ഹൃദയംകൊണ്ട് വായിക്കേണ്ട എംടിയന്‍ രചനകള്‍ 

July 18, 2017, 7:48 pm
ഹൃദയംകൊണ്ട് വായിക്കേണ്ട എംടിയന്‍ രചനകള്‍ 
Spotlight
Spotlight
ഹൃദയംകൊണ്ട് വായിക്കേണ്ട എംടിയന്‍ രചനകള്‍ 

ഹൃദയംകൊണ്ട് വായിക്കേണ്ട എംടിയന്‍ രചനകള്‍ 

മാധ്യമപ്രവര്‍ത്തകന്‍, കഥാകൃത്ത്

എം.ടിയെ രണ്ടു തവണ കണ്ടിട്ടുണ്ട്. കോളേജ് കാലത്ത് ഒരു സാഹിത്യ ക്യാമ്പില്‍ വെച്ചായിരുന്നു, ആദ്യത്തേത്. തുഞ്ചന്‍ പറമ്പിലെ മരച്ചുവട്ടിലിരുന്ന്, പതിഞ്ഞ ശബ്ദത്തില്‍ അന്ന് സംസാരിച്ചതു മുഴുവന്‍ എഴുത്തിനെക്കുറിച്ചായിരുന്നു. എഴുത്തുകാരന്‍ ഒരേ സമയം കഥപറച്ചിലുകാരനും എഡിറ്ററുമായിരിക്കണമെന്ന്, കഴിയുന്നത്ര സിംപിളായി എഴുതണമെന്ന്, നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കണമെന്ന്, അത്രമേല്‍ ലളിതമായി എംടി പറഞ്ഞു. ഒരേ സമയം ആധികാരികതയും വിനയവും നിറഞ്ഞ വാക്കുകളായിരുന്നു, അത്. ക്യാമ്പസ് അരാജകത്വത്തിന്റെയും ലോകപുച്ഛത്തിന്റെയും പിടിയില്‍പ്പെട്ട് ഭൂമിയിലെ സകലവ്യഥകളും ഉള്ളില്‍നിറച്ച കഥകളെഴുതിയിരുന്ന ഒരു പയ്യന്റെ ഹൃദയത്തില്‍ (തലച്ചോറിലല്ല, കൃത്യമായും ഹൃദയത്തില്‍) ആ വാക്കുകളും ക്യാമ്പും സാമാന്യം നല്ല ഭൂകമ്പമുണ്ടാക്കി. ദുരൂഹത നിറഞ്ഞ സന്ദര്‍ഭങ്ങളും വായനാക്ഷമമല്ലാത്ത ഭാഷയും കഥകളെ നശിപ്പിക്കുകയാണെന്ന തിരിച്ചറിവുണ്ടാക്കി. തിരൂരില്‍നിന്ന് തിരിച്ച് തീവണ്ടി കയറുമ്പോള്‍ വേറൊരുതരം കഥയാണ് എഴുതേണ്ടതെന്ന് മനസിലുറപ്പിച്ചിരുന്നു. ബാഗില്‍ എം.ടിയുടെ നീളന്‍ കൈയൊപ്പ് പതിഞ്ഞ ‘ ഷെര്‍ലക്കിന്റെ’ ഒരു കോപ്പിയുണ്ടായിരുന്നു.

2.

മനുഷ്യന് അവന്റെ ഡിഎന്‍എയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള, സഹജവും ആഴമേറിയതുമായ വന്യകാമനകളില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാന്‍ കഴിയില്ലെന്ന് ഷെര്‍ലക്ക് പോലെ മനോഹരമായും ധ്വനിസാന്ദ്രമായും പറഞ്ഞുവെക്കുന്ന മറ്റൊരു കഥ മലയാളത്തിലില്ല. സി.വി. ബാലകൃഷ്ണന്റെ ഉറങ്ങാന്‍ വയ്യ, സുഭാഷ് ചന്ദ്രന്റെ ‘തല്പം’, സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കോട്ട കാണുന്നു’, ഇ. സന്തോഷ്‌കുമാറിന്റെ ‘മൂന്നു വിരലുകള്‍’- തുടങ്ങിയ കഥകളിലൊക്കെ ഈ പ്രമേയം അന്തര്‍ലീനമായി കിടപ്പുണ്ട്. ക്ലാസിക് സ്വഭാവമുള്ള വിഷയത്തെ ഉത്തരാധുനികമാക്കുന്ന എഴുത്ത് എം.ടിയില്‍നിന്ന് ഒരുപക്ഷേ, പലരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പ്രതിഭയ്‌ക്കൊപ്പം അസാമാന്യമായ ഇച്ഛാശക്തിയും നിരന്തരമായ പരിശ്രമവുമുള്ളവര്‍ക്കേ കാലത്തിന്റെ ഋതുഭേദങ്ങളെ വാക്കുകളിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയൂ എന്നതിന് വീണ്ടും ഒരു തെളിവ് കൂടി!. മലയാളത്തിലെ ഒരെഴുത്തുകാരന് കിട്ടാവുന്ന എല്ലാ അംഗീകാരങ്ങളും നേടിയിട്ടും പേനയ്ക്കും പേപ്പറിനും മുന്നില്‍നിന്ന് പിന്‍വാങ്ങാത്ത ഒരാളുടെ സ്വയം നവീകരണവും സ്വന്തം സ്വത്വത്തില്‍നിന്ന് പുതിയൊരെഴുത്തുകാരനെ കണ്ടെത്തലുമായിരുന്നു, ഷെര്‍ലക്ക് എന്ന് ഇപ്പോഴത്തെ പുനര്‍വായനകളില്‍ തോന്നുന്നുണ്ട്. സ്വാതന്ത്ര്യാനന്തര കാലത്ത് എഴുതിത്തുടങ്ങിയ ഒരാള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ എഴുതിയ കഥയെന്ന നിലയില്‍ ഷെര്‍ലക്ക് ചരിത്രപരമായും അതിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട്. കാലഘട്ടങ്ങളെയും പ്രമേയസങ്കല്‍പ്പങ്ങളെയും ഭാവുകത്വപരിണാമങ്ങളെയും അതിലംഘിക്കുകയും പ്രതിഭയുടെ വെളിച്ചംവീണ വഴികളിലൂടെ പുതിയ താവളങ്ങള്‍ തേടുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ സര്‍ഗവഴിയിലെ സമാനതകളില്ലാത്ത ഒരേട്.

എംടി വാസുദേവന്‍ നായരില്‍ നിന്നും ലേഖകനായ അബിന്‍ ജോസഫ് കഥാമത്സരത്തിന്‍റെ പുരസ്കാരം ഏറ്റുവാങ്ങുന്നു.
എംടി വാസുദേവന്‍ നായരില്‍ നിന്നും ലേഖകനായ അബിന്‍ ജോസഫ് കഥാമത്സരത്തിന്‍റെ പുരസ്കാരം ഏറ്റുവാങ്ങുന്നു.

3.

‘ഷെര്‍ലക്ക്’ ഒഴിച്ചു നിര്‍ത്തിയാല്‍ അതിലാളിത്യവും ഒഴുക്കുള്ളതുമായ ഗദ്യവും സങ്കീര്‍ണതകളില്ലാത്ത പ്രമേയങ്ങളുമാണ് എംടിയന്‍ എഴുത്തിന്റെ അടയാളമായി കണ്ടെത്താനാവുക. എം.ടി. എഴുത്തിനെ ഒരിക്കലും ദുര്‍ഗ്രഹമാക്കാറില്ല. വായനക്കാരന്റ തലച്ചോറ് പെരുക്കുന്ന അനുഭവമാക്കാറില്ല. അത്, ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള ഒറ്റയടിപ്പാതയാണ്. തികച്ചും ഏകാന്തനായി, സ്വല്പം വ്യഥയോടെ നടന്നുപോകാവുന്ന ഒന്ന്. എന്നാല്‍ മനുഷ്യന്റെ, കാല-ദേശങ്ങള്‍ക്കപ്പുറമുള്ള നിതാന്തവ്യാകുലതകളെ എം.ടി വാക്കുകളില്‍ അടക്കം ചെയ്യുന്നുമുണ്ട്. അവതരണത്തിലും ഭാഷയിലും ഘടനയിലുമല്ല, കഥാപാത്രങ്ങള്‍ കടന്നുപോകുന്ന വികാരങ്ങളിലാണ് എം.ടി. സങ്കീര്‍ണത ആവിഷ്‌കരിക്കുന്നത്. മലയാളത്തില്‍ സമാനതകളില്ലാത്ത ഒരു രചനാരീതിയാണത്. മാനസിക വ്യവഹാരങ്ങളുടെ പല തലങ്ങളെ സ്പഷ്ടമായി പറയാറില്ല പലപ്പോഴും. ഒട്ടും വാചാലമല്ലാത്ത ചില സൂചനകളിലൂടെയും അമിതാവേശമില്ലാത്ത ചില സന്ദര്‍ഭങ്ങളിലൂടെയും അത് വായനക്കാരനുമായി സംവദിക്കുന്നു. ഓപ്പോളിലും കുട്ട്യേടത്തിയിലും കഡുഗണ്ണാവ: ഒരുയാത്രക്കുറിപ്പിലും ഈ പാറ്റേണ്‍ തന്നെയാണ് പിന്തുടരുന്നത്.

എം.ടിയന്‍ കഥാപാത്രങ്ങളില്‍ ഏറ്റവും സങ്കീര്‍ണമായ മാനസികാവസ്ഥയുള്ളത് രണ്ടാമൂഴത്തിലെ ഭീമനും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനുമാണെന്ന് തോന്നിയിട്ടുണ്ട്. പല ‘ലെയറുകളുള്ള മനസാണ് രണ്ടുപേര്‍ക്കും. സഹജഭാവംകൊണ്ട് ചാര്‍ത്തിക്കിട്ടിയ വീരപരിവേഷവും അതു നിലനിര്‍ത്തേണ്ടത് ബാധ്യതയായി മാറുമ്പോഴുള്ള സ്വാഭാവിക പ്രതിസന്ധികളും ഒരുവശത്ത്. അടിസ്ഥാന മനുഷ്യന്‍ എന്ന നിലയില്‍ കനംവെക്കുന്ന ഹൃദയവും പ്രണയത്തിന്റെ വീര്യം പിടിച്ചുവാങ്ങാനുള്ള വ്യഥ സൃഷ്ടിക്കുന്ന പിടച്ചിലും മറ്റൊരിടത്ത്. വിഷാദത്തിന്റെയും ഉന്മാദത്തോളം ചെന്നെത്തുന്ന പോരാട്ടവീര്യത്തിന്റെയും രണ്ടറ്റങ്ങള്‍. ഇതിനിടയില്‍ ഇവരോടൊപ്പം സഞ്ചരിക്കുകയും ചുറ്റിക്കടന്നുപോവുകയും അവഗണിക്കുകയും ചതിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സഹകഥാപാത്രങ്ങള്‍. 

ഭീമനും ചന്തുവും ഒരേ പാത്രാവിഷ്‌കാരത്തിന്റെ രണ്ടു മുഖങ്ങളാണ്. ഇത്രമേല്‍ സങ്കീര്‍ണമായ മാനസികാവസ്ഥയിലൂടെ കഥാപാത്രം കടന്നുപോകുമ്പോള്‍ എഴുത്തുകാരന് കേട്ടുവരുന്ന ചരിത്രത്തെയും മിത്തിനെയും പുരാവൃത്ത സങ്കല്‍പ്പങ്ങളെയും നിരാകരിക്കാതെ തരമില്ല. നമ്മള്‍ കണ്ടുപരിചയിച്ച ഭാവത്തിനു പിന്നില്‍ മറ്റൊന്ന് ഒളിപ്പിച്ച ഒരാളെക്കുറിച്ചെഴുതുമ്പോള്‍ മിത്തുകള്‍ക്കു പിന്നിലുള്ള കഥയിലേക്കാണ് എത്തിച്ചേരുക. രണ്ടാമൂഴവും വീരഗാഥയും പുരാവൃത്തത്തെ അട്ടിമറിച്ചതില്‍ ഒരിറ്റുപോലും അതിശയോക്തി ആവശ്യമില്ലെന്ന് തോന്നുന്നു. ഒരുറവയില്‍ തുടങ്ങി, ഇടര്‍ച്ചകളില്ലാതെ പ്രവഹിക്കുന്ന എംടിയന്‍ എഴുത്ത്, പരിചിതമായ തീരങ്ങളിലൂടെ കടന്ന്, സ്വാഭാവികമായ വൈകാരികാനുഭൂതി സൃഷ്ടിച്ച്, അപൂര്‍വ്വമായ അനുഭവമായി ഉള്ളില്‍ അണകെട്ടുകയാണല്ലോ, പതിവ്.

4.

തുഞ്ചന്‍ പറമ്പില്‍വെച്ചുതന്നെയാണ് എം.ടിയെ രണ്ടാമതും കണ്ടത്. ചെറുപ്പക്കാര്‍ക്കുവേണ്ടി നടത്തിയ കഥാമത്സരത്തിന്റെ സമ്മാനം വാങ്ങാന്‍ ചെന്നപ്പോഴായിരുന്നു, അത്. തുഞ്ചന്‍പറമ്പിന്റെ ചുമതലയുള്ള എഴുത്തുകാരന്‍ ശ്രീ. കെ.പി. രാമനുണ്ണിയാണ് എം.ടിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നാലുവര്‍ഷം മുന്‍പ് കണ്ടതില്‍നിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാത്ത ശരീരഭാഷ. ഒന്നോ, രണ്ടോ വട്ടം കണ്ണുയര്‍ത്തി നോക്കി. ചുരുക്കം ചില വാക്കുകളില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്റ്റേജില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് തരുമ്പോള്‍ പക്ഷേ, കണ്ണില്‍നോക്കി, തെളിഞ്ഞൊന്നു ചിരിച്ചു. കണ്ണൂരിലെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ സാഹിത്യവുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തില്‍ ജനിച്ച് ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത വേദിയായിരുന്നു, അത്. വേറെ ഏത് എഴുത്തുകാരന്റെ മുന്‍പിലിരിക്കുന്നതിനേക്കാളും സ്വസ്ഥമായി നമുക്ക് എം.ടിയുടെ മുന്നിലിരിക്കാം. അങ്ങയുടെ ആ കഥ എന്നെ നടുക്കിക്കളഞ്ഞു, മറ്റേ നോവല്‍ എല്ലാ ദിവസവും വായിക്കാറുണ്ട്- തുടങ്ങിയ പുകഴ്ത്തലുകള്‍ക്ക് എം.ടി മുഖം തരില്ല. പൊള്ളയായ വാക്കുകള്‍ കൈമാറ്റം ചെയ്ത് തീര്‍ക്കാന്‍ സമയം തരില്ല.

വാക്കുകളേക്കാള്‍ എഴുത്തുകാരന്‍ പഠിക്കേണ്ടത് മൗനമാണെന്ന് വീണ്ടുമോര്‍മിപ്പിച്ചുകൊണ്ട് ചിന്തകളില്‍ മുഴുകിയിരിക്കും.ഇപ്പോള്‍ ഉത്തരാധുനികതയുടെ അന്ത്യശേഷവും സജീവമായി നില്‍ക്കുന്ന മലയാള സാഹിത്യത്തിലെ, ഇളംതലമുറക്കാരനെന്ന നിലയില്‍ എം.ടി സാഹിത്യത്തോട് ഒരു പരാതി കൂടിയുണ്ട്. മലയാളത്തിലെ എണ്ണം പറഞ്ഞ വായനക്കാരില്‍ ഒരാളാണ് എം.ടിയെന്ന് നമുക്കറിയാം. മാര്‍ക്കേസിനെയൊക്കെ മലയാളി നിരന്തരം വായിച്ചുതുടങ്ങുന്നതിനും മുന്‍പേ എം.ടി വായിച്ചിരുന്നു. ഹെമിങ്‌വേയെ ഇത്ര ആഴത്തില്‍ വായിച്ച മറ്റേത് മലയാളിയുണ്ടാകും?. സമകാലീന ലോകസാഹിത്യത്തിലെ തീപ്പൊരി നോവലിസ്റ്റായ ചിമാമന്‍ഡ് അദിച്ചിയില്‍ എത്തി നില്‍ക്കുന്ന, വായനയുടെ നിലയ്ക്കാത്ത ഒഴുക്കാണ് എം.ടി ലോകസാഹിത്യത്തിലെയും മലയാള സാഹിത്യത്തിലെയും ചെറുചലനങ്ങള്‍പ്പോലും സൂക്ഷ്മമായി അപഗ്രഥിക്കുകയും അടുത്തറിയുകയും ചെയ്ത ഒരാളെന്ന നിലയില്‍ സ്വന്തം സര്‍ഗജീവിതത്തില്‍ പരീക്ഷണാത്മകമായ വെല്ലുവിളികള്‍ എന്തുകൊണ്ട് അദ്ദേഹം ഏറ്റെടുത്തില്ല?. തനിക്ക് നന്നായി വഴങ്ങുന്ന ആഖ്യാനരീതിയും കഥാപരിസരങ്ങള്‍ക്കുമപ്പുറം ആവിഷ്‌കാരത്തിലും പ്രമേയസ്വീകരണത്തിലും അമ്പരപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചില്ല?. ഏതൊരു എംടി വായനക്കാരനും ചോദിക്കുന്ന ചോദ്യങ്ങള്‍തന്നെയാണ്. എം.ടി. ഹൃദയത്തില്‍നിന്നാണ് എഴുതാന്‍ ശ്രമിച്ചിട്ടുള്ളത്.

ഹൃദയംകൊണ്ടുതന്നെ വായിക്കേണ്ടതാണ് ആ രചനകള്‍. തലച്ചോറിന്റെ ആഖ്യാനവ്യായാമങ്ങള്‍ക്കും ബുദ്ധിയുടെ പരീക്ഷണങ്ങള്‍ക്കും വിട്ടുകൊടുക്കാതെ തന്റെ എഴുത്തിനെ ഏതുകാലത്തും ഏതു വായനക്കാരനും വായിക്കാനും കഥാപാത്രങ്ങളുടെ വൈകാരികാനുഭവം ഉള്ളിലേറ്റുവാങ്ങാനും സാധിക്കുന്ന തലത്തിലേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു, എം.ടി എന്നാണ് എന്റെ ഉത്തരം. കാരണം, മസ്തിഷ്‌കത്തിന്റെ അളവുകോലുകള്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കു വരുമ്പോള്‍ മാറുന്നതാണ്. കാലത്തില്‍നിന്ന് കാലത്തിലേക്കു വരുമ്പോള്‍ മാറുന്നതാണ്. ആത്മാവിന്റെ അളവുകള്‍ പക്ഷേ, മാറ്റമില്ലാതെ തുടരും; ഭൂമിയുടെ അന്ത്യത്തോളം.