ഷാരൂഖ് ഖാന്‍ അഭിമുഖം: ‘ഇന്ത്യയില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന കാലത്തോളം എന്റെ വീടിന് പുറത്ത് ആളുണ്ടാവും’

July 2, 2016, 8:02 pm
ഷാരൂഖ് ഖാന്‍ അഭിമുഖം: ‘ഇന്ത്യയില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന കാലത്തോളം എന്റെ വീടിന് പുറത്ത് ആളുണ്ടാവും’
Interview
Interview
ഷാരൂഖ് ഖാന്‍ അഭിമുഖം: ‘ഇന്ത്യയില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന കാലത്തോളം എന്റെ വീടിന് പുറത്ത് ആളുണ്ടാവും’

ഷാരൂഖ് ഖാന്‍ അഭിമുഖം: ‘ഇന്ത്യയില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന കാലത്തോളം എന്റെ വീടിന് പുറത്ത് ആളുണ്ടാവും’

ബോളിവുഡ് എഡിറ്റര്‍, ഹഫിങ്ടണ്‍ പോസ്റ്റ് ഇന്ത്യ


ഹഫ്‌പോസ്റ്റ് ഇന്ത്യയില്‍ വന്ന അഭിമുഖം അനുമതിയോടെ പുന:പ്രസിദ്ധീകരിക്കുന്നത്. ഹഫ്‌പോസ്റ്റിനെ ഫേസ്ബുക്കില്‍ ഇവിടെ പിന്തുടരാം.

ഷാരൂഖ് ഖാനുമായി മുഖാമുഖം സംസാരിക്കുക എന്നതില്‍ ഒരു സമ്മോഹനത്വമുണ്ട്, എല്ലായ്‌പ്പോഴും. സംസാരിച്ചിരിക്കെ എപ്പോഴെങ്കിലും നിങ്ങളുടെ ശ്രദ്ധ മാറിയാല്‍ അതപ്പോള്‍ത്തന്നെ മനസിലാക്കിക്കളയും അദ്ദേഹം. പിന്നീടുള്ള മറുപടികളിലും അത് പ്രതിഫലിക്കും. മറ്റുള്ളവര്‍ക്ക് മുറിവേല്‍ക്കുമോ എന്ന ഭയത്താല്‍ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്ന മറ്റ് താരങ്ങള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്നു എസ്ആര്‍കെ. ഓരോ മുഖാമുഖവും സ്വതസിദ്ധമായ രീതിയില്‍ അനന്യമാക്കുന്നു അദ്ദേഹം.

സംസാരിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ പേര് ഇടയ്ക്കിടെ ആവര്‍ത്തിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. മറ്റാര്‍ക്കും കഴിയാത്തതുപോലെ നിങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയെ പിടിച്ചുവെന്നും ആഴത്തിലുള്ള ഒരു സംവേദനത്തിലേക്കുള്ള വാതില്‍ തുറക്കപ്പെട്ടുവെന്നും നിങ്ങള്‍ക്ക് തോന്നും. ഭഗവത് ഗീതയിലെ ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്ന അദ്ദേഹം പെട്ടെന്ന് ചിലപ്പോള്‍ ആപ്പിള്‍ സിഇഒ ടിം കുക്കിനെപ്പറ്റി പറയും. എന്നാല്‍ ഒറ്റനോട്ടത്തില്‍ പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങള്‍ ചേര്‍ത്ത് അര്‍ഥപൂര്‍ണമായ ഒരു സംവേദനവും അദ്ദേഹം സാധ്യമാക്കും.

അഭിനയജീവിതത്തില്‍ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് അദ്ദേഹത്തെ കാണാന്‍ മുംബൈയിലെ ഭവനമായ ‘മന്നത്തി’ലെത്തുന്നത്. നീല ജീന്‍സും നേവി ബ്ലൂ ടീഷര്‍ട്ടും ധരിച്ച് തന്റെ ലൈബ്രറിയിലേക്ക് അദ്ദേഹം കടന്നുവന്നു. കഴിഞ്ഞ രാത്രി സുഖകരമായ ഉറക്കം ലഭിക്കാത്തതിന്റെയും നന്നേ പുലര്‍ച്ചെ ഉണര്‍ന്നതിന്റെയും അസ്വസ്ഥത അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചിട്ടുണ്ടെന്ന് തോന്നി. മങ്ങിയ വെളിച്ചമാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. രണ്ട് കപ്പ് ചൂട് ചായ വന്നു. മാര്‍ക്കേസ് മുതല്‍ കൊയ്‌ലോയും മുരാകാമിയും വുഡി അലനും വരെ ഷെല്‍ഫുകളില്‍ നിരന്നിരിക്കുന്നു. വൈകുന്നേരമായിരുന്നു. മേഘാവൃതമായ ആകാശത്ത് ദുര്‍ബലമായ കിരണങ്ങളോടെ സൂര്യന്‍ കടലിനപ്പുറത്തേക്ക് മറയാന്‍ ഒരുങ്ങുന്നു. ഞങ്ങളുടെ സംഭാഷണം ആരംഭിച്ചു..

ഹിന്ദി സിനിമയുടെ ഭാഗമായിട്ട് 24 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഉയര്‍ച്ചതാഴ്ചകള്‍ ഒട്ടേറെ കണ്ട കരിയര്‍. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ എന്താണ് തോന്നുന്നത്? സംതൃപ്തിയുണ്ടോ? 

അങ്ങനെ വെറുതെ സന്തോഷിക്കാന്‍ ഞാനൊരു വിവരദോഷിയല്ല. എനിക്കിപ്പോള്‍ 50 വയസായി. അതില്‍ 25 വര്‍ഷവും ഞാന്‍ സിനിമയോടൊപ്പമായിരുന്നു. അതായത് ജീവിതത്തിന്റെ പകുതിയും ഞാന്‍ സിനിമയ്ക്കുവേണ്ടിയാണ് സമര്‍പ്പിച്ചത്. ആളുകള്‍ മരിക്കുന്ന പ്രായത്തിന്റെ ശരാശരി വച്ചുനോക്കിയാല്‍ ജീവിതത്തിന്റെ നാലില്‍ മൂന്നും ഞാന്‍ പിന്നിട്ടിരിക്കുന്നു.

സിനിമകള്‍ ചെയ്യുന്നതിന്റെ കാരണങ്ങള്‍ മാറിയിരിക്കുന്നു. ചെറുപ്പമായിരിക്കുമ്പോള്‍ ജീവിതം ഭൗതികമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിനാണ് പ്രധാന്യം. കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഭൗതികമായ ആഗ്രഹങ്ങളാണ് എന്നെ നയിച്ചത്. എനിക്കൊരു വീട് വേണമായിരുന്നു. പൂന്തോട്ടമുള്ള വീട് വേണമെന്നുണ്ടായിരുന്നു എനിക്ക്, കുട്ടികളുമൊത്ത് നടക്കാന്‍.

പക്ഷേ സിനിമകള്‍ ചെയ്യുന്നതിന്റെ കാരണങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. ഒരേ കാര്യം ഒരുപാട് കാലം തുടര്‍ച്ചയായി ചെയ്യുമ്പോള്‍ നമ്മുടെ സമീപനത്തില്‍ വ്യത്യാസം വരും. രണ്ട് കാര്യങ്ങള്‍ പറയാം. ഒന്ന്, പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടും. രണ്ട്, തോല്‍ക്കാനുള്ള ശേഷിയും നഷ്ടമാകും.

നിങ്ങള്‍ എപ്പോഴും വിജയിച്ചുകാണാനാണ് പ്രേക്ഷകര്‍ക്ക് ആഗ്രഹം. ഒരു ഡബിള്‍ സെഞ്ചുറി അടിക്കുമ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അദ്ദേഹത്തിന്റെ ഊന്നത്യത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. പക്ഷേ അപ്പോള്‍ത്തന്നെ മറ്റൊന്നുമുണ്ട്, സെഞ്ചുറി എന്നത് ഒരു കാര്യമല്ലാതാവുന്നു.

‘ഫാനി’നെക്കുറിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചിരുന്നത്. പക്ഷേ അത് സാമ്പത്തികമായി പരാജയപ്പെട്ടു. എങ്ങനെയാണ് ഇത്തരം പരാജയങ്ങളെ നേരിടുന്നത്? 

ബുദ്ധിമുട്ട് തോന്നിയില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാവും. പക്ഷേ, സംവിധായകന്‍ മനീഷ് ശര്‍മ്മയ്ക്കും നിര്‍മ്മാതാവ് ആദിത്യ ചോപ്രയ്ക്കും എനിക്കുമറിയാമായിരുന്നു ഇത് പണമുണ്ടാക്കില്ലെന്ന്. ഞങ്ങള്‍ അത്രയ്ക്ക് വിഡ്ഢികളല്ല. സിനിമയ്ക്ക് ഒരു നായികയില്ലായിരുന്നു. പാട്ടില്ലായിരുന്നു. പോരാത്തതിന് ഒരു ഉത്സവ സീസണിലല്ല അത് റിലീസ് ചെയ്യപ്പെട്ടത്. പക്ഷേ സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ല എന്നതുകൊണ്ട് എനിക്ക് അതിനോടുള്ള പ്രിയം ഇല്ലാതാവുന്നില്ല. എന്റെ ഹൃദയത്തോട് ചേര്‍ന്ന ചിത്രമാണ് ‘ഫാന്‍’. പക്ഷേ അടിസ്ഥാനപരമായ ഒരു പിശക് ഞങ്ങള്‍ക്ക് ആ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍ 
ഷാരൂഖ് ഖാന്‍ 
എന്താണത്? 

തന്റെ തകര്‍ന്ന ജീവിതത്തിന് പകരം ഒരു ‘ക്ഷമ’ മാത്രമാണ് ‘ഗൗരവ്’ ആര്യന്‍ ഖന്നയോട് ആവശ്യപ്പെടുന്നത്. ക്ഷമയ്ക്ക് പകരം ജീവിതം തന്നെയായിരുന്നു അയാള്‍ ആവശ്യപ്പെടേണ്ടത്. ‘എന്നിലെ ആരാധകനെ നിങ്ങള്‍ കൊന്നു. നിങ്ങളിലെ താരത്തെ എനിക്ക് കൊല്ലണം’ എന്ന് ഗൗരവ് പറയേണ്ടിയിരുന്നു. കേവലം ഒരു ‘ക്ഷമ’ കഥയുടെ കേന്ദ്രബിന്ദുവായത് കാണികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇതൊന്നുമല്ലെങ്കില്‍ അതൊരു നല്ല സിനിമ ആയിരിക്കില്ല. കാണികളില്‍ താല്‍പര്യം ജനിപ്പിക്കാന്‍ അതിന് കഴിഞ്ഞുകാണില്ല. അതിനാല്‍ അത് തിരസ്‌കരിക്കപ്പെട്ടു.

ഒരു ചിത്രം കമ്മിറ്റ് ചെയ്യുമ്പോള്‍, അതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട് മുന്നോട്ടുപോകുമ്പോള്‍ വലിയ കലാമൂല്യമില്ലാത്ത ഒന്നിലാണ് അഭിനയിക്കുന്നതെങ്കില്‍ അത് തിരിച്ചറിയാന്‍ കഴിയാറില്ലേ? അതോ അഥവാ അത് തിരിച്ചറിഞ്ഞാലും പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്നതില്‍ ആശങ്കയില്ലേ?  

പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് എപ്പോഴും ചുഴിഞ്ഞ് ചിന്തിക്കാനാവില്ല. നല്ല സിനിമകളും മോശം സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്. ചില വളരെ മോശം സിനിമകളും. എന്റെ സിനിമകള്‍ക്ക് വലിയ തോതില്‍ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.

എന്ത് തെരഞ്ഞെടുക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്. ഒരു കഥയുമായി ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് ചെയ്യണമെന്ന് തോന്നുകയാണ്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഇത് എനിക്കായുള്ളതല്ലെന്ന് തോന്നാറുണ്ട്. പക്ഷേ അതേസമയം അത് എന്നെക്കൊണ്ട് സാധിക്കുമോ എന്ന കൗതുകവുമുണ്ടാവും. ചിലപ്പോള്‍ ഞാനതില്‍ വിജയിക്കും. മറ്റുചിലപ്പോള്‍ പരാജയപ്പെടും. വിജയിച്ചു എന്നതുകൊണ്ട് അത്തരം വേഷങ്ങള്‍ വീണ്ടും ചെയ്യണമെന്ന് എനിക്ക് തോന്നാറില്ല. പരാജയപ്പെട്ടാല്‍ ഇനി ഒരിക്കലും ഇത്തരമൊരു ശ്രമം നടത്തരുത് എന്നും എനിക്ക് തോന്നാറില്ല. മറിച്ച് പരാജയപ്പെട്ട ശ്രമങ്ങള്‍ ആവര്‍ത്തിക്കാനാണ് തോന്നാറുള്ളത്.

‘മന്നത്തി’ന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുന്ന ‘കിംഗ് ഖാനെ’ ഒരുനോക്ക് കാണാനായി ഗേറ്റിന് പുറത്ത് ആരാധകരുടെ ഒരു വലിയ സംഘം ഉണ്ടാവും എപ്പോഴും. അവിടെ കാത്തുനില്‍ക്കാന്‍ ആരുമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ഭയമുണ്ടോ? 

ഉവ്വ്. പക്ഷേ.. ഒരു വലിയ ‘പക്ഷേ’ ഉണ്ട് അവിടെ. നമ്മുടെ രാജ്യത്ത് സിനിമകളൊന്നും നിര്‍മ്മിക്കപ്പെടാത്ത ഒരു കാലമായിരിക്കും അത്. ആരും കാത്തുനില്‍ക്കാനില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് പറഞ്ഞില്ലേ? അത് സംഭവിക്കാനുള്ള ഒരേയൊരു കാരണം ഇതായിരിക്കും. ഇവിടെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന കാലത്തോളം എന്റെ വീടിന് പുറത്ത് ആളുകളുണ്ടാവും, എന്നെയും കാത്ത്.

ഷാരൂഖ് ഖാന്‍- ആരാധകര്‍ക്കൊപ്പം ഒരു സെല്‍ഫി 
ഷാരൂഖ് ഖാന്‍- ആരാധകര്‍ക്കൊപ്പം ഒരു സെല്‍ഫി 
‘ദന്തഗോപുര’വാസികളായ മിക്കവരുടെയും വിശ്വാസമല്ലേ ഇത്? 

ആയിരിക്കാം. പക്ഷേ എന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയാം, ആളുകള്‍ എന്നെക്കുറിച്ച് അങ്ങനെയാവാം കരുതുന്നതെന്ന്. പ്രതീതിയാഥാര്‍ഥ്യത്തില്‍ വിശ്വസിച്ച്, ഒരു കുമിളയ്ക്കുള്ളില്‍ ജീവിക്കുന്നവനെന്നൊക്കെയാവും ആളുകള്‍ എന്നെക്കുറിച്ച് വിചാരിക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്, എനിക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്ന്. ഒരര്‍ഥത്തില്‍ അത് ശരിയുമാണ്. ഞാന്‍ ഒരു ‘ഫെറാരി’ ഓടിക്കുന്നു. കൊട്ടാരസദൃശമായ ഒരു ബംഗ്ലാവില്‍ ജീവിക്കുന്നു. സാധാരണ മനുഷ്യരുമായി ഞാന്‍ ബന്ധപ്പെടുന്നത് കാണുന്ന സിനിമകളിലൂടെ മാത്രമാണ്. അത് ഒരു ഭാവനാലോകമല്ലേ? ആളുകള്‍ എന്നെ കൈവീശി കാണിക്കുകയും ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും ചെയ്യും. ഇതിനോടൊക്കെ സന്തോഷത്തോടെ പ്രതികരിക്കും ചിലപ്പോള്‍. മറ്റുചിലപ്പോള്‍ മറിച്ചും. തിരികെ വീട്ടിലെത്തി ഉറങ്ങും. അത്രതന്നെ. പക്ഷേ നിങ്ങള്‍ക്ക് ഒരു കാര്യം അറിയുമോ? എനിക്ക് ആ മനുഷ്യരെയെല്ലാം അനുഭവിക്കാനാവും. ഒരു സിനിമ വിജയിച്ചാല്‍ എഴുനൂറ് പേര്‍ കാണും എന്റെ ഗേറ്റിന് പുറത്ത്. അടുത്തിറങ്ങിയ സിനിമ പരാജയമാണെങ്കില്‍ ആളുകള്‍ കുറയും അവിടെ. എത്രയോ വര്‍ഷങ്ങളായി ഇത് കാണുന്നു. പക്ഷേ ഇപ്പോഴുമുണ്ട് അവിടെ ആളുകള്‍. അതൊരു പ്രതീതിയല്ലല്ലോ, യാഥാര്‍ഥ്യമല്ലേ?

ആ ഗേറ്റിന് വെളിയില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് മികച്ച വിനോദം ഒരുക്കി നല്‍കുക കടമയല്ലേ? ‘മികച്ചത്’ എന്നതുകൊണ്ട് എന്തെങ്കിലും ‘മൂല്യമുള്ളത്’ എന്നാണ് ഉദ്ദേശിച്ചത്.വെറും ‘എസ്‌കേപ്പിസത്തെ സഹായിക്കുന്നത്’ മാത്രമല്ലാതെ? 

ശരിയാണ്. അങ്ങനെയൊന്നുണ്ട്. വര്‍ഷങ്ങള്‍ എത്ര കടന്നുപോയി. മുന്‍പത്തേക്കാളൊക്കെ ഞാനിപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കലയുടെ കാര്യത്തില്‍ ഞാന്‍ പറയുന്നില്ല, പക്ഷേ എന്റെ ക്രാഫ്റ്റിന് ഞാന്‍ മൂര്‍ച്ഛ കൂട്ടിയിട്ടുണ്ട്. ഞാനിപ്പോള്‍ കൂടുതല്‍ എഴുതുന്നു. അധികം വായിക്കുന്നു. പശ്ചാത്തലത്തിലൊന്നും അമ്പേ വ്യത്യാസം വരുത്താന്‍ കഴിയാറില്ലെങ്കിലും എന്തെങ്കിലും പുതിയത് ചെയ്യാന്‍ തന്നെയാണ് എന്റെ ശ്രമം. എന്റെ എല്ലാ കഥാപാത്രങ്ങളും ഒരുപോലെയാണോ? രാജിനെപ്പോലെയാണോ രാഹുല്‍? അതുപോലെയാണോ ആര്യന്‍? പ്രേക്ഷകരെക്കുറിച്ച് നിങ്ങള്‍ എന്താണ് വിചാരിച്ചത്? എപ്പോഴും ഒരേ കാര്യം ഇഷ്ടപ്പെടാന്‍ തക്കവണ്ണം വിഡ്ഢികളാണോ അവര്‍? നമ്മള്‍ പറയുന്നതിലെ സൂക്ഷ്മവ്യത്യാസങ്ങള്‍ പോലും കണ്ടറിഞ്ഞ് പ്രതികരിക്കുന്നവരാണ് അവര്‍. ഞാന്‍ പ്രണയകഥകളില്‍ മാത്രം അഭിനയിക്കുന്നുവെന്നാണ് എന്റെ വിമര്‍ശകര്‍ പറയുന്നത്. എന്റെ കഥാപാത്രങ്ങളെ അങ്ങനെ സാമാന്യവല്‍ക്കരിക്കുന്നതില്‍ കാര്യമുണ്ടോ? സ്ത്രീകള്‍ക്ക് എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം തോന്നുന്നുവെങ്കില്‍ അമ്മമാര്‍ക്ക് ഒരു മാതൃകാ പുത്രനാണ് ഞാന്‍. ഷാരൂഖ് ഖാന്റെ സൂക്ഷ്മഭേദങ്ങള്‍ അവര്‍ കണ്ട് മനസിലാക്കിയിട്ടുള്ളതുകൊണ്ടാണ് അത്. അല്ലാതെ കാരിക്കേച്ചറുകാര്‍ വരയ്ക്കുന്നതുപോലെ ഇരുകൈകളും നീട്ടി നില്‍ക്കുന്ന ഒരു ഷാരൂഖ് ഖാനെ മാത്രം കാണുന്നതുകൊണ്ടല്ല.

പക്ഷേ അത്തരത്തില്‍ ഒരു കാരിക്കേച്ചര്‍ രൂപപ്പെട്ടതില്‍ താങ്കള്‍ക്കും പങ്കില്ലേ? ഇരുകൈകളും വശങ്ങളിലേക്ക് നീട്ടി നില്‍ക്കുന്ന ഒരു പ്രണയാതുര നായകന്റെ പ്രതിച്ഛായാ നിര്‍മ്മാണത്തില്‍?  

നിഷേധിക്കുന്നില്ല. സ്വന്തം പ്രതിച്ഛായയെക്കുറിച്ച് എനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് അത്. പ്രേക്ഷകര്‍ എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് എനിക്കറിയാം. അവര്‍ക്ക് ഞാന്‍ അത് നല്‍കുന്നു. കാരണം അതവരെ ഭയങ്കരമായി സന്തോഷിപ്പിക്കുന്നു. പക്ഷേ ആ സിനിമകളെയൊക്കെ ഞാന്‍ കാണുന്നത് ഒരു തമാശയായിക്കൂടിയാണ്. ‘മേം ഹൂ ന’യില്‍ സുഷ്മിതാ സെന്നിന്റെ കഥാപാത്രത്തെ കാണുമ്പോള്‍ എന്റെ കഥാപാത്രം അങ്ങനെയല്ലേ നില്‍ക്കുന്നത്? അത് എന്റെ പ്രതിച്ഛായയില്‍ ഊന്നി ഞാന്‍ തന്നെ ചെയ്ത ഒരു തമാശയാണ്. ഏറ്റവും ആത്മവിമര്‍ശനമുള്ള താരം ഞാനായിരിക്കും, ഒരുപക്ഷേ ലോകത്തില്‍ത്തന്നെ. ഞാന്‍ നന്മയുള്ള ഒരാളായതുകൊണ്ടാണ് അത്. നിങ്ങള്‍ ഒരു നല്ല മനുഷ്യനല്ലെങ്കില്‍ നിങ്ങള്‍ക്ക് ആത്മപരിഹാസം പറ്റില്ല. ധാര്‍ഷ്ട്യമുള്ള ഒരാളല്ല ഞാന്‍. സത്യസന്ധതയോടെയാണ് ഞാന്‍ ജീവിച്ചിട്ടുള്ളത്, വിനയത്തോടെയും.

എനിക്ക് അഞ്ച് തരം രസങ്ങള്‍ മാത്രമേ പ്രകടിപ്പിക്കാനറിയൂ എന്ന് ഞാന്‍ തമാശപറഞ്ഞിട്ടുണ്ട്. അന്‍പത് ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നത് എനിക്ക് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറയാന്‍ കഴിയുന്നത്. ഇതൊന്നും വലിയ വായില്‍ വിളിച്ചുകൂവേണ്ട കാര്യം എനിക്കില്ല. മറ്റുള്ളവരുടെ വാഴ്ത്തലുകള്‍ ‘റീ ട്വീറ്റ്’ ചെയ്തുകൊണ്ടിരിക്കുന്ന ഒരു താരമല്ല ഞാന്‍. എനിക്കൊരു ജോലിയുണ്ട്. അത് ഞാന്‍ നന്നായി ചെയ്യുന്നു. അത് നന്നായി ചെയ്തില്ലെങ്കില്‍ ഞാന്‍ പരാജയപ്പെടും.

ഷാരൂഖ് ഖാന്‍ 
ഷാരൂഖ് ഖാന്‍ 
മത്സരത്തില്‍ നിന്ന് പിന്നോക്കം പോകുന്ന ഒരാളല്ല താങ്കള്‍. മറിച്ച് എപ്പോഴും അതിനെ നേരിടുന്നയാളാണ്. പിന്നെന്തുകൊണ്ടാണ് സല്‍മാന്‍ ഖാന്റെ ‘സുല്‍ത്താനു’മായുള്ള മത്സരം ഒഴിവാക്കാന്‍ ‘റയീസി’ന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്?  

ഞങ്ങള്‍ എല്ലാവരും സുഹൃത്തുക്കളാണ്. ആദിയും (ആദിത്യ ചോപ്ര, യാഷ് രാജ് ഫിലിംസ്) സല്‍മാനും ഞാനുമൊക്കെ. ആകെയുള്ളത് 3500 സ്‌ക്രീനുകളാണ്. രണ്ട് വമ്പന്‍ ചിത്രങ്ങളെ സംബന്ധിച്ച് അത് ഒന്നുമല്ല. പിന്നില്‍ നിന്നുള്ള കളികളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇവിടെ എല്ലാം സുതാര്യമാണ്. യാഷ് രാജ് ഫിലിംസിന് വേണ്ടി ഞാന്‍ ഒരു ചിത്രം പൂര്‍ത്തിയാക്കിയതേയുള്ളൂ. പരസ്പരം കെട്ടിപ്പിടിച്ചതിന് ശേഷം നേരെ മീററ്റിലേക്ക് പോയി എന്റെ സിനിമയ്ക്കുവേണ്ടി ഒരു തീയേറ്റര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. എന്നെക്കൊണ്ട് പറ്റില്ല അത്.

ഇത് തന്നെയാണോ കാരണം? അല്ലാതെ കഴിഞ്ഞ ക്രിസ്മസിന് ‘ബജിറാവു മസ്താനി’യുടെ അതേ ദിവസമിറങ്ങിയ ‘ദില്‍വാലെ’ പരാജയം രുചിച്ചതുകൊണ്ടല്ല? 

അത് വ്യത്യസ്തമായിരുന്നു. മത്സരസ്വഭാവമുള്ള ഒരു പ്രൊഡക്ഷന്‍ ഹൗസായിരുന്നു അത്. ഞാന്‍ അവരോട് പത്ത് തവണയെങ്കിലും സംസാരിച്ചിട്ടുണ്ട്, റിലീസ് ഡേറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട്. സഞ്ജയ് ലീല ജന്‍സാലിയോടും ഞാന്‍ അത്രയും തവണ സംസാരിച്ചിരുന്നു. രണ്ട് ചിത്രങ്ങള്‍ ഒരേസമയം വന്നാലുള്ള പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞു. ഇറോസിന്റെ ലോസ് ആഞ്ചലസ് ഓഫീസിലേക്ക് ഞാന്‍ പോയി. പക്ഷേ അവര്‍ തീരുമാനം എടുത്തിരുന്നു. പിന്നെ ഞാന്‍ രോഹിത്ത് ഷെട്ടിയോട് പറഞ്ഞു, നമ്മുടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാമെന്ന്. പക്ഷേ തീരുമാനത്തില്‍ അദ്ദേഹവും ഉറച്ചുനില്‍ക്കുകയായിരുന്നു. മുന്‍പൊന്നും ഇങ്ങനെ ആയിരുന്നില്ല. പക്ഷേ അവര്‍ പറഞ്ഞത് അവരാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് എന്നാണ്. പക്ഷേ റിലീസ് തീയ്യതി പറഞ്ഞു എന്നത് ഒരു കാര്യമാണോ? മാറ്റാന്‍ പറ്റാത്തതാണോ? നിങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോഴല്ലേ നിങ്ങള്‍ ഒരു ചിത്രം റിലീസ് ചെയ്യുന്നത്? ഒരാഴ്ച മുന്‍കൂട്ടിയെങ്കിലും ‘ബജിറാവു’ റിലീസ് ചെയ്യാനാവുമോ എന്നുപോലും ഞാന്‍ അവരോട് ചോദിച്ചു. പകരം അവര്‍ പറയുന്ന എന്ത് നിബന്ധനയ്ക്കും തയ്യാറായിരുന്നു. പക്ഷേ വിചിത്രമായ ചിലതാണ് പിന്നീട് സംഭവിച്ചത്. അവരില്‍ ഒരാള്‍ എന്നോട് പറഞ്ഞു, ‘പണ്ഡിറ്റ്ജിയാണ് ഞങ്ങളുടെ റിലീസ് ഡേറ്റ് തീരുമാനിച്ചത്’ എന്ന്. റിലീസ് ഡേറ്റിനെക്കുറിച്ച് ഒരു ജോത്സ്യനുമായി തര്‍ക്കിക്കാന്‍ എനിക്ക് തോന്നിയില്ല. യുക്തിസഹമായ ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ അടഞ്ഞുപോയിരുന്നു. യുക്തിക്കുമേല്‍ വിശ്വാസം വിജയിച്ചു. നിര്‍ഭാഗ്യകരമായിരുന്നു ഫലം. ‘ദില്‍വാലെ’ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു, വിദേശ കളക്ഷന്‍ മൂലം.

ഇക്കാലത്ത് ജീവിക്കുന്നതിന്റെ അനുഭവം എന്താണ്? 

ഒരു ‘താരജീവിത’ത്തിന് അതിന്റേതായ പ്രത്യേകയുണ്ട്. കാലത്തെ തന്നില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കാര്യമായി കാണുന്നില്ല അയാള്‍. നിങ്ങളാണ് കാലം. നിങ്ങളാണ് അതിനെ നിര്‍മ്മിക്കുന്നത്. ചില അഭിനേതാക്കളൊക്കെ അടുത്ത കാലത്ത് പറയുന്നത് കേട്ടിട്ടുണ്ട്, പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ പക്വത വന്നിട്ടുണ്ടെന്ന്, പലതരം സിനിമകള്‍ സാധ്യമാണെന്നൊക്കെ. എന്താണിവര്‍ പറയുന്നത്? ഇവര്‍ പറയുന്നത് പ്രകാരം കാണികള്‍ മുന്‍പ് വിഡ്ഢികളായിരുന്നെന്നാണോ? ഞാന്‍ അങ്ങനെ പറയില്ല. എക്കാലവും അവര്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നു. ചിന്തയാലുള്ള ഒരു ‘മനസിലാക്കല്‍’ അല്ല അത്. മറിച്ച് അവര്‍ കാര്യങ്ങളെ അനുഭവിക്കുകയാണ്. ചിന്തയെക്കാള്‍ ആയിരം മടങ്ങ് കരുത്തുണ്ട് വികാരങ്ങള്‍ക്ക്. ചിന്ത ഉണ്ടാവുന്നതുപോലും വികാരത്തില്‍ നിന്നല്ലേ?

പക്ഷേ നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് താങ്കള്‍ക്ക് ഭയം തോന്നുന്നില്ലേ? നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ചില സ്ഥാപനങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലേ? പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, സിബിഎഫ്‌സി, ഏറ്റവുമൊടുവില്‍ എന്‍ഐഎഫ്ടി ഇവിടങ്ങളിലൊക്കെ യാഥാസ്ഥിതികമായ ചില ഘടകങ്ങള്‍ മേല്‍ക്കൈ നേടുന്ന കാഴ്ചയില്ലേ? ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയുടെ സെന്‍സര്‍ഷിപ്പ് താങ്കളെ നേരിട്ടുതന്നെ ബാധിക്കുന്ന ഒന്നല്ലേ? എന്തുകൊണ്ടാണ് ഇതിനെതിരെയൊന്നും പ്രതികരിക്കാത്തത്, പ്രതിഷേധിക്കാത്തത്?  

ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചു. പക്ഷേ ഞാന്‍ സമ്മതിക്കുന്നു, നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടക്കുന്നതൊക്കെ.

ഇപ്പോള്‍ നടക്കുന്നത് ചിന്തയുടെ സെന്‍സറിങാണ്. അതിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതല്ലേ നമുക്ക് ചുറ്റും നടക്കുന്നത്?  

കുറച്ചുകാലമായി സെന്‍സറിംഗ് ഒരു പ്രശ്‌നം തന്നെയാണ്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അതുമൂലം എനിക്കും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ അവ വളരെയൊന്നുമില്ല. കാരണം കുടുംബ ചിത്രങ്ങളല്ലേ ഞാന്‍ നിര്‍മ്മിച്ചിട്ടുള്ളതൊക്കെ. വ്യത്യസ്ത സര്‍ക്കാരുകള്‍ നിയമിക്കുന്ന വ്യത്യസ്ത കമ്മറ്റികള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഉണ്ടാവുക.

നോക്കൂ, ഒരു നിയമത്തിലൂന്നി ഒരു വ്യത്യസ്ത വ്യാഖ്യാനം അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അത് ദുര്‍വ്യാഖ്യാനമാവുമ്പോഴാണ് കുഴപ്പം. അങ്ങനെവന്നാല്‍ ആ നിയമം മാറ്റാന്‍ സമയമായെന്നാണ് അര്‍ഥം. ‘ഉഡ്താ പഞ്ചാബി’ന്റെ കാര്യത്തില്‍ പഹ്‌ലാജ് ജിയും സംഘവും നിയമപുസ്തകത്തെ അവരുടെ രീതിയില്‍ വ്യാഖ്യാനിച്ചു. ഒരുപക്ഷേ അതിനെ ചോദ്യംചെയ്യേണ്ട കാര്യമില്ല. പക്ഷേ ഈ നിയമപുസ്തകം എന്നത് നിങ്ങള്‍ക്ക് എപ്പോഴും ചോദ്യം ചെയ്യാനും തിരുത്തലിലേക്ക് എത്തിക്കാനും അവകാശമുള്ളതാണ്. ദുര്‍വ്യാഖ്യാനത്തിന് ഇടനല്‍കാത്ത രീതിയില്‍ നിയമപുസ്തകങ്ങള്‍ എഴുതപ്പെടേണ്ടതാണ്. അപ്പോള്‍ സര്‍ക്കാരുകള്‍ മാറുമ്പോഴും പ്രശ്‌നമുണ്ടാവില്ല.

പക്ഷേ ഇന്റസ്ട്രിയും ഒന്ന് മനസിലാക്കണം. ട്വിറ്റര്‍ വാറിലൂടെ നിങ്ങളുടെതന്നെ പ്രതിഷേധത്തിന്റെ വ്യാപ്തി കുറയ്ക്കുകയാണ് നിങ്ങള്‍. ഒരു സ്ഥാപനത്തിന്റെ തലവനുമായല്ലല്ലോ കലഹം വേണ്ടത്. പകരം ആ സ്ഥാപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങളുമായല്ലേ? ആ തലവന്‍ ചിലപ്പോള്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ടേക്കാം. പക്ഷേ പകരം പുതിയൊരാള്‍ വരില്ലേ? എന്നിട്ടും നിയമങ്ങളില്‍ വ്യത്യാസം വരുന്നില്ലെങ്കില്‍ എന്താണ് കാര്യം?

പ്രതിഫലക്കാര്യത്തില്‍ ലിംഗപരമായ വലിയ വ്യത്യാസം നിലനില്‍ക്കുന്ന ഇടമാണ് ബോളിവുഡ്. പക്ഷേ ഇവിടുത്തെ മുന്‍നിര താരങ്ങളെല്ലാം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്? 

ഇന്‍ഡസ്ട്രിയിലുള്ള ഓരോ സ്ത്രീയും അവിടെയുള്ള പുരുഷന്മാരേക്കാള്‍ മൂന്നിരട്ടി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. പക്ഷേ പത്ത് മടങ്ങ് കുറവ് പ്രതിഫലമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഒരു കാര്യം പറയാം. എന്റെ കമ്പനിയില്‍ അങ്ങനെയല്ല. നിര്‍മ്മാണത്തില്‍ പങ്കാളിത്തമില്ലാതെ അഭിനയിക്കുക മാത്രം ചെയ്യുന്ന ചിത്രങ്ങളില്‍ എനിക്കത് നടപ്പാക്കാനാവില്ല. പക്ഷേ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ പ്രതിഫലക്കാര്യത്തില്‍ ലിംഗപരമായ വ്യത്യാസമില്ലെന്ന് ഉറപ്പിച്ച് പറയാനാവും. പിന്നെ, അവരുടെ പേരുകളാവും എന്റേ പേരിനേക്കാള്‍ മുന്‍പേ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതും.

ഞാന്‍ മാറ്റത്തെക്കുറിച്ച് വെറുതെ സംസാരിക്കുകയല്ല. മറിച്ച് ഞാനാണ് മാറ്റം. നായികയുടെ പേര് എന്റെ പേരിനേക്കാള്‍ മുന്‍പെയാണ് ഞാന്‍ നിര്‍മ്മിക്കുന്ന സിനിമകളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെടുക. സെറ്റിലും അങ്ങനെയാവും അവരോടുള്ള സമീപനം. ‘തൂ’ എന്ന് ആരും അവരെ വിളിക്കില്ല. മറിച്ച് ‘ആപ്’ എന്നാവും സംബോധന.

ഷാരൂഖ് ഖാന്‍ 
ഷാരൂഖ് ഖാന്‍ 
ലോകത്തെ ഏറ്റവും വലിയ താരം എന്നൊക്കെയുള്ള വിശേഷണങ്ങള്‍ താങ്കള്‍ക്കുമേല്‍ ചാര്‍ത്തപ്പെടാറുണ്ട്. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ ആകര്‍ഷണീയമായ ഒരു ജീവിതമാണ് ജീവിക്കുന്നതും. ഉപയോഗിക്കാന്‍ കഴിയുന്നതിലുമധികം മുറികളുള്ള ഒരു വീട്, ഫാന്‍സി കാറുകള്‍, ആഡംബരപൂര്‍ണമായ യാത്രകള്‍.. ഷാരൂഖ് ഖാന്‍ ആയിരിക്കുക എന്നത് എന്താണെന്ന് ഭൂരിപക്ഷത്തിനും ഒരിക്കലും മനസിലാക്കാനാവാത്ത തരത്തില്‍ മോഹാലസ്യപ്പെടുത്തുന്ന സമൃദ്ധിക്ക് നടുവിലാണ് താങ്കളുടെ ജീവിതം. എന്നിരിക്കിലും ഒരുതരം വിഷാദകരമായ മടുപ്പുണ്ടാക്കാനും സാധ്യതയില്ലേ ഇത്തരമൊരു ജീവിതം? ആഗ്രഹിച്ചിട്ട് നേടാനായി ഇനിയൊന്നും ബാക്കിയില്ലാത്ത അവസ്ഥ? 

ആളുകളുടെ ഹൃദയത്തില്‍ സവിശേഷമായ ഒരു ഇടമുണ്ടെന്നത് എനിക്കറിയാം. അര്‍ഹിക്കുന്നതിലുമധികം സ്‌നേഹം അവര്‍ നല്‍കുന്നു. ആ സ്‌നേഹം അതേപടി നിലനിര്‍ത്തുകയെന്നതാണ് വലിയ ആഗ്രഹം. ആ ആഗ്രഹമാണ് ഓരോ പ്രഭാതത്തിലും എന്നെ ഉണര്‍ത്തുന്നത്.

കരിയറിന്റെ ആദ്യ അഞ്ച് വര്‍ഷം എനിക്ക് ഇതിനെക്കുറിച്ചൊന്നും ധാരണയുണ്ടായിരുന്നില്ല. അതില്‍നിന്ന് എത്ര വ്യത്യസ്തമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാര്യം? അവര്‍ തരുന്ന സ്‌നേഹത്തിന് ഞാന്‍ അര്‍ഹനാണെന്ന് സ്വയം ബോധ്യപ്പെടാനുള്ള ഒരു ശ്രമമുണ്ട് എന്റെ സിനിമാ പരിശ്രമങ്ങളില്‍. ഈ 300 കോടി ആളുകള്‍ക്കൊപ്പം ഇരിക്കണമെന്നുണ്ട് എനിക്ക്. എന്നിട്ട് അവരോട് ചോദിക്കണം, ‘ഈ സ്‌നേഹമെല്ലാം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ? നിങ്ങളെ അത്രമാത്രം ഞാന്‍ രസിപ്പിച്ചിട്ടുണ്ടോ?’ ഈ ചോദ്യത്തിന് അവര്‍ പറയുന്ന ഉത്തരം എനിക്ക് കേള്‍ക്കണം. ഈ ആകാംക്ഷയാണ് എന്നെ ജീവനോടെ നിലനിര്‍ത്തുന്നത്, എന്നെ ഉറക്കുന്നതും ഉണര്‍ത്തുന്നതും ഒരു ഷൂട്ടിംഗ് സെറ്റിലേക്ക് പറഞ്ഞുവിടുന്നതും.

ഹഫ്‌പോസ്റ്റ് ഇന്ത്യയില്‍ വന്ന അഭിമുഖം അനുമതിയോടെ പുന:പ്രസിദ്ധീകരിക്കുന്നത്. ഹഫ്‌പോസ്റ്റിനെ ഫേസ്ബുക്കില്‍ ഇവിടെ പിന്തുടരാം.