രോഹിത് വെമുലയുടെ രക്തസാക്ഷിത്വവും രാഷ്ട്രീയവും ചര്‍ച്ചചെയ്യാതെ ഇനി മുന്നോട്ട് പോകാനാവില്ല: എം.കെ.പ്രേംകുമാര്‍

January 23, 2016, 10:55 pm
രോഹിത് വെമുലയുടെ രക്തസാക്ഷിത്വവും രാഷ്ട്രീയവും ചര്‍ച്ചചെയ്യാതെ ഇനി മുന്നോട്ട് പോകാനാവില്ല: എം.കെ.പ്രേംകുമാര്‍
Interview
Interview
രോഹിത് വെമുലയുടെ രക്തസാക്ഷിത്വവും രാഷ്ട്രീയവും ചര്‍ച്ചചെയ്യാതെ ഇനി മുന്നോട്ട് പോകാനാവില്ല: എം.കെ.പ്രേംകുമാര്‍

രോഹിത് വെമുലയുടെ രക്തസാക്ഷിത്വവും രാഷ്ട്രീയവും ചര്‍ച്ചചെയ്യാതെ ഇനി മുന്നോട്ട് പോകാനാവില്ല: എം.കെ.പ്രേംകുമാര്‍

ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ശക്തമായ സമരമാണ് സര്‍വകലാശാല കാമ്പസില്‍  നടക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ  സോഷ്യോളജിവിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ എം.കെ പ്രേംകുമാറാണ് വിദ്യാര്‍ത്ഥികളുടെ സംയുക്ത സമരസമിതിയുടെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാള്‍. വയനാട് സ്വദേശിയാണ് പ്രേം. രോഹിത്പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ സര്‍വകലാശാല മുന്‍ പ്രസിഡണ്ടായിരുന്നു പ്രേംകുമാര്‍.

കേരളത്തില്‍ നിന്നുള്ള ദളിത് വിദ്യാര്‍ത്ഥി എന്ന നിലക്ക് എങ്ങിനെയാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളെ നോക്കികാണുന്നത്. കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു അന്തരീക്ഷമല്ലേ ദളിത് വിവേചനത്തെ അഭിമുഖീകരിക്കുമ്പോള്‍ സര്‍വകലാശാലക്ക് അകത്തുളളത് ?

വളരെയധികം ദളിത് പിന്നോക്ക വിവേചനമാണ് ഇവിടെയുള്ളത്. അത് പ്രവേശന സമയത്തേ തുടങ്ങുന്നുണ്ട്. കൃത്യമായി വിവരങ്ങളറിയിക്കാതിരിക്കുക,സംവരണമുള്ള വിദ്യാര്‍ത്ഥികളെ അറിയിക്കാത്തതു കൊണ്ട് അവര്‍ പ്രവേശനത്തിനെത്തില്ല. അപ്പോള്‍ ആ സീറ്റുകള്‍ ഉയര്‍ന്ന വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് കൈമാറും. മാത്രമല്ല ദളിത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ അനുവദിക്കാതെ അധികൃതരുടെ ദയവിനാല്‍  നല്‍കുന്ന ഒന്നായാണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും ഇത്തരത്തിലുള്ള കാഴ്ചപ്പാടാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്. കേരളത്തില്‍ ഒരു പക്ഷേ ഇത്ര വിവേചനം കാണാന്‍ സാധിക്കുകയില്ല. തീര്‍ത്തും ഇല്ലെന്നല്ല,മറിച്ച് കുറേ കൂടി ശക്തമായി ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കുന്ന പ്രതിരോധ പ്രസ്ഥാനങ്ങളുണ്ട്. ഡി.എച്ച്.ആര്‍.എം,കേരള ദളിത് പാന്തേഴ്‌സ് അങ്ങിനെയുള്ള പ്രസ്ഥാനങ്ങള്‍. ഈ പ്രസ്ഥാനങ്ങളുടേയൊക്കെ ജാഗ്രതയുണ്ട് ഇക്കാര്യങ്ങളില്‍.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളിലാണല്ലോ സാധാരണ അംഗമാവുക, എന്തു കൊണ്ടാണ് എ.എസ്.എ തെരഞ്ഞെടുത്തത്

ബിരുദ പഠന കാലത്തും അതിനു മുന്‍പും ദളിത് സ്റ്റുഡന്റസ് മൂവ്‌മെന്റിന്റെയും കേരള ദളിത് പാന്തേഴ്‌സിന്റെ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ കേരളത്തിലെ് ദളിത് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്ന അന്തരീക്ഷം കേരളത്തെ കാമ്പസുകളിലില്‍ അനുവദിക്കപ്പെടുന്നില്ല. അത് എസ്എഫ് ഐ ആണെങ്കിലും മറ്റേത് സംഘടനയാണെങ്കിലും അതനുവദിക്കുന്നില്ല. എന്നാല്‍ ഹൈദരാബാദിലെത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമാണ് കാര്യങ്ങള്‍. വിദ്യാര്‍ത്ഥികളും മറ്റുള്ളവരുംദളിത് പിന്നോക്ക അവകാശങ്ങള്‍ക്കും അവര്‍ക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനുമെതിരെ സംസാരിക്കുന്നുണ്ട്. പ്രതികരിക്കുന്നുമുണ്ട്.

അതിനു നേതൃത്വം നല്‍കി കഴിഞ്ഞ 25 കൊല്ലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് അംബേദ്ക്കര്‍ സ്്റ്റുഡന്റ്‌സ് അസോസിയേഷന്‍.വളരെ റാഡിക്കലായി ഇടപെടുന്ന പ്രസ്ഥാനം. ദളിത്,ആദിവാസികള്‍,മുസ്ലിങ്ങള്‍,ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇവരുടെയൊക്കെ വിഷയങ്ങളില്‍ സംഘടന ഇടപെടുന്നു.

രോഹിത്ത് വെമുലു എന്ന ഗവേഷണ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരിക്കുന്നു. സര്‍വകലാശാല അധികൃതര്‍ പുലര്‍ത്തി വരുന്ന ദളിത് വിവേചനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണോ ആ മരണത്തെ കാണേണ്ടത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമെന്ന പ്രയോഗത്തെ എത്രമാത്രം സാധൂകരിക്കുന അവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത് ?

ഇവിടെ ഒരു വിഭാഗം മേധാവികള്‍ക്ക് കടുത്ത സവര്‍ണ്ണ ബോധമാണുള്ളത്. ദളിതനായ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരുന്നതിനെ തടഞ്ഞു നിര്‍ത്തണം എന്ന ആഗ്രഹമാണുള്ളത്. അത് എല്ലാ മേഖലയിലും അവര്‍ പുലര്‍ത്തുന്നു. അതു പോലെ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് പോലും കണ്ടു നില്‍ക്കാനാവില്ല. അതു കൊണ്ടാണ് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായാണ് അവര്‍ നടപടികളെടുത്തത്. അതിനെതിരെയുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു രോഹിത്.


സാധാരണഗതിയില്‍ പ്രതീക്ഷിക്കാവുന്ന മര്യാദകള്‍ പോലും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നതും ഇത്തരം നടപടികള്‍ എടുക്കേണ്ട സമയത്ത് അധികൃതര്‍ പക്ഷാപാതപരമായി പെരുമാറി എന്നതും രോഹിത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളാണോ? സര്‍വകലാശാലയുടെ ദളിത് വിവേചന സ്വഭാവത്തോടൊപ്പം, ഭരണകൂടത്തിന്റെ ഇടപെടലുകള്‍ പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കാന്‍ കാരണമായിട്ടുണ്ടോ

എബിവിപി പ്രവര്‍ത്തകനായ സുശീല്‍കുമാറിനെ അക്രമിച്ചുവെന്ന സംഭവത്തില്‍ യാതൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞു. പിന്നീടാ സംഭവം ചില ഇടപെടലുകളുടെ ഭാഗമായി വീണ്ടും ഉയര്‍ന്നു വന്നു. ആഗസ്ത് 4 ന് നടന്ന സര്‍വകലാശാല മാര്‍ച്ചില്‍ ഏഎസ്എ ആവശ്യപെട്ടതിന്റെ ഭാഗമായാണ് അന്വേഷണ കമ്മീഷനെ നിയമിക്കുന്നത്. സുശീല്‍കുമാറിനെ ആക്രമിച്ചതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നിട്ടും ആറുമാസത്തേക്ക് സസ്‌പെന്‍ഷന്‍. ഇത്തരം കാര്യങ്ങളിലൊന്നും ഒരു തരത്തിലുള്ള മര്യാദയും അധികൃതര്‍ കാണിച്ചിട്ടില്ല. അതുപോലെ ഇവരെ തീവ്രവാദികളായി പ്രഖ്യാപിച്ച എം.പി. അവരുടെ താല്‍പര്യം സംരക്ഷിച്ച മന്ത്രി. ഇങ്ങനെയൊക്കെയാണ് ഭരണകൂടം ദളിതരോട് ഇടപെടുന്നത്.


രോഹിതിന്റെ മരണത്തിനു ശേഷം രൂപികരിച്ച ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃതത്തില്‍  സമരം നടന്ന് വരികയാണല്ലോ. എന്തൊക്കെയാണ് സമരം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ? നിലവിലെ അവസ്ഥ എന്താണ് ?

5 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട്  18 ദിവസമായി സമരം നടന്ന് വരികയാണ്. രോഹിത്തിന്റ് മരണശേഷം ഇവരെ തിരിച്ചെടുത്തെങ്കിലും ജോയിന്റ് സ്റ്റുഡന്റ്‌സ് കമ്മറ്റി സമരം തുടരുന്നു.  മരണം വരെ നിരാഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജോയിന്റ് ആക്ഷന്‍ കമ്മറ്റിയില്‍ എബിവിപിയൊഴിച്ച് മറ്റെല്ലാ സംഘടനകളുമുണ്ട്. സമരത്തോട് ഐക്യദ്ധാര്‍ഡ്യം പ്രഖ്യാപിച്ച് 21 അദ്ധ്യാപകര്‍ അവര്‍ അംഗങ്ങളായിരുന്ന നിര്‍വാഹകസമിതികളില്‍ നിന്ന് രാജി വെച്ചിട്ടുണ്ട്. സമരം ശക്തമായി മുന്നോട്ട് പോകുന്നു.

ഞങ്ങള്‍ അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

1.രോഹിതിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണം
2.സര്‍വകലാശാല വി.സി രാജി വെക്കണം
3.രോഹിത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം കൊടുക്കണം
4.കുടുംബാംഗങ്ങള്‍ക്ക് സ്ഥിര ജോലി നല്‍കണം
5.വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസെടുത്ത കേസുകള്‍ പിന്‍വലിക്കണം

ഈ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥികളോട് കആമിക്കുന്ന വിവേചനങ്ങളെ നേരിടാന്‍ പുതിയ നിയമനിര്‍മ്മാണം ആവശ്യമാണ്. ഹൈദരബാദില്‍ തന്നെ സര്‍വകലാശാലയ്ക്ക സ്വന്തമായി നിയമസംവിധാനമുണ്ട്.എന്നാല്‍ ന്യൂനതകലുണ്ട്. ആ സംവിധാനത്തില്‍ ദളിത് അധ്യാപകര്‍ക്ക് പങ്കാളിത്തമുണ്ടാവണം. അപ്പോള്‍ മാത്രമേ ഈ വിഷയങ്ങളില്‍ അവധാനതയോടെ ഇടപെടാന്‍ പറ്റൂ.


രോഹിതിന്റെ മരണം രാജ്യത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ച മുന്നോട്ട് വെയ്ക്കുമൊ? ദളിത് പിന്നോക്ക രാഷ്ട്രീയത്തിന്റെ ഭൂമിക ചര്‍ച്ച ചെയ്യാതെ ഇനി മുന്നോട്ട് പോകാനാവില്ല എന്ന വിശ്വാസമുണ്ടോ?

നിര്‍ഭയ കേസ് രാജ്യത്ത് ഉണ്ടാക്കിയ ഒരു ചലനമുണ്ട്. അതു പോലെ തന്നെയാണ് രോഹിത് വെമുലയുടെ രക്തസാക്ഷിത്വവും രാഷ്ട്രീയവും ചര്‍ച്ചചെയ്യാതെ ഇനി മുന്നോട്ട് പോകാനാവില്ല. ഒമ്പതു ദളിത് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മരിച്ചത്. ആരും ചര്‍ച്ച ചെയ്തിരുന്നില്ല. ഇനി ചര്‍ച്ച ചെയ്യാതെ മുന്നോട്ടു പോകാനാവില്ല. രോഹിത് ഒരു വഴികാട്ടിയാണ്.

ഇതു പ്രസിദ്ധീകരിക്കുമ്പോള്‍ വൈസ് ചാന്‍സലര്‍ പി. അപ്പാറാവു അനിശ്ചിത കാല അവധിയെടുത്തു കഴിഞ്ഞു എന്നാലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പുറകോട്ടില്ല എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.