സുരഭി ലക്ഷ്മി അഭിമുഖം: അവാര്‍ഡ് നടിയായി മാറ്റിനിര്‍ത്തരുതെന്ന് അപേക്ഷ 

April 8, 2017, 3:42 pm
സുരഭി ലക്ഷ്മി അഭിമുഖം: അവാര്‍ഡ് നടിയായി മാറ്റിനിര്‍ത്തരുതെന്ന് അപേക്ഷ 
Interview
Interview
സുരഭി ലക്ഷ്മി അഭിമുഖം: അവാര്‍ഡ് നടിയായി മാറ്റിനിര്‍ത്തരുതെന്ന് അപേക്ഷ 

സുരഭി ലക്ഷ്മി അഭിമുഖം: അവാര്‍ഡ് നടിയായി മാറ്റിനിര്‍ത്തരുതെന്ന് അപേക്ഷ 

നായികാനായകന്മാരുടെ അമ്മയോ സഹോദരിയോ ആയി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയാല്‍ കരിയര്‍ അവസാനിക്കുന്നതുവരെ അത്തരം റോളുകളിലേക്ക് മാത്രം നിയോഗിക്കപ്പെടുന്ന നടിമാരുണ്ട്. നടന്മാരുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. വര്‍ഷങ്ങള്‍ നീളുന്ന സിനിമാജീവിതത്തെ സ്‌ക്രീനിലെ കേവലസാന്നിധ്യം മാത്രമായി അടയാളപ്പെടുത്താനാവും അവരുടെ നിയോഗം. പരിചിതമെങ്കിലും അവരുടെ പേര് പോലും പ്രേക്ഷകര്‍ അറിയണമെന്നില്ല. സുരഭിയിലൂടെ പതിനാല് വര്‍ഷത്തിന് ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം മലയാളത്തിലേക്കെത്തുമ്പോഴാവും പലരും 'എം 80 മൂസ'യിലെ 'പാത്തു'വിന്റെ യഥാര്‍ഥ പേരെന്തെന്ന് അറിഞ്ഞത്. 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ദേശീയഅവാര്‍ഡിന്റെ ചരിത്രത്തിലേക്ക് പേര് ചേര്‍ക്കപ്പെട്ട സുരഭി സംസാരിക്കുന്നു..

സിനിമകളില്‍ സുരഭി അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാള്‍ ജനപ്രിയമാണ് ‘എം 80 മൂസ’ എന്ന ടെലിവിഷന്‍ പരമ്പരയിലെ ‘പാത്തു’ എന്ന കഥാപാത്രം. എങ്ങനെയാണ് ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലേക്ക് എത്തിപ്പെടുന്നത്?

‘എം 80 മൂസ’യിലെ പാത്തുവായി അഭിനയിക്കാന്‍ എന്റെ പേര് നിര്‍ദ്ദേശിച്ചത് വിനോദ് കോവൂറാണ്. കോഴിക്കോടന്‍ ഭാഷാശൈലിയില്‍ സംസാരിക്കുന്ന ഒരു നടിയുണ്ടെന്ന് പറഞ്ഞ് ഷാജി അസീസിന് പരിചയപ്പെടുത്തി കൊടുത്തത് അദ്ദേഹമാണ്. മൂന്ന് വര്‍ഷമായിട്ട് ഞങ്ങള്‍ ‘എം 80 മൂസ’ ചെയ്യുന്നു. അത് വളരെ ജനപ്രീതിയുള്ള ഒരു ടെലിവിഷന്‍ പരിപാടിയായി വളര്‍ന്നു. ഞങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ പോലും മറന്ന് ആളുകള്‍ ഞങ്ങളെ മൂസ, പാത്തു എന്ന് വിളിക്കുന്ന അവസ്ഥയിലേക്ക് എത്തി. അതിനിടയിലാണ് മിന്നാമിനുങ്ങില്‍ അഭിനയിക്കാന്‍ പോയത്. മിന്നാമിനുങ്ങിലെപ്പോലെതന്നെയുള്ള ഒരു കുട്ടി സിനിമയായിരുന്നു അത്. എം 80 മൂസയില്‍ കോഴിക്കോടന്‍ ഭാഷയായിരുന്നെങ്കില്‍ മിന്നാമിനുങ്ങില്‍ തിരുവനന്തപുരം ഭാഷയായിരുന്നു പറയേണ്ടത്. 12 ദിവസത്തെ ചിത്രീകരണം. അവാര്‍ഡില്‍ വലിയ സന്തോഷം.

സംസ്ഥാന അവാര്‍ഡ് അര്‍ഹതപ്പെട്ടത് സുരഭിക്കാണെന്ന് പലരും പറഞ്ഞിരുന്നു. അന്ന് സങ്കടമുണ്ടായിരുന്നോ. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ആ നഷ്ടം നികത്തപ്പെട്ടു എന്ന് തോന്നിയോ?

മിന്നാമിനുങ്ങിന് പശ്ചാത്തലസംഗീതം പകര്‍ന്ന ഔസേപ്പച്ചന്‍ സാറാണ് ആ സിനിമയിലെ കഥാപാത്രത്തിന്റെ അവാര്‍ഡ് സാധ്യതകളെക്കുറിച്ച് പറഞ്ഞ ഒരാള്‍. സംസ്ഥാന അവാര്‍ഡിനും ദേശീയ അവാര്‍ഡിനുമൊക്കെ സാധ്യതയുണ്ടെന്ന് സാര്‍ അന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെപ്പോലൊരാളില്‍ നിന്ന് അത്തരത്തില്‍ കേട്ടതുതന്നെ ഒരു അവാര്‍ഡായിരുന്നു. ജയരാജ് സാറിന്റെ ബൈ ദ പീപ്പിളില്‍ രണ്ടു സീനില്‍ അഭിനയിച്ച് സിനിമയിലെത്തിയ ആളാണ് ഞാന്‍. ശ്രദ്ധിക്കപ്പെട്ടത് ‘തിരക്കഥ’യിലെ വളര്‍മതിയെന്ന കഥാപാത്രമാണ്. തുടര്‍ന്ന് ഗുല്‍മോഹര്‍, കാഞ്ചീപുരത്തെ കല്യാണം, അയാളും ഞാനും തമ്മില്‍, എബിസിഡി തുടങ്ങിയ സിനിമകള്‍. എല്ലാത്തിലും ചെറുവേഷങ്ങള്‍ ആയിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്നത്. എന്നെ സംബന്ധിച്ച്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മിന്നാമിനുങ്ങിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം കിട്ടിയതില്‍ സന്തോഷം മാത്രമേ ഉള്ളൂ. ഇപ്പോള്‍ ദേശീയ അവാര്‍ഡ് കിട്ടിയത് ഭാഗ്യം. ഒരാള്‍ക്കല്ലേ അവാര്‍ഡ് കൊടുക്കാന്‍ പറ്റൂ. അതില്‍, ജൂറിയുടെ ഒരു ഇഷ്ടം കൂടി ഉണ്ടല്ലോ. എങ്കിലും ജൂറി പരാമര്‍ശം കിട്ടി എന്നതില്‍ സന്തോഷമായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ നടിക്കുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ അതിലേറെ സന്തോഷവും അഭിമാനവും തോന്നുന്നു.സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മി

മിന്നാമിനുങ്ങ് ഇനിയും പ്രേക്ഷകര്‍ കണ്ടിട്ടില്ല. സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും ഒന്ന് പറയാമോ?

മകളുടെ ഭാവിക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയ സ്‌നേഹനിധിയായ അമ്മയുടെ വേഷമാണ് അതില്‍. ദുരിതത്തില്‍ ജീവിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഒരു നാല്‍പ്പത്തിയഞ്ചുകാരി. സ്വന്തമായി ഒരു പേരുപോലുമില്ലാത്തവള്‍. കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്ന സഹനടന്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒപ്പം കലാഭവന്‍ സ്റ്റുഡിയോയിലെ ഷിജു ചേട്ടനും. അഞ്ച് ദിവസം എടുത്താണ് ചിത്രം ഡബ്ബ് ചെയ്തത്. തിരുവന്തന്തപുരം വാമൊഴി ഫോളോ ചെയ്യേണ്ടയിരുന്നു. അതിന്റെ നിര്‍മ്മാതാവും സംവിധായകനുമായ അനില്‍ തോമസ് ചേട്ടന്‍, തിരക്കഥാകൃത്ത് മനോജ് ചേട്ടന്‍, ക്യാമറമാന്‍ സുനില്‍ ചേട്ടന്‍, ഔസേപ്പച്ചന്‍ സാര്‍, പ്രേംപ്രകാശ് സാര്‍ തുടങ്ങി എല്ലാവരോടും നന്ദിയും സ്‌നേഹവും കടപ്പാടുമാണ് ഉളളത്.

സമപ്രായക്കാരായ താരങ്ങളില്‍ പലരും അമ്മവേഷം വളരെ ബോധപൂര്‍വ്വം അകറ്റിനിര്‍ത്താറുണ്ട്. കഥാപാത്രത്തിന്റെ പ്രായത്തിലല്ല, പ്രകടനത്തിലാണ് കാര്യമെന്ന ചിന്ത ജനിച്ചത് എങ്ങനെയാണ്?

സിനിമയില്‍ ഇത്രവലിയ ഒരു കുട്ടിയുടെ അമ്മ വേഷമാണ് എന്നതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. ‘കഥയിലെ രാജകുമാരി’ എന്ന ടെലിവിഷന്‍ പരമ്പര ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, ഞാനും എന്റെ സഹനടിയുമായിരുന്ന ലീന നായരും കൂടി തമാശക്ക് പറയുമായിരുന്നു. നമ്മളെ ആരും സിനിമയില്‍ നായികയൊന്നും ആക്കില്ല, അതു കൊണ്ട് ദുല്‍ക്കര്‍, ഫഹദ് ഫാസില്‍, നിവിന്‍പോളി തുടങ്ങിയ യുവനടന്മാരുടെ അമ്മവേഷം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞ് ഒരു പരസ്യം കൊടുത്താലോ എന്ന്. അതൊന്നും എന്നെ ബാധിച്ചിട്ടില്ല, ഇനി ബാധിക്കാന്‍ പോകുന്നുമില്ല. നാടകം എന്ന തട്ടകത്തിലൂടെ വന്നതുകൊണ്ട് കഥാപാത്രത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുക എന്നല്ലാതെ അത് എത്ര പ്രായമുള്ള അമ്മയാണ്, അത് എന്റെ മാര്‍ക്കറ്റ് കളയുമോ എന്നൊന്നും ചിന്തിച്ചിട്ടില്ല. ഇനി അമ്മൂമ്മയായിട്ട് അഭിനയിക്കാന്‍ വിളിച്ചാലും ഞാന്‍ പോകും.എം 80 മൂസയിലെ പാത്തുവായി സുരഭി
എം 80 മൂസയിലെ പാത്തുവായി സുരഭി

കോഴിക്കോട് ഭാഷാശൈലിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ‘എം 80 മൂസ’യിലെ പാത്തു. സിനിമയിലെ തിരുവന്തപുരം വാമൊഴി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടിയോ?

മിന്നാമിനുങ്ങിലെ കഥാപാത്രത്തിനായി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സത്യത്തില്‍ കഥാപാത്രത്തിന് വേണ്ടി, കോഴിക്കോടന്‍ ഭാഷയില്‍നിന്ന് തിരുവനന്തപുരം ഭാഷയിലേക്ക് മാറാന്‍ കുറച്ച് പ്രയാസമുണ്ടായിരുന്നു. കൃഷ്ണന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായമുണ്ടായിരുന്നു. ഷൂട്ടിങിന്റെ സമയത്തത് കൃഷ്ണനാണ് തിരക്കഥാകൃത്ത് മനോജ് ചേട്ടന്റെ സമ്മതത്തോടെ സംഭാഷണങ്ങളെല്ലാം തിരുവനന്തപുരം ഭാഷയിലേക്ക് മാറ്റി തന്നത്.

ദേശീയ അവാര്‍ഡ് കിട്ടിയ പ്രകടനം പ്രേക്ഷകര്‍ക്ക് എന്ന് കാണാനാവും?

സിനിമ പുറത്തിറക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഇനിയും നീങ്ങിയിട്ടില്ല. നമുക്കൊന്നും സാറ്റലൈറ്റ് റൈറ്റ് ഇല്ലല്ലോ? വെറുതെ പൈസ കൊടുത്ത് ഇറക്കിയാല്‍ ആരും കാണാനും വരില്ല. അത്തരത്തില്‍ ഒരു മാര്‍ക്കന്റ് ഇല്ലാത്തതുകൊണ്ടാണ് ഇറക്കാന്‍ കഴിയാതെ പോയത്. ഇനിയിപ്പോള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതു കൊണ്ട് ഏതെങ്കിലും വിതരണക്കാര്‍ ഏറ്റെടുത്ത് പ്രദര്‍ശനത്തിന് എത്തിച്ചാല്‍ പ്രേക്ഷകര്‍ കാണാന്‍ കഴിയും.

സിനിമാ സ്വപ്‌നങ്ങള്‍ എങ്ങിനെയാണ്? ഏതെങ്കിലും നടന്മാര്‍ക്കോ സംവിധായകര്‍ക്കൊപ്പമോ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ടോ?

എല്ലാ സംവിധായകരുടെയും നടന്മാരുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ വളരെ ചെറിയ ഒരു നടിയാണ്. ഇങ്ങനെ ഒരു അവാര്‍ഡ് കിട്ടിയതിന്റെ ഞെട്ടലുണ്ട് ഇപ്പോള്‍. അവാര്‍ഡ് നേടിയ നടിയെന്ന് കരുതി ഇനി ഇവരെ ഒന്നോ രണ്ടോ സീനുകളിലേക്ക് വിളിക്കേണ്ടെന്ന് കരുതരുത്. ഇനിയും പ്രോത്സാഹിപ്പിക്കണമെന്നേ പറയാനുള്ളൂ.

ഇനി സിനിമയിലാകുമോ സജീവമാകുന്നത്?

സിനിമ കിട്ടിയാല്‍ സിനിമയില്‍. സീരിയല്‍ ആണെങ്കില്‍ അങ്ങനെ. അവാര്‍ഡൊന്നും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. എല്ലാവര്‍ക്കും ഓരോ വിധി ഉണ്ട്. ആ ഒഴുക്കിനനുസരിച്ച് അതങ്ങനെ പോകും. ഇന്നതെ ചെയ്യൂ എന്നൊരു വാശിയില്ല.ബോംബെ ടെയിലെഴ്സ് നാടകത്തില്‍ സുരഭി
ബോംബെ ടെയിലെഴ്സ് നാടകത്തില്‍ സുരഭി

നാടകത്തില്‍ നിന്നാണല്ലോ തുടക്കം.. നാടകാഭിനയം സുരഭി എന്ന നടിയില്‍ എത്രമാത്രം മികവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്?

നാടകത്തിലൂടെയാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത്. നാടകത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും എംഎ ചെയ്തിരുന്നു. ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുന്നതും നാടകത്തില്‍ തന്നെ. നാടകത്തിലും സിനിമയിലുമുള്ള അഭിനയത്തിന്റെ തോത് വ്യത്യസ്തമാണ്. അത് മനസിലാക്കുന്നതിലാണ് കാര്യം. ഞാന്‍ ഒരു നല്ല നടിയാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നാടകം കൊണ്ടാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. നാടകത്തില്‍ അഭിനയിച്ചതു കൊണ്ടാണ്, നാടകം പഠിച്ചതു കൊണ്ടാണ്.

കുടുംബത്തിന്റെ പിന്തുണ എത്രമാത്രമാണ്?

കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് ഇതൊക്കെ ചെയ്യാനാവുന്നത്. അമ്മ രാധയും അമ്മൂമ്മയും സഹോദരങ്ങളായ സുഭിത, സുമിത, സുധീഷ് എല്ലാവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.