നിതിന്‍ ലൂക്കോസ് അഭിമുഖം: ശബ്ദമെഴുത്തിലെ വ്യാകരണങ്ങൾ

July 18, 2017, 12:43 pm
നിതിന്‍ ലൂക്കോസ് അഭിമുഖം: ശബ്ദമെഴുത്തിലെ വ്യാകരണങ്ങൾ
Interview
Interview
നിതിന്‍ ലൂക്കോസ് അഭിമുഖം: ശബ്ദമെഴുത്തിലെ വ്യാകരണങ്ങൾ

നിതിന്‍ ലൂക്കോസ് അഭിമുഖം: ശബ്ദമെഴുത്തിലെ വ്യാകരണങ്ങൾ

ചലച്ചിത്രകാരനും ചലച്ചിത്ര നിരൂപകനും

സമകാലീന സിനിമയിലെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസുമായി കൃഷ്‌ണേന്ദു കലേഷ് നടത്തിയ ദീർഘ സംഭാഷണം. ശബ്ദ സംവിധാനത്തിന്റെ ആവശ്യകതയെയും സാധ്യതകളെയും കുറിച്ച് നിതിൻ ലൂക്കോസിന് പറയാനുള്ളത്.

'ഗോഡ്‌ഫാദർ' സിനിമയുടെ ശില്പിയും, വിഖ്യാത സംവിധായകനുമായ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ എഡിറ്റർ ആയിരുന്നു വാൾട്ടർ മർച്ച്. പഴയ അനലോഗ് (ഡിജിറ്റൽ സിനിമകൾക്ക് മുൻപ്) കാലഘട്ടങ്ങളിൽ ട്രാക് ലെയിങ് എന്ന പ്രക്രിയയിലൂടെ ഫിലിം എഡിറ്റർ തന്നെയായിരുന്നു സൗണ്ട് ട്രാക്കുകൾ ഫിലിമിലേക്കു ചേർത്തിരുന്നത്. പ്രതിഭാശാലിയായ വാൾട്ടർ മർച്ച് വളരെ ക്രിയാത്മകമായിയായിരുന്നു തന്റെ കൈവശമുള്ള പലതരം സൗണ്ട് ട്രാക്കുകൾ സിനിമയിലെ സന്ദർഭങ്ങളോട് ചേർത്ത്, 6 ട്രാക്ക് ഓഡിയോ ഔട്ട് പുട്ടിലേക്ക് ആലേഖനം ചെയ്തിരുന്നത്. ഓരോ ചാനലിനും പ്രത്യേക ശബ്ദങ്ങൾ ക്രമീകരിക്കുന്നതിനായി അദ്ദേഹം നോട്ടുകൾ വരെ തയ്യാറാക്കിയിരുന്നു. അങ്ങനെ Apocalypse Now (1979) എന്ന ചിത്രത്തിൽ ആദ്യമായി സറൗണ്ട് എന്ന ശബ്ദവിന്യാസം 70mm ഫിലിമിലേക്ക് ആലേഖനം ചെയ്യപ്പെട്ടു. ഈ അധ്വാനത്തിന്റെ ഫലമായാണ് സിനിമയുടെ ക്രെഡിറ്റിൽ ആദ്യമായി 'സൗണ്ട് ഡിസൈനർ' എന്ന പേര് വിളക്കിച്ചേർക്കപ്പെട്ടത്, അത് കൊപ്പോള എന്ന സംവിധാനപ്രതിഭയുടെ തീരുമാനവും അദ്ദേഹം മർച്ചിനു കൊടുത്ത ആദരവുമായിരുന്നു.

ഇതേ കൊപ്പോള ജൂറി ചെയർമാനായിരുന്ന 2015 ലെ മറക്കേഷ് (മൊറോക്കോ) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ജൂറി ചിത്രമായി തിരഞ്ഞെടുത്തത് ഇരുപത്തഞ്ചുകാരനായ റാം റെഡ്‌ഡി സംവിധാനം ചെയ്ത 'തിതി' എന്ന കന്നഡ ചിത്രമായിരുന്നു. പ്രശസ്തമായ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ നിന്നും പുരസ്കാരം നേടിയ ശേഷമായിരുന്നു ഇത്. പച്ചയായ ഗ്രാമാന്തരീക്ഷത്തിലെ "കൊതിപ്പിക്കുന്ന കഥാപാത്രങ്ങൾ " എന്നാണ് ചിത്രത്തെക്കുറിച്ചു കൊപ്പോള അഭിപ്രായപ്പെട്ടത്, നിയോഗം പോലെ പിന്നീട് സാക്ഷാൽ വാൾട്ടർ മർച്ചും മുന്നോട്ടു വന്നു ചിത്രത്തെ പ്രകീർത്തിച്ചു. അങ്ങനെ ലോകത്തിലെ ആദ്യ പ്രഖ്യാപിത സൗണ്ട് ഡിസൈനർ ഇന്ത്യയിലെ ഒരു ചെറു ചിത്രത്തിലെ ശബ്ദവൈദഗ്ധ്യത്തെ പരാമർശിച്ച ആ ചരിത്രനിമിഷത്തിൽ ഏറ്റവും അഭിമാനം കൊണ്ടത് 'തിതി'യുടെ സൗണ്ട് ഡിസൈനർ ആയിരുന്ന വായനാട്ടുകാരൻ നിതിൻ ലൂക്കോസ് ആയിരുന്നു. ശേഷം ഷാങ്ഹായ്,സാൻ ഫ്രാൻസിസ്‌കോ അടക്കമുള്ള നിരവധി ചലച്ചിത്രമേളകളിൽ പോയി പുരസ്കാരങ്ങൾ 'തിതി' നേടിയിരുന്നു. തുടർന്ന് വെസ് ആൻഡേഴ്സൺ, ടോം ക്രൂയിസ് തുടങ്ങിയവർ അടക്കം ഹോളിവുഡിലെ ഒന്നാം നിര തന്നെ 'തിതി'യുടെ വിചിത്രരൂപമുള്ള രസാന്തരീക്ഷത്തിൽ കൗതുകപൂർവ്വം അലിഞ്ഞു. എങ്കിലും നിതിൻ ഏറ്റവും വിലമതിക്കുന്ന ബഹുമതി, ഗുരുവായ റസൂൽ പൂക്കുട്ടി 'തിതി'യുടെ സൗണ്ട് ഡിസൈനെ 'കഴിഞ്ഞ പത്തു കൊല്ലത്തിനിടെ ഇന്ത്യയിലിറങ്ങിയ ചിത്രങ്ങളിൽ വെച്ചേറ്റവും നല്ല സൗണ്ട് ഡിസൈൻ' എന്ന് ഒരു ഇന്റർവ്യൂവിൽ വിലയിരുത്തിയ സന്ദർഭമാണ്.

തീയേറ്റർ പ്രദർശനങ്ങൾക്കു ശേഷം 'തിതി' ഇപ്പോൾ നെറ്റ് ഫ്ലിക്സിൽ ലഭ്യമാണ്. 'തിതി'യുടെ ട്രൈലെർ

സൗണ്ട് ഡിസൈനർ എന്ന തസ്തികയിൽ തന്റെ പ്രഥമ ചിത്രമാണ് 'തിതി'യെങ്കിലും, അദ്ദേഹത്തിന്റെ കർമ്മപഥം തുടങ്ങിയത് പ്രശസ്ത ശബ്ദരചയീതാവ് റസൂൽ പൂക്കുട്ടിക്കൊപ്പം വിവിധ ശബ്ദവിഭാഗങ്ങളിലായാണ്. ഇവിടെയും നിയോഗമെന്തെന്നാൽ, 2010 ഫെബ്രുവരിയിലെ റസൂൽ പൂക്കുട്ടിയുടെ ഓസ്കാർ ലബ്ധിക്കു ശേഷം അദ്ദേഹത്തോട് ചേർന്ന് ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (IIFA) രൂപപ്പെടുത്തിയ സ്കോളർഷിപ്പ് ആദ്യമായി ലഭിച്ചതും നിതിനായിരുന്നു. നിതിനത് ഭാവിഗുരുവിന്റെ വക ശബ്ദലേഖനലോകത്തേക്ക് ലഭിച്ച ക്ഷണപത്രവും കൈനീട്ടവുമായിരുന്നു. ശേഷം പല പാൻ -ഇന്ത്യൻ ചിത്രങ്ങളിലും, ഹിന്ദിയിലും, മറാഠിയിലും, കന്നഡത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും നിതിൻ തൽക്കാലം തമ്പടിച്ചിരിക്കുന്നത് ഇപ്പോൾ കൊച്ചിയിലാണ്, അതിന്റെ കാര്യകാരണത്തിലേക്കു വരും മുന്നേ നിതിന്റെ തന്നെ ശബ്ദം കേൾക്കാം:

സിനിമയുടെ യൂണിറ്റ് ഇമേജ് ആണ്, ഒരു ഇമേജ് എന്നാൽ ദൃശ്യവും ശബ്ദവും ചേർന്നതും. പക്ഷെ സിനിമയിലെ ശബ്ദമെന്നാൽ ഡയലോഗും സംഗീതവും ആണെന്ന ധാരണയിലാണ് പൊതു പ്രേക്ഷക വൃന്ദം. റസൂൽ പൂക്കുട്ടി ഓസ്‌കാർ വാങ്ങും വരെ ഇവിടുത്തെ സാധാരണ സിനിമാപ്രേമികൾ സൗണ്ട് മിക്സർ എന്നൊരു വാക്കോ പദവിയോ ശ്രദ്ധിച്ചിരുന്നോ എന്ന് സംശയമാണ്. അങ്ങനെയിരിക്കെ ഇംഗ്ലീഷ് സാഹിത്യ ബിരുദം നേടിയ ശേഷം ഒരു ഹയർ സെക്കണ്ടറി അധ്യാപകനായി തുടർന്നിരുന്ന താങ്കൾ എങ്ങിനെയാണ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പോയി സൗണ്ട് എഞ്ചിനീയറിംഗ് ശാഖ തിരഞ്ഞെടുക്കണം എന്ന് തീരുമാനമെടുത്തത്?

സിനിമയോടുള്ള ഭ്രമം തന്നെ കാരണം. ചെറുപ്പം മുതൽക്കേ സാഹിത്യത്തിലും കവിതയിലും ഏറെ താല്പര്യമുണ്ടായിരുന്നു, ആ ഇഷ്ടം സ്വാഭാവികമായും സിനിമയോടടുപ്പിച്ചു. കോളേജിൽ വെച്ചു സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഫിലിം സൊസൈറ്റി രൂപപ്പെടുത്തുകയും, അങ്ങനെ ലോക സിനിമകൾ കാണാനും അറിയാനും തുടങ്ങി. അപ്രകാരം ആസ്വാദനത്തിൽ നിന്നും സിനിമാവായനയുടെ ആദ്യശ്രമങ്ങളിലേക്കു ചേക്കേറി. അധ്യാപനം നടത്തുമ്പോഴും സമയമുണ്ടാക്കി ഡി.വി.ഡികൾ തേടിപ്പിടിച്ചു ലോക സിനിമകൾ കാണുമായിരുന്നു, കുറച്ചൊക്കെ എഴുതാനും ശ്രമിച്ചു. അതങ്ങു മൂത്തപ്പോൾ ആധികാരികമായി പഠിക്കണം എന്ന് തോന്നി. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ചേരാൻ പ്ലാനിട്ടു. പ്രവേശന പരീക്ഷ എങ്ങിനെയെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല, അതിനു വേണ്ടി ദിനം തോറും ജോലി ശേഷം വെളുപ്പിന് മൂന്നു മണി വരെ സിനിമകൾ കണ്ടു നോട്ടുകൾ കുറിക്കുമായിരുന്നു. ആ അറിവ് വെച്ചു പരീക്ഷ എഴുതി, ഫലം വന്നപ്പോൾ രണ്ടാം റാങ്കുണ്ടായിരുന്നു. വിഷ്വലിനെക്കുറിച്ചുള്ള ടെക്നിക്കൽ ധാരണ പണ്ടുമുതൽക്കേ വളരെ കുറവാണ്, ഇന്നും മൊബൈൽ ഫോൺ വെച്ച് നല്ലൊരു ചിത്രമെടുക്കാൻ കഴിയില്ല. എന്റെ കാഴ്ച കൂടുതലും ചെവി കൊണ്ടാണ് എന്നൊരു ബോധ്യം തോന്നിയപ്പോൾ സൗണ്ട് എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തു.

ക്ളീഷേ ചോദ്യം, അന്നത്തെ സ്ഥിരവരുമാനം നിലച്ചില്ലേ?

സമൂഹത്തിന്റെ പൊതുവിലുള്ള പ്രതികരണങ്ങളെല്ലാം ക്ളീഷേ തന്നയായിരിക്കും എന്നെനിക്കു ബോധ്യമുണ്ടായിരുന്നു. ഉള്ള ജോലി ഉപേക്ഷിച്ചു പോകുന്നതിനാൽ വീട്ടുകാർ അൽപ്പം പരുങ്ങലിലായിരുന്നു. 2009 ബാച്ച് ആയിരുന്നു ഞാൻ. രണ്ടാം വർഷം ഒരു ദിനത്തിൽ എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു, “റസൂൽ പൂക്കുട്ടിയാണ്, തനിക്കു എന്റെ പേരിലുള്ള സ്കോളർഷിപ്പൊണ്ട്” എന്ന് പറഞ്ഞപ്പോൾ കളിപ്പീര് കാൾ ആയിരുന്നു എന്ന് കരുതിയിട്ടുള സ്വാവഭാവിക പ്രതികരണമായിരുന്നു ആദ്യം, പിന്നീട് ആശ്ചര്യമായെന്നു പറയേണ്ടതില്ലല്ലോ. മൂന്ന് കൊല്ലത്തെയും പഠനനച്ചിലവ് ആയിനത്തിൽ ലാഭിച്ചു, പണ ലബ്ദിയെക്കാൾ ഇക്കയുടെ (റസൂൽ പൂക്കുട്ടി) പേരിൽ കിട്ടിയ ബഹുമതി എന്നതാണ് ആനന്ദം. ഒരു സിനിമാ വിദ്യാർത്ഥി മാത്രമായിരുന്ന അക്കാലത്ത്‌, കൊളംബോയിലെ IIFFA അവാർഡ് ദാന ചടങ്ങിൽ മുഴുവൻ ബോളിവുഡിന്റെയും സമക്ഷത്തു വെച്ചായിരുന്നു സ്‌കോളർഷിപ്പ് സഞ്ജയ് ദത്തിൽ നിന്നും ഏറ്റു വാങ്ങിയത്. ഇക്കയോടുള്ള സ്നേഹം അവരും അന്നെന്നോട് പ്രകടിപ്പിച്ചു. സൽമാൻ ഖാനൊക്കെ വന്ന് ആശ്ലേഷിച്ചു. അന്നതൊക്കെ അദ്ഭുതമായിരുന്നു. പിന്നീട് സിങ്ക് സൗണ്ട് റെക്കോർഡർ ആയി വർക്ക് ചെയ്യുന്ന സമയത്തു അക്ഷയ് കുമാർ അടക്കമുള്ള പല പ്രമുഖരും ഷോട്ട് എടുത്തതിന് ശേഷം അടുക്കൽ വന്നു അഭിപ്രായം ചോദിക്കുമ്പോഴാണ് നമ്മുടെ തീരുമാനങ്ങളെക്കുറിച്ചു നമുക്ക് മതിപ്പുണ്ടാവുന്നത്. നമ്മൾ സൃഷ്ടാക്കളാണ്, അവരൊക്കെ സൃഷ്ഠിയുടെ ഭാഗങ്ങളും. കണക്കിലൂന്നിയ ‘വരുമാനാ’ശയങ്ങളെ ചുഴറ്റിയെറിയുന്നവയാണ് കലാപ്രവർത്തനങ്ങൾ.

സൗണ്ട് ഡിസൈനർ’ എന്ന പദവിയെ ചിരുങ്ങിയ വാക്കുകളിൽ വായനക്കാരോട് വ്യക്തമാക്കാമോ? കാരണം ഇന്നും സിനിമയിലെ ശബ്ദ വിഭാഗത്തെക്കുറിച്ചു ചിതറിയ അറിവേ പലർക്കുമുള്ളൂ. അഥവാ അറിയണമെന്ന് വെച്ച് തിരയുമ്പോഴും ടൈറ്റിലിലും അവാർഡുകളിലുമൊക്കെ നിരവധി തസ്തിയ്ക്കളും പേരുകളുമാണ് ശബ്ദവിഭാഗത്തിൽ, അല്ലങ്കിൽ രണ്ടിലും പൊരുത്തക്കേടുകൾ കാണുന്നു; ഓഡിയോഗ്രാഫർ എന്ന് പറഞ്ഞാണ് ദേശീയ അവാർഡുകൾ, സൂപ്പർവൈസിങ് സൗണ്ട് എഡിറ്റർക്കും, സൗണ്ട് മിക്സർക്കുമാണ് അക്കാദമി അവാർഡുകൾ, ബാഫ്റ്റ ബെസ്റ്റ് സൗണ്ട് എന്ന പേരിൽ മാത്രം അവാർഡ് നൽകുന്നു, പ്രൈവറ്റ് അവാർഡുകളാകട്ടെ സൗണ്ട് ഡിസൈനർ എന്ന തസ്തികയിൽ തന്നെ അടുത്തിടെ പുരസ്കാരങ്ങൾ കൊടുത്തു തുടങ്ങി, ‘തിതി’യുടെ ടൈറ്റിലിങ്ങിൽ പോലും സൗണ്ട് എന്ന വളരെ വിശാലമായ ഒരു വാക്കിലാണ് താങ്കളുടെ പേര് എഴുതിയിരിക്കുന്നത്

ശബ്ദ-പുരസ്‌കാരങ്ങളുടെ ടെർമിനോളജി പലതരം സാങ്കേതിക കുരുക്കിൽപ്പെട്ട് കറങ്ങുന്നതാണ്. ‘ഓഡിയോഗ്രാഫർ (audiographer)‘ എന്ന വാക്ക് പോലും ഇന്ത്യൻ സംഭാവനയാണ്, ഡിക്ഷനറിയിൽ ആ വാക്കില്ല. ‘സൗണ്ട് ഡിസൈനർ’ എന്ന വാക്കു ക്രെഡിറ്റിൽ ഉപയോഗിച്ചെങ്കിലും വാൾട്ടർ മർച്ചിന് “Apocalypse Now (1979)“ എന്ന ചിത്രത്തിന് ലഭിച്ച ഓസ്‌കാർ മികച്ച ‘സൗണ്ട് മിക്സർ’ എന്ന പേരിലാണ്. ഡിജിറ്റൽ യുഗം വന്നതോട് കൂടി ശബ്ദവിഭാഗം വിപുലീകരിച്ചു. ആർട് ഡയറക്ടർ ‘പ്രൊഡക്ഷൻ ഡിസൈനർ’ ആയതും, ക്യാമെറാമാൻ ‘ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി’ ആയതും തനതു മേഖലയിലെ ഉത്തരവാദിത്തവും കാഴ്ചപ്പാടും പങ്കും വികസിച്ചപ്പോഴാണ്. വർഷങ്ങൾക്കനുസരിച്, ടെക്നോളജിയുടെ മാറ്റങ്ങൾക്കനുസരിച് തസ്തികകളും മാറുന്നുണ്ട്. അവയെല്ലാം സിനിമയ്ക്കു പുറത്തെ വാചാടോപങ്ങളാണ്, ചരിത്രം മുതലേ പറയേണ്ടി വരുമെന്നതിനാൽ തൽക്കാലം നമുക്കതൊക്കെ അവിടെ ഉപേക്ഷിക്കാം

ശബ്ദരചയീതാവ് എന്ന മലയാളവാക്ക് തൽക്കാലം നമുക്കുപയോഗിക്കാം. കാരണം തിരക്കഥാകൃത്തിനോടും സംവിധായകനോടും ചേർന്ന് നമ്മൾ സിനിമയുടെ ശബ്ദവിന്യാസങ്ങളെ രചിക്കുകയാണിവിടെ. സംവിധായകന്റെ ആശയങ്ങളെ പിന്തുണച്ചുകൊണ്ട് ഒരു ഛായാഗ്രാഹകൻ ഫ്രെയിം ഉണ്ടാക്കുന്നതിന് തത്തുല്യമായി പ്രേക്ഷകർ കേൾക്കുന്ന ഓരോ ശബ്‌ദതരികളും നമ്മൾ ക്രിയാത്മകമായി അളന്നുമുറിച്ചു കേൾപ്പിക്കുന്നവയാണ്. അവർ വെളിച്ചത്തെ നിയന്ത്രിക്കുമ്പോൾ നമ്മൾ ശബ്ദത്തെ നിയന്ത്രിക്കുന്നു. ദൃശ്യ-ശബ്ദ കലയാണല്ലോ സിനിമ. അപ്രകാരം ഒരു സിനിമയിലെ എല്ലാത്തരം ശബ്ദത്തിനും ഉത്തരവാദികൾ ഞങ്ങളാണ്. പ്രകൃതിയിൽ ഉള്ളതും, ഉള്ളതിൽ നിങ്ങൾ കേൾക്കാത്തതും, ഇല്ലാത്തതുമായ ശബ്ദങ്ങൾ ഞങ്ങൾക്കുണ്ടാക്കേണ്ടിയും വരും.

അപ്പോൾ സിനിമാ സംഗീതം?

എല്ലാം ശബ്ദങ്ങളുടെ, സ്വരങ്ങളുടെ ഏറ്റക്കുറിച്ചിലുകൾ തന്നെയല്ലേ? ഞങ്ങളെ സംബന്ധിച്ചിടത്തോളം അതിനെ ഒരു സൗണ്ട് ട്രാക് എന്ന് വിളിക്കാം. സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന പ്രഗത്ഭർ ഞങ്ങൾക്ക് തരുന്നത് ഒരു കൂട്ടം ട്രാക്കുകളാണ്. അതിന്റെ ഏറ്റക്കുറച്ചിലുകളും, സ്ഥാനവും പൊതുധാരണയിൽ ഡയറക്ടറുടെ അനുവാദത്തോടെ സിനിമയുടെ അന്തിമ പ്രിന്റുകളിലേക്കു ആലേഖനം ചെയ്യും. സംഗീതമുൾപ്പടെ ഇരുന്നൂറോ മുന്നൂറോ സൗണ്ട് ട്രാക്കുകളാണ് ഒരു സൗണ്ട് മിക്സർ പല ഘട്ടങ്ങളിലായി കൈകാര്യം ചെയ്യുന്നത്.

സിനിമയുടെ സൗന്ദര്യ ശാസ്ത്രം കൂടി കണക്കിലെടുത്തു നമുക്ക് ശബ്ദങ്ങളെ കുറിച്ചു ഗഹനമായി ചർച്ച ചെയ്യേണ്ടതുണ്ട്. അതിനു മുന്നോടിയായി സൗണ്ട് ഡിസൈനറുടെ മേൽനോട്ടത്തിന് കീഴെ വരുന്ന ശബ്ദവിഭാഗങ്ങളെ ഒന്ന് പരിചയപ്പെടുത്തൂ.

ആദ്യമായി ശബ്ദരചയീതാവ് അഥവാ സൗണ്ട് ഡിസൈനർ. പ്രീ പ്രൊഡക്ഷൻ സമയം മുതൽക്കേ ഇവർ സിനിമയുടെ ഭാഗവാക്കാണ്. തിരക്കഥാകൃത്തു എഴുതുന്ന തിരക്കഥയിന്മേൽ സംവിധായകൻ ഒരു വിഷ്വൽ സ്ക്രിപ്റ്റ് ഉണ്ടാക്കും. അതിൽ ശബ്ദങ്ങളുടെ ഒരു ഐഡിയയും അദ്ദേഹം കുറിച്ചിടാറുണ്ട്. സൗണ്ട് ഡിസൈനർ അതിനെ വെച്ച് കൊണ്ട് ഓരോ സീനിനും സൗണ്ട് സ്ക്രിപ്റ്റ് തയ്യാറാക്കും. വേറാരും ചിന്തിക്കാത്തതായ ശബ്ദ പ്രതലങ്ങൾ ഇവർ ഊഹിച്ചെടുക്കും. ഓരോ സീനിലും എന്തൊക്കെ ആക്ഷൻസ്, സംഭാഷണങ്ങൾ, എത്ര കഥാപാത്രങ്ങൾ, അവർ നിൽക്കുന്ന സ്ഥലം, ക്യാമെറയുടെ ചലനങ്ങൾ, ആർട് പ്രോപർട്ടികൾ തുടങ്ങി ആ സീനിലെ എല്ലാ ഘടകങ്ങളെയും എണ്ണിപ്പെറുക്കിയാണ് സൗണ്ട് ഡിസൈനർ ഒരു സൗണ്ട് സ്‌കേപ്പ് സൃഷ്ടിച്ചെടുക്കുന്നത്. പിന്നീട് പ്രോഡക്‌ഷൻ സമയത്തേക്ക് വേണ്ടുന്ന ശബ്ദലേഖന സന്നാഹങ്ങൾ അവിടെ വെച്ച് കുറെയൊക്കെ തീർച്ചപ്പെടുത്തും.

പ്രൊഡക്ഷൻ അഥവാ ഷൂട്ടിങ് സമയത്തു സൗണ്ട് റെക്കോർഡിങ് ടീം ഉണ്ടാവും. വിവിധയിനം മൈക്കുകൾ ഉപയോഗിച്ച് അവർ ശബ്ദങ്ങളെ റെക്കോർഡ് ചെയ്യും. സിങ്ക് സൗണ്ട് റെക്കോർഡിങ് ഇവിടെയാണ് വരിക.
പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് ഏറ്റവും അധികം തസ്തികകൾ വരുന്നത്, ഡയലോഗ്, എഫക്ട്, മ്യൂസിക് ഇവ ഇവിടെ വെച്ചാണ് പ്രോസസ്സ് ചെയ്യാറ്. സിനിമയുടെ ഏകദേശ എഡിറ്റ് രൂപത്തെ മുൻനിറുത്തി, ഫോളി അഥവാ സൗണ്ട് എഫക്ട് പ്രൊഡ്യൂസർ സന്ദര്ഭങ്ങൾക്കനുസരിച്ച ശബ്ദങ്ങളെ കൃത്രിമമായി ഉണ്ടാക്കിയെടുക്കും. ബാക്കിയുള്ളത് ആവശ്യമെന്നാൽ വീണ്ടും ലൊക്കേഷനിൽ പോയി റെക്കോർഡ് ചെയ്യും.

ഒരു ഡയലോഗ് എഡിറ്റർ, ഷൂട്ടിങ് സമയത്തു റെക്കോർഡ് ചെയ്ത വിവിധ ട്രാക്കുകളിൽ നിന്നും കൃത്യമായ ഒരു ഡയലോഗ് ഔട്ട് പുട്ട് തയ്യാറാക്കും. ഇവ രണ്ടിന്റെയും ഔട്ട് പുട്ട് എഡിറ്റ് ചെയ്യുന്നയാളിനെ സൗണ്ട് എഡിറ്റർ എന്ന് വിളിക്കും. ഇയാളാണ് ഡബ്ബിങ്ങിനും മേൽനോട്ടം വഹിക്കുക. ഇവയുടെ എല്ലാം ഉൽപ്പന്നത്തെയും, സംഗീതകാരൻ തരുന്ന സകല ട്രാക്കുകളെയും ചേർത്തു അന്തിമ ശബ്ദലേഖനം നടത്തുന്നയാളെ സൗണ്ട് മിക്സർ എന്ന് പറയും. നമ്മൾ തീയേറ്ററിൽ കേൾക്കുന്ന എല്ലാ ശബ്ദത്തിന്റെയും സ്പെക്ട്രം, ഏതൊക്കെ ചാനെലിൽ അവ കേൾക്കണം എന്നൊക്കെ അന്തിമമായി തീരുമാനിക്കുന്നത് മിക്സർ ആണ്, ഭയങ്കരമായ നിരീക്ഷണപാഠവം വേണ്ട ജോലിയാണിത്.

ലളിതമായൊരു വർക്ക് ഫ്ലോ ചാർട്ട് ആണിത്. ഇവയുടെയെല്ലാം മേൽനോട്ടം വഹിക്കുന്നത് സൗണ്ട് ഡിസൈനർ ആയിരിക്കും.

ഫോളി ഉദാഹരണം, ചിത്രം ‘ലോർഡ് ഓഫ് ദി റിങ്‌സ്’

അപ്പോൾ നല്ലൊരു മിക്സർക്കും കാലക്രമേണ നല്ലൊരു സൗണ്ട് ഡിസൈനർ ആയിത്തീരാൻ കഴിയില്ലേ?

കഴിയും. പ്രോഗ്രാമർ പിന്നീട് മ്യുസിക് ഡയറക്ടർ ആവും പോലെ. പക്ഷെ സംഗീതം എന്താണെന്ന ബോധം, അതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഇവ കൂടി മ്യൂസിഷ്യന് ആവശ്യമല്ലേ? അല്ലെങ്കിൽ ഇത് വെറും ടെക്‌നിക്കൽ ജോബ് ആയി ചുരുങ്ങും.

സൗണ്ട് ഡിസൈനർ എന്ന ടെർമിനോളജി വരും മുന്നേ ശബ്ദലേഖകർ എന്നായിരുന്നു നാം അഭിസംബോധന ചെയ്യാറ്. ഇന്ത്യയിലെ ഏറ്റവും നല്ല ശബ്ദലേഖകർ മലയാളത്തിൽ നിന്നുമാണ്. ദേവദാസ്, കൃഷ്ണനുണ്ണി സർ, ഹരികുമാർ സർ തുടങ്ങിയവർ. എത്രയോ ദേശീയ അവാർഡുകൾ അവർക്കു ലഭിച്ചിരിക്കുന്നു. അടൂരിന്റേയും അരവിന്ദന്റേയും സിനിമകളിൽ കൂടി സ്വാഭാവിക ശബ്ദവിന്യാസങ്ങളിൽ അത്ഭുദം സൃഷ്ടിച്ചിട്ടുണ്ട് ഇവർ. ഇവരെല്ലാവരും സിനിമയെക്കുറിച്ച പഠിച്ചവരായിരുന്നു എന്ന പൊതു ഘടകം ഇവിടെ കാണാം.

ഒരു തെറ്റിധാരണ എന്തെന്നാൽ മികച്ച ശബ്ദലേഖനത്തെ പണ്ടൊക്കെ ആർട്ട് ഹൌസ് ചിത്രങ്ങളോട് മാത്രം ചേർത്ത് അറിയപ്പെട്ടിരുന്നു എന്നുള്ളതാണ്. പാട്ടുകളില്ലാത്ത റിയലിസ്റ്റിക് സിനിമകളിലെ സ്വാഭാവിക ശബ്ദലേഖനത്തെ ജനം ഒരു ക്രിയാത്മക ജോലിയായി കണ്ടിരുന്നില്ല എന്ന് തോന്നുന്നു. വാണിജ്യ സിനിമകളിലെ ഗിമ്മിക് സൗണ്ട് ഇഫക്ടുകൾ പെട്ടെന്നു ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യും. പിന്നെ പശ്ചാത്തല സംഗീതത്തിന്റെ കടന്നുകയറ്റവും.

പറഞ്ഞത് പോലെ ധാരണപ്പിശകാണ്‌. വാണിജ്യ സിനിമയിൽ തന്നെ പ്രിയദർശൻ ചിത്രങ്ങൾ സൗണ്ട് സ്കേപ്പിനെ വളരെ ക്രിയാത്മകമായി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ദീപൻ ചാറ്റർജി എന്ന ശബ്ദലേഖകൻ വന്നതിനു ശേഷമുള്ള ചിത്രങ്ങൾ ശ്രദ്ധിക്കൂ. കിലുക്കം, തേന്മാവിൻ കൊമ്പത്, എന്ന ചിത്രങ്ങളിൽ മുറികളിലെ, ഔട്ട് ഡോറിലെ ഒക്കെ ആംബിയൻസ് ശബ്ദങ്ങൾ അത്രയും രസാവഹമായി സൃഷ്ഠിച്ചെടുക്കാൻ, ഒരു തുടക്കക്കാരനായ എനിക്ക് ഇനിയും വർഷങ്ങൾ വേണ്ടി വരും. അവർ ഒരു സാങ്കൽപ്പിക പ്രപഞ്ചം തന്നെ ചുറ്റുവട്ടങ്ങളിൽ സൃഷ്ടിച്ചിരുന്നു. കാലാപാനിയിൽ പീരിയഡും.

തേന്മാവിൻ കൊമ്പത്തിലെ ഈ സീനിൽ, ഒരു ലാൻഡ്‌സ്‌കേപ്പിൽ പ്രണയം അവതരിപ്പിക്കുമ്പോൾ ബിൽഡപ്പിനു വേണ്ടി ഉപയോഗിച്ചിരിക്കുന്ന കട്ട് എവേ ഷോട്ടുകൾക്കു സമൃദ്ധി നൽകുന്നത് വസ്തുക്കളുടെ ശബ്ദങ്ങളാണെന്നു കാണാം. ഇവിടെ മ്യൂസിക് ഒരു സപ്പോർട്ടിങ് ഫാക്ടർ മാത്രമേ ആകുന്നുള്ളൂ, ശബ്ദലേഖനമാണ് സീനുകൾ കൂടുതൽ സ്പഷടമാക്കുന്നത്.

ഇതിനൊക്കെ വിപരീതമായി, സകല തുരുത്തിലും പശ്ചാത്തലസംഗീതവും എഫക്ട് ശബ്ദങ്ങളും വാരി നിറച്ചു നിറച്ചു പൊത്തുന്നത്, ആത്യന്തികമായി സംവിധായകന് സിനിമാബോധം ഇല്ലാത്ത കൊണ്ടാണ്. അവരാണല്ലോ അതൊക്കെ അപ്പ്രൂവ് ചെയ്യേണ്ടത്. ചാപ്ലിന്റിയൊക്കെ നിശബ്ദ (ഡയലോഗ് ഇല്ലാത്തവ) സിനിമകളിൽ പോലും ഇന്നത്തെ ചവറു തമാശപ്പടങ്ങളെക്കാൾ ക്രിയാത്മകയായി പശ്ചാത്തല സംഗീതവും എഫക്റ്റുകളും ഉപയോഗിച്ചിട്ടുണ്ട്.

സ്വാഭാവിക ശബ്ദം എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുമ്പോഴും മനസ്സിലാക്കുക, ഒരു ശബ്ദവും നമുക്ക് വേണ്ടിയ പോലെ മൈക്കുകളിൽ വന്നു കേറില്ല. ‘ഒരു വലിയ കല്ലിന്റെ വേണ്ടാത്ത ഭാഗങ്ങൾ ഒഴിവാക്കുമ്പോൾ ആണ് ശില്പമുണ്ടാവുക’ എന്ന് മൈക്കിൾ ആൻജെലോ പണ്ട് പറഞ്ഞ പോലെ ശബ്ദ ലേഖനം ഒരേ സമയം പലവിധ ശബ്ദങ്ങളുടെ സെലെൿഷനും നിരാകരണവുമാണ്. ‘തിതി’ എന്ന സിനിമയിൽ ശബ്ദത്തിനു വേണ്ടി മാത്രം ആറുമാസത്തോളം പോസ്റ്റ് പ്രൊഡക്ഷൻ സമയം എടുത്തിരുന്നു. സിങ്ക് സൗണ്ട് റെക്കോർഡിങ് ആയിരുന്നെങ്കിൽക്കൂടി, രണ്ടാമതും ഞങ്ങൾ കർണ്ണാടകയിലെ നോഡകപ്പളു ഗ്രാമത്തിൽ പോയി അതാത് ലൊക്കേഷനുകളിലെ ശബ്ദങ്ങൾ മാത്രമായി വീണ്ടും റെക്കോർഡ് ചെയ്തു. സിനിമയുടെ റഫ് എഡിറ്റ് കാണുമ്പോൾ ഇനിയുമിനിയും വേണ്ട ശബ്ദങ്ങളെക്കുറിച്ചു നാം ബോധവാന്മാരാകും. പ്രത്യേകിച്ച് ‘തിതി’ എന്ന സിനിമയുടെ ഭൂരിഭാഗവും ഔട്ട് ഡോർ ആയിരുന്നു, ഒരു ഫ്രേമിൽ വരുന്ന ഗ്രാമീണ എലെമെന്റുകൾക്കു കൈയും കണക്കും ഇല്ലായിരുന്നു. ഒരൊറ്റ സ്റ്റോക്ക് സൗണ്ട് പോലും ഞങ്ങൾ ഉപയോഗിച്ചിട്ടില്ല.

നിതിൻ ഉൾപ്പെട്ട ‘തിതി’യുടെ ചെറുമേക്കിങ് വീഡിയോ

ഷൂട്ടിന് ശേഷവും ശബ്ദമേഖലക്കു മാത്രം ആറുമാസമെന്നതൊക്കെ ഒരു കന്നഡ സിനിമയെ സംബന്ധിച്ച് വലിയൊരു കാലയളവല്ലേ?

സംവിധായകന്റെ പൂർണ്ണ പിന്തുണയുള്ളതു കൊണ്ടാണ് അത്രയും സമയമെടുത്തു തന്നെ ചെയ്തത്. പിന്നെ ആ സിനിമയുടെ സ്വഭാവവും, പരിചരണവും ശബ്ദങ്ങളെ അത്രത്തോളം ആശ്രയിച്ചായിരുന്നു. രണ്ടു മണിക്കൂറോളം ദൈർഖ്യമുള്ള, പച്ചയായ നാട്ടുജീവിതം കാണിക്കുന്ന ആ ചിത്രത്തിൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഉണ്ടായിരുന്നില്ല. സാധാരണ നിലയിൽ ഒരു മലയാള ചിത്രത്തിന് ഒരു മാസം മതിയാകും.

ഇനി, സിനിമയുടെ സൗന്ദര്യശാസ്ത്രമനുസരിച്ചു (aesthetics) ഒരു സൗണ്ട് ഡിസൈനർ ക്രിയാത്മകമായി ശബ്ദങ്ങളെ എങ്ങിനെയൊക്കെ ഉപയോഗിക്കും? അതിനു വേണ്ടി സിനിമ പഠിച്ചിരിക്കേണ്ട ആവശ്യകതയെ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ, ലോകസിനിമയിൽ തന്നെ അനേകമായിരം ഉദാഹരണങ്ങളും ഉണ്ടെന്നറിയാം. പ്രധാനമായും ഓൺസ്‌ക്രീൻ / ഓഫ്‌സ്ക്രീൻ ശബ്ദങ്ങളെ അടിസ്ഥാനമാക്കി അവയെ വിശദീകരിക്കാമോ?

ശബ്ദ-ഉപയോഗങ്ങൾ കഥപറച്ചിലിന് അനുസൃതമായിരിക്കും; ഫ്രെയിമിലുള്ളവ, ഇല്ലാത്തവ, കഥാപാത്രത്തിന്റെ ഓർമ്മയിലുള്ളവ, അനുഭവിപ്പിക്കാനുള്ളവ, വൈരുദ്ധ്യമായവ, ഉണ്ടാക്കിയെടുത്തവ, പുതിയ അർഥം നല്കുന്നവ... എല്ലാം തീരുമാനിക്കുന്നത് ഏതു വീക്ഷണകോണിലാണ് (point of view) കഥ പറയുന്നത് എന്നനുസരിച്ചാണ്. പുതിയ ആശയങ്ങൾക്കനുസരിച് അവയുടെ നിർവഹണം പരിണമിച്ചു കൊണ്ടേയിരിക്കുന്നു. സംവിധായകനും, എഴുത്തുകാരനും പലപ്പോഴും ഇവിടെ നമ്മളോട് ആശയങ്ങൾ പങ്കു വെക്കാറുണ്ട്, പ്രീ പ്രൊഡക്ഷൻ സമയത്തും, പോസ്റ്റ് പ്രൊഡക്ഷനിലുമാണ് ഇവയെ നിജപ്പെടുത്തുന്നത്. ‘ദംഗൽ’ എന്ന ചിത്രത്തിലെ ആദ്യ ഭാഗത്തു ടെലിവിഷനിലെ ഗുസ്തി പ്രേക്ഷപണത്തിന്റെ കമന്ററിയെ റെഫെറെൻസിയായി വെച്ചാണ് സർക്കാരാപ്പീസിലെ ഗുസ്തിയെ ദൃശ്യവൽക്കരിച്ചിട്ടുള്ളത്. ആ ഐഡിയ എഴുത്തു സമയത്തു പ്ലാൻ ചെയ്യുന്നതാണ്.

അടൂർ സാറിന്റെ ‘മതിലുകൾ’ അല്ലെ നമ്മുടെയിടയിൽ ഏറ്റവും പോപ്പുലർ ആയ ഓഫ്‌സ്ക്രീൻ ശബ്ദത്തിന്റെ ഉദാഹരണം. നാരായണി എന്ന കഥാപാത്രത്തെ ഒരു മതിലിനപ്പുറമെന്ന ധാരണയിൽ ശബ്ദത്തിലൂടെ മാത്രമല്ലേ അദ്ദേഹം അനുഭവിപ്പിച്ചത്. ‘മണിച്ചിത്രത്താഴി’ലെ നാഗവല്ലി എന്ന കഥാപാത്രം ക്ലൈമാക്സ് വരെ ഓഫ്‌സ്ക്രീൻ അല്ലെ. ‘ചിന്താവിഷ്ടയായ ശ്യാമള’യിൽ വിജയേട്ടൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവം മുഴുവൻ നമുക്ക് മനസ്സിലാക്കി തരുന്നത് കറന്റ് കട്ട് സമയത്തെ ബ്ലാൿസ്‌ക്രീനിലല്ലേ? ‘തിതി’യിൽ ആദ്യ നാൽപ്പത് സെക്കൻഡോളം ദൃശ്യമില്ല, ബ്ളാക് സ്‌ക്രീനിൽ ഗ്രാമത്തിലെ ശബ്ദങ്ങൾ മാത്രം. ഈയടുത്തിറങ്ങിയ ‘അങ്കമാലി ഡയറീസി’ലും ബാൻഡ് മേളത്തിന്റെ അപശ്രുതികളിലൂടെയാണ് ക്രെഡിറ്റുകൾ തുടങ്ങുന്നത്. ഇത്തരം ഓഫ് സ്ക്രീൻ ശബ്ദങ്ങൾ കഥാപശ്ചാത്തലമാണ് പരിചയപ്പെടുത്തുന്നത്, ഇവിടെ ദൃശ്യങ്ങളുടെ അകമ്പടി ഒരു പക്ഷെ നമ്മളെ പോയിന്റഡ് ആക്കും, ശബ്ദം മാത്രമാവുമ്പോൾ നമ്മൾ തന്നെ സ്ഥലത്തെക്കുറിച്ചു ഒരു ഇമേജ് മനസ്സിൽ രൂപപ്പെടുത്തും.


അടൂരിന്റെ ‘എലിപ്പത്തായ’ത്തിൽ എലിയുടെ വരവിലെല്ലാം ഒരു നിഗൂഢ ശബ്ദം ഉപയോഗിക്കുന്നുണ്ട്. പത്തായത്തിലെ എലിയെയും കരമനയുടെ കഥാപാത്രത്തെയും താരതമ്യപ്പെടുത്തുമാറാണ് ഈ ശബ്ദം റിപ്പീറ്റ് ചെയ്യുന്നത്. ഇവയെ സൗണ്ട് മോട്ടിഫ് എന്ന് വിളിക്കും. അദ്ദേഹത്തിന്റെ ‘അനന്തര’ത്തിലും ഒന്നാം തരം സൗണ്ട് ഡിസൈൻ ആണ്, സ്കിസോഫ്രീനിയബാധിച്ച നായകൻറെ കാഴ്ചപ്പാടിലാണ് ദൃശ്യവും ശബ്ദവും. ‘അറ്റോൺമെൻറ് ‘ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന കഥാപാത്രം ഒരു എഴുത്തുകാരിയാണ്. സിനിമയിലെ പ്രധാന പോയന്റുകളിലെല്ലാം ടൈപ്പ് റൈറ്ററിന്റെ ശബ്ദമാണ് മോട്ടിഫ്. അതങ്ങനെ പുരോഗമിച്ചു മ്യൂസിക് ആയി മാറുന്നത് കേൾക്കാം. നോളന്റെ പുതിയ ചിത്രമായ ‘ഡൺകിർക്കി’ന്റെ ട്രൈലെർ ശ്രദ്ധിക്കൂ, ക്ലോക്കിന്റെ ടിക്കിങ് ശബ്ദമാണ് മോട്ടിഫ്. അതിനു സിനിമയുടെ മൊത്തം ഘടനയുമായി ബന്ധമുണ്ടെന്നാണ് കേട്ടത്, അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും സമയത്തെ കേന്ദ്രീകരിച്ചുള്ളവയാണ്.

‘എലിപ്പത്തായം’: സഹോദരി ഒളിച്ചോടി രക്ഷപ്പെടുമ്പോഴും, കാലം മാറിയതറിയാതെ തറവാട്ടിലെ അകത്തളങ്ങളിൽ കുടുങ്ങിപ്പോയ ശാരദയുടെ കഥാപാത്രത്തിന്റെ അവസ്ഥയോട് ചേർത്ത് വായിക്കുമ്പോൾ ആകാശവിശാലതയിൽ പറക്കുന്ന വിമാനത്തിന്റെ ഓഫ്‌സ്ക്രീൻ ശബ്ദം പരസ്പരപൂരകമായ അർത്ഥം സമ്മാനിക്കുന്നു.


വിഖ്യാത സംവിധായകൻ തർക്കോവ്സ്കിയുടെ ‘Stalker (1979)‘ എന്ന ചിത്രത്തിലെ ട്രെയിൻ സീൻ ഓൺസ്‌ക്രീൻ -ഓഫ്‌സ്ക്രീൻ ശബ്ദബവിന്യാസത്തിന്റെ അക്കാഡമിക് ഉദാഹരണമാണ്. കഥാപാത്രത്തിന്റെ തലക്ക് പിൻവശം കാമറ വെച്ചു അവരുടെ കാഴ്ചപ്പാടിൽ (subjective) ട്രെയിൻ നീങ്ങുന്നത് നമുക്ക് കാണാം. ട്രെയിൻ കാണിക്കുന്നേയില്ല. നാല് മിനിറ്റോളം നീളുന്ന ഒരു ലോങ്ങ് ടേക്ക് ആണത്. ആദ്യമാദ്യം ട്രെയിനിന്റെ ശബ്ദം നാച്ചുറൽ ആണെങ്കിലും അത് ലൂപ്പ് ചെയ്തു വരുമ്പോൾ ഒരു നിഗൂഢ സംഗീതമായി മാറും, പിന്നീട് അതിന്റെ ടോൺ മാറ്റുമ്പോൾ കഥാപാത്രം അനുഭവിക്കുന്ന ഭീതിയും, ഓർമ്മയും എല്ലാം നമുക്ക് ശബ്ദത്തിലൂടെ മാത്രം വായിച്ചെടുക്കാം. അതായത് ആദ്യത്തെ ട്രെയിൻ ശബ്ദം സ്വാഭാവിക സമയത്തെയും, അവസാനിക്കുമ്പോൾ ആ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ സമയത്തെ വലിച്ചുനീട്ടുന്നതായും അനുഭവപ്പെടുത്തും, എന്നാൽ സ്ക്രീൻ സമയം മാറുന്നുമില്ല. ചുരുക്കത്തിൽ ഒരൊറ്റ ഷോട്ടിൽ ശബ്ദത്തിന്റെ പല ഭാവങ്ങൾ തർക്കോവ്സ്കി ഉപയോഗിച്ചു, സമയത്തെയും എടുത്ത് അമ്മാനമാടി. തനി ജീനിയസ്.

‘അറ്റോൺമെൻറ് ‘ സൗണ്ട് മോട്ടിഫ്

‘ഡൺകിർക്’ന്റെ ട്രൈലെർ

അതെ, തർക്കോവ്സ്കിയുടെ എല്ലാ ചിത്രങ്ങളും സമയത്തെയും കാലത്തെയും ശബ്ദവും ദൃശ്യവും ഉപയോഗിച്ചു മാറ്റിമറിക്കപ്പെടുന്നുണ്ട്. ഇത്തരം ക്രിയാത്മക തീരുമാനങ്ങൾ, സംവിധായകന്റെ മാത്രം ആശയങ്ങളായി ചുരുങ്ങാതെ സൗണ്ട് ഡിസൈനറെക്കൂടി അതിന്റെ ശില്പികളാക്കാനുള്ള ട്രെയിനിങ്ങുകൾ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് പഠനകാലത് ധാരാളമായി ഉണ്ടെന്നു കേട്ടിട്ടുണ്ട്.

ഉണ്ട്. രസകരമാണവ. രണ്ടാംവർഷത്തിന്റെ അവസാനത്തെ ഡയലോഗ് എക്സർസൈസ് എന്ന മൊഡ്യൂൾ ഇത്തരത്തിലുള്ളതാണ്. അതിനോടനുബന്ധിച്ചു സംവിധാന വിദ്യാർത്ഥികൾ എടുക്കുന്ന ഷോർട് ഫിലിമുകൾക്കു ശബ്ദപരിസരം ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ലൊക്കേഷൻ ഡിസ്‌ക്രിപ്‌ഷനനുസരിച് ഒരൊറ്റ മുറിയോ മറ്റോ സ്റ്റുഡിയോവിൽ കലാസംവിധാന വിദ്യാർത്ഥികൾ സെറ്റിട്ട് തരും. കഥ മനസ്സിലാക്കിത്തരുന്നത് സംഭാഷണങ്ങളിൽ കൂടി മാത്രമായിരിക്കും. കഥയുടെ പശ്ചാത്തലം നമ്മളാണ് രൂപപ്പെടുത്തേണ്ടത്. അതേതു നഗരത്തിൽ / ഗ്രാമത്തിൽ നടക്കുന്നു, എത്ര മണിക്ക്, അതിന്റെ ചുറ്റുപാടുമുള്ള ശബ്ദങ്ങൾ, ഫാക്ടറിയോ, റെയിൽ പാളമോ അങ്ങനെ അനന്തമായ എന്തൊക്കെ ശബ്ദപരിസരങ്ങൾ അവിടെയുണ്ട് എന്നതൊക്കെ നമ്മൾ കാണികളെ കേൾപ്പിക്കുന്ന പോലിരിക്കും. എന്റെ ജൂനിയർ ആയ ഒരു സുഹൃത് സെറ്റിട്ടത് കപ്പലിന്റെ അകമായിരുന്നു. നടുക്കടലിലെ കാറ്റും കോളും മിന്നലും എല്ലാം സൃഷ്ടിച്ചു അതിനെ കടലിലിറക്കുന്നത് നമ്മളാണ്. ഇവയിലൊന്നിലും ഒരൽപം പോലും കൃതിമത്വം തോന്നാനും പാടില്ല, ഇവ കാണുമ്പോൾ നമ്മൾ പറയാതെ ഇക്കാര്യങ്ങളൊന്നും മനസ്സിലാവുകയുമരുത്. ഇപ്രാവശ്യത്തെ ഈ മോഡ്യൂളിലെ ഒരു ഷോർട് ഫിലിമിന് കാൻ ഫെസ്റ്റിവലിൽ സെലെക്ഷൻ കിട്ടിയിരുന്നു, പായൽ കപാഡിയ എന്ന കുട്ടിയുടെ ‘Afternoon Clouds’.

കഴിഞ്ഞ വർഷമിറങ്ങിയ രാധിക ആപ്‌തെ അഭിനയിച്ച ഹിന്ദി ചിത്രം ‘ഫോബിയ’ സമാന സ്ഥലരേഖയിൽ ഇറങ്ങിയ പടമാണ്, ഫ്‌ളാറ്റിൽ നിന്നും പുറത്തിറങ്ങാൻ പേടിയുള്ള മാനസികരോഗവിശേഷണങ്ങളുള്ള ഒരു സ്ത്രീയുടെ ഭീതി നിറഞ്ഞ അവസ്ഥയാണ് ആ ചിത്രം പറഞ്ഞത്.

കൃത്രിമത്വം ചർച്ച ചെയ്യുമ്പോൾ നമുക്ക് ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ്ങിലേക്ക്/ സിങ്ക് സൗണ്ടിലേക്ക് വരാം. ശബ്ദ സിനിമയുണ്ടായ കാലം മുതൽക്കേ ശബ്ദം റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ശബ്ദമലിനീകരണം എന്ന കാര്യം പറഞ്ഞു നമ്മൾ ഏകദേശം അറുപതുകൾക്കു ശേഷമാണ് ഡബ്ബിങ് എന്ന പ്രക്രിയ തുടങ്ങിയത്. ലൊക്കേഷൻ ശബ്ദലേഖനം എന്നത് എഡിറ്റിങ്ങിനും ഡബ്ബിങ്ങിനും വേണ്ടിയുള്ള വെറും റെഫെറെൻസ് ട്രാക്കുകൾ മാത്രമായി. ടെക്‌നോളജി ഇത്രത്തോളം വികസിച്ചിട്ടും അതിപ്പോഴും തുടരുന്നു. സിനിമയോടുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണോ?

കാഴ്ചപ്പാടും അതിനേക്കാൾ ശീലവുമായിപ്പോയി മലയാളിക്കത്. ഇവിടെ കഥ പറയാനായിട്ട് ഡയലോഗും സംഗീതവും മാത്രം മതിയാകും എന്ന കാഴ്ചപ്പാട് വെച്ച് പുലർത്തുന്നവർ ഇപ്പോഴുമുണ്ട്. മറ്റ് ഇൻഡസ്‌ട്രികളിലെ മെയിൻ സ്‌ട്രീം സിനിമകൾ മാറിക്കഴിഞ്ഞു. ഞാൻ പറഞ്ഞില്ലേ, ആത്യന്തികമായി സംവിധായകന്റെ തീരുമാനമാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് എന്നത്. അതിനെക്കുറിച്ചു ബോധ്യമില്ലെങ്കിൽ ഗവേഷണം നടത്തണം, പഠിക്കണം, സ്റ്റഡി ക്ലാസൊക്കെ നടത്തേണ്ടത് നമ്മുടെ ജോലിയല്ലല്ലോ, ആഗ്രഹത്തോടെ ആരാഞ്ഞാൽ വിശദീകരിച്ചു കൊടുക്കാം, അതല്ലേ പറ്റൂ. മലയാളികളായ നിരവധി ശബ്ദ സംവിധായകർ കേരളത്തിന് പുറത്തു തമ്പടിച്ചിരിക്കുന്നത് ഇവിടെ അവസരം ഇല്ലാത്തതു കൊണ്ടാണ്. ഞാൻ സാമാന്യവൽക്കരിക്കുന്നില്ല, ദിലീഷ് പോത്തൻ, രാജീവ് രവി, ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അൻവർ റഷീദ്, അൽഫോൻസ് പുത്രൻ തുടങ്ങിയ പ്രതിഭകകൾ ഇതിന്റെ പ്രയോജനങ്ങളെക്കുറിച്ചു ബോധവാന്മാരും അങ്ങേയറ്റം സപ്പോർട്ടീവുമാണ്. ഇവർക്കിടയിലും, കാണികൾക്ക് ബോർ അടിക്കുമ്പോൾ മ്യുസിക് കേറ്റിക്കൊടുക്കാൻ പറയുന്നവരുണ്ട്. ലൊക്കേഷനിൽ നമ്മൾ സൈലൻസ് വിളിച്ചു പറയുമ്ബോൾ ഈഗോ അടിക്കുന്നവരുമുണ്ട്. ഡിസിപ്ലിൻ അങ്ങേയറ്റം ആവശ്യമുണ്ട് ലൊക്കേഷൻ ശബ്ദലേഖനത്തിന്. നൂറ്റമ്പതോളം പേരടങ്ങുന്ന മലയാള സിനിമ സെറ്റുകൾക്കു അച്ചടക്ക സ്വഭാവം വരുത്തേണ്ടത് ധിഷണാശാലിയായ സംവിധായകരാണ്. അവരല്ലേ ക്യാപ്റ്റൻസ്. വ്യക്തമായ പ്ലാനിങ്ങില്ലാത്ത ചിത്രീകരണത്തിന് ലൊക്കേഷൻ ശബ്ദലേഖനം സാധ്യമല്ല, എല്ലാ ഷോട്ടുകളും എടുക്കും മുന്നേ ക്യാമെറാമാനോടും കലാസംവിധായകരോടും ചേർന്ന് പ്രവർത്തിക്കുന്നവരാണ് സൗണ്ട് റെക്കോർഡർസ്.

ഈ ഘട്ടത്തിൽ സിങ്ക് സൗണ്ട് റെക്കോർഡിങ്ങിനെക്കുറിച്ചു വിശദീകരണം ആവശ്യമാണ്. കാരണം ഇവിടെ ഉയരുന്ന ഒട്ടനവധി മറുചോദ്യങ്ങളുണ്ട്. ശബ്ദത്തെ അലോസരപ്പെടുത്താവുന്ന ഡയലോഗ് പ്രോംപ്റ്റിംഗ്, പിന്നെ ഓൺഷോട്ടിൽ സംവിധായകൻ കൊടുക്കാവുന്ന നിർദ്ദേശങ്ങൾ (improvisation), ചില ടെക്നിക്കൽ ഷോട്ടുകൾ എടുക്കാനുള്ള വിഘ്‌നം ഇവ ഒരു വശം. നമ്മുടെ നടീ-നടന്മാർ അടക്കം ഡബ്ബിങ്ങും, സൗണ്ട് എഫക്ടും ഒന്നാന്തരമായി നിർവ്വഹിക്കുന്ന പ്രഗത്ഭർ ഉണ്ടന്നിരിക്കെ എല്ലാം റിക്രിയേറ്റ് ചെയ്യാവുന്നതല്ലേയുള്ളൂ എന്ന ചോദ്യങ്ങൾ മറുവശം. എല്ലാത്തിലും ഉപരി മലയാളം എന്ന താരതമ്യേന ചെറിയ ഇൻഡസ്‌ട്രീക്കു വേണ്ടാത്ത ചെലവ്, പിന്നെ ദിനം തോറും അന്നന്നേക്കു വേണ്ട സീനുകൾ എഴുതി തയ്യാറാക്കുന്ന പ്രതിഭകൾക്ക് നിങ്ങളുടെ സേവനം എങ്ങനെ പര്യാപ്തമാവും? ഓരോരുത്തർക്കും ഓരോ രീതിയില്ലേ? എല്ലാത്തിനോടും ചേർന്ന് പോകേണ്ട ആവശ്യം നിങ്ങൾക്കുമില്ലേ?

ആവശ്യം സിനിമക്കല്ലേ? ഒരു നല്ല സിനിമയ്ക്കു വേണ്ടിയല്ലേ എല്ലാ പിണക്കങ്ങളും പ്രയത്നങ്ങളും? ചിലവൊക്കെ ഒരു നേരിയ ശതമാനമേ കൂടുന്നുള്ളൂ, ഫലമായി സിനിമയുടെ സൗണ്ട് അപ്പാടെ മാറുന്നില്ലേ? പിന്നെ, സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ നമ്മളെ കഴിഞ്ഞല്ലേ മാലോകരാരുമുള്ളൂ? അതിനു മുൻപായി നമുക്ക് സിങ്ക് സൗണ്ടിന്റെ പ്രയോജനങ്ങളിലേക്ക് കടക്കാം. സൗണ്ട് ഡിസൈനിംഗിന്റെ കാര്യത്തിലൊക്കെ ഹിന്ദി സിനിമ ഇന്ന് ബഹുദൂരം മുന്നിലാണ്. ഇക്കാലത്തും ഇവിടെ ഇത് വിശദീകരിക്കുന്നത് ബോറാണ്, എങ്കിലും കുറച്ചുപേരെങ്കിലും അറിയുന്നെങ്കിൽ അറിയട്ടെ. ക്വാളിറ്റി വ്യത്യാസം മനസ്സിലാക്കാൻ ഏറ്റവും എളുപ്പവഴി സിങ്ക് സൗണ്ട് ചെയ്ത ഒരു ഒറിജിനൽ ചിത്രം കണ്ട് അതിന്റെ തന്നെ മറ്റു ഭാഷകളിലേക്കുള്ള ഡബ് വേർഷനുമായി താരതമ്യം ചെയ്തു നോക്കുക എന്നതാണ്. ‘മിഷൻ ഇമ്പോസ്സിബിൾ 2’ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ജർമൻ പരിഭാഷ ഒരു ഉദാഹരണം.

നാം ഇപ്പോൾ ഡിജിറ്റൽ കാലഘട്ടത്തിലെ തന്നെ അഡ്വാൻസ്‌ഡ് തലത്തിലേക്കുള്ള പ്രയാണത്തിലാണ്. ഫിലിമിൽ ഷൂട്ട് ചെയ്തിരുന്ന സമയത്തു നമുക്ക് ചെലവ് കൂടിയിരുന്നെന്നോ, ക്യാമെറക്കും ജനറേറ്ററിനും ശബ്ദമുണ്ടായിരുന്നു എന്നോ ഒക്കെ വാദിക്കാം. പക്ഷെ ഇനിയും എത്ര കാലം ഈ വാദം നിലനിൽക്കും? ഏഷ്യൻ സിനിമകളാണ് കൂടുതലും ഡബ്ബിങിനെ ആശ്രയിച്ചിട്ടുള്ളത്, യൂറോപ്പ്യൻ സിനിമയും , അമേരിക്കൻ സിനിമയും ആദ്യകാലങ്ങൾ മുതൽക്കേ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് പിന്തുടർന്നിരുന്നു. അനിമേഷൻ ചിത്രങ്ങൾക്കൊഴികെ ഡബ്ബിങ് എന്നത് അവർക്കു കുറെയൊക്കെ പ്രാകൃതമായ ഏർപ്പാടാണ്. ഷൂട്ടിങ് സമയത്തെ അച്ചടക്കം ആണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം. എഴുപതുകളിലും മറ്റും അടൂർ സിങ്ക് സൗണ്ട് ഉപയോഗിച്ച് നമ്മുടെ നാട്ടിലെ സ്വാഭാവിക അന്തരീക്ഷം പുനഃസൃഷ്ടിച്ചിട്ടുണ്ട്. ‘സ്വയംവര’ത്തിനു വേണ്ടി കടൽശബ്ദം റെക്കോർഡ് ചെയ്തത് അദ്ദേഹവും ദേവദാസും കൂടിയായിരുന്നു. ‘നിഴൽക്കൂത്തി’ലെ കാറ്റിലാടുന്ന വയൽ വരമ്പിന്റെ ശബ്ദവും അങ്ങിനെ തന്നെ. അന്നും മുന്നിട്ടിറങ്ങിയത് സംവിധായകനാണ്. ഇക്കാലത്തും സംവിധായകന്റെ കമ്മ്യൂണിക്കേഷൻ പ്രധാനമാണ്. അവരാണ് നമ്മളുടെ ഏറ്റവും വലിയ സപ്പോർട്ടേഴ്‌സ്. അവർക്കു കൺഫ്യൂഷൻ ഉണ്ടാക്കാതെ ജോലി ചെയ്യുക എന്നത് ഏതൊരു ടെക്‌നീഷ്യൻസിനെയും പോലെ ഞങ്ങളുടെയും ധർമ്മമാണ്.

റസൂലിക്ക തൃശൂർ പൂരം റെക്കോർഡ് ചെയ്യുന്ന ഫോട്ടോ എല്ലാവരും കണ്ടില്ലേ, അത്രയും ശബ്ദങ്ങൾ സ്റ്റുഡിയോവിൽ റിക്രിയേറ്റ് ചെയ്യാൻ പറ്റുമോ? പിന്നെ സിനിമയിൽ സിങ്ക് സൗണ്ട് ചെയ്യുന്നത് പരിസരത്തിനു (atmosphere sounds) വേണ്ടി മാത്രമാണെന്നത് മിഥ്യാധാരണയാണ്, ആത്യന്തികമായി അത് നടീനടന്മാരുടെ പെർഫോമൻസിനെ ജീവനോടെ (voice texture) ആലേഖനം ചെയ്യാനാണ്. പതിനെട്ടു കൊല്ലം മുന്നേ പരീക്ഷണാടിസ്ഥാനത്തിൽ 'ഹേ റാം' വഴി തമിഴിൽ കമൽഹാസ്സൻ ഇതിനു വേണ്ടി വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പല രീതിയിലും ആ ചിത്രം കാലങ്ങൾക്കു മുന്നേ സഞ്ചരിച്ചതാണ്. എന്നാൽ 2001-ലെ ജൂണിലും, അഗസ്റ്റിലുമായി ഇറങ്ങിയ രണ്ട് അമീർ ഖാൻ ചിത്രങ്ങൾ, 'ലഗാനും', 'ദിൽ ചാഹ്താ ഹേ'യുമാണ് പോപ്പുലർ ഇന്ത്യൻ സിനിമയിലെ ലൊക്കേഷൻ ശബ്ദലേഖനത്തെ ജനകീയമാക്കിയത്. കഥാപാത്ര പ്രകടനങ്ങളിലെ സ്വാഭാവികത തീയേറ്ററിൽ ശരിക്കും അന്ന് കാണികൾ ആസ്വദിച്ചു, ഒന്ന് ഗ്രാമാന്തരീക്ഷവും മറ്റേത് അർബൻ സ്കേപ്പും.'ബ്ളാക്ക് 'എന്ന സിനിമയിൽ സിങ്ക് സൗണ്ട് ആയിരുന്നു, ചിത്രീകരണശേഷം അമിതാബ് ബച്ചൻ റസൂലിക്കയെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി സൽക്കരിച്ചു, ശേഷം അദ്ദേഹം പറഞ്ഞത് 'ഡബ്ബിങ് മൂലം എന്റെ ഇത് വരെയുള്ള അഭിനയകാലത്തിൽ എത്രത്തോളം ജീവൻ ചോർന്നു പൊയ്പോയി' എന്നാണ്. തന്റെ ഘനഗാംഭീര്യമുള്ള ശബ്ദ ഭാവങ്ങളാൽ മുപ്പതു കൊല്ലങ്ങളോളം ഇന്ത്യയിലെ തീയേറ്ററുകൾക്കകം വിറപ്പിച്ച പഴയ ആംഗ്രി യങ്മാനിന്റെ നഷ്ടബോധമാണത് എന്നോർക്കുക. ശേഷം അദ്ദേഹം സിങ്ക് സൗണ്ടില്ലാതെ അഭിനയിക്കില്ലെന്ന് വാശി പിടിച്ചിരുന്നു. ഇന്ന് ഹിന്ദിയിൽ വിരലിലെണ്ണാവുന്നവരൊഴികെ മറ്റെല്ലാ നടീനടന്മാരും സിങ്ക് സൗണ്ടിൽ മാത്രം വർക്ക് ചെയ്യുന്നവരാണ്, കാരണം ഡബ്ബിങ്ങിൽ വരാവുന്ന തങ്ങളുടെ അഭിനയത്തിലെ 'ചോർച്ച'യെക്കുറിച്ചു അവർ ബോധവാന്മാരാണ്. ഡയലോഗ് പ്രോംപ്റ്റിങ് എന്നൊരു സംഗതിയേയില്ല. സാങ്കേതികകാരണങ്ങൾ കൊണ്ട് ഒരു ക്യാമെറമാൻ ആവശ്യപ്പെടും പോലെ ഞങ്ങൾക്കും ചിലപ്പോൾ പരിസര ശബ്ദ തടസ്സങ്ങൾ മൂലം റീടേക്കുകൾ ആവശ്യപ്പെടേണ്ടി വരും. നടന്മാർ, നൈസര്‍ഗ്ഗികമായ അഭിനയങ്ങൾക്കു റീടേക് ഉണ്ടാവില്ല എന്ന് വാദിക്കുമ്പോഴും സിങ്ക് സൗണ്ട് തന്നെ അല്ലെ ഏതൊരു ടേക്കിനെയും റീട്ടേക്കിനെയും ഏറ്റവും സത്യസന്ധമായി അപ്പോഴും പകർത്തുക എന്ന് ചിന്തിക്കാം.

ഇനി നമ്മുടെ മലയാളസിനിമ എടുത്തു നോക്കൂ, ഇന്ത്യൻ സിനിമ കണ്ടതിൽ ഏറ്റവും പ്രഗത്ഭരായ നടന്മാരായിരുന്നു/ ആണ് ഇവിടെയുള്ളത്, നായകന്മാരായാലും, ഇതരവേഷങ്ങൾ ചെയ്യുന്നവാരായലും അസാമാന്യ പ്രതിഭകൾ. മോഹൻലാൽസാർ അസാധ്യ പെർഫോർമർ അല്ലെ, ശബ്ദവും ചലനങ്ങളും, ശരീര/ മുഖ ഭാവങ്ങളും കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച അദ്ദേഹത്തിന്റെ നടനം എത്ര മടങ്ങു കൂടി മാജിക്കൽ ആയിരുന്നേനെ മേൽപ്പറഞ്ഞ സംവിധാനമുണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കാറുണ്ട് പലപ്പോഴും. അദ്ദേഹത്തിന്റെ 'വാസ്തുഹാര' മാത്രമാണെന്നു തോന്നുന്നു സിങ്ക് സൗണ്ട് ഉപയോഗിച്ച ചിത്രം. 'സ്ഫടിക'മൊക്കെ ലൊക്കേഷൻ സൗണ്ട് ആയിരുന്നെങ്കിൽ ഏതു ലെവൽ ആവുമായിരുന്നു. ബച്ചന്റെ കാര്യം സൂചിപ്പിച്ച പോലെ മമ്മൂട്ടിയുടെ അഭിനയവും നമ്മൾ പതിന്മടങ്ങു കരുത്തോടെ അനുഭവിക്കേണ്ടതായിരുന്നു. അദ്ദേഹം അത് തിരിച്ചറിഞ്ഞു സിങ്ക് സൗണ്ടിനു മുൻകൈ എടുത്തിട്ടുമുണ്ട്. അഭിനയ സമയത്തെ ശ്വാസോച്ഛാസവും (breath), ശരീരചലന ശബ്ദങ്ങളും ഒരിക്കലും നമുക്ക് ഡബ്ബിങ് സ്റ്റുഡിയോവിൽ പെർഫെക്ട് ആയി ഉണ്ടാക്കിയെടുക്കാൻ പറ്റില്ല. കാരണം ആദ്യ അഭിനയമുഹൂർത്തത്തിലെ ഓരോ ശബ്ദവും അതുല്യമായ ഇമ്പ്രെഷൻ ആണ്, വിരലടയാളം പോലെ, ഡ്യൂപ്ലിക്കേഷൻ സാധ്യമല്ല.

രാജീവ് രവിയുടെ 'അന്നയും റസൂലും', 'കമ്മട്ടിപ്പാടം' എന്നീ ചിത്രങ്ങൾ, പിന്നെ 'ആക്ഷൻ ഹീറോ ബിജു' ഇവയൊക്കെ നല്ലൊരു ഭാഗം ലൊക്കേഷൻ സൗണ്ട് റെക്കോർഡഡ് ആണ്, അവയുടെ സ്വാവഭാവികതയെപ്പറ്റി ധാരാളം ചർച്ചകൾ വന്നുകഴിഞ്ഞു. 'പ്രേമം' എന്ന ചിത്രം ഡബ്ബിങ് സമയത്തു പ്രത്യേക രീതിയിൽ റെക്കോർഡ് ചെയ്തു സിങ്ക് സൗണ്ട് എന്ന് തോന്നിക്കുമാറ് എഫക്ട് ഉണ്ടാക്കിയെടുത്തതാണ്. ഈയടുത്തിറങ്ങിയ 'രക്ഷാധികാരി ബൈജു' എന്ന ചിത്രം പൂർണ്ണമായും സിങ്ക് സൗണ്ട് ആണ്, സ്മിജിത് കുമാർ ആണ് സിങ്ക് സൗണ്ട് ചെയ്തത്. ഗിമ്മിക്കുകൾ കുറച്ചു റിയലിസ്റ്റിക് ട്രീട്മെന്റിലുള്ള ഇവയെല്ലാം വേറിട്ട അനുഭവം സമ്മാനിച്ചത് അതിന്റെ ശബ്ദലേഖനത്തിലൂടെ കൂടിയാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും, എല്ലാം വിജയചിത്രങ്ങളുമാണ്. 'അങ്കമാലി ഡയറീസ്' സിങ്ക് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു, കാരണം അതിന്റെ പശ്ചാത്തലം, പുതുമുഖ നടീനടന്മാരുടെ പെർഫോമൻസ്‍ എല്ലാം അത് ആവശ്യപ്പെടുന്നുണ്ട്. കോമഡി ചിത്രങ്ങളിൽ സിങ്ക് സൗണ്ട് ഉപയോഗിച്ചാൽ ഫലം ഇരട്ടിയാണ്, കാരണം പലതും ഇൻസ്റ്റന്റ് റിയാക്ഷൻസ് ആയിരിക്കുമല്ലോ. എന്നിട്ട് ഡബ്ബിങ് ചെയ്യാൻ നേരത്തു പുട്ടിനു പീര ചേർക്കുന്ന പോലെ ചില അഡിഷൻസ് നടത്താം. സിങ്ക് സൗണ്ട് സിനിമകൾക്ക് ഡബ്ബിങ് എന്നത് ഒരു ഇരട്ടിമധുരമാണ്, ഗ്യാപ് ഫില്ലിംഗ്, ചില ഓഫ്‌സ്ക്രീൻ സംഭാഷണങ്ങൾ ഒക്കെയാണ് അവിടെ ഇമ്പ്രോവൈസ് ചെയ്യാറ്.

വർക്ക് സ്റ്റൈലിനെ കുറിച്ചാൽ, ലൊക്കേഷനിൽ അന്നന്ന് തീരുമാനിക്കപ്പെടുന്ന രംഗങ്ങളുണ്ടെന്നാലും ശരിയായി കമ്മ്യൂണിക്കേറ്റ് ചെയ്‌താൽ ഞങ്ങൾക്ക് വേണ്ടരീതിയിൽ അതിവേഗം തന്നെ തയ്യാറെടുപ്പുകൾ നടത്താൻ കഴിയും. അതിനനുസരിച്ചു ഞങ്ങൾ മൈക്കുകൾ സെറ്റ് ചെയ്യും. ഒരു ക്യാമെറാമാൻ കാര്യങ്ങൾ അറേഞ്ച് ചെയ്യുന്ന നേരം ഞങ്ങൾ അത് നടത്തിക്കഴിയും. സെറ്റിൽ കണക്കപ്പിള്ള ചമഞ്ഞു നടക്കുന്ന വിവരമില്ലാത്തവരാണ് ആ സമയം ഞങ്ങളെ അധികപ്പറ്റായി കാണുകയുള്ളൂ, സിനിമ പരിണമിക്കുന്നത് അവർ അറിയാത്തതു കൊണ്ടാണത്. സിനിമയിലെ പഴയ പ്രോട്ടോകോൾ അനുസരിച്ചു നമ്മളെ എവിടെ പ്ളേസ് ചെയ്യണമെന്ന് ഇവർക്ക് അറിയില്ല. പണ്ട് സ്പോട് എഡിറ്റിങ് വന്ന സമയത്തു എഡിറ്റർമാരും ഈ അവഗണന നേരിട്ടിരുന്നു. സെറ്റിൽ ഒരാൾ കസേരയിട്ട് സംവിധായകനോട് ചേർന്ന് ഇരിക്കുന്നതും, ചില ഷോട്ടുകൾ വീണ്ടുമെടുക്കണം എന്ന നിർദ്ദേശം വെക്കുന്നതുമെല്ലാം, സിനിമയെ സർഗ്ഗാത്മകസൃഷ്ടിയായി കാണാത്തവർക്ക് ചൊറിച്ചിലുണ്ടാക്കും. അതൊക്കെ മാറും, ടെക്നൊളജിയുടെ മുന്നേറ്റത്തെ ആർക്കും റെസിസ്റ്റ് ചെയ്യാൻ കഴിയില്ല.

അതിനോട് ചേർത്ത് വെച്ച് ചോദിച്ചാൽ, ‘ബൂമടക്കം ഒന്നോ രണ്ടോ മൈക് വെച്ച് അങ്ങ് ശബ്ദങ്ങൾ റെക്കോർഡ് ചെയ്‌താൽ പോരെ’ എന്ന് നവ സംവിധായകരടക്കം പലരും സംശയം ഉന്നയിക്കാറുണ്ട്. ലൊക്കേഷൻ റെക്കോർഡിങ് സമയത്തു നിങ്ങൾ ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങൾ, അതിൽ എത്രത്തോളം വീക്ഷണം ആവശ്യമാണ് എന്നൊക്കെ വിശദീകരിക്കാമോ? അതുപോലെ തന്നെ ആ ടീമിൽ വളരെ വൈദഗ്ദ്ധ്യം നേടിയവരായിരിക്കണം ബൂം മൈക് ഓപ്പറേറ്റേഴ്‌സ് എന്ന് കേട്ടിട്ടുണ്ട്. അതിൽ പ്രാവീണ്യം നേടിയവർ നമ്മുടെ നാട്ടിൽ കുറവാണെന്നും.

സൗണ്ട് റെക്കോർഡർ ഒരു ഫിലിം മേക്കറുടേതിന് സമാനമായി ചിന്തിക്കേണ്ട ആവശ്യകതയുണ്ട് ഷൂട്ടിങ് സമയത്. മൈക്ക് വെക്കുന്നതിനു മുന്നേ ഷോട്ട് എപ്രകാരമെന്നതും, അത് പോസ്റ്റ് പ്രൊഡക്ഷൻ സമയം എങ്ങിനെ വരും എന്നതും കാൽക്കുലേറ്റ് ചെയ്യേണ്ടി വരും. ക്യാമെറമാൻ വെക്കുന്ന ഫ്രെയിമും, ആര്ട്ട് ഡയറക്ടർ ഉപയോഗിക്കുന്ന മെറ്റീരിയലുകളും, ഷൂട്ടിങ് ഫ്ലോർ, ആർട്ടിസ്റ്റ് ഇടുന്ന ബൂട്ടുകൾ, പിന്നെ കോസ്റ്റിയൂമിന്റെ ക്വാളിറ്റിയും വരെ മൈക്ക് ഘടിപ്പിക്കും മുന്നേ നാം ശ്രദ്ധിക്കണം. അനന്തമായ ആംഗിളുകളിലല്ലേ നമുക്ക് ചുറ്റും ശബ്ദം ഉണ്ടാവുക, അവയെ ഫ്രേമിലെ പ്രധാന ഘടകങ്ങളിലേക്കു ചുരുക്കി നമ്മൾ മൈക്കുകൾ അസൈൻ ചെയ്യും. ഉദാഹരണത്തിന് രണ്ടു പേരിരുന്ന് സംസാരിക്കുന്ന ഒരു സ്റ്റാറ്റിക് ഷോട്ടിൽ, പുറകിലായി വലത് നിന്നും ഇടത്തോട്ട് സഞ്ചരിക്കുന്ന ഒരു സൈക്കിൾ ഉണ്ടാവാം. അപ്പോൾ നമ്മൾ സൈക്കിളിനും ഒരു റിമോട് മൈക് അസൈൻ ചെയ്യേണ്ടി വരും. അതിന് റൈറ്റ് ചാനലിൽ നിന്നും ലെഫ്റ്റിലേക്ക് സൗണ്ട് പാൻ വേണ്ടിവരും. അത് അഭിനേതാക്കളുടെ ശബ്ദവുമായി കൂടി കുഴയരുത്. ഒരു കൂട്ടം ആളുകൾ സംസാരിക്കുമ്പോൾ പ്രാധാന്യമുള്ളത് ഓവർലാപ്പ് ആകാതെ വേർതിരിക്കണം. സറൗണ്ട് സൗണ്ട് ഫ്രെമിനകത്തെ മൂവേമെന്റുകളെയും, ഓഫ്‌സ്ക്രീൻ ശബ്ദങ്ങളെയും അടിസ്ഥാനമാക്കിയാണ് നമ്മൾ ഡിസൈൻ ചെയ്യാറ്‌. ഫ്രേമിലെ ഇത്തരം ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു വേണം ശബ്ദലേഖനം തുടങ്ങാൻ. അത് വളരെ വേഗം സെറ്റപ്പ് ചെയ്യുകയും വേണം. അപ്പോൾ ക്യാമെറാ മൂവേമെന്റുകളും മറ്റുമുള്ള സങ്കീർണ്ണമായ ഷോട്ടുകളെപ്പറ്റി ചിന്തിച്ചു നോക്കൂ.


പിന്നെ ഓരോ മൈക്കിനും ഓരോ ശേഷിയുണ്ട്. കമ്പനിക്കനുസരിച്ചു അതിന്റെ ക്വാളിറ്റി മാറും. എന്റെ കൈവശമുള്ള ഒരു ബോഡി ലപ്പേൽ മൈക്കിന് (ശരീരത്തിൽ ഘടിപ്പിക്കുന്നവ) മാത്രം മൂന്ന് ലക്ഷം രൂപ വിലവരും. പറഞ്ഞിട്ട് കാര്യമില്ല, ഒരേ പോലെ സങ്കീർണ്ണവും പോർട്ടബിളുമായാണ് അവ ഡിസൈൻ ചെയ്തിട്ടുള്ളത്. ഹോളിവുഡിലും ഇവയൊക്കെ തന്നെയാണ് ഉപയോഗിക്കുന്നത്. ‘തിതി’ സിനിമയ്ക്കു വേണ്ടി സംവിധായകൻ റാം തന്നെ റിസർച്ച് ചെയ്തു പഠിച്ച ശേഷം വിലകൊടുത്തു വാങ്ങിയ നാൽപ്പതു ലക്ഷം രൂപയുടെ റെക്കോർഡിങ് സാമഗ്രികൾ ചിത്രീകരണശേഷം പിന്നീടുള്ള എന്റെ ആവശ്യത്തിനായി വിട്ടു തന്നു. ഇന്നും അയാൾ പുതിയ മൈക്കുകളെക്കുറിച്ചു തിരഞ്ഞുകൊണ്ടിരിക്കുന്നു, ലോകസിനിമാ സമക്ഷത്തിൽ നമ്മുടെ സിനിമ പ്രെസെന്റ്റ് ചെയ്യുമ്പോൾ വേണ്ട ക്വാളിറ്റിയുടെ കാര്യത്തിൽ അയാൾ അത്രയ്‌ക്ക് ശ്രദ്ധാലുവാണ്. നമ്മുടെ നാടിനെ നാം അറിഞ്ഞു ‘കേട്ട’തോളം മറ്റാർക്കും കേൾക്കാൻ കഴിയില്ലല്ലോ. ബിഗ് ബജറ്റ് സിനിമകളുടെ കാര്യമല്ല ഞാനീ പറയുന്നത്. ആദ്യകാല മോണോ റെക്കോർഡിങ്ങിൽ നിന്നും സ്റ്റീരിയോ, ഡോൾബി അങ്ങനെ ഇപ്പോൾ 64 ചാനലുകൾ ഉള്ള ഡോൾബി അറ്റ്മോസിൽ നമ്മൾ വന്നു നിൽക്കുന്നു. ഓരോ ചാനലിനും ഡെഡികേറ്റഡ് ആയ ശബ്ദം കൊടുക്കാൻ ഇന്ന് നമുക്ക് സാധിക്കും. ഡിജിറ്റൽ സിനിമാട്ടോഗ്രഫിയിലെ 2K, 4K, 8K ക്വാളിറ്റി എന്നൊക്കെ പറയുന്നത് പോലെ സൗണ്ടിനും റെസൊല്യൂഷൻ കൂടി എന്ന് ആലങ്കാരികമായി പറയാം.


ബൂം മൈക്ക് ഓപ്പറേറ്റർ അഥവാ ‘ബൂം മാൻ’ ഒരു റെക്കോർഡറേക്കാളുപരി ഒരു അഭ്യാസി കൂടിയാണ്. ഫ്രേമുകളെ, അതിന്റെ വിസ്തൃതിയെ, ഷോട്ടിന്റെ ചലനത്തെ ഒക്കെ കുറിച്ച് ഏറ്റവും കൂടുതൽ ധാരണ അവർക്കാണ്. ക്യാമറയുടെ ലെൻസിന്റെ ഫോക്കൽ നമ്പർ നോക്കി വരെ അവർ പ്രവർത്തിക്കും. മൈക്കിന്റെ ഷാഡോ വീഴാതിരിക്കാൻ അവർ ലൈറ്റിങ് ആംഗിളുകൾ ശ്രദ്ധിക്കും. നിശ്ചിത ഫ്രീക്വെൻസിയിലും അകലത്തിലും (coverage) മാത്രമേ ബൂം മൈക്ക് ഫലപ്രദമായി വർക്ക് ചെയ്യൂ (ബൂം മൈക്കുകളും പല ടൈപ്പുകൾ ഉണ്ട്), അതോടൊപ്പം ആർട്ടിസ്റ്റുകളുടെ ഏതു തരത്തിലുള്ള ചലനത്തിനും അനുസൃതമായി ക്യാമെറയിൽ പെടാതെ മെയ്‌വഴക്കത്തോടെയാണ് അവർ മൈക്കും താങ്ങി നടക്കാറ്. മുംബൈയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യാറുണ്ടിവരെ, നമ്മുടെ സിനിമയിൽ സിങ്ക് സൗണ്ട് റെക്കോർഡിങ് കുറവായത് കൊണ്ടാണ് നല്ല ബൂംമാനെ ഇവിടെ ലഭ്യമല്ലാത്തത്

മൾട്ടി കാമറ (ഒന്നിലധികം കാമറ) ഉപയോഗിച്ചുള്ള ഷൂട്ടുകൾ നിങ്ങൾക്ക് ബാധ്യതയല്ലേ, ഇപ്പോൾ അത് ധാരാളമായി ഉപയോഗിക്കുന്നുമുണ്ട്?

ബൂം മാന് അൽപ്പം ജോലി അധികമാണ്. കൂടുതലും മൾട്ടി കാമറ സെറ്റപ്പിൽ ഒന്ന് വൈഡും ഒന്ന് ക്ലോസും ഷോട്ടുകളാണ് വെക്കാറ്. ഏതു ക്യാമറക്കു വേണ്ടി മൈക്ക് സെറ്റപ്പ് ചെയ്യണം എന്നതു ചിന്തിക്കണം. നമ്മൾ എപ്പോഴും വൈഡിന് വേണ്ടി ബൂം സെറ്റ് ചെയ്യേണ്ടി വരും. ക്ലോസിന് വേണ്ടി ബൂം ഉപയോഗിച്ചാൽ, മറ്റേ ക്യാമെറയിൽ ബൂം മാൻ വരും. എക്സ്ട്രീം വൈഡ് ഷോട്ടുകൾക്ക് അവരെ ഒഴിവാക്കി ലെപ്പൽ മൈക്ക് ഉപയോഗിക്കും. ടെലിവിഷൻ പരിപാടികളിൽ ഇത്തരം ഷൂട്ട് യാതൊരു പ്രശ്നവുമില്ലാതെ നടക്കും, കാരണം അവിടെ ബൂം ഇല്ലല്ലോ.


രസകരമായ ഒരു ഉദാഹരണമുണ്ട്, ‘House of cards’ എന്ന ഇംഗ്ലീഷ് പരമ്പരയിൽ സമാനമായൊരു ഷോട്ട് ശ്രദ്ധയിൽപ്പെട്ടു, ശബ്ദലേഖനം കേട്ടാൽ ബൂം മൈക്ക് ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ് താനും എന്നാൽ ആ വൈഡ് ഷോട്ടിൽ ബൂം മാനെ കാണുന്നുമില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ ആ ഷോട്ടിന്റെ ഒരു കാലിയായ (കഥാപാത്രങ്ങളില്ലാതെ പശ്ചാത്തലം മാത്രം) ഷോട്ട് ആദ്യം എടുത്ത്, പിന്നെ ബൂം മാനോട് കൂടി തന്നെ രംഗം ഷൂട്ട് ചെയ്തു, ശേഷം പോസ്റ്റ് പ്രൊഡക്ഷനിൽ ബൂം മാനെയും മൈക്കിനെയും മാച്ചു കളഞ്ഞു ആദ്യം ഷൂട്ട് ചെയ്ത ആ എംപ്റ്റി ഫ്രെയിം അതിനു മുകളിൽ പേസ്റ്റ് ചെയ്തു എന്നതാണ്. ഒരു ചെറിയ സ്പെഷ്യൽ എഫക്ട്, അതും ശബ്ദത്തിനു വേണ്ടി ഒരു ടെലിവിഷൻ സീരീസിൽ.

സിനിമകളിൽ കൂടി മാത്രമല്ല, വൺ ക്ലിക്ക് വിഷ്വൽ റിവൊല്യൂഷന്റെ ഇന്നത്തെ കാലത്തും നാം അറിഞ്ഞും അറിയാതെയും ആസ്വദിക്കുന്നതിലൊക്കെ തന്നെയും സ്വാഭാവിക ശബ്ദലേഖനങ്ങളോ റെഫെറെൻസുകളോ അടങ്ങിയിട്ടില്ലേ?

തീർച്ചയായും. വൈറൽ വീഡിയോസ് നല്ലൊരു ഉദാഹരണമല്ലേ? ഫ്രേമുകളെക്കാളും, കണ്ടെന്റുകളെക്കാളുമുപരി നമ്മളെ അവയോടടുപ്പിക്കുന്നത് അതിലെ സ്വാഭാവിക ശബ്ദപരിസരങ്ങളാണ്. ഭൂമിയുടെ അങ്ങേത്തലക്കലുള്ള മനുഷ്യരുടെയും കുഞ്ഞുങ്ങളുടേയുമൊക്കെ വികാരപ്രകടനങ്ങൾ നമ്മൾ ഹൃദയം കൊണ്ട് ആസ്വദിക്കാൻ കാരണം അതിലെ കലർപ്പില്ലാത്ത ശബ്ദലേഖനമാണ്. അവ മ്യൂട്ട് ചെയ്തു കണ്ടാൽ അത് മനസ്സിലാകും.


അതുപോലെ ചില മനുഷ്യരുടെ ഒറ്റയാൾ പ്രക്ഷോഭങ്ങളും, ആഹ്വാനങ്ങളും ഒക്കെ പൊതുജനം ഏറ്റെടുക്കുന്നതും, അവരുടെ വികാരങ്ങൾ അതേപടി ആലേഖനം ചെയ്യുന്നത് കൊണ്ടാണ്. മിക്കതും മൊബൈൽ ക്യാമറയിലെയും മറ്റും ബിൽറ്റ് ഇൻ മൈക്കിൽ റെക്കോർഡ് ചെയ്യുന്നവയാണ്. അത് അതിന്റെ റേഞ്ചിൽ വരുന്ന സകല ശബ്ദങ്ങളെയും നമ്മളെ കേൾപ്പിക്കും. അതിന്റെ തന്നെ ക്രിയേറ്റിവ് ഹൈടെക്ക് റെക്കോർഡിങ് ആണ് സിനിമകളിൽ നടക്കുന്നത്. ഒന്ന് ജീവിതവും മറ്റേത് (സിനിമ) പ്രൊഫെഷണൽസ് അളന്നു മുറിച്ചു ഉണ്ടാക്കിയെടുക്കുന്ന ജീവിതത്തിന്റെ പകർപ്പുകളുമാണ്. കൃത്രിമത്വത്തെ ഏറ്റവും വിശ്വസനീയമാക്കുന്ന മാജിക് ആണല്ലോ സിനിമ. ഇന്ന് രാവിലെ എണീറ്റാൽ മുതൽ രാത്രി ഉറങ്ങും വരെ ഓരോ മിനിട്ടിലും നാം പല മാധ്യമങ്ങളിലൂടെ ശബ്ദവിന്യാസങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്, ഇത്തരത്തിലൊരു ഓഡിയോ-വിഷ്വൽ പരിസരം ശീലിച്ച നമ്മൾ ഇനി സിനിമയിലും ‘കൃത്രിമമെന്നു തോന്നുന്ന’വയെ നിരാകരിച്ചു തുടങ്ങും. റേഡിയോ സംഭാഷണ രീതി പഴയതായിക്കഴിഞ്ഞു.

നമ്മൾ ഇത് വരെ സിനിമയിലെ റിയൽ/ പ്രകൃതിദത്തമായ സൗണ്ടുകളെ മുൻ നിറുത്തിയാണ് സംസാരിച്ചത്, ഒരു സൗണ്ട് ഡിസൈനർ പലപ്പോഴും അയഥാര്‍ത്ഥമായ അല്ലെങ്കിൽ മനുഷ്യർ ഇത് വരെ പരിചയപെടാത്ത ശബ്ദങ്ങൾക്കും ഉത്തരവാദികളാണല്ലോ, സൗണ്ട് ഇഫക്ടുകൾ മാത്രമല്ല ഞാൻ ഉദ്ദേശിച്ചത്, നറേറ്റീവ് സ്‌പേസിലെ സാങ്കല്പിക ശബ്ദങ്ങൾ...

അതെ. ഏറ്റവും രസകരവും വെല്ലുവിളിയാർന്നതുമായ ഒരു ജോലിയാണത്. അതിനു പല ഉദാഹരണങ്ങൾ ഉണ്ട്. നമ്മളെല്ലാം റിയൽ ടൈമിലെ ശബ്ദത്തെ അറിയും, പക്ഷെ ഒരു സ്ലോ മോഷൻ സീനിൽ എങ്ങിനെ ശബ്ദം (മ്യൂസിക് അല്ല) പ്രവർത്തിക്കും എന്നാലോചിട്ടുണ്ടോ? സ്പെഷ്യൽ നറേറ്റിവ് സ്‌പേസിലെ ശബ്ദങ്ങളും, ശബ്ദങ്ങളെ ഉപയോഗിച്ചുള്ള നേരേറ്റിവ്‌സുമുണ്ട്. ‘ഗ്രാവിറ്റി’ എന്ന സിനിമ നടക്കുന്നത് ശബ്ദതരംഗങ്ങൾ ഒട്ടുമേ സാധ്യമല്ലാത്ത ശൂന്യാകാശത്തു വെച്ചാണ്. എന്നിട്ടും എല്ലാ ഗൗരവത്തോടും കൂടി ശൂന്യാകാശത്തിലെ പൊട്ടിത്തെറികൾ നമ്മൾ കേട്ടില്ലേ? അതിൽ മ്യൂസിക്കിന്റെയും സൗണ്ട് എഫക്ടിന്റെയും സമൃദ്ധമായ മിക്സിങ് ഉണ്ടായിരുന്നു. ദിനോസറുകളുടെ ശബ്ദം കേട്ടവരാരും ഇന്ന് ജീവിച്ചിരിപ്പില്ല, പല ശബ്ദങ്ങൾ മിക്സ് ചെയ്തുണ്ടാക്കി ‘ജുറാസിക് പാർക്ക്’ അവയ്‌ക്ക് വിശ്വസനീയമായ ഒരു ശബ്ദം ഉണ്ടാക്കിയില്ലേ? ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് സാധ്യമല്ലാത്ത ‘വാൾ -ഇ’ എന്ന അനിമേഷൻ ചിത്രത്തിൽ ഭൂമി അവസാനിച്ച ശേഷം ബാക്കിയായ ഒരു കുട്ടി റോബോട്ടിന്റെ ജീവിതമാണ് കാണിക്കുന്നത്. അതിൽ സംഭാഷണവും മ്യൂസിക്കും ഇല്ല, റോബോട്ടിന്റെ ഇലക്ട്രോണിക് ഞെരക്കങ്ങൾ മാത്രം. ആ ശബ്ദങ്ങളിൽ ഭാവവും ഉണ്ട്. ‘ട്രാൻസ്ഫോർമേഴ്‌സ്’ ചിത്രം മുഴുവൻ അത്തരം മിക്സ് ചെയ്തുണ്ടാക്കിയ ടെക്‌നോ ശബ്ദങ്ങളാണ്, അതിലെ ഒരു റോബോട്ട് സംസാരിക്കുന്നത് തന്നെ റേഡിയോ പ്രക്ഷേപണത്തിലെ വാക്കുകളും ശബ്ദങ്ങളും കൂട്ടിയോജിപ്പിച്ചാണ്. ‘എക്സോർസിസ്റ്റ്’ എന്ന ഹൊറർ ചിത്രത്തിൽ പതിനാലു വയസ്സുകാരിയുടെ ശബ്ദത്തോട് ഒരു വയസ്സന്റെ ശബ്ദം മിക്സ് ചെയ്തു അവതരിപ്പിച്ചപ്പോൾ ജനങ്ങൾ കിടുങ്ങിപ്പോയി, ആ രീതി ഇന്നും തുടരുന്നു. സാർവത്രികമായ ഒരു സൗണ്ട് എഫക്ടിന്റെ കാര്യം എടുത്താൽ, വെടിയൊച്ചയും ഇടിയൊച്ചയും പണ്ടത്തെയും ഇന്നത്തെയും ഒന്ന് താരതമ്യപ്പെടുത്തി നോക്കൂ.

കൊപ്പോള സംവിധാനം ചെയ്തു വാൾട്ടർ മർച്ച് എഡിറ്റ് ചെയ്ത ‘ദി കോൺവെർസേഷൻ’ എന്ന ചിത്രം പറയുന്നത്, അന്യരുടെ സംഭാഷണങ്ങൾ വയർ ടാപ്പ് ചെയ്യുന്ന ഒരു വിദഗ്ധന്റെ കഥയാണ്. അയാളുടെ ഹെഡ്‍ഫോണിൽ കൂടി കേൾക്കുന്ന സംഭാഷണശകലങ്ങളാണ് സിനിമയുടെ കഥാഗതി (narration) തന്നെ നിയന്ത്രിക്കുന്നത്. ഒരു സൗണ്ട് എഫ്ഫക്റ്റ് പ്രഫഷണൽ കഥാപാത്രമായിട്ടു തന്നെ വന്ന ത്രില്ലെർ ചിത്രമുണ്ട്, ‘ബ്ലോ ഔട്ട്’.

റെസ്‌നർ -റസ് എന്ന സംഗീതജ്ഞർ അവരുടെ സൗണ്ട് ട്രാക്കുകൾക്കുപയോഗിക്കുക പലപ്പോഴും അസംസ്കൃത ശബ്ദങ്ങളാണ്. ‘ഗോൺ ഗേൾ’ എന്ന ചിത്രത്തിലെ ടെൻഷൻ ബിൽഡ് ചെയ്യുന്ന ഒരു മ്യൂസിക് സംവിധാനം ശ്രദ്ധിച്ചാലതറിയാം. നല്ലൊരു സൗണ്ട് ഡിസൈനിങ് ആണത്

എഡ്ഗർ റൈറ്റിന്റെ പുതിയ ചിത്രമായ ‘ബേബി ഡ്രൈവറി’ൽ രസകരമായ കഥാപാത്രസൃഷ്ഠിയാണ്. പ്രത്യേകതരം കേൾവിതകരാറുള്ള ചെറുപ്പക്കാരനായ നായകൻ, ജീവിതത്തെ കേൾക്കുന്നതും, പഠിക്കുന്നതും, അറിയുന്നതുമെല്ലാം പാട്ടുകളിൽ കൂടിയാണ്. സദാസമയം കഥയിലെ സന്ദർഭത്തിനനുസരിച്ചു, തന്റെ ഐ-പോഡിലെ പാട്ടുകൾ മാറ്റി മാറ്റിയാണ് അയാൾ സർവ്വവും നേരിടുന്നത്. 33 വ്യത്യസ്ത സൗണ്ട് ട്രാക്കുകൾ സിനിമയിലുണ്ട്, ഒന്നേ മുക്കാൽ മണിക്കൂറോളം പാട്ടുകളാണ് സിനിമയെ കൊണ്ടുപോകുന്നത്, എന്നാൽ ഒരു മ്യൂസിക്കൽ ഫിലിമുമല്ല, ബുദ്ധിപൂർവമായ സൗണ്ട് മിക്സിങ് അടങ്ങിയ ത്രില്ലെർ ചിത്രമാണിത്, രസകരവും. എഡിറ്റിംഗ് പോലും സൗണ്ടിനനുസരിച്ചാണ്.

പോളിഫോണിക് എന്നറിയപ്പെടുന്ന രസകരമായ വൈരുദ്ധ്യത പകരുന്ന (contrapuntal) സൗണ്ട് ഡിസൈൻ ഇല്ലേ? ടാരന്റിനോ സിനിമകളിൽ ധാരാളമായി അവ ഉപയോഗിക്കാറുണ്ട്.

പണ്ട് ഒരു മ്യൂസിക് എക്സ്പെരിമെന്റ് ആയി തുടങ്ങി പിന്നീട് സിനിമയിൽ ഉപയോഗിച്ച് പോന്നതാണവ. സ്ക്രീനിലെ ഇമേജസിന്റെ സ്വഭാവത്തോട് വിപരീത അർഥം നൽകുന്ന ശബ്ദങ്ങളോ സംഗീതമോ ഉപയോഗിച്ച് സീനുകൾക്ക് വേറൊരു തലത്തിൽ അർഥം നൽകി ആസ്വദിപ്പിക്കുന്നതിനെ പോളിഫോണിക് രീതി എന്ന് പറയാം. ചാപ്ലിൻ ചിത്രങ്ങളിൽ അവ ധാരാളമായുണ്ട്. പോസ്റ്റ്-പ്രോഡക്‌ഷൻ സമയത്താണ് തീരുമാനങ്ങൾ ഉണ്ടാവുക, കൂടുതലും സംവിധായകന്റെ ഐഡിയ ആണവ, അല്ലാത്ത പക്ഷം സൗണ്ട് ഡിസൈനേഴ്സിന്‌ ചെറിയ നിർദേശങ്ങൾ വെക്കാം. കുബ്രിക്ക് തന്റെ ‘ഡോക്ടർ സ്‌ട്രെഞ്ച് ലവ് ‘ എന്ന ചിത്രത്തിൽ, ഹിരോഷിമയിൽ അണുബോംബിടുന്ന യദാർത്ഥ ദൃശ്യങ്ങൾക്ക് മീതെ പ്രശസ്തമായൊരു ഗാനമാണ് പ്ലേസ് ചെയ്തത്. ആ സിനിമ ഒരു ആക്ഷേപഹാസ്യം കൂടിയായിരുന്നു. കുബ്രിക്കിന് ശേഷം ആ രീതി നിരന്തരമായി യൂസ് ചെയ്യാറുള്ളത് ടരന്റീനോ ആണ്. അദ്ദേഹത്തിന്റെ ‘റീസെവോയർ ഡോഗ്‌സ്’ എന്ന ചിത്രത്തിലെ ചെവി മുറിക്കുന്ന ഭീകരത നിറഞ്ഞ സീനിൽ ഉപയോഗിച്ചിട്ടുള്ളത് ഒരു ഡാൻസ് നമ്പർ ആണ്. ഇത് രണ്ടും കൂടി ചേരുമ്പോൾ ആ കൃത്യം ആസ്വദിക്കണമോ പേടിക്കണോ എന്ന രീതിയിലുള്ള വല്ലാത്ത ഒരു അവസ്ഥയിലാണ് പ്രേക്ഷകർ. വയലൻസിനെ ആസ്വദിക്കുന്ന പോപ്പ് കൾച്ചർ ജനതയും അവിടെ റെപ്രെസെന്റ് ചെയ്യപ്പെടുന്നുണ്ട്. മേക്കറുടെ പക്ഷത്തു നിന്നും പ്രയോഗിക്കാവുന്ന നല്ലൊരു പൊളിറ്റിക്കൽ ടൂൾ ആണിത്.
അറിഞ്ഞോ അറിയാതെയോ നമ്മുടെ ചാനലുകളിലെ സോഷ്യോ-പൊളിറ്റിക്കൽ സറ്റയർ പരിപാടികളിൽ ഇത്തരം രീതികൾ ഉപയോഗിക്കാറുണ്ട്. താങ്കളുടെ ഷോർട് ഫിലിമായ ‘കരിഞ്ചാത്തനി’ൽ രസകരമായി അവയെ ഉപയോഗിച്ചിട്ടുണ്ടല്ലോ, അപൂർവമായേ അങ്ങനെ കേൾക്കാറുള്ളൂ, അതും പൊളിറ്റിക്കലി എക്സ്പ്രസീവുമാണ്, ഈയവസരത്തിൽ അത് കൂടി ഒന്ന് സൂചിപ്പിച്ചോളൂ:

സന്തോഷം. അത് ഒരേ സമയം പരീക്ഷണത്തെയും, ബജറ്റ് ഇല്ലായ്മയെ മറികടക്കാൻ കൂടിയും ഉപയോഗിച്ചതാണ്. ലോക്കഷൻ സൗണ്ട് ആയിരുന്നില്ല, ഫോളിയും സൗണ്ട് എഫക്ടും സ്റ്റുഡിയോവിൽ ചെയ്തിരുന്നില്ല, ആകെയുള്ള ശബ്ദം ഡയലോഗ് ഡബ്ബ് മാത്രമായിരുന്നു. അതുകൊണ്ടു സ്റ്റോക്ക് മ്യൂസിക്കും, ശബ്ദങ്ങളും ധാരാളമായി പോളിഫോണിക് ആയി യൂസ് ചെയ്തു. മതഭ്രാന്തന്മാർ വരുമ്പോൾ ഗാലക്സിയെപ്പറ്റിയുള്ള ശബ്ദരേഖയും, മരണത്തെ സൂചിപ്പിക്കാൻ ബർത്‌ഡേ പാട്ടും, കഥാപാത്രങ്ങൾക്കനുസരിച്ചു പശ്ചാത്തലത്തിലെ മൃഗങ്ങളുടെ ശബ്ദങ്ങളും, ചാവാൻ വീഴുമ്പോൾ ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്ലഷ് ശബ്ദവുമൊക്കെ അങ്ങിനെ ലിമിറ്റേഷനിൽ നിന്നപ്പോൾ ഉദിച്ച ചെറു ആശയങ്ങളാണ്. വളരെപ്പേർക്ക് ആ സൗണ്ട് ഡിസൈൻ രസിച്ചതായി അറിയിച്ചിരുന്നു.

നിശബ്ദതയെ എങ്ങിനെ വ്യാഖ്യാനിക്കും നിങ്ങൾ? സിനിമാറ്റിക്കലി ഒരൽപം പോലും നിശബ്ദതയെ തീയേറ്ററിൽ വകവെച്ചു കൊടുക്കാറില്ല പലപ്പോഴും നമ്മുടെ പ്രേക്ഷകർ

റോബർട്ട് ബ്രെസ്സൺ എന്ന സംവിധായകൻ സിനിമയിലെ ഇരുട്ടിനെക്കുറിച്ചു പറഞ്ഞത്, ഇരുട്ടിനും ഒരു വെളിച്ചമുണ്ട് എന്നാണ്, വെളിച്ചത്തിന്റെ ഒരംശമില്ലാതെ എങ്ങനെ ഇരുട്ടത്തുള്ള ദൃശ്യങ്ങൾ കാണാനാവും? അതുപോലെ തന്നെ നിശബ്ദതയെ കുറിക്കുന്നത് ശബ്ദമാണ്. നമ്മൾ എത്ര നിശബ്ദതയെ തേടിയാലും ഏതെങ്കിലും നേർത്ത പുതു ശബ്ദങ്ങളിലേക്കു നിങ്ങൾ ഊളിയിട്ടുകൊണ്ടേയിരിക്കും. മലമുകളിലേക്കും മറ്റും സന്യാസത്തിനും ധ്യാനത്തിനും പലരും പോകുന്നത് സീനറി ആസ്വദിക്കാനല്ല, മറിച്ചു നിശബ്ദത തേടിയാണ്. കണ്ണുകളടച്ചല്ലേ നാം ഏകാഗ്രമാകാറ്. കേൾവി ശക്തിയില്ലാത്തവർ പോലും എന്തോ മൂളൽ കേൾക്കുന്നുണ്ടാവാം. ഹൃദയമിടിപ്പ് പോലും നിശബ്ദതയെ കുറിക്കുവാൻ സിനിമാറ്റിക്കലി ഉപയോഗിക്കും.


‘നോ കൺട്രി ഫോർ ഓൾഡ് മെൻ’ എന്ന ഇംഗ്ലീഷ് ചിത്രം നിശബ്ദമായ ഭീതിയെ രചിച്ച മികച്ച സൗണ്ട് ഡിസൈൻ ആണ്. അവസാന ഭാഗത്തെ കാർ ആക്സിഡന്റ് പോലും വളരെ ശാന്തമായാണ് പ്രോസസ്സ് ചെയ്തിരിക്കുന്നത്. കാറിടിയുടെ മുഴക്കം ഒഴിച്ചാൽ, ആ പ്രദേശത്തെ ചെറിയ കാറ്റിന്റെ ശബ്ദം പോലും നമ്മൾ ശ്രദ്ധിക്കും.


ബഹളങ്ങളും ആഘോഷങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഒച്ച വെച്ചാണ് നമ്മൾ പലപ്പോഴും സംസാരിക്കാറ് തന്നെ. അതുകൊണ്ട് നിശബ്ദത ഉൾക്കൊള്ളാൻ നമുക്ക് അൽപ്പം ബുദ്ധിമുട്ടാണ്. വിദേശികളായ ടെക്‌നീഷ്യൻസിന് നമ്മുടെ സിനിമകളിലെ പാട്ടുകളും അതിന്റെ സന്ദർഭോചിതമായ നിയമനത്തെയും എങ്ങിനെ പ്രോസസ്സ് ചെയ്യണം എന്ന് കൂടി അറിയില്ല. അത് വേറെ കാര്യം, പക്ഷെ സിനിമയെ ഒരു എസ്ക്കേപ്പ്പിസ്റ്റ് വിനോദോപാധി എന്നതു മാറി അതിനെ റെസ്‌പെക്ട് ചെയ്തു തുടങ്ങുമ്പോൾ മാത്രമേ നാം സിനിമാകാണലിലും ഏകാഗ്രമാകൂ. നിശബ്ദത കഥപറച്ചിലിനു ആവശ്യമാണ് എന്ന് അവർക്കും തോന്നണം. ഫിലിം മേക്കേഴ്സിന്റെയും കൂടി ഉത്തരവാദിത്വമാണിത്. ഹൊറർ സിനിമകളിലെയും മറ്റും നിശബ്‌ദതകളിൽ കൂവി വിളിക്കുന്നത് പാവം പ്രേക്ഷകർക്കു പേടി താങ്ങാൻ കഴിയാത്തത് കൊണ്ടാണ്.

റസൂൽ പൂക്കുട്ടി പണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു നിത്യജീവിതത്തിൽ സാധാരണ ജനങ്ങൾ കേൾക്കുന്നതിനേക്കാൾ കൂടുതൽ ശബ്ദങ്ങൾ അദ്ദേഹം കേൾക്കും എന്ന്. മിക്ക ഛായാഗ്രാഹകരും കണ്മുന്നിലെ കാഴ്ചകൾ പറ്റുമ്പോഴെല്ലാം ഫ്രേമിലാക്കാറുണ്ട്, കഥാകാരന്മാർ കഥാപാത്രങ്ങളെ തേടി ഇറങ്ങാറുണ്ട്, അതുപോലെ എല്ലാ സമയവും എപ്രകാരമാണ് നിങ്ങൾ ജീവിതത്തെ കേൾക്കുന്നത്? അത് ഒരു പരിശീലനവും കൂടിയാണല്ലോ

മാറി നിന്ന് നോക്കിയാൽ എല്ലാം രസകരമാണ്. ശബ്ദങ്ങളില്ലാത്ത ഒരു മിക്സിങ് സ്റ്റുഡിയോവിൽ കേറിക്കഴിഞ്ഞാൽ പിന്നെ അവിടെ കേൾക്കാൻ പോകുന്ന ഓരോ ശബ്ദവും ഞാൻ ഉണ്ടാക്കിയെടുക്കുന്നതാണ്, എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലവും മിക്സിങ് സ്റ്റുഡിയോ ആണ്. വ്യക്തിപരമായി വാഹനങ്ങളുടെ ഹൈ ഫ്രീക്വെൻസി ഹോണടി എനിക്ക് താങ്ങാൻ കഴിയാറില്ല.

ചോദ്യത്തിൽ സൂചിപ്പിച്ച പോലെ ജീവിതവും ശീലവും പരിശീലനവും ജോലിയും അറിയാതെ ഇഴകൂടിയതാണ്. എന്നെപ്പോലുള്ളവർ നോവലുകളും മറ്റും വായിക്കാറല്ല, കേൾക്കാനാണ് പതിവ്. എം. മുകുന്ദന്റെ ‘ഡൽഹി ഗാഥകളും’, ആനന്ദിന്റെ ‘ഗോവർധന്റെ യാത്രകളും’ പോലുള്ളവ വായിക്കുമ്പോൾ നഗര പശ്ചാത്തലങ്ങളിലെ ശബ്ദങ്ങൾ കേൾക്കാറുണ്ട്. എം ടിയുടെ ‘രണ്ടാമൂഴം’ പോലത്തെ നോവലുകൾ കഥാപാത്രത്തിന്റെ ആത്മ സംഘർഷമാണ് കുറിക്കുന്നത്, ശബ്ദം അവിടെ ആന്തരികമാണ്, അവന്റെ കാഴ്ചപ്പാടാണ്. ബഷീറിന്റെ കൃതികൾ ജീവിതത്തെ മാറി നിന്ന് നോക്കുന്ന കൗതുകം തരാറുണ്ട്, അവിടെ ശബ്ദപരിസരം ഡയലോഗുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. വിജയന്റേതു കാൽപ്പനിക ശബ്ദങ്ങൾ തരും, സക്കറിയയുടേത് ഒരു സ്‌പേസിനുള്ളിൽ വിചിത്ര പരിസരം ഉണ്ടാക്കിയെടുക്കാൻ പ്രചോദനമാകാറുണ്ട്. ‘ആടുജീവിതം’ പോലുള്ള നോവലുകൾ നോക്കൂ, പൂർണ്ണമായും ലൊക്കേഷൻ ശബ്ദത്തിലും ആത്മഗതത്തിലും അടിസ്ഥാനമായതാണ്. അയ്യപ്പൻറെ കവിതകൾ തീവ്രഭാവങ്ങൾ ഉൾക്കൊള്ളുന്നവയാണ്, അദ്ദേഹം പാടുമ്പോഴുള്ള ഒച്ചയിടറലും മറ്റും അതേ തീവ്രതയോടെ റീപ്രൊഡ്യൂസ് ചെയ്യുക എന്നത് വെല്ലുവിളിയാണ്.

പിന്നെയുള്ളത് ചിത്രങ്ങളും പെയിന്റിങ്ങുകളും ശബ്ദബോധ്യത്തോടെ ആസ്വദിക്കുക എന്നതാണ്. ന്യൂസ് ജേർണലിസം ഫോട്ടോകളും (കുറച്ചു ഉദാഹരണങ്ങൾ ചുവടെ തരാം), ഡാലിയുടെ പെയിന്റിങ്ങുകൾ പോലുള്ള അമൂർത്ത സൃഷ്ഠികളും അതാത് ശബ്ദപരിസരങ്ങളെയും കൊളാഷ് പരീക്ഷണത്തെയും ചിന്തിപ്പിക്കാറുണ്ട്. പിക്കാസോയുടെ ചില ചിത്രങ്ങൾ മിനിമൽ സൗണ്ട് ഡിസൈന് പ്രചോദനമാകാറുണ്ട്. സാഹിത്യത്തിനുള്ള താൽപ്പര്യവും, ഇത്തരം ശീലങ്ങളും സ്ക്രിപ്റ്റ് റീഡിങ് സമയത്തു ഗുണമാകാറുണ്ട്. ധാരാളം സജഷനുകൾ കൊടുക്കാൻ കഴിയും.

ഈ മൂന്നു ഫോട്ടോസും വ്യക്തമായ ശബ്ദപരിസരങ്ങൾ മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഫ്രേമിലെ ശബ്ദങ്ങളുടെ പ്രാധാന്യമനുസരിച്ചുള്ള വേർതിരിവും, ചിലവയുടെ ഭീകരതയും, മുഴക്കവും എല്ലാം കേൾക്കാൻ കഴിയും. ആദ്യ ഫോട്ടോയിലെ വെടിമുഴക്കം മറ്റെല്ലാ ശബ്ദങ്ങളെയും ഒരു നിമിഷത്തേക്ക് നിഷ്പ്രഭമാക്കുമെന്നു തോന്നിയിട്ടുണ്ട്. വിപരീതമായി ഒരു സൈലെൻസും അവിടെ പരീക്ഷിക്കാവുന്നതാണ്. രണ്ടാമത്തെ ചിത്രത്തിൽ ഹെലികോപ്റ്ററുകളുടെ വരവ് ഓഫ്‌സ്ക്രീനിൽ നിന്നും അകലേക്ക് പോകുന്നതും, അതിന്റെ മുഴക്കത്താലും കാറ്റിലും പുല്ലുകൾ വിറക്കുന്നതും അനുഭവപ്പെടും. മൂന്നമത്തേതിലാകട്ടെ, വലിയ സിറ്റിയുടെ ശബ്ദകോലാഹലങ്ങളൊക്കെ നേർപ്പിച്ചു ഉയരത്തെക്കുറിക്കാൻ ആകാശത്തിലെ കാറ്റും, അതിന്റെ പല സ്വഭാവങ്ങളും കൊടുക്കാം.

സിനിമാലോകത്തിനു പുറമെ ആർട് അരീനയിലും ഇപ്പോൾ ശബ്ദം കൊണ്ട് വിസ്‌മയം തീർക്കുന്ന കലാകാരന്മാരുണ്ടല്ലോ, പ്രത്യേകിച്ച് ബിനാലെ പോലുള്ള സ്‌പേസുകളിൽ ആര്ട്ട് ഇൻസ്റ്റലേഷൻസ് വഴി.

തീർച്ചയായും. അവർ സൗണ്ട് ആർട്ടിസ്റ്റുകളാണ്. ശബ്ദ തരംഗങ്ങൾ കൊണ്ട് അവർ മറ്റൊരു ലോകം തന്നെ സൃഷ്ടിക്കും. അത്തരം ഇൻസ്റ്റലേഷനു ഡെഡിക്കേറ്റഡ് മുറികൾ ആവശ്യമാണ്. ചിലതു പബ്ലിക് സ്ഥലങ്ങളിലും ഇൻസ്റ്റാൾ ചെയ്യും. വിദേശത്തു അത്തരം സ്ഥലങ്ങൾ ധാരാളമുണ്ട്. ഓരോ സീസണിലും ഓരോ കലാകാരന്മാർ അവിടെ അത്തരം പരീക്ഷണങ്ങൾ നടത്തും. ശബ്ദങ്ങളുടെ വൈബ്രെഷൻ കൊണ്ട് പെയിന്റ് ചെയ്യുന്ന കലാകാരന്മാരുണ്ട്. ഇവരിൽ നിന്നൊക്കെ നമുക്ക് ഒത്തിരി പഠിക്കാനുണ്ട്. നാം വീടുകളിലും മറ്റും തൂക്കിയിടാറുള്ള കാറ്റിൽ ശബ്ദമുണ്ടാക്കുന്ന വിൻഡ് ചയിംസ് ഒരുതരത്തിൽ ഒരു ഇൻസ്റ്റലേഷനാണ്.

സിനിമയല്ലാതെ എന്റെ അടുത്ത ഒരു പ്രോജക്‌ട്, സൗണ്ട് ഡിസൈനർ രംഗനാഥ് രവിയോടൊപ്പം ഒരു കവിതാ സമാഹാരത്തിന്റെ സൗണ്ട് ഇൻസ്റ്റലേഷൻ ആണ്. ജോയ് മാത്യുവിന്റെ പ്രവാസ കവിതാസമാഹാരത്തിനെ ആധാരമാക്കി ‘Poems of exile’ എന്ന പേരിൽ. നിശ്ചിത കവിതകൾക്ക് ഇമേജറിക്കൊപ്പം, അതിലെ അർത്ഥങ്ങളും പരിസരവും ഭാവങ്ങളും വെച്ച് ഒരു സൗണ്ട് സ്‌കേപ്പ് നിർമ്മിക്കുക എന്നിട്ട് ആസ്വാദകരെ അതിലേക്കിറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കും വിധം സറൗണ്ട് സൗണ്ട് സ്‌പേസ് സജ്ജീകരിക്കുക എന്നതാണ് ജോലി. ലോകത്തിൽ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്. ഡർബാർ ഹാളാണ് സ്ഥലം.
നമ്മുടെ തീയേറ്ററുകളും ആർട് സ്‌പേസുകൾ പോലെ ക്വാളിറ്റിയും ഗൗരവവും സിനിമയ്ക്കു കൊടുത്തെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്. അദ്ധ്വാനിച്ചുണ്ടാക്കിയത് കൃത്യമായി പ്രെസെന്റ് ചെയ്യുന്നതിലല്ലേ എല്ലാം. നിലവിലെ പല തീയേറ്ററുകളും ദൃശ്യ-ശബ്ദ സംവിധാനത്തെ റീപ്രൊഡ്യൂസ് ചെയ്യുന്നതിൽ പരാജയമാണ്. മേക്കേഴ്സിനെ അത് എത്രത്തോളം നിരാശപ്പെടുത്തുന്നു എന്ന് പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് കൂടിയാണ് ‘ഈ ശവത്തിനീ കൂദാശ മതി’ എന്ന മട്ടിൽ പലരും ലൗഡ് ആയി സിനിമകൾ ഇറക്കുന്നതും. എങ്ങനെയെങ്കിലും ഉള്ള കഥ താരങ്ങളെ വെച്ച് അങ്ങ് പറയുക എന്നത് മാത്രമാണ് ഉദ്ദേശമെന്ന് തോന്നും.

സ്വന്തം സിനിമകൾ?

ഇൻഡസ്‌ട്രിയിൽ അഞ്ചു വർഷമേ ആകുന്നുള്ളൂ, ഒത്തിരി പര്യവേക്ഷണം ഇനിയും ഈ മേഖലയിൽ നടത്താനുണ്ട്. മറാത്തിയിലും, കന്നടയിലും, ഭൂട്ടാനീസിലുമായിട്ടാണ് അവസാനമായി സൗണ്ട് ഡിസൈൻ ചെയ്ത ചിത്രങ്ങൾ, എല്ലാം തന്നെ പാൻ ഇന്ത്യൻ ചിത്രങ്ങളാണ്. മലയാളത്തിൽ ‘പൂമരം’ ഒരു ഷെഡ്യൂൾ സിങ്ക് മാത്രം ചെയ്തു, സൗണ്ട് ഡിസൈൻ ചെയ്ത ആദ്യ മലയാളചിത്രമായ ‘അയാൾ ശശി’ . ഒരു ചെറിയ, ചിന്തിപ്പിക്കുന്ന സോഷ്യൽ സറ്റയർ ചിത്രമാണത്. ശ്രീനിവാസന്റെ പക്ഷത്തു നിന്നും ചിന്ത നിറഞ്ഞ നർമ്മ സംഭാഷണങ്ങൾ കൊണ്ടൊരു ആക്ഷേപഹാസ്യം മലയാളത്തിൽ സിങ്ക് സൗണ്ട് ചെയ്യുക, എന്നതാണ് എന്നെ ഇതിലേക്ക് ആകർഷിച്ച ഘടകം. എഴുതി സംവിധാനം ചെയ്യുന്നത് സജിൻ ബാബുവാണ്, അദ്ദേഹത്തിന് ഇത്തരത്തിലുള്ള ഒരു ചിത്രം സിങ്ക് സൗണ്ട് ചെയ്യുന്നതിനെപ്പറ്റി വ്യക്തമായ ബോധ്യമുണ്ട്.

ഇനി ഹിന്ദിയിൽ, നീരജ് പാണ്ഡെയുടെ അടുത്ത സിനിമ ‘അയ്യാരിയുടെ’ സൗണ്ട് ഡിസൈൻ. പിന്നെ ‘തിതി’ക്കു ശേഷം റാം ചെയ്യുന്ന ഹോളിവുഡ് പ്രൊഡക്ഷനിലുള്ള സിനിമയുടെ പൂർണ്ണ ശബ്ദസംവിധാനം, അത് പൂർണ്ണമായും ഹിമാലയത്തിലാണ് ഷൂട്ട് ചെയ്യുന്നത്, അപ്പോൾ അവിടുത്തെ ശബ്ദങ്ങളെ കുറിച്ചു പഠിക്കേണ്ടതായിട്ടുണ്ട്, ട്രെക്കേഴ്സിനെയും മറ്റും സമീപിക്കേണ്ടി വരും. പിന്നെ പറ്റിയ മൈക്കുകൾ കണ്ടെത്തണം. ഗവേഷണം ധാരാളം വേണ്ട ഒരു പ്രോജക്ടാണ്

പറഞ്ഞു വന്നതിൽപ്രകാരം ഇവിടെ സിനിമയും ഭൂരിഭാഗം തീയറ്ററുകാരും സൗണ്ട് ക്വാളിറ്റിയോടുള്ള സമീപനത്തിൽ ഇനിയുംപൊതുവായൊരു മാറ്റത്തിന് തയ്യാറല്ലെ, താരതമ്യേന കൂടുതൽ അവസരങ്ങളും പരീക്ഷണസാധ്യതകളും ഇതരഭാഷാചിത്രങ്ങളിലാണെന്നിരിക്കെ മുംബൈ ഉപേക്ഷിച്ചു തമ്പടിചിരിക്കുന്നത് ഇവിടെയാണല്ലോ?

നല്ല ചോദ്യം. ഉത്തരം; ആഗ്രഹവും ആശയവുമാണത്. ചരിത്രത്തിലേക്ക് നോക്കിയാൽ പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നെഹ്രു എന്നൊരു ദീർഘദർശിയുടെ കാലത്തിൽ നിലവിൽ വന്നതിനു പിന്നിൽ തന്നെ ഒരു ഐഡിയോളജി ഉണ്ട്. ഇത്രയും വ്യത്യസ്തമായ ഭാഷകളും, സംസ്കാരവും, പ്രദേശങ്ങളും അടങ്ങിയ ഇന്ത്യയിൽ, സിനിമ എന്നൊരു കലാരൂപത്തിന് ധാരാളം സാധ്യതകളുണ്ട്. വിവിധ തരത്തിൽപ്പെട്ട കുറച്ചു പേര് ഒരു സ്ഥലത്തു ഒത്തുകൂടി സിനിമ പഠിച്ച ശേഷം, അവരവരുടെ പ്രദേശങ്ങളിൽ പോയി സിനിമ പിടിക്കുക, അല്ലെങ്കിൽ അവിടെ നിലവിലുള്ള റീജിയണൽ സിനിമകളെ ലോകസിനിമാ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശം. എഴുപതുകളിലും എൺപതുകളിലും ഉണ്ടായ ഇന്ത്യൻസിനിമയുടെ ഉയർച്ചക്ക് പിന്നിൽ ഇത്തരം കൂട്ടായ പ്രവർത്തനമുള്ളതായി നിങ്ങൾക്ക് കാണാം. ഞാനും, അങ്ങിനെ പ്രവർത്തിച്ച മറ്റു പലരെയും പോലെ സ്വന്തം നാട്ടിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നു എന്നേയുള്ളൂ. പാരലൽ സിനിമാക്കാർ പലരും ഫെസ്റ്റിവൽ ടാർഗറ്റ് ചെയ്ത് സിങ്ക് സൗണ്ട് ആയിക്കഴിഞ്ഞു, കൊമേർഷ്യൽ ചിത്രങ്ങളിൽകൂടി ഈ സംഗതി കൂടുതൽ ഉപയോഗപ്പെടുത്തണം, റിസൾട്ട് ഉറപ്പാണിവിടെ, അത്രയും പൊട്ടൻഷ്യൽ ഉള്ളതാണ് നമ്മുടെ കൊച്ചു സിനിമാപ്രദേശം.
മലയാളത്തിൽ ഇപ്പോൾത്തന്നെ ഒരുകൂട്ടം സിനിമകൾ പൂർണ്ണമായും സിങ്ക് സൗണ്ട് ചെയ്ത് വരുന്നുണ്ട്. സിങ്ക് ചെയ്യുന്നവരെല്ലാം തന്നെ പ്രഗത്ഭരായവരാണ്. ‘മായാനദി’, ‘കാട് പൂക്കുന്ന നേരം’ ഇവ ചെയ്ത ജയദേവൻ, ‘പറവ’ ചെയ്ത എസ്.രാധാകൃഷ്ണൻ, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ചെയ്ത അനിൽ രാധാകൃഷ്ണൻ, ‘പൂമര’ത്തിൽ എന്നോടൊപ്പം അജയൻ അടാട്ട് , ‘അയാൾ ശശി’യിൽ അരുൺ കുമാർ അങ്ങനെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ സിങ്ക് സൗണ്ട് മെൻ.

തീയേറ്ററുകളിൽ നിന്നും സിനിമ പല ഗാഡ്‌ജെറ്റുകൾ വഴി പുറത്തു ചാടിക്കഴിഞ്ഞു. നെറ്റ്ഫ്ലിക്സ് , ആമസോൺ പ്രൈം പോലുള്ള വെബ് പ്ലാറ്റുഫോമുകളിൽ സിനിമ റിലീസ് വ്യാപകമായി. സൗണ്ട് ഡിസൈനിന്റെ മുഴുവൻ ആസ്വാദനവും തീയേറ്റർ പോലുള്ള അന്തരീക്ഷത്തിൽ മാത്രമല്ലേ ഫലവത്താവൂ? ഫ്യൂച്ചർ സിനിമയിൽ സൗണ്ട് ഡിസൈനിന്റെ സ്ഥാനം?

മിക്ക വീടുകളും പതിയെ മിനി തീയേറ്ററുകളാവും. ചാനലുകളിൽ പോലും എച്ച്ഡി മികവിലും ഡോൾബിയിലും പ്രക്ഷേപണം ആയിക്കഴിഞ്ഞു. 4K പ്രക്ഷേപണം സാധ്യമാകുന്ന യു ട്യൂബ് സ്‌ട്രീം ചെയ്യുന്ന സ്മാർട് ടീ.വികൾ പതിയെ സാധാരണമാകും. വെബ് പ്ലാറ്റഫോം സീരീസുകൾ എല്ലാം തന്നെ സിങ്ക് സൗണ്ട് ആണ്. ക്വാളിറ്റി ഏറിയ ഹെഡ്‍ഫോണുകൾ വിപണിയിലുണ്ട്. സിനിമ വിതരണക്കാരിൽ നിന്നും തന്നെ നേരിട്ട് വീടുകളിലേക്ക് വാങ്ങി വീട്ടിലെ തീയേറ്റർ സെറ്റപ്പിൽ ആസ്വദിക്കാൻ കഴിയും. അത് കൊണ്ട് സൗണ്ട് പ്രൊജക്ഷന്റെ കാര്യത്തിൽ പേടിയില്ല.

ഫ്യൂച്ചർ സിനിമ എന്നാൽ ഇന്ററാക്ടീവ് സിനിമകളെന്നു ധരിക്കാം. വിർച്വൽ റിയാലിറ്റി (VR) സിനിമകൾ വന്നു കഴിഞ്ഞു, അതിലെ ഏറ്റവും പ്രാധാന്യമുള്ള ഘടകം തന്നെ ശബ്ദമാണ്. 360 ഡിഗ്രിയുള്ള സ്‌പേസിൽ നമ്മൾ നിന്ന് കാഴ്ചകളെ തീരുമാനിക്കുന്നു എന്നതാണല്ലോ അതിന്റെ ആകർഷണം, ആ കാഴ്ചകളെ തീരുമാനിക്കുന്നത് തന്നെ നമുക്ക് ചുറ്റും അപ്പോൾ കേൾക്കുന്ന ശബ്ദങ്ങളെ കേന്ദ്രീകരിച്ചാണ്. കമ്പ്യൂട്ടർ ഗെയിമിലും ഇതേ ട്രീട്മെന്റായിരുന്നല്ലോ, അതിലും ഓഫ്‌സ്ക്രീൻ ശബ്ദങ്ങളല്ലേ നമ്മെ ആകർഷിച്ചിരുന്നത്. ‘ഫ്രെയിം’ എന്ന ദ്വിമാന കോൺസെപ്റ്റിൽ നിന്നും സിനിമ മാറുമ്പോൾ ചുരുക്കത്തിൽ സൗണ്ട് ഡിസൈനർക്ക് പരീക്ഷണാവസരങ്ങൾ ഏറി വരികയാണ്.