പി ജയരാജന്‍ അഭിമുഖം: 'തലശേരി എന്നും ആര്‍എസ്എസ് പരീക്ഷണശാല'

September 12, 2015, 4:57 pm
പി ജയരാജന്‍ അഭിമുഖം: 'തലശേരി എന്നും ആര്‍എസ്എസ് പരീക്ഷണശാല'
Interview
Interview
പി ജയരാജന്‍ അഭിമുഖം: 'തലശേരി എന്നും ആര്‍എസ്എസ് പരീക്ഷണശാല'

പി ജയരാജന്‍ അഭിമുഖം: 'തലശേരി എന്നും ആര്‍എസ്എസ് പരീക്ഷണശാല'

കണ്ണൂര്‍ ജില്ലയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്, കണ്ണൂര്‍ ജില്ലയില്‍ എന്തോ പ്രത്യേകമായി സംഭവിക്കുന്നുണ്ട് എന്നൊരു പ്രതീതി ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നതാണ്.

സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും സാധാരണമാണ് എന്നാണോ?

അതായത്, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, വടക്കേ മലബാറിന് ഒരു പ്രത്യേകതയുണ്ട്. മലബാര്‍ കേന്ദ്രീകരിച്ചായിരുന്നു അന്ന് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം നടന്നിരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസ് കമ്മിറ്റിയാണല്ലോ കെ.പി.സി.സി ആയി പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസിനകത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട ഘട്ടത്തില്‍തന്നെ ഏറ്റവും സംഘടിതമായ പ്രവര്‍ത്തനം നടന്നത് വടക്കേ മലബാറിലാണ്. ആ തരത്തിലുള്ള സംഘടിത പ്രവര്‍ത്തനം അന്നേ ഇവിടെയുണ്ട്. അങ്ങനെയാണ് വടക്കേ മലബാറിന്റെ ചരിത്രത്തില്‍ സവിശേഷ പ്രത്യേകതകളുള്ള സമരകേന്ദ്രങ്ങള്‍ സ്ഥാനം പിടിച്ചത്. കയ്യൂര്‍, കരിവെള്ളൂര്‍, മൊറാഴ, പാടിക്കുന്ന്, മുനയന്‍കുന്ന്, പഴശ്ശി, തില്ലങ്കേരി തുടങ്ങിയ രക്തരൂഷിതമായ പല സമരങ്ങളും വടക്കേ മലബാറില്‍ നടന്നു. ആ പോരാട്ട പാരമ്പര്യം ഇപ്പോഴും തുടരുന്നുണ്ട്.

അതിനെ തുടര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയമുന്നേറ്റം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ശാരീരികമായി കടന്നാക്രമിക്കാനാണ് മുതിര്‍ന്നത്. മൊയാരത്ത് ശങ്കരനെ കോണ്‍ഗ്രസ്സുകാര്‍ തല്ലിക്കൊല്ലുകയാണല്ലോ ചെയ്തത്. 1950 ഫെബ്രുവരി 11ന് സേലം ജയിലില്‍ വെടിവെപ്പുണ്ടായപ്പോഴും കൊല്ലപ്പെട്ടവരില്‍ അധികവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള തടവുകാരായിരുന്നു. ആ സമരപാരമ്പര്യം ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ വടക്കേ മലബാറില്‍ കണ്ണുവെക്കുകയും ചെയ്തു. ആര്‍.എസ്.എസ്സിന്റെ അഖിലേന്ത്യോ നേതൃത്വം തലശ്ശേരി താലൂക്കിനെയാണ് തെരഞ്ഞെടുത്തത്. ഇവിടെ ആര്‍.എസ്.എസ് നടത്തിയ ടെസ്റ്റ് ഡോസാണ് 1971 ലെ വര്‍ഗീയ കലാപം.

തലശ്ശേരി കലാപം എന്ന് അറിയപ്പെടുന്ന 1971ലെ വര്‍ഗ്ഗീയകലാപം സ്‌പൊണ്ടേനിയസ് ആയി നടന്നതല്ല. കൃത്യമായ പ്ലാനിങ്ങുണ്ട് അതിനു പിന്നില്‍. വടക്കേ മലബാറില്‍ ആര്‍.എസ്.എസ് പടുത്തുയര്‍ത്തിയ ആളും ബി.എം.എസിന്റെ സ്ഥാപകനുമായ ദത്തോപാന്ത് ഠേങ്ക്ഡി തലശ്ശേരിയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചതൊന്നും ആര്‍ക്കും അറിയില്ലല്ലോ. അതിനൊന്നും രേഖയില്ല. പി.കൃഷ്ണപിള്ള കണ്ണൂരില്‍ ക്യാമ്പ് ചെയ്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ കാര്യം അക്കാലത്തെ പത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും. പക്ഷേ ആര്‍.എസ്. എസ് നേതാക്കള്‍ നടത്തിയത് രഹസ്യപ്രവര്‍ത്തനമായിരുന്നു. രേഖയില്ലാത്ത സംഘടനയാണ് ആര്‍.എസ്.എസ്.


ആര്‍.എസ്.എസിന്റെ നേതാക്കള്‍ അവരുടെ പദ്ധതി നടപ്പാക്കാനും പരീക്ഷിക്കാനും തലശ്ശേരി തെരഞ്ഞടുത്തു. കാരണം, അത് മുസ്ലിം കേന്ദ്രമാണ്. ഇടതുപക്ഷ കെ പി സി സി ആഹ്വാനം ചെയ്ത് 1940 സെപ്തംബര്‍ 15-ന് വെടിവെപ്പുണ്ടായപ്പോള്‍ ഉണ്ടായ തലശ്ശേരിയില്‍ രണ്ടു രക്തസാക്ഷികളില്‍ ഒരാള്‍ മുസ്ലിംമും ഒരാള്‍ ഹിന്ദുവും ആയിരുന്നു. അബുമാഷും ചാത്തുകുട്ടിയും. അത്തരം ഒരു കേന്ദ്രം ആര്‍.എസ്.എസ് തെരഞ്ഞെടുക്കുന്നു. അവിടെ ഹിന്ദു-മുസ്ലിം കലാപം ഉണ്ടാക്കാനായി തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. അതാണ് 1971ലെ കലാപം. കലാപമുണ്ടാക്കാനുള്ള ആര്‍.എസ്എസിന്റെ ആസൂത്രണത്തെക്കുറിച്ച്, തലശ്ശേരി കലാപത്തെ കുറിച്ച് അന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ അതിനു ഒരുക്കങ്ങള്‍ നടത്തിയിരുന്നു എന്നത് വ്യക്തമാണ്. ആസൂത്രണം നടത്തുന്ന കാര്യത്തില്‍ ആര്‍.എസ്.എസ് കാര്‍ക്ക് കൃത്യമായ പരിശീലനമുണ്ട്. അതാണ് 1971ല്‍ കണ്ടത്.

അന്നത്തെ രാഷ്ട്രീയ സാഹചര്യവും പ്രത്യേകതയുള്ളതായിരുന്നു. 1967ലെ ഇടത് സര്‍ക്കാര്‍ തകര്‍ന്നതിനു ശേഷമുള്ള സാഹചര്യം.

അതായത്, 1969ല്‍ സര്‍ക്കാര്‍ പോയി. പിന്നീടുണ്ടായ മാര്‍ക്‌സിസ്റ്റ് വിരുദ്ധമുന്നണിയില്‍ മുസ്ലിംലീഗിന്റെ മുന്‍കൈ ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് രോഷവുമുണ്ടായിരുന്നു. ആ സാഹചര്യം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ആര്‍.എസ്.എസ് കലാപം നടത്തിയത്. ആ കലാപത്തിന്റെ ആദ്യഘട്ടത്തില്‍ ഞെട്ടിത്തരിച്ചെങ്കിലും പാര്‍ട്ടി ഉടന്‍ ഇടപെട്ടു. പില്‍ക്കാലത്ത് സി.എം.പിയില്‍ പോയ പാട്യം രാജന്‍, പിണറായി വിജയന്‍ എന്നിവരോടൊപ്പം ആ പ്രദേശത്തെല്ലാം സഞ്ചരിച്ചയാളാണ് ഞാനും. എം.വി.രാജഗോപാല്‍, പി.സി ഉമര്‍, പി. വിജയന്‍ എന്നിവരുള്‍പ്പടെയുള്ള നേതാക്കള്‍ അന്നുതന്നെ സംഭവസ്ഥലത്തെല്ലാമെത്തി. കൊടികുത്തിയ കാറില്‍ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച് സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചതിന് തെളിവുണ്ട് എന്നാണ് വിതയത്തില്‍ കമ്മീഷന്‍ പറഞ്ഞിട്ടുള്ളത്.

സംഘര്‍ഷ പ്രദേശങ്ങളിലെ മുസ്ലിം പള്ളികള്‍ക്ക് കാവല്‍ നില്‍ക്കാന്‍ പാര്‍ട്ടി ഡി.സി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ആത്മത്യാഗം ചെയ്തും സമുദായ സൗഹാര്‍ദ്ദം പുനഃസ്ഥാപിക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അതനുസരിച്ച് ഒരിടത്ത് പള്ളിക്ക് കാവല്‍ നിന്നയാളായിരുന്നു മാങ്ങാട്ടിടം എല്‍.സി അംഗം യു.കെ. കുഞ്ഞിരാമന്‍. ആര്‍.എസ്.എസ്സുകാര്‍ ആ പള്ളി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഉദ്ദേശിച്ച തരത്തില്‍ അതു വിജയിച്ചില്ല. ആ ദേഷ്യത്തിലാണ്  1972 ജനുവരി 4-നു കുഞ്ഞിരാമന്റെ നേരെ ചാടിവീണ് ''മാപ്പിളമാരുടെ മക്കളേ'' എന്നു വിളിച്ചുകൊണ്ട് അടിച്ചുകൊന്നത്.

യഥാര്‍ത്ഥത്തില്‍ മുമ്പുതന്നെ തലശ്ശേരി താലൂക്ക് സംഘര്‍ഷത്തിന്റെ കേന്ദ്രമായിരുന്നു. സിപിഐഎമ്മിനു നേരെ ആര്‍.എസ്.എസ് അക്രമങ്ങളുണ്ടായി. എന്നാല്‍ വ്യാപകമായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ വേര് തലശ്ശേരി കലാപത്തിലാണ് കണ്ടെത്താനാകുക. അതിന് തുടക്കം കുറിച്ചത് ആര്‍.എസ്.എസ്സാണുതാനും. എന്നാല്‍ ജനങ്ങള്‍ ആര്‍.എസ്.എസിനെ പ്രതിരോധിച്ചു എന്നതാണ് തലശ്ശേരി താലൂക്കിനേയും കണ്ണൂര്‍ ജില്ലയേയും മറ്റു സ്ഥലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ഇവിടെ ജനങ്ങള്‍ ശക്തമായി തിരിച്ചടിച്ചു. ജനങ്ങളുടെ തിരിച്ചടിയേറ്റാണ് ആര്‍.എസ്.എസ് പുറകോട്ടു പോയത്. അപ്പോഴാണ് മാധ്യമങ്ങള്‍ ആക്രമ രാഷ്ട്രീയമെന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയത്.

പക്ഷേ, ഇപ്പോള്‍ സംഘടനാപരമായി ആര്‍.എസ്.എസ്സിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച തന്ത്രങ്ങളില്‍ അടവുപരമായ പാളിച്ച പറ്റിയോ, മുദു ഹിന്ദുത്വ നിലപാടെടുത്ത് ബി.ജെ.പിയോട് മത്സരിക്കുകയാണ് എന്നൊരു ധാരണ പരക്കാന്‍ ആ പാളിച്ച കാരണമായിട്ടില്ലേ?

അത് തെറ്റായ വിലയിരുത്തലാണ്. യഥാര്‍ത്ഥത്തില്‍ സംഘപരിവാരത്തില്‍ നിന്നും ആളുകള്‍ പാര്‍ട്ടിയിലേക്ക് വരാനുള്ള കാരണങ്ങളില്‍ പ്രധാനം നേരത്തേ പറഞ്ഞ ചെറുത്തു നില്‍പ്പാണ്. ഒ.കെ വാസുവിനെയും അശോകനേയും പോലുള്ള പ്രമുഖ ആര്‍.എസ്.എസ് നേതാക്കള്‍ സി.പി.ഐ.എമ്മിലേക്ക് കടന്നുവരുന്നത് ആ ചെറുത്തു നില്‍പ്പിന്റെ കൂടി വിജയമാണ്. അവര്‍ വരാനുള്ള കാരണമെന്തെല്ലാം എന്നതാണ് നിങ്ങളെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കേണ്ടത്.

കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സ്ഥലമാണ്. ഈ സംസ്ഥാനങ്ങളില്‍ ജനാധിപത്യത്തില്‍ ഏകഛത്രാധിപത്യത്തില്‍ അധിഷ്ടിതമായ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം വൈരുദ്ധ്യം സൃഷ്ടിക്കുന്നു. അത് സംഘപരിവാരത്തിന് അകത്ത് അനൈക്യമുണ്ടാക്കി. സംഘപരിവാരത്തിനകത്തെ ഏകാധിപത്യം അംഗീകരിക്കാനാവില്ലെന്നതാണ് അവര്‍ പുറത്തുവരാനുള്ള കാരണം. ഇവിടെ, ബി.ജെ.പി ജില്ലാ പ്രസിഡണ്ടിനെതിരെ ഒരു ബി.ജെ.പിക്കാര്‍ അതീവ ഗുരുതരമായ ഒരു പരാതി നേതൃത്വത്തിനു നല്‍കി. ഒരു പ്രവര്‍ത്തകന്റെ ഭാര്യയുമായി ജില്ലാ പ്രസിഡണ്ടിനുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പരാതി. അതില്‍ നേതൃത്വം നടപടിയെടുത്തില്ല. എന്നുമാത്രമല്ല നമോ വിചാര്‍ മഞ്ചിന്റെ പ്രവര്‍ത്തകരെ ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചു. ജനാധിപത്യമില്ലായ്മയാണ് ആ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. എന്നാല്‍ അതില്‍ അണിനിരന്ന വ്യക്തികള്‍  ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. അതിനാല്‍ അതിനകത്തെ വൈരുദ്ധ്യം ഇനിയും മൂര്‍ച്ചിക്കും. ഇനിയും ആളുകള്‍ പുറത്തുവരും. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് സുധീഷ് മിന്നി എന്ന മുന്‍ പ്രചാരകന്‍ പുറത്ത് വന്നത്. 

പക്ഷേ, അങ്ങനെ വന്നവര്‍ പലപ്പോഴും  ബാധ്യതയാവുകയല്ലേ ചെയ്തത്. കണ്ണൂരില്‍ നഗരത്തില്‍ തന്നെ അമ്പാടിമുക്കില്‍, വന്നവര്‍ അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരു സ്വീകരിച്ചു മാറി നില്‍ക്കുന്നു. എന്നിട്ട് അവര്‍ ഗണേശോല്‍സവം ആഘോഷിക്കുന്നു. പാര്‍ട്ടിക്ക് അതില്‍ പങ്ക് വഹിക്കേണ്ടി വരുന്നു. ഇതൊക്കെ ബാധ്യതയല്ലേ?

ബാധ്യതയൊന്നുമില്ല. വന്നവര്‍ കൈക്കൊള്ളേണ്ട പ്രായോഗിക നിലപാടിന്റേതാണ് പ്രശ്‌നം. അവര്‍ മറ്റൊരു ശൈലിയില്‍ വളര്‍ന്നുവന്നവരും പല ആചാരങ്ങളും പിന്തുടര്‍ന്നു പോന്നവരുമാണ്. അത് ഒറ്റയടിക്ക് നിര്‍ത്താനാവില്ല. ഗണേശോല്‍സവം അവര്‍ വര്‍ഷംതോറും ആഘോഷിച്ചു വരുന്നതാണ്. പാര്‍ട്ടിയില്‍ വന്നശേഷം അതു തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ തടസ്സപ്പെടുത്തിയില്ല എന്നു മാത്രം. സി.പി.ഐ.എമ്മിലേക്ക് വന്നതിനു ശേഷം അവരില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. വിശ്വാസത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ സി.പി.ഐ.എമ്മിലേക്ക് വന്നതിനു ശേഷമുള്ള മാറ്റങ്ങള്‍ സമൂഹത്തിന് ക്രമേണ ബോധ്യപ്പെടും. അവരുടെ മറ്റുപ്രവര്‍ത്തനങ്ങള്‍ അത് ബോധ്യപ്പെടുത്തും.

ഒ.കെ വാസു, അശോകന്‍ തുടങ്ങിയ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നത് സി.പിഎമ്മിന്റെ ജനകീയ അടിത്തറ വിപുലമാക്കാന്‍ സഹായിട്ടുണ്ടോ?

തീര്‍ച്ചയായിട്ടും ഉണ്ട്. ഞാന്‍ താമസിക്കുന്ന പഞ്ചായത്താണ് പാട്യം. അത് ഇന്നും ഭരിക്കുന്നത് സി.പി.ഐ.എമ്മാണ്. പക്ഷേ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുവരുന്ന ചെറുവാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ കൊടികുത്താന്‍ പോലും സ്ഥലം കിട്ടിയിരുന്നില്ല. ഒരു കാലത്ത്  പി.ആര്‍ കുറുപ്പിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആധിപത്യത്തിലായിരുന്നു ആ പ്രദേശം. പിന്നീട് ആര്‍.എസ്.എസ് കയ്യടക്കി. എന്നാലിപ്പോള്‍ അവിടെ 73 അനുഭാവി ഗ്രൂപ്പ് അംഗങ്ങളും 23 പാര്‍ട്ടി അംഗങ്ങളുമുണ്ട്. അതുപൊലെ സി.പി.ഐ.എമ്മിനു ബാലികേറാ മലയായിരുന്ന പാനൂരിന്റെ കിഴക്കന്‍ മേഖലയിലും പാര്‍ട്ടിക്ക് മുന്നേറാനായി. വടക്കേ പൊയിലൂരില്‍ ഈയ്യിടെ കൊല്ലപ്പെട്ട വിനോദന്‍ ആര്‍.എസ്.എസ്സില്‍ നിന്ന് കടന്നുവന്നശേഷം ആ മേഖലയില്‍ പാര്‍ട്ടിയെ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളായിരുന്നു.

അശോകനും വാസു മാഷും ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ആദ്യം വാസുമാഷെ കര്‍ഷകസംഘത്തിന്റെ ചുമതലയാണ് ഏല്‍പ്പിച്ചിരുന്നത്. പിന്നീട് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാന പ്രകാരം കാന്‍ഡിഡേറ്റ് അംഗത്വം നല്‍കുകയും പിന്നീട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാക്കുകയുമാണ് ചെയ്തത്. പാര്‍ട്ടിയിലേക്ക് കടന്നുവരുന്നവര്‍ക്ക് പാര്‍ട്ടി അര്‍ഹമായ സ്ഥാനം നല്കുമെന്നതിന് തെളിവുകൂടിയാണ് ഇത്. പാര്‍ട്ടി ഇല്ലാത്തിടത്ത് പാര്‍ട്ടി ഉണ്ടാക്കാന്‍ ഇവരുടെ വരവ് സഹായിച്ചു. 

സംഘപരിവാരത്തിലെ വിഭാഗീയത കാരണം നമോ വിചാര്‍ മഞ്ച് രൂപീകരിച്ച് അതില്‍ അണിനിരന്നവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. മഞ്ചിലെ എല്ലാവരും അങ്ങനെ വന്നിട്ടില്ല. കുറേപേര്‍ ഇപ്പോഴും ശങ്കിച്ച് നില്‍ക്കുകയാണ്. അവരങ്ങനെ നിശ്ചലരായി നില്‍ക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ എല്ലാ ആര്‍.എസ്.എസ്. പോക്കറ്റുകളില്ലെല്ലാം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ ശൈലി കാരണം സ്വയംസേവകന്മാര്‍ വ്യാപകമായിതന്നെ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. പാനൂരിലെ വള്ളങ്ങാട് മേഖലയിലെ മുഖ്യശിക്ഷക് കവര്‍ച്ച കേസില്‍ പിടിയിലായത് അടുത്തിടെയാണ്. സി.പി.ഐ.എം അതിന്റെ അംഗങ്ങളെക്കുറിച്ച് വ്യക്തിപരമായിതന്നെ പരിശോധന നടത്താറുണ്ട്. എന്നാല്‍ ആര്‍.എസ്.എസില്‍ അത്തരമൊരു പരിശോധനയില്ല. അതിലെ അംഗങ്ങള്‍ പലരും സ്വന്തംനിലക്ക് ക്വട്ടേഷന്‍ സംഘം നടത്തുകയാണ്. താളിക്കാവിലും  തെക്കേമണലിലും  കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘം മുഴുവനായും ആര്‍.എസ്.എസുകാരാണ്. വെണ്ടുട്ടായിലെ ഒരു ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് മാതൃഭൂമി, മനോരമ പത്രങ്ങള്‍ പ്രത്യേക സപ്ലിമെന്റുപോലും ഇറക്കുകയുണ്ടായി. അത് ആര്‍.എസ്.എസ് നേതൃതത്തിന്റെ അറിവോടെ പ്രവര്‍ത്തിക്കുന്ന സംഘമാണ്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയില്ലാത്തവരുടെ ഒരു സംഘമായി ആര്‍.എസ്.എസ് മാറുകയാണ്.

ഇതേ സമയം പാര്‍ട്ടിയുടെ നയങ്ങള്‍ ജില്ലയില്‍ മുസ്ലിംങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ടോ, കഴിഞ്ഞ കുറച്ചുകാലമായി താങ്കളുടെ പ്രസംഗങ്ങള്‍ അതിനു കാരണമായിട്ടുണ്ടോ?

അതായത്, കണ്ണൂര്‍ ജില്ലയില്‍ 21 എന്‍.ഡി.എഫുകാരെ പിടികൂടിയ സംഭവമാണല്ലോ നാറാത്ത് സംഭവം. ജില്ലയില്‍ ലീഗു കേന്ദ്രങ്ങള്‍ അല്ലാത്ത ഒരു സ്ഥലത്തും എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനം വന്നിട്ടില്ല. ചെറുപ്പക്കാരായ ലീഗുകാരാണ് അധികവും എന്‍.ഡി.എഫായി മാറിയത്. ഇതില്‍ പലേടത്തും ലീഗ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് എടുത്തത്. ചിലയിടത്ത് എന്‍.ഡി.എഫ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ എന്‍.ഡി.എഫുകാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ ലീഗിന്റെ ഭരണപങ്കാളിത്തം ഉപയോഗിച്ചിട്ടുണ്ട്.

എന്നാല്‍ അടുത്ത കാലത്ത് ചിലയിടത്ത് ലീഗും എന്‍.ഡി.എഫും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. ഇതില്‍ സി.പി.ഐ.എം പോപ്പുലര്‍ ഫ്രണ്ട് അഥവാ  എന്‍.ഡി.എഫിനെ മതതീവ്രവാദി പ്രസ്ഥാനം എന്ന നിലക്കാണ് കൈകാര്യം ചെയ്യുന്നത്. പൂര്‍ണമായും അവരെ എതിര്‍ക്കുകയാണ്. എന്നാല്‍ ലീഗ് ഭരണപങ്കാളിത്തം ഉപയോഗിച്ച് വര്‍ഗ്ഗീയത വളര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്  ജനങ്ങള്‍ക്കിടയില്‍ സാമുദായിക സങ്കുചിത വികാരം വളര്‍ന്നിട്ടുണ്ട്. അതിന് ലീഗിന്റെ ഭരണപങ്കാളിത്തം ഒരു ഉപകരണമായിട്ടുണ്ട്. ആ സാഹചര്യം ആര്‍.എസ്.എസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ സി.പി.ഐ.എം കൈക്കൊണ്ട നിലപാട് മതനിരപേക്ഷത ശക്തിപ്പെടുത്തുക എന്നതാണ്.

ഇങ്ങനെയൊക്കെ വിശദീകരിക്കുമ്പോഴും, മുസ്ലിംകേന്ദ്രങ്ങളില്‍ തീവ്രവാദസംഘടനകള്‍ക്ക് കടന്നുചെല്ലാനായത് സി.പി.ഐ.എം മുസ്ലിംവിരുദ്ധ നിലപാട് എടുക്കുന്നു എന്ന ധാരണയില്‍ നിന്നല്ലേ? അരിയില്‍ ഷുക്കര്‍ വധത്തിനു ശേഷം താങ്കളുടെ പല പ്രസംഗങ്ങളും ''മുസ്ലിം കേന്ദ്രങ്ങള്‍ എന്നാല്‍ മുസ്ലിംലീഗ് കേന്ദ്രങ്ങളാണ്, മുസ്ലിംലീഗ് കേന്ദ്രങ്ങള്‍ എന്നാല്‍ തീവ്രവാദ കേന്ദ്രങ്ങളാണ്'' എന്ന് വിശദീകരിക്കുന്ന തരത്തിലായിരുന്നു. ഇത് മുസ്ലിംങ്ങളില്‍ എതിര്‍ വികാരമല്ലേ ഉണ്ടാക്കുക? ഇത്രകാലം ആര്‍.എസ്.എസ് പറഞ്ഞത് ശരിയാണ് എന്ന് പ്രചരിപ്പിക്കാന്‍ അവര്‍ക്കും സൗകര്യമായില്ലേ?

ഷുക്കൂര്‍ വധത്തിനു ശേഷം ലീഗിന്റെ നേതൃത്വം പള്ളികളിലൂടെ ഫണ്ട് ശേഖരിക്കണമെന്ന് ചന്ദ്രികയില്‍ ആഹ്വാന്നം ചെയ്യുകയുണ്ടായി...

പള്ളികളില്‍ നിന്ന് ഫണ്ടുശേഖരിക്കണം എന്ന് ലീഗ് നേതൃത്വം അവരുടെ മുഖപത്രത്തിലൂടെ പറഞ്ഞോ?

അതെ, പള്ളികളില്‍ നിന്ന് ശേഖരിക്കുന്നത് ഏതൊക്കെ ദിവസങ്ങളില്‍, ടൗണുകളില്‍ നിന്ന് ശേഖരിക്കുന്നത് ഏതൊക്കെ ദിവസങ്ങളില്‍ എന്ന് അവര്‍ വ്യക്തമായി പ്രസിദ്ധീകരിച്ചിരുന്നു. അതിനെതിരെ ഞാന്‍ പ്രസ്താവന കൊടുക്കുകയും പത്രസമ്മേളനം നടത്തി നിലപാട് വിശദീകരിക്കുകയും ചെയ്തു. ആരാധനലായങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് വര്‍ഗീയപ്രവര്‍ത്തനമാണ്. അത് മതസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ ലംഘനവുമാണ്. ആ നിയമ പ്രകാരം ഈ പ്രവര്‍ത്തി കുറ്റകരമാണ്. അതാണ് ലീഗ് ചെയ്തിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഞാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. പോലീസ് മേധാവി, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം കൊടുക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തി. ഉടനെതന്നെ ഉമ്മന്‍ചാണ്ടി ഇടപെട്ടല്ലോ. മഹല്ല് കമ്മിറ്റി ഭാരവാഹികളെ വിളിച്ച് സംസാരിക്കരുതെന്ന് മുഖ്യമന്ത്രി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മരോട് പറഞ്ഞു. ഇതിനു ശേഷമാണ്, ''കണ്ണൂര്‍ ജില്ലയില്‍ ഒരു പാര്‍ട്ടിക്കോടതിയുണ്ട്'' എന്നു പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. സത്യത്തില്‍ ആര്‍.എസ്.എസിന് ഇടപെടാനുള്ള സ്‌പെയ്‌സ് ഇല്ലാതാക്കുകയാണ് പാര്‍ട്ടി ചെയ്തത്. പള്ളി ദുരുപയോഗം ചെയ്യാന്‍ ലീഗിന് അനുവദിച്ചാല്‍ അത് ചൂണ്ടിക്കാട്ടി ക്ഷേത്ര മുറ്റത്ത് ആര്‍എസ്എസ്സുകാര്‍ ശാഖ നടത്തുന്നതിനെ എങ്ങിനെ എതിര്‍ക്കാന്‍ സാധിക്കും.

മാത്രമല്ല ചിലയിടങ്ങളില്‍ ലീഗ് ആയുധപരിശീലനം നടക്കുന്നുമുണ്ട്. ഈയ്യിടെ പാനൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ ലീഗുകാര്‍ ബോംബ് ഉപയോഗിച്ചു. പാനൂര്‍ പാറാട് ബോംബ് നിര്‍മാണത്തിനിടയില്‍ പൊട്ടിത്തെറിച്ച് ലീഗുകാര്‍ക്ക് പരിക്കുപറ്റിയ സംഭവമുണ്ട്. ലീഗ് എന്‍.ഡി.എഫ് ശൈലിയില്‍തന്നെ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

ഇതിനെയാണ് സി.പി.ഐ.എം എതിര്‍ക്കുന്നത്. ഇതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പുണ്ടാക്കാന്‍  ലീഗ് സിപി.ഐ.എം വിരുദ്ധ പ്രചാരണം നടത്തി. എന്നാല്‍ കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കുന്നവര്‍ പാര്‍ട്ടിയുടെ നടപടികളെ പിന്തുണക്കുന്നുമുണ്ട്. ഇതുപോലുള്ള സംഭവങ്ങളെ പ്രതിരോധിക്കാനായി സാംസ്‌കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 18 സാംസ്‌കാരിക സംഘടനകള്‍ അടങ്ങുന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ട്. അവര്‍ പാര്‍ട്ടിക്കൊപ്പമാണ്. അവരാണല്ലോ മുസ്ലിം അവകാശ സംരക്ഷണ സെമിനാറും മറ്റും നടത്തിയത്. ഒരു ഭാഗത്ത് ലീഗ് എന്‍.ഡി.എഫ് സഖ്യവും മറുപക്ഷത്ത് ബി.ജെ.പി ആര്‍.എസ്.എസ് കൂട്ടുകെട്ടും ഒരേപോലെ സി.പി.ഐ.എമ്മിനെ എതിര്‍ക്കുകയാണ്.

അതു പറയുമ്പോള്‍, കഴിഞ്ഞ രണ്ടു സംസ്ഥാനസമ്മേളനങ്ങള്‍ക്ക് ശേഷവും സെക്രട്ടറിമാര്‍ ഒരേ തരത്തില്‍ ആവര്‍ത്തിച്ച ഒരു കാര്യം ഓര്‍മ വരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ കോടിയേരി സ്ഥാനമേറ്റ ശേഷവും അതിനുമുമ്പ് പിണറായി സ്ഥാനമേറ്റപ്പോഴും വാര്‍ത്താ സമ്മേളനത്തില്‍ ഒരേ കാര്യമാണ് പറഞ്ഞത്. കേരളത്തിന്റെ പൊതുവായ സാമൂഹ്യാന്തരീക്ഷം മോശമായി വരികയാണ് എന്ന്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരികയാണെന്നും ജാതിമത ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നും രണ്ടുതവണയും പറഞ്ഞു. അതിനെ തടയാന്‍ പാര്‍ട്ടി കണ്ടിട്ടുള്ള പരിഹാരമാര്‍ഗങ്ങളും വിശദീകരിച്ചിരുന്നു. പാര്‍ട്ടിക്കാരോയും പാര്‍ട്ടിക്കാരല്ലാത്ത ജനങ്ങളേയും കുടുംബയോഗങ്ങളും അതുപോലുള്ള വേദികളും വിളിച്ചു ചേര്‍ത്ത് ബോധവല്‍ക്കരിക്കുകയും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുകയും ചെയ്യും എന്നായിരിന്നു അത്. എന്നാല്‍ അതൊന്നും നടന്നില്ല എന്നാണ് അനുഭവം. പാര്‍ട്ടിക്ക് ചില ക്രിമിനല്‍ കേസുകളുടെ നടത്തിപ്പിനു മാത്രം സമയവും ശേഷിയും ചെലവഴിക്കേണ്ടിവന്നു. അതിലും ഏറെയും  കെട്ടിത്തിരിയേണ്ടി വന്നത് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കല്ലേ. ഇനിയും അതേ ദിശയില്‍തന്നെയാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയം കുറയില്ലേ.

അതായത്, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള കൂടിച്ചേരല്‍ ഉണ്ടാകുമ്പോഴാണല്ലോ പാര്‍ട്ടിപ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ഒരു തീരുമാനം എടുത്താല്‍ അതു നടപ്പാക്കുന്നതിനിടയില്‍ മുന്നില്‍ വരുന്ന മറ്റു പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കാനാകില്ലല്ലോ. കുടുംബയോഗങ്ങളും രാഷ്ട്രീയ വിദ്യാഭ്യാസവും എല്ലാം തീരുമാനിച്ചതനുസരിച്ച് നടക്കുന്നുണ്ട്. അതിനിടയില്‍ പുതിയ ചില പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്ക് ഇടപെടേണ്ടിവരുന്നുണ്ട്. ചിലയിടങ്ങളില്‍ പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ടാകുന്ന സ്ഥലങ്ങളില്‍ അതിനെ ഇല്ലാതാക്കാനുള്ള പ്രത്യേക പരിപാടികള്‍ ആവശ്യമുള്ളിടത്ത് അതിനും രൂപംകൊടുക്കുന്നുണ്ട്. പച്ചക്കറികൃഷിയിലും മാലിന്യ സംസ്‌കരണത്തിലും എല്ലാം ഇടപെടുന്നതും സാന്ത്വനപരിചരണ രംഗത്തെ ഇടപെടലുമെല്ലാം അതിന്റെ ഭാഗമാണല്ലോ.

അതുപറയുമ്പോള്‍ കണ്ണൂര്‍ പാര്‍ട്ടിയും ആലപ്പുഴ പാര്‍ട്ടിയും തമ്മിലൊരു താരതമ്യം ആകാമെന്നു തോന്നുന്നു. അങ്ങനെ ചെയ്യുന്നത് ശരിയല്ലെങ്കിലും സംസ്ഥാനത്തെ പാര്‍ട്ടിയെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ള രണ്ടു ജില്ലകള്‍ ആയതിനാല്‍ ചോദിക്കുകയാണ്. പച്ചക്കറി, മാലിന്യ നിര്‍മാര്‍ജ്ജനം എന്നീ പ്രവര്‍ത്തനങ്ങളിലൂടെ ആലപ്പുഴ പാര്‍ട്ടി ജനപക്ഷത്ത് ഏറെ മുന്നേറ്റം നടത്തിയപ്പോള്‍ കണ്ണൂര്‍ പാര്‍ട്ടി രാഷ്ട്രീയകുരുക്കില്‍ പെട്ടു കിടക്കുകയല്ലേ?

അങ്ങനെയൊക്കെ ചോദിച്ചാല്‍, നമ്മുടെ ജില്ലയില്‍ 260 ഏക്കറാണ് ജൈവ പച്ചക്കറി കൃഷി ചെയ്തത്. ഒന്‍പത് ലക്ഷം ഉറുപ്പികയുടെ പച്ചക്കറിയാണ് ഓണക്കാലത്ത് പാര്‍ട്ടി വിറ്റത്. മൂന്ന് ഏരിയകളില്‍ പച്ചക്കറി വിപണനത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മറ്റു ചില രംഗങ്ങളില്‍ സംസ്ഥാനത്ത് മുന്‍പന്തിയിലാണ് കണ്ണൂരിലെ പാര്‍ട്ടി. കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനുള്ള സാന്ത്വനപരിചരത്തിനുള്ള ഐ.ആര്‍.പി.സി എന്ന പരിപാടി സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ സാന്ത്വന പരിചരണ പരിപാടിയാണ്. ഇത് രാജ്യത്തെ ഏറ്ററ്വും മികച്ച സാന്ത്വനപരിചരണ പരിപാടിയാണ് എന്ന് പെയിന്‍ അന്റ് പാലിയേറ്റീവ് രംഗത്തെക്കുറിച്ച് ആധികാരികമായി അറിയുന്ന ഡോ. സുരേഷ് പറഞ്ഞിട്ടുള്ളതാണ് (കോഴിക്കോട് പെയിന്‍ അന്റ് പാലിയേറ്റീവിലെ ഡോ. കെ.സുരേഷ്‌കുമാര്‍)

ഇക്കഴിഞ്ഞ കൃഷ്ണപിള്ള ദിനത്തില്‍ 9617 കിടപ്പുരോഗികളെയാണ് പരിശീലനം സിദ്ധിച്ച പാര്‍ട്ടി വളണ്ടിയര്‍മാര്‍ വീടുകളിലെത്തി സന്ദര്‍ശിച്ചത്. ഒരു ദിവസത്തെ സന്ദര്‍ശനം കൊണ്ട് നിര്‍ത്തുകയല്ല ഇത്. ആഴ്ചയിലൊരു ദിവസം ഇവരുടെ വീടുകളിലെത്തി ആവശ്യമായ പരിചരണം നല്‍കുന്നുണ്ട്. ജില്ലയില്‍ 74,000 അംഗ പരിമിതര്‍ക്ക് അവരുടെ വീടുകളിലെത്തി പരിചരണം നല്‍കാനുള്ള പ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഫിസിയോ തെറാപ്പി പരിചരണം നല്‍കുന്ന പരിപാടി ഇതിനൊക്കെ പുറമെയാണ്. കൊട്ടിയൂര്‍ ഉല്‍സവസമയത്ത് തീര്‍ത്ഥാടകരുടെ സഹായത്തിനായുള്ള ഹെല്‍പ് ഡസ്‌ക്, അങ്ങനെ പലപരിപാടികളുമുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണല്ലോ. സ്വാഭാവികമായും കണ്ണൂര്‍ ജില്ലയിലേക്ക് ശ്രദ്ധ തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. ആവശ്യമാണെങ്കില്‍ കണ്ണൂരിലേക്ക് പുറത്തുനിന്ന് സംരക്ഷാസൈനികരെ കൊണ്ടുവരുമെന്ന് കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണൂരില്‍ മത്സരിക്കുക വിഷമമായിരിക്കുമെന്നും അതിനാല്‍ പ്രത്യേക തന്ത്രം ആവിഷ്‌കരിക്കേണ്ടി വരുമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നുണ്ടല്ലോ?

എന്തു വിഷമം എന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്!

ജില്ലയിലെ ചില പഞ്ചായത്തുകളില്‍ അവര്‍ക്ക് മത്സരിക്കാന്‍ സാധിക്കാറില്ല എന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇത്തവണ എല്ലാ വാര്‍ഡുകളിലും നിര്‍ബന്ധമായും മത്സരിച്ചിരിക്കും എന്നുമാണ് അവര്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ച് എല്ലാ സീറ്റുകളിലും മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ജില്ലയിലെ സാഹചര്യം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് അക്രമത്തില്‍ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടേയും ഫോട്ടോകള്‍ ഡല്‍ഹിയില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചത് എന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷ ഭരിതമായിരിക്കില്ലേ?

അതായത്, അഖിലേന്ത്യാ നേതാക്കളുടെ അടുത്തുനിന്ന് പൈസ അടിച്ചുമാറ്റാന്‍, ഫണ്ട് വസൂലാക്കാന്‍ വേണ്ടിയാണ് അവര്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത്. അവര്‍ നോമിനേഷന്‍ കൊടുത്താല്‍ ആരും തടയില്ല. എല്ലാവരും മത്സരിക്കുന്നതുപോലെ അവര്‍ക്കും മത്സരിക്കാം. അതിനെന്താ?

അവര്‍ ഡല്‍ഹിയില്‍ പോയി ഫോട്ടോപ്രദര്‍ശനം നടത്തിയതും പൈസ അടിച്ചുമാറ്റാനാണ്. ഇവിടെ അവര്‍ എന്തു പ്രദര്‍ശിപ്പിച്ചാലും ജനം വിശ്വസിക്കില്ല. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 13 ജില്ലകളിലായി 200 കമ്മ്യൂണിസ്റ്റുകാരാണ് കൊല്ലപ്പെട്ടത്. വയനാട് ജില്ല മാത്രമാണ് ഒഴിവ്. അതെല്ലാം അറിയുന്ന കേരളത്തില്‍ ഈ പ്രചാരണം വിലപ്പോകില്ല. അവര്‍ക്ക് ഏതു പഞ്ചായത്തിലും ഏതു മുനിസിപ്പാലിറ്റിയിലും മത്സരിക്കാം. മത്സരിക്കട്ടെ. എന്നാല്‍ കോണ്‍ഗ്രസ്സും ആര്‍.എസ്.എസ്സും കൂടുതല്‍ അടുത്തുവരുന്നതാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ടുവരുന്നത്. ചില വാര്‍ഡുകളില്‍ അവര്‍ പരസ്പരം സഹായിച്ചുകൊണ്ട് മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

സി.പി.ഐ.എം മാത്രം മറുപടി പറയേണ്ട കാര്യം അല്ലെങ്കിലും ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി ശ്രദ്ധിച്ചിരിക്കേണ്ട കാര്യം എന്ന നിലയില്‍ ചോദിക്കുയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ നഗരവും ജില്ലയും ഇത്രയും പിന്നാക്കമാവാന്‍ എന്താവാം കാരണം? വികസനകാര്യത്തില്‍ മലബാര്‍ പിന്നിലാണ് എന്ന് പ്രചാരണം നേരത്തേ ശക്തമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഏറ്റവും പിന്നിലല്ലേ?

കേരളത്തിലെ ഏതു ജില്ലയിലേയും ഉള്‍പ്രദേശങ്ങളില്‍ യാത്ര ചെയ്താല്‍ കാണാവുന്ന കാഴ്ചകള്‍ തന്നെയാണ് കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോഴും കാണുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ മറ്റു ജില്ലകളിലും കാണാം.

കേരളത്തിലെ എല്ലാ ജില്ലകളിലും റോഡുവികസനത്തിന്റെ കാര്യത്തില്‍ കുതിച്ചുചാട്ടം ഉണ്ടായത് എല്‍.ഡി.എഫ് ഭരണത്തില്‍ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയപ്പോഴാണ്. ഉള്‍നാടുകളില്‍ റോഡുകള്‍ക്ക് ടാറിട്ടത് അപ്പോഴാണ്. അതിനു ശേഷം റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. മറ്റു ജില്ലകളിലും അതുണ്ട്.