പി.വി.ഷാജികുമാര്‍ അഭിമുഖം: കാസര്‍ഗോഡ് ഭാഷയെ മമ്മൂക്ക പരിഹസിച്ചിട്ടില്ല; നിത്യാനന്ദ ഷേണായ്‌യെ മനസിലാക്കാന്‍ ഭാഷ തടസമാവില്ല 

April 11, 2017, 2:24 pm
പി.വി.ഷാജികുമാര്‍ അഭിമുഖം: കാസര്‍ഗോഡ് ഭാഷയെ മമ്മൂക്ക പരിഹസിച്ചിട്ടില്ല; നിത്യാനന്ദ ഷേണായ്‌യെ മനസിലാക്കാന്‍ ഭാഷ തടസമാവില്ല 
Interview
Interview
പി.വി.ഷാജികുമാര്‍ അഭിമുഖം: കാസര്‍ഗോഡ് ഭാഷയെ മമ്മൂക്ക പരിഹസിച്ചിട്ടില്ല; നിത്യാനന്ദ ഷേണായ്‌യെ മനസിലാക്കാന്‍ ഭാഷ തടസമാവില്ല 

പി.വി.ഷാജികുമാര്‍ അഭിമുഖം: കാസര്‍ഗോഡ് ഭാഷയെ മമ്മൂക്ക പരിഹസിച്ചിട്ടില്ല; നിത്യാനന്ദ ഷേണായ്‌യെ മനസിലാക്കാന്‍ ഭാഷ തടസമാവില്ല 

ജനിച്ചുവളര്‍ന്ന കാസര്‍ഗോഡന്‍ നാട്ടിടവഴികളുടെ ഒച്ചയനക്കങ്ങളെ കഥകളിലൂടെ ആവിഷ്‌കരിച്ച് വായനക്കാരുടെ മനസില്‍ കയറിക്കൂടിയ കഥാകാരനാണ് പി.വി.ഷാജികുമാര്‍. മലയാളസാഹിത്യത്തിലെ യുവനിരയുടെ പതാകാവാഹകരില്‍ ഒരാള്‍. ഉണ്ണി.ആറിനെയും സന്തോഷ് ഏച്ചിക്കാനത്തെയും പോലെ സിനിമയിലേക്കും നീളുകയാണ് ഷാജിയുടെ എഴുത്തുവഴികള്‍. '18+' എന്ന സ്വന്തം ചെറുകഥ 'കന്യക ടാക്കീസ്' എന്നപേരില്‍ കെ.ആര്‍.മനോജ് സിനിമയാക്കിയപ്പോള്‍ തിരക്കഥാരചനയില്‍ ഷാജിയും ഒപ്പമുണ്ടായിരുന്നു. പ്രേക്ഷകശ്രദ്ധ നേടി തീയേറ്ററുകളില്‍ തുടരുന്ന മഹേഷ് നാരായണന്റെ 'ടേക്ക് ഓഫാ'ണ് രണ്ടാം സിനിമ. അതില്‍ സംവിധായകനൊപ്പം രചന നിര്‍വഹിച്ചു. മൂന്നാമത്തെതുന്ന സിനിമ ഷാജിക്ക് പലതരത്തിലും കൂടുതല്‍ ഹൃദയത്തോട് ചേരുന്ന ഒന്നാണ്. സ്വന്തം കാസര്‍ഗോഡന്‍ ഭാഷ മമ്മൂട്ടി സ്‌ക്രീനില്‍ ആദ്യമായി പറയുന്നു എന്നതുതന്നെ കാരണം. രഞ്ജിത്തിന്റെ 'പുത്തന്‍പണ'ത്തില്‍ സംഭാഷണമെഴുതിയത് ഷാജികുമാറാണ്. ഒപ്പം ചിത്രീകരണത്തിനിടെ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭാഷാവഴക്കങ്ങള്‍ പറഞ്ഞുകൊടുക്കാനുള്ള ചുമതലും ഉണ്ടായിരുന്നു. പി.വി.ഷാജികുമാര്‍ സംസാരിക്കുന്നു. പുത്തന്‍പണവും നിത്യാനന്ദ ഷേണായ്‌യും ടേക്ക് ഓഫും. ഒപ്പം തന്റെ എഴുത്തുവഴികളെക്കുറിച്ചും..

പുത്തന്‍പണം തീയേറ്ററുകളിലെത്തുന്നതിന് മുന്‍പേ കാണികളുടെ ശ്രദ്ധ പിടിച്ചിട്ടുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന നിത്യാനന്ദ ഷേണായ്‌യുടെ കാസറഗോഡന്‍ വാമൊഴിയാണ് അതിന് കാരണം?

മമ്മൂക്കയെ കൂടാതെ അദ്ദേഹത്തിനൊപ്പമുള്ള നാലഞ്ച് കഥാപാത്രങ്ങള്‍ കാസര്‍ഗോഡ് ഭാഷയാണ് സംസാരിക്കുന്നത്. കാസര്‍ഗോഡ് കുമ്പള സ്വദേശിയായ, ഗോവയില്‍ സെറ്റില്‍ഡ് ആയ നിത്യാനന്ദ ഷേണായ് എന്ന ഒരു കള്ളക്കടത്തുകാരന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ഉപയോഗത്തിലുള്ളതല്ല, കാസര്‍ഗോഡ് ഭാഷ തന്നെയാണ് മമ്മൂട്ടി സംസാരിക്കുന്നത്.

പലതരം മലയാളങ്ങള്‍, ഭാഷാവഴക്കങ്ങള്‍ ഏറ്റവും നന്നായി സ്‌ക്രീനില്‍ എത്തിച്ചിട്ടുള്ള ആളാണ് മമ്മൂട്ടി. കാസറഗോഡന്‍ ഭാഷയില്‍ ആദ്യമായല്ലേ ഒരു മമ്മൂട്ടി കഥാപാത്രം സംസാരിക്കുന്നത്?

വിധേയനിലാണ് അദ്ദേഹം കാസറഗോഡന്‍ ഭാഷയുമായി സാമ്യമുള്ള ഒന്ന് ഇതിനുമുന്‍പ് ഉപയോഗിച്ചത്. പക്ഷേ അത് കാസര്‍ഗോഡ് ഭാഷയെന്ന് പറയാനാവില്ല. കര്‍ണാടക അതിര്‍ത്തിപ്രദേശമായ പുത്തൂര്‍, നരസിംഹരാജപുരം തുടങ്ങിയ കുടിയേറ്റ പ്രദേശങ്ങളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയുടെ പരിസരം. കോട്ടയത്തുനിന്നൊക്കെ വന്ന് താമസമാക്കിയവരാണവിടെ ഭൂരിഭാഗം. അതിനാല്‍ത്തന്നെ ഭാഷയിലും ആ വ്യത്യാസമുണ്ട്. തനി കാസര്‍ഗോഡല്ല, കോട്ടയവും കര്‍ണ്ണാടകവുമൊക്കെ കൂടിക്കലര്‍ന്ന ഒരു ഭാഷയാണത്. പട്ടേലര്‍ സംസാരിക്കുന്നത് കന്നഡ കലര്‍ന്ന മലയാളത്തിലാണ്. പൂര്‍ണമായും കാസര്‍ഗോഡ് ഭാഷയില്‍ ഒരു മമ്മൂട്ടി കഥാപാത്രം ആദ്യമായി സംസാരിക്കുന്നത് ഈ സിനിമയിലായിരിക്കും. നിത്യാനന്ദ ഷേണായിയുടെ സംസാരം പ്രേക്ഷകര്‍ക്ക് വളരെ ഫ്രെഷ് ആയ ഒരു അനുഭവമായിരിക്കുമെന്നാണ് വിശ്വാസം. ഒരു പൊതുമലയാളത്തിന് അപരിചിതമായ വാക്കുകളൊക്കെയുണ്ട് അതില്‍. അര്‍ഥമെന്താണെന്ന അന്വേഷണവും കൗതുകവുമൊക്കെ പ്രേക്ഷകര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന പ്രയോഗങ്ങള്‍.

പുത്തന്‍പണത്തില്‍ നിത്യാനന്ദ ഷേണായ് ആയി മമ്മൂട്ടി 
പുത്തന്‍പണത്തില്‍ നിത്യാനന്ദ ഷേണായ് ആയി മമ്മൂട്ടി 

സംഭാഷണം എഴുതിയതിനൊപ്പം മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിന്റെ പ്രയോഗരീതികളും ഉച്ചാരണവുമൊക്കെ പറഞ്ഞുകൊടുക്കാനുള്ള ചുമതലയുമുണ്ടായിരുന്നു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രോംപ്റ്റിംഗ് നടത്തിയിരുന്നോ? എന്തായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം?

മമ്മൂക്ക പെര്‍ഫോം ചെയ്യുമ്പോള്‍ അടുത്ത് നിന്ന് പ്രോംപ്റ്റ് ചെയ്യാനുള്ള അവസരമുണ്ടായിട്ടുണ്ട്. കാസര്‍ഗോഡ് വാമൊഴി മുഖ്യധാരയില്‍ പലപ്പൊഴും പരിഹസിക്കപ്പെടുന്ന ഒന്നാണ്. കാസര്‍ഗോഡ് എന്ന പ്രദേശംതന്നെ കേരളത്തില്‍ നിന്ന് ഒഴിവാക്കപ്പെടണമെന്ന മട്ടില്‍ പലരും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ കാസര്‍ഗോഡന്‍ ഭാഷയോട് മമ്മൂക്ക കാട്ടിയ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി. ഓരോ ചെറിയ വാക്കും പ്രയോഗവുമൊക്കെ ശ്രദ്ധാപൂര്‍വ്വം കേട്ടും പഠിച്ചും അതിന്റെ അര്‍ഥമറിഞ്ഞുമൊക്കെയുള്ള ആത്മാര്‍ഥമായ ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന്. അതൊരു വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഭാഷയുടെ വകഭേദങ്ങള്‍ എന്നൊക്കെ പറയുന്നത് സംസ്‌കാരത്തിന്റെ ഭാഗം തന്നെയല്ലേ? ഏതെങ്കിലും വാക്കോ പ്രയോഗമോ കേള്‍ക്കുമ്പോള്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനെ പരിഹസിച്ചിട്ടില്ല. കാസര്‍ഗോഡന്‍ ഭാഷ പറയുന്നതില്‍ മമ്മൂക്ക വിജയിച്ചിട്ടുണ്ട്. സന്തോഷം.

രഞ്ജിത്ത് ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം സംഭാഷണമെഴുതുകയാണ്. പുത്തന്‍പണം നല്‍കുന്ന എക്‌സൈറ്റ്‌മെന്റ് എന്താണ്?

രഞ്ജിയേട്ടന്‍ വിളിച്ചപ്പോള്‍ത്തന്നെ എക്‌സൈറ്റഡായി. തിരക്കഥാരചനയിലേക്കൊക്കെ കടന്നുവരുന്നതേയുള്ളൂ ഞാന്‍. ആ രംഗത്ത് അത്രയും അനുഭവപരിചയമുള്ള ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ആകാംക്ഷയുണ്ടായിരുന്നു. പിന്നെ, മമ്മൂട്ടി എന്ന വലിയ നടനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യവും. ഡബ്ബിംഗ് തീരുംവരെ മൂന്ന് മാസത്തോളം ഞാന്‍ പുത്തന്‍പണത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. രഞ്ജിയേട്ടന്റേത് ‘ഓണ്‍ ദി സ്‌പോട്ട്’ റൈറ്റിംഗ് ആണ്. ഓരോ ദിവസവും ഷൂട്ട് ചെയ്യേണ്ടത് അതാതുദിവസം എഴുതുകയാണ്. അത് എങ്ങനെ സാധ്യമാവുന്നുവെന്ന് എനിക്കറിയില്ല.

വിധേയനില്‍ (1993) ഭാസ്‌കര പട്ടേലരായി മമ്മൂട്ടി 
വിധേയനില്‍ (1993) ഭാസ്‌കര പട്ടേലരായി മമ്മൂട്ടി 

‘പുത്തന്‍പണ’ത്തിന്റെ ട്രെയ്‌ലറും ടീസറുമൊക്കെ പുറത്തുവന്നതിന് ശേഷം ചില ട്രോളുകളൊക്കെ വന്നിരുന്നു. നിത്യാനന്ദ ഷേണായ്‌യും ഒപ്പമുള്ളവരും പറയുന്ന ഭാഷ എല്ലായിടത്തുമുള്ള പ്രേക്ഷകര്‍ക്ക് മനസിലാവാതെപോകുമോ എന്ന ഭയമുണ്ടോ? എവിടെയുമുള്ളവര്‍ക്ക് മനസിലാവുന്ന തരത്തില്‍ ഒരു ‘മൂര്‍ച്ഛ കുറയ്ക്കല്‍’ നടന്നിട്ടുണ്ടോ? അതോ അതില്‍ വിട്ടുവീഴ്ചകളൊന്നും ഉണ്ടായിട്ടില്ലേ?

അത്തരം വിട്ടുവീഴ്ചകളൊന്നും ചെയ്യേണ്ടിവന്നിട്ടില്ല. കാരണം പുത്തന്‍പണത്തിലെ സംഭാഷണങ്ങളെഴുതുമ്പോള്‍ എനിക്കതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കണ്‍ഫ്യൂഷനൊന്നുമില്ലാതെ നിനക്കിഷ്ടമുള്ളത് എഴുത് എന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് നോക്കാലോ എന്നും. ചില പ്രയോഗങ്ങളിലൊക്കെ ഒരു കണ്‍ഫ്യൂഷന്‍ വന്നേക്കാമെങ്കിലും ‘അയ്യോ ഞങ്ങള്‍ക്ക് ഒന്നും മനസിലാവുന്നില്ല’ എന്നൊരവസ്ഥ ആര്‍ക്കുമുണ്ടാവില്ല. നിത്യാനന്ദ ഷേണായ്‌യുടെ സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഡബ്ബിംഗ് ഒക്കെ കഴിഞ്ഞപ്പോള്‍ എല്ലാവരും വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്.

പിന്നെ ഒരു പ്രദേശത്തിന്റെ ഭാഷയിലേക്ക് സൂക്ഷ്മമായി നോക്കിയാല്‍ വിവിധ ജാതി, മത വിഭാഗങ്ങള്‍ക്കിടെ ചില പ്രത്യേക വൊക്കാബുലറിയും പ്രയോഗവ്യത്യാസങ്ങളുമൊക്കെ കാണാനാവും. അത് കാസര്‍ഗോഡുമുണ്ട്. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഭാഷയില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാനാവും. അതുപോലെ കാഞ്ഞങ്ങാടൊക്കെ ഉപയോഗത്തിലുള്ള ഭാഷയിലും വ്യത്യാസമുണ്ട്. വാക്കുകളിലും പറയുമ്പോഴുള്ള ഈണത്തിലുമൊത്തെ ഈ വ്യത്യാസമുണ്ട്. പക്ഷേ സിനിമയില്‍ അത്തരം സൂക്ഷ്മതകളിലേക്ക് പോയാല്‍ ആര്‍ക്കും ഒന്നും മനസിലാവില്ല. അതിനാല്‍ ഒരു ‘പൊതു’ കാസറഗോഡന്‍ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ എഴുതുമ്പോള്‍ ഒരു സാധാരണ കാണിയെത്തന്നെയാണ് മുന്നില്‍ കണ്ടിട്ടുള്ളത്.

ട്രോളുകള്‍ ഞാനും കണ്ടിരുന്നു. ചിത്രം 150 കോടി കളക്ട് ചെയ്യുമെന്നും കാരണം സിനിമയില്‍ മമ്മൂട്ടി പറയുന്നത് മനസിലാകണമെങ്കില്‍ അത് മൂന്ന് തവണയെങ്കിലും കാണണമെന്നുമൊക്കെ (ചിരിക്കുന്നു). കേരളത്തിലങ്ങോളം എത്രയോ പ്രാദേശിക വഴക്കങ്ങളുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ഇവിടങ്ങളിലൊക്കെ തനതായ ഭാഷാശൈലികളില്ലേ? അതിനൊപ്പം കാസര്‍ഗോഡ് ഭാഷയും ഒരു മുഖ്യധാരാസിനിമയിലേക്ക് കടന്നുവരുന്നത് മോശപ്പെട്ട കാര്യമല്ലല്ലോ? പ്രേക്ഷകര്‍ നല്ല രീതിയില്‍ സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസം. സിനിമയില്‍ പ്രാദേശികതയൊക്കെ, അത് ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്ന കാലമാണിത്. ആളുകള്‍ പുതുമ ആഗ്രഹിക്കുന്നുണ്ട്. ട്രോളുകള്‍ ഇറങ്ങുന്നതൊക്കെ പോസിറ്റീവ് ആയാണ് ഞാന്‍ കാണുന്നത്. കാരണം കൂടുതല്‍ കൗതുകത്തോടെ പ്രേക്ഷകര്‍ സിനിമയെ നോക്കാന്‍ അത് കാരണമാവും. എന്തായാലും ഒന്ന് ഉറപ്പ് പറയാം. നിത്യാനന്ദ ഷേണായ്‌യെ മനസിലാക്കാന്‍ ഭാഷ ഒരു തടസമാക്കില്ല.

മാമുക്കോയ, സുരേഷ് കൃഷ്ണ, മമ്മൂട്ടി, രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം ഷാജികുമാര്‍, പുത്തന്‍പണം ചിത്രീകരണത്തിനിടെ 
മാമുക്കോയ, സുരേഷ് കൃഷ്ണ, മമ്മൂട്ടി, രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം ഷാജികുമാര്‍, പുത്തന്‍പണം ചിത്രീകരണത്തിനിടെ 

രചന നിര്‍വഹിച്ച മറ്റൊരു ചിത്രം പ്രേക്ഷകപ്രീതി നേടി തീയേറ്ററുകളില്‍ തുടരുന്നുണ്ട്. മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’. കേരളത്തിന്റെ സമീപകാല ഓര്‍മ്മയില്‍ ദു:സ്വപ്‌നം പോലെയുള്ള ഒരു സംഭവമാണ് അതിന് ആസ്പദം. അതിന്റെ രചനാവഴികള്‍ എങ്ങനെയായിരുന്നു?

‘ടേക്ക് ഓഫി’ലെത്തുമ്പോള്‍ പറഞ്ഞതുപോലെ രണ്ട്-മൂന്ന് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവം. അതിലൂടെ നഴ്‌സുമാരുടെ അവസ്ഥ. മുഖ്യധാരാ മലയാളസിനിമ എല്ലായ്‌പ്പോഴും നഴ്‌സുമാരെ വളരെ മോശം രീതിയില്‍, താഴ്ത്തിക്കെട്ടിയാണ് ചിത്രീകരിക്കാറ്. ‘സെക്ഷ്വല്‍ ഒബ്‌ജെക്ടുകളാ’ണ് പലപ്പോഴും നമ്മുടെ സ്‌ക്രീനില്‍ നഴ്‌സുമാര്‍. ഇവര്‍ വളരെ ‘പെര്‍വെര്‍ട്ടഡ്’ ആണെന്ന തെറ്റിദ്ധാരണ പരത്തുന്നവയാണ് ആ സിനിമകള്‍. സമൂഹത്തിന്റെ പൊതുബോധവും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. അക്കാര്യത്തില്‍ ‘ടേക്ക് ഓഫ്’ വ്യത്യസ്തമാവണമെന്ന താല്‍പര്യം ഉണ്ടായിരുന്നു.

സിനിമയുടെ ആലോചനകളിലേക്ക് എത്തിച്ച ആദ്യ ത്രെഡ് ഇതായിരുന്നു. രണ്ടാം ഭര്‍ത്താവിനാല്‍ ഗര്‍ഭം ധരിച്ച ഒരു സ്ത്രീയെ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ കുട്ടി തേടിവരുമ്പോഴുണ്ടാവുന്ന സംഘര്‍ഷം. ഈ കഥാതന്തു എങ്ങനെ അവതരിപ്പിക്കുമെന്നതിനെക്കുറിച്ച് ഒരുപാട് ആലോചിച്ചു. പൊടുന്നനെയാണ് ഇറാഖ് എന്ന ഭൂമികയും അവിടെ മലയാളി നഴ്‌സുമാര്‍ നേരിട്ട അനുഭവങ്ങളും ഞങ്ങളുടെ മനസിലേക്ക് കടന്നുവന്നത്. കൊമേഴ്‌സ്യല്‍ സിനിമ എന്നല്ല, ഒരു നല്ല സിനിമ ആയിരിക്കണമെന്നാണ് ആഗ്രഹിച്ചത്. കൃത്യമായി നിലപാടും രാഷ്ട്രീയവുമൊക്കെയുള്ള ഒരു സിനിമ. ‘ഇസ്ലാമോഫോബിയ’ തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ടല്ലോ? വളരെ സൂക്ഷിച്ചാണ് ഈ വിഷയങ്ങളൊക്കെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ എത്രത്തോളം വിജയിച്ചുവെന്ന് അറിയില്ല.

ടേക്ക് ഓഫ്‌ 
ടേക്ക് ഓഫ്‌ 

അപ്പോള്‍ ഇറാഖിലെ മലയാളി നഴ്‌സുമാരുടെ അനുഭവമല്ല ‘ടേക്ക് ഓഫി’ന്റെ ആദ്യ സ്പാര്‍ക്ക്. മറിച്ച് കഥയിലെ കേന്ദ്രകഥാപാത്രമായ സ്ത്രീയുടെ വ്യക്തിസംഘര്‍ഷങ്ങളായിരുന്നു?

അതെ. ഉള്ളിലും പുറത്തും യുദ്ധം അനുഭവിക്കുന്ന ഒരു സ്ത്രീ എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ചിന്ത. പ്രധാന കഥാപാത്രത്തില്‍ നിന്നാലോചിച്ച് ഇറാഖില്‍ എത്തിപ്പെടുകയായിരുന്നു. നരേഷന്‍ ഇറാഖിലെത്തിയതോടെ അതിനൊരു പുതിയ മാനം കൈവന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ഇറാഖിലും അതുപോലെയുള്ള മറ്റ് സംഘര്‍ഷബാധിത പ്രദേശങ്ങളിലും തൊഴില്‍ ചെയ്യുന്ന ഒരുപാട് നഴ്‌സുമാര്‍ ഉണ്ടല്ലോ? ഉള്ളിലും പുറത്തും പുരുഷന്മാരാല്‍ നിര്‍മ്മിക്കപ്പെടുന്ന യുദ്ധമാണ് സമീറയ്ക്ക് നേരിടേണ്ടിവരുന്നത്. മതത്തിനും പുരുഷാധികാര സ്വഭാവമാണല്ലോ ഉള്ളത്?

ഇത്രയും ആഴവും പരപ്പുമുള്ള ഒരു വിഷയം സിനിമയാക്കുമ്പോള്‍ റിസര്‍ച്ച് എന്നത് ഒഴിവാക്കാനാവാത്ത ഒന്നല്ലേ? ‘ടേക്ക് ഓഫി’ന്റെ രചനാവഴികളിലെ തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു? ഇറാഖ് അനുഭവങ്ങളുള്ള യഥാര്‍ഥ നഴ്‌സുമാരെ കണ്ടിരുന്നോ?

സിനിമയുടെ പശ്ചാത്തലമായി ഇറാഖ് തീരുമാനിച്ചശേഷം ഞങ്ങള്‍ ആദ്യമായി പോയിക്കണ്ടത് മെറീന ജോസിനെയാണ്. തന്റെ സഹപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കുവേണ്ടി അക്കാലത്ത് ഇറാഖിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായും നമ്മുടെ മുഖ്യമന്ത്രിയുമായൊക്കെ ബന്ധപ്പെട്ടിരുന്ന, എല്ലാറ്റിനും നേതൃത്വം വഹിച്ചിരുന്ന നഴ്‌സ്. അവരുമായി കുറേയധികം സംസാരിച്ചിട്ടുണ്ട്. അക്കാലത്ത് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞ ഒരുപാട് കാര്യങ്ങളുണ്ട്. തിരിച്ചുവന്നതിന് ശേഷം, ഇപ്പോള്‍പോലും അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങളുണ്ട്. സംഘര്‍ഷഭൂമിയില്‍ ജീവിച്ചതിന്റേതായ പാര്‍ശ്വഫലങ്ങള്‍. ചെറിയ ശബ്ദങ്ങള്‍പോലും ചിലപ്പോള്‍ അവരെ വിഷാദത്തില്‍ പെടുത്തും. മെറീന പറഞ്ഞുതന്ന കാര്യങ്ങളില്‍നിന്നാണ് ഇറാഖിലെ പല സീനുകളും രൂപപ്പെടുത്തിയത്.

പിന്നെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കുറേയധികം ഡോക്യുമെന്ററികള്‍ കണ്ടിരുന്നു. നിരോധിച്ച ഡോക്യുമെന്ററികള്‍ വരെ കണ്ടിട്ടുണ്ട്. ഇറാഖിലെ രാഷ്ട്രീയ സാമൂഹിക ചരിത്രം പ്രതിപാദിക്കുന്ന റെഫറന്‍സുകള്‍.നഴ്‌സുമാരുടെ പ്രശ്‌നം നടക്കുന്ന സമയത്ത് വിഷ്വല്‍ മീഡിയയിലടക്കം വന്ന വാര്‍ത്തകള്‍. അവ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങള്‍. പിന്നെ ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകള്‍. അങ്ങനെ നല്ല ഹോംവര്‍ക്കിന് ശേഷമാണ് ചിത്രം പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് കടന്നത്. ചെറുതായൊന്ന് പാളിയാല്‍ വലിയ തിരിച്ചടിക്ക് സാധ്യതയുള്ള വിഷയമാണല്ലോ കൈകാര്യം ചെയ്യുന്നത്.

ടേക്ക് ഓഫില്‍ പാര്‍വതി, കുഞ്ചാക്കോ ബോബന്‍ 
ടേക്ക് ഓഫില്‍ പാര്‍വതി, കുഞ്ചാക്കോ ബോബന്‍ 

സിനിമയില്‍ സമീറയുടേതുപോലെ തന്നെ പ്രാധാന്യമുള്ള വൈകാരികലോകമാണ് സമീറയുടെ മകന്റേതും. ആ കുട്ടിയുടെ കഥാപാത്രത്തിന് പിന്നില്‍ ഒരു യഥാര്‍ഥ അനുഭവമുണ്ടോ?

ഇല്ല. കുട്ടിയും ഷഹീദും ഫിക്ഷനാണ്. സമീറ പോലും അങ്ങനെതന്നെ. പക്ഷേ മെറീന ജോസ് അനുഭവിച്ച സംഘര്‍ഷങ്ങള്‍ ആ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് മാത്രം. അല്ലാതെ മെറീന ജോസ് അല്ല സമീറ.

ഒരു യഥാര്‍ഥ സംഭവം ആസ്പദമാക്കി സിനിമയുണ്ടാവുമ്പോള്‍ തിരക്കഥാകൃത്തിന്റെ മുന്നില്‍ എക്കാലത്തുമുള്ള ചില പ്രതിസന്ധികളുണ്ട്. ഭാവനയ്ക്ക് സ്വതന്ത്രമായി വ്യാപരിക്കാന്‍ തടസ്സങ്ങളുണ്ട്. ‘ടേക്ക് ഓഫ്’ പ്രതിപാദിക്കുന്ന വിഷയം പരിഗണിക്കുമ്പോള്‍ അത്തരം പ്രതിസന്ധികള്‍ കൂടുതലാണെന്ന് പറയാം. ഉദാഹരണത്തിന് ഇറാഖ് എന്ന സംഘര്‍ഷഭൂമികയും ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യവും. അവസാനമായി കേരളത്തിലെ മുഖ്യധാരാ പ്രേക്ഷകരുടെ മുന്നിലേക്കാണ് സിനിമ എത്തേണ്ടത്. വയലന്റായ ഒരു പ്രദേശത്തെ, കാലത്തെ ഒരു മലയാളചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകാവുന്ന പരിമിതികളെക്കുറിച്ചാണ് സൂചിപ്പിച്ചത്?

മെറീനയില്‍ നിന്ന് കേട്ടറിഞ്ഞത് പ്രകാരമുള്ള ഒരു ‘രക്ഷപെടുത്തല’ല്ല ഞങ്ങള്‍ സിനിമയില്‍ കൊണ്ടുവന്നത്. അവര്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ കുറേ കാര്യങ്ങള്‍ നമ്മള്‍ ഉള്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ‘ഫിക്ഷന്‍’ എന്ന് പറഞ്ഞത്. യഥാര്‍ഥ സംഭവത്തെ അധികരിച്ചുണ്ടാക്കിയ ഒരു ഫിക്ഷന്‍. സിനിമയുടെ രണ്ടാംപകുതിയിലെ പല സീനുകളും നമ്മള്‍ ഉണ്ടാക്കിയെടുത്തതാണ്. സിനിമയില്‍ കാണിച്ചിരിക്കുന്ന സംഘര്‍ഷങ്ങളില്‍ പലതും ആ തോതില്‍ അവര്‍ അനുഭവിച്ചിട്ടില്ലെന്നാണ് മെറീന ജോസും അതിലൂടെ കടന്നുവന്ന മറ്റ് പല നഴ്‌സുമാരും പറഞ്ഞത്. ഒരു മാസ് ഓഡിയന്‍സിന് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടിവരുന്നതെന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായിരുന്നു.

ഐഎസിനെ എങ്ങനെ അവതരിപ്പിക്കും എന്നതും ഏറെ ആലോചനയുണ്ടാക്കിയ കാര്യമാണ്. അവര്‍ ഉപയോഗിക്കുന്ന ഭാഷ, കൂടാതെ മറ്റുപല കാര്യങ്ങളും. അവതരിപ്പിച്ചാല്‍ത്തന്നെ പ്രേക്ഷകര്‍ എത്തരത്തില്‍ സ്വീകരിക്കുമെന്ന ആശയക്കുഴപ്പവുമുണ്ടായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കടന്നുവരുന്ന രംഗങ്ങള്‍ പരത്തിപറയാതെ വളരെ ‘ക്രിസ്പ്’ ആയ രീതിയിലാണ് ആലോചിച്ചത്. ഐഎസിന് മലയാളിബന്ധം എന്ന വാര്‍ത്ത വരുന്നതിന് മുന്‍പ് ഞങ്ങള്‍ തിരക്കഥ എഴുതിക്കഴിഞ്ഞിരുന്നു. സിനിമയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിലുള്ള മലയാളി ചെറുപ്പക്കാരനെ അതിനുമുന്‍പേ സൃഷ്ടിച്ചതാണ്. ഷഹീദിന് സമീറയിലേക്ക് തിരിച്ചെത്താനുള്ള ഒരു ടൂള്‍ ആയിരുന്നു മലയാളി ആയിട്ടുള്ള ആ കഥാപാത്രം. പിന്നെ ഭീകരത, ദേശീയത, മതം ഇവയെക്കുറിച്ചൊക്കെ നമുക്ക് പറയാനുള്ളത് പറയാന്‍ അങ്ങനെയൊരു കഥാപാത്രം ആവശ്യമായിരുന്നു.

ടേക്ക് ഓഫിലെ രംഗം 
ടേക്ക് ഓഫിലെ രംഗം 

ഐഎസിനെ സിനിമയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച് രണ്ട് വിഭിന്ന വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നിരുന്നു. അതില്‍ ‘ഇസ്ലാമോഫോബിക്’ ആയ ചിലതുണ്ട് എന്നായിരുന്നു ഒന്ന്. ഉദാഹരണത്തിന് ഖുര്‍ആനുമായി അവര്‍ക്കുള്ള വൈകാരികമെന്നുതന്നെ പറയാവുന്ന ബന്ധവും മറ്റും. ഐഎസിനെ ഇസ്ലാമിന്റെ വക്താക്കളായി ചിത്രീകരിച്ചിരിക്കുന്നുവെന്നായിരുന്നു ആരോപണം. രണ്ടാമതായി ഉയര്‍ന്ന മറ്റൊരഭിപ്രായം വാര്‍ത്തകളിലൂടെ കേള്‍ക്കുന്ന ഐഎസിന്റെ വയലന്‍സ് സിനിമയില്‍ കാണാനില്ല എന്നും മലയാളസിനിമകളിലെ ഒരു സാധാരണ വില്ലന്‍ സംഘമായി അത് ചുരുങ്ങിപ്പോയെന്നും?

ഐഎസിനെ ഇസ്ലാമിന്റെ വക്താക്കളായി സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. മറിച്ച് തങ്ങള്‍ ഇസ്ലാമിന്റെ വക്താക്കളാണെന്ന് അവര്‍ തന്നെയല്ലേ അവകാശപ്പെടുന്നത്? മതത്തിന്റെ പേരിലുള്ള വയലന്‍സിനെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം എന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ ദൈവം എന്ന സങ്കല്‍പം തന്നെ വയലന്‍സിനെ പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കില്‍ എനിക്കുവേണ്ടി നിങ്ങള്‍ കൊലനടത്തണമെന്ന് ഭക്തരോട് പറയുന്ന ഒന്നല്ലല്ലോ. ഞാന്‍ പറഞ്ഞല്ലോ, ഐഎസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി ഒരുപാട് ഡോക്യുമെന്ററികള്‍ കണ്ടിരുന്നു. ഇവര്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ചുള്ള വിവരണങ്ങളുണ്ട് അതില്‍. അത്തരമൊരു ഡോക്യുമെന്ററിയില്‍ സിറിയയില്‍ ഒരു സ്ഥലം പിടിച്ചടക്കിയതിന് ശേഷമുള്ള യാത്രയ്ക്കിടെ ഒരു ഐഎസ് നേതാവ് ഒപ്പമുള്ള മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കുന്നുണ്ട്. റോഡരികില്‍ ഒരു സ്ത്രീയും പുരുഷനും നില്‍ക്കുന്നത് കണ്ട് അവര്‍ കാര്‍ നിര്‍ത്തുന്നു. എന്നിട്ട് അവരുടെ അടുത്തേക്ക് നടന്നുചെന്ന് പുരുഷനോട് പറയുകയാണ്, ആ സ്ത്രീയുടെ തട്ടം നേരെയല്ല കിടക്കുന്നതെന്നും ഇത്തരത്തില്‍ ഇനി കണ്ടുകഴിഞ്ഞാല്‍ സംഗതി മാറുമെന്നും. മതവിശ്വാസത്തെ മുന്‍നിര്‍ത്തി ഇത്രയും സങ്കുചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ഒരു കൂട്ടമാണത്. ഇവര്‍ ചെയ്യുന്ന കൊലപാതകങ്ങള്‍ക്കെല്ലാം മുന്‍പ് ‘അല്ലാഹു അക്ബര്‍’ എന്ന് പറയുന്നുണ്ട്. അങ്ങനെ പറഞ്ഞിട്ടാണ് ക്രൂരതകള്‍ കാണിക്കുന്നത്. എന്താണ് മതം, എന്താണ് മതവിശ്വാസം എന്നത് സംബന്ധിച്ച് ഒരു സംഘര്‍ഷമുണ്ടായിരുന്നു ഈ സിനിമയുടെ രചനയ്ക്കിടെ. മതത്തിനുവേണ്ടി കൊല നടത്തുന്നവര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇറാഖില്‍നിന്ന് രക്ഷപെട്ടെത്തിയ മെറീന ജോസ് ഉള്‍പ്പെടെയുള്ളവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് പറഞ്ഞത് മറ്റൊന്നാണ്. വളരെ മര്യാദയോടെയാണ് മെറീന ഉള്‍പ്പെടെയുള്ളവരോട് പെരുമാറിയത് എന്നാണ് അവര്‍ ഞങ്ങളോട് വിവരിച്ചത്.

ഐഎസിന്റെ ചിത്രീകരണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ വന്ന ചില വിമര്‍ശനങ്ങള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ മലയാളി നഴ്‌സുമാര്‍ അവരെക്കുറിച്ച് നല്ലത് പറഞ്ഞിട്ടും എന്തിനാണ് ഐഎസിനെ മോശമായി കാണിച്ചതെന്നൊക്കെ. പക്ഷേ ഒരു കാര്യം എനിക്ക് മനസിലാവുന്നില്ല. ഐഎസിനെ എതിര്‍ക്കുന്നത് എങ്ങനെയാണ് ‘ഇസ്ലാമോഫോബിയ’ ആവുന്നത്? ഐഎസിനെ അനുകൂലിച്ചില്ലെങ്കില്‍, എതിര്‍ത്താല്‍ എങ്ങനെയാണ് ഇസ്ലാം വിരുദ്ധതയാവുന്നത്? ഐഎസിനെ അനുകൂലിച്ച് എടുത്തിരുന്നുവെങ്കില്‍ ഇതൊരു നല്ല സിനിമയാണെന്ന് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പറയുമായിരുന്നോ? കാര്യങ്ങളെ വളരെ അണ്‍റിയലിസ്റ്റിക്ക് ആയി നോക്കിക്കാണുന്ന ചില ഇടങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളൊക്കെ വന്നതെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ആ അഭിപ്രായങ്ങളെ അതിന്റേതായ രീതിയില്‍ ഞാന്‍ ബഹുമാനിക്കുന്നു. അതിനെ പരിഹസിക്കാനൊന്നും ഞാന്‍ തയ്യാറല്ല. എന്റെ സംശയം ഇത്രമാത്രമാണ്. ഐഎസിനെ അനുകൂലിച്ച് പറയാതിരുന്നതുകൊണ്ടാണോ അവരുടെ കണ്ണില്‍ ‘ടേക്ക് ഓഫ്’ ഇസ്ലാമോഫോബിക് ആയത്? ഇറാഖി പട്ടാളക്കാരായും ഐഎസ് ഭീകരരായും സിനിമയില്‍ അഭിനയിച്ചത് എന്റെ നാടായ കാസര്‍ഗോഡ് നിന്നുള്ളവരാണ്. ഞാനും ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടരായ സജിമോനും ചേര്‍ന്ന് കാസര്‍ഗോഡ് നിന്ന് ഓഡിഷന്‍ നടത്തിയാണ് അവരെ തിരഞ്ഞെടുത്തത്. അതിന് നേരെയും വന്നുവിമര്‍ശനശരമെയ്ത്തുകള്‍. ഐഎസിലേക്ക് കാസര്‍ഗോഡ് നിന്ന് ആളുകള്‍ പോയിട്ടുണ്ടെന്ന വാര്‍ത്തയുമായി ചേര്‍ത്തായിരുന്ന വിമര്‍ശനങ്ങള്‍. കാസര്‍ഗോഡിനെ ഭീകരരുടെ താവളമായി കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് കാസര്‍ഗോഡ് നിന്ന് അഭിനേതാക്കളെ തിരഞ്ഞെടുത്തത് എന്നായിരുന്നു ആരോപണം. ചിരിക്കുകയല്ലാതെ എന്തുചെയ്യാന്‍... ഓഡിഷന് 200-ലധികം ആളുകള്‍ വന്നിട്ടുണ്ടായിരുന്നു. ഇറാഖി മുഖച്ഛായയും ശരീരപ്രകൃതവും അഭിനയശേഷിയുമുള്ള ആളുകള്‍ക്കാണ് ഞങ്ങള്‍ പ്രാഥമികമായും പ്രധാനമായും പരിഗണന കൊടുത്തത്. ഒരാളുടെയും മതമേതാണെന്നൊന്നും നോക്കിയായിരുന്നില്ല തിരഞ്ഞെടുപ്പ്. തിരഞ്ഞെടുത്ത എല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. കാസര്‍ഗോഡ് നിന്ന് ഓഡിഷന്‍ നടത്തി, നടന്മാരെ തിരഞ്ഞെടുത്താല്‍ അത് ഇസ്ലാംവിരുദ്ധതയുടെ പ്രത്യക്ഷലക്ഷണമാണെന്ന് ആരോപിക്കുന്നവരോട് എന്തുപറയനാണ്. ഇവരൊക്കെയാണ് വര്‍ഗ്ഗീയതയെ സാമൂഹികതയുടെ മണ്ണിലേക്ക് വെള്ളമൊഴിച്ച് വളമിട്ട് വളര്‍ത്തുന്നത്.

ടേക്ക് ഓഫിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ദൃശ്യവല്‍ക്കരണം 
ടേക്ക് ഓഫിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ദൃശ്യവല്‍ക്കരണം 

സിനിമയിലേക്കുള്ള വരവ് എങ്ങനെയാണ്? സിനിമാപ്രേമം ഉണ്ടായിരുന്നോ?

കുട്ടിക്കാലം മുതലേ സിനിമ നന്നായി കാണുന്ന ആളായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളുടെ പ്രദേശത്ത് ഗള്‍ഫുകാരുടെയൊക്കെ വീടുകളില്‍ മാത്രമാണ് ടെലിവിഷന്‍ ഉണ്ടായിരുന്നത്. ദൂരദര്‍ശനില്‍ ഞായറാഴ്ച വൈകിട്ട് നാല് മണിക്കുള്ള സിനിമകള്‍ കാണാന്‍ ഞങ്ങള്‍ കുട്ടികളുടെ സംഘം പല വീടുകളിലും കൂട്ടമായി പോകും. പക്ഷേ അവര്‍ക്ക് തോന്നിയാല്‍ മാത്രമേ ടിവി വെക്കൂ. തോന്നുമ്പോള്‍ ഓഫാക്കുകയും ചെയ്യും. ആ സമയത്തുതന്നെ ഇതിനോടൊരു ഭ്രാന്തുണ്ട്. പക്ഷേ എന്നെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നൊന്നും തോന്നിയിരുന്നില്ല. കാരണം അത് വലിയ ആളുകളൊക്കെയുള്ള വേറൊരു ലോകം. നമുക്കൊന്നും പ്രാപ്യമായ ഒരു മേഖലയല്ലെന്ന അപകര്‍ഷതയുണ്ടായിരുന്നു. അത് മാറിയത് ഈ അടുത്താണ്. അതിനാല്‍ സിനിമയെ തേടിപ്പോയിട്ടില്ല. കന്യക ടാക്കീസ് നടന്നു. ഇപ്പോള്‍ ടേക്ക് ഓഫിന്റെ ഭാഗമായി. മറ്റുചില പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുന്നു. കുട്ടിക്കാലത്ത് ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കുന്നതിന്റെ സന്തോഷമുണ്ട്. സിനിമയിലേക്ക് ആവേശത്തോടെ ഇറങ്ങി ചാടിയിട്ടില്ല.

സിനിമയിലേക്ക് വരുമ്പോള്‍ എഴുത്തിനൊപ്പം ഒരു മീഡിയം കൂടി തുറന്നുകിട്ടുകയാണ്. വ്യക്തിപരമായി എത്രത്തോളം പ്രധാനമാണ് എഴുത്ത്? എന്താണ് സിനിമയില്‍ നിന്നൊക്കെ വിട്ടുള്ള എഴുത്തിന്റെ ഇപ്പോഴത്തെ അവസ്ഥ?

എഴുത്ത് തന്നെയാണ് പ്രധാനം. കഥയാണ് എന്റെ പ്രിയ മീഡിയം. ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുത്തിന്റേതായ സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടെങ്കിലും ഞാനേറ്റവും ഇഷ്ടപ്പെടുന്നത്, ഏറ്റവും കംഫര്‍ട്ടബിള്‍ ആയി എഴുതാനാവുന്നത് ചെറുകഥകളാണ്. ചെറുകഥ തരുന്ന ഒരു സ്വാതന്ത്ര്യം തിരക്കഥാരചനയില്‍ പ്രതീക്ഷിക്കാനാവില്ല. അത് കൂട്ടായ ഒരു പ്രവര്‍ത്തനത്തിന്റ ഭാഗമാണല്ലോ? അവിടെ കോംപ്രമൈസുകളൊക്കെ വേണ്ടിവന്നേക്കാം. പക്ഷേ കഥയെഴുത്ത് നല്‍കുന്ന ആനന്ദവും സംതൃപ്തിയും വേറെയാണ്. അത് തിരക്കഥ ഇതുവരെ തന്നിട്ടില്ല. ഒരു കഥയെഴുത്തുകാരനായി നിലനില്‍ക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.

ഇപ്പോള്‍ ‘ടേക്ക് ഓഫി’ന്റെയും നേരത്തേ മറ്റ് ചില സിനിമകളുടെയുമൊക്കെ തിരക്കഥാചര്‍ച്ചകളില്‍ മുഴുകിയ സമയത്ത് കഥയെഴുതാന്‍ പറ്റാത്ത ഒരവസ്ഥയുണ്ടായിരുന്നു. മനസില്‍ കഥകളൊക്കെയുണ്ട്. എന്നാല്‍ എഴുതാന്‍ പറ്റാത്ത അവസ്ഥ. എന്തോ ഒരു തടസം അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും എഴുതിത്തുടങ്ങി. സിനിമയും എഴുത്തും ഒന്നിച്ച് കൊണ്ടുപോകാന്‍ പറ്റിയില്ലെങ്കില്‍, അതെന്നെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. കഥയെഴുത്താണ് എന്നെ ഞാനാക്കിയത്. ഒരു കഥാസമാഹാരം ഉടന്‍ പുറത്തിറങ്ങുന്നുണ്ട്. ‘ഒരു കൊടുംഭീകര പ്രേമം’ എന്നാണ് പേര്. എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ കാസര്‍ഗോഡ് പശ്ചാത്തലമാക്കിയുള്ള ഒന്നാണ്. എഴുത്ത് വിട്ടൊരു കളിക്ക് ഞാനില്ല.

ഷാജികുമാര്‍ സഹ രചയിതാവായിരുന്ന, കെ.ആര്‍.മനോജിന്റെ കന്യക ടാക്കീസ് (2013) പോസ്റ്റര്‍ 
ഷാജികുമാര്‍ സഹ രചയിതാവായിരുന്ന, കെ.ആര്‍.മനോജിന്റെ കന്യക ടാക്കീസ് (2013) പോസ്റ്റര്‍ 

സിനിമ എന്നൊരു മീഡിയംകൂടി ഇപ്പോള്‍ മുന്നിലുണ്ട്. സൃഷ്ടിയെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലുമൊരു സ്പാര്‍ക്ക് വീണുകിട്ടിയാല്‍ അത് ഏത് മീഡിയത്തിലൂടെ പ്രതിഫലിക്കണമെന്നൊരു ആശയക്കുഴപ്പം മുന്നിലെത്താറുണ്ടോ? ഇത് സിനിമയിലേക്കോ കഥയിലേക്കോ, എന്നൊരു സംശയം?

ശരിയാണ്, അങ്ങനെയൊന്ന് തോന്നിയിരുന്നു. യാത്ര ചെയ്യുമ്പൊഴോ പുസ്തകം വായിക്കുമ്പോഴോ സിനിമ കാണുമ്പോഴോ സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴോ ഒക്കെ, ഉറങ്ങുമ്പോള്‍പ്പോലും കഥകള്‍ വരും. അത് കഥയാക്കണോ സിനിമയാക്കണോ എന്ന ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. പക്ഷേ ഈയിടെയായി അങ്ങനെയുള്ള കണ്‍ഫ്യൂഷന്‍ മാറിവരുന്നുണ്ട്. വിഷയങ്ങള്‍ വരുമ്പോള്‍ സിനിമയ്ക്ക് പറ്റുന്നതാണോ എന്ന് നോക്കും. അതില്ലാത്തപക്ഷം കഥയായി ആലോചിക്കും. കഥയെന്ന് പറഞ്ഞാല്‍ വളരെ ആഴത്തില്‍ വായനക്കാരനെ പലതും ബോധ്യപ്പെടുത്തേണ്ടതുണ്ട്. സിനിമയിലും വേറൊരു തരത്തില്‍ അത് ചെയ്യണം. പക്ഷേ അത് രണ്ടും രണ്ട് തരത്തിലാണല്ലോ? രൂപപരമായി പറഞ്ഞാല്‍ ഒരു മരത്തിന്റെ ചില്ലകള്‍ പോലെയാണ് തിരക്കഥ. ഒരുപാട് കഥകള്‍ കൂടിച്ചേര്‍ന്നാണ് ഒരു തിരക്കഥയുണ്ടാവുന്നത്. പക്ഷേ കഥ അങ്ങനെയല്ല. അവിടെ ചില്ലകളില്ല, തെങ്ങോ കവുങ്ങോ ഒക്കെപ്പോലെ ഒരൊറ്റ ഒന്നാണ് അത്. തുടക്കത്തില്‍ എനിക്ക് ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനും ഭയവുമൊക്കെ ഉണ്ടായിരുന്നു. ഇത് രണ്ടും കൂടിക്കലര്‍ന്ന് പോകുമോ എന്ന്. പക്ഷേ ഇപ്പോള്‍ അവ രണ്ടിനുമിടയിലുള്ള അതിരിനെക്കുറിച്ച് ഒരു തിരിച്ചറിവുണ്ട്.

പി.വി.ഷാജികുമാര്‍ 
പി.വി.ഷാജികുമാര്‍ 

പുതിയ സിനിമാ പ്രോജക്ടുകള്‍ ആലോചനയിലുണ്ടോ?

മുന്‍നിര സംവിധായകന്റെ ചിത്രമടക്കം രണ്ട് മൂന്ന് പ്രോജക്ടുകളുടെ ആലോചനകള്‍ നടക്കുന്നുണ്ട്. പക്ഷേ ഒന്നും ഫൈനലൈസ് ചെയ്യുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല.