ഉണ്ണി ആര്‍ അഭിമുഖം: ദുല്‍ഖറിന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലെത്തിക്കും ചാര്‍ലി

December 16, 2015, 5:10 pm
ഉണ്ണി ആര്‍ അഭിമുഖം: ദുല്‍ഖറിന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലെത്തിക്കും ചാര്‍ലി
Interview
Interview
ഉണ്ണി ആര്‍ അഭിമുഖം: ദുല്‍ഖറിന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലെത്തിക്കും ചാര്‍ലി

ഉണ്ണി ആര്‍ അഭിമുഖം: ദുല്‍ഖറിന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലെത്തിക്കും ചാര്‍ലി


ക്രിസ്മസ് റിലീസുകളില്‍ പ്രേക്ഷക പ്രതീക്ഷയില്‍ മുന്‍നിരയിലുള്ള ചിത്രമാണ് ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വതി ചിത്രത്തിന്റെ രചന ഉണ്ണി ആര്‍ ആണ്. ചിത്രത്തെക്കുറിച്ചും ലീല എന്ന അടുത്ത സിനിമയെക്കുറിച്ചും ഉണ്ണി ആര്‍ സംസാരിക്കുന്നു.

മുന്നറിയിപ്പ് പോലെ ഗൗരവസ്വഭാവമുള്ള ചിത്രത്തില്‍ നിന്നാണ് ചാര്‍ലിയിലേക്ക് വരുന്നത്. ആരാണ് ചാര്‍ലി?

രണ്ട് കൊല്ലം മുമ്പാണ് ദുല്‍ഖറിനോട് ഈ കഥ പറയുന്നത്. അന്ന് കഥാപാത്രത്തിന്റെ പേരൊന്നും ആലോചിച്ചിരുന്നില്ല. ഒരു കമേഴ്‌സ്യല്‍ എന്റര്‍ടെയിനറാകുമ്പോള്‍ നല്ലൊരു പേര് ആവശ്യമാണല്ലോ. അങ്ങനെയൊരു പേരായി വന്നതാണ് ചാര്‍ലി. ചാര്‍ലിയെന്നോ മുഹമ്മദെന്നോ തുടങ്ങി ഏത് പേരും വിളിക്കാവുന്ന ഒരു മനുഷ്യന്‍. പേരിലൂടെ മാത്രമല്ല അയാള്‍ ജീവിക്കുന്നത്. പല മാനങ്ങളിലുള്ള മനുഷ്യനാണ് അയാള്‍. ഈ സിനിമയില്‍ ഒരു കഥാപാത്രം പറയുന്നത് പോലെ കാറ്റ് പോലെ സഞ്ചരിക്കുന്ന ഒരു മനുഷ്യന്‍, അത് തന്നെയാണ് ചാര്‍ലി.

ബിഗ് ബി ചെയ്ത ശേഷമാണ് ബ്രിഡ്ജിന് തിരക്കഥയൊരുക്കിയത്. മൂന്നറിയിപ്പില്‍ നിന്ന് ഇപ്പോള്‍ പക്കാ എന്റര്‍ടെയിനറായ ചാര്‍ലിയിലേക്ക്. വാണിജ്യസിനിമ കൃത്യമായ ഫോര്‍മുലകളിലൂടെ നീങ്ങേണ്ടതും വലിയ വിട്ടുവീഴ്ചയില്‍ ഉണ്ടാക്കേണ്ടതുമായ ഒന്നല്ലേ?

ചാര്‍ലി പക്കാ കമേഴ്‌സ്യല്‍ എന്റര്‍ടെയിനര്‍ എന്ന നിലയില്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. പക്ഷേ അത് നിലവിലുള്ള കമേഴ്‌സ്യല്‍ സിനിമകളുടെ സ്വഭാവത്തെ അതേ പടി പിന്തുടരുന്ന ഒന്നാവില്ല. സ്ഥിരമായി കണ്ട് വരുന്ന കഥന രീതിയല്ല ചാര്‍ലിയുടേത്. പുതുമയുള്ള ഒരു നരേറ്റീവിന് ശ്രമിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ അല്‍പ്പം വേറിട്ടൊരു ട്രീറ്റ്‌മെന്റാണ് നടത്തിയിരിക്കുന്നത്. പിന്നെ ദുല്‍ഖര്‍ സല്‍മാന്റെ ദുല്‍ഖറിന്റെ സ്റ്റാര്‍ഡത്തെ പരമാവധി ഉപയോഗിക്കുന്ന ചിത്രവുമാണ് ചാര്‍ലി. എന്റെ പതിനൊന്ന് വയസ്സുള്ള മകള്‍ക്ക് കൂടി മനസ്സിലാകുന്നതും, ഇഷ്ടപ്പെടുന്നതുമായ കഥയും അനുഭവമായാണ് ചാര്‍ലി കണ്‍സീവ് ചെയ്തത്. എനിക്ക് കമേഴ്‌സ്യല്‍ സിനിമകള്‍ കൂടി ചെയ്യേണ്ടതുണ്ടല്ലോ. അത് എന്നിലെ തിരക്കഥാകൃത്തിന്റെ നിലനില്‍പ്പ് കൂടിയാണ്.

ചാര്‍ലി കൊക്കെയ്‌നിന്റെ രഹസ്യപ്പേരാണെന്നും സിനിമയുടെ സബ്ജക്ടില്‍ ലഹരിയും ബൊഹീമിയന്‍ സഞ്ചാരവുമൊക്കെയാണെന്ന് കേട്ടിരുന്നു?

അതില്‍ ഒരു വസ്തുതയുമില്ല. കോക്കെയ്‌നുമായും ലഹരിയുമായും ഈ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. പിന്നെ ഒരു സോ കോള്‍ഡ് അടി ഇടി പടവുമല്ല ചാര്‍ലി. മനുഷ്യനെ ഭയങ്കരമായി സ്‌നേഹിക്കുന്ന, ലോകത്തോട് അതിയായ സ്‌നേഹമുള്ള കാറ്റ് പോലുള്ള ഒരാളുടെ കഥ. ഇപ്പോള്‍ പറയാനാവുക ഇത്ര മാത്രാണ്.

മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം ആദ്യമായി കൈകോര്‍ക്കുകയാണ്. അദ്ദേഹത്തിന്റെ മുമ്പേയുള്ള രണ്ട് ചിത്രങ്ങളും പുലര്‍ത്തിയ ശൈലിയുടെ തുടര്‍ച്ച അല്ലെങ്കില്‍ സ്വഭാവ തുടര്‍ച്ച ചാര്‍ലിയില്‍ ഉണ്ടോ?

മാര്‍ട്ടിന്റെ രണ്ട് സിനിമകളുടെയും തുടര്‍ച്ചയല്ല ചാര്‍ലി. മാര്‍ട്ടിന്റെ കരിയറിലെ തന്നെ പുതിയൊരു സിനിമാ തുടക്കമായാണ് ഈ സിനിമ എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയുടെ രൂപത്തിലായപ്പോള്‍ ആദ്യകഥയില്‍ കുറേയെറെ മാറ്റം ഞങ്ങള്‍ വരുത്തിയിട്ടുണ്ട്. നുറുങ്ങ് തമാശകളും പാട്ടുകളുമായി വളരെ ലളിതമായി പരമാവധി പേരിലേക്ക് എത്താവുന്ന രീതിയിലാണ് ട്രീറ്റ്‌മെന്റ്

രൂപസാദൃശ്യമാണോ അതോ ദുല്‍ഖറിന്റെ ആ സമയത്തെ സിനിമകളാണോ കഥ ആലോചിച്ചപ്പോള്‍ തന്നെ ചാര്‍ലിയാകാന്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമായത്

ഈ കഥ മനസ്സില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ വെറുതെ ദുല്‍ഖറിനെ വിളിക്കുകയായിരുന്നു. നമ്മളുടെ ചില ഉള്‍പ്രേരണകള്‍ ഉണ്ടല്ലോ. ഫോണില്‍ കിട്ടിയപ്പോള്‍ ദുല്‍ഖറേ ഒരു കഥ പറയാനുണ്ട് എന്നങ്ങ് പറഞ്ഞു. ഫോണില്‍ ഇപ്പോ തന്നെ കഥ പറഞ്ഞോ എന്നായിരുന്നു മറുപടി. കുള്ളന്റെ ഭാര്യ നടക്കുന്ന സമയത്താണ് അത്. ഒരു വിശ്വാസത്തിന്റെ പുറത്താണ് വിളിക്കുന്നത്. വളരെ ഹെവി ആണല്ലോ എന്നും ചാലഞ്ചിംഗ് ആയ കാര്കടര്‍ ആണല്ലോ എന്നുമായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.  അതുകൊണ്ട് തന്നെയാണ് ദുല്‍ഖറിനോട് പറഞ്ഞത് എന്നായിരുന്നു ഞാന്‍ തിരിച്ചു പറഞ്ഞത്.  ഈ പ്രായത്തില്‍ ദുല്‍ഖറിന് എടുക്കാവുന്നതില്‍ ഹെവിയായിട്ടുള്ള കഥാപാത്രമാണ് ചാര്‍ലി. ലോകം കണ്ട മനുഷ്യന്റെ പാകതയുള്ള ഒരാള്‍. അയാളുടെ കാഴ്ചയും കാഴ്ചപ്പാടും വ്യത്യസ്ഥമാണ്. നമ്മളില്‍ പലരും കാര്യമായി പരിഗണിക്കുന്ന പലതും അയാള്‍ ലാഘവത്വത്തോടെയാണ് എടുക്കുന്നത്. എല്ലാ മനുഷ്യര്‍ക്കിടയിലൂടെയും കടന്നു പോകുന്ന ഒരാള്‍.

മമ്മൂട്ടിയുടെ സമീപവര്‍ഷങ്ങളിലെ മികച്ച പ്രകടനമെന്ന് വിലയിരുത്തപ്പെട്ട സിനിമയാണ് മുന്നറിയിപ്പ്. ദുല്‍ഖറിന് അഭിനേതാവ് എന്ന നിലയില്‍ എത്രമാത്രം സാധ്യതയുള്ള ചിത്രമാണ് ചാര്‍ലി.

ഈ കഥ ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ ദുല്‍ഖര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദുല്‍ഖറിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രായത്തില്‍ നിന്ന് ചെയ്തവയാണ്. പക്ഷേ ചാര്‍ലി പ്രായത്തെ അതിജീവിച്ച അനുഭവസമ്പത്തുള്ള ഒരാളാണ്. ദുല്‍ഖറിന്റെ മുഴുവന്‍ കഥാപാത്രസ്വഭാവങ്ങളില്‍ നിന്നും വ്യത്യസ്ഥനായ മനുഷ്യനുമാണ് ചാര്‍ലി. ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞ കാരക്ടറാണെന്ന് നേരത്തെ അറിയാമായിരുന്നതിനാല്‍ അദ്ദേഹം നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ ചാര്‍ലിയായുള്ള ദുല്‍ഖറിന്റെ മാനറിസങ്ങളിലെല്ലാം അദ്ദേഹം എടുത്ത എഫര്‍ട്ട് കാണാം. ചില നോട്ടത്തിലും ശൈലിയിലുമെല്ലാം ചില വ്യത്യസ്ഥതകള്‍ കാണാന്‍ കഴിയും. ദുല്‍ഖറിന്റെ ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും ചാലഞ്ചിംഗ് ആയ കഥാപാത്രമാണ് ചാര്‍ലി. അദ്ദേഹത്തിന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലെത്തിക്കുന്ന പെര്‍ഫോമന്‍സായിരിക്കും ചാര്‍ലിയിലേത്. ദുല്‍ഖറിന്റെ സംഭാഷണങ്ങളും വ്യത്യസ്ഥമാണ്. ചില സ്ഥലങ്ങളിലൊക്കെ മമ്മൂക്കയെ ഓര്‍മ്മ വരുന്ന രീതിയിലാണ് ദുല്‍ഖറിന്റെ പ്രകടനം. താടി വച്ചുള്ള ചില നോട്ടങ്ങളും നടത്തവും ചിരിയുമൊക്കെ മമ്മൂക്ക തന്നെയെന്ന് തോന്നും. മനോഹരമായി ദുല്‍ഖര്‍ ചാര്‍ലിയായിട്ടുണ്ട്. എന്റെ മനസ്സില്‍ രൂപമെടുത്ത കഥാപാത്രത്തോട് നൂറ് ശതമാനം ദുല്‍ഖര്‍ നീതി പുലര്‍ത്തിയിട്ടുണ്ട്. 

കുടുംബത്തില്‍ നിന്നും ബന്ധത്തിന്റെ കെട്ടുപാടുകളില്‍ നിന്നുമുള്ള പുറപ്പെട്ട് പോക്ക് ദുല്‍ഖര്‍ ചിത്രങ്ങളിലെ സ്ഥിരം പ്രമേയമാണ്. ട്രെയിലര്‍ വന്നപ്പോള്‍ ഉയര്‍ന്ന അഭ്യൂഹവും അത്തരത്തിലായിരുന്നു.

അങ്ങനെ ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം കൃത്യമായ ഒരു യാത്രാ ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ ചാര്‍ലി അക്കൂട്ടത്തില്‍ പെടില്ല. ആ കഥാപാത്രങ്ങളില്‍ അയാളുടെ ബന്ധം,ഭൂതകാലമൊക്കെ കൃത്യമായുണ്ട്. ഇയാള്‍ അവരിലൊരാളല്ല. ആരുടെ ഭക്ഷണത്തില്‍ നിന്ന് പങ്ക് കഴിക്കാവുന്ന ,ആരുടെ അടുത്തും ഇടപെടാവുന്ന എവിടെയും ഉറങ്ങാവുന്ന ഒരാള്‍. ആവശ്യങ്ങളൊന്നുമില്ലാത്ത ഒട്ടും സെല്‍ഫിഷ് അല്ലാത്ത ഒരാള്‍. സ്‌നേഹമാണ് തന്റെ മതമെന്ന് വിശ്വസിക്കുന്ന മനുഷ്യന്‍. പുറപ്പെട്ട് പോക്കല്ല ഓരോ മനുഷ്യരുടെയും ഉള്ളിലേക്കുമുള്ള വരവാണ് ചാര്‍ലിയുടേത്.

വാണിജ്യ സിനിമകള്‍ കൂടുതലും വര്‍ത്തമാന കാലത്ത് നിന്ന് തിരിഞ്ഞോടുകയാണ്, ഈ കാലത്തിന്റെ രാഷ്ട്രീയമോ ഭാഷയോ സിനിമകളില്‍ കാണാനില്ല. ലോല ഗൃഹാതുരതയിലേക്കാണ് സിനിമകളത്രയും തിരികെപോകുന്നത്. ചാര്‍ലി ഈ കാലത്തോട് എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ?

ഒരു പ്രൊപ്പഗന്‍ഡാ സ്വഭാവത്തില്‍ പ്രത്യേക രാഷ്ട്രീയമോ മുദ്രാവാക്യമോ സന്ദേശമോ പ്രേക്ഷകരിലെത്തിക്കാന്‍ ഈ സിനിമ ഉദ്ദേശിക്കുന്നില്ല. മലയാളിക്ക് ഒരു സ്വഭാവമുണ്ട്. ഒരാളെ കാണുമ്പോള്‍  ആദ്യം തന്നെ ഭൂതകാലം ചികയും. നിങ്ങളെവിടെ നിന്ന് വരുന്നെന്ന് തിരക്കും. അത്തരം ഭൂതകാലം ചികയലൊന്നും സിനിമയില്‍ ഇല്ല. മനുഷ്യരാണ് ചുറ്റുമുള്ളതെന്നും അവരോട് ഏറ്റവും സത്യസന്ധതയോടെയും സ്‌നേഹത്തോട് ഇടപെടുകയാണ് ഏറ്റവും വലിയ കാര്യം എന്നും കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ് ചാര്‍ലി.

പാര്‍വതി പുതിയ തലമുറയിലെ മികച്ച അഭിനേത്രിമാരിലൊരാളാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ദുല്‍ഖര്‍ പാര്‍വതി ജോഡികള്‍ ഒരുമിക്കുന്നുവെന്നതും ചാര്‍ലിയുടെ പ്രത്യേകതയാണ്.

പാര്‍വതിയുടെ ടെസ്സ എന്ന കഥാപാത്രമായി ആരെ കാസ്റ്റ് ചെയ്യണമെന്ന ആലോചനയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സജസ്റ്റ് ചെയ്യപ്പെട്ട പേര് പാര്‍വതിയുടേതായിരുന്നു. ഇത്രയധികം ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഒറ്റ കാര്യമേ ഉള്ളൂ, പാര്‍വതിക്ക് നൂറ് ശതമാനം സിനിമയും കഥാപാത്രവും കണ്‍വിന്‍സ്ഡ് ആകണം. നൂറോ നൂറ്റമ്പതോ ചോദ്യങ്ങള്‍ സംശയമായി കഥാപാത്രത്തെ കുറിച്ച് എന്നോട് ചോദിച്ചിട്ടുണ്ടാകണം. പാഷനേറ്റ് ആയി സിനിമയെ സമീപിക്കുന്ന കാര്യത്തില്‍ ദുല്‍ഖറിനെ പോലെ തന്നെ വലിയ ബഹുമാനം പാര്‍വതിയോട് തോന്നിയിട്ടുണ്ട്.

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍, സി.കെ രാഘവന്‍ എന്നീ മുന്‍ നായകകഥാപാത്രമൊക്കെ സിനിമ വിട്ട് കഥാപാത്രങ്ങളായി തന്നെ വ്യക്തിത്വം നിലനിര്‍ത്തിയവരാണ്. അങ്ങനെ സിനിമയ്ക്ക് പുറത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രമാകുമോ ചാര്‍ലി?

രാഘവന്‍ എന്ന പേരൊക്കെ സത്യത്തില്‍ വലിയ ആലോചനയൊന്നുമില്ലാതെ ചുമ്മാ ഇട്ട ഒരു പേര് മാത്രമാണ്. ചിത്രീകരണത്തിന് തൊട്ടുമുമ്പാണ് സി.കെ രാഘവന്‍ എന്ന് പേരിടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രത്തിന്റെ പേര് ഇന്നതാകണം എന്ന നിര്‍ബന്ധമൊന്നുമില്ല. പേരിനപ്പുറം ആ കഥാപാത്രത്തിന്റെ വ്യക്തിത്വവും കാഴ്ചപ്പാടും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നാണ് വിശ്വസിക്കുന്നത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ കഥയെഴുത്തില്‍ ലഭിക്കുന്ന വലിയ സ്വാതന്ത്ര്യം തിരക്കഥയാകുമ്പോള്‍ കിട്ടില്ലല്ലോ, സംവിധായകന് വേണ്ടിയും ജനപ്രിയതയ്ക്ക് വേണ്ടിയും കാര്യമായ വിട്ടുവീഴ്ചകള്‍ വേണ്ടി വരില്ലേ?

മുന്നറിയിപ്പില്‍ തിരക്കഥാകൃത്തെന്ന രീതിയില്‍ വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ചാര്‍ലിയിലെത്തുമ്പോള്‍ ഞാനും മാര്‍ട്ടിനും ചേര്‍ന്നാണ് തിരക്കഥ. ബോധപൂര്‍വ്വമുള്ള കുറെ വിട്ടുവീഴ്ചകളുാണ്. അത് എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും സിനിമ സ്വീകാര്യമാകണം എന്ന മുന്‍വിധിയില്‍ ചെയ്യുന്നതാണ്.

താങ്കളുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ് ലീല. ലീല സിനിമയാകുമ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ വെല്ലുവിളിയുണ്ടോ?

നാല് കൊല്ലം മുമ്പാണ് ഞാന്‍ കോട്ടയത്ത് നിന്ന് വരുമ്പോള്‍ രഞ്ജിത് വിളിക്കുന്നത്. ലീല മാതൃഭൂമിയില്‍ വന്ന സമയത്താണ്. എടാ ഞാന്‍ നിന്റെ കഥ വായിച്ചു, എനിക്കത് സിനിമയാക്കണം എന്ന് പറഞ്ഞു. ഒരു പ്രശ്‌നവുമില്ല എടുത്തോളൂ എന്നാണ് പറഞ്ഞത്. അന്ന് തിരക്കഥ ഞാനെഴുതണമെന്ന കാര്യമൊന്നും ചിന്തിക്കുന്നില്ല. പിന്നീട് ഈ വര്‍ഷമാണ് തിരക്കഥ എഴുതാന്‍ ആവശ്യപ്പെടുന്നത്. ലീല എങ്ങനെ സിനിമയാക്കി മാറ്റുമെന്നും എനിക്ക്് അറിയില്ലായിരുന്നു.  പക്ഷേ രഞ്ജിത് നല്‍കി ധൈര്യം എനിക്ക് ആത്മവിശ്വാസമേകി. നീ എഴുതൂ, നിനക്ക് അത് ചെയ്യാനാകും എന്ന് പറഞ്ഞു. ആ ധൈര്യമേകലില്‍ നിന്നാണ് ഒരു മാസം പോലുമെടുക്കാതെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. തിരക്കഥ രഞ്ജിതിന് കൈമാറി. അദ്ദേഹം തന്നെയാണ് ആ സിനിമ നിര്‍മ്മിക്കുന്നത്.

ലീല എന്ന കഥ  ലീല എന്ന സിനിമയാകുമ്പോള്‍ വലിയ രൂപാന്തരമുണ്ടോ?

ഒരിക്കലും ഒരു വാക്കിനെയോ പ്രയോഗങ്ങളെയോ സിനിമയുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനാകില്ല. ഒന്ന് വാക്കും രണ്ടാമത്തേത് ദൃശ്യവുമാണ്. നമ്മള്‍ ചിലപ്പോഴൊക്കെ എനിക്ക് അത് പറയാനാകില്ല,നിങ്ങള്‍ കണ്ട് നോക്ക് എന്ന് പറയുന്നത് പോലെ. ലീല എന്ന തിരക്കഥ ദൃശ്യഭാഷയില്‍ രൂപപ്പെടുത്തിയതാണ്. ബ്ലോ അപ്പ് എന്ന സിനിമ ഉദാഹരണമാണ്. ബ്ലോ അപ്പിന്റെ കഥയും സിനിമയും രണ്ട് സ്വഭാവമുള്ളതാണ്. ലീല എന്റെ കഥയുടെ പുനരാഖ്യാനമാകാം. ലീല എന്ന ചെറുകഥ കഥയായും സിനിമ സിനിമയായും നിലനില്‍ക്കുന്ന തരത്തിലാണ് തിരക്കഥ.

ചാര്‍ലി തിയറ്ററുകളിലെത്തും മുമ്പ് തന്നെ ഒഴിവുദിവസത്തെ കളി ഐഎഫ്എഫ്‌കെയില്‍ പുരസ്‌കാരം നേടി?

ഒരാള്‍പൊക്കം ചെയ്യുന്നതിന് മുമ്പാണ് സനല്‍കുമാര്‍ ശശിധരന്‍ എന്റെ അടുത്ത് വരുന്നത്. ഒഴിവുദിവസത്തെ കളി
എന്ന കഥ സിനിമയാക്കാന്‍ ആഗ്രഹമറിയിക്കുകയായിരുന്നു. ചില മനുഷ്യരെ നമുക്ക് ആദ്യമായി കാണുമ്പോള്‍
തന്നെ തിരിച്ചറിയാനാകും. അയാള്‍ക്ക ഈ കഥയെക്കുറിച്ച് അത്രയേറെ ബോധ്യമുണ്ടെന്നും പിടി കിട്ടി. കാശൊന്നും വേണ്ട നിങ്ങള്‍ ചെയ്‌തോ എന്ന് പറഞ്ഞു. അതിന് ശേഷമാണ് സനല്‍ ഒരാള്‍പൊക്കം ചെയതു. രണ്ടാമത്തെ ചിത്രമായി ഒഴിവു ദിവസത്തെ കളി. അതിമനോഹരമായ സനല്‍ ഒഴിവുദിവസത്തെ കളി ചെയതിട്ടുണ്ട്.

നേരത്തെ എഴുതിയ മറ്റേതെങ്കിലും കഥകള്‍ ഇനി സിനിമയാക്കിയേക്കാം എന്ന ആലോചനയുണ്ടോ?

ഞാന്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടല്ല. ചില കഥകള്‍ സിനിമയാക്കിയാല്‍ കൊള്ളാമെന്ന് അടുപ്പമുള്ളവര്‍ പറയാറുണ്ട്. സിനിമയാക്കുന്നതിന് കഥ ചോദിച്ച് പലരും വരാറുണ്ട്. എല്ലാവര്‍ക്കും കഥ കൊടുക്കണമെന്ന് തോന്നാറില്ല. ചിലരോട് തോന്നുന്ന വിശ്വാസമുണ്ട്. അത് പോലൊരു വിശ്വാസത്തില്‍ നിന്നാണ് ലീല എന്ന കഥയും സിനിമയായി മാറിയത്.

മമ്മൂട്ടിയുടെ ഇക്കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ബിഗ് ബി വീണ്ടും ആരാധകരുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. റിലീസ് വേളയില്‍ അത്രമാത്രം സ്വീകരിക്കപ്പെടാത്ത സിനിമയെ പുതുതലമുറ മമ്മൂട്ടിയുടെ പ്രിയ ചിത്രമായി ഏറ്റെടുത്തിരിക്കുന്നു?

പ്രേക്ഷകര്‍ക്ക് പുതുമ എന്നത് വലിയ പ്രാധാന്യമുള്ള സംഗതിയാണ്. ആവര്‍ത്തനമൊന്നും ഏറെ കാലം നിലനില്‍ക്കില്ല. ബിഗ് ബിക്ക് അത്തരത്തിലൊരു പുതുമയും വ്യത്യസ്ഥതയും ഉണ്ടായിരുന്നു. വേറൊരു കാര്യമുണ്ട് ആ വണ്‍ലൈനറുകളൊക്കെ മമ്മൂട്ടി എന്ന നടന്‍ പറഞ്ഞാല്‍ മാത്രമേ നിലനില്‍ക്കൂ. കൊച്ചി പഴയ കൊച്ചിയല്ല എന്നൊക്കെ മമ്മൂട്ടിക്ക് മാത്രമേ മലയാളത്തില്‍ ആ ശൈലിയില്‍ പറഞ്ഞ് ഹിറ്റാക്കാന്‍ പറ്റൂ. ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബിഗ് ബിയെന്ന് ദുല്‍ഖറും പറഞ്ഞിട്ടുണ്ട്.

ബിഗ് ബിയിലെ സംഭാഷണങ്ങള്‍ ഇങ്ങനെ കുറേ കാലത്തേക്ക് ജനപ്രിയമാകുമെന്ന് കരുതിയുരുന്നോ?

അമല്‍ നീരദിന്റെ അടുത്ത് അന്ന് പറഞ്ഞത് ഒറ്റ കാര്യമേ ഉള്ളൂ, നെടുങ്കന്‍ ഡയലോഗുകള്‍ക്ക പകരം വണ്‍ലൈനര്‍ പരീക്ഷിക്കാം. കാരണം രണ്‍ജി പണിക്കരൊക്കെ ഡയലോഗ് വച്ച് ആള്‍ക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇടത്താണ് നമ്മള്‍ പിടിച്ചുനില്‍ക്കേണ്ടത്. രണ്‍ജി പണിക്കരെ അനുകരിച്ചെത്തിയ ഒറ്റ തിരക്കഥാകൃത്തുക്കള്‍ പോലും രക്ഷപ്പെട്ടിട്ടില്ല. അവിടയൊണ് ഞങ്ങള്‍ വണ്‍ലൈനര്‍ പരീക്ഷിക്കുന്നത്. ബിലാല്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രേക്ഷകരും അത്തരത്തില്‍ അമ്പ് തറയ്കുന്ന പോലുള്ള സംഭാഷണങ്ങളാണ് പ്രതീക്ഷിക്കുന്നതാണ്. തുടക്കത്തില്‍ തന്നെ ടീച്ചര്‍ പറയുന്ന ഡയലോഗുണ്ട്. പകലുള്ളത് തന്നെയല്ലേ രാത്രിയിലും ഉള്ളൂ. ടീച്ചറിന്റെ വണ്‍ലൈനിന്റെ തുടര്‍ച്ച തന്നെയാണ് അവര്‍ വളര്‍ത്തിയ ബിലാലിലും കാണാനാകുന്നത്. അത് ഇപ്പോഴും ഫ്രഷ് ആയി നിലനില്‍ക്കുന്നുവെന്നതില്‍ വലിയ സന്തോഷം.

പക്ഷേ തിരക്കഥാകൃത്തായി കൂടുതല്‍ പേര്‍ അറിഞ്ഞത് മുന്നറിയിപ്പിന് ശേഷമല്ലേ?

സത്യം, ആറോ എഴോ കൊല്ലത്തിന് ശേഷമാണ് ബിഗ് ബിയിലെ സംഭാഷണങ്ങള്‍ എഴുതിയത് ഞാനാണെന്ന് പലരും അറിയുന്നത്. സിനിമയില്‍ നിന്ന് എഴുത്തുകാരന്‍ പുറന്തള്ളപ്പെടുക എന്നത് വലിയ ട്രാജഡിയാണ്. അത് എപ്പോഴും സംഭവിക്കുന്നുമുണ്ട്. ബിഗ് ബിയിലെ സംഭാഷണങ്ങള്‍ കേരളം മുഴുവന്‍ ഏറ്റെടുത്തപ്പോഴും ഞാന്‍ അതിനെല്ലാം പുറത്തായിരുന്നു. അത് വലിയ സങ്കടമുണ്ടാക്കിയ കാര്യമാണ്. മുന്നറിയിപ്പ് മുതല്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ കുറച്ചുപേരെങ്കിലും അറിഞ്ഞു.  ഇക്കാര്യത്തില്‍ മുന്നറിയിപ്പിന്റെ സംവിധായകന്‍ വേണുവിനോട് ബഹുമാനവും നന്ദിയുമുണ്ട്. കൃത്യമായ പരിഗണന തിരക്കഥാകൃത്ത് എന്ന നിലയില്‍ ആ ചിത്രത്തില്‍ ലഭിച്ചു. വേണമെങ്കിലും പല സംവിധായകരും ചെയ്ത പോലെ എന്നെ മറച്ചുനിര്‍ത്താമായിരുന്നു. പക്ഷേ അദ്ദേഹം എല്ലാ ഇടങ്ങളിലും കൃത്യമായി ഇടം നല്‍കി. തിരക്കഥാകൃത്തുക്കളെ ആവശ്യം കഴിയുമ്പോള്‍ സംവിധായകര്‍ പുറന്തള്ളുന്നത് എന്റെ കാര്യത്തില്‍ മാത്രമല്ല മറ്റ് പലര്‍ക്കുമുള്ള അനുഭവമാണ്. 

സംവിധായകനാകുന്നതിനെക്കുറിച്ച് ആലോചനയുണ്ടോ

ഇല്ല, ഞാന്‍ ഇതുവരെ അങ്ങനെ ആലോചിച്ചിട്ടില്ല.