കെ യു മോഹനന്‍ അഭിമുഖം: റയീസ് ഷാരൂഖിലെ മികച്ച നടനൊപ്പമുള്ള കാഴ്ച, രണ്ടാമൂഴം സ്വപ്നതുല്യം 

January 23, 2017, 6:23 pm
കെ യു മോഹനന്‍ അഭിമുഖം: റയീസ് ഷാരൂഖിലെ മികച്ച നടനൊപ്പമുള്ള കാഴ്ച, രണ്ടാമൂഴം സ്വപ്നതുല്യം 
Interview
Interview
കെ യു മോഹനന്‍ അഭിമുഖം: റയീസ് ഷാരൂഖിലെ മികച്ച നടനൊപ്പമുള്ള കാഴ്ച, രണ്ടാമൂഴം സ്വപ്നതുല്യം 

കെ യു മോഹനന്‍ അഭിമുഖം: റയീസ് ഷാരൂഖിലെ മികച്ച നടനൊപ്പമുള്ള കാഴ്ച, രണ്ടാമൂഴം സ്വപ്നതുല്യം 

വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയാല്‍ അമ്പരപ്പിച്ച ഫര്‍ഹാന്‍ അക്തര്‍ ചിത്രം ഡോണ്‍, ബോളിവുഡിന്റെ പതിവ് നിറച്ചാര്‍ത്തുകളെ അകലെ നിര്‍ത്തിയ തലാഷ്, ഷാരൂഖിന്റെ മുന്‍സിനിമകളില്‍ വ്യത്യസ്ഥമായ വിഷ്വല്‍ ട്രീറ്റ്‌മെന്റ് ട്രെയിലറിലൂടെ തന്നെ അനുഭവപ്പെടുത്തിയ റയീസ്. ചെയ്ത സിനിമകളുടെ എണ്ണപ്പെരുക്കം കൊണ്ടല്ല ഛായാഗ്രഹണം നിര്‍വഹിച്ച സിനിമകളിലെ ശൈലീസവിശേതയാലാണ് കെ യു മോഹനന്‍ ഇന്ത്യന്‍ സിനിമയില്‍ വേറിട്ട ഇടം നിലനിര്‍ത്തുന്നത്. ഷാരൂഖ് ഖാന്‍ നായകനായ മൂന്ന് സിനിമകളുടെ ഛായാഗ്രാഹകനായ കെ യു മോഹനന്‍ റയീസിനെക്കുറിച്ചും ചലച്ചിത്ര ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

റയീസ് തിയറ്ററുകളിലെത്താനിരിക്കെ ഷാരൂഖ് ഖാനൊപ്പം മൂന്നാമത്തെ സിനിമ ചെയ്യുകയാണ്, ഡോണിനെ അനുസ്മരിപ്പിക്കുന്ന സിനിമയെന്ന തോന്നല്‍ റയീസ് ട്രെയിലര്‍ വന്നപ്പോള്‍ ചിലരിലെങ്കിലും ഉണ്ടായിരുന്നു. കഥാപാത്രത്തിന്റെ പശ്ചാത്തലം മാത്രമാണോ ഇത്തരമൊരു സംശയത്തിന് കാരണം?

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഡോണ്‍ കുറേക്കൂടി ഭാവനാത്മകമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ്. ആ സിനിമയുടെ ട്രീറ്റ്‌മെന്റിലും അത് കാണാണം. സാങ്കല്‍പ്പിക കഥാപാത്രമായതിനാല്‍ സ്റ്റൈലേസ്ഡ് ആയും സിനിമാറ്റിക്കായുമായിരുന്നു ട്രീറ്റ്‌മെന്റ്. റായീസ് എന്ന ചിത്രത്തിലെ നായകനും ഡോണ്‍ ആണ്. എന്നാല്‍ യഥാര്‍ത്ഥ പരിസരത്തില്‍ ജീവിക്കുന്ന ആളായാണ് അദ്ദേഹത്തെ സിനിമ അവതരിപ്പിക്കുന്നത്. സിനിമാറ്റിക് റിയലിസമാണ് സിനിമയില്‍ അവലംബിച്ചിരിക്കുന്നത്. കുറേക്കൂടി റിയലിസ്റ്റിക് ആയാണ് സിനിമയും.

ഡോണും റയീസും വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ രണ്ട് തലത്തിലുള്ളതാണെന്ന് പറഞ്ഞു, അത് കുറേക്കൂടി വിശദീകരിക്കാനാകുമോ?

വലിയ മാറ്റം രണ്ട് സിനിമകളിലെയും ദൃശ്യപരിചരണത്തില്‍ കാണാനാകും. ഡോണ്‍ കുറേക്കൂടി സ്‌റ്റൈലൈസ് ആയാണ് ചെയ്തത്. ഇമാജിനറി സ്‌പേയ്‌സിലാണ് പശ്ചാത്തലവും ചിത്രീകരണരീതിയുമൊക്കെ. റയീസില്‍ പാട്ടുകള്‍ ഒഴിച്ച് ബാക്കി എല്ലാ രംഗങ്ങളും റിയലിസ്റ്റ് അനുഭവ പരിസരമുണ്ടാക്കണമെന്ന നിര്‍ബന്ധത്തിലാണ് ചെയ്തിരിക്കുന്നത്. പക്ഷേ രണ്ട് സിനിമകളിലെയും നായകന്‍ ഡോണ്‍ ആണ്. ഇവിടെ റയീസില്‍ മദ്യരാജാവായ അധോലോക നായകന്‍. ഡോണില്‍ ഫാന്റസിയുടെ സാധ്യതയുണ്ട്. കഥാപാത്രത്തിനും പശ്ചാത്തലത്തിനും. പക്ഷേ ഈ കഥാപാത്രത്തില്‍ വിശ്വസനീയതയുടെ അളവ് കൂടുതലാണ്.

ഗുജറാത്തിലാണല്ലോ പ്രധാനമായും സിനിമ ചിത്രീകരിച്ചത്. ഗുജറാത്തില്‍ ഷാരൂഖ് ഖാനെ ചിത്രീകരിക്കുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ, എന്തെങ്കിലും ഭീഷണി ഉണ്ടായോ?

ഞാന്‍ പറഞ്ഞ വാചകങ്ങളെ തെറ്റായി ഉദ്ധരിച്ചതിലൂടെയാണ് ഇത്തരമൊരു വാര്‍ത്ത ഉണ്ടായത്. ഷാരൂഖ് വളരെ പോപ്പുലറായ ഒരു അഭിനേതാവാണ്. ഷാരൂഖിനെ വച്ച് ഇന്ത്യയില്‍ എവിടെയും ചിത്രീകരിക്കുക വെല്ലുവിളിയാണ്. ഈ സിനിമയ്ക്കായി ഞങ്ങള്‍ ആദ്യം കണ്ടെത്തിയ ലൊക്കേഷനുകള്‍ അഹമ്മദാബാദിലെ ഉള്‍പ്രദേശങ്ങളിലുള്ള ഇടുങ്ങിയ റോഡുകളൊക്കെയായിരുന്നു. പഴയ പട്ടണമൊക്കെയാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുത്തിരുന്നത്. അവിടെ ഷാരൂഖ് ചിത്രീകരണത്തിനെത്തിയാല്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടമുണ്ടാക്കും. അവരെ ശാന്തരാക്കി ചിത്രീകരണം സുഗമമായി കൊണ്ടുപോവുക എളുപ്പമല്ല. ഇത്രയും വലിയ താരത്തെ അവിടെയെത്തിച്ച് സിനിമ ചിത്രീകരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടിനെക്കുറിച്ചാണ് മുമ്പൊരു അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. രാഷ്ട്രീയമായി എന്റെ വാചകങ്ങളെ ദുരുപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ അവരോട് അതെടുത്ത് മാറ്റാന്‍ പറഞ്ഞു. രാഷ്ട്രീയമായി ഒരു കാര്യം പറയണമെങ്കില്‍ ഞാനത് നേരേ ചൊവ്വേ പറയും. വ്യംഗ്യമായി രാഷ്ട്രീയം പറയേണ്ട കാര്യം എനിക്കില്ല. രാഷ്ട്രീയം പറയേണ്ട സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്.

പുതുതായി പുറത്തുവരുന്ന സിനിമകള്‍ പീരിയഡ് ഡ്രാമകളും, പരാമര്‍ശിക്കുന്ന കാലം എണ്‍പതുകളുമാണെങ്കില്‍ ആ സമയങ്ങളിലെ വിദേശ ക്ലാസിക്കുകളുടെ വിഷ്വല്‍ ട്രീറ്റ്‌മെന്റ് ഒരു ട്രിബ്യൂട്ട് എന്ന രീതിയില്‍ കൊണ്ടുവരാറുണ്ട്, റയീസിലും പഴയ കാലഘട്ടം ആ കാലത്തെ സിനിമകളുടെ ട്രീറ്റ്‌മെന്റിനെ മാതൃകയാക്കിയാണോ?

അങ്ങനെ ചെയ്തിട്ടില്ല, ബോധപൂര്‍വം ചെയ്യാതിരുന്നതാണ്, സാധാരണായി മിക്ക സിനിമകളും അങ്ങനെയൊരു പീരിഡ് പുനരാവിഷ്‌കരിക്കാനായി നന്നായി റഫറന്‍സ് ഉപയോഗിക്കും. സിനിമയില്‍ ആ കാലം എങ്ങനെ ചിത്രീകരിച്ചു എന്നതായിരിക്കും റഫറന്‍സാവുന്നത്. അതിന് ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. ഇതിലുള്ള കോസ്റ്റിയൂസ് പോലും ആ കാലഘട്ടത്തിലെ യഥാര്‍ത്ഥ ചിത്രങ്ങളും ഫോട്ടോകളും കളക്ട് ചെയ്ത് അതിലുള്ള സ്‌റ്റൈലാണ് ഉപയോഗിച്ചത്. മറിച്ച് ഗൃഹാതുരതയുള്ള സിനിമകളെ മാതൃകയാക്കി ചെയ്താല്‍ അതിനൊരു സ്പൂഫ് സ്വഭാവമുണ്ടാകും. മൗലികതയെക്കാല്‍ അനുകരണമാണ് ഉണ്ടാവുക. റയീസ് നല്ലൊരു കമേഴ്‌സ്യല്‍ സിനിമയാണ്. കലാപരതയുടെ ആവരണത്തിലുള്ള വാണിജ്യസിനിമ എന്ന് പറയാനാണ് എനിക്ക് ഇഷ്ടം. സലിം ജാവേദിന്റെ രചനയില്‍ അമിതാബ് ബച്ചനൊക്കെ നായകനായ സിനിമകളുടെ തീക്ഷ്ണത അനുഭവപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്. ആല്‍ക്കഹോള്‍ മാഫിയയുടെ തലവനായ നായകന്‍, അയാള്‍ക്ക് കെണിയൊരുക്കി കാത്തിരിക്കുന്ന പോലീസ് ഓഫീസര്‍. എഴുപതുകളിലും എണ്‍പതുകളിലുമുള്ള ബച്ചന്‍ സിനിമകളിലൊക്കെ കാണാറുള്ള സിനിമകളുടെ ആത്മാവ് ഇതില്‍ കാണാനാകും. എന്നാല്‍ അന്നത്തെ അവതരണ രീതിയില്‍ അല്ല റയീസ്. ഡയറക്ഷന്‍ സൈഡിലും സിനിമയുടെ സ്റ്റൈലിംഗ് സൈഡിലും സിനിമാട്ടോഗ്രഫിയിലുമൊന്നും ആ കാലത്തെ സിനിമകളുമായി യാതൊരു വിധ സാമ്യവുമില്ല. ആ സ്റ്റൈല്‍ കോപ്പി ചെയ്തിട്ടുമില്ല. സിനിമ കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകും.

റയീസ് ചിത്രീകരണത്തിനിടെ ഷാരൂഖിനും സംവിധായകനുമൊപ്പം
റയീസ് ചിത്രീകരണത്തിനിടെ ഷാരൂഖിനും സംവിധായകനുമൊപ്പം

പത്ത് വര്‍ഷത്തോളം ഡോക്യുമെന്ററി മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച ശേഷമാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. റിയലിസത്തോട് പൂര്‍ണമായും അകലം പാലിക്കുന്നതല്ലേ ബോളിവുഡിന്റെ മുഖ്യധാരാ സിനിമകള്‍, ഡോക്യുമെന്ററിയില്‍ നിന്ന് മുഖ്യധാരാ സിനിമയിലേക്കുള്ള മാറ്റം എങ്ങനെയാണ് ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ഉള്‍ക്കൊണ്ടത്.?

ഹിന്ദി സിനിമ കുറേയൊക്കെ പ്രഭാവമൊക്കെ മങ്ങിയാണ് നീങ്ങുന്നത്. ഒരേ തരം ഫോര്‍മുല ആവര്‍ത്തിച്ചാവര്‍ത്തിച്ച് സഞ്ചരിക്കുന്നതിനിടയില്‍ ചുരുക്കം ചിലരാണ് മാറി നടക്കുന്നത്. അത്തരം സിനിമകള്‍ ഫോര്‍മുലാ സിനിമകളോട് മത്സരിച്ച് ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നുമുണ്ട്. ഉദാഹരണത്തിന് കഹാനി പോലൊരു സിനിമ. ആ ചിത്രത്തില്‍ വിദ്യാ ബാലന്‍ മാത്രമേയുള്ളൂ താരമായിട്ട്. അത് സൂപ്പര്‍ഹിറ്റായിരുന്നു. ബോളിവുഡിനെ അപേക്ഷിച്ച് താരതമ്യേന ചെറിയ ബജറ്റുമാണ്. ആ സിനിമ ബോളിവുഡിലെ പതിവ് പാറ്റേണ്‍ ഫോളോ ചെയ്ത ഒന്നല്ല. വേറൊന്നാണ് പിങ്ക്, അതിന് മുമ്പ് ഷൂജിത് സര്‍ക്കാരിന്റെ തന്നെ പിക്കു. ഇതൊക്കെ ലോ ബജറ്റിലെത്തി അവതരണത്തിലെ പുതുമയാല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചവയാണ്. റയീസിന്റെ സ്‌ക്രിപ്ട് ചര്‍ച്ച ചെയ്യുന്ന വേളയില്‍ തന്നെ സംവിധായകന്‍ രാഹുല്‍ ധോലാക്കിയ ഞാനുമൊക്കെ ഒരു തീരുമാനം കൈക്കൊണ്ടിരുന്നു. സ്ഥിരം കമേഴ്‌സ്യല്‍ പാക്കേജിലാവരുത് ഈ ചിത്രമെന്ന ആലോചനയില്‍ ഷാരൂഖ് ഖാനും കൂടെ നിന്നു. എന്നാല്‍ എല്ലാ വാണിജ്യ ഘടകങ്ങളും ഈ ചിത്രത്തിലുണ്ട്. തീപ്പൊരി ഡയലോഗുകളുണ്ട്, കാബറേ ഡാന്‍സ് മോഡല്‍ പാട്ടുകളുണ്ട്. എന്നാല്‍ വാണിജ്യ സിനിമകളിലെ അനാവശ്യമായ വര്‍ണശബളിമയൊന്നും റയീസില്‍ കാണാനാകില്ല. ട്രീറ്റ്‌മെന്റിലെ ഇത്തരം മാറ്റം സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് തോന്നിയിട്ടുള്ളത്.

ചെയ്യുന്ന സിനിമകളിലെല്ലാം എന്റെ കയ്യൊപ്പ് ഉണ്ടായിരിക്കണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. അതിന് വേണ്ടി ശ്രമിക്കാറുണ്ട്. ഒരിക്കല്‍ ചെയ്ത വിഷ്വല്‍ സ്റ്റൈല്‍ പിന്നീട് കോപ്പി ചെയ്യാറുമില്ല. ഡോണ്‍ മുതല്‍ ഞാന്‍ വിഷ്വല്‍ സ്‌റ്റൈലിംഗില്‍ ശ്രദ്ധിക്കാറുണ്ട്.

തലാഷ്, റയീസ് അതുമല്ലെങ്കില്‍ കെ യു മോഹനന്‍ ഛായാഗ്രാഹകനായിരുന്ന പരസ്യചിത്രങ്ങളിലാണെങ്കിലും കളര്‍ ടോണിലും വിഷ്വല്‍ ട്രീറ്റ്‌മെന്റിലും ഒരു സിഗ്നേച്ചര്‍ സ്‌റ്റൈല്‍ പിന്തുടരുന്നത് കാണാം, പൊതുവേ ബോളിവുഡ് ശീലമാക്കുന്ന കളര്‍ ടോണും സ്‌റ്റൈലുമൊക്കെ?

ചെയ്യുന്ന സിനിമകളിലെല്ലാം എന്റെ കയ്യൊപ്പ് ഉണ്ടായിരിക്കണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. അതിന് വേണ്ടി ശ്രമിക്കാറുണ്ട്. ഒരിക്കല്‍ ചെയ്ത വിഷ്വല്‍ സ്റ്റൈല്‍ പിന്നീട് കോപ്പി ചെയ്യാറുമില്ല. ഡോണ്‍ മുതല്‍ ഞാന്‍ വിഷ്വല്‍ സ്‌റ്റൈലിംഗില്‍ ശ്രദ്ധിക്കാറുണ്ട്. തലാഷിലും ഇത് തുടര്‍ന്നു. വിഷ്വല്‍ സ്‌റ്റൈലിംഗ് സിനിമാട്ടോഗ്രാഫിയുടെ മാത്രം ഭാഗമായി സൃഷ്ടിക്കപ്പെടുന്നത് അല്ല. പ്രൊഡക്ഷന്‍ ഡിസൈനേഴ്‌സും കലാ സംവിധായകരും കോസ്റ്റിയൂം ഡിസൈനേഴ്‌സുമൊക്കെ ഛായാഗ്രാഹകനൊപ്പം ചേര്‍ന്ന് ഉണ്ടാക്കുന്നതാണ് അത്തരമൊരു സ്റ്റൈലിംഗ്.

ഇപ്പോഴത്തെ അവസ്ഥയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വേളയിലും, ഫൈനല്‍ കോപ്പിയെടുക്കുന്ന സമത്തൊക്കെ ഡിജിറ്റലില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുആദ്യം തന്നെ സിനിമയുടെ ലുക്ക് നിശ്ചയിക്കുമ്പോള്‍ ഈ പറഞ്ഞതിനേക്കാളൊക്കെ മികവ് ലഭിക്കും. ഏതൊക്കെ കളര്‍ കൂടുതലായി ഉപയോഗിക്കണം, ഏതൊക്കെ കളര്‍ കുറച്ച് ഉപയോഗിക്കാം, ഏതൊക്കെ കളര്‍ ഉപേക്ഷിക്കാം എന്നൊക്കെ നേരത്തെ തീരുമാനിച്ചാണ് വിഷ്വല്‍ സ്റ്റൈലിംഗിലേക്ക് കടക്കുന്നത്. ഡോണിലും തലാഷിലും ഇപ്പോള്‍ റയീസിലും അത് കാണാം. ഒരു palette ഉണ്ടാക്കി അത് പ്രകാരം കൃത്യമായി ആസൂത്രണത്തോടെയാണ് വിഷ്വലുകള്‍ക്ക് കൃത്യമായൊരു ടോണ്‍ കൊണ്ടുവരുന്നത്. റയീസില്‍ ഇപ്പോള്‍ കാണുന്ന കളര്‍ ടോണ്‍ പോസ്റ്റ് പ്രൊഡക്ഷനില്‍ ചെയ്തതല്ല. സിനിമാട്ടോഗ്രഫര്‍ എന്ന നിലയില്‍ എനിക്ക് പ്രാക്ടീസ് ചെയ്യാന്‍ താല്‍പ്പര്യമുള്ള കാര്യമാണ് ഇത്. കോസ്റ്റിയൂമിലും പ്രൊഡക്ഷന്‍ ഡിസൈനിലും ലൈറ്റിംഗിലുമെല്ലാം കൃത്യമായ പ്ലാന്‍ നടപ്പാക്കിയാണ് ഇത്തരമൊരു ടോണിലേക്ക് കടക്കുന്നത്.കെ യു മോഹനന്‍
കെ യു മോഹനന്‍

ഇന്ത്യന്‍ സിനിമയിലെ സമാന്തര ധാരയിലെ പ്രധാന സാന്നിധ്യമായ മണി കൗളിന്റെ സിനിമയില്‍ ഛായാഗ്രാഹകനായാണ് സിനിമാ പ്രവേശം, പിന്നീടെപ്പോഴാണ് വാണിജ്യസിനിമകളിലേക്ക് മാറിയത് ? പരസ്യചിത്രങ്ങളില്‍ സജീവമാണെങ്കിലും ഫീച്ചര്‍ ഫിലിമിന്റെ കാര്യത്തില്‍ വളരെയധികം സെലക്ടീവാണല്ലോ?

ഞാന്‍ ജനിച്ചുവളര്‍ന്നത് പയ്യന്നൂരിലാണ്. ഫിലിം സൊസൈറ്റികളുടെയും പ്രാദേശിക ആസ്വാദക കൂട്ടായ്മകളുടെയും പിന്തുണയിലാണ് എന്റെ ചലച്ചിത്ര പഠനവും ജീവിതവുമൊക്കെ ആരംഭിക്കുന്നത്. കോളേജ് പഠന കാലത്ത് ഞാന്‍ സര്‍ഗ്ഗ ഫിലിം സൊസൈറ്റിയിലെ അംഗമായിരുന്നു. സര്‍ഗ്ഗയില്‍ നിന്ന് ലോക സിനിമകളൊക്കെ ധാരാളം കണ്ടപ്പോഴാണ് നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹവും പ്രചോദനമുണ്ടായത്. സിനിമ എനിക്ക് എല്ലായ്‌പ്പോഴും സവിശേഷമായ ഒരു ആര്‍ട്ട് ഫോം ആണ്. ആ സമയത്ത് സാഹിത്യത്തോടും കലയോടും സിനിമയോടുമൊക്കെ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. ഗൗരവമായാണ് ഞാന്‍ ഈ മേഖലകളെ സമീപിച്ചിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണനും ജി അരവിന്ദനുമൊക്കെ ചെയ്ത സിനിമകള്‍ നമ്മളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അവരെല്ലാം സിനിമ എന്ന മാധ്യമത്തെയും കലാരൂപത്തെയും പരീക്ഷണത്തിനുള്ള ഇടമാക്കുകയാണ് ചെയ്തത്. അല്ലാതെ നിശ്ചിത ഫോര്‍മുല ഉപയോഗിച്ചുള്ള സിനിമകള്‍ അല്ലായിരുന്നു. സിനിമകളോടും ആ മാധ്യമത്തില്‍ നടക്കുന്ന പരീക്ഷണങ്ങളോടും എനിക്ക് താല്‍പ്പര്യം കൂടി. അങ്ങനെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ തീരുമാനിച്ചത്. സിനിമയോടുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നിര്‍ണായക പങ്കുവഹിച്ചു. ലോക ക്ലാസിക്കുകള്‍ കൂടുതലായി പരിചയപ്പെടാനും സിനിമയിലെ മാസ്റ്റേഴ്‌സിനെ അടുത്തറിയാനും ചലച്ചിത്രം എന്ന മാധ്യമത്തെക്കുറിച്ചുള്ള വീക്ഷണം ശരിയായ ദിശയിലെത്തിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം സഹായിച്ചു. എന്നാല്‍ വാണിജ്യ സിനിമകളോട് അകല്‍ച്ചയുമുണ്ടായിരുന്നില്ല. അതും ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിന് ശേഷം ആദ്യകാലത്ത് ഞാന്‍ കൂടുതലായും ചെയ്തത് ഡോക്യുമെന്ററികളാണ്. ഡോക്യുമെന്ററികളുടെ ഛായാഗ്രഹണവുമായി പത്ത് വര്‍ഷത്തിലേറെ പിന്നിട്ടപ്പോഴാണ് മണി കൗള്‍ എന്ന സമീപിക്കുന്നത്. എനിക്കാണെങ്കില്‍ അതൊരു വലിയ ഭാഗ്യം തന്നെയായിരുന്നു. ഞാന്‍ ആരാധിക്കുന്ന ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ക്ഷണം, അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞതുമെല്ലാം ജീവിതത്തിലെ വലിയ നേട്ടമായാണ് കരുതുന്നത്. അദ്ദേഹവുമായി നല്ല ആത്മബന്ധം പിന്നീട് രൂപപ്പെട്ടു. മണി കൗള്‍ മരിക്കുന്നത് വരെ ആ ബന്ധം തുടര്‍ന്നു. വീട്ടിലെത്തുകയും സിനിമയെക്കുറിച്ച് മണിക്കൂറുകള്‍ സംസാരിക്കുകയും പതിവായിരുന്നു. പുതിയ സിനിമയെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിനൊപ്പം വീണ്ടും സിനിമ ചെയ്യാനിരിക്കേയാണ് അപ്രതീക്ഷിത വിയോഗം. സ്‌ക്രിപ്ട് ഒക്കെ പൂര്‍ത്തിയായിരുന്നു അപ്പോള്‍. എന്റെ തന്നെ ഏറ്റവും വലിയ നഷ്ടമായാണ് ഞാന്‍ ഇതിനെ കാണുന്നത്. മണി കൗളിനൊപ്പം വീണ്ടുമൊരു സിനിമ ചെയ്യണമെന്ന് ഞാന്‍ ഒരു പാട് ആഗ്രഹിച്ചിരുന്നു.

എന്റെ മനസ്സില്‍ ഇപ്പോഴും സിനിമ pure artform ആണ്. എന്നാല്‍ ഇത്തരം സിനിമകള്‍ മാത്രം ചെയ്ത് നമ്മുക്ക് ജീവിച്ചുപോകാനാകില്ല. വാണിജ്യ സിനിമകളിലേക്ക് വന്നത് അങ്ങനെയാണ്. എന്റേതായ സിഗ്നേച്ചര്‍ ചെയ്യുന്ന സിനിമകളില്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. കമേഴ്‌സ്യല്‍ സിനിമയില്‍ എല്ലാവരും ചെയ്യുന്നത് പോലൊരു ഫോര്‍മുല ഫോളോ ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമില്ല. എനിക്ക് എന്തെങ്കിലും കാര്യമായി ചെയ്യാനുണ്ടെന്ന് തോന്നുന്ന സിനിമകള്‍ മാത്രമേ ഞാന്‍ തിരഞ്ഞെടുക്കാറുള്ളൂ. ഇതിപ്പോള്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് റയീസ് ചെയ്യുന്നത്കെ യു മോഹനന്‍
കെ യു മോഹനന്‍

മൂന്നാമതും ഷാരൂഖ് ഖാന്‍ ചിത്രം, ഇംതിയാസ് അലിക്കൊപ്പമുള്ള അടുത്ത സിനിമ ?

അതൊരു ലവ് സ്റ്റോറിയാണ്. യൂറോപ്പ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടേകാല്‍ മാസത്തോളം സിനിമ അവിടെ ചിത്രീകരിച്ചു. റയീസിന് കുറച്ച് പാച്ച് വര്‍ക്ക് വന്നപ്പോഴാണ് ആ സിനിമയുടെ ഷെഡ്യൂളില്‍ നിന്ന് വന്നത്. ജനുവരി അവസാനത്തോടെ ഈ സിനിമയുടെ ഇന്ത്യന്‍ ഷെഡ്യൂള്‍ തുടങ്ങും. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം തീരും. ഓഗസ്റ്റില്‍ ഈ ചിത്രം തിയറ്ററുകളിലെത്തും.

ഷാരൂഖിനൊപ്പം മൂന്ന് സിനിമകള്‍ ചെയ്തു. രണ്ടാമത്തെ ചിത്രമാണല്ലോ റയീസ്. ഷാരൂഖ് ഖാന്‍ എന്ന അഭിനേതാവിനെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് വിലയിരുത്തുന്നതെങ്ങനെയാണ്? അതോടൊപ്പം ബോളിവുഡ് സൂപ്പര്‍സ്റ്റാറായ ഷാരൂഖിനെ വ്യക്തി എന്ന നിലയില്‍ എങ്ങനെ കാണുന്നു

ഇന്ത്യയിലെ പ്രധാന സൂപ്പര്‍താരമായിരിക്കുമ്പോഴും എത്രമാത്രം എളിമയോടെ മറ്റുള്ളവരോടെ ഇടപെടാനാകുമെന്നതിന് മാതൃകയാണ് ഷാരൂഖ് ഖാന്‍. extremely intelligent ആയ അഭിനേതാവ് എന്ന് കൂടിയാണ് എനിക്ക് വിശേഷിപ്പിക്കാന്‍ തോന്നുന്നത്. സെറ്റിലൊക്കെ അദ്ദേഹം എത്തുമ്പോള്‍ യൂണിറ്റിലെ എല്ലാ അംഗങ്ങളോടും ഗുഡ്‌മോണിംഗ് പറഞ്ഞാണ് കഥാപാത്രത്തിനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങുന്നത്. ഷൂട്ട് കഴിഞ്ഞ് മടങ്ങുമ്പോള്‍ അന്ന് കൂടെ പ്രവര്‍ത്തിച്ച എല്ലാവരുടെ അടുത്തെത്തി ബൈ പറയും. സൗമ്യനായ മനുഷ്യന്‍ കൂടിയാണ് ഷാരൂഖ്. സൂപ്പര്‍താരത്തിന്റേതായ പരിവേഷമോ തലക്കനമോ ഉള്ള ആളല്ല. സാധാരണ മനുഷ്യന്‍ എന്ന് തന്നെ പറയാം. അങ്ങനെയാണ് അദ്ദേഹം ഇടപെടുന്നത്. ഷാരൂഖ് ലൊക്കേഷനിലെത്തുമ്പോള്‍ വല്ലാത്തൊരു എനര്‍ജിയാണ്. ഒരു ഘട്ടത്തിലും ഉത്സാഹവും ആവേശവും ചോരാതെ വളരെ ഇന്‍വോള്‍വ്ഡ് ആയി അഭിനയിക്കുന്ന താരമാണ് ഷാരൂഖ്. താരം എന്ന തലത്തില്‍ ഒരു ഇടപെടലും ഉണ്ടാകില്ല. അദ്ദേഹത്തോടെ നമ്മുക്ക് എന്തും പറയാം, വിമര്‍ശനമാണെങ്കിലും കേള്‍ക്കാനുള്ള മനോഭാവം അദ്ദേഹത്തിനുണ്ട്. ഒപ്പമുള്ള എല്ലാവരെയും കംഫര്‍ട്ടബിള്‍ ആയി നിലനിര്‍ത്തുന്ന നടനാണ് ഷാരൂഖ് ഖാന്‍ എന്ന് തോന്നിയിട്ടുണ്ട്. എല്ലാ ടെക്‌നീഷ്യന്‍സും ജീവിതത്തില്‍ ഒരിക്കല്‍ ഷാരൂഖിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാകും.എനിക്കും വളരെയധികം ഇന്ററസ്റ്റിംഗായ കാര്യമാണ് അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത്.

ഖാന്‍ ത്രയങ്ങള്‍ എന്നാണല്ലോ ബോളിവുഡിലെ മൂന്ന് ഖാന്‍മാരെ പറയാറുള്ളത് ഷാരൂഖിനൊപ്പം മൂന്ന് സിനിമകളും ആമിര്‍ഖാനൊപ്പം തലാഷ് എന്ന സിനിമയും ചെയ്തു, ആമിറിനെ നടനെന്ന നിലയിലും വ്യക്തിയായും എങ്ങനെ കാണുന്നു?

മൂന്ന് ഖാന്‍മാര്‍ക്കൊപ്പവും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാനൊപ്പം ചില പരസ്യചിത്രങ്ങള്‍ ചെയ്തിട്ടുണ്ട. ആമിര്‍ സ്ഥിരോത്സാഹിയായ അഭിനേതാവും പ്രൊഫഷണലുമാണ്. അതുകൊണ്ടായിരിക്കും ഇത്രയും കാലം ഈ മൂന്ന് ഖാന്‍മാര്‍ മുന്‍നിരയില്‍ തുടരുന്നത്. ആമിറൊക്കെ ചിത്രീകരണത്തിന് വന്നാല്‍ എവിടെയാണോ ഷൂട്ട് ആ സ്ഥലത്ത് എവിടെ വേണമെങ്കിലും ഇരിക്കും. ചെയ്യുന്ന ജോലിയാണ് അവര്‍ക്ക് പ്രധാനം ലഭിക്കുന്ന സൗകര്യങ്ങള്‍ അല്ല. നമ്മള്‍ പുറത്ത് അധികം കേട്ടിട്ടില്ലാത്ത തരത്തിലുള്ള ലാളിത്യമാണ് അവരുടേത്. സല്‍മാനൊപ്പം പരസ്യചിത്രങ്ങളാണ് ചെയ്തത് എന്നതിനാല്‍ കൂടുതല്‍ അടുപ്പം ഇല്ല. ഷാരൂഖിനോടാണ് കൂടുതല്‍ ആത്മബന്ധം ഉള്ളത്. മൂന്ന് സിനിമകള്‍ ഒന്നിച്ച് ചെയ്തു എന്നത് കൂടാതെ ഷാരൂഖിനൊപ്പം നിരവധി പരസ്യചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

ഛായാഗ്രാഹകനായോ ഒരു പ്രേക്ഷകന്‍ എന്ന നിലയിലോ ക്യാമറയ്ക്ക് പിന്നില്‍ ഏറ്റവും നന്നായി എന്‍ജോയ് ചെയ്തിട്ടുള്ള ഒരു പെര്‍ഫോര്‍മന്‍സ് അല്ലെങ്കില്‍ അഭിനയമുഹൂര്‍ത്തം പറയാനാകുമോ?

റയീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് എടുത്തുപറയാനാകും. ഈ സിനിമയിലെ ഷാരൂഖ് ഖാന്റെ പ്രകടനം അതിഗംഭീരമാണ്. നമ്മള്‍ ഇതുവരെ കണ്ട ഷാരൂഖ് ഖാനില്‍ നിന്നൊക്കെയുള്ള ഒരു പിന്‍വാങ്ങല്‍, അതല്ലാതെ മറ്റൊരു തലത്തില്‍ ഉള്ള അഭിനയപാടവം. ഈ സിനിമ കണ്ടാല്‍ ഷാരൂഖ് ഖാന്‍ എന്ന താരം ഫന്റാസ്റ്റിക് ആക്ടര്‍ ആണെന്ന് ആളുകള്‍ ഉറപ്പിക്കും. ഷാരൂഖ് ഖാന്‍ എന്ന സൂപ്പര്‍താര പ്രതിഛായയും അതിനൊപ്പമുള്ള അഭിനയരീതിയുമൊക്കെ മാറ്റിവച്ച് മറ്റൊരു ഷാരൂഖിനെ ഈ ചിത്രത്തില്‍ കാണാനാകും. റയീസ് അലാം എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മറ്റൊരു തലം തന്നെയാണ്. റയീസില്‍ ഒന്ന് രണ്ട് സീനുകളൊക്കെ വളരെ എക്‌സൈറ്റഡായി അദ്ദേഹം ചെയ്തിട്ടുണ്ട്.

അതോടൊപ്പം പറയാനുള്ള ഷൂജിത് സര്‍ക്കാര്‍ അമിതാബ് ബച്ചനെ നായകനാക്കി ചെയ്ത ജോണി മസ്താന്‍ എന്ന ചിത്രമുണ്ട്. പല കാരണങ്ങളാല്‍ ആ സിനിമ പുറത്തുവന്നില്ല. ജോണി മസ്താനയിലെ ബച്ചന്റെ പ്രകടനം ഇതുപോലെ നമ്മളെ ത്രില്ലടിപ്പിച്ചിട്ടുണ്ട്. എന്റെ ഏറ്റവും നല്ല ക്യാമറാ വര്‍ക്ക് എന്ന് ഞാന്‍ ആ ഘട്ടത്തില്‍ കരുതിയിരുന്നത് ജോണി മസ്താന ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു വലിയ നഷ്ടമായി ഞാന്‍ കരുതുന്നതും ആ സിനിമ പുറത്തിറങ്ങാത്തതാണ്. നൂറു ശതമാനം ചിത്രീകരിച്ച മനോഹരമായ ചിത്രമായിരുന്നു ജോണി മസ്താന.ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാന്‍

ഇതിനിടെ വീണ്ടും ഡോക്യുമെന്ററിയുടെ ലോകത്ത് എത്തി. പികെ നായരെക്കുറിച്ചുള്ള സെല്ലുലോയ്ഡ് മാനിലെ ഛായാഗ്രാഹകരില്‍ ഒരാളായിരുന്നല്ലോ?

പി കെ നായര്‍ സാറിനോടുള്ള ആദരമെന്ന നിലയിലാണ് ആ ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകരില്‍ ഒരാളായത്. നായര്‍ സാറിന്റെ യാത്രകളും അഭിമുഖങ്ങളൊക്കെ ചിത്രീകരിച്ചത് ഞാനായിരുന്നു. സ്വപ്രയത്‌നം കൊണ്ടും സിനിമയോടുള്ള അഭിനിവേശം കൊണ്ടും രാജ്യത്തിന് എല്ലാ കാലത്തും അഭിമാനിക്കാവുന്ന ചലച്ചിത്ര ശേഖരം ഉണ്ടാക്കിയെടുത്ത ആളാണ് അദ്ദേഹം. ഇന്നും നമ്മുടെ സിനിമാ ചരിത്രത്തെക്കുറിച്ച് അഭിമാനത്തോടെ നമ്മുക്ക് പറയാനാകുന്നത് അദ്ദേഹത്തിന്റെ ജീവിത തപസ്യയാല്‍ കൂടിയാണ്. പികെ നായര്‍ സമാനതകളില്ലാത്ത സംഭാവനയാണ് ചെയ്തത്. ചെറിയ ഫണ്ട് കൊണ്ടാണ് അദ്ദേഹം നാഷനല്‍ ഫിലിം ആര്‍ക്കൈവ്‌സ് കെട്ടിപ്പടുത്തത്. ഫിലിം ആര്‍ക്കൈവ്‌സിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. സിനിമയോട് ഒട്ടും താല്‍പ്പര്യമില്ലാത്ത കുറേ ആളുകളുടെ കയ്യിലായി. അവരാണ് അതിന്റെ തലപ്പത്ത്. നായര്‍ സാര്‍ പോയതോടെ ആര്‍ക്കൈവ്‌സിന്റെ കാലം കഴിഞ്ഞെന്നാണ് തോന്നിയത്.

പ്രധാന ഛായാഗ്രാഹകരില്‍ പലരും പിന്നീട് ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നിട്ടുണ്ട്. സംവിധാന രംഗത്തേക്ക് കടക്കാന്‍ ആഗ്രഹമുണ്ടോ?

തീര്‍ച്ചയായും, സിനിമാ സംവിധാനം ആലോചനയിലുണ്ട്. സ്വന്തം സിനിമ ചെയ്യാനുള്ള സാവകാശം ഇതുവരെ കിട്ടിയില്ല. അടുത്തു തന്നെ ചെയ്യും.

മലയാളത്തിലോ ഹിന്ദിയിലോ?

മിക്കവാറും ഞാന്‍ മലയാളത്തില്‍ തന്നെയായിരിക്കും ചെയ്യുക. ഞാനിപ്പോഴും തനി മലയാളി തന്നെയാണ്. കേരളത്തില്‍ 21 വര്‍ഷമാണ് ജീവിച്ചത്. 30 വര്‍ഷത്തിലധികമായി മുംബൈയിലാണെങ്കിലും മലയാള സിനിമ എനിക്ക് പ്രിയപ്പെട്ടതാണ്. മലയാള സിനിമയുടെ ആരാധകനാണ് ഞാന്‍. മലയാള സിനിമാ ലോകവുമായി എല്ലാ കാലത്തും അടുത്ത ബന്ധവുമുണ്ട്.

റയീസ് സംവിധായകനൊപ്പം 
റയീസ് സംവിധായകനൊപ്പം 

മലയാളത്തില്‍ നിന്ന് സമീപകാലത്ത് പുറത്തുവന്ന സിനിമകളൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, പ്രതീക്ഷ പുലര്‍ത്തുന്ന ചലച്ചിത്രകാരന്‍മാര്‍ ആരൊക്കെയാണ്?

മലയാളത്തില്‍ നിന്ന് പുലിമുരുകന്‍ വരെയുള്ള സിനിമകള്‍ കണ്ടിട്ടുണ്ട്. തെലുങ്കിലുളള സിനിമ പോലെയാണ് തോന്നിയത്. മലയാളത്തില്‍ ഒരു പാട് പേരില്‍ പ്രതീക്ഷയര്‍പ്പിക്കാണെന്നാണ് തോന്നിയിട്ടുളളത്.

മലയാളത്തിലെ പുതിയ തലമുറയിലുളള ഛായാഗ്രാഹകരുടെ വര്‍ക്കുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

മലയാളത്തിലെ ന്യൂജനറേഷന്‍ ഛായാഗ്രാഹകരുടെ സിനിമകളൊക്കെ ഗംഭീരമാണ്. ഛായാഗ്രഹണത്തില്‍ അവരുടെ സെന്‍സിബിലിറ്റി വളരെ നല്ലതാണ്. എനിക്കറിയാവുന്ന കുറച്ചുപേരേ ഉള്ളൂ. അവരുടെ ഓരോരുത്തരുടെയും വര്‍ക്ക് കണ്ടാല്‍ തന്നെ അറിയാം. അവരാരും മലയാളത്തില്‍ ഒതുങ്ങി നില്‍ക്കേണ്ടവരല്ല. ദേശീയ തലത്തില്‍ ചലച്ചിത്രമേഖലയിലേക്ക് അവര്‍ കടന്നുവരേണ്ടതാണ്. ഛായാഗ്രഹണത്തില്‍ അവരുടെ നിലവാരം വളരെ ഉയരെയാണ്. ഒരു ക്ലിക്ക് അകലെയാണ് ഇപ്പോള്‍ സിനിമാ പഠനം. ഞങ്ങളുടെ കാലത്ത് പയ്യന്നൂര്‍ പോലൊരു ഗ്രാമത്തില്‍ നിന്ന് ലോക സിനിമ കാണുക, സിനിമയിലെ പരീക്ഷണത്തെക്കുറിച്ചും ഛായാഗ്രഹണത്തെക്കുറിച്ചുമൊക്കെ അറിവ് സമ്പാദിക്കുക അല്‍പ്പം ദുഷ്‌കരമായിരുന്നു.

ഫിലിം സൊസൈറ്റികളൊക്കെ മാസത്തിലൊന്ന് നടക്കുന്ന സിനിമകള്‍ നേരത്തെ ഡയറില്‍ കുറിച്ച് ഓര്‍ത്ത് വച്ച് കണ്ണൂരോ,കോഴിക്കോടോ പോയി കണ്ടിരുന്നവരായിരുന്നു ഞങ്ങള്‍. ഇന്ന് വിരല്‍ത്തുമ്പില്‍ തര്‍ക്കോവ്‌സ്‌ക്കിയുടെയും ഫെല്ലിനിയുടെയും സിനിമകള്‍ കാണാനാകും. പുതിയ തലമുറ ലോക സിനിമകളെക്കുറിച്ച് കൂറേക്കൂടി അവബോധമുണ്ടാക്കണം. മുന്നിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സിനിമാ മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് ശ്രമം നടത്തണം. പുതിയ തലമുറയ്ക്ക് സിനിമയെന്ന് പറയുമ്പോള്‍ ഹോളിവുഡ് ആണ് മുന്നിലുള്ളത്. അവിടെ ഒതുങ്ങരുത്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള നല്ല സിനിമകളെ മനസിലാക്കാന്‍ ആ രംഗത്തെ പുത്തന്‍ പ്രവണതകള്‍ തിരിച്ചറിയാനും ശ്രമം വേണം.

എംടിയുടെ രണ്ടാമൂഴം അടുത്ത വര്‍ഷം ചലച്ചിത്രമാകുന്നുവെന്നും താന്‍ നായകനാകുന്നുവെന്നും മോഹന്‍ലാല്‍ തന്നെ സ്ഥിരീകരിച്ചു. ഛായാഗ്രാഹകനായി താങ്കളുടെ പേരാണ് കേള്‍ക്കുന്നത്?

ഇക്കാര്യത്തില്‍ ഔദ്യോഗികമായി എനിക്ക് പറയാനാകില്ല. ശ്രീകുമാര്‍ മുമ്പ് രണ്ടാമൂഴത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. ഞാന്‍ ക്യാമറ ചെയ്യണമെന്ന് അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടെന്നാണ് അറിയിച്ചത്. അങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോള്‍ ഞാനും എക്‌സൈറ്റഡ് ആയി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകൃതികളിലൊന്നാണ് രണ്ടാമൂഴം. പ്രിയപ്പെട്ട സാഹിത്യകൃതി എന്നതും എംടിയുടെ രചന എന്നതിനുമപ്പുറം മഹാഭാരതം പശ്ചാത്തലമായ കൃതിയാണ്. അങ്ങനെയൊരു കൃതി സിനിമയായാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് ഡ്രീം പ്രൊജക്ടായിരിക്കും. മഹാഭാരതം പശ്ചാത്തലമായിട്ടുള്ള സിനിമ എന്ന് ആലോചിക്കുന്നത് തന്നെ വലിയ താല്‍പ്പര്യമുണര്‍ത്തുന്നതാണ്.