മോഹന്‍ലാല്‍ അഭിമുഖം: സിനിമകള്‍ മോശമായാലും സംവിധായകനോടുള്ള ബഹുമാനം കൈവിടില്ല

March 21, 2017, 2:25 pm
മോഹന്‍ലാല്‍ അഭിമുഖം: സിനിമകള്‍ മോശമായാലും സംവിധായകനോടുള്ള ബഹുമാനം കൈവിടില്ല
VOICES
VOICES
മോഹന്‍ലാല്‍ അഭിമുഖം: സിനിമകള്‍ മോശമായാലും സംവിധായകനോടുള്ള ബഹുമാനം കൈവിടില്ല

മോഹന്‍ലാല്‍ അഭിമുഖം: സിനിമകള്‍ മോശമായാലും സംവിധായകനോടുള്ള ബഹുമാനം കൈവിടില്ല

പുലിമുരുകന്‍ എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ ബോക്സ് ഓഫീസില്‍ തന്നിലെ താരത്തിന്റെ അനിഷേധ്യത അടയാളപ്പെടുത്തിയിരുന്നു മോഹന്‍ലാല്‍. മലയാളത്തിലെ ആദ്യ 100 കോടി കളക്ഷന്‍ നേടിയ ചിത്രവും, 150 കോടി പിന്നിട്ട സിനിമയുമായി ചരിത്രപഥങ്ങളില്‍ പേരെഴുതിച്ചേര്‍ത്തു ഈ സിനിമ. സാങ്കേതിക പരിചരണത്തില്‍ സമര്‍ത്ഥമായ വിന്യാസവും പൂര്‍ണതയുമില്ലെങ്കില്‍ അമ്പേ പാളാവുന്ന സിനിമയെ മികച്ച ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് ആസ്വാദ്യകരമാക്കിയത്. കാടിന്റെ വന്യതയും ശാന്തതയും കടന്നുവരുന്ന രംഗങ്ങളും, പുലിഭീതിയും പുലിയിറക്കവും പുലിവേട്ടയും കാട്ടിനകത്തെ സംഘട്ടനങ്ങളുമെല്ലാം സ്വാഭാവികമായും വിശ്വസനീയമായും അവതരിപ്പിച്ച സിനിമ മോഹന്‍ലാലിന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും മുതല്‍മുടക്കുള്ളതും കൂടുതല്‍ ദിവസങ്ങള്‍ ചിത്രീകരിച്ചതുമായ സിനിമയാണ്. പുലിമുരുകന്‍ എന്ന സിനിമ സാധ്യമാക്കിയ വഴികളിലൂടെ സഞ്ചരിക്കുന്ന 'പുലിമുരുകന്‍, ബോക്സ് ഓഫീസിലൊരു ഗര്‍ജ്ജനം' എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കുകയാണ്. കറന്റ് ബുക്‌സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. മാധ്യമപ്രവര്‍ത്തകനായ ടി അരുണ്‍കുമാര്‍ തയ്യാറാക്കിയ പുസ്തകം പുലിമുരുകന്‍ എന്ന സിനിമയുടെ ആലോചന മുതല്‍ തിയറ്റര്‍ വിജയം വരെ കൃത്യമായി വിശകലനം ചെയ്യുന്ന രചനയാണ്. പുസ്തകത്തിനായി മോഹന്‍ലാലുമായി ടി അരുണ്‍കുമാര്‍ നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.

താങ്കള്‍ പരിചയസമ്പന്നനായ ഒരഭിനേതാവ്. എത്രയോ ബ്രില്യന്റ് ആയ സംവിധായകരുടെയും എഴുത്തുകാരുടെയും ഒപ്പം സഹകരിച്ച ഒരാള്‍. ഈ പരിചയസമ്പത്ത് വച്ച് ഒരു സംവിധായകന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് താങ്കള്‍ക്ക് ചിത്രീകരണത്തിനിടയില്‍ ബോധ്യപ്പെട്ടാല്‍ എന്തുചെയ്യും ? തിരുത്താന്‍ ശ്രമിക്കുമോ, അതോ?

ഇത്തരം സംഗതികളില്‍ നമ്മള്‍ ബലം പിടിച്ചിട്ട് കാര്യമില്ല. നമ്മളൊരു സെറ്റില്‍ വരുമ്പോള്‍ സംവിധായകനാണ് അവിടത്തെ ഡിസൈഡിംഗ് ഫാക്ടര്‍ എന്ന് പറയുന്നത്. നമുക്ക് പറയാന്‍ പറ്റുന്നത്, നമുക്ക് ഇങ്ങനെയും ചെയ്യാം, അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞ പോലെയും ചെയ്യാം എന്നാണ്. അല്ലാതെ നമുക്കിങ്ങനെ ചെയ്താല്‍ മതി എന്ന് പറയുന്നത് , അല്ലെങ്കില്‍ അത്തരത്തില്‍ സംവിധായകനെ ചലഞ്ച് ചെയ്യേണ്ട കാര്യമില്ല. അഭിനയത്തെ സംബന്ധിച്ച്, രണ്ടോ മൂന്നോ ടേക്കിന് നമ്മള്‍ വഴങ്ങിക്കൊടുത്തിട്ട്, നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെടുത്തോളൂ എന്ന് നമുക്ക് പറയാന്‍ പറ്റും. അപ്പോ അയാള്‍ പറയുകയാണ് എനിക്കിത് മതി. നമ്മള്‍ സമ്മതിക്കും. അത് ചെയ്ത് കൊടുക്കും. ഐ റെസ്‌പെക്ട് ആന്‍ഡ് ഐ ബിലീവ് ഇ്ന്‍ മൈ ഡയറക്ടേഴ്‌സ്. എത്രയോ സിനിമകള്‍, തീര്‍ച്ചയായിട്ടും മോശമായിട്ട് മാറിയിട്ടുണ്ടാവാം, പക്ഷെ സംവിധായകനോടുള്ള കാഴ്ചപ്പാട് ബഹുമാനത്തില്‍ അധിഷ്ഠിതമാണ്. ഇനി ഒരു രക്ഷയുമില്ലെങ്കില്‍, സെറ്റില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ നമുക്ക് പോയി സംസാരിക്കാം- എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? പക്ഷെ, അത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നൊരു കാര്യമാണ്. കാരണം ആ പ്രൊജക്ടിനെയും സംവിധായകന്റെ വിഷനെയും ഒക്കെപ്പറ്റി ഒരു ധാരണയൊക്കെ ഉണ്ടായിട്ടാണല്ലോ നമ്മള്‍ അഭിനയിക്കാന്‍ പോകുന്നത്.

ഒരു കഥാപാത്രത്തിന്റെ ആന്തരിക മന:ശാസ്ത്രവുമായി ഒരു കണക്ഷന്‍ ഉണ്ടാക്കിയെടുക്കുന്നതെങ്ങനെയാണ്? മുരുകന്‍ എന്ന കഥാപാത്രത്തെ ആധാരമാക്കി അതൊന്ന് വിശദീകരിക്കുവാന്‍ കഴിയുമോ?

നിങ്ങള്‍ക്കതൊരു ചോദ്യമായി ചോദിക്കാമെന്നേയുള്ളൂ. ഞാനങ്ങനെയൊരു ആന്തരികമായ അവസ്ഥയെപ്പറ്റിയൊന്നും ചിന്തിക്കുന്നയാളല്ല. ഇത്രയും വര്‍ഷമായിട്ട്, അതായത് ഒരു പത്ത് മുപ്പത്തിയെട്ട് വര്‍ഷമായി ജോലി ചെയ്യുന്നത് കൊണ്ട്, നമുക്കൊരു കഥാപാത്രത്തെ കിട്ടുമ്പോള്‍ അതിനൊരു വേഷമുണ്ട്, അതിനൊരു ചുറ്റുപാടുകളുണ്ട്, അങ്ങനെ എല്ലാകാര്യങ്ങളും കൂടി ചേര്‍ന്ന് വരുമ്പോഴാണ് ഒരു കഥാപാത്രമാവുന്നത്. അതായത് ഒരു കഥാപാത്രത്തിന് ബാഹ്യമായ ചുറ്റുപാടുകളുമുണ്ട്, സിനിമയ്ക്കകത്തെ ചുറ്റുപാടുകളുമുണ്ട്. അതായത്, വയ്ക്കുന്ന ഷോട്ട് മുതല്‍ കൂടെ അഭിനയിക്കുന്ന ആള്‍ വരെ. അല്ലാതെ നമുക്ക് മാത്രമായിട്ട് ഇതൊന്നും അഭിനയിക്കാന്‍ പറ്റില്ല. ഒരു കഥാപാത്രമെന്തെന്ന് ഡിസൈഡ് ചെയ്യുന്ന ആളുകളില്‍ കോസ്റ്റിയൂമര്‍ തുടങ്ങി ഇങ്ങ് സംവിധായകന്‍ വരെ ഉണ്ടാവും. അങ്ങനെ അവരെല്ലാവരും കൂടിച്ചേര്‍ന്ന് മോള്‍ഡ് ചെയ്യുന്ന കഥാപാത്രം. അത് മനസ്സിലാക്കി മുരുകനിലേക്ക് നമ്മുടെ ഒരു ഇന്‍പുട്ട് ഇടുകയാണ്. നമ്മള്‍ രണ്ടോ മൂന്നോ ദിവസം വര്‍ക്ക് ചെയ്ത് കഴിയുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ആ കഥാപാത്രമായി മാറാന്‍ കഴിയും. അത് അറിഞ്ഞോ അറിയാതെയോ ഉള്ളൊരു പ്രാക്ടീസാണെന്നേ പറയാന്‍ പറ്റൂ. അല്ലാതെ മുരുകന്റെ മാനസികാവസ്ഥയൊന്നും പഠിച്ചിട്ട് നമുക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. അയാള്‍ നമുക്കറിയാത്ത ഒരു പ്രതലത്തില്‍ ജീവിക്കുന്നൊരാളാണ്. നമുക്ക് കാടിനെപ്പറ്റിയറിയില്ല. അറിയാം, കണ്ടിട്ടുണ്ട് എന്നല്ലാതെ അവിടെ ജീവിക്കുന്നവരെപ്പറ്റി അറിയില്ല, ഒരു കടുവ എങ്ങനെയാണ് ബിഹേവ് ചെയ്യുന്നതെന്നറിയില്ല, അപ്പോ ഇതൊക്കെയൊരു മേക്ക് ബിലീഫിന്റെ അകത്ത് നിന്ന് ചെയ്യുന്ന കാര്യങ്ങളാണ്. അപ്പോ ഞാന്‍ കഥാപാത്രത്തിന്റെ മാനസികസവിശേഷതകളിലേക്കൊന്നും ആഴത്തിലേക്കിറങ്ങിപ്പോയിട്ട് ചെയ്യുന്നയാളല്ല. ബാക്കി സിനിമകള്‍ ചെയ്യുന്ന പോലെ തന്നെ ചെയ്‌തൊരു സിനിമയാണ്.

തിരക്കഥ വായിക്കുമ്പോഴൊക്കെ അത്തരത്തില്‍ ചില ചിന്തകള്‍, കഥാപാത്രത്തെപ്പറ്റി ഉണ്ടാവാറില്ലേ?

നമ്മള്‍ ഒരുപാട് പ്രാവശ്യം ചര്‍ച്ച ചെയ്ത തിരക്കഥയാണ്. അതു പോലെ തിരിച്ചും. ചര്‍ച്ച ചെയ്താണ് തിരക്കഥ ഉണ്ടാക്കുന്നതും. ആദ്യമൊരാള്‍ ഒരു കഥ വന്ന് നമ്മളോട് പറയുന്ന സാഹചര്യത്തില്‍ നമുക്കൊരുപാട് ചോദ്യങ്ങള്‍ ഉണ്ടാവും. അതൊരു കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്ന ചോദ്യങ്ങളാണ്. ഞാന്‍ ചെയ്യാന്‍ പോകുന്നൊരു കഥാപാത്രം, അതെന്തുകൊണ്ട് ഇങ്ങനെയായി, അയാള്‍ എന്ത് കൊണ്ട് ഇങ്ങനെ പറഞ്ഞു, അല്ലെങ്കില്‍ ആ സീന്‍ എന്തുകൊണ്ടങ്ങനെ വന്നു, ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തരാന്‍ സംവിധായകന്‍ ബാധ്യസ്ഥനാണ്. ചിലപ്പോള്‍ ചില തിരക്കഥകള്‍ വായിക്കുന്ന സമയത്ത് അവര്‍ക്കൊരു ഉത്തരം തരാന്‍ ഇല്ലാത്തത് കൊണ്ട് പറയും, അതൊന്ന് റീ-വര്‍ക്ക് ചെയ്തിട്ട് വരാമെന്ന്. അങ്ങനെ ഈ സിനിമയ്ക്കും സംഭവിച്ചിട്ടുണ്ട്. അങ്ങനെ കഥാപാത്രത്തെ നമ്മളെല്ലാവരും കൂടിച്ചേര്‍ന്നിട്ടാണ്, അതായത് എല്ലാവര്‍ക്കും സമ്മതനാണ് ആ കഥാപാത്രം. അത് വിജയിക്കുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്. ഈ സിനിമയില്‍ മുരുകന് അങ്ങനെ പ്രത്യേകിച്ച് മാനറിസമോ കാര്യങ്ങളോ ഒന്നുമില്ല. അയാളുടെ ഒരു ശീലം ഉണ്ട്. അയാളൊരു പുലിയെ വേട്ടയാടിക്കഴിഞ്ഞാല്‍ വന്നൊന്ന് കുളിക്കും. അതൊരു മാനറിസം എന്ന് പറയാന്‍ ഇല്ല. അയാള്‍ ഒരു വൈല്‍ഡ് ആയിട്ടുള്ളൊരാളാണ്, അതേ സമയം സോഫ്ടായിട്ടുള്ളൊരാളുമാണ്. വെന്‍ ഇറ്റ് കംസ് ടു ആന്‍ ആനിമല്‍, അപ്പോ കഥയില്‍ അതിനൊരു പ്രസക്തിയുണ്ട്. അയാളുടെ അച്ഛനെക്കൊന്ന പുലിയാണത്. അതിനൊരു ഫ്‌ളാഷ് ബാക്കുണ്ട്. ആ മൃഗത്തിനോട് അയാള്‍ക്ക് പകയുണ്ട്. അതുപോലെ തന്നോട് മോശമായി പെരുമാറിയ, പെരുമാറുന്ന വനപാലകരോടും അയാള്‍ക്ക് ദേഷ്യമുണ്ട്. അത് പറയുന്നുണ്ട്. അപ്പോ ആ സമയത്ത്, അയാളെങ്ങനെ പ്രതികരിക്കുന്നു എന്നുള്ളത് നമ്മളറിയാതെ ചെയ്യുന്നൊരു കാര്യമാണ്.

പുലിമുരുകന്‍ എന്ന സിനിമ വ്യക്തിപരമായി താങ്കള്‍ക്ക് പ്രിയപ്പെട്ടതാണെങ്കില്‍, അതെന്തുകൊണ്ടാണ്?

ഈ സിനിമ എനിക്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാണ്. ഇതിന്റെ അത്യപൂര്‍വമായ വിജയം തന്നെയാണ് അതിന്റെ കാരണം. പിന്നെ നമ്മളെ കുട്ടികള്‍ ഭയങ്കരമായി തിരിച്ചറിയുന്നത് എത്രയോ നാളുകള്‍ക്ക് ശേഷം ഈ സിനിമ വന്നതിന് ശേഷമാണ്. കുട്ടികള്‍ എന്നു വച്ചാല്‍ കൊച്ചുകുട്ടികള്‍.

നേരത്തേ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം പൂര്‍ണമായില്ലെന്ന വിശ്വാസത്തില്‍ വീണ്ടും ചോദിക്കുകയാണ്, ഈ സിനിമ കുറച്ചു കൂടി ഗൗരവത്തില്‍, കലാപരമായി ട്രീറ്റ് ചെയ്തിരുന്നെങ്കില്‍ അല്ലെങ്കില്‍ അതൊരു മിസിംഗ് അണെന്ന് തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ആ സിനിമയുടെ വിജയം ആ കൊമേഴ്‌സ്യല്‍ ട്രീറ്റ്‌മെന്റ് ആണ്. കാരണം എല്ലാ വിഭാഗം പ്രേക്ഷകരും കണ്ടു എന്നതു കൊണ്ടാണ് അതൊരു വലിയ വിജയമായത്. അങ്ങനൊരു കൊമേഴ്‌സ്യല്‍ സിനിമയായിട്ടാണ് അത് ആലോചിച്ചതും നടപ്പിലാക്കിയതും. ഒരുഘട്ടത്തിലും നമുക്കൊരു കണ്‍ഫ്യൂഷന്‍ അക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇതിന് സീരിയസ് ട്രീറ്റ്‌മെന്റ് കൊടുത്താല്‍ ഇത് വേറൊരു സിനിമയാവും. ഇതിനെയൊരു സോ-കോള്‍ഡ് ഫിലിം എന്ന രീതിയിലേ ട്രീറ്റ് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. റിയലിസ്റ്റിക് ആക്കാന്‍ പറ്റും. പക്ഷെ, അപ്പോള്‍ അഡ്രസ് ചെയ്യുന്ന ഓഡിയന്‍ ഒക്കെ മാറും. അതൊരു സാധാരണ, വെറും സാധാരണ, എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന സിനിമയായിട്ട് ട്രീറ്റ് ചെയ്തത് കൊണ്ടാണ് അതിങ്ങനെയൊരു വിജയം ഉണ്ടാക്കിയത്. അത് നമ്മള്‍ മന: പൂര്‍വം ചെയ്തതാണ്. മറ്റൊരു ട്രീറ്റ്‌മെന്റിനെ പറ്റിയുള്ള അറിവില്ലായ്മ അല്ല.

ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍, വ്യക്തി എന്ന നിലയില്‍ മുരുകനെ എങ്ങനെ പുറത്ത് നിന്ന് നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?

അതായത് ഇപ്പോള്‍ താങ്കള്‍ കാണുന്നത് പോലെയൊ, മറ്റൊരു പ്രേക്ഷകന്‍ കാണുന്ന പോലെയോ ആവണമെന്നില്ല ഞാനാ സിനിമയേയോ കഥാപാത്രത്തെയോ നോക്കിക്കാണുന്നത്. അത് ഒരു കഥയായി വരുമ്പോഴും തിരക്കഥയാവുമ്പോഴും പിന്നെയത് ചിത്രീകരിക്കുന്ന സമയത്തും, എഡിറ്റ് ചെയ്യുമ്പോഴും അത് ഡബ്ബ് ചെയ്യുമ്പോഴുമെല്ലാം റിറെക്കോഡിംഗിലും അതിന്റെ എല്ലാ പ്രൊസ്സസിലും കൂടി സഞ്ചരിച്ച ആളാണ്. അപ്പോ എനിക്കതിന്റെ എല്ലാ കാര്യങ്ങളും അറിയാം. അപ്പോ നമ്മുടെ മുന്നിലത് രണ്ടര മണിക്കൂറില്‍ ഒതുക്കി ഒരു മേക്ക് ബിലീഫ് ആയി നമ്മുടെ മുന്നിലെത്തുമ്പോള്‍ നമുക്ക് വലിയ സന്തോഷം തോന്നും. അത് ഒരാളുടെ മാത്രം ജോലി അല്ലല്ലോ. തീര്‍ച്ചയായിട്ടും അതിന്റെ മ്യൂസിക് അതിനെ എന്‍ഹാന്‍സ് ചെയ്യും. അതിന്റെ റീറെക്കോഡിംഗ് , അല്ലേ, അതിന്റെ ഇഫക്ട്‌സ്, വി.എഫ്.എക്‌സ്, അതിന്റെ കാമറ, അങ്ങനെ ഒരു പാട് കാര്യങ്ങള്‍ ചേരുമ്പോഴാണ്, അത് മനോഹരമാവുന്നത്. തീര്‍ച്ചയായിട്ടും നമുക്ക് അത്തരം സിനിമകള്‍ കാണുമ്പോള്‍ സന്തോഷം തോന്നും, കാരണം, നമ്മള്‍ ഇത്രയും നാള്‍ ജോലി ചെയ്തതിന്റെ ഫലം നല്ല രീതിയില്‍ ആളുകളിലേക്കെത്തിയ സിനിമയാണ്. അഭിമാനം തോന്നുന്ന കാര്യം തന്നെയാണത്. ശരിക്കുമതൊരു ഡൗണ്‍ ടു എര്‍ത്ത് സിനിമയാണ്. ആ സിനിമയെ ഇത്രയും ആളുകള്‍ കാണുന്ന തരത്തിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ നമുക്ക് സന്തോഷമുണ്ട്. അതിന്റെ ക്രഡിറ്റ് എല്ലാവര്‍ക്കും കൊടുക്കണം. കാരണം, നമ്മള്‍ ശാരീരികമായും മാനസികമായുമൊക്കെ കഷ്ടപ്പെട്ട സിനിമയാണ്. അപൂര്‍വം സിനിമകളിലേ ഇത്തരത്തിലൊരു ശാരീരികാധ്വാനം ഉണ്ടാവൂ. ഒരു മാസമൊക്കെ നമ്മള്‍ തുടര്‍ച്ചയായിട്ട് ഫൈറ്റ് തന്നെ ചിത്രീകരിച്ചു കൊണ്ടിരുന്നൊരവസ്ഥ. അതൊക്കെ വളരെ അപൂര്‍വമായിട്ട് സംഭവിക്കുന്നതാണ്. അപ്പോ അത്തരത്തിലൊരു സിനിമ വലിയ വിജയമായിട്ട് മാറുമ്പോള്‍ നമുക്ക് എല്ലാ വിധത്തിലുള്ള ബഹുമാനവും തോന്നും. ആ സിനിമയോട്. പ്രേക്ഷകരോട്. അവരിലേക്കും നമ്മുടെ ഈ വികാരങ്ങള്‍ എത്തുന്നു. അതുകൊണ്ടാണല്ലോ സിനിമ ഹിറ്റാവുന്നത്.

മോഹന്‍ലാലിനൊപ്പം ടി അരുണ്‍കുമാര്‍ 
മോഹന്‍ലാലിനൊപ്പം ടി അരുണ്‍കുമാര്‍ 

പല ലെയറുകളുള്ള കഥാപാത്രമാണല്ലോ മുരുകന്‍. അയാള്‍ നാട്ടുകാരെ സ്‌നേഹിക്കുന്നയാളാണ്. ഭാര്യയുടെ മുന്നില്‍ കീഴടങ്ങി നില്‍ക്കുന്ന ആളാണ്. അനുജന്‍ അയാള്‍ക്ക് ദൗര്‍ബല്യമാണ്. ഇങ്ങനെ പലതും. ഇതിലൊരു ലെയറിനോട് മാത്രമായി ഒരാഭിമുഖ്യമുണ്ടായിട്ടുണ്ടോ?

അങ്ങനെ പറയാന്‍ പറ്റില്ല. ആ കഥാപാത്രം ആവശ്യപ്പെടുന്നതാണ് നമ്മള്‍ ചെയ്യുന്നത്. അതിന് സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്നതെങ്ങനെയാണ് ? അത്തരം ഘടകങ്ങളൊന്നും നമ്മളായിട്ട് ഉണ്ടാക്കുന്നതല്ലല്ലോ. ഇപ്പോ ഒരു സംഘട്ടനസീനില്‍ ആദ്യം അയാള്‍ താക്കോല്‍ ചോദിക്കുന്നു. പിന്നീടാണയാള്‍ അഗ്രസീവ് ആവുന്നത്. അയാളെ പട്ടി അറ്റാക്ക് ചെയ്യാന്‍ വരുന്നു. അയാളുടെ കാടുമായിട്ടുള്ള ബന്ധത്തെ വളരെ ബ്രില്യന്റ് ആയിട്ട് കാണിക്കാനാണ് ആ രണ്ട് പട്ടികളെ കൊണ്ടുവരുന്നത്. നമ്മളല്ല ലെയറുകള്‍ സൃഷ്ടിക്കുന്നത്. നമുക്കതിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കാനേ പറ്റൂ. നമുക്ക് സിനിമയില്‍ അറിഞ്ഞോ അറിയാതെയോ അത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോഴാണ് ആ കഥാപാത്രത്തിന് അത്തരം വ്യാഖ്യാനങ്ങള്‍ വരുന്നത്. ഒരു പക്ഷെ എനിക്കേറ്റവും ഇഷ്ടമാവുന്നത് ഒരു പാവം മുരുകനെ ആയിരിക്കാം. പക്ഷെ, അങ്ങനെ പാവമായിട്ടിരുന്നാല്‍ പറ്റില്ലല്ലോ. അഗ്രസീവ് ആവേണ്ട സമയത്ത് അഗ്രസീവ് ആവും. ഒരു ഹ്യൂമന്‍ എന്ന് പറയുന്നതിനേക്കാള്‍ അയാള്‍ക്കൊരു മൃഗത്തിന്റെ, അതായത് ഇന്‍സ്റ്റിങ്ങ്റ്റില്‍ ജീവിക്കുന്നൊരാളാണെന്ന് വേണമെങ്കില്‍ പറയാം. അയാള്‍ ജീവിക്കുന്ന കാടിന്റെ ഒരു കള്‍ച്ചറിന്റെ ഭാഗമായിരിക്കാം ആ ഇന്‍സ്റ്റിങ്ങ്റ്റ് എന്ന് പറയുന്നത്. കാട്ടിനകത്ത് ജീവിക്കുന്ന പലരും അങ്ങനെ ആയിരിക്കാം. അവര്‍ സാധാരണക്കാരായിരിക്കാം. പക്ഷെ അവര്‍ റിഫ്‌ളക്‌സ് ഭയങ്കരമായിട്ടുള്ളവരായിരിക്കും.

സംവിധായകനും എഴുത്തുകാരനും ആദ്യം താങ്കള്‍ക്ക് ഈ കഥാപാത്രത്തെപ്പറ്റി തന്ന ഇന്‍പുട്ടുകളെപ്പറ്റി ഓര്‍മ്മിക്കുവാന്‍ സാധിക്കുമോ? കാരണം, അത്തരമൊരു ഇന്‍പുട്ടില്‍ നിന്നാവുമല്ലോ, ഈ കഥാപാത്രം കൊള്ളാമല്ലോ എന്ന് നമുക്ക് തോന്നിത്തുടങ്ങുന്നത്?

അത് സിനിമയില്‍ വളരെ അത്യപൂര്‍വമായിട്ടാണല്ലോ ഒരു മൃഗവുമായിട്ടുള്ള ഒരു റൈവലറി ചിത്രീകരിക്കപ്പെടുന്നത്. അത് ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ കുറച്ച് മാത്രം ചിത്രീകരിക്കപ്പെട്ടിട്ടുള്ളൊരു പ്‌ളോട്ട് ആണ്. അപ്പോ അത്തരത്തിലുള്ളൊരു കഥ എപ്പഴോ പറഞ്ഞുകേട്ടപ്പോള്‍ നമുക്ക് താല്‍പര്യം തോന്നുന്നു. മുമ്പ് പ്രിയദര്‍ശനുമായി ആനയുമായി ബന്ധപ്പെട്ട ഒരു സബ്ജക്ട് നമ്മള്‍ ആലോചിച്ചിരുന്നതാണ്. അത് നടന്നില്ല. ഈ സിനിമയില്‍, അതില്‍ വന്ന് ചേരാന്‍ സാധ്യതയുള്ള ആള്‍ക്കാരെപ്പറ്റിയൊക്കെ പറഞ്ഞപ്പോള്‍ നമുക്ക് താല്‍പര്യം കൂടി. കാരണം ഇതിനകത്ത് ആക്ഷന്‍ ഡയറക്ടറെന്നൊക്കെ പറയുന്ന ആള് വളരെ ബ്രില്യന്റ് ആയിട്ടുള്ളൊരാളായിരിക്കണം. അപ്പോ നമ്മളത് തയ് വാനിലെ പ്രമുഖനായ ഒരാക്ഷന്‍ ഡയറക്ടറുമായി സംസാരിച്ചു. അദ്ദേഹത്തിന് സമയമില്ലെന്ന് പറഞ്ഞു. പിന്നീടാരാണ് ഉള്ളതെന്ന് നോക്കുമ്പോഴാണ് പീറ്റര്‍ ഹെയിന്റെ പേര് വരുന്നത്. പിന്നീട് നമ്മളവരുമായി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനും ഈ സിനിമയുമായി സഹകരിക്കാന്‍ താല്‍പര്യം തോന്നി. കാരണം, ആനിമല്‍ ആന്‍ഡ് മാന്‍ എന്നാണല്ലോ പറയുന്നത്. നമ്മള്‍ എല്ലാറ്റിലും ഒരു നായകന്‍ വില്ലന്‍ എന്നാണല്ലോ പറയുന്നത്. ഇത് സിനിമയില്‍ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണെന്ന് അദ്ദേഹത്തിനും തോന്നിയിരിക്കാം. അപ്പോള്‍ സിനിമയുടെ അടിസ്ഥാനപ്രമേയം തന്നെ നമുക്ക് താല്‍പര്യം ജനിപ്പിക്കുന്നതായിരുന്നു. പിന്നീട് നമ്മളത് ഒരുപാട് പ്രാവശ്യം വര്‍ക്ക് ചെയ്താണ് ഈ ഒരവസ്ഥയിലേക്ക് വന്നത്. പിന്നെ ഇതിലെ കഥ എന്നത് വളരെ ലളിതമാണ്. ഒരുപാട് സിനിമകളില്‍ വന്ന കഥ തന്നെയാണ്. അതിനെ നമ്മള്‍ അവതരിപ്പിച്ചിരിക്കുന്ന രീതി, പ്‌ളയിസ് ചെയ്തിരിക്കുന്ന സ്ഥലം. കാട്ടിലാണ് കഥയെ നമ്മള്‍ പ്‌ളയിസ് ചെയ്തിരിക്കുന്നത്. അപ്പോള്‍ ഉറപ്പായും നമുക്ക് വളരെ ഭംഗിയുള്ള ഒരുപാട് ഷോട്ടുകള്‍ എടുക്കാന്‍ പറ്റിയിട്ടുണ്ട്. ഇങ്ങനെ പലതരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ട്. അപ്പോള്‍ ഇതിന്റെ സവിശേഷമായ പ്‌ളോട്ടാണ് നമ്മളില്‍ താല്‍പര്യം ജനിപ്പിച്ച ആദ്യ ഇന്‍പുട്ടെന്ന് വേണമെങ്കില്‍ പറയാം.

ഈ ചിത്രത്തില്‍ താങ്കളിലെ താരത്തെ വളരെയധികം ഉപയോഗപ്പെടുത്തിയ ഒന്നാണ്. ഇതിന് മറ്റൊരു തരം, ഒരു പക്ഷേ ഇതിലും മെച്ചപ്പെട്ട ഒരു ട്രീറ്റ്‌മെന്റ് സാധ്യമാണ് എന്ന് കരുതുന്നുണ്ടോ?

അങ്ങനെ നമുക്ക് പറയാന്‍ പറ്റില്ല. ഇതിലും മുകളില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാന്‍ കഴിയുന്നില്ല. നമ്മളൊരു സിനിമ ചെയ്ത് പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന് മുകളില്‍ എന്ത് ചെയ്യാമായിരുന്നു എന്നറിയേണ്ട കാര്യമില്ലല്ലോ. നമുക്ക് ആ സ്‌ക്രിപ്ട് വച്ചിട്ട് നമ്മള്‍ വിചാരിച്ചതിനെക്കാളും മുകളിലാണ് ചെയ്തിരിക്കുന്നത്. എല്ലാവരും. അതു കൊണ്ടാണ് ആ സിനിമ വിജയകരമായ ഒന്നായി മാറിയത്. പിന്നെ, ഇനിയും ഇത് വേറെ എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലല്ലോ. ഇറ്റ്‌സ് ഓള്‍റെഡി ഡണ്‍. സിനിമ അങ്ങനെയാണല്ലോ. നമ്മള്‍ സിനിമ കണ്ടിട്ട് ഇത് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമൊന്നുമുണ്ടാവില്ല. പിന്നെ ഈ സിനിമ അത് ഡിമാന്‍ഡ് ചെയ്യുന്ന പോലെയേ ചിത്രീകരിച്ചിട്ടുള്ളൂ. നമ്മുടെ പരിമിതികള്‍. അതൊരുപാടുണ്ട്. ഒരു മലയാളസിനിമയുടെ ബഡ്ജറ്റ് , കാര്യങ്ങള് , നമുക്ക് ഷൂട്ടു ചെയ്യാവുന്ന ദിവസങ്ങള്‍, അങ്ങനെയുള്ള ഒരുപാട് കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒത്തുതീര്‍പ്പുകളുള്‍പ്പെടെയുള്ളവ ചെയ്തിട്ട് ഉണ്ടാക്കിയെടുത്തിരിക്കുന്ന സിനിമയാണിത്. അപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്തൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പിന്നീടെപ്പോഴെങ്കിലും ഈ സിനിമയുടെ വലിയൊരു കൊമേഴ്‌സ്യല്‍ സക്‌സസിനെപ്പറ്റി ചിന്തിച്ചപ്പോള്‍ എന്താവാമതിന്റെ കാരണങ്ങളെന്നാണ് തോന്നിയത്?

സിനിമ എന്നു പറയുന്നതൊരു മാജിക്കാണ്. അത് നമുക്കറിയാത്ത പല ഘടകങ്ങള്‍ ചേര്‍ന്നതാണ്. ഇപ്പോ ഈ സിനിമ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നവരില്‍ കുട്ടികളും ഉണ്ട്. ചെറിയ കുട്ടികള്‍ പോലും പുലിമുരുകാ എന്നാണ് നമ്മളെ വിളിക്കുന്നത്. ഞാന്‍ എപ്പോഴും പറയുന്നതാണ്, ഇതിലൊരു മാജിക് ഉണ്ട് എന്നത്. അതു തന്നെയാണ് വീണ്ടും പറയുന്നത്. നമ്മള്‍ കാണുംപോലെ ആയിരിക്കില്ല കുട്ടികള്‍ ആ സിനിമ കാണുന്നത്. അതിപ്പോ, വലിയ ഹിറ്റ് സിനിമകള്‍ എടുത്ത് നോക്കിക്കഴിഞ്ഞാല്‍ ഒരു പക്ഷേ അതിന്റെ വിജയത്തിന് നമുക്ക് കൃത്യമായൊരു കാരണം കണ്ടെത്താന്‍ കഴിയണമെന്നില്ല. ഈ സിനിമയ്ക്ക് ഒരു പക്ഷെ നമ്മള്‍ കാണാത്ത ഒരു രീതിയില്‍, ഒരു പക്ഷെ ഒരു കാട് എന്ന രീതിയില്‍, ഏറ്റവും നന്നായി അതിനെ ചിത്രീകരിച്ച, ഐ മീന്‍, നന്നായിട്ട് ഫോട്ടോഗ്രഫി ചെയ്ത ഒരു സിനിമ ആയിരിക്കാം. പിന്നെ അതിലെ സീനുകളൊക്കെ വളരെ സാധാരണക്കാരന്റെ സീനുകളാണ്. അതിലെ തമാശകളായാലും, അല്ലെങ്കില്‍ അതിലെ പാട്ടുകളായാലും, അയാളുടെ ലൈഫ് ആയാലും ഒക്കെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് കാണിക്കുന്നത്. പിന്നെ അതിലെ ഏറ്റവും സര്‍പ്രൈസിംഗ് എലമെന്റ് എന്ന് പറയുന്നത് അതിലെ ടൈഗര്‍ തന്നെയാണ്. ആ ടൈഗറാണ് ആ സിനിമയുടെ വിജയം. ആ ടൈഗറിന് പകരം ഒരു വില്ലനാണെങ്കില്‍ അത് ഇത്രയും ഹിറ്റാവില്ല. ടൈഗറിന്റെ പ്‌ളേസ്‌മെന്റും അച്ഛനെക്കൊന്ന ഒന്നിനോട്, അതാണല്ലോ, പ്രതികാരം എല്ലാ സിനിമയുടേയും ആ ഒരു എലമെന്റ് തന്നെയാണ് ഇവിടെയും ഉപയോിച്ചിരിക്കുന്നത്. പക്ഷെ കൊന്നത് ടൈഗറാണ്. ആ ടൈഗറിനെയല്ല, അവന്റെ പരമ്പരയിലുള്ള ഏതിനെക്കിട്ടിയാലും കൊല്ലണമെന്ന വാശിയുള്ള ഒരാളായി മാറുകയാണ്. പിന്നെ അയാള്‍ പറയുന്നുണ്ടല്ലോ, ഞാന്‍ കൊന്നിട്ടുണ്ട്, പക്ഷേ, അത് നരഭോദികളെ മാത്രമാണെന്ന്. അപ്പോ അതിനെല്ലാം കൃത്യമായ ജസ്റ്റിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇട്ടു കൊടുത്തിട്ടാണ് നമ്മളത് ചെയ്തിരിക്കുന്നത്. അപ്പോ ഇതിന്റെ വിജയത്തിന്റെ പ്രധാനകാരണം ആ ടൈഗര്‍ ഇഫക്ട് തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുട്ടികളെ സംബന്ധിച്ച്, അവരൊരുപാട് സൂപ്പര്‍ ഹിറോ കാര്‍ട്ടൂണൊക്കെ കണ്ടിട്ടും, റിയലായി കടുവയെ കൊല്ലുന്ന ഒരാളെ കാണുമ്പോള്‍ അയാളോടൊരു അപ്രീസിയേഷന്‍ തോന്നുന്നു. പിന്നെ മുരുകന് കുട്ടികളെ വലിയ ഇഷ്ടമാണ്. അയാള്‍ക്കൊരു കുട്ടിയുണ്ട്. മറ്റൊരു കുട്ടിയെ കൊന്ന കടുവയെ ആണ് അയാള്‍ വേട്ടയാടി കൊല്ലുന്നത്. നമ്മുടെ മകളായിരുന്നെങ്കില്‍ എന്നൊക്കെ അയാള്‍ ഭാര്യയെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികള്‍ നമ്മളോട് പോലും, പുലിയെ കൊല്ലുന്ന കുന്തം എവിടെ എന്നൊക്കെ ചോദിച്ചിട്ടുണ്ട്.

നമ്മള്‍ ഒരു പെര്‍ഫോമന്‍സിന്റെ അപ് ആന്‍ഡ് ബോട്ടം ലെവല്‍ , അല്ലെങ്കില്‍ ഒരു പ്രകടനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍, അത് എങ്ങനെയാണ് നിശ്ചയിക്കുന്നത്?

എല്ലാ സിനിമകളും ഒരു പോലെയാണ്. ഈ സിനിമയ്ക്ക് മാത്രമായി പ്രത്യേകിച്ചൊന്നും നമ്മള്‍ പരീക്ഷിച്ചിട്ടില്ല. അല്ലെങ്കിലിതിലൊരു സ്‌പെഷ്യല്‍ ആക്ടിംഗ് എന്നൊന്നും പറയാന്‍ പറ്റില്ല. എല്ലാ സിനിമയിലും , ഇപ്പോ ഈ സിനിമയില്‍ ( ഉണ്ണികൃഷ്ണന്‍ ബി. സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമ ) ഇന്ന് രണ്ടാമത്തെ ദിവസമാണ്. ഈ സിനിമയുടെ ക്‌ളൈമാക്‌സോ, തുടക്കമോ ഒന്നുമല്ല ആദ്യം എടുക്കുന്നത്. രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ ഈ കഥയുമായി നമ്മള്‍ താരതമ്യപ്പെടും. അപ്പോള്‍ ഇപ്പോ നമ്മള്‍ ചെയ്യാന്‍ പോകുന്ന സീന്‍ ഏതാണെന്ന് ചോദിക്കുമ്പോള്‍ ഇതിന് മുമ്പ് ചെയ്ത സീനൊക്കെ മനസ്സില്‍ വരും. ഇതു കഴിഞ്ഞുള്ള സീനുകളും മനസ്സില്‍ വരും. അതൊരു പ്രാക്ടീസാണെന്നേ എനിക്ക് പറയാന്‍ പറ്റൂ. നമ്മുടെയുള്ളിലെ സിസ്റ്റം തന്നെ ആക്ടിംഗിനൊരു നിയന്ത്രണം കൊണ്ടുവരുമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ തീര്‍ച്ചയായും, സംവിധായകന്‍ എന്നു പറയുന്ന ആളുണ്ട്. അദ്ദേഹത്തിന് ഈ ഷോട്ടിങ്ങനെ പോരാ, കുറച്ചു കൂടി നന്നായിട്ടെടുക്കണം, കുറച്ചു കൂടി ഇമോഷന്‍സ് വേണം എന്നൊക്കെ പറയുമ്പോള്‍ വേണമെങ്കില്‍ നമുക്ക് പറയാം, ഇത്രയും പോരേ, അതിനൊരു റീസണും നമുക്ക് ചൂണ്ടിക്കാണിക്കാം. അത് ശരിയാവാം, ശരിയാകാതെയിരിക്കാം. ഈ സിനിമയിലും മറ്റ് സിനിമകളില്‍ ഉള്ളതുപോലുള്ള ഒരുപാട് സീനുകളുണ്ട്. അനുജന്റെ മുന്നില്‍ കരയുന്നു, അല്ലെങ്കില്‍ ഭാര്യയോട് തമാശ പറയുന്നു. അല്ലെങ്കിലൊരു മദ്യപാനസീന്‍, പക്ഷെ എനിക്ക് തോന്നുന്നത് നമ്മളത് പ്‌ളയിസ് ചെയ്തിരിക്കുന്നത് നന്നായിട്ടു വന്നു എന്നാണ്. അല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ ആധികാരികമായിട്ട് പഠിച്ച്, ഒരു ബിഹേവിയറല്‍ പാറ്റേണ്‍ ഉണ്ടാക്കി അഭിനയിച്ചു ഫലിപ്പിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല. അങ്ങനെ പറഞ്ഞാലത് കള്ളമായിപ്പോവും.

 മോഹന്‍ലാല്‍ പുലിമുരുകന്‍ ചിത്രീകരണത്തിനിടയില്‍ 
മോഹന്‍ലാല്‍ പുലിമുരുകന്‍ ചിത്രീകരണത്തിനിടയില്‍ 

ഞാന്‍ വിജയങ്ങളില്‍ മതിമറക്കാറില്ല, പരാജയങ്ങളില്‍ ദു:ഖിക്കാറുമില്ല എന്ന് താങ്കളൊരഭിമുഖത്തില്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ഇത്രയും വലിയൊരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ഒരു തരത്തിലുമുള്ള എക്‌സൈറ്റ്‌മെന്റും താങ്കളില്‍ ഉണ്ടാക്കിയില്ല എന്നാണോ മനസ്സിലാക്കേണ്ടത്?

തീര്‍ച്ചയായിട്ടും, എക്‌സൈറ്റ്‌മെന്റ് ഉണ്ടായിട്ടുണ്ട്. ഇപ്പോ ഈ സിനിമ വലിയൊരു ഫ്‌ളോപ്പായിപ്പോയിരുന്നെങ്കില്‍ തീര്‍ച്ചയായും നമുക്ക് സങ്കടം ഉണ്ടാവുമായിരുന്നു. ഞാനതിനെ കാരി ചെയ്യുന്നില്ല എന്നാണ് പറയുന്നത്. പെട്ടന്നൊരു സിനിമ വലിയൊരു സൂപ്പര്‍ഹിറ്റായി എന്ന് പറയുന്നൊരു മൊമന്റില്‍ നമുക്കൊരു സന്തോഷം വരും. അത് പത്ത് ദിവസമോ ഇരുപത് ദിവസമോ അത് തന്നെ കാരി ചെയ്തു കൊണ്ടിരുന്നാല്‍ പറ്റില്ലല്ലോ. എത്രയോ വലിയ വലിയ സിനിമകള്‍ മോശമായിപ്പോയിട്ടുണ്ട്. അപ്പോള്‍ ഈ സിനിമ മോശമായിപ്പോയിരുന്നെങ്കില്‍ സംഭവിക്കാമായിരുന്നത് ഒരുപാട് പേരുടെ കഠിനാധ്വാനവും ഇതില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ വന്നൊരു പ്രൊഡ്യൂസറുടെ ഏറ്റവും വലിയൊരു പതനമായിട്ടും മാറുമായിരുന്നു. പക്ഷെ, അങ്ങനെ സംഭവിക്കാതിരുന്നത് അദ്ദേഹത്തിന്റെ ഒരു നന്‍മയായിരിക്കാം, അല്ലെങ്കില്‍ ഈ സിനിമയ്ക്ക് വേണ്ടി പലരും പ്രാര്‍ത്ഥിച്ചിട്ടായിരിക്കാം. ഏറ്റവും വലിയൊരു ഇന്‍വെസ്റ്റ്‌മെന്റില്‍ ആ സിനിമ തീര്‍ത്തെടുക്കാന്‍ തയ്യാറായി എന്നതാണ് അദ്ദേഹം ചെയ്ത കാര്യം. അത്തരം പ്രൊഡ്യൂസര്‍മാരെയാണ് നമുക്ക് വേണ്ടതെന്ന് വേണമെങ്കില്‍ പറയാം. എല്ലാ സിനിമകളും ഇത്തരം ഇന്‍വെസ്റ്റ്‌മെന്റ് വേണമെന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ കൈയ്യില്‍ നിന്ന് സിനിമ വിട്ടുപോകും, ചിലപ്പോള്‍. അതിന്റെ കോസ്റ്റ് എങ്ങോട്ട് പോകുന്നൂവെന്നറിയില്ല. പത്ത് ദിവസത്തെ ഒരാക്ഷന്‍സീന്‍ മുപ്പത്ദിവസം കൊണ്ട് തീരുമ്പോള്‍ പ്രതീക്ഷിക്കുന്ന തുകയുടെ മൂന്നിരട്ടിയാണ് ചെലവാകുന്നത്. പക്ഷെ അതൊന്നും വകവയ്ക്കാതെ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് പേര്‍ പ്രവര്‍ത്തിച്ചു. നമുക്ക് നേരിട്ടറിയാവുന്ന ഒരു കാര്യമാണ് പറയുന്നത്. വളരെയധികം കഷ്ടപ്പെട്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. സാമ്പത്തികമായിട്ടുള്‍പ്പെടെ. അതായത് ഈ സിനിമയെ പുറത്ത് കൊണ്ടുവരാന്‍ ഒരു പാട് പേര് സഹായിച്ചിട്ടുണ്ടെന്നര്‍ത്ഥം. അവരുടെയൊക്കെ പേര് പറയാന്‍ പറ്റുന്നില്ലെങ്കിലും എല്ലാവര്‍ക്കും നന്ദി പറയുന്നു. അതാണല്ലോ ഒരു ഗ്രാറ്റിറ്റിയൂഡ് എന്ന് പറയുന്നത്. അപ്പോ തീര്‍ച്ചയായിട്ടും ഈ സിനിമ വിജയിക്കുമ്പോള്‍ അതിന്റേതായ സന്തോഷമുണ്ട്. അപ്പോള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ തീര്‍ച്ചയായിട്ടും വിഷമമുണ്ടായിരിക്കും എന്നല്ലാതെ വേറൊന്നും അതില്‍ ചെയ്യാനില്ല. ഇഫ് യൂ കാണ്ട് കറക്ട് ഇറ്റ് , എന്ത് ചെയ്യാന്‍ പറ്റും? പിന്നെ വിജയത്തെ സംബന്ധിച്ചാണെങ്കില്‍ നൂറ് കോടി, നൂറ്റമ്പത് കോടി എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ കൈയ്യില്‍ നിന്ന് അതങ്ങ് വിട്ടുപോയിക്കഴിഞ്ഞു. അതാണീ മിറാക്കിള്‍ ഓഫ് ഹാപ്പിനെസ് എന്ന് പറയുന്നത്.. (സുദീര്‍ഘമായി ചിരിക്കുന്നു)

ഇതില്‍ ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെ യഥാര്‍ത്ഥചിത്രം താങ്കള്‍ക്ക് ആ സമയത്ത് കിട്ടുന്നുണ്ടായിരുന്നോ, ഞാന്‍ ചോദിക്കുന്നത് ചില അനിശ്ചിതത്വങ്ങളെപ്പറ്റിയാണ്. ഉദാഹരണത്തിന്, കടുവയെ ചിത്രീകരിക്കാന്‍ പറ്റുമോ ഇല്ലയോ എന്നത് അവസാനനിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്ന ഒന്നാണ്.

ഇപ്പോ ഒരാള് ഇതൊന്നും ഫോണ്‍ ചെയ്ത് പറഞ്ഞില്ലെങ്കിലും നമുക്കത്യാവശ്യം കാര്യങ്ങളൊക്കെ അറിയാമായിരുന്നു. നമ്മളതിന്റെ ഭാഗമാവുമ്പോള്‍ അവരറിഞ്ഞോ അറിയാതെയോ നമ്മളീകാര്യങ്ങളൊക്കെ അന്വേഷിക്കും. ആ സ്ഥലത്ത് ഞാന്‍ ഫിസിക്കലായി ഉണ്ടായിരുന്നില്ലെന്ന് മാത്രമേ ഉള്ളൂ. ഉറപ്പായിട്ടും, ഈ പറഞ്ഞ അനിശ്ചിതത്വങ്ങളുള്‍പ്പെടെ ഒരു സിനിമ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കൊപ്പവും നമ്മള്‍ കൂടി സഞ്ചരിക്കുന്നുണ്ട്. അവര്‍ ഇഷ്ടമുള്ളപ്പോള്‍ വരട്ടെ, എന്നിട്ട് നമുക്ക് ഷൂട്ട് ചെയ്യാം എന്നല്ലല്ലോ. നമ്മള്‍ അതിനൊപ്പം ആത്മാര്‍ത്ഥമായിട്ട് നിന്ന്, എന്ന് വച്ച് എല്ലാ കാര്യവും നമ്മള്‍ പോയി ചോദിക്കേണ്ട കാര്യമില്ലല്ലോ, നമുക്കറിയേണ്ട കാര്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയല്ലോ. അതാണ് ഞാന്‍ നേരത്തേ പറഞ്ഞത് ഈ സിനിമയില്‍ പുറത്തറിയാത്ത ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്ന്. ഇതിന്റെ മേക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരുപാട് പ്രതിസന്ധികള്‍ നമുക്കൊക്കെ അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. പക്ഷെ, അതൊന്നും ആ സിനിമയെ ഫൈനലി ബാധിച്ചില്ല എന്നതാണ് സന്തോഷകരമായ കാര്യം.

പുലിമുരുകന്‍ ചിത്രീകരണത്തിനിടയില്‍
പുലിമുരുകന്‍ ചിത്രീകരണത്തിനിടയില്‍

സൗത്ത് ഇന്ത്യയിലെ ഏറ്റവും ചെറിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. അങ്ങനെ നോക്കുമ്പോള്‍ റിസ്‌ക്ക് എടുക്കുന്നതില്‍ നമുക്കൊരു പരിധിയുണ്ടെന്ന് പറയാം. പക്ഷെ, ഈ സിനിമ ആ പരിധിയെ പൊളിച്ചു കളഞ്ഞു എന്ന് തോന്നുന്നുണ്ടോ?

അല്ല, അതീ സിനിമ വലിയൊരു വിജയം ആയി എന്ന് പറഞ്ഞിട്ട് എല്ലാവരും ഇരുപത്തിയെട്ട് കോടി മുടക്കി ഒരു സിനിമ എടുക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ആ സിനിമ ആ തുക മുടക്കി എടുത്താല്‍, അത് ഡിമാന്‍ഡ് ചെയ്യുന്ന ഒരു ഔട്ട്പുട്ട് ഉണ്ടാകുമെന്ന ഒരു തിരിച്ചറിവിന്റെ ബലത്തില്‍ നമ്മള്‍ ചെയ്യുന്ന കാര്യമാണത്. നിങ്ങള്‍ക്ക് ഇത്തരമൊരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ അത്തരമൊരു മാര്‍ക്കറ്റ് ഉണ്ടാക്കിയെടുക്കാം എന്ന ഫാക്്ട് ഈ സിനിമയ്ക്ക് യോജിക്കുമായിരുന്നു. ഇത് അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ഒരു പോസിബിലിറ്റി ഉണ്ട് എന്നൊരു തിരിച്ചറിവ് തീര്‍ച്ചയായും ഈ സിനിമ ഉണ്ടാക്കിയിട്ടുണ്ട്. ഇതൊരു മാതൃകയായി ഉപയോഗിച്ച് നമുക്ക് വേറെ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പറ്റും. ഈ പടത്തില്‍ പുറത്തുനിന്നുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്. അപ്പോള്‍ ഈ സിനിമ വേറേ ഭാഷയിലും ഡബ്ബ് ചെയ്യാം എന്നൊരു പോസിബിലിറ്റി ഉണ്ട്. പുലിമുരുകന്‍ തെലുങ്കില്‍ ഡബ്ബ് ചെയ്തപ്പോള്‍ അതൊരു വിജയം ആയിട്ടാണ് മാറിയത്. തമിഴില്‍ ചെയ്യുന്നുണ്ട്. ഇപ്പോ അവരത് ത്രീഡിയില്‍ പുറത്തിറക്കുകയാണ്. അതൊക്കെ പക്ഷെ എല്ലാ സിനിമകള്‍ക്കും പറ്റണമെന്നില്ല. അപ്പോള്‍ അത്തരത്തിലൊരു പോസിബിലിറ്റി ഉണ്ടെന്നറിയാന്‍ ഈ സിനിമ സഹായിച്ചെന്നേയുള്ളൂ. 

സംവിധായകന്‍ എന്ന നിലയില്‍ വൈശാഖിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

ആ സിനിമ തന്നെ അതിനുത്തരമല്ലേ? ഒരു വലിയ കാന്‍വാസിലുള്ള ചിത്രത്തെ കൃത്യമായി കംപ്രസ് ചെയ്ത് ആളുകള്‍ക്ക് കൊടുക്കുക എന്ന് പറയുന്നത്, ഏറ്റവും മിടുക്കനായ ഒരാളായത് കൊണ്ടല്ലേ അദ്ദേഹത്തിനത് കഴിയുന്നത്. അതിന് അദ്ദേഹത്തെ സഹായിച്ച ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. അദ്ദേഹം ഈ സബ്ജക്ട് തെരഞ്ഞെടുത്തു, ലൊക്കേഷന്‍സ് കണ്ടുപിടിച്ചു, കാസ്റ്റിംഗ് നടത്തി. അങ്ങനെ ഈ ഫിലിം പുറത്തുകൊണ്ടുവന്നപ്പോള്‍ അയാളിന്ന് സൗത്തിന്‍ന്ത്യയിലെ അറിയപ്പെടുന്ന മലയാളി സംവിധായകനായില്ലേ? പിന്നെ, മുമ്പ് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. ഈ സിനിമ ഡിമാന്‍ഡ് ചെയ്യുന്ന എല്ലാം വിജയകരമായി അതിലേക്ക് സിങ്ക് ചെയ്ത ആളാണ് അദ്ദേഹം. അതിന്റെ റിവാഡും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.

താങ്കള്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുലിയെ തൊട്ടിട്ടേയില്ല എന്നൊരാരോപണം വന്നിരുന്നു?

അത് ഓരോരുത്തര്‍ വിശ്വസിക്കുന്നതാണ്. സിനിമ അങ്ങനെയാണല്ലോ. എന്ത് നിങ്ങള്‍ വിശ്വസിക്കുന്നുവോ അത് തന്നെയാണ് സത്യം. കാരണം, ആ സിനിമയുടെ ഒരു മിസ്റ്ററിയെ ഞാനെന്തിനാണ് പൊളിക്കുന്നത്? നിങ്ങളെന്താണ് ധരിക്കുന്നത്, ഇപ്പോ ഒരാള്‍ പറയുകയാണ്, മോഹന്‍ലാല്‍ പുലിയുമായി ഫൈറ്റ് ചെയ്തിട്ടില്ല.ആയിക്കോട്ടെ. അല്ലെങ്കില്‍ മറ്റൊരാള്‍ പറയുകയാണ്. അതില്‍ ചില ഷോട്ടുകള്‍ റിയലായി ഷൂട്ട് ചെയ്തതാണ്. ശരിയായിരിക്കാം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ്. നമ്മളെന്തിനാണ് ചലഞ്ച് ചെയ്യുന്നത് ? നമ്മളെന്ത് പറഞ്ഞാലും സത്യമാകാം, കള്ളമാകാം. ഇത് സംബന്ധിച്ച് പ്രതികരണത്തിനില്ല എന്നതല്ല, മറിച്ച് നിങ്ങളെന്ത് വിശ്വസിക്കുന്നുവോ അതാണ് കാര്യം. സിനിമ എന്ന് പറയുന്നത് മേക്ക് ബിലീഫ് ആണ്. ചിലര്‍ പറയും, ഇല്ല മോഹന്‍ലാല്‍ പുലിയെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, ഫൈറ്റ് ചെയ്തിട്ടില്ല, ആയിക്കോട്ടെ. നിങ്ങള്‍ എന്ത് വിചാരിക്കുന്നോ അങ്ങനെ തന്നെ. നമ്മളിതിനകത്ത് ഇടപെട്ടാല്‍ അതൊരു ഡിബേറ്റ് ആവും. പിന്നെ പുലി എത്ര കിലോ ഉണ്ടായിരുന്നു എന്നൊക്കെയുള്ള രീതിയിലേക്ക് ചോദ്യങ്ങളാവും. സിനിമയുടെ മാജിക്കിനകത്ത് അത്തരം ഒരു പാട് രഹസ്യങ്ങള്‍ ഉണ്ടാവും. മറ്റൊരാള്‍ പുലിയെ വച്ച് മറ്റൊരു സിനിമ എടുക്കട്ടെ.മോഹന്‍ലാല്‍ പുലിമുരുകന്‍ ചിത്രീകരണത്തിനിടയില്‍
മോഹന്‍ലാല്‍ പുലിമുരുകന്‍ ചിത്രീകരണത്തിനിടയില്‍

പീറ്റര്‍ ഹെയിനുമായിട്ടുള്ള ഒരു രസതന്ത്രം, അതെന്താണ് ?

പീറ്റര്‍ ഹെയിനെ എനിക്ക് വളരെ വര്‍ഷങ്ങളായി അറിയാം. ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ത്യാഗരാജന്‍ മാസ്റ്ററുടെ ഒപ്പമൊക്കെ ഉണ്ടായിരുന്ന ആളാണ്. വളരെക്കാലം മുമ്പ്. പീറ്റര്‍ ഹെയിന്‍ കനല്‍ക്കണ്ണന്റെ അസിസ്റ്റന്റ് ആയിരിക്കുന്ന സമയത്ത് നമ്മള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അയാള്‍ വളരെ പഠിച്ച് കാര്യങ്ങള്‍ ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കുന്നൊരാളാണ്. അയാള്‍ ചെയ്തിരിക്കുന്നതെല്ലാം വലിയ സിനിമകളാണ്. അദ്ദേഹം ഇങ്ങനൊരു സിനിമ ചെയ്യാന്‍ തയ്യാറായത് തന്നെ ഇങ്ങനൊരു പ്‌ളോട്ട്- മാന്‍ വഴ്‌സസ് ആനിമല്‍- ആയതുകൊണ്ടാണ്. അദ്ദേഹം അതിനായി ഒരു പാട് സ്റ്റഡി ചെയ്തു. വിവരശേഖരണം നടത്തി. യാത്രകള്‍ ചെയ്തു. ആനിമല്‍ ഡോക്യുമെന്റികള്‍ കണ്ടു. അത് എത്രമാത്രം സിനിമയെ സഹായിച്ചൂ എന്നത് ആക്ഷന്‍രംഗങ്ങളില്‍ കാണാം. എന്നെ സംബന്ധിച്ച് വളരെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആക്ഷന്‍ ഡയറക്ടര്‍ ആയിരുന്നു. കാരണം ഒരു ഷോട്ട് വയ്ക്കുമ്പോള്‍ നമ്മളത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞാല്‍ പുളളി പറയും-യൂ കാന്‍ ഡൂ. അപ്പോ പുള്ളിയുടെ ഒരാത്മവിശ്വാസത്തിലാണ് നമ്മളത് ചെയ്യുന്നത്. നമുക്ക് വേണമെങ്കില്‍ അപ്പോഴും അത് ചെയ്യാതിരിക്കാം. പക്ഷെ, അദ്ദേഹത്തിന്റെയൊരു കോണ്‍ഫിഡന്‍സ്, ആണ് നമ്മുടെ ധൈര്യം. അതായത് ഒരു ആക്ടര്‍-ഡയറക്ടര്‍ എന്ന് പറയുന്നത്, രണ്ട് മൂന്ന് ദിവസം വര്‍ക്ക് ചെയ്ത് കഴിയുമ്പോള്‍ നമുക്ക് അറിഞ്ഞോ അറിയാതെയോ ഒരു റെസ്‌പെക്ട് അങ്ങോട്ടുമിങ്ങോട്ടുമുണ്ടാകും. പിന്നെ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്നത് അയാള്‍ക്ക് അറിയാന്‍പറ്റും. അയാള്‍ക്ക് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്കും. അങ്ങനെയൊരു സ്ട്രയിഞ്ച് കെമിസ്ട്രി രൂപം കൊള്ളും. ഞാനും പീറ്ററുമായി നല്ലരീതിയില്‍ സിങ്ക് ആയ ചിത്രമാണ് പുലിമുരുകന്‍.

ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകന് പിന്നില്‍ കുറേയേറെ സര്‍ഗാത്മക പ്രയത്‌നങ്ങളുടെ കഥയുണ്ട്. ഇതുവരെ പറയാത്ത ആ കഥകളാണ് പുലിമുരുകന്‍-ബോക്‌സ് ഓഫീസിലൊരു ഗര്‍ജ്ജനം എന്ന പുസ്തകം. പുലിമുരുകന് പിന്നിലെ എല്ലാ ശ്രമങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും, ചലച്ചിത്ര പഠിതാക്കള്‍ക്കും, സിനിമാ പ്രവര്‍ത്തകര്‍ക്കും ഉപകാരപ്പെടുകയും ഇഷ്ടമാവുകയും ചെയ്യുന്ന ഒന്നാണ് ഈ പുസ്തകം.  
മോഹന്‍ലാല്‍
ടി അരുണ്‍കുമാര്‍ 
ടി അരുണ്‍കുമാര്‍ 

പുലിമുരുകന്‍-ബോക്‌സ് ഓഫീസിലൊരു ഗര്‍ജ്ജനം കറന്റ് ബുക്‌സാണ് പുറത്തിറക്കുന്നത്. പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ സാങ്കേതിക വിശദാംശങ്ങളും മേക്കിംഗിന് പിന്നിലെ കഥകളും ആണ് പുസ്തകരൂപത്തില്‍ പുറത്ത് വരുന്നതെന്ന് ടി അരുണ്‍കുമാര്‍. പുലിമുരുകനുമായി ബന്ധപ്പെട്ട് വ്യത്യസ്താഭിപ്രായങ്ങള്‍ ഉള്ളവര്‍ ഉണ്ടാവാം. എങ്കിലും ഈ സിനിമയുടെ സാങ്കേതികമേഖലയുമായി ബന്ധപ്പെട്ട്, സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍ജ്ജിക്കുവാന്‍ ശ്രമിച്ച മികവിന് ദൃശ്യസാക്ഷ്യമായി ആ ചിത്രം തന്നെ നമ്മുടെ മുന്നിലുണ്ട്. മൂന്ന് ഭാഗങ്ങളാണ് പുസ്തകത്തിനുള്ളത്. എന്താണ് പ്രേക്ഷകരെ ഈ സിനിമയിലേക്കാകര്‍ഷിച്ച ഘടകങ്ങള്‍? മലയാളിപ്രേക്ഷകന്റെ ഏതേതൊക്കെ ആഭിമുഖ്യങ്ങളെയാണ് ഈ സിനിമ സംതൃപ്തമാക്കിയത്? തുടങ്ങി സിനിമയുടെ വിജയത്തിന് കാരണമായ സാമൂഹിക മനശാസ്ത്രത്തെയും മറ്റ് ഘടകങ്ങളെയും വിശകലനം ചെയ്യുകയാണ് ആദ്യഭാഗത്തില്‍. സംവിധായകന്‍ വൈശാഖുമായുള്ള ദീര്‍ഘസംഭാഷണമാണ് പുസ്തകത്തിന്റെ രണ്ടാംഭാഗം. ഇത്തരമൊരു വലിയ സിനിമ ഒരുക്കുമ്പോള്‍ ഒരു സംവിധായകന്‍ നേരിടാവുന്ന സര്‍ഗ്ഗാത്മകമവും അല്ലാത്തതുമായ പ്രതിസന്ധികളുടെ സൂക്ഷ്മവിശദാംശങ്ങള്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൂന്നാം ഭാഗം സാങ്കേതികവിശദാംശങ്ങളുടെ സമാഹരണമാണ്. വി.എഫ്.എക്‌സ്, സൗണ്ട് ഡിസൈന്‍, ഛായാഗ്രഹണം തുടങ്ങിയ മേഖലകളില്‍ ഏറ്റവും മികച്ച റിസള്‍ട്ടാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെയൊക്കെ ഉള്ളറകളിലേക്ക് ഏറ്റവും സൂക്ഷ്മമായി കടന്നു ചെല്ലുന്ന അഭിമുഖസംഭാഷണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഈ പുസ്തകം പ്രയോജനപ്രദമായിരിക്കുമെന്നാണ് വിശ്വാസം.