പേരറിവാളന്‍: എനിക്ക് അറിയാവുന്ന പുറംലോകം 26 വര്‍ഷം മുമ്പുള്ളതാണ് 

August 25, 2017, 4:27 pm
പേരറിവാളന്‍: എനിക്ക് അറിയാവുന്ന  പുറംലോകം 26 വര്‍ഷം മുമ്പുള്ളതാണ് 
Interview
Interview
പേരറിവാളന്‍: എനിക്ക് അറിയാവുന്ന  പുറംലോകം 26 വര്‍ഷം മുമ്പുള്ളതാണ് 

പേരറിവാളന്‍: എനിക്ക് അറിയാവുന്ന പുറംലോകം 26 വര്‍ഷം മുമ്പുള്ളതാണ് 

രാജീവ്ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന്‍ 26 വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി. വെല്ലൂര്‍ ജയില്‍ കഴിയവെ പേരറിവാളനുമായി ഈ വര്‍ഷം ജൂലെ ആറിന്‌ എറണാകളും ലോ കോളെജ് വിദ്യാര്‍ത്ഥികള്‍ 'സമരം' എന്ന മാഗസിന് വേണ്ടി അഭിമുഖം നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുകയാണ്

യാത്ര പ്രതീക്ഷകളുടെ ഒരു തുടക്കമാണ്. സഫലീകരിക്കാന്‍ കഴിയുമോ എന്ന് മുന്‍കൂട്ടി അറിയാത്ത ഒന്നിന്റെ തുടക്കം. മുന്‍കൂട്ടി അറിഞ്ഞാല്‍ പിന്നെ എന്താണ് അതില്‍ ഒരു ത്രില്‍. കാട്ട്പ്പാടി ജംഗ്ഷനിലേയ്ക്ക് ടിക്കറ്റെടുത്ത് യാത്ര ആരംഭിച്ചു. ട്രെയിനിലെ തുരുമ്പിച്ച ജനലില്‍ തല ചരിച്ച് യാത്രാലക്ഷ്യത്തിനായി തയ്യാറാക്കി വച്ചിരുന്ന വസ്തുതകളെല്ലാം ഒരിക്കല്‍കൂടി മനസ്സിലിട്ട് ഇഴകീറി പരിശോധിച്ചു. നെഞ്ചില്‍ കനം വെച്ചിട്ടുണ്ട്. കടമയെന്ന വാക്കിനെ പടവാളാക്കി ജയില്‍മുറിയിലെ നാലു ചുവരുകള്‍ക്കിടയില്‍ നീണ്ട 26 വര്‍ഷമായി അപ്രഖ്യാപിത സമരം ചെയ്യുന്ന രാജീവ്ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 'പേരറിവാളന്‍' എന്ന അറിവിനെ കാണാനാണ് പോവുന്നത്.

1991 മെയ് മാസം 21-ാം തീയതി രാജ്യത്തെ നടുക്കിക്കൊണ്ട് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി തമിഴ് നാട്ടിലെ ശ്രീപെരുംപത്തൂരില്‍ വെച്ച് മനുഷ്യബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. 3 മാസത്തിനുള്ളില്‍ അന്വേഷണസംഘം 26 പേരെ അറസ്റ്റ് ചെയ്യുകയും 1998 ജനുവരി 18-ന് പ്രത്യേക ടാഡാകോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. 26 പ്രതികളില്‍ 19 പേരെ സുപ്രീംകോടതി വെറുതെ വിട്ടു. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ അവശേഷിക്കുന്ന 7 പേരില്‍ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ശരിവക്കുകയും റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍, നളിനി എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു. 2014-ല്‍ മദ്രാസ് ഹൈക്കോടതി വധശിക്ഷ സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് അവര്‍ ഇന്നും ജീവനോടെയിരിക്കുന്നു.

കുറ്റകൃത്യം നടക്കുമ്പോള്‍ 19 വയസ്സുമാത്രമുണ്ടായിരുന്ന അറിവിന്റെ മേല്‍ അരോപിക്കപ്പെട്ട കുറ്റം അവനാണ് സ്ഫോടനത്തിന്റെ കാരണമായ ബെല്‍റ്റ് ബോംബ് നിര്‍മ്മിച്ചതെന്നായിരുന്നു. 19-ാമത്തെ വയസ്സില്‍ ഒരു ഇലക്ട്രിക്കല്‍ ഡിപ്ലോമ മാത്രമുള്ള യുവാവിനെങ്ങനെ ബെല്‍റ്റ് ബോംബ് പോലൊരു സങ്കീര്‍ണ്ണമായ വസ്തു സൃഷ്ടിക്കാന്‍ സാധിക്കും എന്ന ചോദ്യം തുടക്കംമുതല്‍ തന്നെ പലരുമുയര്‍ത്തിയിരുന്നു. എന്നാല്‍ ശേഷം ബെല്‍റ്റ് ബോംബ് ഉണ്ടാക്കിയത് 'അറിവ്' അല്ല എന്ന് കോടതി കണ്ടെത്തിയതിനോടൊപ്പംതന്നെ, ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് സ്ഫോടനത്തിനാധാരമായ 9 വാള്‍ട്ട് ബാറ്ററി വാങ്ങി നല്‍കി എന്ന കാരണം പറഞ്ഞ് കോടതി അറിവിന്റെ വധശിക്ഷ ശരിവക്കുകയാണുണ്ടായത്. ഏതൊരു സാധാരണ ഇലക്ട്രിക്കല്‍ കടയിലും കിട്ടുന്ന 9 വാള്‍ട്ട് ബാറ്ററി വാങ്ങി നല്‍കുക എന്ന കാരണം പറഞ്ഞ് അറിവ് എന്ന 19 വയസുകാരന്റെ 26 വര്‍ഷം നമ്മുടെ നിയമവ്യവസ്ഥ കവര്‍ന്നെടുത്തുകഴിഞ്ഞു. നിരപരാധി എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഇത്രയും നാള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും എന്ന ചോദ്യത്തിന് ഉത്തരമായി നമ്മുടെ മുന്‍പിലേക്ക് വരുന്നത് അറിവിന്റെ സ്നേഹനിധിയായ അമ്മ, അര്‍പ്പുതമ്മാളിന്റെ മുഖമാണ്.

നിലക്കാത്ത സമരങ്ങളുടെയും സഹനശക്തിയുടെയും നേര്‍രൂപമായ ഈ അമ്മ, ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കു മുമ്പില്‍ ജീവിക്കുന്ന രക്തസാക്ഷികളിലൊരാളാണ്. സ്വന്തം മകനെ വിട്ടുകിട്ടാനുള്ള യുദ്ധം തുടങ്ങിയിട്ട് 26 വര്‍ഷമായെങ്കിലും ഇന്നോളം ആ മുഖത്ത് ആകുലതകളൊന്നുമില്ല. 'എന്റെ മകന്‍ തിരിച്ചുവരും' എന്ന നിശ്ചയദാര്‍ഢ്യം മാത്രമാണ് അമ്മയെ നയിക്കുന്നത്. ഈ അമ്മയുടെയും, നീതിന്യായവ്യവസ്ഥ യൗവ്വനം കവര്‍ന്നെടുത്ത മകന്റെയും പോരാട്ടം നേരിട്ടുകാണുവനാണ് ഞങ്ങള്‍ ഇന്ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിയിരിക്കുന്നത്.

ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ അര്‍പ്പുതമ്മാളിനൊപ്പം  
ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ അര്‍പ്പുതമ്മാളിനൊപ്പം  

അറിവിന്റെ അര്‍ധസഹോദരനും അഭിഭാഷകനുമായ തോല്‍ക്കപ്പിയാര്‍ വന്നാണ് കാട്ട്പ്പാടിയില്‍നിന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. വെല്ലൂര്‍ ബസ്സ്റ്റാന്റിന് പരിസരത്ത് ഞങ്ങളെയും കാത്ത് അര്‍പ്പുതമ്മാള്‍ നില്‍പ്പുണ്ടായിരുന്നു. ജീവിതം സമരമാക്കിയ അമ്മ. കഴിഞ്ഞ 26 വര്‍ഷം മകന്റെ ജീവന്‍ തന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിലാണെന്ന തിരിച്ചറിവില്‍ ചുരുട്ടിയ മുഷ്ഠി അയയ്ക്കാതെ തന്റെ ജീവിതം നിരന്തരം മുദ്രാവാക്യങ്ങള്‍ക്കകമ്പടിയായി വിട്ടുകൊടുത്ത അമ്മ. രാജ്യത്തിനകത്ത് നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരായ മുഴുവന്‍ സമരങ്ങളുടെയും മുന്‍പന്തിയിയുണ്ടായിരുന്നു അര്‍പ്പുതമ്മാള്‍. വധശിക്ഷയെന്ന പ്രാകൃതശിക്ഷാനട- പടിക്കെതിരായി രാജ്യത്തിനകത്ത് ഉയര്‍ന്ന് വന്ന മുഴുവന്‍ മുന്നേറ്റങ്ങള്‍ക്കും കരുത്തു പകരുന്നതായിരുന്നു അമ്മയുടെ നിശ്ചയദാര്‍ഢ്യം. സ്നേഹത്തോടെ ഞങ്ങളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ അണയാന്‍ ഒരുക്കമല്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന കരുത്ത് അമ്മയുടെ കണ്ണില്‍ ജ്വലിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ച്, അറിവിന് വേണ്ടുന്ന കുറച്ച് സാധനങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്ന ഒരു നിഘണ്ടുവും വാങ്ങി ഞങ്ങള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെത്തി. ജയിലിന്റെ പ്രധാനകവാടത്തിന് പുറത്ത് ഒരു ചെറിയ വിശ്രമകേന്ദ്രമുണ്ട്. 2.30-നാണ് ഞങ്ങള്‍ക്ക് അകത്തുകയറാന്‍ കഴിയുക. ഒരു മണിക്കൂറോളം സമയം ബാക്കിയുണ്ട്. അമ്മയോടൊപ്പം ഞങ്ങള്‍ അവിടെ വിശ്രമകേന്ദ്രത്തിലിരുന്നു. അമ്മ നിര്‍ത്താതെ സംസാരിക്കുവാന്‍ തുടങ്ങി. അനുഭവിച്ച നീതി നിഷേധങ്ങളുടെ കഥ, നിയമപോരാട്ടങ്ങളുടെ കഥ, 26 വര്‍ഷത്തെ ജീവിതസമരത്തിന്റെ കഥ.

അവന്റെ 19-ാം വയസ്സിലാണ് എന്നില്‍നിന്നും അവരവനെ പറിച്ചെടുത്തുകൊണ്ട് പോകുന്നത്. അവന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് അവനെ അന്വേഷിച്ച് പോലീസ് വന്നപ്പോള്‍ ധൈര്യപൂര്‍വ്വം അവന്‍ പോയത്. പോയ് വരൂ എന്ന് പറഞ്ഞ് യാത്രയാക്കിയ എന്റെ മകന്‍, അവന്‍ പിന്നെ എന്റെയടുക്കലേക്ക് വന്നില്ല. എന്റെ മകന്‍ ചെയ്യാത്ത തെറ്റിനാണ് ഇതെല്ലാം അനുഭവിക്കുന്നതെന്ന ഉറച്ച ബോധ്യത്തിന്റെ പുറത്താണ് കഴിഞ്ഞ 26 വര്‍ഷം ഞാന്‍ പോരാടിയത്. അവനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ ആരുടേയും ദയ തേടി പോയിട്ടില്ല. നീതി തേടിയാണ് പോയത്. എന്റെ മകന് നിഷേധിക്കപ്പെട്ട നീതി. അവന്‍ പുറത്ത് വരും. എനിക്കുറപ്പുണ്ട്. വധശിക്ഷയ്ക്ക് സ്റ്റേ കിട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു അവനോട് പരോളിന് അപേക്ഷിക്കാന്‍. അവന്‍ തയ്യാറായില്ല. ''അമ്മേ ഞാന്‍ ചെയ്യാത്ത കുറ്റത്തിനാണ് ഈ ശിക്ഷ അനുഭവിക്കുന്നത്. പരോളില്‍ പുറത്തിറങ്ങി വീണ്ടും തിരിച്ചു കയറാന്‍ ഞാന്‍ തയ്യാറല്ല. അവരെന്നെ തുറന്നു വിടണം. അല്ലെങ്കില്‍ ഞാന്‍ ഇവിടെ തന്നെ കിടന്നുകൊള്ളാം.'' എന്നതായിരുന്നു അവന്റെ പക്ഷം. ഒരുപാട് നിര്‍ബ്ബന്ധിച്ചിട്ടും കഷ്ടപ്പെട്ടിട്ടുമാണ് ഒടുക്കം ഇപ്പോള്‍ പരോളിനപേക്ഷിക്കാന്‍ അവന്‍ തയ്യാറായത്. അതിന്റെ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ ഉടന്‍ അവന്‍ പുറത്തിറങ്ങും. സംസാരിച്ചുകൊണ്ടിരിക്കേ ഞങ്ങള്‍ക്കു ചുറ്റും ആള് കൂടി. അമ്മയെ തിരിച്ചറിഞ്ഞ് സംസാരിക്കാനും പരിചയപ്പെടാനും ഓടിക്കൂടിയവരായിരുന്നു അവര്‍. കൂട്ടത്തിലൊരു അറുപത് വയസ്സുകാരന്‍ ഞങ്ങളെയൊക്കെ അമ്പരപ്പിച്ചു. അദ്ദേഹത്തിന് അമ്മയുടെ കാലില്‍ നമസ്‌ക്കരിക്കണം. അമ്മ അദ്ദേഹത്തെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. സമരങ്ങളോടുള്ള ഒരു ന്യൂനപക്ഷ ജനതയുടെ ആത്മാര്‍ത്ഥമായ കാഴ്ച്ചപ്പാട്, നിലപാട് ഞങ്ങളവിടെ കണ്ടു.

2.30 ഓടെ ജയിലിന്റെ പ്രധാന കവാടം കടന്ന് ഞങ്ങള്‍ ഉള്ളില്‍ പ്രവേശിച്ചു. അകത്തേയ്ക്കുള്ള ഓരോ കാല്‍വയ്പ്പിലും നെഞ്ചിടിപ്പിരട്ടിക്കുന്നത്ര ആകാംക്ഷയായിരുന്നു ഞങ്ങള്‍ക്ക്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചശേഷം, ഫോട്ടോ ഉള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ റെക്കോഡിക്കല്‍ ആക്കിയശേഷം ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കോരോരു-ത്തര്‍ക്കും അകത്തേയ്ക്കുള്ള പ്രവേശന പാസ് പ്രിന്റ് ചെയ്തു തന്നു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഇരുമ്പ് കവാടം ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു. അകത്തു കടന്നയുടന്‍ വിശദമായ ദേഹപരിശോധന, കൈകളിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, പുസ്തകം, പേഴ്സ്, പേന തുടങ്ങിയ മുഴുവന്‍ സാധനങ്ങളും വാങ്ങി വെച്ചശേഷം മെറ്റല്‍ ഡിക്ടക്റ്ററിനകത്തുകൂടി പ്രവേശിച്ച് ഒരു ഇരുണ്ട ഇടനാഴിയിലൂടെ കൂടിക്കാഴ്ച്ചയ്ക്കായി അനുവദിച്ചിട്ടുള്ള മുറിയില്‍ ഞങ്ങളെത്തി. മുറിക്കപ്പുറത്ത് ഒരു അരഭിത്തിക്കപ്പുറം ചിരിക്കുന്ന മുഖവുമായ് വെളുത്ത പാന്റും വെളുത്ത ടീ ഷര്‍ട്ടും ധരിച്ച് ഒരു 46 വയസ്സുകാരന്‍, പേരറിവാളന്‍. ചിത്രങ്ങളില്‍ കണ്ടുപരിചയിച്ച ആ പഴയ പത്തൊന്‍പത് വയസ്സുകാരന്റെ മുഖമായിരുന്നു ഞങ്ങള്‍ക്കുള്ളില്‍. എന്നാല്‍ കാലം സൃഷ്ടിച്ച മാറ്റങ്ങളുടെ ആകെത്തുക ആ മുഖത്തുണ്ടായിരുന്നു. ഒരല്‍പ്പം നെറ്റി കയറിത്തുടങ്ങി. മുടി അങ്ങിങ്ങായ് നരവീണിട്ടുണ്ട്. അദ്ദേഹം എഴുന്നേറ്റുനിന്ന് ഞങ്ങള്‍ക്കുനേരെ കൈനീട്ടി സ്വയം പരിചയപ്പെടുത്തി. പേരറിവാളന്‍ എന്ന്.

പേരറിവാളന്‍ തടവിലാക്കപ്പെടുന്നതിന് മുമ്പ്  
പേരറിവാളന്‍ തടവിലാക്കപ്പെടുന്നതിന് മുമ്പ്  

ഒരു പതിനഞ്ച് മിനുട്ട് നേരത്തേയ്ക്ക് ഞങ്ങള്‍ക്കാര്‍ക്കും സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇരുപത്തിയാറ് വര്‍ഷം ഏകാന്തതടവില്‍ കഴിഞ്ഞയാള്‍. തൊട്ടടുത്ത നിമിഷം തൂക്കിലേറ്റപ്പെട്ടേക്കാം എന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് എണ്ണമറ്റ രാത്രികള്‍ കഴിഞ്ഞുകൂടിയ മനുഷ്യന്‍. അങ്ങനെയൊരാള്‍ മുന്നിലിരുന്ന് നിഷ്‌ക്കളങ്കമായ് ചിരിക്കുമ്പോള്‍, അദ്ദേഹത്തോട് എന്ത് ചോദിക്കണമെന്നോ എങ്ങനെ സംസാരിച്ച് തുടങ്ങണമെന്നോ അറിയാതെ, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍. അങ്ങോട്ട് ചോദിക്കാന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി പോയ ഞങ്ങളോട് 'അറിവ്' ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. വീടിനെക്കുറിച്ചും നാടിനെക്കുറിച്ചും കോളേജിനെക്കുറിച്ചും അങ്ങനെ ഞങ്ങളെക്കുറിച്ചെല്ലാം. ചുരുങ്ങിയ സമയംകൊണ്ട് ദീര്‍ഘനാളത്തെ പരിചയം തോന്നിപ്പിക്കുന്ന വിധത്തിലേക്കെത്തി സംഭാഷണങ്ങള്‍. കേരളത്തില്‍ നടന്ന ബീഫ് ഫെസ്റ്റുകളും ഏറ്റവുമൊടുവില്‍ നിലവില്‍ വന്ന ജി.എസ്.ടി.യും പുസ്തകങ്ങളും മതവും രാഷ്ട്രീയവും ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഭാഷണവിഷയങ്ങളായി.

സംസാരം നീണ്ട് രാജീവ്ഗാന്ധി വധക്കേസിലേക്കും കേസന്വേഷണത്തിന്റെ നാളുകളിലേക്കും ഏകാന്തതയുടെ നീളമേറിയ ദിനങ്ങളിലേക്കുമെത്തി. അറിവ് സംസാരിച്ചു തുടങ്ങി. സ്ഫോടനത്തിനുപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മ്മിച്ചത് ഞാനാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. നിരന്തര പീഡനത്തിലൂടെ അത് സമ്മതിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. പക്ഷേ, തെളിവുകളൊന്നും സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രഘുത്തമന്‍ പിന്നീടൊരു അഭിമുഖത്തില്‍ തുറന്ന് സമതിച്ചിട്ടുണ്ട് ബോംബ് നിര്‍മ്മിച്ചതാരെന്ന് കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന്. ശിവരശന്‍, ശുഭ, തനു എന്നിവര്‍ക്ക് മാത്രമേ ഗുഢാലോചനയെക്കുറിച്ചറിയുകയുള്ളൂ എന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെയും കണ്ടെത്തല്‍. എന്നിട്ടും ഞാന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എനിക്കുറപ്പുണ്ട്, സത്യം പുറത്ത് വരും. എന്റെ നിരപരാധിത്വം തെളിയിക്കപ്പെടും. ജുഡീഷ്യറിയില്‍ എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അത് എന്നോടുതന്നെ നീതിപുലര്‍ത്തായ്കയാകും. ഒരു സിസ്റ്റവും നൂറുശതമാനം കറയറ്റതല്ല. അത് കേവലം സിസ്റ്റത്തിന്റെ മാത്രം പ്രശ്നമല്ല. ആ സിസ്റ്റം ചലിപ്പിക്കുന്ന ആളുകളുടെ കൂടെ ഉത്തരവാദിത്തമാണ്. നമ്മുടെ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ എല്ലാവര്‍ക്കും അറിവുള്ളതുപോലെ ഒരുപാട് പാളിച്ചകളുണ്ട്. അതിനെ ആ സിസ്റ്റത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുക എന്നതാണ് നമുക്കു മുന്നിലുള്ള വഴി. 26 വര്‍ഷത്തെ കഠിനമായ ജയില്‍വാസം, നിരവധിയായ പീഡനങ്ങള്‍, മരണത്തിനായുള്ള കാത്തിരിപ്പ്, ഇതെല്ലാം ഞാന്‍ അനുഭവിച്ചത് ഈ സിസ്റ്റത്തിനകത്ത് നിന്നുകൊണ്ടാണ്. ഇവിടെനിന്നും മോചിപ്പിക്കപ്പെട്ടാല്‍ ഞാന്‍ ജീവിക്കേണ്ടതും ഈ സിസ്റ്റത്തിനകത്താണ്. എനിക്കറിയില്ല പുറത്തെന്താണെന്ന്. എനിക്കറിയാവുന്ന പുറംലോകം 26 വര്‍ഷം മുന്‍പുള്ളതാണ്. ശേഷമുള്ള അറിവുകള്‍ പുസ്തകങ്ങളില്‍ നിന്നും, വല്ലപ്പോഴുമുള്ള സിനിമകളില്‍ നിന്നും മാത്രമാണ്. ആ ലോകത്തെ വീണ്ടും അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അത് തുടക്കത്തില്‍ എത്രമാതം ദുര്‍ഘടം നിറഞ്ഞതാവുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും പലപ്പോഴും കഴിയുന്നില്ല.പേരറിവാളന്‍
പേരറിവാളന്‍

എന്റെ പ്രതീക്ഷകള്‍, അത് അതിന്റെ പാരമ്യത്തിലാണ്. എന്റെ നിരപരാധിത്വം തന്നെയാണ് എന്റെ പ്രതീക്ഷകളുടെ വളം. കഴിഞ്ഞ 26 വര്‍ഷം നിതീക്കുവേണ്ടി പോരാടിയ എന്റെ അമ്മ, എന്നെ വിശ്വസിച്ച് ഇത്രകാലം കൂടെനിന്ന എന്റെ കുടുംബം, എന്റെ നിരപരാധിത്വം ബോധ്യപ്പെട്ട് പല ഘട്ടങ്ങളില്‍ സഹായിച്ച ഞാന്‍ കണ്ടിട്ടില്ലാത്ത, ഞാന്‍ അറിയാത്ത ഒരുപാടാളുകള്‍, ഏറ്റവുമൊടുവില്‍ ഇത്രദൂരം യാത്രചെയ്ത് ഇവിടെയെത്തിയ നിങ്ങള്‍... എനിക്ക് പ്രതീക്ഷയുണ്ട്.

മരണത്തെ മുന്നില്‍ കണ്ടുറങ്ങാന്‍ കഴിയാത്ത ദിവസങ്ങളായിരുന്നു തുടക്കത്തില്‍. താങ്ങാന്‍ കഴിയാത്ത സ്ട്രെസ്സ്. പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ലത്. പതിയെ അത് കുറഞ്ഞ് തുടങ്ങി. ചിരിക്കാന്‍ കഴിയുമെന്ന അവസ്ഥയിലെത്തി. ഇപ്പോള്‍ ഉള്ള ചെറിയ ടെന്‍ഷന്‍ കഷണ്ടി കയറിത്തുടങ്ങിയതിനെക്കുറിച്ചും മുടി നരച്ച് തുടങ്ങിയതിനെക്കുറിച്ചുമാണ്.

1999-ല്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിയെഴുതിയ ജസ്റ്റീസ് കെ. ടി. തോമസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറയുകയുണ്ടായി, ഇനി ഈ കേസില്‍ വധശിക്ഷ നടപ്പാക്കിയാല്‍ അത് ഇരട്ടശിക്ഷയ്ക്ക് തുല്യമാണ് എന്ന്. തടവിലായി ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം തൂക്കികൊല്ലുന്നത് മുനുഷ്യാവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ഒരു ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. 'പലപ്പോഴും നിയമത്തിന് ആള്‍ക്കൂട്ടനീതിക്കൊപ്പം നില്‍ക്കേണ്ടിവരും. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ന്യായാധിപന്‍ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുവാന്‍ ഒരു നിരപരാധിയെ കുരിശിലേറ്റിയിരുന്നു. ആ ന്യായാധിപനാണ് പീലാത്തോസ്.'

ഈ ലേഖനം വായിച്ചശേഷം ഞാന്‍ അദ്ദേഹത്തിന് മറുപടിയെഴുതി.

''കഴുമരത്തിന്റെ ചുവട്ടിലേക്ക് ഞാന്‍ നയിക്കപ്പെടുമ്പോള്‍, എന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോള്‍, ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കും, ഓ കാലമേ... എന്നെ അപരാധി എന്നു വിധിച്ചവര്‍ക്ക് നീ മാപ്പുകൊടുക്കേണമേ...''

ഞങ്ങള്‍ക്കനുവദിച്ച സമയം അവസാനിച്ചിരുന്നു. ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈയില്‍ മുറുകേപ്പിടിച്ച്, അറിവ് കണ്ണില്‍ നോക്കി പറഞ്ഞു. 'സത്യത്തിനുവേണ്ടി പോരാടുക'. ആ കണ്ണുകള്‍ക്ക് അളവില്ലാത്ത ആഴമുണ്ടെന്ന് തോന്നി. കൈയ്യിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുടെ പിറകില്‍ അതെഴുതിത്തരാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം എഴുതി

Fight for rtuth
with love,
Arivu
Cetnral Priosn
Vellore 2

പേരറിവാളന്‍ എഴുതി നല്‍കിയ കുറിപ്പ്  
പേരറിവാളന്‍ എഴുതി നല്‍കിയ കുറിപ്പ്  

അറിവ് തിരിഞ്ഞ് നടന്നു. എന്തൊക്കെയോ പറയാന്‍ ബാക്കിവെച്ച്, ഒരുപാട് ചോദ്യങ്ങള്‍ തന്ന്, മരണത്തിന്റെ മുഖത്ത്, നീതി നിഷേധത്തിന്റെ മുഖത്ത് 'സമരം' എന്നെഴുതിവെച്ച്... ഈ യാത്രയുടെ തുടക്കത്തിലെ പ്രതീക്ഷകള്‍ സഫലീകരിച്ചോ എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ ഇല്ല എന്ന് തന്നെയാണ് ഇപ്പോഴും പറയാന്‍ കഴിയുക. ആഴത്തിലുള്ള സംഭാഷണങ്ങള്‍ക്കിപ്പുറം നെഞ്ചിലെ കനംകൂടിയതേയുള്ളൂ.... കാത്തിരിയ്ക്കുന്ന, പ്രതീക്ഷകളുടെ സഫലീകരണത്തിനായ് അനുകൂലമായ കോടതിവിധിയ്ക്കായ്, ഒരുപാട് സ്നേഹം ബാക്കിവച്ച്...