അഭിനയിക്കാന്‍ അവസരം കിട്ടി എന്നതല്ല ‘തൊണ്ടിമുതല്‍’ നല്‍കുന്ന സന്തോഷം: വെട്ടുകിളി പ്രകാശ് ജീവിതം പറയുന്നു 

July 5, 2017, 4:06 pm
അഭിനയിക്കാന്‍ അവസരം കിട്ടി എന്നതല്ല ‘തൊണ്ടിമുതല്‍’ നല്‍കുന്ന സന്തോഷം: വെട്ടുകിളി പ്രകാശ് ജീവിതം പറയുന്നു 
Interview
Interview
അഭിനയിക്കാന്‍ അവസരം കിട്ടി എന്നതല്ല ‘തൊണ്ടിമുതല്‍’ നല്‍കുന്ന സന്തോഷം: വെട്ടുകിളി പ്രകാശ് ജീവിതം പറയുന്നു 

അഭിനയിക്കാന്‍ അവസരം കിട്ടി എന്നതല്ല ‘തൊണ്ടിമുതല്‍’ നല്‍കുന്ന സന്തോഷം: വെട്ടുകിളി പ്രകാശ് ജീവിതം പറയുന്നു 

വെട്ടുകിളി പ്രകാശ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു ചലച്ചിത്രപ്രേമിയുടെ മനസിലേക്ക് നേരമ്പോക്ക് പറഞ്ഞെത്തുന്ന നിരവധി കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടതാണ് 'തൊണ്ടിമുതലി'ലെ നായികാ കഥാപാത്രം ശ്രീജയുടെ അച്ഛന്‍. മകളുടെ പേര് ഓടിയ്ക്കുന്ന ഓട്ടോറിക്ഷയ്ക്കിട്ട 'ശ്രീജ ചേട്ടന്‍' രൂപഭാവങ്ങളിലെല്ലാം പ്രകാശിന്റെ മറ്റ് കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. മുടി കറുപ്പിച്ച്, ക്ലീന്‍ ഷെയ്‌വ് ചെയ്ത് രൂപത്തില്‍ പോലും ക്ലീഷേയാവുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മടുത്തെന്ന് പറയുന്നു അദ്ദേഹം. പുതിയ മേക്കോവറില്‍ പക്ഷേ പ്രകാശിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് തെല്ലും അമ്പരപ്പില്ല. കാരണം തമാശാനിര്‍മ്മാണം മാത്രം ലക്ഷ്യമാക്കിയുള്ള ഏതാനും റോളുകളിലൂടെയല്ല അവര്‍ പ്രകാശിലെ കലാകാരനെ അറിഞ്ഞതും മനസിലാക്കിയതും. അഭിനയ സമ്പ്രദായങ്ങളെക്കുറിച്ചും നാടകത്തെക്കുറിച്ചുമൊക്കെ അപാരമായ ഗ്രാഹ്യമുള്ള, എന്നാല്‍ സിനിമയുടേതായ പിന്‍വാതിലുകളിലൂടെയൊന്നും പ്രവേശിക്കാന്‍ ആഗ്രഹമില്ലാത്ത, അതിനാല്‍ത്തന്നെ കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ ലഭിക്കാതിരുന്ന ഒരു നടനാണ് അവര്‍ക്ക് പ്രകാശ് എന്ന സുഹൃത്ത്. എന്നാല്‍ അതിലൊന്നും ആരോടും പരാതിയോ പരിഭവമില്ല പ്രകാശിന്. സിനിമയില്‍ വിജയിക്കാന്‍ വേണ്ട ഒരു 'ലൈന്‍' തന്റെ കകൈവശമില്ലായിരുന്നുവെന്ന് പറയുന്നു അന്‍പത്തിയേഴാം വയസ്സിലിരുന്ന് അദ്ദേഹം. 'നടനം'എന്ന ക്രിയയെ 'ചെയ്‌വന' എന്നാണ് പ്രകാശ് വിശേഷിപ്പിക്കുന്നത്. ഏറെനാളിന് ശേഷം 'തൊണ്ടിമുതലി'ല്‍ വേറിട്ട വേഷത്തില്‍ കണ്ടതിന്റെ സന്തോഷം അറിയിക്കുമ്പോള്‍ ഇപ്പോള്‍ ചെയ്‌വനകളൊക്കെ കുറവാണെന്ന് പ്രതികരണം. ദിലീഷ് പോത്തനും രാജീവ് രവിയുമൊക്കെയുള്ള ഒരു ടീമിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ആഹ്ലാദവും അറിയിക്കുന്നു അദ്ദേഹം.

ദിലീഷ് പോത്തനൊപ്പം തൊണ്ടിമുതലിന്റെ ഡബ്ബിംഗ് വേളയില്‍ 
ദിലീഷ് പോത്തനൊപ്പം തൊണ്ടിമുതലിന്റെ ഡബ്ബിംഗ് വേളയില്‍ 

ഏറെനാളിന് ശേഷമാണ് പ്രേക്ഷകശ്രദ്ധ ലഭിക്കുന്നൊരു സിനിമയില്‍ കഥാപാത്രമായി കാണുന്നത്. അതും ഹാസ്യത്തിന് പ്രാധാന്യമുള്ള സ്‌ക്രീന്‍ ഇമേജില്‍ നിന്ന് വേറിട്ട കഥാപാത്രം. ‘തൊണ്ടിമുതലി’ലെ നായികയുടെ അച്ഛനെ ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടോ?

നാടകത്തില്‍ നമ്മളെ അറിയുന്നവരും സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ അറിയുന്നവരുമുണ്ടല്ലോ, പിന്നെ സുഹൃത്തുക്കളും. നാടകവുമായി ബന്ധപ്പെട്ടുള്ള പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ‘തൊണ്ടിമുതലി’ലെ എന്റെ വേഷം അങ്ങനെ വലിയ കൗതുകമുണ്ടാക്കുന്ന ഒന്നല്ല. അതേസമയം അവര്‍ക്ക് സന്തോഷമുണ്ട്. പക്ഷേ സിനിമയിലെ എന്റെ കഥാപാത്രങ്ങളുടെ ഇമേജ് വച്ച് അറിയുന്നവര്‍ക്ക് ഇത് കാണുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റുണ്ട്. നരച്ച താടിയും മുടിയുമൊക്കെയുള്ള ഗെറ്റപ്പിന്റേതുകൂടിയാണ് അതെന്ന് തോന്നുന്നു. സാധാരണ മുടിയൊക്കെ കറുപ്പിച്ച്, ക്ലീന്‍ ഷെയ്‌വൊക്കെ ചെയ്തവരായിരിക്കുമല്ലോ എന്റെ കഥാപാത്രങ്ങള്‍. പിന്നെ, കുറേക്കാലമായിട്ട് ‘ചെയ്‌വനകളും’ കുറവാണ്. അങ്ങനെയുള്ള മേക്കപ്പിടലില്‍ എനിക്കിപ്പോള്‍ ബുദ്ധിമുട്ടുണ്ട്. കലവൂര്‍ ‘ഫാദേഴ്‌സ് ഡേ’യ്ക്ക് വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, കറുപ്പിക്കാനും വടിക്കാനുമൊന്നും എന്നെക്കൊണ്ട് വയ്യെന്ന്. ഞാന്‍ ഇപ്പോള്‍ ഉള്ളതുപോലെതന്നെ വന്നാല്‍ പറ്റുമെങ്കില്‍ വരാമെന്ന് പറഞ്ഞു. അദ്ദേഹമത് സമ്മതിച്ചു.

‘എന്റെ കഥാപാത്ര’മെന്നൊക്കെ സിനിമയിലെ ഒരു നടന്‍ പറയുന്നത് വ്യാജമായ ഒരു പ്രസ്ഥാവനയാവുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം സിനിമയിലെ നടന്‍ ആ മാധ്യമത്തിന്റെ പല അംശങ്ങളില്‍ ഒന്ന് മാത്രമല്ലേ? തിരക്കഥാകൃത്തും ഛായാഗ്രാഹകനും സംവിധായകനുമൊക്കെയുണ്ടല്ലോ അവിടെ. സിനിമയിലെ ‘സ്വന്തം’ കഥാപാത്രം എത്രത്തോളം ‘സ്വന്തമാവു’മെന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. ‘തൊണ്ടിമുതല്‍’ ടീമിനൊപ്പം എങ്ങനെ വന്നുപെട്ടു എന്ന് എനിക്കറിയില്ല. സിനിമ എന്ന മാധ്യമത്തെ ദിലീഷ് പോത്തനും കൂട്ടരും സമീപിച്ച രീതി എന്നെ അത്ഭുതപ്പെടുത്തി. അതൊരു ചെയ്ഞ്ചാണ്.

ഇത്രകാലത്തെ അനുഭവപരിചയം വച്ച് ദിലീഷ് പോത്തനും രാജീവ് രവിയുമൊക്കെയുള്ള ഒരു ടീമിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ അത്തരമൊരു വ്യത്യാസം തോന്നിയോ?

ഷൂട്ട് ചെയ്യുമ്പോഴൊന്നും ഇത് ഇത്തരത്തിലുള്ള ഒരു സിനിമയായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഡബ്ബ് ചെയ്യാന്‍ പോയപ്പൊഴും കുറച്ച് റീലുകളേ കണ്ടുള്ളൂ. മുഴുവന്‍ സിനിമ തീയേറ്ററില്‍ കാണുമ്പോഴാണ് പിറകില്‍ പ്രവര്‍ത്തിച്ചവരോട് ബഹുമാനം തോന്നുന്നത്. സത്യത്തിന്റെ ഒരു തീയുണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ അന്തിമസിനിമ ഇത്ര ഗംഭീരമാവുമെന്ന് കരുതിയില്ല. പടം ഒരു തവണ കണ്ടിട്ട് പിറ്റേന്ന് ഒന്നുകൂടി കാണേണ്ടിവന്നു. കാരണം ആദ്യത്തെ കാഴ്ചയില്‍ ആകെ ടൈറ്റ് ആയിപ്പോയി. സിനിമയുടെ ഒരു ഇമോഷന്റെയൊപ്പം പോയി ശ്വാസം മുട്ടിപ്പോയി.

വീട്ടില്‍ ടിവിയില്ല. സിനിമയോടുള്ള പാഷനൊക്കെ വളരെ മുന്‍പേ നശിച്ചുപോയതാണ്. നാട്ടിലൂടെ നടക്കുമ്പോള്‍ ചിലപ്പോള്‍ എവിടെയെങ്കിലുമൊക്കെ ടെലിവിഷനില്‍ ചില സിനിമകള്‍ വച്ചിരിക്കുന്നത് കാണും. അപൂര്‍വ്വമായി ചില സീനുകള്‍ ഹുക്ക് ചെയ്താല്‍ ഞാനവിടെ നില്‍ക്കും. മുഴുവന്‍ കണ്ടോട്ടേ എന്ന് വീട്ടുകാരോട് ചോദിക്കും. അനുവാദം തരികയാണെങ്കില്‍ അവിടെയിരിക്കും. ഈ സിനിമ എന്നെ അങ്ങനെ ഹുക്ക് ചെയ്തുകളഞ്ഞു. ഇത് പൊക്കിപ്പറയുന്നതല്ല. എന്റെ വാക്കുകളുടെയോ പ്രൊമോഷന്റെയോ ആവശ്യമില്ല അവര്‍ക്ക്. ഈ സിനിമയില്‍ ഭാഗഭാക്കായി എന്നതിലല്ല എന്റെ സന്തോഷം. പുതിയ ചെറുപ്പക്കാര്‍ ഇങ്ങനെയും പ്രവര്‍ത്തിക്കുന്നത് കണ്ട് എന്റെ ചെറിയ ജീവിതം അവസാനിപ്പിക്കാമല്ലോ എന്നോര്‍ത്തിട്ടാണ്. ഞാന്‍ അതിലുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. എന്റെ കൈയില്‍ നിന്ന് കളഞ്ഞുപോയ ഒരു മുത്തോ ചെപ്പോ ഒക്കെ 20, 30 വര്‍ഷത്തിന് ശേഷം അപ്രതീക്ഷിതമായി വഴിയില്‍ നിന്ന് കണ്ടുകിട്ടിയതിന്റെ ആഹ്ലാദമാണ് ‘തൊണ്ടിമുതല്‍’ എനിയ്ക്ക് നല്‍കുന്നത്.

ഡ്രാമാ സ്‌കൂള്‍ കാലത്ത്‌ 
ഡ്രാമാ സ്‌കൂള്‍ കാലത്ത്‌ 

മഹേഷിന്റെ പ്രതികാരം കണ്ടിരുന്നോ?

സത്യം പറഞ്ഞാല്‍ കണ്ടിരുന്നില്ല. ‘തൊണ്ടിമുതല്‍’ ആരംഭിച്ചതിന് ശേഷമാണ് അത് കാണാന്‍ പറ്റിയത്. സിനിമകളൊന്നും കാണാനുള്ള ആവേശം അങ്ങനെയുണ്ടാവാറില്ല. കൂടെയുള്ള കുട്ടികളാണ് പലപ്പൊഴും ഇന്‍സ്പയര്‍ ചെയ്യുക. അവരാണ് പറഞ്ഞത്, ഇത് ഗംഭീര ടീമാണെന്ന്. അവര്‍ അടുത്തുള്ളപ്പോഴാണ് ഈ സിനിമയിലേക്കുള്ള വിളിയൊക്കെ വന്നത്. അവര്‍ അപ്പോള്‍ത്തന്നെ കമ്പ്യൂട്ടറില്‍ നിന്നെടുത്ത് ‘മഹേഷിന്റെ’ ചില ക്ലിപ്പിംഗുകളൊക്കെ കാണിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ലൊക്കേഷനിലെത്തിയപ്പോള്‍ അവര്‍ ചോദിച്ചിരുന്നു മഹേഷിന്റെ പ്രതികാരം കണ്ടിരുന്നോ എന്ന്. കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഴുവനായി കണ്ടത്. പടം കണ്ടയുടനെ ദിലീഷിന്റെ അസോസിയേറ്റായ റോയിയെ വിളിച്ച് ഞാന്‍ സത്യം പറഞ്ഞു. സംഭവം ഇപ്പോഴാണ് കണ്ടതെന്നും വിളിക്കാതിരിക്കാന്‍ പറ്റിയില്ലെന്നും.

സിനിമയില്‍ അഭിനേതാവിന്റെ പരിമിതികളെക്കുറിച്ച് സൂചിപ്പിച്ചു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്തുന്നതിന് മുന്‍പേ നാടകാഭിനയം തുടങ്ങിയ താങ്കള്‍ സിനിമ എന്ന മാധ്യമത്തിലെ ഒരു നടന്റെ സ്ഥാനത്തെ, സാന്നിധ്യത്തെ എങ്ങനെയാണ് അടയാളപ്പെടുത്തുക? സിനിമയിലെ അഭിനേതാവ് എന്നത് ഗൗരവപൂര്‍വ്വം പരിഗണിക്കപ്പെടേണ്ട ഒന്നല്ലെന്നാണോ?

നാടകത്തിലെ ഏറ്റവും പ്രധാന അംശമാണ് നടന്‍. നടനിലൂടെയാണ് നാടകം ആത്യന്തികമായി സംഭവിക്കുക. എല്ലാ ആചാര്യന്മാരും പറഞ്ഞുവച്ചത് അതാണ്. ലൈറ്റിങ്ങോ സെറ്റോ ഒന്നുമില്ലാത്ത നാടകസങ്കല്‍പങ്ങള്‍ പോലുമുണ്ട്. ശരീരം, മനസ്, ശബ്ദം എന്നിവയിലൂടെയുള്ള അഭിനേതാവിന്റെ പ്രകടനമാണ് അവിടെ പരമപ്രധാനം. സിനിമയിലേക്ക് വരുമ്പോള്‍, ഒരു നടനെ സംബന്ധിച്ച് അതൊരു ലൈവ് ആയ സംഭവമല്ല. പലപല സാങ്കേതികവിദ്യകളെ ആശ്രയിച്ചാണ് ആ മാധ്യമത്തിന്റെ നില്‍പ് തന്നെ. ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്ന് അന്തിമമായി പൂര്‍ണമാവുന്ന ഒരു രൂപം. സംവിധായകനും ഛായാഗ്രാഹകനുമൊക്കെ ചേര്‍ന്ന് അവര്‍ക്കാവശ്യമുള്ള ശില്‍പം വാര്‍ത്തെടുക്കാനുള്ള ഉപകരണമോ പ്രതലമോ ഒക്കെ മാത്രമാണ് അവിടെ നടന്‍. അവിടെ ശരിയ്ക്കും നടന് എന്ത് സ്ഥാനം സര്‍? പിന്നെ അതൊരു വ്യവസായവുമല്ലേ? ഫിലിം ഇന്റസ്ട്രി എന്ന് ചേര്‍ത്താണ് പറയാറ്. അതിന്റെ മാര്‍ക്കറ്റിങ്ങിന്റെയും മറ്റും ഭാഗമായി ആരെങ്കിലുമൊക്കെ കല്‍പ്പിച്ച് കൊടുത്തതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആയ പ്രാധാന്യമാണ് സിനിമയില്‍ അഭിനേതാവിനുള്ളത്.

എന്റെ മുഴുവന്‍ ശരീരവും ചേര്‍ത്തുള്ള ഒരു എക്‌സ്പ്രഷന്‍ നാടകത്തില്‍ കൊടുക്കുമ്പോള്‍ സിനിമയിലെ സംവിധായകന് ആവശ്യം മുടിയിഴയോ മറ്റോ വീഴുമ്പോഴുള്ള എന്റെ കണ്ണിന്റെ പ്രതികരണമാവും. അത് മാത്രമാവും. നടനെ സംബന്ധിച്ചുള്ള ആ വൈരുധ്യം ഒന്നാലോചിച്ച് നോക്കൂ. സിനിമയിലെ നടന്‍ നിസ്സാരനാണെന്നല്ല ഞാന്‍ പറയുന്നത്. മറിച്ച് അയാള്‍ ആ മാധ്യമത്തിന്റെ പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. നടനെ ആശ്രയിച്ചല്ല ഈ മാധ്യമത്തിന്റെ നില്‍പ്പ്. ഇനി അങ്ങനെയാണ് എന്നുവന്നാല്‍ അങ്ങനെ അല്ലാതാവണം എന്നേ പറയാന്‍ പറ്റൂ. ‘ക്ലോസ്ഡ് തീയേറ്റര്‍’ എന്ന നാടകസമ്പ്രദായത്തോട് സിനിമയിലെ അഭിനയത്തെ വേണമെങ്കില്‍ സാദൃശ്യപ്പെടുത്താം. പിന്നെ നിങ്ങള്‍ ഒരു അഭിനേതാവാണെങ്കില്‍ അതിന്റെ പ്രയോഗമുള്ള ഒരു മാധ്യമത്തിനും നിങ്ങള്‍ അന്യനാവാന്‍ പാടിലെന്നാണ് എന്റെ പക്ഷം. സിനിമയോ നാടകമോ മറ്റ് പെര്‍ഫോമിംഗ് ആര്‍ട്ടുകളോ എന്താണെങ്കിലും.

ഡ്രാമാ സ്‌കൂള്‍ കാലം 
ഡ്രാമാ സ്‌കൂള്‍ കാലം 

സ്‌കൂള്‍ ഓഫ് ഡ്രാമ കാലത്തെക്കുറിച്ച് ഒന്ന് പറയാമോ? എങ്ങനെയാണ് അവിടെ എത്തിപ്പെടുന്നത്?

83-86 കാലത്താണ് സ്‌കൂള്‍ ഓഫ് ഡ്രാമ പഠനം. ഒരു 26 വയസൊക്കെയുള്ളപ്പോഴാണ് അവിടെ എത്തുന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്തുന്നതിന് മുന്‍പേ നാടകം ജീവിതത്തിലുണ്ടായിരുന്നു. ഹൈസ്‌കൂള്‍ കാലത്തൊക്കെ ചില അധ്യാപകരുടെ പ്രേരണയുണ്ട്. വീടുകളിലൊന്നും ഇന്നത്തെപ്പോലെ കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പ്രോത്സാഹനമൊന്നുമില്ല. അന്നത്തെ ഞങ്ങളുടെ നാടകപ്രവര്‍ത്തനമൊക്കെ രഹസ്യമായിട്ടാണ്. വല്ല പാടത്തോ ആളുകള്‍ വരാത്ത പറമ്പിന്റെ കോണിലോ ഒക്കെയാണ് അന്ന് റിഹേഴ്‌സലൊക്കെ. വല്ലാത്തൊരു കമ്പം തോന്നി അന്ന് നാടകത്തോട്. ഒരു ഭ്രമം. ഓണം, വിഷു, വായനശാലകള്‍, ക്ലബ്ബുകളുടെ വാര്‍ഷികങ്ങള്‍ ഇതൊക്കെയാണ് അന്ന് നമ്മുടെ നാട്ടിലുള്ളത്. എന്തെങ്കിലുമൊക്കെ അരങ്ങിലെത്തിക്കാന്‍ ഇതിനൊക്കെയായി ഞങ്ങള്‍ കാത്തിരിക്കും. എന്തോ ഒരു ലഹരി നല്‍കിയിരുന്നു ഇത്.

കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന പി.ആര്‍.സുകുമാരന്‍ എന്ന ഒരു നടനുണ്ടായിരുന്നു. പിന്നെ നമ്മുടെ ടി.ജി.രവിച്ചേട്ടന്‍. പ്രൊഫഷണല്‍ നാടകങ്ങളെ രവിച്ചേട്ടന്‍ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. സ്വന്തമായി ട്രൂപ്പുണ്ടായിരുന്നു. ഇതരട്രൂപ്പുകളിലും വന്ന് പരിശീലനം നല്‍കിയിരുന്നു. മുന്നോട്ടുള്ള പോക്കില്‍ ഞാന്‍ തീയേറ്ററിന്റെ മോഡേണ്‍ ട്രെന്റുകളിലേക്കൊക്കെ എത്തിയിരുന്നു. ഒരിക്കല്‍ ഒരു വായനശാലയുടെ വാര്‍ഷികത്തിന് ഞാനൊരു നാടകം സംവിധാനം ചെയ്തു. ലീലാ ഓംചേരിയുടെ ‘ഇലകുടപ്പെരുമാള്‍’ എന്ന നാടകം. പത്ത് നൂറ് ആളുകളെയൊക്കെവച്ചുള്ള ഒരു സ്റ്റൈലൈസ്ഡ് പ്ലേ ആയിരുന്നു അത്. ഈ നാടകം വന്നതോടെ മുതിര്‍ന്നവരുടെ നാടകങ്ങളിലൊക്കെ അഭിനയിക്കാന്‍ അവസരം കിട്ടിത്തുടങ്ങി. ഡ്രാമാ സ്‌കൂളിലെ ചില മുതിര്‍ന്ന വിദ്യാര്‍ഥികളൊക്കെ ആ നാടകം കണ്ട് അഭിനന്ദിച്ചിരുന്നു. കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം അവരോടൊക്കെ അന്ന് പറഞ്ഞിരുന്നു.

അക്കാലത്ത് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് വന്ന സി.കെ.തോമസ് ‘നാട്യവേദി കേരള’ എന്നൊരു സംഭവം തുടങ്ങി. ജോസ് ചിറമ്മലൊക്കെ അതിലുണ്ടായിരുന്നു. തീവ്രസ്വഭാവമുള്ള ഒരു നാടകപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അക്കാലത്താണ് സ്‌കൂള്‍ ഓഫ് ഡ്രാമ വരുന്നത്. എനിയ്ക്ക് പഠിക്കാനുള്ള ഒരു സ്ഥാപനമായാണ് എനിയ്ക്കത് തോന്നിയത്. എന്റെ വീട്ടില്‍ നിന്ന് നടക്കാനുള്ള അകലത്തായിരുന്നു അത്. പിന്നെ അവിടെ കയറാനുള്ള വഴികളൊക്കെ ഉണ്ടായിവരുകയാണ്. സി.കെ.തോമസിനൊപ്പം രണ്ടുമൂന്ന് നാടകങ്ങളൊക്കെ ചെയ്തു. ജി.ശങ്കരപ്പിള്ളയുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. ശങ്കരപ്പിള്ളസാറിന് പറയുന്നത് എഴുതിയെടുക്കാന്‍ ഒരാളെ ആവശ്യമുണ്ടെന്ന് തോമസാണ് പറഞ്ഞത്. ഡ്രാമ സ്‌കൂളിലേക്ക് പോകുന്നതിന് രണ്ട് വര്‍ഷം മുന്‍പുതന്നെ അങ്ങനെ ശങ്കരപ്പിള്ളസാറുമായി സമ്പര്‍ക്കപ്പെടാന്‍ സാധിച്ചു. എം.ഗോവിന്ദനെപ്പോലെയുള്ള മഹാരഥന്മാരൊക്കെ അദ്ദേഹത്തെ കാണാന്‍ അവിടെ വരുമായിരുന്നു. അതിനിടെ കറസ്‌പോണ്ടന്‍സ് കോഴ്‌സായി പ്രീഡിഗ്രി ചെയ്തു. എന്‍എസ്ഡിയിലേക്ക് പോയാലോ എന്നും അക്കാലത്ത് ആലോചനയുണ്ടായിരുന്നു. അവിടെ പോയാല്‍ സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു. അവിടെ പോകാനായുള്ള തയ്യാറെടുപ്പിനിടെ ശങ്കരപ്പിള്ള സാര്‍ തന്നെയാണ് പറഞ്ഞത്, പ്രകാശാ നീ അവിടെയല്ല ഇവിടെ പഠിയ്ക്കൂ എന്ന്. ഇവിടെ ഞാനുണ്ടല്ലോ എന്ന്. എസ്.രാമാനുജത്തെയും കൃഷ്ണന്‍ നമ്പൂതിരിയെയും പോലെ വിശ്വപ്രസിദ്ധരായ ആളുകളൊക്കെ ഇവിടെയുണ്ടെന്നും. അങ്ങനെ ഇവിടെ എത്തുകയായിരുന്നു. നടനല്ലാതെ ഒന്നുമാവാനുള്ള ആഗ്രഹം എനിയ്ക്കുണ്ടായിരുന്നില്ല. ഇതാവാന്‍ വേണ്ടി എന്ത് ജോലിയും ചെയ്യാനും തയ്യാറായിരുന്നു.

എന്നോടിഷ്ടം കൂടാമോ 
എന്നോടിഷ്ടം കൂടാമോ 

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ സുഹൃത്തുക്കള്‍ ആരൊക്കെയായിരുന്നു?

എന്റെ സ്വഭാവത്തിന്റെ വൈകല്യമായിരിക്കാം. എവിടെയും എനിയ്ക്കങ്ങനെ സുഹൃത്തുക്കള്‍ പെട്ടെന്ന് വരാറില്ല. സീനിയറായി പഠിച്ചിരുന്ന ഒരു കൃഷ്ണന്‍ നമ്പൂതിരിയുണ്ടായിരുന്നു. പ്രചോദനം തന്നയൊരാള്‍ അദ്ദേഹമായിരുന്നു. എന്റെ ബാച്ചില്‍ അന്ന് മൂന്നോ നാലോ കുട്ടികളാണ് ഉണ്ടായിരുന്നത്. ആരും വരില്ല ഇതിന്. പഠിച്ചിട്ട് നമുക്ക് ഒരു പിഎസ്‌സി ടെസ്റ്റ് എഴുതാന്‍ പറ്റില്ല അന്നത്തെ കാലത്ത്. പിഎസ്‌സിയോ യുജിസിയോ ഒന്നും ഈ കോഴ്‌സ് അന്ന് അംഗീകരിച്ചിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി കോഴ്‌സ് ആണെങ്കില്‍പ്പോലും ഭാഷയിലോ സാഹിത്യത്തിലോ അവരുടെതന്നെ പിജി ചെയ്യാന്‍ ഇത് മതിയാവില്ല. മറ്റ് ജോലി സാധ്യതകളുമില്ലായിരുന്നു. ഇന്നത്തെപ്പോലെ ദൂരദര്‍ശനോ മറ്റ് ചാനലുകളോ ഒന്നുമില്ലല്ലോ. പരിചയമുള്ള ഒരു നാടകലോകത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് പോകാന്‍പറ്റുമെന്നുള്ള ഒരു സത്യം മനസിലാക്കിയിട്ടുള്ള അര്‍പ്പണമായിരുന്നു ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ സംബന്ധിച്ച് അത്. എല്ലാമുപേക്ഷിച്ച് ചില വിഷയങ്ങള്‍ക്ക് വേണ്ടി പര്‍വ്വതവും കാടുമൊക്കെ കടന്ന് ചിലര്‍ പോകുമല്ലോ. അങ്ങനെയുള്ളൊരു താല്‍പര്യത്തിന്റെ പുറത്താണ് അവിടുത്തെ വിദ്യാര്‍ഥികളൊക്കെ എത്തിച്ചേരുന്നത്. ശങ്കരപ്പിള്ളസാറും താപസനെപ്പോലെയുള്ള ഒരാളായിരുന്നു. വലിയ സ്വാധീനമായിരുന്നു അദ്ദേഹം.

പിന്നെ ഈ കോഴ്‌സിന് ഒരു പ്രസിദ്ധിയൊക്കെ വരുന്നത് അവിടെ പഠിച്ച ചിലര്‍ക്കൊക്കെ ദൂരദര്‍ശനിലും ആകാശവാണിയിലുമൊക്കെ ജോലി കിട്ടുന്നതോടെയാണ്. സ്ഥാപനം തന്നെ അത്തരത്തില്‍ പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി. പിന്നീട് വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റമുണ്ടായി. അതില്‍ നാടകത്തോടുള്ള ആവേശംകൊണ്ട് വന്നവര്‍ വളരെ ചുരുക്കമായിരുന്നു. അന്ന് നാടകത്തിന് സാധ്യതകളുമില്ല. നാടകത്തിന്റെ സാധ്യതയെന്ന് പറഞ്ഞാല്‍ അത് രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ടാണ്. ഡ്രാമ സ്‌കൂളിലെ പഠനം കഴിയുമ്പോള്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കാനൊന്നും ആഗ്രഹമുണ്ടാവില്ല. മറ്റ് പ്രത്യയശാസ്ത്രങ്ങളുടെയും ദര്‍ശനങ്ങളുടെയും സങ്കല്‍പങ്ങളുടെയുമൊക്കെ ലോകത്തേക്ക് നമ്മള്‍ സ്‌കിപ്പ് ചെയ്ത് പോകും. പക്ഷേ കോഴ്‌സ് കഴിഞ്ഞ് പുറത്തുവരുമ്പോള്‍ അതല്ലല്ലോ ലോകം. അവിടെ കുറച്ചുപേര്‍ക്കേ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ പറ്റിയിട്ടുള്ളൂ. പലരും മാനസികമായി തകര്‍ന്നിട്ടുണ്ട്. ചിലര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കാരണം പട്ടും വളയും തന്ന് നമ്മളെയാരും എടുത്തുകൊണ്ട് പോവില്ലല്ലോ. ഈ സംഘര്‍ഷങ്ങളൊക്കെ അഭിമുഖീകരിച്ചേ പറ്റൂ. ഭാഗ്യമുള്ളതുകൊണ്ട് അതിലൂടെയൊക്കെ കടന്നുപോവുകയായിരുന്നു, കേട്ടോ. അല്ലാതെ അതിജീവിക്കല്‍ എന്നൊന്നും പറയാന്‍ പറ്റില്ല. ഞാന്‍ ചെറുപ്പം തൊട്ട് എല്ലാ ജോലികളും ചെയ്തിട്ടുണ്ട്. മാനുവല്‍ ലേബര്‍ എന്ന് പറയാവുന്ന പണികള്‍. അങ്ങനെയൊരു ശീലം ഉണ്ടായിരുന്നത് കൊണ്ട് എന്നെ ആ സാഹചര്യങ്ങള്‍ വല്ലാതെ ബാധിച്ചില്ല.

സത്യന്‍ അന്തിക്കാടിനൊപ്പം 
സത്യന്‍ അന്തിക്കാടിനൊപ്പം 

സിനിമയിലേക്ക് വരുന്നത് എപ്പോഴാണ്?

ഡ്രാമ സ്‌കൂളിലെ കോഴ്‌സിന്റെ ഭാഗമായി പൂര്‍ത്തിയാക്കും മുന്‍പ് ഒരു ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കണമായിരുന്നു. അത് സമര്‍പ്പിക്കുന്നതിന് മുന്‍പുതന്നെ എനിയ്ക്ക് സിനിമയില്‍ ഒരവസരം ആദ്യമായി കിട്ടി. മോഹന്‍സാറിന്റെ ‘തീര്‍ത്ഥം’ എന്ന സിനിമയില്‍. അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ‘കള്‍ട്ട്’ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലിറ്റില്‍ തീയേറ്റര്‍) എന്ന പേരില്‍ ഒരു തീയേറ്റര്‍ ഗ്രൂപ്പൊക്കെ ഉണ്ടായിരുന്നു. ആ ഗ്രൂപ്പ് പുറത്തും നാടകാവതരണങ്ങള്‍ നടത്തിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് ഡിലിറ്റ് കൊടുക്കുന്ന വേളയില്‍ ടൗണ്‍ഹാളില്‍ നാടകാവതരണങ്ങള്‍ ഉണ്ടായിരുന്നു. വലിയ പരിപാടിയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലടക്കം വാര്‍ത്തയും ചിത്രങ്ങളും വന്നു. അതാണ് മോഹന്‍ സാറിന്റെ സിനിമയിലേക്കുള്ള വഴി തുറന്നത്. അദ്ദേഹത്തെ പരിചയപ്പെട്ടതും രസകരമായ ഓര്‍മ്മയാണ്. ഞാന്‍ മലയ്ക്ക് പോകാന്‍ മാലയിട്ടിരുന്ന സമയമായിരുന്നു. എന്റെ ദീക്ഷയില്‍ പിടിച്ച് അദ്ദേഹം ചോദിച്ചു, ഇതൊക്കെ വച്ചാണോ താന്‍ അഭിനയിക്കാന്‍ വരുന്നതെന്ന്. ഞാന്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ കൈതട്ടി. പൊടുന്നനെ സംഭവിച്ചൊരു പ്രതികരണമാണ്. ഇത് എപ്പോഴാ വടിയ്ക്കുകയെന്ന് ചോദിച്ചു. പോയി വന്നിട്ടേയുള്ളുവെന്ന് ഞാന്‍ പറഞ്ഞു. എപ്പോഴാണോ അപ്പോള്‍ വരാന്‍ പറഞ്ഞു അദ്ദേഹം. അദ്ദേഹത്തിന്റെയൊരു ചിരി ഓര്‍മ്മയിലുണ്ട്. ഒരു വാല്‍സല്യമുണ്ടായിരുന്നു എന്നോട്. രണ്ടാമത്തെ സിനിമയായ ‘ഇസബെല്ല’ ചെയ്തപ്പോഴും എന്നെ വിളിച്ചു. ചിത്രീകരണം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഒരു വേവ് എനിക്ക് അനുഭവിക്കാനാവുമായിരുന്നു. അദ്ദേഹത്തിന്റെ മാനസികസമ്മര്‍ദ്ദം സിഗരറ്റുകളായി എരിഞ്ഞുകൊണ്ടിരിക്കും. മോഹന്‍സാറിനെ ഇപ്പോഴും വല്ലപ്പോഴും വിളിക്കാറുണ്ട്. അത് സിനിമയില്‍ ചാന്‍സ് ചോദിക്കാനൊന്നുമല്ല. പരസ്പരം മനസിലാക്കിയതിന്റെ അറ്റാച്ച്‌മെന്റാണ് അത്. എത്രയോ വര്‍ഷത്തിന് ശേഷം ‘തൊണ്ടിമുതലി’ന്റെ ലൊക്കേഷനില്‍ ഇത്തരമൊരു പള്‍സ് എനിയ്ക്ക് തോന്നി. ആ ഒരു തീയ് അനുഭവിക്കാനായി.

പക്ഷേ ഇവിടെ ഒന്നും പുറത്തേയ്ക്കറിയില്ല. സുസ്‌മേരവദനന്മാരായിട്ടുള്ള ആളുകള്‍. വളരെ സിമ്പിളായ വേഷവിധാനങ്ങളൊക്കെ ചെയ്ത് അങ്ങനെ. ഉറക്കെ വര്‍ത്തമാനം തന്നെ പറയില്ല അവര്‍. ബിജിബാലിനെയൊന്നും ഞാന്‍ അറിയില്ല. ഞാന്‍ പഴയൊരാളായതുകൊണ്ട് ഇവരെയൊന്നും നേരില്‍ കണ്ടിട്ടില്ല. ബിജിബാലിനെയും രാജീവ് രവിയെയും ശ്യാം പുഷ്‌കറിനെയും സജീവ് പാഴൂരിനെയുമൊക്കെ കണ്ടു. പിന്നെ പോത്തന്‍ സാറിനെയും. അദ്ദേഹത്തിന് സ്വന്തം മക്കളെപ്പോലെ കുറേയെണ്ണമുണ്ട്. ഇടത്തേവശത്ത് ആയിരം കൈ, വലത്തേവശത്ത് വേറൊരു ആയിരം കൈ എന്ന് പറയാം. മലയാളത്തില്‍ ഒരു മാറ്റത്തിന് തിരികൊളുത്തുന്ന ക്രൂ എന്നാണ് എനിക്ക് തോന്നിയത്.

മുരളിക്കൊപ്പം 
മുരളിക്കൊപ്പം 

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴത്തെ അനുഭവം ഒന്ന് പറയാമോ? ചില സിനിമാ അവസരങ്ങളൊക്കെ വരുന്നു. അഭിനയം കൊണ്ടുതന്നെ ജീവിയ്ക്കണം എന്നൊരു തീരുമാനം ഉണ്ടായിരുന്നോ?

പഠിയ്ക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന തോന്നലായിരുന്നു അപ്പോള്‍. കൂടുതല്‍ പഠിയ്ക്കണമെന്നുതന്നെയായിരുന്നു ആഗ്രഹം. അതിന് കേരളത്തില്‍ അന്ന് സ്‌കോപ്പില്ല. ഒന്നുകില്‍ ഡല്‍ഹിയില്‍ പോകണം അല്ലെങ്കില്‍ കല്‍ക്കട്ടയില്‍. അതിനായി പണമുണ്ടാക്കുക എന്നത് മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ഉദ്ദേശം. ചില സിനിമകളില്‍ നിന്നൊക്കെ വിളി വരുന്ന സമയമായിരുന്നതിനാല്‍ മറ്റ് പണികള്‍ക്കൊന്നും പോകാന്‍ പറ്റുമായിരുന്നില്ല. ചില പരിചയക്കാരൊക്കെ നാടകപരിശീലനത്തിനായി വിളിക്കുമ്പോള്‍ പോകുമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ കോഴ്‌സിന്റെ അവസാനം ചിത്രാഞ്ജലിയുമായി സഹകരിച്ച് ആറ് മാസത്തെ സിനിമാകളരിയുണ്ടായിരുന്നു. ഷാജി എന്‍.കരുണുമായും കെ.ആര്‍.മോഹനനുമായൊക്കെ അന്ന് അടുപ്പമുണ്ട്. സിനിമ എന്നത് നടന്റെ മാധ്യമമല്ല എന്ന് എനിയ്ക്ക് ബോധ്യമുണ്ടായിരുന്നു. അതിന്റെ ക്യാന്‍വാസ് മനസിലാക്കിയാലേ വല്ല പടവും വരയ്ക്കാന്‍ പറ്റൂ എന്നും. അന്നത്തെ ആര്‍ട്ട്ഹൗസ് ഫിലിംമേക്കേഴ്‌സിന്റെ വര്‍ക്കിലൊക്കെ ഞങ്ങള്‍ കുട്ടികളെ വിളിക്കുമായിരുന്നു. പിറവിയില്‍ അഭിനയിക്കാന്‍ ഷാജി സാര്‍ വിളിച്ചുകൊണ്ടുപോയി. ഭയങ്കര ആവേശമാണ് അതിലൊക്കെ. നാടകത്തിന്റെ ഉപരിപഠനത്തിനായി എനിയ്ക്കന്ന് 20,000 രൂപ ആവശ്യമായിരുന്നു. ഈ തുക കിട്ടിയാല്‍ അടുത്ത അധ്യയനവര്‍ഷം പോകാമെന്ന് എപ്പോഴുമോര്‍ക്കും. പക്ഷേ അത് ഒരിയ്ക്കലും നടന്നില്ല. ഒരിയ്ക്കലും അത്രയും പണം എന്റെ കൈയില്‍ വന്നില്ല. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയില്‍ പ്രതിഫലമായി 12,000 രൂപ കിട്ടുന്നത്. പാവം ഐഎ ഐവാച്ചനില്‍ റോയ് പി.തോമസ് സാറിനൊപ്പം അസിസ്റ്റന്റായി വര്‍ക്ക് ചെയ്തപ്പോഴാണ് 12,000 രൂപ ഞാന്‍ ആദ്യമായി കാണുന്നത്. കാരണം സിനിമയ്ക്കുവേണ്ട ഒരു ലൈനും മാര്‍ക്കറ്റിങ്ങുമൊന്നും നമ്മുടെ കൈയില്‍ ഇല്ല. എന്‍എസ്ഡിയില്‍ പില്‍ക്കാലത്ത് ഇന്റര്‍വ്യൂ ഘട്ടം വരെയെത്തി. പക്ഷേ അപ്പോഴേക്കും പ്രായം അതിന്റെ അതിര്‍ത്തിയിലെത്തിയിരുന്നു. ഇനി പഠിക്കാനൊന്നും പറ്റില്ല, ഉള്ളത് വച്ചിട്ട് പുറത്തുപോയി വര്‍ക്ക് ചെയ്യൂ എന്നാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ പറഞ്ഞത്. അക്കാലത്ത് ആ ഉപരിപഠനം നടക്കാതെ പോയതില്‍ വലിയ നിരാശയുണ്ടായിരുന്നു.

ഭാഗ്യദേവതയില്‍ ജയറാമിനൊപ്പം 
ഭാഗ്യദേവതയില്‍ ജയറാമിനൊപ്പം 

ഇപ്പോഴുമുണ്ടോ ആ നിരാശ?

ഇല്ല. കാരണം ജീവിതത്തിന്റെ മറ്റ് പല മുഖങ്ങളും കാണുമ്പോള്‍, പ്രായം കൂടുമ്പോള്‍ അതൊക്കെ മാറും. മനസിലാവും. നമുക്കായി ആരോ കരുതിവച്ചിട്ടുള്ള ഒരു വഴിയില്‍ക്കൂടിയാണ് കടന്നുപോകുന്നതെന്ന്. ഇതിലൊന്നും വലിയ കഥയില്ല എന്നും. 22 വര്‍ഷത്തോളമായി എല്‍ഐസി ഏജന്റാണ്. ആര് വിളിച്ചാലും പോകാം, ഒരിടത്തിരുന്ന് ജോലി ചെയ്യണ്ട തുടങ്ങിയ സൗകര്യങ്ങളൊക്കെയുണ്ടല്ലോ. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കാലത്ത് വീടിനടുത്തുള്ള കൃഷ്ണപ്രസാദ് എന്ന ഡെവലപ്‌മെന്റ് ഓഫീസറാണ് എന്നെ അതിലേക്ക് കൊണ്ടുവരുന്നത്. ഒരു കച്ചവടക്കാരനാക്കാനല്ല അദ്ദേഹം കൊണ്ടുപോയത്. അത്തരമൊരു പ്രകാശിനെ ഞങ്ങള്‍ക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊന്നും ഒരു ഡെവലപ്‌മെന്റ് ഓഫീസര്‍ പറയില്ല. ജീവിതം കഴിഞ്ഞുപോകാനുള്ളത് ഞാന്‍ ഉറപ്പ് തരുന്നു എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ അമ്മ വഴക്ക്പറയും, ഇങ്ങനെയൊന്നും നടന്നാല്‍ പോരെന്നും ഞങ്ങള്‍ക്ക് സിനിമയിലോ ടിവിയിലോ ഒക്കെ കാണണ്ടേ എന്നും. ഈ പടമിറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാനാ അമ്മയോട് പറഞ്ഞു, നല്ലൊരു സംഭവത്തില്‍ പങ്കാളിയായെന്ന്. ആ ജോലിയുള്ളതുകൊണ്ട് ഞാന്‍ പത്തിരുപത് വര്‍ഷം ഭക്ഷണം കഴിച്ച് ജീവിച്ചു.

ജീവസന്ധാരണത്തിനായി എല്‍ഐസി അല്ലാതെ ചെയ്ത മറ്റ് ജോലികളുണ്ടോ?

ഉവ്വ്. എല്ലാത്തരം ജോലികളും ചെയ്തിട്ടുണ്ട്. ഞാനത് ലിസ്റ്റിട്ട് പറയുകയല്ല. അഭിനയം എന്നത് പരന്നുകിടക്കുന്ന ഒരു വിഷയമാണ്. ഇപ്പോള്‍ കിണര്‍ കുത്തുന്ന ഒരാള്‍. അയാളുടെ ശരീരത്തിന്റെയൊരു പ്രകൃതം, ക്ഷീണിച്ച ഭാവം, തൊഴിലുപകരണം, കുഴിക്കുന്നതിന്റെ രീതി ഇത് നിരന്തരം നിരീക്ഷിച്ചുകഴിഞ്ഞാല്‍ ഇതിലൊരു താളമുണ്ടെന്ന് മനസിലാവും. ഈ താളത്തിലേക്ക് വീണുകഴിഞ്ഞാല്‍ ഏത് ജോലിയും ഭാരമില്ലാതാവും. അത് സ്വാഭാവികമായി ചെയ്യാനാവും എന്നൊരു സത്യം ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അത് സ്ഥാപിച്ചെടുക്കാനൊന്നും എനിയ്ക്കറിയില്ല. ഒരു ജോലിയെക്കുറിച്ച് അങ്ങനെ തോന്നിക്കഴിഞ്ഞാല്‍ ഞാന്‍ അതിലേക്ക് പോവും. അയാള്‍ സിനിമാനടനാണത്രെ, നടക്കുന്നത് കണ്ടില്ലേ എന്നൊക്കെ ചിലര്‍ പറയാറുണ്ട്. മറ്റുള്ളവരുടെ കണ്ണില്‍ മോശമാകുന്നതോ നല്ലതാവുന്നതോ ഞാന്‍ വിഷയമാക്കാറില്ല. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മുദ്രപത്രത്തില്‍ എഴുതിവച്ച് നടക്കാന്‍ പറ്റുമോ? ചെയ്ത കഥാപാത്രങ്ങളെപ്പോലെ ചെയ്ത ജോലികളും ഞാന്‍ ഓര്‍ത്തുവെക്കാറില്ല.

താങ്കളുടെ നാടകപശ്ചാത്തലമൊന്നുമറിയാത്ത ഒരാളെ സംബന്ധിച്ച് വെട്ടുകിളി പ്രകാശ് എന്നാല്‍ ചില ഹാസ്യരസപ്രധാനമായ റോളുകള്‍ ചെയ്ത ഒരു നടനാണ്. തിരിഞ്ഞുനോക്കുമ്പോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കില്‍ സിനിമയില്‍ പ്രതിഭ തെളിയിക്കാന്‍ അല്‍പംകൂടി അവസരം ലഭിച്ചേനെ എന്ന് തോന്നുന്നുണ്ടോ? നിരാശയുണ്ടോ?

എനിയ്ക്കതില്‍ ഒരു നിരാശയുമില്ല. പറഞ്ഞല്ലോ, സിനിമയ്ക്കാവശ്യമായ ഒരു രീതി നമ്മുടെ കൈയിലില്ല. എനിയ്ക്ക് അനുയോജ്യമല്ലാത്ത ഒരു പരിതസ്ഥിതിയിലും ഞാന്‍ നില്‍ക്കില്ല. അത് സിനിമയല്ല ദേവലോകത്തെ നൃത്തമായാലും ശരി, തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ നമ്മള്‍ അപ്പൊ അവിടുന്ന് സ്‌കൂട്ടാവും.

വെട്ടുകിളി പ്രകാശ്‌ 
വെട്ടുകിളി പ്രകാശ്‌ 

സിനിമയിലെത്തിയതിന് ശേഷം നാടകവുമായുള്ള ബന്ധം എന്താണ്?

അഭിനയത്തിന്റെ സാധ്യതകള്‍ പുതിയ തലമുറയുമായി സംവദിക്കാറുണ്ട്. പഴയ സങ്കല്‍പ്പത്തില്‍നിന്ന് വ്യത്യസ്തമായി അഭിനയത്തിന്റെ വിശാലമായ സാധ്യതകളെക്കുറിച്ച്. അങ്ങോട്ട് കൈ ചൂണ്ടി അഭിനയിക്ക്, ഇങ്ങോട്ട് കൈ ചൂണ്ടി അഭിനയിക്ക്, അങ്ങനെയല്ല. നമുക്കറിയാവുന്ന ചിലത് പുതിയ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും. അത്രമാത്രം. അത് സ്ഥാപനങ്ങളിലൊന്നുമല്ല, ചില കൂട്ടായ്മകളില്‍. ആര് വിളിച്ചാലും പോവാറില്ല. നേരത്തേ പറഞ്ഞതുപോലെ നമുക്ക് ചേര്‍ന്ന ചുറ്റുപാടാണെങ്കില്‍ മാത്രം പോകും. എല്ലാം തൃശൂരും ചുറ്റുവട്ടങ്ങളിലുമൊക്കെത്തന്നെ.

ഒരു നടനെന്ന നിലയ്ക്ക് ഇപ്പോഴൊരു സ്വപ്‌നമുണ്ടോ?

ഇല്ല, നടനത്തെക്കുറിച്ച് ഒരു സ്വപ്‌നവുമില്ല. സ്വപ്‌നം കാണാന്‍ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട് (ചിരി)..