സലിം അഹമ്മദ് അഭിമുഖം: അയല്‍പക്കത്തെങ്കിലും ഒരു ഗള്‍ഫുകാരനുള്ളവര്‍ക്ക് പള്ളിക്കല്‍ നാരായണനെ മനസിലാവും

October 8, 2015, 2:55 pm
സലിം അഹമ്മദ് അഭിമുഖം: അയല്‍പക്കത്തെങ്കിലും ഒരു ഗള്‍ഫുകാരനുള്ളവര്‍ക്ക് പള്ളിക്കല്‍ നാരായണനെ മനസിലാവും
Interview
Interview
സലിം അഹമ്മദ് അഭിമുഖം: അയല്‍പക്കത്തെങ്കിലും ഒരു ഗള്‍ഫുകാരനുള്ളവര്‍ക്ക് പള്ളിക്കല്‍ നാരായണനെ മനസിലാവും

സലിം അഹമ്മദ് അഭിമുഖം: അയല്‍പക്കത്തെങ്കിലും ഒരു ഗള്‍ഫുകാരനുള്ളവര്‍ക്ക് പള്ളിക്കല്‍ നാരായണനെ മനസിലാവും


ആദ്യ ചിത്രത്തിലൂടെത്തന്നെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് സലിം അഹമ്മദ്. ആദ്യ രണ്ടു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വിശാലമാണ് അദ്ദേഹത്തിന്റെ ക്യാന്‍വാസ്. മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിലൂടെ കഴിഞ്ഞ അര നൂറ്റാണ്ടിലെ മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ചരിത്രം എന്തെന്ന് അന്വേഷിക്കുകയാണ് അദ്ദേഹം പുതിയ ചിത്രത്തിലൂടെ.

ഇതരസംസ്ഥാന തൊഴിലാളികളെ കാണാത്ത തെരുവുകള്‍ ഇന്നത്തെ കേരളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. പ്രവാസം എന്ന വാക്കുമായി ബന്ധപ്പെട്ട ഇന്നത്തെ മലയാളിയുടെ കാഴ്ചയും അനുഭവവും വ്യത്യസ്തമാണ്. മലയാളിയുടെ ജീവിതത്തെ മാറ്റിമറിച്ച ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രമാണ് പുതിയ ചിത്രം സംസാരിക്കുന്നത്. പത്തേമാരിയെപ്പറ്റി പറയൂ?

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിക്കുന്നത് അറുപതുകളിലാണ്. അവരില്‍ പലരുമായിട്ടും നമ്മള്‍ സംസാരിക്കുമ്പോള്‍ ഇവര്‍ എന്തിനാണ് ഇവിടുന്നു പോയത് എന്നൊരു ചോദ്യമുണ്ട്. കാരണം ഇവര്‍ നടത്തിയ യാത്ര അത്ര റിസ്‌ക് എലമെന്റ് ഉള്ളതായിരുന്നു. അതായത് പത്തേമാരിയിലും മറ്റുമുള്ള യാത്ര ലക്ഷ്യസ്ഥാനത്തെത്താനുള്ള സാധ്യത ഫിഫ്റ്റി ഫിഫ്റ്റിയാണ്. അത്ര റിസ്‌ക് എടുത്ത് ഇവര്‍ പോകുന്നത് എന്തിനാണ്? അന്ന് ഇവിടുന്നു പോയ, ഇന്നുമുള്ള ചില റിയല്‍ ആളുകളോടൊക്കെ നമ്മള്‍ സംസാരിച്ചിരുന്നു. ഇതേ ചോദ്യമാണ് ഞാന്‍ അവരോടും ചോദിച്ചത്. എന്തിനെന്ന്. അതിനുത്തരമായി അവര്‍ പറഞ്ഞത് അന്നത്തെ പട്ടിണിയുടെ കഥകളാണ്. പിന്നെ വീടുകളിലെ ഓരോരോ അവസ്ഥകള്‍. പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചു വിടുക തുടങ്ങി ഓരോരോ കാര്യങ്ങള്‍. അപ്പോള്‍ അത്തരം പല അവസ്ഥകളില്‍ നിന്നുകൊണ്ട് ഇത്തരത്തിലൊരു റിസ്‌ക് എടുക്കാന്‍ ഇവര്‍ തീരുമാനിക്കുകയാണ്. അങ്ങനെ യാത്ര ചെയ്ത പലരും 20 ദിവസം, 15 ദിവസം, 10 ദിവസം എന്നൊക്കെ വിചാരിച്ച് പത്തേമാരിയില്‍ കയറി പുറപ്പെട്ടിട്ട് അവിടെയെത്തുന്നത് അറുപതും എഴുപതുമൊക്കെ ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്. എത്രയോ പേര്‍ ഇതിന്റെ അകത്തുകിടന്ന് മരിച്ചിട്ടുണ്ട്. എത്രയോപേര്‍ അവിടെയെത്തി നീന്തിക്കയറേണ്ട സമയത്ത് നീന്തലറിയാതെ കടലില്‍ക്കിടന്ന് മരിച്ചിട്ടുണ്ട്. അപ്പോള്‍ ആ റിസ്‌ക് എടുക്കാനുള്ള അന്നത്തെ അവസ്ഥയില്ലേ? ആ അവസ്ഥ എന്നു പറയുന്നത് അന്നത്തെ ദാരിദ്ര്യം തന്നെയാണ്. 

പക്ഷേ ഇന്നതു മാറി. ഇന്നിപ്പൊ ദുബായില്‍ പോകുന്നവന്‍ പറയുന്നത് അവിടെ പോയി നോക്കാം എന്നാണ്. കൊള്ളില്ലെങ്കില്‍ ഒരു മാസം കഴിഞ്ഞ് തിരിച്ചുവരാം. അല്ലെങ്കില്‍ മൂന്നു മണിക്കൂറിനുള്ളില്‍ എത്താവുന്ന വളരെ അടുത്തുള്ള ഒരു സ്ഥലമായി അതു മാറി. അടുത്ത ഫ്‌ളൈറ്റില്‍ തിരിച്ചെത്താവുന്ന ഒരു സ്ഥലം. അങ്ങനെ ഇതിനോടുള്ള ഒരു ആറ്റിറ്റിയൂഡ് മാറിയിട്ടുണ്ട്. പിന്നെ നിങ്ങള്‍ നേരത്തെ സൂചിപ്പിച്ച കാര്യത്തെ സംബന്ധിച്ച് നമ്മുടെ സാമ്പത്തികാവസ്ഥ മാറിയതുതന്നെയാണ് ബംഗാളില്‍ നിന്നും അസമില്‍ നിന്നുമൊക്കെ ആളുകള്‍ ഇവിടെവന്ന് ജോലി ചെയ്യാനുള്ള കാരണം. അത് നമ്മുടെ സിനിമയില്‍ത്തന്നെ പറയുന്നുണ്ട്. ഇയാള്‍ കെട്ടിക്കൊണ്ടിരിക്കുന്ന വീടിന്റെ പണികള്‍ മുഴുവന്‍ നടത്തുന്നത് ബംഗാളികളാ.

അപ്പോള്‍ അന്നത്തെ ആ ആള്‍ക്കാരില്‍ ചിലരെയൊക്കെ നേരിട്ടുപോയി കണ്ടിരുന്നു. അല്ലേ?

ഉവ്വ്. ആദ്യമേതന്നെ അവരെ പോയി കണ്ടിരുന്നു. ഇപ്പോള്‍ വരുന്ന നമ്മുടെ പുതിയ പ്രൊമോയില്‍ അവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്നത്തെ കാര്യങ്ങളെക്കുറിച്ച് അവരില്‍ നിന്നാണ് ഒരുപാട് അറിഞ്ഞത്.

എങ്ങനെയായിരുന്നു ഇതിന്റെയൊരു റിസര്‍ച്ച്? കാരണം നമ്മളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ് ഈ ഗള്‍ഫ് കുടിയേറ്റം എന്നു പറയുന്നത്. നമ്മുടെ ജീവിതത്തെ പല തരത്തില്‍ പുതുക്കിപ്പണിത ഒരു കാര്യം. അല്ലേ?

അതെ. നമ്മള്‍ പല രീതിയിലും, സാമ്പത്തികമായും വിദ്യാഭ്യാസപരമായുമെല്ലാം പുരോഗമിച്ചതിനു പിന്നില്‍ ഈ ഗള്‍ഫ് കുടിയേറ്റത്തിന് വലിയ പങ്കുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും പറയുന്നത് ഭൂപരിഷ്‌കരണ നിയമമാണ് ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കിയതെന്നാണ്. പക്ഷേ ആ ഭൂമിക്ക് വിലയുണ്ടായത് മലയാളി ഗള്‍ഫില്‍ പോയിട്ടാ. പിന്നെ റിസര്‍ച്ചിന്റെ കാര്യം. ആദ്യം ഒരു സാധാരണ ഗള്‍ഫുകാരനെക്കുറിച്ചുള്ള സിനിമ, അല്ലെങ്കില്‍ പ്രവാസിയുടെ ഒരു സംഭവം എന്നു പറഞ്ഞിട്ട് വളരെ കൂളായിട്ടാണ് ഞാന്‍ ഇതിനെ അപ്രോച്ച് ചെയ്തത്. പക്ഷേ ഇൗ സബ്ജക്ടുമായി മുന്നോട്ടു പോയപ്പോള്‍ ഇതിന്റെയൊരു ഡെപ്ത്, ഈ ആളുകളെ കാണുമ്പോള്‍ അവര്‍ അനുഭവിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ ഒക്കെ നമ്മുടെ മുന്നിലേക്ക് വരുകയായിരുന്നു. മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന് ഇങ്ങനെയൊരു ചരിത്രമുണ്ടെന്നും ചില ആളുകള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടെന്നുമൊക്കെ ആദ്യമായി മനസിലാക്കുകയായിരുന്നു. ഇന്നത്തെ ഗള്‍ഫുമായി താരതമ്യം ചെയ്യാനാനാവാത്ത ഒരിടത്തേക്കാണ് നമ്മുടെ പഴയ ആളുകള്‍ പോയത്. ഇവരീ പത്തേമാരിയിലൊക്കെ പോയി ഖോര്‍ഫക്കാന്‍ എന്ന സ്ഥലത്ത് കടലില്‍ ചെന്നു ചാടുകയും അവിടുന്ന് കരകേറി നിക്കുമ്പൊ, നമ്മുടെ ഇവിടെ തമിഴന്മാരെ കൊണ്ടുപോകാന്‍ വണ്ടികള്‍ വന്നു നില്‍ക്കാറില്ലേ, കടവന്ത്രയിലും വൈറ്റിലയിലുമൊക്കെ? അതുപോലെ ആ വെള്ളത്തില്‍ നിന്ന് കേറിവരുന്ന ആളുകളെ കൊണ്ടുപോകാനായിട്ട് അറബികള്‍ വണ്ടികളുമായി അവിടെ നില്‍പ്പുണ്ടായിരുന്നെന്നാ പറയുന്നെ. ഈ ഖോര്‍ഫക്കാന്‍ എന്ന സ്ഥലത്ത് അടയാളപ്പാറ എന്നൊരു പാറയുണ്ട്. ഈ അടയാളപ്പാറയിലും ഖോര്‍ഫക്കാനിലും ഞങ്ങള്‍ പോയി ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ അടയാളപ്പാറ എന്നു പറയുന്നത് ഇവര്‍ക്ക് ചാടാനുള്ള അടയാളമായിരുന്നു. അങ്ങനെയാണ് പാറയ്ക്കീ പേരു വീണത്. അന്ന് ദുബായ് വളര്‍ന്നു വരുന്ന സ്ഥലമാണ്. അന്ന് ഏറ്റവും കൂടുതല്‍ ആളുകളെ ആവശ്യമുണ്ടായിരുന്നത് കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിലാണ്. ഒത്തിരി കെട്ടിടങ്ങള്‍ പുതുതായി വരുന്നു. അവരുടെ ഈ 'ക്യാമല്‍ ടു കാഡിലാക്ക്' കഴിഞ്ഞിട്ടുള്ള വളര്‍ച്ചയുടെ സമയത്താണ് നമ്മുടെ ആളുകള്‍ പോകുന്നത്. അപ്പൊ പോകുന്ന എല്ലാവര്‍ക്കും ജോലിയാ. ഇതില്‍ ഏറ്റവും വലിയ രസകരമായ കാര്യം എന്താണെന്നു പറഞ്ഞാല്‍ ഇവര്‍ പിടിക്കപ്പെട്ടുകഴിഞ്ഞാല്‍ അവരവിടെ ചെയ്തുകൊണ്ടിരുന്നത് ഔട്ട് ചെയ്യുകയാണ്. കണ്‍ട്രിയില്‍ നിന്ന് ഔട്ട് ചെയ്യുക എന്നാണ് പറയുക. അത് ചെയ്തുകൊണ്ടിരുന്നത് എങ്ങനെയെന്നുവച്ചാല്‍ ഷാര്‍ജയില്‍ നിന്ന് പിടിക്കപ്പെടുന്നവനെ ദുബായിലേക്കും ദുബായില്‍ നിന്ന് പിടിക്കപ്പെടുന്നവനെ ഷാര്‍ജയിലേക്കും അയയ്ക്കും. അതായത് അവര്‍ക്ക് ആളെ വേണമായിരുന്നു. പക്ഷേ നിയമപരമായി അവരെ അപ്പുറത്തേക്ക് കടത്തുക. അപ്പുറത്തുള്ളവരെ ഇപ്പുറത്തേക്ക് കടത്തുക. ഇതാണ് ചെയ്തിരുന്നത്.

ആരംഭിച്ചതിനുശേഷമാണ് സിനിമ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് വളര്‍ന്നതെന്ന് പറഞ്ഞു. ക്യാന്‍വാസ് വളര്‍ന്നതനുസരിച്ച് ബഡ്ജറ്റും വളര്‍ന്നു കാണുമല്ലോ?

സിനിമയില്‍ മറ്റൊരു കാലഘട്ടം കാണിക്കുമ്പോഴുള്ള ബഡ്ജറ്റ് ഉണ്ടാവുമല്ലോ? അലന്‍സ് മീഡിയയുടെ പേരില്‍ ഞാന്‍തന്നെയാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ ഇറങ്ങിയത്. പിന്നെ നമ്മുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി ചേര്‍ന്നു.


മമ്മൂട്ടിയെ ആദ്യമേ ഫിക്‌സ് ചെയ്തിരുന്നോ? എങ്ങനെയുണ്ടായിരുന്നു പള്ളിക്കല്‍ നാരായണന്‍?

മമ്മൂക്കയെ ആദ്യമേ ഫിക്‌സ് ചെയ്തിരുന്നു. കുഞ്ഞനന്ദന്റെ സമയത്തുതന്നെ പുള്ളിയോട് ഈ കഥ ഞാന്‍ പറഞ്ഞിരുന്നു. പോസിറ്റീവായിട്ടാണ്  അദ്ദേഹം റെസ്‌പോണ്ട് ചെയ്തത്. പെര്‍ഫോമന്‍സിന്റെ കാര്യം പറഞ്ഞാല്‍ വളരെ ലൈവായിട്ടുള്ള, വളരെ നാച്വറലായിട്ടുള്ള മമ്മൂക്കയുടെ തന്നെ ഹിറ്റായ ചില സിനിമകളിലെ കഥാപാത്രങ്ങളില്ലേ?  തനിയാവര്‍ത്തനം പോലെ, വാല്‍സല്യം പോലെ. ആ രീതിയിലുള്ള വളരെ സാധാരണക്കാരനായിട്ടുള്ള കഥാപാത്രമാണ് പള്ളിക്കല്‍ നാരായണനും. മമ്മൂക്കയുടെ അടുത്ത കാലത്തിറങ്ങിയവയില്‍ എണ്ണം പറഞ്ഞ ഒന്നായിരിക്കും പത്തേമാരി. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സും അങ്ങനെതന്നെ. മമ്മൂക്കയുടെ കഥാപാത്രത്തിന് മൂന്ന് കാലഘട്ടങ്ങള്‍ ഉണ്ട്. അതിലൊന്ന് 65-70 വയസ് ഉള്ളപ്പോഴത്തേതാണ്. കഥാപാത്രത്തിന്റെ പ്രായം സംബന്ധിച്ച കാര്യങ്ങളൊക്കെ വളരെ സ്വാഭാവികമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ചില ലുക്കുകളൊന്നും നമ്മള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകര്‍ തീയേറ്ററില്‍ നിന്നുതന്നെ അത് കാണട്ടെ എന്നാണ്.

സിനിമ എന്ന ജനകീയ കലയെ സംബന്ധിച്ച് അതില്‍ വരുന്ന കഥാപാത്രങ്ങളുടെ ഐഡന്റിറ്റി വളരെ പ്രധാനമാണ്. ഇയാള്‍/ ഇവള്‍ ആരാണ്? എവിടെനിന്ന് വരുന്നു തുടങ്ങിയ കാര്യങ്ങള്‍. സാധാരണയൊരു സിനിമയേക്കാള്‍ ചരിത്രം പറയുന്ന സിനിമയാവുമ്പോള്‍ ഇക്കാര്യത്തിന് സവിശേഷ പ്രധാന്യവുമുണ്ട്. ആദ്യകാലത്തെ ഗള്‍ഫ് കുടിയേറ്റക്കാരനായ മലബാറുകാരനാണ് പത്തേമാരിയിലെ പ്രധാന കഥാപാത്രം. പള്ളിക്കല്‍ നാരായണന്‍ എന്ന് അയാളെ വിളിക്കുന്നത് വസ്തുതാപരമായി ശരിയാണോ?

അത് നമ്മുടെ തെറ്റിദ്ധാരണയാണ്. ചരിത്രം പോയിനോക്കുമ്പോള്‍ നമ്മുടെ ചാവക്കാട്, ഗുരുവായൂര്‍, തൃപ്രയാര്‍, വാടാനപ്പള്ളി ഭാഗങ്ങളില്‍ നിന്നാണ് ആദ്യകാല ഗള്‍ഫ് കുടിയേറ്റങ്ങള്‍ കൂടുതല്‍ സംഭവിച്ചിരിക്കുന്നത്. അതിന്റെ കാരണം ലാഞ്ചി വേലായുധന്‍ എന്നു പറയുന്ന ഒരു മനുഷ്യനാണ്. അറുപതുകളില്‍ അവിടെയുണ്ടായിരുന്നു ഒരാള്‍. ഇയാളുടെ ലോഞ്ചിലാണ് അവിടത്തുകാര്‍ ആദ്യമായി കടല്‍ കടക്കുന്നത്. അയാളുടെ കഥ പറയുകയാണെങ്കില്‍ അതു മാത്രം ഒരു സിനിമ ചെയ്യാനുണ്ട്. ആ ക്യാരക്ടറാണ് നമ്മുടെ സിദ്ദിഖിക്ക ചെയ്യുന്നത്. അയാള്‍ ആറു വര്‍ഷം മുന്‍പാണ് മരിച്ചത്. അയാള്‍ കാരണമാണ് ആ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒരുപാട് പോയിരിക്കുന്നത്. ഈ വേലായുധനാ കൊണ്ടുപോയത്. വേലായുധന്‍ എങ്ങനെ പോയി എന്നു പറഞ്ഞാല്‍ ഇയാള്‍ക്ക് ചെറുപ്പത്തിലേ കടല്‍ ഒക്കെ ഒരു ഹരമായിരുന്നു. അഡ്വഞ്ചര്‍ താല്‍പര്യമുള്ള വ്യക്തിയായിരുന്നു. പുള്ളി പതിനൊന്നാമത്തെ വയസ്സില്‍ നാടുവിട്ടു. വീട്ടുകാര്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. പതിനാലാമത്തെ വയസ്സില്‍ വീണ്ടും ബോംബെയ്ക്ക് കള്ളവണ്ടി കയറുകയാണ്. അവിടെ പല പരിപാടികളും നടത്തി. ദുബായിലേക്കു പോകുന്ന ലോഞ്ചില്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ കേറിക്കൂടി. പുള്ളിയുടെ ജീവിതകഥ ഞാന്‍ കുറെ റഫര്‍ ചെയ്തിട്ടുണ്ട്. വി കെ ശ്രീരാമന്‍ ഇയാളെ നേരിട്ടുകണ്ട് ലേഖനമെഴുതിയിട്ടുണ്ട്. അതില്‍ പറയുന്നത് പുള്ളി അന്ന് കരിംലാല എന്നു പറയുന്ന ബോംബെയിലെ അണ്ടര്‍വേള്‍ഡിലെ ആളിന്റെകൂടെ ജോലി ചെയ്തിട്ടുണ്ടെന്നാണ്. സ്വര്‍ണം കടത്തുന്ന അന്നത്തെ കപ്പലുകളില്‍ കൂടെ പോയി ഇതേക്കുറിച്ച് പഠിച്ചെടുക്കാനായിട്ട്. എന്നിട്ട് 61ല്‍ പുള്ളിയുടെ കൈയില്‍ 7 ലക്ഷം രൂപയായി. ഈ പൈസ വച്ചിട്ട് പുള്ളി ഒരു അറബിയുടെ കൈയില്‍ നിന്ന് ഫത്തേഹ് മുബാറഖ് എന്നൊരു കപ്പല്‍ വാങ്ങിച്ചു. ഈ കപ്പല്‍ പിന്നീട് പിടിയ്ക്കപ്പെടുകയാണ്. അറബി പറ്റിച്ചതാണ് പുള്ളിയെ. അതു സംബന്ധിച്ച രേഖകള്‍ കറക്ടായിരുന്നില്ല. ബോംബെ കസ്റ്റംസാണ് പിടിച്ചെടുത്തത്. അവിടെനിന്ന് വീണ്ടും 3 ലക്ഷം രൂപ ചെലവാക്കി അത് ഇറക്കിക്കൊണ്ടുവന്നു. അതിനു റീസണ്‍ പറഞ്ഞത് എന്താണെന്നുവച്ചാല്‍ ഇത് നന്നാക്കാനായിട്ട് മംഗലാപുരം പോര്‍ട്ടിലേക്ക് കൊണ്ടുപോവുകയാണെന്നാണ്. ആ കപ്പലുമായിട്ട് പുള്ളി നേരെ വരുന്നത് ചേറ്റുവയിലേക്കാ. അവിടുന്നാണ് പുള്ളി ഈ ഷട്ടിലടി തുടങ്ങിയത്. ഇവിടുന്നങ്ങോട്ട് ആള്, അവിടുന്നിങ്ങോട്ട് തുണി. അപ്പൊഴീ വേലായുധനാണ് ആ ഏരിയയില്‍ നിന്നുള്ള ആദ്യകാല ഗള്‍ഫ് കുടിയേറ്റങ്ങള്‍ക്ക് കാരണക്കാരന്‍. പക്ഷേ ഇയാള്‍ ചരിത്രത്തില്‍ എവിടെയും വന്നിട്ടില്ല. അയാള്‍ ചെയ്തുകൊണ്ടിരുന്ന ജോലി നിയമപരമായിരുന്നോ എന്നു ചോദിച്ചാല്‍ അല്ല. പക്ഷേ നമ്മള്‍ ഇയാളെ അന്വേഷിച്ചുപോകുമ്പോള്‍ പലരും പറയുന്നത് വേലായുധന്‍ ഒരു മനുഷ്യസ്‌നേഹിയായിരുന്നെന്നാണ്. ഗള്‍ഫിലേക്ക് പോകുന്നവരെ യാത്രയാക്കാന്‍ കൂടെവരുന്ന പലരും അവസാനം ലോഞ്ചില്‍ നിന്നിറങ്ങില്ല. കാരണം നാട്ടിലെ അവസ്ഥ അതായിരുന്നു. ഇവരും അവസാനം ആ യാത്രയിലങ്ങു ചേരും. 2 രൂപയ്ക്കുവരെ പുള്ളി ആളുകളെ കൊണ്ടുപോയിട്ടുണ്ടെന്നാ കേട്ടത്. പുള്ളി അങ്ങനെ കൊണ്ടുപോയിട്ടുള്ള ചില ആളുകളോടൊക്കെ നമ്മള്‍ സംസാരിച്ചിരുന്നു. അതിലൊരാള്‍ എന്നോടു പറഞ്ഞത്, അവിടെ ഇറങ്ങിക്കഴിഞ്ഞാല്‍ അവര്‍ക്ക് പോകാനുള്ള 10 രൂപയും 5 രൂപയുമൊക്കെ വേലായുധന്‍ കൈയില്‍വച്ച് കൊടുത്തിരുന്നു എന്നാണ്. അത്തരത്തില്‍ അന്ന് പോയിട്ടുള്ള ഇപ്പോഴും ജീവിച്ചിരിക്കുന്ന പതിനേഴോളം ആളുകളെ നമ്മള്‍ പോയി കണ്ടിട്ടുണ്ട്. ഓഡിയോ ലോഞ്ചിംഗിന്റെ സമയത്ത് അവരെ നമ്മള്‍ ആദരിച്ചിട്ടുണ്ട്. അതില്‍ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള ആളുകളുണ്ടായിരുന്നു.


ഈ വിഷയം സിനിമയാക്കിയാല്‍ കൊള്ളാമെന്ന് ആദ്യമായി തോന്നിയത് എപ്പോഴാണ്?

ഒന്നുരണ്ട് വര്‍ഷം മുന്‍പ് അബുവിന്റെ ചില അവാര്‍ഡ് ഫങ്ഷനുകളും സ്വീകരണങ്ങളുമെല്ലാമായിട്ട് ഗള്‍ഫില്‍ ധാരാളം യാത്ര ചെയ്തിരുന്നു. അപ്പോഴാണ് ഒരു കാര്യം മനസിലായത്. നമ്മളീ സക്‌സസായ ആളുകളെപ്പറ്റി മാത്രമേ അറിയുന്നുള്ളൂ. അന്‍പത് കൊല്ലം പ്രവാസിയായി നിന്നിട്ടും ഒന്നുമാകാതെപോയ ഒരുപാട് ആളുകളുണ്ട്. ആകെ പോയവരില്‍ 85 ശതമാനവും അത്തരക്കാരാണ്. പക്ഷേ നാം അറിയുന്നത് ബാക്കി 15 ശതമാനത്തെ മാത്രമാണ്.


മലയാളസിനിമയ്ക്ക് 'ഗള്‍ഫുകാരന്‍' ഒരു പുതിയ വിഷയമല്ല. ചരിത്രത്തെ നേരിട്ട് അടയാളപ്പെടുത്തുന്ന രീതിയിലൊന്നുമല്ലെങ്കിലും വ്യക്തികളുടെ കഥകള്‍, പ്രവാസികളുടെ ജീവിതാവസ്ഥകള്‍ മുന്‍പും വന്നിട്ടുണ്ട്. പത്തേമാരി എങ്ങനെ വേറിട്ടുനില്‍ക്കുന്നു?

നൂറു ശതമാനവും പ്രവാസി സിനിമയാണ് പത്തേമാരി. മറ്റു സിനിമകളില്‍ പ്രധാന കഥയുടെ ഒരു ഭാഗമായിട്ടൊക്കെയാവും പ്രവാസം എന്നത് വന്നിട്ടുണ്ടാവുക. നമ്മുടെ സിനിമയുടെ ഓരോ സീനിലും പ്രവാസിയുടെ വിഷയം തന്നെയാണ് പറഞ്ഞുപോയിരിക്കുന്നത്. അവര്‍ പോയ വഴികള്‍ നമ്മള്‍ ഫോളോ ചെയ്തിട്ടുണ്ട്. എണ്‍പതുകളില്‍ ശങ്കര്‍ മൊഹല്ല എന്നു പറയുന്ന ഒരു സ്ഥലമുണ്ടായിരുന്നു ബോംബെയില്‍. ഇവിടുന്നു പോകുന്ന ഗള്‍ഫുകാരന് നേരിട്ട് ഫ്‌ളൈറ്റില്ല അന്ന്. ബസിലോ ട്രെയിനിലോ ബോംബെയിലെത്തുന്ന മലയാളി താമസിച്ചിരുന്ന സ്ഥലമാണ് ശങ്കര്‍ മൊഹല്ല. നാട്ടിലേക്ക് തിരികെ എത്തുമ്പോളും ഇവിടെ വന്നിട്ടാണ് മലയാളികള്‍ ബസും ട്രെയിനും അറേഞ്ച് ചെയ്തിരുന്നത്. ആ സ്ഥലം ഞങ്ങള്‍ ഇതില്‍ വിഷ്വല്‍ ചെയ്തിട്ടുണ്ട്. അതുപോലെ എണ്‍പതുകളില്‍ ദുബായില്‍ ഒരു ഖാദര്‍ ഹോട്ടലുണ്ടായിരുന്നു. അത് മലയാളികളുടെ ഒരു മീറ്റിംഗ് പോയിന്റായിരുന്നു. അങ്ങനെ ഇതിന്റെ ചരിത്രം പറയുന്ന സ്ഥലങ്ങളിലൂടെയെല്ലാം സ്‌ക്രിപ്റ്റിങില്‍ നമ്മള്‍ പോയിട്ടുണ്ട്. എണ്‍പതുകളിലെ ഗള്‍ഫുകാരന്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച ഭീകരത ബോംബെ കസ്റ്റംസാണ്. അത് ഈ സിനിമയില്‍ വരുന്നുണ്ട്. അപ്പോള്‍ അന്നവര്‍ സഞ്ചരിച്ച വഴികളിലൂടെയെല്ലാം നമ്മള്‍ പോയിട്ടുണ്ട്. പിന്നെ ആറ്റിറ്റിയൂഡ്. ഗള്‍ഫുകാരനോടുള്ള നമ്മുടെ അപ്രോച്ച്. അറുപത്തഞ്ചിലും എണ്‍പതിലുമുണ്ടായിരുന്ന അപ്രോച്ചല്ല തൊണ്ണൂറുകളുടെ അവസാനം ഉണ്ടാവുന്നത്. എണ്‍പതുകളില്‍ സിനിമ ആയാലും നാടകമായാലും കോമഡി കഥാപാത്രമാണ് ഗള്‍ഫുകാരന്‍. കളര്‍ഫുള്‍ ഡ്രസ്സും കൈയില്‍ ഒരു ടേപ്പ് റിക്കാര്‍ഡറൊക്കെ പിടിച്ച്, കൂളിംഗ് ഗ്ലാസൊക്കെ വച്ച് വരുന്ന ആളായിരുന്നു. പക്ഷേ അതു മാറി. ഗള്‍ഫുകാരന്റെ വീക്ഷണം മാറി, നമുക്ക് അയാളോടുള്ള ആറ്റിറ്റിയൂഡ് മാറി.


'അബു' ആയാലും 'കുഞ്ഞനന്തനാ'യാലും താരതമ്യേന ചെറിയ സ്‌പേസിലാണ് കഥ നടക്കുന്നത്. എന്നാല്‍ മലയാളിയുടെ പ്രവാസ ജീവിത ചരിത്രം പറയുന്ന പത്തേമാരിയിലെത്തുമ്പോള്‍ സ്‌പേസ് എന്നത് വിടര്‍ന്ന് കിടക്കുകയാണ്. ചിത്രീകരണം എന്ന ടാസ്‌ക് എങ്ങനെ ആയിരുന്നു?

ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ നടത്തിയ റിസര്‍ച്ചില്‍ കിട്ടിയ കാര്യങ്ങളെല്ലാം ഒരു രണ്ടു മണിക്കൂര്‍ സിനിമയിലേക്ക് ഒതുക്കാന്‍ സാധിക്കില്ല. അപ്പോള്‍ അതില്‍ ഏത് തെരഞ്ഞെടുക്കണം, ഏത് ഒഴിവാക്കണം, ഏതാണ് അത്യാവശ്യം അത് ചൂസ് ചെയ്യുക എന്ന് പറയുന്നത് വലിയ ടാസ്‌ക് ആയിരുന്നു. കാരണം നമുക്ക് റിസര്‍ച്ചിലൂടെ ലഭിച്ച കാര്യങ്ങള്‍ വച്ച് ഒരു അഞ്ച് സിനിമകള്‍ ചെയ്യാം. അപ്പോള്‍ നാരായണന്‍ എന്ന മനുഷ്യനെ വച്ചിട്ട് അയാള്‍ പോയ വഴികളിലൂടെയാണ് കഥ പോകുന്നത്. ചിത്രീകരണം ഹെവിയായി തോന്നിയിരുന്നു. കടല്‍, യാത്രകള്‍, വിദേശത്തുള്ള ഷൂട്ട്. ആറ് ഷെഡ്യൂളുകളായിട്ടാണ് ചെയ്തത്. നാരായണന്റെ വീട് തന്നെ നാല് വീടുകളാണ്. നാല് കാലഘട്ടങ്ങളില്‍. ഒരു ഗള്‍ഫുകാരന്റെ വീടിനു സംഭവിക്കുന്ന രൂപമാറ്റങ്ങളെല്ലാം നാരായണന്റെ വീടിനും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തെ നാരായണന്റെ ജീവിതമാണ് നമ്മള്‍ പറയുന്നത്.


മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി ഇങ്ങനെ ഒരു സ്ഥിരം ടീം ആയിക്കഴിഞ്ഞു. സലിം അഹമ്മദ് എന്ന ഫിലിംമേക്കര്‍ക്ക് ഇവരുടെ സാന്നിധ്യം എത്തരത്തിലാണ് അനുഭവപ്പെടുന്നത്?

സിനിമയ്ക്കപ്പുറത്ത് സൗഹൃദമുള്ള ആള്‍ക്കാരാണ് റസൂലായാലും മധുസാറായാലും. നമ്മള്‍ ഒത്തുള്ള ഒരു താളം കറക്ടാണ്. നമ്മള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇവര്‍ക്ക് കൃത്യമായിട്ട് അറിയാം. ഈ പടത്തില്‍ ബിജിബാലാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അടുത്തകാലത്തിറങ്ങിയ വളരെ മനോഹരമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ് ഈ സിനിമയില്‍. ഓസ്‌കാര്‍ സ്‌ക്രീനിംഗിന് പടം കണ്ട പലരും വിളിച്ച് അപ്രീഷിയേറ്റ് ചെയ്ത കാര്യം ബിജിബാലിന്റെ ആര്‍ആര്‍ ആണ്.

മുന്‍ ചിത്രങ്ങളേക്കാള്‍ കൊമേഴ്‌സ്യല്‍ വാല്യു ഉള്ള സിനിമയാണ് പത്തേമാരി എന്ന് അഭിപ്രായപ്പെട്ടു കണ്ടു. എന്തുകൊണ്ടാണ് ആ വിലയിരുത്തല്‍?

ഇത് എല്ലാവരോടും കമ്യൂണിക്കേറ്റ് ചെയ്യുന്ന ചിത്രമായിരിക്കും. അബുവിന്റെ കഥ പെട്ടെന്ന് കമ്യൂണിക്കേറ്റ് ചെയ്യുക ഒരു വിഭാഗത്തോടായിരിക്കും. കുഞ്ഞനന്ദന്റെ കട എന്നു പറയുന്നത് ഷോപ്പുകളും മറ്റുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകള്‍ക്കാവും കൂടുതല്‍ മനസിലാവുക. പക്ഷേ ഇതിലെ പ്രധാന കഥാപാത്രം ഒരു ഗള്‍ഫുകാരനാണ്. ഒരു ഗള്‍ഫുകാരനുമായി ബന്ധപ്പെടാത്ത ഒരു വീടും കേരളത്തില്‍ ഉണ്ടാവില്ല. ഡയറക്ട് ആയിട്ടോ അല്ലാതെയോ. നമ്മുടെ വീട്ടില്‍, കുടുംബത്തില്‍, അല്ലെങ്കില്‍ നമ്മുടെ സുഹൃദ്‌വലയത്തില്‍ ഒരാള്‍ ഗള്‍ഫുകാരനായി ഉണ്ടാവും. അപ്പോള്‍ അത്രയും കമ്യൂണിക്കേറ്റ് ചെയ്യുന്നതാണ് സബ്ജക്ട്. അവരുടെ വീട്ടിലോ അല്ലെങ്കില്‍ അടുത്ത വീട്ടിലോ കാണുന്ന ഒരാളായിരിക്കും നാരായണന്‍. തൊട്ടടുത്ത് ഒരു ഗള്‍ഫുകാരനുണ്ടെങ്കില്‍ അടുത്ത വീട്ടുകാര്‍ക്കുണ്ടാവുന്ന ഒരനുഭവമില്ലേ? ആ ഒരു ഫീല്‍ ഈ സിനിമയിലും കിട്ടും, നൂറ് ശതമാനം.