്യിപ്പിച്ചുനോക്കി. അതിനുശേഷം ബാലനായിട്ട് ഫിക്‌സ് ചെയ്തു. 

രാജീവ് രവി എങ്ങനെയാണ് കഥാപാത്രത്തെ വിവരിച്ച് തന്നിരുന്നത്? 

കമ്മട്ടിപ്പാടത്തിന്റെ കഥയാണ്. ബാലനെപ്പോലെയുള്ള ആളുകളൊക്കെ ഇവിടെയുണ്ട്. ഒരു ‘റബ്ബര്‍ പന്ത് പോലെയുള്ള’ ആളാണ് ബാലനെന്നാണ് രാജീവേട്ടന്‍ പറഞ്ഞത്. ഇത്രയൊക്കെയേ ആദ്യം പറഞ്ഞുള്ളൂ. പിന്നെ ഓരോ സീനെടുക്കുമ്പോള്‍ വിശദീകരിച്ച് തരും. എപ്പോഴും നെഞ്ചുംവിരിച്ച് മുന്നില്‍ നടക്കുന്ന ഒരാളാണെന്നൊക്കെ. ഇത്തിരി ഇന്‍ഫീരിയോറിറ്റിയുമുണ്ട് കഥാപാത്രത്തിന്. അതാണ് ഇടയ്ക്ക് ‘ഞാനാടാ, ബാലനാടാ’ എന്ന് പറയുന്നത്. ചെറിയ ഒരു പൊങ്ങച്ചക്കാരനുമാണ്. വലിയ ഒരാളാണെന്ന ധാരണയാണ് അയാള്‍ക്കുള്ളത്. എന്നാല്‍ ഒരു ഗുണ്ട എന്ന് പറയാനും വയ്യ. മനുഷ്യന്റെ എല്ലാ രുചികളും അയാള്‍ക്കുമുണ്ട്. തമാശയും ഡാന്‍സും പ്രണയവുമൊക്കെയുണ്ട്. ശാസ്താംപാട്ടുകാരനാണ്. സാഹചര്യങ്ങളാണ് അയാളെ അങ്ങനെയാക്കിത്തീര്‍ക്കുന്നത്. 

‘ബാലനെ’ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനായോ? 

തൃപ്പൂണിത്തുറയിലെ തോപ്പില്‍ എന്ന സ്ഥലത്താണ് ഞാന്‍ വളര്‍ന്നത്. ഒരു ‘കമ്മട്ടിപ്പാട’മായിരുന്നു അത്. ചെറിയ വീടുകളും പാടങ്ങളുമൊക്കെയുള്ള ഒരു സ്ഥലം. ഇപ്പോള്‍ അവിടെയെല്ലാം ഫല്‍റ്റുകളാണ്. അതിനാല്‍ ഈ കഥയുമായിത്തന്നെ എനിക്ക് ഭയങ്കര ഫീല്‍ ഉണ്ടായിരുന്നു. പിന്നെ കുറേ ബാലന്‍ ചേട്ടന്‍മാരെ എനിക്ക് നേരിട്ടറിയാം. സിനിമയില്‍ ‘കവിത’യില്‍ നടക്കുന്നതുപോലെ ഒരു ഫൈറ്റ് പണ്ട് ഷേണായ്‌സില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. 

‘ബാലനാ’കാന്‍ വേണ്ടി എന്തെങ്കിലും തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നോ? 

രാജീവേട്ടന്‍ കഥാപാത്രത്തെ വിവരിച്ചുതന്നതനുസരിച്ച് ഞാന്‍ ഒരു ക്യാരക്ടര്‍ സ്റ്റഡി നടത്തിയിരുന്നു. പക്ഷേ അതൊന്നും സിനിമയ്ക്ക് ആവശ്യം വന്നില്ല. ലൊക്കേഷനില്‍ ചെന്നപ്പോള്‍ മറ്റൊരു സാധനമായിരുന്നു വേണ്ടിയിരുന്നത്. ഡയലോഗ് റൈറ്റര്‍ സേതുച്ചേട്ടന്‍ ഡയലോഗ് ആര്‍ക്കും എഴുതിനല്‍കുകയായിരുന്നില്ല. സീനെടുക്കും മുന്‍പ് ആക്ടേഴ്‌സിന്റെ ഹൃദയത്തിലേക്കാണ് പുള്ളി അവ എഴുതിയത്. രാജീവേട്ടന്‍ വന്ന് അതിന്റെ ഫീല്‍ പറഞ്ഞുതരും. അതുകൊണ്ടൊക്കെയാവാം ഞങ്ങള്‍ പറയുമ്പോഴും അവ ഹൃദയത്തില്‍നിന്ന് വന്നത്. പക്ഷേ ഫിസിക്കലായി ചില തയ്യാറെടുപ്പുകള്‍ വേണ്ടിയിരുന്നു. സിനിമയില്‍ രണ്ട് കാലഘട്ടമുണ്ട്. തീയേറ്ററിലെ ഇടിയൊക്കെ ഒരു മുപ്പത് വയസുള്ള ഘട്ടമാണ്. അതിനായി വണ്ണം കുറയ്ക്കണമെന്ന് പറഞ്ഞു. ഏഴ് കിലോയോളം കുറച്ചിട്ടുണ്ട്. പിന്നെ 40 വയസുള്ള ഘട്ടത്തിനുവേണ്ടി അഞ്ച് കിലോ കൂട്ടിയിട്ടുമുണ്ട്. 

ദുല്‍ഖറും വിനായകനുമൊത്തുള്ള അഭിനയാനുഭവം എങ്ങനെയായിരുന്നു?

പേടിയൊന്നുമുണ്ടായില്ല. ദുല്‍ഖറിന്റെയും എന്നേക്കാള്‍ പ്രായത്തില്‍ മൂത്ത വിനായകന്റെയും ചേട്ടനായിട്ടാണ് അഭിനയിക്കുന്നത്. അവരെ എടാ, പോടാ എന്നൊക്കെ വിളിക്കണം. അപ്പോഴൊന്നും പേടിയോ കോംപ്ലക്‌സോ ഒന്നും തോന്നിയില്ല. ഞാനല്ല ബാലന്‍ചേട്ടനാണ് എന്നൊരു ഫീലിലേക്ക് വന്നു അത് ചെയ്യുമ്പോള്‍. ഇതൊക്കെ നമ്മുടെ പിള്ളേരാണ് എന്നാണ് അപ്പോള്‍ തോന്നിയത്. ഷൂട്ട് കഴിഞ്ഞാല്‍ പരസ്പരബഹുമാനത്തോടെയാണ് കണ്ടിരുന്നത്. ഒരു നാടകം ചെയ്ത സുഖമുണ്ടായിരുന്നു. സാധാരണ സിനിമ ചെയ്താല്‍ നാടകം ചെയ്ത സുഖം കിട്ടില്ല. ഇതുപോലെയുള്ള ഒരു എക്‌സ്പീരിയന്‍സ് ഇനി കിട്ടുമോ എന്ന് അറിയില്ല. കിട്ടണമെന്ന് ആഗ്രഹമുണ്ട്. ‘ബാലന്‍ ചേട്ടാ’ എന്നുവിളിച്ചാണ് ദുല്‍ഖര്‍ ആദ്യം പരിചയപ്പെടുന്നത് തന്നെ. വണ്ടിയില്‍ പോകുമ്പോഴൊക്കെ തമാശയും കാര്യങ്ങളുമൊക്കെ പറയും. എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ ചോദിക്കും. ഫേസ്ബുക്കില്‍ ഇപ്പോള്‍ ഫ്രണ്ടാക്കിയിട്ടുണ്ട്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം, ദുല്‍ഖര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പേജില്‍ നമ്മളെപ്പറ്റി പറഞ്ഞ നല്ല വാക്കുകളാണ്. അതുമുതലാണ് നാട്ടുകാര്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. അതുവരെ അവര്‍ വിചാരിച്ചിരുന്നത് എന്തോ ഒരു റൗഡി വേഷം എന്നൊക്കെ ആയിരുന്നു. ഞാനും ആരോടും പറഞ്ഞിരുന്നില്ല. ദുല്‍ഖര്‍ സാര്‍ അത് ഇട്ടുകഴിഞ്ഞാണ് നാട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. വിനായകന്‍ ചേട്ടനുമായി ഒരു സഹോദര ബന്ധം പോലെ ആയിരുന്നു. സിനിമയ്ക്ക് പുറത്തുള്ള ഒരു സൗഹൃദമുണ്ട് ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍. ആരുംതന്നെ താരങ്ങളാണെന്ന് തോന്നിയില്ല. അങ്ങനെയാണ് എല്ലാവരും എന്നോട് പെരുമാറിയത്. 

സിനിമയിലെ അഭിനയവുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിഞ്ഞോ? 

മഴവില്‍ മനോരമയുടെ ‘മറിമായ’ത്തില്‍ ഇടയ്ക്ക് വന്നിട്ടുണ്ട്. അപ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് നാടകാഭിനയം വരുന്നുണ്ടെന്ന്. എനിക്കും ഓവറായി തോന്നിയിട്ടുണ്ട്. അതില്‍ നിരാശയും തോന്നിയിരുന്നു. പിന്നെ നാടകം തരുന്ന ഒരു ബലം എന്താണെന്നുവെച്ചാല്‍ അതില്‍ നിന്ന് വരുന്ന ഒരാള്‍ ഒരു പ്രവൃത്തിയിലേക്ക് കടക്കുമ്പോള്‍ ഇന്‍വോള്‍വ്‌മെന്റ് നൂറ് ശതമാനമായിരിക്കും. 


ബാലന്റെയും ഗംഗയുടെയും രൂപത്തില്‍ ആവര്‍ത്തിക്കുന്ന സവിശേഷത അവരുടെ ഉയര്‍ന്ന് നില്‍ക്കുന്ന പല്ലുകളാണ്. അഭിനയിക്കുന്ന സമയത്ത് ഇതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ? 

എന്റെ കഥാപാത്രം എങ്ങനെയാണെങ്കിലും അതെനിക്ക് സ്വീകാര്യമാണ്. നാടകത്തില്‍ നിന്ന് കിട്ടിയ ഒരു ഗുണമാവാം അത്. എന്റെ കഥാപാത്രത്തെ ഞാന്‍ സ്‌നേഹിച്ചാല്‍ മാത്രമേ പ്രക്ഷകര്‍ക്കും അത് ഇഷ്ടപ്പെടൂ എന്നാണ് നമ്മുടെ ബോധ്യം. അപ്പിയറന്‍സിനെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ ചെറിയ ബുദ്ധിമുട്ടൊക്കെ തോന്നിയിരുന്നു. പക്ഷേ ക്യാരക്ടറായി മാറിയപ്പോള്‍ പല്ലിന്റെ കാര്യമൊക്കെ മറന്നുപോയി. ദുല്‍ഖര്‍ വിചാരിച്ചിരുന്നത് ഇതെന്റെ ഒറിജിനല്‍ പല്ലാണെന്നാണ്. പാക്കപ്പ് പാര്‍ട്ടിക്ക് വന്നപ്പോഴാണ് ആ പല്ല് ഒറിജിനല്‍ ആയിരുന്നില്ലെന്ന് അദ്ദേഹം മനസിലാക്കുന്നത്. തമാശയുള്ള ഓര്‍മ്മയാണത്. കവിതാ തീയേറ്ററില്‍ അണ്ടര്‍വെയര്‍ മാത്രമിട്ടുള്ള ഫൈറ്റ് സീനിലും നമ്മള്‍ അതേപ്പറ്റിയൊക്കെ മറന്നുപോയിരുന്നു. ഷോട്ട് കഴിഞ്ഞിട്ടും അങ്ങനെതന്നെയാണ് കുറച്ചുനേരം നിന്നത്. 

നാടകത്തിന്റെ ഒരു പശ്ചാത്തലം എങ്ങനെയാണ്? 

പതിനൊന്ന് വയസ്സ് മുതല്‍ നാടകാഭിനയമുണ്ട്. തെരുവ് നാടകങ്ങളാണ് ആദ്യം. ‘ഭാസഭേരി’യിലാണ് തുടങ്ങുന്നത്. പിന്നെ ‘ലോക ധര്‍മ്മി’, ചന്ദ്രദാസന്‍ സാറിന്റെ സംഘം. പിന്നെ ബംഗാളി നാടകസംവിധായകന്‍ പ്രൊബീര്‍ ഗുഹയുടെ ഒരു ക്യാമ്പുണ്ടായിരുന്നു ഇവിടെ. അതില്‍ പങ്കെടുത്തിട്ടുണ്ട്. നാടകത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു കുറേനാള്‍. നമ്മുടെ അപ്പിയറന്‍സ് വച്ചിട്ട് നല്ല വേഷങ്ങളൊന്നും കിട്ടില്ലായിരുന്നു. നമ്മുടെ നാട്ടുകാരന്‍ തന്നെയായ ശിവന്‍ തൃപ്പൂണിത്തുറയുടെ നാടകത്തിലാണ് ആദ്യമായി നല്ലൊരു വേഷം കിട്ടിയത്. ഉണ്ണി പൂണിത്തുറയുടെ ‘കിച്ചണ്‍’ എന്ന നാടകം ഒരു ബ്രേക്ക് നല്‍കി. 

നാടകം കളിച്ചുനടന്ന കാലത്ത് സിനിമ എന്ന ഒരു ആഗ്രഹമുണ്ടായിരുന്നോ?

ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതിനുവേണ്ടി ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല. എഡിറ്റര്‍ ബി.ലെനിന്‍ സാറാണ് എന്നെ ഒരു സിനിമാഭ്രാന്തനാക്കി മാറ്റിയത്. അദ്ദേഹം നമ്മുടെ നാട്ടിലാണ് താമസിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു സിനിമയിലേക്ക് എന്നെ ക്ഷണിച്ചു, മദ്രാസിലേക്ക്. നായകവേഷമായിരുന്നു. മുടിയൊക്കെ വളര്‍ത്തി ഒരു ഗെറ്റപ്പ് വേണമെന്ന് പറഞ്ഞു. പതിനേഴ് വയസാണ് അന്ന്. പെയിന്റിംഗ് പോലുള്ള മറ്റു പണികള്‍ക്കൊക്കെ പോകുന്ന സമയമാണ്. ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ വെട്ടിയിരുന്നു ആ കാലത്ത്. പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ മദ്രാസില്‍ നിന്ന് തിരിച്ചുവന്നില്ല. വന്നാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് തോന്നി. പ്രൊഡ്യൂസര്‍ എന്തോ പ്രശ്‌നമായി, നീ നാട്ടില്‍ പൊയ്‌ക്കോ എന്ന് ലെനിന്‍ സാര്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് യാത്രപറഞ്ഞിറങ്ങി. പക്ഷേ തിരിച്ചുപോന്നില്ല. എന്റെ ഒരു ചേട്ടന്റെ കൂട്ടുകാരന് സൈക്കിളില്‍ ചായ കൊണ്ടുനടന്ന് വില്‍ക്കുന്ന പണിയുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം കൂടി. അതിനൊപ്പം തമിഴ്‌സിനിമാ അന്വേഷണമായിരുന്നു കുറേ വര്‍ഷങ്ങള്‍. ഫോട്ടോയുമായി പലരെയും കാണാന്‍പോകുമായിരുന്നു. ഒരിക്കല്‍ സംഗീത എന്ന സ്റ്റുഡിയോയില്‍ അങ്ങനെ അവസരം തേടി പോയി. അപ്പോള്‍ അവിടെ ഒരു ഓഫീസ് ബോയ്‌യുടെ ഒഴിവുണ്ടായിരുന്നു. എഡിറ്റിംഗ്, മിക്‌സിംഗ് എല്ലാമുള്ള സ്റ്റുഡിയോ ആയിരുന്നു. അവിടെ ഓഫീസ് ബോയ് ആയി ചേര്‍ന്നു. ഒരു സിനിമയ്ക്ക് പുറകിലുള്ള കഷ്ടപ്പാടെന്താണെന്നൊക്കെ അവിടുന്ന് മനസിലായി. കുറേനാള്‍ കഴിഞ്ഞ് അവിടുത്തെ ഒരു പ്രോഗ്രാമിന് ബി.ലെനിന്‍ സാര്‍ ഗസ്റ്റായി വന്നപ്പോള്‍ എന്നെ കണ്ടു. നാട്ടിലേക്ക് പോകാനാവാത്ത അവസ്ഥ ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അസിസ്റ്റന്റാക്കി അദ്ദേഹം എന്നെ വീട്ടില്‍ നിര്‍ത്തി. ‘കൂത്തുപ്പട്ടര്‍’ എന്ന ഒരു നാടകസംഘത്തില്‍ അദ്ദേഹം കൊണ്ടാക്കി. അവിടെ സിനിമാഭിനയത്തിലും ക്ലാസുകളുണ്ട്. അവിടെ പഠിച്ചു. പിന്നീട് അവിടെത്തന്നെ അധ്യാപകനുമായി. അവിടെ ഓഡീഷന്‍ നടത്തി ഒരു തമിഴ് സിനിമയില്‍ വേഷം ലഭിച്ചിരുന്നു. പക്ഷേ അതും പാതിവഴിയില്‍ നിന്നു. സൂര്യയുടെ ‘ഏഴാം അറിവ്’ എന്ന സിനിമയില്‍ ഇഫക്ട്‌സിലൊക്കെ വര്‍ക് ചെയ്തിട്ടുണ്ട്. വില്ലന്റെ എന്‍ട്രിയില്‍ അയാള്‍ പട്ടിക്ക് ബിസ്‌കറ്റ് ഇട്ടുകൊടുക്കുന്നുണ്ട്. പട്ടി ആ ബിസ്‌കറ്റ് കടിക്കുന്ന ശബ്ദം എന്റേതാണ്. ഏറ്റവും അടുത്ത കൂട്ടുകാരോടൊക്കെ അക്കാര്യം പറഞ്ഞിരുന്നു. തീയേറ്ററില്‍ ആ രംഗം വന്നപ്പോള്‍ അവര്‍ കൈയ്യടിച്ചിട്ടുണ്ട്. നാല് വര്‍ഷം മദ്രാസില്‍ ജീവിച്ചു. നല്ല സുഖമായ കഷ്ടപ്പാടുകളുമായി. നാട്ടില്‍ തിരിച്ചെത്തി നാടകങ്ങളുമായി നില്‍ക്കുമ്പൊഴാണ് ഈ ബമ്പര്‍ വന്നത്. 

നാടകകാലത്ത് ഉപജീവനത്തിനായി മറ്റ് പണികള്‍ ചെയ്തിരുന്നു. അല്ലേ? 

ഒരുപാട് പണികള്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണപ്പണി, പൈലിംഗിന്റെ പണി, അവസാനമായി ചെയ്തത് മീന്‍ വെട്ടലാണ്. ബസില്‍ കിളിയായി പോയിട്ടുണ്ട്. ഓട്ടോറിക്ഷ ഓടിച്ചിട്ടില്ല. ബാക്കി ഒട്ടുമിക്ക പണികളും ചെയ്തിട്ടുണ്ട്. പക്ഷേ ഈ ജോലികളൊക്കെ പാര്‍ട്ട് ടൈം ആയേ കണ്ടിട്ടുള്ളൂ. ഒരു രക്ഷയുമില്ലെങ്കില്‍ പോവുക എന്നുമാത്രം. നാടകം കളിക്കുക എന്നതുതന്നെയായിരുന്നു ആത്മസംതൃപ്തി. പൈസ ഇല്ലെങ്കില്‍ പോലും അതായിരുന്നു മനസിന് സുഖം. ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. നമുക്ക് സംസാരിക്കാനുള്ള ധൈര്യംതന്നെ തന്നത് നാടകമാണ്. 

ഔട്ട്‌ഡോറില്‍ ആള്‍ക്കൂട്ടത്തിന്റെ നടുവിലൊക്കെ അഭിനയിക്കുന്ന രംഗങ്ങളില്‍ തെരുവ് നാടകാനുഭവം ബലം നല്‍കിയോ? 

തീയേറ്റര്‍ ആക്ടേഴ്‌സിന് ആള്‍ക്കൂട്ടമുണ്ടെങ്കിലാണ് ആവേശം തോന്നുക. കൈയ്യടി വാങ്ങുന്നതിലാണ് അവര്‍ക്ക് ഹരം. പക്ഷേ ചിലപ്പോള്‍ അത് പാരയായി മാറും. കാരണം ചിലപ്പോഴൊക്കെ ഓവറാകാനുള്ള സാധ്യതയുണ്ട്. അപ്പോഴൊക്കെ ഡയറക്ടര്‍ ഇടപെടും. പക്ഷേ ബാലന് അല്‍പം ഓവറാകാമായിരുന്നു. ഒച്ചയെടുക്കുന്ന കഥാപാത്രമാണല്ലോ അത്. പക്ഷേ ഇന്‍ഡോര്‍ സീനുകളില്‍ നമ്മുടെ പെര്‍ഫോമന്‍സ് അല്‍പം ഡൗണാകുമായിരുന്നു. ഡബ്ബിംഗിലും ആദ്യം ആ പ്രശ്‌നമുണ്ടായിരുന്നു. കാരണം അവിടെ നമ്മളെ മൈന്‍ഡ് ചെയ്യാനോ കൈയ്യടിക്കാനോ ആരുമില്ലല്ലോ? പിന്നീട് ഡബ്ബിംഗ് പഠിച്ച് കുഴപ്പമില്ലാതെ ചെയ്യാനായി. പിന്നെ അഭിനയിക്കുമ്പോള്‍, ക്യാമറാമാന്‍ മധുച്ചേട്ടന്റെ സപ്പോര്‍ട്ട് ഭയങ്കരമായിരുന്നു. ഓരോ സീനിലും ഞാന്‍ വന്നുനില്‍ക്കുമ്പോള്‍ എവിടെയെങ്കിലും ഒന്ന് ഡൗണായാല്‍, തളര്‍ച്ച കണ്ടുകഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ മധുച്ചേട്ടന്‍ ക്യാമറയുടെ പുറകില്‍ നിന്ന് മുന്നിലേക്ക് വരും. എന്നെ നോക്കി തുള്ളിക്കാണിക്കും. ബാലന്‍ റബ്ബര്‍ പന്ത് പോലെയാണെന്നാണ്. ഭയങ്കര എനര്‍ജിയാണ്. നമ്മള്‍ എപ്പോഴെങ്കിലും അത്തരം എനര്‍ജി ഇല്ലാതെ നില്‍ക്കുന്നത് കണ്ടാല്‍ മധുച്ചേട്ടന്‍ ഉടനത് പറയുമായിരുന്നു. പ്രോത്സാഹിപ്പിക്കുമായിരുന്നു. 

കവിതാ തീയേറ്ററിലെ ആ ഫൈറ്റ് സീന്‍ ഷൂട്ടിംഗിന്റെ ഏത് ഘട്ടത്തിലായിരുന്നു? 

അത് ചിത്രീകരണം ആരംഭിച്ച് കുറെ കഴിഞ്ഞിട്ടായിരുന്നു. ടീമുമായിട്ട് ഒന്ന് സെറ്റായതിന് ശേഷം. 

തീയേറ്ററില്‍ പോയി സിനിമ കണ്ടോ? 

കവിതയില്‍ ആദ്യ ഷോ തന്നെ കണ്ടു. ആദ്യത്തെ ഒരു കയ്യടി കിട്ടിയപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. 

സിനിമ കണ്ടതിന് ശേഷം സിനിമയില്‍ നിന്ന് ആരെങ്കിലും വിളിച്ചോ? 

ഉണ്ണി.ആര്‍ വിളിച്ചിരുന്നു. സന്തോഷ് ഏച്ചിക്കാനം തീയേറ്ററില്‍ പടം കാണാനുണ്ടായിരുന്നു. അവിടെവച്ചുതന്നെ കെട്ടിപ്പിടിച്ചു. അലന്‍സിയര്‍ ചേട്ടന്‍ വിളിച്ച് വലിയ സന്തോഷം പറഞ്ഞു. ചില പ്രോജക്ടുകളൊക്കെ സംസാരിക്കാനുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. സിനിമ കണ്ട പ്രേക്ഷകരും വിളിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഒരുപാട് പുതിയ കൂട്ടുകാരെ കിട്ടിയിട്ടുണ്ട്.