സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: അവാര്‍ഡിന്റെ പച്ചപ്പില്‍ മാത്രം അറിയപ്പെടേണ്ടതല്ല സിനിമ,ഒഴിവുദിവസത്തെ കളി മുഴുവന്‍ മലയാളികളും കാണണമെന്ന് ആഗ്രഹം 

June 15, 2016, 7:10 pm
സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: അവാര്‍ഡിന്റെ പച്ചപ്പില്‍ മാത്രം അറിയപ്പെടേണ്ടതല്ല സിനിമ,ഒഴിവുദിവസത്തെ കളി മുഴുവന്‍ മലയാളികളും കാണണമെന്ന് ആഗ്രഹം 
Interview
Interview
സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: അവാര്‍ഡിന്റെ പച്ചപ്പില്‍ മാത്രം അറിയപ്പെടേണ്ടതല്ല സിനിമ,ഒഴിവുദിവസത്തെ കളി മുഴുവന്‍ മലയാളികളും കാണണമെന്ന് ആഗ്രഹം 

സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം: അവാര്‍ഡിന്റെ പച്ചപ്പില്‍ മാത്രം അറിയപ്പെടേണ്ടതല്ല സിനിമ,ഒഴിവുദിവസത്തെ കളി മുഴുവന്‍ മലയാളികളും കാണണമെന്ന് ആഗ്രഹം 

സനല്‍കുമാര്‍ ശശിധരന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ഒഴിവുദിവസത്തെ കളി തിയറ്ററുകളിലെത്തുകയാണ്. സംവിധായകന്‍ ആഷിക് അബുവാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിലെ മുന്‍നിരതാരങ്ങളെല്ലാം സിനിമയുടെ പ്രചരണത്തിനായി കൈകോര്‍ത്തിരിക്കുന്നു. സമാന്തരസിനിമയെന്നും കച്ചവടസിനിമയുമെന്ന വേര്‍തിരിവിന്റെയും അകല്‍ച്ചയുടെയും ഇടമില്ലാതെ നല്ല സിനിമയ്ക്കായി ചലച്ചിത്രലോകം കൈകോര്‍ക്കുമ്പോള്‍ സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് പറയാനുള്ളത്.

പ്രധാനമായും സര്‍ക്കാര്‍ തിയറ്ററുകളെ ആശ്രയിച്ചാണ് ഒരാള്‍പൊക്കം പ്രദര്‍ശനത്തിനെത്തിച്ചത്. ഒഴിവുദിവസത്തെ കളി എത്തുമ്പോള്‍ കുറേക്കൂടി വ്യാപകമായി റിലീസിന് തയ്യാറെടുക്കുന്നു? 

ക്വാളിറ്റി നോക്കി മാത്രമല്ല ആളുകള്‍ സിനിമ കാണുന്നത്. കാണികള്‍ക്ക് അവരുടേതായ മുന്‍വിധികള്‍ ഉണ്ട്. പോസ്റ്ററില്‍ തുടങ്ങി ഈ സിനിമയ്ക്ക് എന്തൊക്കെ അംഗീകാരം കിട്ടിയിട്ടുണ്ട്. ആരൊക്കെ ഈ സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട് എന്നതെല്ലാം സിനിമ കാണുന്നതിന് മാനദണ്ഡമാകുന്നുണ്ട്. അവര്‍ക്ക് ദഹിക്കാത്ത ഒരാളാണ് സിനിമ നല്ലതെന്ന് പറഞ്ഞതെങ്കില്‍ അവര്‍ പോയി കാണണമെന്നില്ല. സിനിമ കണ്ടിട്ട് തീരുമാനിക്കാം എന്ന നിലയിലേക്ക് എത്തുന്നില്ല. ഇതൊക്കെ നമ്മുടെ സിനിമയുടെ വളര്‍ച്ചയെ നന്നായി തടയുന്നുണ്ട്. സിനിമയില്‍ കൃത്യമായ രണ്ട് ചേരികള്‍ ഉണ്ടാവുക. ആ ചേരികളില്‍ നിന്ന് വാക്‌പോരുകള്‍ ഉയരുക. ഇതെല്ലാം മലയാളസിനിമയെ ചുഴിക്കുത്തിലാക്കുന്നുണ്ട്. നമ്മളൊന്നും വന്‍മുടക്കുമുതല്‍ സിനിമയ്ക്ക് നീക്കിവച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് വലിയ കമേഴ്‌സ്യല്‍ സിനിമയെടുക്കണം എന്ന് ആഗ്രഹിക്കുന്നയാളല്ല. പക്ഷേ എന്നാലും നമ്മള്‍ എടുക്കുന്ന സിനിമ ആളുകള്‍ക്ക് കാണാനുള്ളതാണെന്നും കൂടുതല്‍ പേരില്‍ എത്തണമെന്നും അവര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചയണമെന്നുമുള്ള വ്യക്തമായ ബോധ്യം ഞങ്ങള്‍ക്കുണ്ട്. അങ്ങനെ വരുമ്പോഴാണ് പ്രശ്‌നം. അവാര്‍ഡ് കിട്ടിയതിന്റെ പേരില്‍ സിനിമ ചില പോക്കറ്റുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. അവാര്‍ഡിന്റെ പച്ചപ്പില്‍ മാത്രം സിനിമ അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നേയില്ല. മറ്റ് സിനിമകള്‍ റിലീസ് ചെയ്യുന്നത് പോലെ എന്റെ സിനിമകള്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹം നേരത്തേയുണ്ട്. ആ സിനിമകള്‍ക്കുള്ള പ്രേക്ഷകര്‍ എന്റെ സിനിമകള്‍ക്കും വേണമെന്ന ആഗ്രഹത്തില്‍ തന്നെയാണ് കുറച്ചൂടി വിപുലമായ റിലീസിന് തയ്യാറെടുക്കുന്നത്.

എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാകുന്ന ചിത്രമാണോ ഒഴിവുദിവസത്തെ കളി? 

ഒന്ന് ഈ സിനിമയുടെ പൊളിറ്റിക്‌സിനെ ഊന്നി മാത്രം ഈ സിനിമ ചര്‍ച്ച ചെയ്യുന്നത് അനാവശ്യമാണ്. ഇതിനൊരു പൊളിറ്റിക് ഉണ്ട്. അതേ സമയം തന്നെ 100 ശതമാനം സിനിമാറ്റിക്കാണ് ഒഴിവുദിവസത്തെ കളി. പൊളിറ്റിക്‌സ് ഗുളിക രൂപത്തിലാക്കി അവിടവിടെ ഉരുട്ടിവച്ചിരിക്കുകയല്ല ചെയ്തിരിക്കുന്നത്. പൊളിറ്റിക് മാത്രമല്ല നിരവധി വിഷയങ്ങളിലൂന്നിയാണ് സിനിമ. പുരുഷന്‍മാരുടെ ഈഗോ, സ്ത്രീവിരുദ്ധത തുടങ്ങി വേറെ പലതും ഈ സിനിമയിലുണ്ട്. സിനിമയുടെ ഭാഷയില്‍ വേറിട്ട സമീപനത്തിന് ശ്രമിച്ചിട്ടുണ്ട്. മുന്‍പ് കണ്ടിട്ടില്ലാത്ത നരേറ്റീവ് സ്‌റ്റൈല്‍, പാറ്റേണ്‍ ഒക്കെ ഒഴിവുദിവസത്തെ കളിയുടേതാണ്. അതാണെന്ന് തോന്നും പ്രേക്ഷകരെ കൂടുതലായി സ്വാധീനിക്കാന്‍ പോകുന്നത്. ഞാന്‍ ഇത് പറയാന്‍ ഒരു കാരണമുണ്ട്. ഐഎഫ്എഫ്‌കെയിലെ ആദ്യപ്രദര്‍ശനത്തിനിടെ ഒഴിവുദിവസത്തെ കളി പകുതിയില്‍ നിന്നുപോയി. പ്രൊജക്ടര്‍ കേടായതാണ്. കലാഭവന്‍ തിയറ്ററിലായിരുന്നു. ഹൗസ് ഫുള്ളായിരുന്നു. തിയറ്ററിനകത്ത് ഉണ്ടായിരുന്ന കാണികള്‍ മുഴുവനും പ്രൊജക്ടര്‍ ശരിയാകുന്നത് വരെ കാത്തിരുന്നു. ഏതാണ്ട് ഒന്നരമണിക്കൂറിന് ശേഷമാണ് പ്രദര്‍ശനം പുനരാരംഭിച്ചത്. ഈ സിനിമയില്‍ പൊളിറ്റിക്‌സ് ഒക്കെ പുറത്തുവരുന്നത് സെക്കന്‍ഡ് ഹാഫിലാണ്. ഏതാണ്ട് അവസാനഭാഗത്ത്. പിന്നെ എന്തുകൊണ്ടാണ് അവിടെയുണ്ടായിരുന്ന പ്രേക്ഷകരത്രയും സിനിമ ബാക്കി കാണാന്‍ ക്ഷമയോടെ നിന്നതെന്ന് ഞാന്‍ ആലോചിച്ചു. സിനിമയുടെ ഭാഷയിലുണ്ടായ പുതുമ തന്നെയാണ് അവരെ ത്രസിപ്പിച്ചിട്ടുണ്ടാവുക. ആ പ്രതീക്ഷയിലൂന്നിയാണ് ഈ ചിത്രവുമായി തിയറ്ററുകളിലെത്തുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും ഇത് സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നു.

ഒരാള്‍പൊക്കത്തില്‍ നിന്ന് ഒഴിവുദിവസത്തെ കളിയിലെത്തുമ്പോള്‍ സമാന്തര സിനിമകള്‍ക്കുള്ള പ്രേക്ഷകരുടെ എണ്ണം നന്നായി വര്‍ധിച്ചെന്ന് തോന്നിയിട്ടുണ്ടോ? 

തീര്‍ച്ചയായും കൂടിയിട്ടുണ്ട്. സിനിമാവണ്ടിയുമായി കേരളത്തിലുടനീളം യാത്ര ചെയ്ത ആളെന്ന നിലയില്‍ എനിക്ക് ആ വളര്‍ച്ച അറിയാന്‍ കഴിയുന്നുണ്ട്. ഒരാള്‍പൊക്കം സിനിമയില്‍ വന്നപ്പോഴുണ്ടായ പ്രതികരണത്തെക്കാള്‍ എത്രയോ മടങ്ങാണ് ഒഴിവുദിവസത്തെ കളി തിയറ്ററുകളില്‍ വരാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരു കമേഴ്‌സ്യല്‍ സിനിമ റിലീസ് ചെയ്യുന്നതിന്റെ അത്ര തന്നെ ഓളം ഈ സിനിമയ്ക്കും ഉണ്ടാക്കാനായി സാധിച്ചിട്ടുണ്ട്. അത തന്നെ വലിയ കാര്യമാണ്. വളരെ പോസിറ്റീവായ വളര്‍ച്ചയാണ് ഓഡിയന്‍സിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

ഹിന്ദിയില്‍ അനുരാഗ് കശ്യപും ദിബാകര്‍ ബാനര്‍ജിയുമൊക്കെ ഇന്‍ഡിപെന്‍ഡന്റ് ഫിലിംമേക്കര്‍സിന് വേണ്ടി മുന്‍കൈയെടുക്കുന്നുണ്ട്. തമിഴില്‍ ഷങ്കറും വെട്രിമാരനുമൊക്കെ ഇത്തരം ശ്രമങ്ങള്‍ തുടരുന്നു. മലയാളത്തില്‍ ഇപ്പോഴും കമേഴ്‌സ്യല്‍-ആര്‍ട്ട് വേര്‍തിരിവില്‍ കുടുങ്ങിക്കിടക്കുകയല്ലേ സിനിമ?

നമ്മളില്‍ ഒരു വ്യത്യസ്ഥത ഉണ്ടെന്ന് തോന്നിക്കഴിഞ്ഞാല്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത നമുക്കിടയില്‍ ഉണ്ട്. നമ്മള്‍ വ്യത്യസ്ഥനാണെന്ന് നമുക്ക് മാത്രം തോന്നിയാല്‍ പോരാ,ഇവന്‍ വ്യത്യസ്ഥനാണെന്ന് വേറൊരാളെ കൊണ്ട് അംഗീകരിപ്പിക്കണം. അവര്‍ അതനുസരിച്ച് മാറിനീങ്ങണമെന്ന് ശഠിക്കുകയും ചെയ്യുന്നു. ഇതൊരു കോട്ടകെട്ടലാണ്. ബുദ്ധിജീവി സിനിമകള്‍ ചെയ്യുന്നവര്‍ പറയും മറ്റുള്ള സിനിമകളെല്ലാം മോശമാണെന്ന്. അവര്‍ പറയും ഞങ്ങള്‍ കാശുണ്ടാക്കാന്‍ സിനിമ ചെയ്യുന്നവരാണ് ബുദ്ധിജീവികളല്ല എന്ന്. ഈ വേര്‍തിരിവ് അതേപടി തുടരുന്നുണ്ട്. രണ്ട് ചേരിയായി നിലനില്‍ക്കുകയാണ് നമ്മുടെ സിനിമ. സിനിമയില്‍ ക്ലാസിഫിക്കേഷന്‍ നല്ലതാണ്. ആര്‍ട്ട് സിനിമയെന്നും കമേഴ്‌സ്യല്‍ സിനിമയെന്നും ത്രില്ലറെന്നും റൊമാന്റിക് കോമഡിയെന്നൊക്കെയുള്ള ശ്രേണികള്‍ നല്ലതാണ്. പക്ഷേ സിനിമ ഉണ്ടാക്കുന്നവര്‍ തമ്മിലുള്ള ചേരിപ്പോരാണ് ഇവിടെയുള്ള പ്രശ്‌നം. ഇന്‍ഡിപെന്‍ഡന്‍സ് സിനിമകളെ ആരും സപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് കാരണം ഇതായിരിക്കാം. കഴിഞ്ഞ കുറേക്കാലമായി ഇതിന് മാറ്റമുണ്ട്.

ബോളിവുഡിലും തമിഴിലും മറാത്തിയിലുമൊക്കെ ഇന്‍ഡിപെന്‍ഡന്റ് സിനിമകള്‍ വിതരണത്തിനെത്തിക്കാന്‍ വലിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ തയ്യാറായി വരുന്നു. സീടിവിയാണ് നാഗരാജ് മഞ്ജുളെയും സായ് രാത് തിയറ്ററുകളിലെത്തിച്ചത്. വിതരണം വലിയ വെല്ലുവിളിയല്ലേ ഇവിടെ? 

സിനിമ ഉണ്ടാക്കുന്നത് വളരെ എളുപ്പമുള്ള കാര്യവും വിതരണത്തിനെത്തിക്കുക എന്നത് നൂറിരട്ടി പ്രയാസമുള്ള കാര്യവുമായിട്ടാണ് എന്റെ അനുഭവം. ഒരു കാലത്ത് ഞാന്‍ കരുതിയുരുന്നത് സിനിമ ഉണ്ടാക്കാനാണ് ഏറ്റവും പ്രയാസം. അതുകഴിഞ്ഞാല്‍ വിതരണം സ്വാഭാവികമായി നടന്നോളും എന്നായിരുന്നു വിശ്വാസം. സിനിമ ജനങ്ങളിലെത്തിക്കുക എന്നതില്‍ വലിയ പ്രോസസ് കിടപ്പുണ്ട്. ഏത് സിനിമ എത്തണം ഏത് സിനിമ എത്തരുത് എന്നത് മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതില്‍ വരെ ചില തീരുമാനങ്ങളുണ്ട്. നമ്മള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ നല്‍കുന്നതും കമേഴ്‌സ്യല്‍ സിനിമയില്‍ നിന്ന് നല്‍കുന്നതും ഒരേ തുകയാണ്. പക്ഷേ സിനിമകളോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ട്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ചില മാനസികാവസ്ഥയില്‍ മാറ്റം വരേണ്ടതുണ്ട്.

വേറൊന്ന് കൂടിയില്ലേ? ഫിലിം ഫെസ്റ്റിവലില്‍ തിയറ്ററിന്റെ ഗ്ലാസ് ഡോറുകള്‍ തകര്‍ത്ത് ഇരമ്പിയാര്‍ക്കുന്ന പ്രേക്ഷകര്‍ ആ സിനിമ തിയറ്ററുകളിലെത്തുമ്പോള്‍ കാണാന്‍ വിമുഖത കാണിക്കാറില്ലേ? 

ആ സ്ഥിതി മാറ്റാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. എനിക്ക് വളരെ പ്രതീക്ഷയുള്ളത് എന്താണെന്ന് വച്ചാല്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമകളെ പിന്തുണയ്ക്കണമെന്ന ബോധം ആളുകളില്‍ കൂടിയിട്ടുണ്ട്. എന്റെ സിനിമ ഭയങ്കരമാണെന്നൊക്കെ കേട്ടിട്ടല്ല ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സിനിമയെ പിന്തുണയ്ക്കുന്നത് ഒരു പ്രതിരോധപ്രവര്‍ത്തനമാണെന്നും ഒരു മൂവ്‌മെന്റാണെന്നും അവര്‍ക്ക് തോന്നിയിട്ടുണ്ട്. ഇത് സിനിമയുടെ കാര്യത്തില്‍ മാത്രമല്ല. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകം ആളുകള്‍ ഏറ്റെടുത്തത് കണ്ടില്ലേ. മൂല്യവത്തായ എന്തിനെയും പിന്തുണയ്ക്കാനും കൂടെ നില്‍ക്കാനും അതിന് വേണ്ടി പണിയെടുക്കാനും സന്നദ്ധരായ ആളുകള്‍ നമ്മള്‍ക്കിടയിലുണ്ടായിരുന്നു. അവര്‍ ഇപ്പോള്‍ വിസിബിളാണ്. അവരെല്ലാം കൃത്യമായി വെളിയിലുണ്ട്. ജൂണ്‍ പതിനേഴിന് എന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെല്ലാം ക്രൗഡ് ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയൊരു ക്രൗഡ് വന്നാല്‍ പല തെറ്റിദ്ധാരണകളും ചിന്തകളും മാറുമെന്നാണ് വിശ്വാസം.

Ozhivudivasathe Kali
Ozhivudivasathe Kali
ആഷിക് അബുവില്‍ എത്തിയത് എങ്ങനെയാണ്? 

ഒഴിവുദിവസത്തെ കളി മലയാളികളെ മുഴുവനായി കാണിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ആഷിക് അബുവില്‍ എത്തിയത്. എല്ലാവരെയും കാണിക്കുക എന്നത് കടമയാണ് എന്ന് തോന്നിയപ്പോള്‍ ബോളിവുഡിലെയും തമിഴിലെയും പോലെ ഇന്‍ഡസ്ട്രിയിലെ അതികായരിലൂടെ ശ്രദ്ധേയചിത്രങ്ങളെ പ്രേക്ഷകരിലെത്തിക്കുക എന്ന ആശയം ഈ ചിത്രത്തിന് വേണ്ടി ഉപയോഗപ്പെടുത്തണം എന്ന് കരുതി. ആഷിക് അബു സിനിമ കണ്ടു. സിനിമ കാണുന്നവരെ ചിത്രം പിടികൂടും എന്ന് വിശ്വസിക്കുന്നതായി ആഷിക് അബുവും പറഞ്ഞു. കൂടെ നില്‍ക്കാം എന്ന് പറഞ്ഞ് ഈ സിനിമയുടെ ഭാഗമായി.

ഒരു ഭാഗത്ത് താങ്കള്‍ സിനിമാവണ്ടിയുമായി നടന്ന് കേരളത്തിലുടനീളം സിനിമ പ്രദര്‍ശിപ്പിക്കുന്നു,മികച്ച പ്രദര്‍ശനസൗകര്യത്തില്‍ മള്‍ട്ടിപ്ലെക്‌സില്‍ ഉള്‍പ്പെടെ സിനിമ കാണിക്കുന്നു. സിനിമ മികച്ച പ്രദര്‍ശനസൗകര്യത്തില്‍ കാണിക്കേണ്ടതല്ലേ? പ്രത്യേകിച്ചും തല്‍സമയ ശബ്ദസന്നിവേശമുള്‍പ്പെടെ നടത്തി സിനിമ പൂര്‍ത്തിയാക്കുമ്പോള്‍? 

സിനിമയുടെ വീട് തിയറ്റര്‍ ആണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സിനിമ തിയറ്ററുകളിലാണ് കാണേണ്ടത്. സിനിമ തിയറ്ററുകളില്‍ ഒന്നിച്ചിരുന്ന് കാണേണ്ടതാണ്. ഒറ്റയ്‌ക്കൊറ്റയ്ക്ക് അല്ല കാണേണ്ടത്. പത്ത് പേര്‍ക്ക് വേണ്ടി ഒരു സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാകില്ല. പാരലല്‍ ആയി സിനിമാ വണ്ടിയുമായി ചെന്ന് സിനിമ കാണിക്കുന്നത് ഇതുപോലുള്ള സിനിമകള്‍ വരുമ്പോള്‍ മിസ്സ് ആവാതെ തിയറ്ററുകളിലെത്തണം എന്ന ചിന്തയിലേക്ക് അവരെ എത്തിക്കാന്‍ വേണ്ടിയാണ്. ഇതൊരു പാവം സിനിമയാണ് കുറേ സര്‍ക്കാര്‍ തിയറ്ററുകളില്‍ വന്ന് പെട്ടെന്ന് അതങ്ങ് പോകും എന്ന് ചിന്തിക്കുന്നവരുണ്ട്. അവരുടെ മുന്‍വിധിയും മാറ്റേണ്ടതുണ്ട്. ഞാന്‍ കഴിഞ്ഞ കുറേകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമുണ്ട്. സിനിമ സൗജന്യമായി കാണാവുന്നതാണ് എന്ന ചിന്ത മാറ്റണം. സിനിമയ്ക്ക് പിന്നില്‍ വലിയ അധ്വാനമുണ്ട്. ലക്ഷണക്കണക്കിന് രൂപയുടെ ചെലവുണ്ട്. നൂറ് രൂപ നല്‍കി സിനിമ കാണുക എന്നത് ഔദാര്യമൊന്നുമല്ല. പാരലല്‍ പ്രദര്‍ശനത്തിലൂടെ ഈ ബോധ്യമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. ഇവരെല്ലാം പിന്നീട് തിയറ്ററുകളിലേക്കാണ് എത്തുന്നത്.

സിനിമാവണ്ടിയിലൂടെയുള്ള സിനിമാ പ്രദര്‍ശനം അടുത്ത ഘട്ടത്തില്‍ നല്ല സിനിമകള്‍ക്കായി തിയറ്ററുകളിലേക്ക് അവരെ ക്ഷണിക്കലാണ് എന്നാണോ? 

തീര്‍ച്ചയായും, ഒരാള്‍പൊക്കത്തിന്റെ സമയത്ത് ആ സിനിമയുമായി സിനിമാ വണ്ടി കേരളത്തില്‍ മുഴുവന്‍ സഞ്ചരിച്ചതിന് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ആ സിനിമ കണ്ടവരെല്ലാം തിയറ്ററുകളിലുമെത്തി. ആ സിനിമയുടെ പ്രദര്‍ശനവിജയത്തിനായി തിയറ്ററുകളില്‍ വളണ്ടിയര്‍മാരായി. ഇത്തവണ ഐഎഫ്എഫ്‌കെ ഒഴികെ കേരളത്തിലെ ഒരു ഫെസ്റ്റിവലിനും ഒഴിവുദിവസത്തെ കളി നല്‍കിയില്ല. തിയറ്ററുകളില്‍ ചിത്രമെത്തുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം സഹകരിക്കുന്നത് സിനിമാവണ്ടിയുടെ പ്രവര്‍ത്തനത്തോടൊപ്പം വിവിധ ജില്ലകളില്‍ ഉണ്ടായിരുന്നവരാണ്.

രണ്ട് സിനിമകള്‍ക്കും കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രസ്താവനയ്ക്ക് വേണ്ടിയുള്ള സിനിമയുമല്ല ഒഴിവുദിവസത്തെ കളി? 

സിനിമ രാഷ്ട്രീയം പറയാനുള്ള ഒരു സംഗതി അല്ല എന്നാല്‍ രാഷ്ട്രീയം പറയാന്‍ കൂടിയുള്ളതുമാണ്. നമ്മള്‍ ജീവിക്കുന്നത് രാഷ്ട്രീയം പറയാനും വോട്ടിടാനും വേണ്ടി മാത്രമല്ല. നമ്മുക്ക് ജൈവികമായ ജീവിതമുണ്ട്, വൈകാരികമായ ജീവിതമുണ്ട്. അതിന്റെ കൂടെ നമുക്ക് രാഷ്ട്രീയമുണ്ട്,നിലപാടുകളുണ്ട്. ഒരു പാട് കാര്യങ്ങളില്‍ യുദ്ധം ചെയ്യുന്നുണ്ട്. ഇത് പോലെ തന്നെയാണ് സിനിമയില്‍. രാഷ്ട്രീയം മാത്രം പറയുന്നത് ആര്‍ട്ട് അണ്‍നാച്വറല്‍ ആണ്. ഞാന്‍ ശ്രമിക്കുന്നത് സിനിമ പ്യുവര്‍ സിനിമാറ്റിക് ആയി നിലനില്‍ക്കെ തന്നെ ഈ സംഗതികളൊക്കെ അതിന്റെ ഭാഗമാക്കാനാണ്.

12 വര്‍ഷം മുമ്പ് ഉണ്ണി ആര്‍ എഴുതിയ കഥയാണ് ഒഴിവുദിവസത്തെ കളി. എപ്പോഴാണ് സിനിമയാക്കാന്‍ ആലോചിച്ചത്? 

ഒഴിവുദിവസത്തെ കളി എന്ന പേരില്‍ തന്നെ നമ്മുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ വിദഗ്ധമായി രേഖപ്പെടുത്തുന്നുണ്ട്. ഉണ്ണി ആര്‍ ഇങ്ങനെ തന്നെ ഉദ്ദേശിച്ച് നല്‍കിയ ശീര്‍ഷകമാണോ എന്നെനിക്കറിയില്ല. ഒരു കവിത വായിക്കാന്‍ കിട്ടുമ്പോള്‍ ലഭിക്കുന്ന ഒരു വ്യാഖ്യാനമില്ലേ. അതുപോലെയാണ് ഈ സിനിമ സംഭവിക്കുന്നത്. ഞാന്‍ മനസിലാക്കിയ കഥയാണ് സിനിമയായി മാറിയത്. കഥ വായിച്ചപ്പോ എനിക്കുണ്ടായ അനുഭവം തന്നെയാണ് ഒഴിവുദിവസത്തെ കളി സിനിമ.

കഥ സിനിമയാകുമ്പോള്‍? 

കഥ വായിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവമുണ്ടല്ലോ, ഒരു വരി വായിക്കുമ്പോള്‍ ആ വരി മാത്രമല്ല നമ്മള്‍ വായിക്കുന്നത് ആ വരിയിലൂടെ നമ്മള്‍ സ്വപ്‌നം കാണുന്നുണ്ട്. ഒരുപാട് ആലോചിക്കും. അത്തരം ആലോചനകളാണ് ആ സിനിമയായിട്ടുള്ളത്. കഥ എന്നുപറയുന്നത് സിനിമയെ സംബന്ധിച്ച് ഒരു റോ മെറ്റീരിയല്‍ മാത്രമാണ്. ആ റോ മെറ്റീരിയലിനെ ഇടിച്ച് പിഴിഞ്ഞ് വേറൊരു രീതിയിലേക്ക് ആക്കുമ്പോഴാണ് അത് സിനിമയുടെ ഒരു ലാഗ്വേജ് ആയിരിക്കുകയും എന്നാല്‍ കഥയോട് അടുപ്പം കൂടുതല്‍ തോന്നുകയുള്ളൂ എന്നാണെന്റെ ഒരു വിശ്വാസം. ഒഴിവുദിവസത്തെ കളിയുടെ കാര്യത്തില്‍ ഇപ്പോഴും ആളുകള്‍ എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യം ആറ് പേജുള്ള ഒരു കഥ എങ്ങനെ സിനിമയായി, സിനിമയാവും സിനിമയാക്കാന്‍ പറ്റും എന്ന്. അതിനെ തന്നെ രൂപാന്തരപ്പെടുത്തിയാല്‍ അത് സാധിക്കില്ല. ഒരുപാട് മാറ്റങ്ങള്‍ അതിനകത്തുണ്ട്, ഒരുപാട് കൂട്ടിച്ചേര്‍ക്കലുകളുണ്ട്. എല്ലാം ചെയ്യുമ്പോഴും ആ കഥ തന്നെ തിളങ്ങി നില്‍ക്കുന്നുമുണ്ട്. അതാണ് പോസിറ്റീവായ ഒരു കാര്യമെന്ന് തോന്നുന്നു.            

ഉണ്ണി ആര്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാളത്തില്‍ സജീവമായിട്ടുള്ള ആളാണ്. ചലച്ചിത്രരൂപത്തിലേക്ക് രൂപപ്പെടുത്താന്‍ എന്തുകൊണ്ട് ഉണ്ണി ആറിനെ സമീപിച്ചില്ല? 

ഈ കഥ വായിച്ചപ്പോള്‍ തന്നെ എന്റെ മനസില്‍ വന്ന കുറേയേറെ കാര്യങ്ങളില്‍ ഈ കഥയ്ക്ക് ബാഹ്യമായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഈ കഥയില്‍ വേണമെങ്കില്‍ എനിക്ക് ഓരോ കഥാപാത്രത്തിനും ബാക്ക് ഹിസ്റ്ററി പറയുകയും ഫ്ളാഷ് ബാക്കിലൂടെ പുറത്തേക്ക് പോവുകയും സാധാരണമായ രീതിയില്‍ ഡെവലപ്പ് ചെയ്യാം, പക്ഷേ ഞാനതല്ല വിചാരിച്ചത്. ആ കഥയുടേത് മാത്രമായ അന്തരീക്ഷം സ്വാംശീകരിച്ച് ചെയ്യാനാണ് വിചാരിച്ചത്. സ്‌ക്രിപ്റ്റ് എന്ന സംഗതി വേണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്‌ക്രിപ്റ്റ് ഒന്നും എഴുതാന്‍ പറ്റില്ലെന്ന് ഉണ്ണി ആര്‍ പറഞ്ഞു. വേണ്ട അത് ഞാന്‍ നോക്കിക്കൊളാം എന്നുപറഞു. ഉണ്ണി ആറിനെക്കൊണ്ട് തിരക്കഥ എഴുതിക്കുക എന്ന ആലോചന ഒരു ഘട്ടത്തിലും ഇല്ലായിരുന്നു.

തിരക്കഥ ഇല്ലാത്ത സിനിമ എന്നത് കുറേക്കൂടി വിശദീകരിക്കാമോ? തിരക്കഥ കത്തിച്ച് സിനിമ ചെയ്യണം എന്ന് രാജീവ് രവി പറഞ്ഞത് പോലെയാണോ? 

സിനിമയെ സംബന്ധിച്ച് കുറേ തെറ്റിദ്ധാരണകളുള്ളത് ഒന്ന് തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ അടിസ്ഥാനം എന്നതും നല്ല കഥയുണ്ടെങ്കില്‍ മാത്രമേ നല്ല സിനിമയുണ്ടാവുകയുള്ളൂ എന്നും തെറ്റിദ്ധാരണയുണ്ട്. എനിക്ക് തോന്നിയിട്ടുള്ളത് ഇത് രണ്ടും അതിന്റെ അസംസ്‌കൃത വസ്തുക്കളോ ഒരു രൂപരേഖയോ ആണ്. സിനിമ എന്നുപറയുന്നത് ഇതില്‍ നിന്നൊക്കെ വേറിട്ട ഒരു കലാരൂപമാണ്. തിരക്കഥ ഉണ്ടായാലും ഇല്ലെങ്കിലും സിനിമ നല്ലതാവുന്നത് ഇതിനെയൊന്നും ആശ്രയിച്ചല്ല. ഒരു ഉയരത്തിലേക്ക് കയറാന്‍ വേണ്ടിയിട്ട് നമ്മള്‍ ഒരു സ്റ്റെപ്പ് വെക്കും. ആ സ്റ്റെപ്പില്‍ ചവിട്ടിയിട്ട് ഉയരത്തിലേക്ക് കയറും. അതല്ലെങ്കില്‍ ഒരു വടി കുത്തി ഉയരത്തിലേക്ക് ചാടിപ്പോകും അതൊരു ഡിവൈസ് മാത്രമാണ്. നമ്മള്‍ എങ്ങനെ ചെയ്യണം, എന്ത് ചെയ്യണം എന്നുപയോഗിക്കുന്ന ഒരു ഡിവൈസ് ആണ്. അതുകൊണ്ട് തിരക്കഥ ഇല്ലായിരുന്നു എന്നുളളത് ഒരു അവകാശവാദമായിട്ടോ, ഗംഭീര കാര്യമായിട്ടോ ഞാന്‍ കരുതുന്നില്ല. ഈ സിനിമയ്ക്ക് തിരക്കഥ ഇല്ലായിരുന്നു അത്രേയുള്ളൂ. വേറെ ഒരു സിനിമ തിരക്കഥ ഇല്ലാതെ ചെയ്താല്‍ ചിലപ്പോ പാളിപ്പോകും. എഴുതി തയ്യാറാക്കിയ തിരക്കഥ ഇല്ല എന്നതിന്റെ അര്‍ത്ഥം തിരക്കഥ പൂര്‍ണമായും ഇല്ലാ എന്നല്ല. എഴുതി തയ്യാറാക്കാത്ത ഒരു തിരക്കഥ അത്രമാത്രം മനസില്‍ ഉള്ളതുകൊണ്ടാണ് സിനിമ സാധ്യമാകുന്നത്. അതുകൊണ്ട് തിരക്കഥ കത്തിപ്പോയാല്‍ പോലും അത് പോവില്ല, മനസിലുണ്ടാകുമല്ലോ.

ഭാഷാപരമായ പരിമതി മറികടന്ന് മറാത്തി ചിത്രവും കന്നഡ ചിത്രവും തമിഴ് സിനിമയുമെല്ലാം കേരളത്തില്‍ സ്വീകാര്യത നേടുന്നു. സായ്‌റാത്തും തിത്തിയും യുടേണുമൊക്കെ ഇവിടെ മള്‍ട്ടിപ്‌ളെക്‌സില്‍ പ്രദര്‍ശനത്തിനെത്തി. കേരളത്തില്‍ നിന്ന് ഒരു ഇന്‍ഡിപെന്‍ഡന്‍സ് സിനിമയ്ക്ക് സമാനമായി മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകരെ സൃഷ്ടിക്കാന്‍ കഴിയുമോ? 

മഞ്ജുളെയുടെ സിനിമ സീയാണ് തിയറ്ററുകളിലെത്തിക്കുന്നത്. ഞാന്‍ ഈ സിനിമയുമായി ഇറോസിനെ സമീപിച്ചിരുന്നു. ഇറോസ് പറഞ്ഞത് മലയാളത്തില്‍ ഒരു പടം ചെയ്തുനോക്കി കൈപൊള്ളി ഇനി ചെയ്യുന്നില്ല എന്നാണ്. അത്തരത്തില്‍ നമുക്ക് വളരെ ലിമിറ്റേഷന്‍സ് ഉണ്ട്. ആളുകള്‍ തെറ്റായ ചോയ്‌സ് എടുക്കും. തെറ്റായ ചോയ്‌സ് എടുത്തിട്ട് അതിനെ പ്രൊജക്ട് ചെയ്യും. അത് ഗംഭീര സിനിമയാണെന്ന് പ്രൊജക്ട് ചെയ്യും. ആളുകള്‍ തീയറ്ററില്‍ പോയി ഇത് കൊള്ളൂലല്ലോ എന്ന് പറഞ്ഞ് ആ ചോയ്‌സിനെ അപ്പാടെ നിരാകരിക്കും. ഈ കമ്പനികള്‍ എത്തിച്ചേരുന്ന കണ്‍ക്ലൂഷന്‍ ഇങ്ങനെയുള്ള സിനിമകള്‍ ഒന്നും ഇനി ഓടില്ല എന്നാണ്. അത് അവര്‍ ചെയ്യുന്ന വലിയ തെറ്റാണ്. സായ് റാത്ത് മാത്രമല്ല ഒരുപാട് സിനിമകള്‍ മറാത്തിയില്‍ ഇറങ്ങിയിട്ടില്ലേ. സായ്‌റാത്ത് ഇവര്‍ എന്തുകൊണ്ട് എടുത്തു എന്നു ചോദിച്ചാല്‍ സായ്‌റാത്തിന് അതിന്റേതായ ക്വാളിറ്റി ഉണ്ട് അത് ജനങ്ങളാല്‍ സ്വീകരിക്കപ്പെടും എന്ന ബോധ്യം ഉണ്ട്. നമ്മള്‍ ഇവിടെ ചെയ്യുന്നത് പെട്ടെന്ന് ഒരാലോചനയും ഇല്ലാതെ ഏതെങ്കിലും ഒക്കെ സിനിമ പ്രൊജക്ട് ചെയ്തിട്ട് ഗംഭീര സിനിമയാണ്, താരങ്ങളില്ലാത്ത സിനിമയാണ് നിങ്ങള് കാണൂ എന്നൊക്കെ പറഞ്ഞിട്ട് ഭയങ്കര ഹൈപ്പ് ഉണ്ടാക്കും. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ കേറിയിട്ട് പൂര്‍ണമായും അതിനെ നിരാകരിക്കും. അങ്ങനെ വരുമ്പോള്‍ പിന്നീട് ഒരു സിനിമയെയുംം പ്രോത്സാഹിപ്പിക്കില്ല. അതൊക്കയാണ് വലിയ പ്രശ്‌നങ്ങള്‍.

കൃത്യമായ മുന്‍മാതൃകയില്‍ അവാര്‍ഡ് നേട്ടമുണ്ടാക്കിയെത്തുന്ന സിനിമകള്‍ കൂടിയല്ലേ ഈ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ കാരണമായത്? 

തീര്‍ച്ചയായിട്ടും ഉണ്ട്. ഫോര്‍മുലാ സിനിമകള്‍ ആര്‍ട്ട് സിനിമയിലാണ് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. ഒരേ അച്ചില്‍ വാര്‍ത്ത സിനിമകള്‍ക്കൊക്കെ അവാര്‍ഡ് കൊടുക്കുന്നതും വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ തിയറ്ററുകളിലെത്തുമ്പോള്‍ കഴിഞ്ഞ സിനിമയും ഇപ്പോള്‍ അവാര്‍ഡ് നേടിയെത്തിയ ചിത്രവും തമ്മില്‍ ഒരു മാറ്റവുമില്ല. എല്ലാം ഒരുപോലത്തെ ആവുമ്പോള്‍ പിന്നെ അവര്‍ തിരിഞ്ഞുനോക്കില്ല. തീര്‍ച്ചയായിട്ടും സിസ്റ്റത്തിന്റെ പ്രശ്‌നം തന്നെയാണത്.

ബാഹുബലി രാജ്യത്തെ മികച്ച സിനിമയായി ദേശീയ അവാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെടുന്ന കാലത്ത് ഇന്‍ഡിപെന്‍ഡന്റ് സിനിമകള്‍ ഷോബിസിനസ് ലക്ഷ്യമിടുന്ന നൂറ് കോടി ചിത്രങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞുതീരുന്നില്ലേ? 

ഈ അവാര്‍ഡുകളുടെ മിഴിവ് കുറഞ്ഞുവരികയാണ്. ഇപ്പോള്‍ തന്നെ ആളുകള്‍ പറയുന്നുണ്ട്. അയാള്‍ക്ക് അവാര്‍ഡ് കിട്ടിയത് മറ്റെയാള്‍ പറഞ്ഞിട്ടായിരിക്കും, ആ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയത് അതിന്റെ കണ്ടന്റ് ഇങ്ങനെ ആയതുകൊണ്ടായിരിക്കാം എന്നൊക്കെ. അതിന്റെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മളെപ്പോലുള്ള സിനിമാക്കാര്‍ക്ക് സംഭവിക്കുന്നത് എന്താണെന്നുവെച്ചാല്‍ ഈ പറയുന്ന തട്ടുപൊളിപ്പന്‍ സിനിമകളുടെ കൂടെ അവാര്‍ഡ് കിട്ടുകയും എന്നാല്‍ തട്ടുപൊളിപ്പന്‍ സിനിമകളുടെ ഒപ്പം തീയറ്ററില്‍ എത്തുമ്പോള്‍ മത്സരിക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. രണ്ടിടത്തും അതിന്റെ മിഴിവ് ഇല്ലാതെ വരുന്ന അവസ്ഥ ഉണ്ട്. ഒഴിവുദിവസത്തെ കളിയെക്കുറിച്ച് പറഞ്ഞാല്‍ ഒരാള്‍പ്പൊക്കത്തിന്റെ അത്രേം അവാര്‍ഡൊന്നും കിട്ടിയിട്ടില്ല. പക്ഷേ കണ്ടവരില്‍ നിന്നുളള പ്രതികരണങ്ങള്‍ ഈ സിനിമയ്ക്ക് കൊടുക്കുന്ന ഒരു മൈലേജ് ഉണ്ട്. അവാര്‍ഡ് എന്നുപറഞ്ഞ സംഗതിയെ അത്രമാത്രം കൊണ്ടുനടക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. അവാര്‍ഡിന് സബ്മിറ്റ് ചെയ്യുമ്പോള്‍ എവിടെയാണ്, ആരാണ് ജൂറി എന്നൊക്കെ അറിഞ്ഞിട്ട് ആലോചിച്ചിട്ട് സബ്മിറ്റ് ചെയ്താല്‍ മതിയെന്നാണ് ഇപ്പൊള്‍ എന്റെ ഒരു തോന്നല്‍. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രത്യേകിച്ച് ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇതൊക്കെ കൃത്യമായിട്ട് ആര്‍ക്ക് ആര് എങ്ങനെ കൊടുക്കണം എന്ന് തീരുമാനിച്ചിട്ടാണ് കൊടുക്കുന്നത്. അവിടെ കൃത്യമായും നിലപാടുള്ള ഒരു സിനിമ എടുക്കുകയാണെങ്കില്‍ അവാര്‍ഡ് കിട്ടണമെന്ന് പ്രതീക്ഷിക്കുന്നത് ഭീകരമായ തെറ്റായിട്ട് തോന്നുന്ന ഒരു തലത്തിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.

പ്രധാന രാജ്യാന്തര ഫെസ്റ്റിവലുകളിലേക്കും നമ്മുടെ സിനിമകള്‍ എത്തുന്നില്ല. കന്നഡ ചിത്രം തിത്തി ലൊക്കാണോ ഫെസ്റ്റിവലില്‍ നേട്ടമുണ്ടാക്കി. മറാത്തി-ബംഗാളി ചിത്രങ്ങള്‍ പ്രധാന രാജ്യാന്തരമേളകളില്‍ എത്തുന്നുണ്ട്? 

മറാത്തി സിനിമയെ അവിടെയുള്ള സര്‍ക്കാര്‍ നേരിട്ട് പ്രമോട്ട് ചെയ്യുകയാണ്. മലയാളത്തില്‍ നമ്മള്‍ ഇന്‍ഡിവിഡ്യുല്‍ ആയിട്ടാണ് ചെയ്യുന്നത്. ഇതിനകത്തൊക്കെ എല്ലാ ഫെസ്റ്റിവലുകളിലും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ യൂറോപ്യന്‍ അജണ്ടകള്‍ ഒക്കെ വളരെയധികം വര്‍ക്ക് ചെയ്യുന്നുണ്ട്. ഒഴിവുദിവസത്തെ കളി കാന്‍ ഫെസ്റ്റിവലിലേക്ക് സപ്പോര്‍ട്ട് ചെയ്യപ്പെട്ട സിനിമയാണ്. അവസാന നിമിഷം വരെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് എനിക്ക് മറുപടി അയച്ചത്, ഇത് ചെയ്യാന്‍ പറ്റിയില്ല, ലൊക്കാണോയിലും വെനീസിലേക്കും റെക്കമന്റ് ചെയ്യാം എന്നാണ്. അതിന്റെ പിന്നാലെ നില്‍ക്കാന്‍ കോര്‍പ്പറേറ്റുകളില്ല അങ്ങനെയുള്ള കാര്യങ്ങള്‍ കാണും. അത്തരത്തിലുള്ള വെല്ലുവിളികളും പ്രശ്‌നങ്ങളും ഒക്കെ എല്ലായ്‌പ്പോഴുമുണ്ട്. പക്ഷേ എനിക്ക് വളരെ പ്രതീക്ഷയോടെ നല്‍കുന്നത് വേറെ ചില കാര്യങ്ങളിലാണ്. കാനില്‍ പോയെന്നോ ഫെസ്റ്റിവലില്‍ പോയെന്നോ ഇവിടെ അവാര്‍ഡ് കിട്ടിയെന്നോ എന്നതൊക്കെ രണ്ടാമത്തെ കാര്യമാണ്. അതിലൊക്കെ ഉപരി പ്രേക്ഷകരുടെ ആസ്വാദനം ഒരു ലെവലിലേക്കെങ്കിലും ട്വിസ്റ്റ് ചെയ്യാന്‍ സാധിച്ചാല്‍ അതായിരിക്കും സിനിമയുടെ ഏറ്റവും വലിയ ഹൈറ്റ് എന്നാണ് എന്റെ ഒരു തോന്നല്‍.

ആദ്യ ചിത്രത്തില്‍ പുരസ്‌കാരങ്ങളുടെ ബാഹുല്യം പരസ്യവാചകമായിരുന്നു. രണ്ടാം ചിത്രമെത്തുമ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ മികച്ച ചിത്രമെന്ന പ്രത്യേകത ടാഗ് ലൈനായി പോലും ഉപയോഗിച്ചിട്ടില്ല. അത് എന്തുകൊണ്ടാണ്? 

അവാര്‍ഡ് ലേബല്‍ ഉപയോഗിച്ചിട്ടേയില്ല. രണ്ട് കാര്യങ്ങളാണ് ഒഴിവാക്കിയത്. ഇതിനകത്ത് എല്ലാവരും പറഞ്ഞിട്ടുള്ള പൊളിറ്റിക്സ് എന്നത്. പിന്നെ അവാര്‍ഡുകളുടെ പിന്‍ബലം. ഇത് രണ്ടും മുന്‍വിധികളുണ്ടാക്കും. ഈ സിനിമ അത്തരം മുന്‍വിധികളോടെ കാണേണ്ടതല്ല. കാണുന്നവരാണ് ഈ ചിത്രം അവാര്‍ഡ് കിട്ടേണ്ടതായിരുന്നു എന്നും ഇത് ജാതിരാഷ്ട്രീയമാണെന്നും വിലയിരുത്തേണ്ടത്.

An offday game
An offday game
സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ സിനിമയുടെ സത്ത നശിപ്പിക്കുന്ന കാലത്താണ് ഈ സംഭാഷണം. അടുത്ത ചിത്രമായ സെക്‌സി ദുര്‍ഗ നിലവിലെ വ്യവസ്ഥയില്‍ സെന്‍സര്‍ ഷിപ്പ് ആക്രമണം ഉള്‍പ്പെടെ നേരിടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു? 

എതിര്‍പ്പുണ്ടാകുമല്ലോ എന്ന് കരുതി മുന്‍കരുതല്‍ സ്വീകരിക്കുന്നത് അവരെ സഹായിക്കലും വഴങ്ങികൊടുക്കലുമാണ്. സിനിമ ഉണ്ടാക്കുന്നത് പോലെ പ്രധാനമാണ് ആ സിനിമയിലെ നിലപാടിനൊപ്പം ഉറച്ചുനില്‍ക്കുക എന്നത്. സെക്‌സി ദുര്‍ഗ എന്ന പേര് വിവാദത്തിന് വേണ്ടി മനപൂര്‍വ്വം ഉപയോഗിച്ചതല്ല. അത് എന്റെ സിനിമയുടെ സബ്ജക്ടിന് അനുയോജ്യമായതിനാല്‍ ഇട്ടതാണ്. അത് പാടില്ല എന്നൊക്കെ പറഞ്ഞ് വന്നുകഴിഞ്ഞാല്‍ അത്തരം ഉമ്മാക്കികള്‍ക്കൊന്നും വഴങ്ങില്ല. ജനാധിപത്യരാജ്യം എന്ന സങ്കല്‍പ്പമൊക്കെ അപ്പോള്‍ തകര്‍ന്നുപോകില്ലേ.

റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കുക എന്നതും സമകാലിക സാമൂഹ്യാവസ്ഥ പരാമര്‍ശിക്കുക എന്നതും സെന്‍സറിംഗ് കാലത്ത് വെല്ലുവിളിയല്ലേ? 

ഇന്‍ഡിപെന്‍ഡന്‍ഡ് സിനിമകള്‍ ചെറുബജറ്റിലാണ് എന്നതിനാല്‍ തിയറ്ററുകളില്‍ കാണിക്കില്ല എന്ന് പറഞ്ഞാല്‍ പേടിച്ചുപോകില്ല. ഒരു കലാകാരന്‍ സിനിമയെടുക്കുന്നതിന് എതിര്‍പ്പുമായി ഇന്ന് വരുന്നവര്‍ നാളെ ഇന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന ആവശ്യമായിട്ടാകും വരിക. ജീന്‍സ് ഇട്ടാല്‍ കാല് വെട്ടിക്കളയും എന്നൊക്കെയാകും. അത് കൊണ്ട് കലാകാരന്മാര്‍ മാത്രമല്ല സിനിമയ്‌ക്കെതിരെയുള്ള നീക്കത്തിനെതിരെ രംഗത്ത് വരേണ്ടത്. സമൂഹം ഒന്നാകെ ഇത്തരം അസഹിഷ്ണുതയെ ചെറുക്കണം.

രണ്ട് സിനിമയും പ്രമുഖ താരങ്ങളില്ല. പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തി ചിത്രമൊരുക്കുക എന്നത് സനല്‍കുമാര്‍ എന്ന സംവിധായകന് ഇപ്പോള്‍ കുറേക്കൂടി എളുപ്പമല്ലേ. ഇനിയങ്ങോട്ട് അതുണ്ടാകുമോ? 

നമ്മുടെ സിനിമ ദുഷിച്ച് പോയത് സത്യം പറഞ്ഞാല്‍ താരം എന്ന അനാവശ്യമായ കണ്‍സെപ്റ്റ് കൊണ്ടാണ്. എനിക്ക് തോന്നുന്നില്ല അഭിനേതാക്കള്‍ പോലും അവര്‍ താരമാണെന്ന് വിശ്വസിക്കുണ്ടെന്ന്. നമ്മുടെ ആളുകളും ആരാധകരും ഇവരെ താരമായി വയ്ക്കുകയും അവരുടെ എല്ലാ ടാലന്റും നശിച്ച് മരവിച്ച് അവരെ മരക്കട്ട പോലെ താരമായി തൂങ്ങിക്കിടക്കുകയാണ് ചെയ്യുകയാണ്. നമ്മുക്ക് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലും വില നിശ്ചിയിക്കാനാത്ത മൂല്യമുള്ള അഭിനേതാക്കളുണ്ട്. ലോകത്തെ ഏത് അഭിനേതാക്കളുമായി മത്സരിക്കാന്‍ കെല്‍പ്പുള്ള ആര്‍ട്ടിസ്റ്റുകളുണ്ട്. പക്ഷേ ഇവരെല്ലാം രണ്ട് സിനിമകള്‍ കഴിയുമ്പോള്‍ മണ്ണിലിറങ്ങാത്ത താരമാവുകയാണ്. അത് ഇവരുടെ പ്രശ്‌നമല്ല. ഹിസ്റ്റീരിയ ബാധിച്ചത് പോലുള്ള ഒരു ജനക്കൂട്ടത്തിന്റെ പ്രശ്‌നമാണ്. നാളെ ഞാന്‍ ഒരു താരത്തെ വച്ച് സിനിമ ചെയ്താല്‍ സനല്‍കുമാര്‍ ശശിധരന്‍ ഒരു താരമാവുകയും അയാള്‍ മരവിച്ച് ചത്തുപോവുകയും ചെയ്യും. ഇതൊരു കടുംപിടുത്തമല്ല. അഭിനേതാവിനെയാണ് എനിക്ക് വേണ്ടത് താരത്തെയല്ല.