ജിംഷാര്‍ അഭിമുഖം: ‘എന്നെ ആക്രമിച്ചത് അള്ളാന്റെ അന്തംകമ്മികള്‍; അവര്‍ വന്നത് രാഷ്ട്രീയ ചര്‍ച്ചയ്‌ക്കോ സെല്‍ഫിയെടുക്കാനോ അല്ല’

July 28, 2016, 1:08 pm


ജിംഷാര്‍ അഭിമുഖം: ‘എന്നെ ആക്രമിച്ചത് അള്ളാന്റെ അന്തംകമ്മികള്‍; അവര്‍ വന്നത് രാഷ്ട്രീയ ചര്‍ച്ചയ്‌ക്കോ സെല്‍ഫിയെടുക്കാനോ അല്ല’
Interview
Interview


ജിംഷാര്‍ അഭിമുഖം: ‘എന്നെ ആക്രമിച്ചത് അള്ളാന്റെ അന്തംകമ്മികള്‍; അവര്‍ വന്നത് രാഷ്ട്രീയ ചര്‍ച്ചയ്‌ക്കോ സെല്‍ഫിയെടുക്കാനോ അല്ല’

ജിംഷാര്‍ അഭിമുഖം: ‘എന്നെ ആക്രമിച്ചത് അള്ളാന്റെ അന്തംകമ്മികള്‍; അവര്‍ വന്നത് രാഷ്ട്രീയ ചര്‍ച്ചയ്‌ക്കോ സെല്‍ഫിയെടുക്കാനോ അല്ല’

ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ എന്ന ആദ്യ നോവലിലൂടെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ യുവ നോവലിസ്റ്റും അസിസ്റ്റന്റ് ഡയറക്ടറുമാണ് പി.ജിംഷാര്‍. ജൂലൈ 24 ഞായറാഴ്ച രാത്രി തൃത്താല- കുറ്റനാട് നിന്നും വീട്ടില്‍ പോകാന്‍ നില്‍ക്കുകയായിരുന്ന ജിംഷാറിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. പരിചയഭാവത്തില്‍ എത്തിയ ഒരു സംഘം ആളുകള്‍ നീ പടച്ചോനെക്കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ച് മര്‍ദിച്ചതായാണ് പൊലീസില്‍ നല്‍കിയ പരാതി. പുതിയ കഥാസമാഹാരമായ ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ പുറത്തിറങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍ എഴുത്തിനെക്കുറിച്ചും സിനിമയെക്കുറിച്ചും ജിംഷാര്‍ സൗത്ത് ലൈവിനോട് സംസാരിക്കുന്നു


ശാന്തം മാസികയില്‍ 2014 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച, അവാര്‍ഡുകള്‍ നേടിയ, കഥകളെ പിന്തുടരുന്നവരുടെ ഇടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ പടച്ചോന്റെ ചിത്രപ്രദര്‍ശനമെന്ന ചെറുകഥ അതേപേരില്‍ 2016ല്‍ പുസ്തകമാക്കുമ്പോള്‍ ഇതുവരെ ഇല്ലാത്ത വിവാദങ്ങള്‍ പെട്ടെന്നെങ്ങനെ സംഭവിച്ചു ?

വിവാദങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ കഴിഞ്ഞ ഒരു മാസത്തിന്റെ ഇടയിലുണ്ടായ സംഭവങ്ങളുടെ ബൈ പ്രൊഡക്റ്റായിട്ട് വേണം കാര്യങ്ങളെ കാണേണ്ടിവരുക. ഡിസി ബുക്‌സാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനമെന്ന എന്റെ ഒമ്പത് കഥകളുടെ സമാഹാരം പുറത്തിറക്കുന്നത്. കഥാസമാഹാരത്തിന്റെ അവസാനവട്ട പരിശോധനകള്‍ക്ക് ശേഷം കഥയുടെ പേരടക്കമുളള ചിത്രം ഞാന്‍ എന്റെ വാട്‌സാപ്പ് പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിരുന്നു. പിന്നാലെയാണ് ഭീഷണികള്‍ ആരംഭിക്കുന്നത്.എന്റെ ഉപ്പയുടെ നാട്ടിലെ കൂനംമൂച്ചിയിലെ കണ്ട് പരിചയമുളള, കാണുമ്പോള്‍ ചിരിക്കാറുളള എനിക്ക് നേരിട്ട് പരിചയമോ അടുപ്പമോ ഇല്ലാത്ത ഒരു പയ്യനില്‍ നിന്നാണ് വാട്‌സാപ്പില്‍ ഭീഷണി സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയത്.

ജൂലൈ 18-19 തിയതികളിലായാണ് ഈ സംഭവം അരങ്ങേറുന്നത്. ഈ സമയം ഞാന്‍ എറണാകുളത്ത് സുഹൃത്തായ റിയാസ് ആമി അബ്ദുളളയുമായിട്ടായിരുന്നു താമസം. അന്നുമുതല്‍ ഈ വിഷയം റിയാസിന് നേരിട്ടറിയാം. ഒപ്പം എന്റെ മറ്റൊരു സുഹൃത്തിനും അറിയാം. പടച്ചോനെ കുറിച്ച് മോശം എഴുതുമോ എന്ന് ചോദിച്ച് എന്നോട് വാട്‌സാപ്പില്‍ ഉണ്ടായ പ്രതികരണങ്ങള്‍ക്ക് സ്വാഭാവികമായും ഞാനും അതേ രീതിയില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. തുടര്‍ന്നതൊരു വാഗ്വാദമായി മാറുകയും ചെയ്തു. തണ്ണീര്‍ക്കോട് വരുകയാണെങ്കില്‍ നിന്നെ കായികമായി നേരിടുമെന്ന് അവന്‍ ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് എന്നെ നേരിടുമെന്ന് പറഞ്ഞ് അവന്റെ സുഹൃത്തുക്കളുടെ ഫോട്ടോകള്‍ അയക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും ഞാനതിനെ വലിയ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ ആക്രമണം നടന്നതിനുശേഷമാണ് ഇതാകാം അതിന് തുടക്കമിട്ടതെന്ന് എനിക്ക് തോന്നിയത്. ഇക്കാര്യങ്ങളും ലഭിച്ച സന്ദേശങ്ങളും, വോയിസ് ക്ലിപ്പുകളും, ഫോട്ടോകളും എല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട്.

മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞ ജിംഷാറിനെ കാണാന്‍ സംവിധായകന്‍ സുദേവന്‍ എത്തിയപ്പോള്‍
മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞ ജിംഷാറിനെ കാണാന്‍ സംവിധായകന്‍ സുദേവന്‍ എത്തിയപ്പോള്‍
എങ്ങനെയാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥയിലേക്ക് എത്തുന്നത്? കഥയ്ക്ക് ഉചിതമെന്ന് തോന്നിയത് ഈ പേരായിരുന്നോ ?

മുന്‍പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ എഴുതി പരാജയപ്പെട്ട കഥയാണിത്. വീട്ടിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട് എന്ന വിഷയത്തില്‍ നടത്തിയ കഥാമത്സരത്തില്‍ ഇതേ സബ്ജക്റ്റ് ഞാനെഴുതി പരാജയപ്പെട്ടിരുന്നു. അന്നവിടെ ഒന്നാം സ്ഥാനം നേടിയത് സുഹൃത്തായ അബിന്‍ ജോസഫാണ്. ഞാനെഴുതുന്നതിനുളള മറ്റൊരു കാരണവും അവനാണ്. ഞാന്‍ അവനുമായി എവിടെ മത്സരിക്കാന്‍ പോയാലും ഒന്നാംസ്ഥാനം അവനായിരിക്കും. രണ്ടാം സ്ഥാനത്ത് ആകുന്നതിന്റെ നിരാശ എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് കുറച്ചധികം സമയമെടുത്താണ് ഞാന്‍ ഈ കഥ എഴുതുന്നത്.

എന്നുകരുതി ഇതെന്റെ നല്ല കഥയാണെന്ന് എനിക്ക് അഭിപ്രായമില്ല. ഇതെന്റെ മോശം കഥകളിലൊന്നാണ്. എങ്കിലും എനിക്ക് ഏറ്റവും അധികം വൈകാരികതയുളള കഥയാണിത്. കാരണം എന്റെ ഉമ്മായുടെ അനിയത്തിയുടെ പേരാണ് കഥാപാത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പിന്നെ പേരിന്റെ കാര്യം. ഇതിന് എനിക്ക് അള്ളാന്റെ ചിത്രപ്രദര്‍ശനം എന്നിടാം, ദൈവത്തിന്റെ ചിത്രപ്രദര്‍ശനം എന്നിടാം. എന്നാല്‍ എനിക്കേറെ ഇഷ്ടപ്പെട്ട വാക്ക് പടച്ചോനാണ്. അതിന് യോജിക്കുന്നതും അതാണെന്ന് തോന്നി. അത്തരത്തില്‍ വാക്കുകള്‍ ചേര്‍ക്കാന്‍ പഠിക്കുന്നിടത്താണ് ഒരാള്‍ എഴുത്തുകാരന്‍ കൂടിയാകുന്നതെന്നാണ് എന്റെ തോന്നല്‍. ഒരു തരത്തില്‍ എന്റെ എഴുത്തിന്റെ ഐഡന്റിറ്റി കൂടിയാണ് ഞാനിടുന്ന പേരുകള്‍.

മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിംഷാറിനെ കാണാനെത്തിയ വി.ടി ബല്‍റാം എംഎല്‍എ
മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിംഷാറിനെ കാണാനെത്തിയ വി.ടി ബല്‍റാം എംഎല്‍എ
ഒന്‍പത് കഥകളുടെ സമാഹാരത്തിന് ഈ പേര് തന്നെ ഇടണമെന്ന് തീരുമാനിച്ചത് ഡിസി ബുക്‌സാണോ, അതോ ജിംഷാറോ? ആദ്യ കഥാസമാഹാരത്തിന് കൂട്ടത്തില്‍ വേറെയും നല്ല കഥകള്‍ ഉണ്ടായിട്ടും ഈ പേര് തന്നെ സ്വീകരിച്ചത് എന്താണ് ?

കഥാസമാഹാരത്തിന് ആദ്യം ഇട്ടിരുന്ന പേര് പടച്ചോന്റെ ചിത്രപ്രദര്‍ശനമെന്ന് അല്ലായിരുന്നു. ഫീമെയില്‍ ഫാക്ടറി എന്ന പേരാണ് ഇതിനായി ഇടാന്‍ ഞാന്‍ പ്രസാധകരോട് ആദ്യം പറഞ്ഞത്.ഇതില്‍ ഒമ്പത് കഥകളാണുളളത്. മറ്റ് ഏഴുകഥകളും പല മാഗസിനുകളിലമായി പ്രസിദ്ധീകരിച്ചവയാണ്. കഴിഞ്ഞ നാലുകൊല്ലത്തിനിടെ എഴുതിയ കഥകളാണ് ഇതെല്ലാം. ആദ്യ നോവലിന് മുന്‍പും ശേഷവും എഴുതിയതാണ് അവയൊക്കെ. അതില്‍ രണ്ട് കഥകള്‍ മാത്രമാണ് പ്രസിദ്ധീകരിക്കാത്തതായിട്ടുളളത്. അതിലൊന്ന് ‘മുണ്ടന്‍ പറമ്പിലെ ചെങ്കൊടി കണ്ട ബദര്‍ യുദ്ധവും’ മറ്റൊന്ന് ‘ഫീമെയില്‍ ഫാക്ടറി’യുമാണ്. കൂട്ടത്തില്‍ എനിക്കേറ്റവും ആത്മവിശ്വാസം കുറഞ്ഞ, അത്രയ്ക്ക് ഇഷ്ടപ്പെടാത്ത കഥയാണ് ഫീമെയില്‍ ഫാക്ടറി. അതൊരു ഡെമ്മി പേര് പോലെയാണ് ഞാന്‍ നല്‍കിയിരുന്നത്. ആ പേരില്‍ അച്ചടിച്ച് വരുമ്പോള്‍ അതിലെ കഥകളെല്ലാം സ്ത്രീ കേന്ദ്രീകൃതമാണെന്ന് വായനക്കാരില്‍ ചിലപ്പോള്‍ വെറുതെയൊരു തോന്നലുണ്ടാക്കും. അത്തരത്തിലുളള വായനകളെ കിട്ടാത്ത വിധത്തില്‍ പുസ്തകത്തിന് പേരിടണമെന്ന് കരുതിയിരുന്നു.

പേരിടുന്ന കാര്യത്തില്‍ ഞാന്‍ വളരെ പിന്നിലാണ്. ആദ്യത്തെ നോവലിന് ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ എന്ന പേരിട്ടത് കഥാകൃത്തായ വി.എച്ച് നിഷാദാണ്. ഫീമെയില്‍ ഫാക്റ്ററി എന്ന പേര് നിര്‍ദേശിച്ചത് കഥാകൃത്തും സുഹൃത്തുമായ അബിന്‍ ജോസഫാണ്. ഫീമെയില്‍ ഫാക്റ്ററി എന്ന പേര് പുസ്തകത്തിന് ഒഴിവാക്കണമെന്ന് ആലോചിച്ചപ്പോള്‍ വളരെ പ്രിയപ്പെട്ടൊരു കൂട്ടുകാരിയാണ് പടച്ചവന്റെ ചിത്രപ്രദര്‍ശനമെന്ന് പേരിടാമെന്ന് പറഞ്ഞത്. തുടര്‍ന്ന് ഡിസിയെ ഞാന്‍ ഇക്കാര്യം അറിയിക്കുകയും അവസാനവട്ട തിരുത്തലുകള്‍ക്കായി ഡിസിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ പ്രൂഫില്‍ ഞാന്‍ തന്നെയാണ് പഴയപേര് വെട്ടി പുതിയപേരിടുന്നതും. കൂടാതെ എനിക്ക് കഥാകൃത്തെന്ന മേല്‍വിലാസം ഉണ്ടാക്കി തന്ന, എനിക്കേറെ വൈകാരികമായി അടുപ്പമുളള, അവാര്‍ഡ് കിട്ടിയ കഥ കൂടിയാണ് പടച്ചവന്റെ ചിത്രപ്രദര്‍ശനം.

 2014 ഫെബ്രുവരിയില്‍ ശാന്തം മാസികയില്‍ പ്രസിദ്ധീകരിച്ച പടച്ചോന്‍റെ
2014 ഫെബ്രുവരിയില്‍ ശാന്തം മാസികയില്‍ പ്രസിദ്ധീകരിച്ച പടച്ചോന്‍റെ
മര്‍ദനമേറ്റതിന് പിന്നാലെ രാത്രി ഫെയ്‌സ്ബുക്കില്‍ ജിംഷാറിന്റെ സ്റ്റാറ്റസ് വന്നിരുന്നു, പടച്ചോന്റെ അന്തം കമ്മികളാണ് പിന്നിലെന്ന് ഇപ്പോഴും അത് തന്നെ കരുതുന്നുവോ? രാത്രിയല്ല, പകലാണ് മര്‍ദനമേറ്റതെന്ന് എസ്ഡിപിഐക്കാര്‍ പ്രചരണം നടത്തിയിരുന്നു. എന്താണ് അതില്‍ പറയാനുളളത് ?

എന്നെ തല്ലിയവര്‍ പറഞ്ഞ വാക്കാണ് എനിക്കറിയാവുന്നത്. അതാണ് ഞാന്‍ പൊലീസിനോട് പറഞ്ഞ സംശയം. അതാണ് നേരത്തെ പറഞ്ഞ ജാഫര്‍ എന്ന പയ്യന്റെ ഭീഷണി കോള്‍ റെക്കോഡുകള്‍, സന്ദേശങ്ങള്‍.പടച്ചോനെക്കുറിച്ച് എഴുതുമോ, അള്ളാനെക്കുറിച്ച് എഴുതുമോ എന്ന് ചോദിച്ചാണ് എന്നെ തല്ലിയത്. ഇത് ചെയ്തത് ആരായാലും അള്ളാന്റെ അന്തം കമ്മികള്‍ തന്നെയാണ്. എസ്ഡിപിഐയോ, മുസ്ലിം ലീഗോ, ജമാഅത്തോ ഇനി കോണ്‍ഗ്രസിലുളള ആരെങ്കിലുമോ അങ്ങനെ ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും ഭാഷാപരമായി ഉപയോഗിച്ച പ്രയോഗമാണത്. അതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. അങ്ങനെ തന്നെയാണ് ഇപ്പോഴും എപ്പോഴും വിശ്വസിക്കുന്നത്. അവര്‍ എന്നെ തല്ലാനാണ് വന്നത്. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല. ഒപ്പം നിന്ന് സെല്‍ഫി എടുക്കാനല്ല.

24ാം തിയതി പകലാണ് എനിക്ക് മര്‍ദനമേറ്റതെന്ന് കണ്ടുപിടിച്ച എസ്ഡിപിഐ വിശദീകരണം ഞാനും കണ്ടിരുന്നു. നാട്ടില്‍ കാണുന്നവരോട് അല്ല, പൊലീസ് സ്റ്റേഷനില്‍ തിരക്കിയാല്‍ വിവരം അറിയാം. അല്ലെങ്കില്‍ എന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകള്‍ നോക്കാം. അതുമല്ലെങ്കില്‍ എന്റെ മൊബൈല്‍ നമ്പരിന്റെ ടവര്‍ ലൊക്കേഷന്‍ അന്വേഷിച്ചാല്‍ അറിയാം ഞാന്‍ ആ സമയങ്ങളില്‍ എവിടെയായിരുന്നു. െൈക്രം റിപ്പോര്‍ട്ട് ചെയ്തത് രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കാണ്. ഇതിന് മുന്‍പെ, ഞാന്‍ നാട്ടിലേക്ക് പോയ സമയം എല്ലാം ഫെയ്‌സ്ബുക്കില്‍ ഫോട്ടോകളും സ്റ്റാറ്റസുകളുമായി ഇപ്പോഴുമുണ്ട്. സംശയമുളളവര്‍ പരിശോധിക്കാന്‍ തയ്യാറായാല്‍ സത്യം മനസിലാകും.

പിന്നെ എന്റെ കൂട്ടുകാര്‍ ഞാന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് ആക്രമണത്തെക്കുറിച്ച് പറഞ്ഞതിനെപ്പറ്റി അവരോടാണ് ചോദിക്കേണ്ടത്. കൂനംമൂച്ചി എസ്ഡിപിഐക്ക് ഭൂരിപക്ഷമുളള പ്രദേശമാണ്. അതുകൊണ്ട് അവരെ കൂടി സംശയിക്കുന്നു എന്നാണ് പറഞ്ഞത് അല്ലാതെ അവരെ മാത്രമാണ് സംശയമെന്നല്ല. എന്തായാലും തീവ്ര ഇസ്ലാമിക് മതബോധമുളള അള്ളാന്റെ അന്തം കമ്മികളാണ് എന്നെ തല്ലിയത്. അടിസ്ഥാനപരമായി ഇവര്‍ ഇതാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ്, എന്നെ ചവിട്ടുമ്പോള്‍ പറഞ്ഞ കാര്യം ഊന്നി ഞാന്‍ ഇങ്ങനെ പ്രയോഗിച്ചതും.

മര്‍ദനമേറ്റ ദിവസം രാത്രി ജിംഷാര്‍ ഫെയ്സ്ബുക്കില്‍ ഇട്ട സ്റ്റാറ്റസ്
മര്‍ദനമേറ്റ ദിവസം രാത്രി ജിംഷാര്‍ ഫെയ്സ്ബുക്കില്‍ ഇട്ട സ്റ്റാറ്റസ്
പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി ജിംഷാര്‍ നടത്തിയ പബ്ലിസിറ്റി സ്റ്റണ്ടാണ് ആക്രമണമെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. അത്തരത്തിലൊരു പ്രചാരണത്തിന്റെ ആവശ്യമുണ്ടോ ജിംഷാറിന്?

ഒരു രണ്ടുകൊല്ലം മുന്‍പാണെങ്കില്‍ പറയാമായിരുന്നു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന്. അന്ന് ഞാന്‍ മേല്‍വിലാസമില്ലാത്ത എഴുത്തുകാരനായിരുന്നു. അന്ന് പുസ്തകം വിറ്റ് പോകണമെങ്കില്‍ ഇത്തരം പബ്ലിസിറ്റി സ്റ്റണ്ട് ഉപയോഗിച്ചെന്ന് പറയുകയാണെങ്കില്‍ ആരെങ്കിലും വിശ്വസിക്കും.നിലവിലെ സാഹചര്യത്തില്‍ എനിക്ക് അതാവശ്യമില്ല. 2014ല്‍ ഇറങ്ങിയ ചുരുങ്ങിയ കാലംകൊണ്ട് ഫസ്റ്റ് എഡിഷന്‍ സോള്‍ഡ് ഔട്ടായ ഒരു ചെറിയ എഴുത്തുകാരന്‍ എന്ന ലേബലെങ്കിലും എനിക്ക് ഇന്നുണ്ട്.

പുസ്തകമിറങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഫെയ്‌സ്ബുക്കിലെ എന്റെ വാളിലടക്കം ആദ്യ നോവലിനെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പലയിടത്ത് നിന്നും പലരും ഇപ്പോഴും വിളിക്കാറുണ്ട്. അത്തരത്തിലുളള ഒരു നോവലിന്റെ രചയിതാവ് എന്ന നിലയില്‍ എന്റെ രണ്ടാമത്തെ പുസ്തകവും അതേ പബ്ലിഷേഴ്‌സ് തന്നെ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്. നല്ലതാണേലും മോശമാണേലും രണ്ടാമത്തെ പുസ്തകം എങ്ങനെ ആയാലും വിറ്റുപോകും. മൂന്നാമത്തെ പുസ്തകത്തിനാണ് ഇനി വേണമെങ്കില്‍ ഒരു പബ്ലിസിറ്റി സ്റ്റണ്ടിന്റെ ആവശ്യകതയുളളത്. അതുകൊണ്ട് തന്നെ പബ്ലിസിറ്റി സ്റ്റണ്ട് എന്ന ആരോപണത്തെ അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നു.

വായനക്കാരോട്, അല്ലെങ്കില്‍ എനിക്ക് ചുറ്റുമുളളവരോട് എന്റെ എഴുത്തില്‍ കൃത്യമായിട്ട് അഹങ്കാരമുളളത് കൊണ്ടുതന്നെ ഞാന്‍ പറയുന്നത് കഥയായാലും നോവലായാലും കവിതയായാലും അതിജീവിക്കേണ്ടവ ആണെങ്കില്‍ അത് നിലനില്‍ക്കും.അല്ലാത്തവ തഴയപ്പെടുകയും ചെയ്യും. അതിനായി എത്ര പബ്ലിസിറ്റി സ്റ്റണ്ട് കാട്ടിയാലും യാഥാര്‍ത്ഥ്യം അങ്ങനെയാണ്.ആളുകള്‍ വായിച്ച് നോക്കിയാല്‍ അവര്‍ക്ക് അത് വിലയിരുത്താവുന്നതാണ്. കൊള്ളമെന്ന് പറഞ്ഞാലും കൊള്ളില്ലെന്ന് പറഞ്ഞാലും എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. ഒരു വര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ക്കിനെക്കുറിച്ച് ഇനി ചിന്തിക്കുന്നില്ല.

ഇത് പബ്ലിക് സ്റ്റണ്ട് ആണെന്ന് വിശ്വസിക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അക്കാര്യത്തില്‍ കടുകുമണിയോളം സംശയം ഉണ്ടെങ്കില്‍ ദയവുചെയ്ത് നിങ്ങള്‍ പടച്ചോന്റെ ചിത്രപ്രദര്‍ശനമെന്ന പുസ്തകം വാങ്ങരുത്.വാങ്ങിയാലും വായിക്കരുത്. കത്തിച്ചുകളഞ്ഞേക്കുക. വായനക്കാരന്‍ എന്ന നിലയില്‍ ആത്മാഭിമാനമുളളവര്‍ക്ക് ഇതൊരു നാടകമാണെന്ന് തോന്നിയാല്‍ ദയവുചെയ്ത് നിങ്ങള്‍ എന്റെ പുസ്തകം വാങ്ങുകയോ, വായിക്കുകയോ ചെയ്യേണ്ട. കാരണം ഞാന്‍ ആത്മാഭിമാനിയായ എഴുത്തുകാരനായത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്. തറവാടിത്ത ഘോഷണമായിട്ട് എന്റെ വാക്കുകളെ കാണരുത്.ഞാന്‍ എന്റെ അക്ഷരങ്ങളില്‍, വാക്കുകളില്‍ പരിപൂര്‍ണ ആത്മവിശ്വാസമുളളവനാണ്. കഥയായാലും നോവലായാലും ഞാനെഴുതിയതില്‍ അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന, എഴുത്തില്‍ ട്രിപ്പായൊരു മനുഷ്യനാണ് ഞാന്‍. അത് എന്നെക്കുറിച്ചുളള എന്റെയൊരു ബോധ്യമാണ്.

ജിംഷാറിനൊപ്പം എന്ന ക്യാംപെയ്ന്‍ വന്ന് അടുത്ത ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ജിംഷാറിനൊപ്പമല്ല എന്ന ഹാഷ് ടാഗ് ക്യാംപെയ്‌നും ആരംഭിച്ചു. ഇത് കണ്ടിരുന്നോ?

എനിക്കൊപ്പം നില്‍ക്കുകയോ നില്‍ക്കാതിരിക്കുകയോ എന്നുളളത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അന്ന് രാത്രി എനിക്കെന്താണ് സംഭവിച്ചതെന്ന് ഈ ക്യാംപെയ്ന്‍ നടത്തുന്ന ആരെങ്കിലും ഒരാള്‍ എന്റെ അടുത്ത് ചോദിച്ചിരുന്നെങ്കില്‍ എനിക്കതിന് മറുപടി കൊടുക്കാന്‍ കഴിഞ്ഞേനെ. എനിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ആരെയെങ്കിലും വിളിച്ചും അവര്‍ക്ക് കാര്യങ്ങള്‍ തിരക്കാമായിരുന്നു. പക്ഷേ അതൊന്നും ചെയ്യാതെ മംഗളം അടക്കമുളള പത്രങ്ങളില്‍ വന്ന വാസ്തവ വിരുദ്ധമായ വാര്‍ത്ത തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു പലരും. വീട്ടില്‍ കേറി തല്ലിയെന്നാണ് മംഗളം വാര്‍ത്ത കൊടുത്തത്. അതും ക്യാംപെയ്‌നായി പ്രചരിക്കുന്നുണ്ട്.

എനിക്ക് ശരിക്കും അടിയേറ്റിട്ടില്ല, ചവിട്ടാണ് കിട്ടിയത്. എനിക്ക് നട്ടെല്ലിന് തകരാറുണ്ടെന്നാണ് മറ്റുചിലര്‍ പറയുന്നത്. നേരെചൊവ്വെ നടക്കാന്‍ പറ്റുന്നില്ല എന്നതാണെന്റെ പ്രശ്‌നം. ആ പ്രശ്‌നമാണ് ഡോക്ടറോടും പൊലീസിനോടും ഞാന്‍ അറിയിച്ചിരിക്കുന്നത്. ഇത് അറിയണമെങ്കില്‍ ഒന്നുകില്‍ ഞാനുമായി ബന്ധപ്പെടണം. അല്ലെങ്കില്‍ എനിക്കൊപ്പം ആശുപത്രിയിലുളള സുഹൃത്തുക്കളുമായി സംസാരിക്കണം. അല്ലാതെ നടത്തുന്ന ഈ ഹാഷ് ടാഗ് ക്യാംപെയ്‌നുകളോട് ഞാനെന്താണ് പറയേണ്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. എന്നെ ഫോണില്‍ കിട്ടാനും പ്രയാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്നെ ഫോണില്‍ കിട്ടും. ഞാന്‍ എന്റെ അമ്മാവന്റെ വീട്ടിലാണ്. കാര്യങ്ങള്‍ വ്യക്തമായി അറിയണമെങ്കില്‍ പെരുമ്പിലാവ് വന്ന് കാളിയത്ത് പ്ലാക്കാവില്‍ കെ.എ അസീസിന്റെ വീട് ചോദിച്ചാല്‍ ആരും പറഞ്ഞ് തരും. ഇങ്ങോട്ട് വരാവുന്നതാണ് അവര്‍ക്ക്.

അല്ലെങ്കില്‍ എന്താണ് അവ്യക്തത എന്നുളളത് നിങ്ങള്‍ക്ക് ആശുപത്രിയില്‍ പോയി തിരക്കാം. അല്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ തിരക്കാം. ഈ പറയുന്ന ആരോപണം ഉന്നയിച്ച ഡോക്ടര്‍ എന്റെ സുഹൃത്തല്ല, പരിചയക്കാരനാണ്. സുഹൃത്തും പരിചയക്കാരനും തമ്മില്‍ അജഗജാന്തര ബന്ധമുണ്ട്. എന്റെ നോവല്‍ വായിച്ച് എന്നെ വിളിച്ച് ഇങ്ങോട്ട് കാണാന്‍ വന്നതാണ് ആ ഡോക്ടര്‍. അന്നെടുത്ത ഫോട്ടോയാണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നതും.

ഇനിയും സംശയം ഉള്ളവര്‍ കൂറ്റനാട് മോഡേണ്‍ ആശുപത്രിയിലെ എക്‌സ്‌റേ എടുത്ത ചേട്ടനോട്, ഡോക്ടര്‍മാരോട്, എന്നെ ബസ് സ്റ്റോപ്പില്‍ നിന്നും പൊക്കിയെടുത്ത് ആശുപത്രിയിലെത്തിച്ച ഓട്ടോ ചേട്ടനോടും ചോദിക്കുക ഇവരുടെയെല്ലാം വിവരങ്ങള്‍ ചാലിശേരി പോലീസ് സ്‌റ്റേഷനില്‍ കിട്ടും. റെയ്ഞ്ച് ഇല്ലാതിരുന്ന മോഡേണ്‍ ആശുപത്രിയുടെ ഇരുപത്തിരണ്ടാം വാര്‍ഡില്‍ വിവരങ്ങള്‍ അറിയാവുന്ന ചില രോഗികള്‍ കൂടി എനിക്ക് ചവിട്ടേറ്റ ഞായറാഴ്ച രാത്രി അവിടെ ഉണ്ടായിരുന്നു. പണ്ടെപ്പഴോ ഒന്നിച്ച് എടുത്ത ഒരു ഫോട്ടോയുടെ പുറത്ത് കഥ മെനയുന്ന ഡോക്ടര്‍ ഒന്നുമില്ലേലും എന്റെ ഒപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നവരേലും വിളിച്ച് കാര്യം തിരക്കണമായിരുന്നു.

#ജിംഷാറിനൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം ലോകോളെജിലെ എസ്എഫ്ഐ നടത്തിയ പരിപാടി
#ജിംഷാറിനൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം ലോകോളെജിലെ എസ്എഫ്ഐ നടത്തിയ പരിപാടി
ജിംഷാറിന് അടികിട്ടിയതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കാര്‍ഡുകളില്‍ ജിംഷാര്‍ എസ്എഫ്‌ഐക്കാരനായിരുന്നെന്ന് പറയുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാണോ ?

മഹാത്മ വായനശാലയില്‍ നിന്നും മാക്‌സിം ഗോര്‍ക്കിയുടെ അമ്മ വായിച്ച, റഷ്യന്‍ നാടോടിക്കഥകള്‍ വായിച്ച ഒരു പയ്യന്‍ കാല്‍പ്പനികതകളില്‍ ചെങ്കൊടിയിലെ മഹത്വത്തില്‍ ഊറ്റം കൊള്ളുന്ന ഒരു വിദ്യാര്‍ഥിക്ക് എസ്എഫ്‌ഐയോളം നല്ലൊരു ചോയിസ് ക്യാംപസില്‍ ഉണ്ടായിരുന്നില്ല.

എന്റെ കൂട്ടുകാര്‍ എസ്എഫ്‌ഐക്കാരായിരുന്നത് കൊണ്ടല്ല. വായിച്ചാണ് ഞാന്‍ എസ്എഫ്‌ഐയില്‍ എത്തിയത്. ആ ഒരു അടുപ്പം കമ്മ്യൂണിസത്തോടുമുണ്ട്. കഥകളിലൂടെയാണ് ഞാന്‍ പ്രസ്ഥാനങ്ങളിലേക്കും അനുഭവങ്ങളിലേക്കും എത്തിപ്പെടുന്നത്. അവിടെ നിന്നുമാണ് എഴുത്തുകാരനിലേക്കുളള യാത്ര ആരംഭിക്കുന്നതും.

‘മുണ്ടന്‍ പറമ്പിലെ ചെങ്കൊടി കണ്ട ബദര്‍ യുദ്ധം’ എന്ന കഥയില്‍ മലപ്പുറത്തെ ഭാഷാസമരത്തില്‍ മുന്ന് മുസ്ലിം ലീഗ് യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ വായനയാണ്. എഴുത്തുകാരന് എല്ലാവരെയും പോലെ വിശ്വാസിയോ, അവിശ്വാസിയോ, പാര്‍ട്ടിക്കാരനോ, അല്ലാത്തവനോ ആകാം. എസ്എഫ്‌ഐ എന്ന് അവര്‍ വിളിച്ചാല്‍ അത് ഞാന്‍ അപമാനമായിട്ടല്ല, അഭിമാനമായിട്ടാണ് കാണുന്നത്. ഞാന്‍ വീണപ്പോള്‍ ഓടിയെത്തിയതും ആശുപത്രിയില്‍ ചികിത്സാചെലവുകള്‍ വഹിച്ചതും ഡിവൈഎഫ്‌ഐക്കാരാണ്. വീണുകിടന്നപ്പോള്‍ എനിക്ക് കൈത്താങ്ങായ യോജിക്കുന്ന നിലപാടുകളുളള ഒരു പ്രസ്ഥാനം വരുമ്പോള്‍ ഞാനെന്തിനാണ് അതിനെ തള്ളിപ്പറയേണ്ടത്. എന്നെ പരിഗണിക്കുന്ന ഇടത്താണ് ഞാന്‍ നില്‍ക്കുന്നത്.

പി.ജിംഷാറിനെ ആക്രമിച്ചതിനെതിരെ ഡിവൈഎഫ്ഐ കൂറ്റനാട് നടത്തിയ പ്രതിഷേധ പ്രകടനം
പി.ജിംഷാറിനെ ആക്രമിച്ചതിനെതിരെ ഡിവൈഎഫ്ഐ കൂറ്റനാട് നടത്തിയ പ്രതിഷേധ പ്രകടനം
വിവാദങ്ങളെ തുടര്‍ന്ന് നിശ്ചയിച്ചതില്‍ നിന്നും നേരത്തെ പടച്ചോന്റെ ചിത്രപ്രദര്‍ശനം ഡിസി ബുക്‌സ് പുറത്തിറക്കുന്നെന്ന് കേട്ടു. ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടോ?

എഴുത്തുകാരന്‍ എന്ന രീതിയില്‍ നല്ല അഹങ്കാരമുളള മനുഷ്യനാണ് ഞാന്‍. അതാര് പറഞ്ഞാലും ഒരു വരിപോലും മാറ്റാന്‍ ഞാന്‍ തയ്യാറല്ല.എനിക്കൊരു കാര്യം പറയാന്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഞാനെഴുതാറുളളത്. അങ്ങനെയുളള ഞാന്‍ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയെന്ന് എസ്ഡിപിഐ അടക്കമുളളവര്‍ ആരോപിക്കുമ്പോള്‍ എനിക്ക് പറയാനുളളത് ദയവായി നിങ്ങള്‍ ഈ പുസ്തകം വാങ്ങരുതെന്നാണ്.

ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ ഈ പുസ്തകം വാങ്ങി വായിക്കണമെന്ന് പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. എല്ലാവരോടും പുസ്തകം ഇറങ്ങുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഇനിയിപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞാലും ആരൊക്കെ നിര്‍ബന്ധിച്ചാലും ആരോടും ഞാനെന്റെ പുസ്തകം വാങ്ങി വായിക്കാന്‍ പറയില്ല. കൂടാതെ ആരോഗ്യപരമായ അവശതകള്‍ മാറിയാലും പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ എനിക്ക് കഴിയില്ല. നാളെ എന്താകും എന്നത് എനിക്കറിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ പുസ്തക പ്രകാശനത്തിന് പോകാന്‍ എന്റെ ഈഗോ അനുവദിക്കുന്നില്ല. അതുണ്ടാക്കിയത് എന്നെ മര്‍ദിച്ചവരും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവരുമാണ്.

ജിംഷാര്‍
ജിംഷാര്‍
പടച്ചോന്റെ ചിത്രപ്രദര്‍ശനത്തിന്റെ ആദ്യവായനയില്‍ തന്നെ 2009ല്‍ പുറത്തിറങ്ങിയ ലാര്‍സ് വോണ്‍ ട്രയറുടെ ആന്റി ക്രൈസ്റ്റ് എന്ന ചലച്ചിത്രം ഓര്‍മ്മവന്നു. ആ സിനിമ ഈ കഥയെ സ്വാധീനിച്ചിട്ടുണ്ടോ ?

തീര്‍ച്ചയായിട്ടും. ചുറ്റുമുളളതില്‍ നിന്നെല്ലാം സ്വാധീനം എഴുത്തിലുണ്ടാകും. ഡിഗ്രി കാലഘട്ടത്തിലാണ് വിദേശ ഭാഷാ സിനിമകള്‍ കാണാന്‍ തുടങ്ങുന്നത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സുന്ദരകില്ലാഡി എന്ന കഥ അനുകരിച്ച് എഴുതിയിരുന്നു. പിന്നീട് ജേര്‍ണലിസം പഠിക്കുന്ന സമയത്ത് എഴുതിയ ഒരു കഥയില്‍ റോബര്‍ട്ടോ എന്റിക്കോയുടെ ആന്‍ ഒക്കുറന്‍സ് ഇന്‍ ഔള്‍ ക്രീക്ക് ബ്രിഡ്ജ് എന്ന സിനിമയുടെ സ്വാധീനമുണ്ട്. അതിനാകട്ടെ എ സോണില്‍ സമ്മാനം കിട്ടുകയും ചെയ്തിരുന്നു. പടച്ചോന്റെ ചിത്രപ്രദര്‍ശനത്തില്‍ ആന്റി ക്രൈസ്റ്റിന്റെ സ്വാധീനത്തിന് പുറമെ കണ്ണൂരിലെ പഠനകാലത്ത് കുന്നംകുളം മുതല്‍ കോഴിക്കോട് വരെയുളള യാത്രയില്‍ കണ്ട മുറ്റമില്ലാത്ത വീടുകളും അവയുടെ അവസ്ഥയോര്‍ത്തുളള ഭീതിയും ഉണ്ടായിരുന്നു.

ആദ്യനോവലിലേക്ക് പോകാം. ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകളില്‍ അടിയന്തരാവസ്ഥയ്ക്കും മലബാര്‍ കലാപത്തിനും ഇടയിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ വേദിയില്‍ ഇടിമുഴക്കമായി പൊട്ടിത്തെറിച്ച മദനിയുണ്ട്. 1992 ഡിസംബര്‍ ആറിന് മുമ്പുവരെ ആരും പര്‍ദകള്‍ വാങ്ങാതിരുന്നിട്ടും പ്രവര്‍ത്തിച്ചിരുന്ന ലത്തീഫിന്റെ ഹൂറിലിന്‍ പര്‍ദ ഷോപ്പുണ്ട്. വളരെ ചെറിയ നോവലായിട്ടും കാലത്തെ ഫിക്ഷനുള്ളില്‍ കൃത്യമായി അടുക്കാന്‍ ശ്രമിച്ചിട്ടുണ്ടല്ലേ ?

നീണ്ടൊരു കാലത്തെ കൈകാര്യം ചെയ്യുന്ന തണ്ണീര്‍ക്കോട്-കൂനംമുച്ചി-അയലക്കുന്ന് എന്നീ പ്രദേശങ്ങളിലൂടെ ഒരു കാലഘട്ടത്തെ പ്ലേസ് ചെയ്യുന്ന ഹിസ്റ്റോറിക്കല്‍ ഫിക്ഷനാണ് ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍.1900 മുതല്‍ 1992 വരെയുളള കാലഘട്ടത്തെ പ്ലേസ് ചെയ്യാനാണ് ഞാനതില്‍ ശ്രമിച്ചത്. ഗാന്ധി, സ്വാതന്ത്ര്യസമരം, അടിയന്തരാവസ്ഥ എന്നിങ്ങനെ കഥയിടത്തില്‍ കള്ളവും സത്യവും ചേര്‍ത്തെഴുതിയ കുറിപ്പുകളാണ് നോവലിലുളളത്. കുഞ്ഞുകുഞ്ഞു 40 കഥകള്‍ ചേര്‍ന്നൊരു നോവലെന്നും പറയാം.

ആ ഫാന്റസി യാത്രയില്‍ ബാബറി മസ്ജിദ് തകര്‍ത്തതോടെ രൂപംകൊണ്ട വര്‍ഗീയ പശ്ചാത്തലമുണ്ട്. പര്‍ദ ഷോപ്പുണ്ട്. അക്കാര്യത്തില്‍ എം.എന്‍ കാരശേരി മാഷുളള ക്യാംപില്‍ നിന്നും കിട്ടിയ ചിന്തകളുണ്ട്. കോഴിക്കോട് പോലുള്ളൊരു നഗരത്തില്‍ അടച്ചുപൂട്ടിയ പര്‍ദഷോപ്പ് പിന്നീട് കേരളത്തില്‍ സജീവമാകുകയാണ്. എനിക്കോര്‍മ്മയുളള എന്റെ ഉമ്മാടെ ഉമ്മ പര്‍ദ ധരിക്കില്ലായിരുന്നു. എന്നാല്‍ പിന്നീട് എന്റെ കുഞ്ഞിപെങ്ങള്‍ പര്‍ദയിലേക്ക് മാറിയ ആശങ്കയാകാം നോവലില്‍ കടന്നുകൂടിയത്.

ഡിസി നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജിംഷാറിന്‍റെ ആദ്യ നോവലിന്‍റെ കവര്‍
ഡിസി നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജിംഷാറിന്‍റെ ആദ്യ നോവലിന്‍റെ കവര്‍
രണ്ടാമത്തെ നോവല്‍ പൂര്‍ത്തിയായെന്ന് കേട്ടു. ആദ്യനോവലിലെ സ്ഥലം, കാലം എന്നിവയെ രാഷ്ട്രീയമായി അടയാളപ്പെടുത്തിയ ശൈലി തന്നെയാണോ പുതിയതിലും ?

രണ്ടാമത്തെ നോവല്‍ പൂര്‍ത്തിയായി. ‘എഡിറ്റിങ് നടന്നുകൊണ്ടിരിക്കുന്ന ആകാശം’ എന്നാണ് അതിന്റെ പേര്. ആദ്യ നോവലായ ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ അവസാനിച്ചയിടത്ത് നിന്നാണ് പുതിയ നോവല്‍ തുടങ്ങുന്നത്. അതായത് ബാബറി മസ്ജിദ് തകര്‍ത്തത് പറഞ്ഞാണ് ആദ്യ നോവല്‍ അവസാനിക്കുന്നത്. അവിടം മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധികാരകാലം വരെയുളള ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ കേരളത്തിലെ ഒരു ക്യാംപസില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതാണ് നോവല്‍ പരിസരം. ഒപ്പം ഒരു കോളെജ് മാഗസിനും ഒരിക്കലും ഉത്തരം കിട്ടാത്ത ഇദ്രിസ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തിന്റെ പശ്ചാത്തലവുമുണ്ട് ഇതിന്. മറ്റൊരു തരത്തില്‍ 1987 മുതല്‍ 2016 വരെയുളള കാലമാണ് ഇതിന് അടിസ്ഥാനം.

മാവോയിസ്റ്റ് ആരോപണം ചാര്‍ത്തി എന്റെ രണ്ടു സുഹൃത്തുക്കളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തത്, നേരത്തെ ജോലി ചെയ്ത കേരളീയത്തില്‍ പൊലീസ് നടത്തിയ അതിക്രമം, മുസ്ലിം പേരൊരു ബാധ്യതയെന്ന പോലെ പിന്തുടരുന്ന സ്വത്വസംഘര്‍ഷം ഇങ്ങനെ ജീവിതപരിസരത്തുളള അനുഭവങ്ങളും ചേര്‍ന്നതാണ് നോവല്‍.

നോവലാകട്ടെ, ചെറുകഥയാകട്ടെ എല്ലാത്തിലും ചുറ്റുമുളളവര്‍ കയറി വരാറുണ്ട്. ചുറ്റുമുളള സുഹൃത്തുക്കളൊക്കെ അവരുടെ പേരുകളില്‍ തന്നെ കഥയില്‍ കാണാം നോവലില്‍ കാണാം. സുഹൃത്തുക്കളാല്‍ ചുറ്റപ്പെട്ട വലയത്തിനകത്താണല്ലേ ജീവിതം?

എന്റെ ജീവിതമെല്ലാം സുഹൃത്തുക്കള്‍ക്ക് ചുറ്റുമാണ്. എഴുതുന്നവയിലെല്ലാം ആത്മാംശത്തിന്റെ തോത് കൂടിയും കുറഞ്ഞും വരാറുണ്ട്. എന്റെ ഒരു കൂട്ടുകാരിക്ക് മനസിലാകാന്‍, അല്ലെങ്കില്‍ ഒരു കാമുകിക്ക് മനസിലാകാന്‍, കൂട്ടുകാരന് മനസിലാകാന്‍ വേണ്ടിയാണ് ഞാന്‍ എഴുതുന്നത്. എഴുത്തിനെ ഞാന്‍ അങ്ങനെയാണ് കാണുന്നത്. എന്റെ എല്ലാ എഴുത്തുകളിലും പ്രിയപ്പെട്ടവര്‍ക്ക് മാത്രം മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. മറ്റ് വായനക്കാര്‍ക്ക് അതെല്ലാം മനസിലാകണമെന്നില്ല.ആ അര്‍ത്ഥത്തില്‍ എനിക്കൊരൊറ്റ വായനക്കാരനെ ഉള്ളു.ഞാനതില്‍ തൃപ്തനുമാണ്.എന്റെ പുസ്തകം പബ്ലിഷ് ചെയ്ത് വന്നില്ലെങ്കിലും എന്റെ രചനകള്‍ വായിക്കുന്ന സുഹൃദ് വലയങ്ങളുണ്ട്. അതുമതി എനിക്ക്. കൂട്ടുകാര്‍ വായിക്കാന്‍ കൊടുക്കുന്ന സര്‍ക്കിളുകളുണ്ട്.

ചുംബനസമരം, ലവ് ഫെസ്റ്റോ, ക്യൂര്‍ പ്രൈഡ്, മനുഷ്യസംഗമം എന്നിങ്ങനെ എല്ലായിടത്തും ജിംഷാറിനെ കാണാറുണ്ട്. എഴുത്തില്‍ നിന്ന് വേര്‍പെട്ടതല്ല ഇടപെടലുകളും എന്നാണോ?

എന്റെ കൂട്ടുകാരെ കാണാന്‍ ചെല്ലുന്ന ഇടങ്ങളില്‍ അവിടെയൊരു പ്രൊട്ടസ്റ്റ് ഉണ്ടാകുമ്പോള്‍ ഞാന്‍ അതിനോട് ഐക്യപ്പെടാറുണ്ട്. മറിച്ച് ഞാനെഴുത്തുമായി ഒരു തുരുത്തില്‍ കൂടുന്ന സമയങ്ങളും ഉണ്ടാകാറുണ്ട്. അതെപോലെ ഇറങ്ങിനടക്കുന്ന സമയങ്ങളുമുണ്ട്. പല സമരങ്ങളിലും അവിചാരിതമായാണെങ്കില്‍ പോലും എത്തിച്ചേരാറുണ്ട്. അതെസമയം മറ്റ് തിരക്കുകളില്‍ പെട്ട് പല പരിപാടികള്‍ക്ക് പോകാനും സാധിക്കില്ല. കശ്മീരില്‍ സൈന്യം നടത്തുന്ന ക്രൂരതകള്‍ക്കെതിരെ കണ്ണൂരില്‍ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുക്കണമെന്ന് കരുതിയിരുന്നു. അവസാന സമയം അത് നടന്നില്ല. തുടര്‍ന്നും ഇതെപോലെ തന്നെയാകും എന്റെ ജീവിതം.

ജിംഷാറിന്‍റെ അടക്കമുളള കഥാകൃത്തുക്കളുടെ പുസ്തക പ്രകാശനത്തിനോട് അനുബന്ധിച്ച് ഡിസി ബുക്സ് പുറത്തിറക്കിയ നോട്ടീസ്
ജിംഷാറിന്‍റെ അടക്കമുളള കഥാകൃത്തുക്കളുടെ പുസ്തക പ്രകാശനത്തിനോട് അനുബന്ധിച്ച് ഡിസി ബുക്സ് പുറത്തിറക്കിയ നോട്ടീസ്
എന്ന് നിന്റെ മൊയ്തീന്‍, ഒരു മുറൈ വന്ത് പാര്‍ത്തായ എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ആയിരുന്നല്ലോ. പടച്ചോന്റെ ചിത്രപ്രദര്‍ശനമോ, മറ്റ് ഏതെങ്കിലും കഥകളോ സിനിമയാകുമോ ?

ഞാന്‍ ഏത് കഥ എഴുതുമ്പോഴും നോവല്‍ എഴുതുമ്പോഴും അതിന്റെ സിനിമാരൂപം കൂടി തയ്യാറാക്കാറുണ്ട്. പടച്ചോന്റെ ചിത്രപ്രദര്‍ശനം തിരക്കഥ തയ്യാറാക്കി വെച്ചിരിക്കുകയാണ്.

സംവിധായകനായ സമീര്‍ താഹിറിനോട് കഥ പറയുകയും പുള്ളി ആര്‍ട്ട് ഹൗസ് മൂവിയുടെ സ്വഭാവം ഉണ്ടെന്ന് കരുതി വേറെ വല്ലതുമുണ്ടോ എന്ന് തിരക്കുകയും ചെയ്തിരുന്നു. അന്നാണേല്‍ ഞാന്‍ ഇപ്പോള്‍ പൂര്‍ത്തിക്കിയ എഡിറ്റിങ് നടന്നുകൊണ്ടിരിക്കുന്ന ആകാശം എന്ന നോവലിന്റെ ത്രെഡ് സമീര്‍ താഹിറിനോട് പറയുകയും ചെയ്തിരുന്നു. പുള്ളിക്കാരന്‍ അന്നത്തെ എന്റെ അവസ്ഥ കണ്ടിട്ട് എനിക്കൊരു മൂവായിരം രൂപ തരികയും കഥ ഇഷ്ടമായി ഒരു വണ്‍ലൈന്‍ ഉണ്ടാക്കി വരണമെന്നും പറഞ്ഞുവിട്ടു. പിന്നീട് വണ്‍ ലൈനില്‍ അദ്ദേഹത്തിനും എനിക്കും ആശങ്കയായി. മൂന്ന് നാല് അധ്യായങ്ങള്‍ തിരക്കഥയാക്കി കൊടുക്കുകയും ചെയ്തു. പിന്നീടത് നിന്നുപോയി

എന്നെങ്കിലും എനിക്കൊരു പ്രൊഡ്യൂസറെ കിട്ടും. അന്ന് ഞാന്‍ പടച്ചോന്റെ ചിത്രപ്രദര്‍ശനം സിനിമയാക്കും.ആത്മകഥയുടെ സംവിധായകനായ പ്രേംലാല്‍ അതിന്റെ തിരക്കഥയുടെ ഒരു ഭാഗം വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടിട്ടുണ്ട്.