ആ രാജ്യസ്‌നേഹ ക്യൂവിന് ഇനിയെത്ര നീളം?  

September 1, 2017, 6:07 pm
ആ രാജ്യസ്‌നേഹ ക്യൂവിന് ഇനിയെത്ര നീളം?   
Spotlight
Spotlight
ആ രാജ്യസ്‌നേഹ ക്യൂവിന് ഇനിയെത്ര നീളം?   

ആ രാജ്യസ്‌നേഹ ക്യൂവിന് ഇനിയെത്ര നീളം?  

ബാങ്കിങ് വിദഗ്ധന്‍


മരിച്ചു പോയവര്‍ അങ്ങനെയാണ്. കുറച്ചു കാലം മനസ്സില്‍ നീറിപ്പിടിച്ചങ്ങനെ കിടക്കും. പിന്നെ അടുത്തൊരു മരണം വരുന്നതുവരെ അതങ്ങനെ തുടരും. പിന്നെആ നീറ്റല്‍ പുതിയ വേദനക്ക് വഴിമാറി സ്വയം ഒഴിഞ്ഞു പോവും.

നൂറിലേറെ കുട്ടികള്‍ ശ്വാസവായു കിട്ടാതെ പിടഞ്ഞു മരിച്ചതിന്റെ നീറ്റലായിരുന്നു അടുത്ത കാലം വരെ. ഊണിലും ഉറക്കിലും വന്ന് മുന്നീന്നും പിന്നീന്നും പോവാതങ്ങനെ അലട്ടിയലട്ടി നിന്നതായിരുന്നു ആ ദുര്‍മരണങ്ങള്‍. പിന്നെ പെട്ടെന്നാണ് തീവണ്ടിയപകടത്തില്‍ ഡസന്‍ കണക്കിനാളുകള്‍ പിടഞ്ഞു മരിച്ച വാര്‍ത്ത. പിന്നെ അതിന്റെ നീറ്റലായി. വിങ്ങലായി. അതങ്ങനെ വിങ്ങിവിങ്ങി നില്‍ക്കെ ഇപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നു നിറയുന്നത് വരി നിന്ന് ക്യൂവില്‍ പിടഞ്ഞു മരിച്ച നൂറിലേറെപ്പേര്‍.

നോട്ടു റദ്ദാക്കല്‍ നടപടി മഹാമണ്ടത്തരമാണെന്ന് ധരിച്ചവരെപ്പോലെ തന്നെ അതോടെ തങ്ങളുടെ ഭാവി ഭദ്രമാവുമെന്ന് ആത്മാര്‍ത്ഥമായും വിശ്വസിച്ചവുമുണ്ടാവും വരിനില്‍ക്കെ കുഴഞ്ഞു വീണു മരിച്ചവരില്‍. മൂന്നു നാലു ലക്ഷം കോടി രൂപയുടെ കറന്‍സി ഒന്നും ചെയ്യാനാവാതെ കള്ളപ്പണക്കാര്‍ ചാക്കില്‍ കെട്ടി പുഴയിലാഴ്ത്തുകയോ അട്ടിക്കിട്ട് കത്തിച്ചുകളയുകയോ ചെയ്യുമെന്നും അങ്ങനെ അത്രയും കാശ് കേന്ദ്രബാങ്കിന് ഒറ്റയടിക്ക് ലാഭമായി മാറുമെന്നു മാണല്ലോ നാടുനീളെ നടന്ന് ഭരണകക്ഷിക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ചുരുങ്ങിയത് മൂന്നോ നാലോ ലക്ഷം കോടി രൂപ ഇങ്ങനെ സ്വയം റദ്ദായി അകാല ചരമമടയുമെന്നായിരുന്നല്ലോ ചാനല്‍ത്തരങ്ങള്‍ അടിക്കടി പറഞ്ഞുകൊണ്ടിരുന്നത്.

എന്നാല്‍ മല എലിയെപ്പോലും പ്രസവിച്ചില്ല. പെറ്റത് ചാപിള്ള. റദ്ദാക്കി കാശ് നഷ്ടപ്പെടുത്തിയ നോട്ടിന്റെ 1.04 ശതമാനം മാത്രമേ ബാങ്കുകളില്‍ എത്താത്തതയുള്ളൂ. കീറിപ്പറിഞ്ഞതും കത്തിപ്പോയതും കാണാതെ പോയതും ഭണ്ഡാരത്തില്‍ വീണതു മടക്കമുള്ള നോട്ടുകളെല്ലാം ജീവന്‍ വെച്ച് എണീറ്റു വന്ന് ഹാജരായാല്‍ റദ്ദാക്കിയതിലും കൂടും ബാങ്കിലടച്ച് വെളുപ്പിച്ച 500/1000 രൂപാ നോട്ടുകള്‍. അങ്ങനെ വരുമ്പോള്‍ ക്യൂവില്‍ നിന്ന് പിടഞ്ഞു ചാവുമ്പോഴും നാട് നന്നാക്കാനാവാം ഇതൊക്കെ എന്നു കരുതിയിരുന്നവര്‍ അസ്ഥിമാടത്തില്‍ നിന്നെഴുന്നേറ്റു വന്ന് ചോദ്യം ചെയ്യാതിരിക്കുന്നതെങ്ങനെ? ആരുത്തരം പറയും ഈ കൂട്ടക്കൊലയ്ക്ക്?

മരിച്ചു പോയവര്‍ ഭാഗ്യവാന്മാര്‍ എന്ന് ജീവിച്ചിരിക്കുന്നവരെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിലായിരുന്നല്ലോ നോട്ടു റദ്ദാക്കലിനു ശേഷമുള്ള ഏഴെട്ടു മാസക്കാലം. മറിച്ചു തെളിയിക്കുന്നതു വരെ ഓരോ ഇന്ത്യക്കാരനും കുറ്റവാളിയായി പരിഗണിക്കപ്പെടുന്ന ആ കെട്ട കാലത്തെ പറ്റി അമര്‍ത്യാസെന്ന് പോലും വാചാലനാവേണ്ടി വന്നു. അതൊക്കെയും ഇടതുപക്ഷത്തിന്റെ വ്യാജ പ്രചാരണമാണ് എന്നായിരുന്നു മറുപടി. പക്ഷേ മല പെറ്റത് എലിയുടെ ചാപിള്ളയാണ് എന്ന് റിസര്‍വ് ബാങ്കിന്റെ ആന്വല്‍ റിപ്പോര്‍ട്ട് വെറുതെ മറച്ചു നോക്കുന്ന ആര്‍ക്കും ബോദ്ധ്യപ്പെടും.

പാര്‍ലമെന്ററി സമിതി വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴോക്കെ പൊട്ടന്‍ കളിച്ച് ഉത്തരം പറയുന്നതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പക്ഷേ അത്തരമൊരാളുടെ രാഷ്ട്രീയ വിധേയത്വം അതേപടി പകര്‍ത്തിവെക്കാനുള്ളതല്ലല്ലോ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. എണ്ണിയിട്ടുമെണ്ണിയിട്ടും എങ്ങുമെത്താത്ത തരത്തില്‍ തീരാത്ത അക്ഷയപാത്രം പോലെ വീണ്ടും വീണ്ടും വന്നു നിറയുകയാണ് റദ്ദാക്കിയ നോട്ടുകള്‍ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെക്കാനാവില്ലല്ലോ.

അത്ര സുഖകരമല്ലാത്ത മറ്റു ചില കാര്യങ്ങള്‍ കൂടി അതില്‍ അറിയാതെ വെളിപ്പെടുത്തിയിട്ടുണ്ട്. അത് കള്ളനോട്ട് കണ്ടെത്തിയതിന്റെ കണക്കാണ്. 2015-16 കാലത്തെതിനേക്കാള്‍ വലിയ വര്‍ദ്ധനയാണ് 2016-17 കാലത്ത് കള്ളനോട്ട് കണ്ടെത്തലിന്റെ കാര്യത്തില്‍ ഉണ്ടായത്. 2015-16 കാലത്ത് 1000 രൂപയുടെ കള്ളനോട്ടുകളായി കണ്ടെത്തിയത് 143099 എണ്ണമാണ്. 14 കോടിക്ക് മേലെ വരും സംഖ്യ. എന്നാല്‍ നോട്ടു റദ്ദാക്കലിനുശേഷം ഇത് 256324 എണ്ണമായി ഉയര്‍ന്നു. 14 കോടിയില്‍ നിന്ന് ഏതാണ്ട് 26 കോടിയിലേക്കുള്ള വര്‍ദ്ധന. 500 ന്റെ നോട്ടിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.

ഡോ. ആര്‍. രാംകുമാര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ കള്ളനോട്ടുകള്‍ എപ്പോഴാണ് കണ്ടെത്തിയത്? ബാങ്കില്‍ ഒടുക്കപ്പെടുമ്പോഴൊ അതിനു ശേഷമോ? മുമ്പാണെങ്കില്‍ അത് ഇടപാടുകാരന്റെ അക്കൗണ്ടില്‍ വരില്ല. എന്നാല്‍ ബാങ്കില്‍ അടച്ച കാശിലാണ് പിന്നീട് കണ്ടെത്തുന്നതെങ്കില്‍ നഷ്ടം ബാങ്ക് സഹിക്കണം.

ഇക്കാര്യത്തില്‍ RBI ഡെ. ഗവര്‍ണറായ ഉഷാ തോരാട്ടിന്റെ പ്രസ്താവന ഈ സംശയം ദൂരീകരിക്കാന്‍ പര്യാപ്തമാണ്. 'it is highly unlikely that the fake notes can be traced to individual tenders, it is likely to be tracked down only to the branch level. Clearly, value cannot be afforded to these notes and the banks will have to take a loss on such notes.'

പറഞ്ഞത് 2016 ഡിസംബറിലാണ്. ആരാണ് അടച്ചത് എന്നു കണ്ടെത്താനാവാത്തതു കൊണ്ട് കള്ളനോട്ടിന്റെ സംഖ്യ അതത് ബാങ്കുകള്‍ സഹിക്കേണ്ടി വരും എന്ന്! കൊടുങ്ങല്ലൂരും അതുപോലുള്ള അനേകം ജ്ഞാതവും അജ്ഞാതവുമായ പ്രദേശങ്ങളിലുമുള്ള കള്ളനോട്ടച്ചടികേന്ദ്രങ്ങള്‍ നവംബര്‍ 8 ന് ശേഷം പൊട്ടി മുളച്ചത് വെറുതെയല്ല എന്നു കൂടി ഒരു അര്‍ത്ഥമുണ്ട് ഉഷാ തോറാട്ടിന്റെ പ്രസ്താവനക്ക്.

തോറാട്ടിന്റെ പഴയ പ്രസ്താവനയോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ നടത്തിയ പ്രസ്താവന. 2016 നവംബര്‍ 8 നാണല്ലോ 500/ 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയത്. അന്ന് പ്രചാരത്തിലുണ്ടായിരുന്നതില്‍ 500 ന്റെയും ആയിരത്തിന്റെതുമായി 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണുണ്ടായിരുന്നത്. റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തി എന്നു ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് (Subject to future corrections എന്നൊരു വിശേഷണപദമുണ്ടേ പില്‍ക്കാല സഹായത്തിന്!) 15.28 ലക്ഷം കോടിയുടെതാണ്. എന്നു വെച്ചാല്‍ 98.96 ശതമാനം.

അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ സര്‍ക്കാറിനു വേണ്ടി സമര്‍പ്പിച്ച വാദത്തില്‍ ഉന്നയിച്ച സുപ്രധാനമായ ഒരു കാര്യം തെറ്റാണെന്ന് വ്യക്തമായപ്പോള്‍, അതയാളുടെ വ്യക്തിപരമായ നിലപാടാണെന്നാണ് ധനമന്ത്രി ജെയ്റ്റ്‌ലി പറയുന്നത്. റദ്ദാക്കിയ 15.44 ലക്ഷം കോടിയുടെ നോട്ടുകളില്‍ 10-11 കോടിയുടെതു മാത്രമേ തിരിച്ചെത്തൂ എന്നാണ് എ. ജിയായിരുന്ന മുകുള്‍ റോഹ്തഗി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ അത് പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാനായി ചെയ്ത വ്യാജ പ്രസ്താവനയാണെന്ന് തെളിഞ്ഞപ്പോഴാണ് എ ജി, എ ജിയായല്ല വ്യക്തിപരമായാണ് അങ്ങനെ പറഞ്ഞതെന്ന് പറയാന്‍ പറഞ്ഞു എന്ന് ജെയ്റ്റ്‌ലി പറയുന്നത്. പിന്നെ ആര് പറയുന്നതാണ് സര്‍ക്കാര്‍ ഭാഷ്യം എന്ന് താന്‍ പറയേണ്ടതുണ്ടോ എന്നു തന്നെയാണ് ജെയ്റ്റ്‌ലി പറയാതെ പറയുന്നത്.

അതു തന്നെയാണ് കാര്യം. എല്ലാ അധികാരങ്ങളും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയാണ് വെളിപ്പെടുന്നത്. 50 ദിവസം കൊണ്ട് കാര്യം ശരിയായില്ലെങ്കില്‍ നിങ്ങള്‍ എന്നെ (ആവര്‍ത്തിക്കട്ടെ, എന്നെ. ഞങ്ങളെയല്ല. എന്നെ.) തൂക്കിക്കൊന്നുകൊള്ളൂനും പച്ചക്ക് കത്തിച്ചു കൊള്ളൂ എന്നുമായിരുന്നു അത്യന്തം ഊര്‍ജസ്വലനായി, അമിതമായ ആത്മവിശ്വാസത്തോടെ, വെര്‍ ഓഫ് കോണ്‍ഫിഡന്‍സായി ഞെളിഞ്ഞു നിന്നു കൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ജനാധിപത്യ യുഗത്തില്‍ കേട്ടുകേള്‍വിയേയില്ല ഇങ്ങനെയൊരു പ്രയോഗം. അത്രയേറെ ആത്മനിഷ്ഠമായി മാത്രം കാര്യങ്ങള്‍ നോക്കിപ്പോരുന്ന ഒരു ഏകാധിപതിക്ക് പറ്റിയ കൈത്തെറ്റ് മാത്രമായിരുന്നോ നോട്ട് റദ്ദാക്കല്‍? അതോ കുതിച്ചുയര്‍ന്നു വരുന്ന ഫിന്‍ ടെക്ക് കമ്പനികളെയും ഈ വാലറ്റുകളെയും പ്രോത്സാഹിപ്പിച്ചു കൊണ്ട് വാള്‍മാര്‍ട്ട് പോലുള്ള വമ്പന്‍ കുത്തകകളുടെ കടന്നുവരവിന് തടസ്സം നില്‍ക്കുന്ന പെട്ടിപ്പിടികകളെയും മുറുക്കാന്‍ കടകളെയും ചെറുകിട ഏര്‍പ്പാടുകളെയും സ്വാഭാവിക ചരമ മടയാന്‍ വിടുന്നതിനുള്ള അവസരമൊരുക്കുകയായിരുന്നോ?

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ, ജനജീവിതത്തെ ആകെ പിറകോട്ടടിപ്പിച്ച മുന്‍ പിന്‍ നോട്ടമില്ലാത്ത ഒരു കാടന്‍ നടപടിയായിരുന്നു നോട്ട് റദ്ദാക്കല്‍ എന്ന് ചരിത്രം രേഖപ്പെടുത്തും. പക്ഷേ അത്തരം വിചാരണകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇപ്പോള്‍ പുതിയ ന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യായീകരണത്തൊഴിലാളികള്‍.

വലിയ തലക്കെട്ടോടെയാണ് അത് അച്ചടിച്ചുവന്നത്. 2.89 ലക്ഷം കോടിയുടെ നിക്ഷേപങ്ങളെക്കുറിച്ച് മോഡി സര്‍ക്കാര്‍ അന്വേഷണം നടത്തുമത്രെ. 9.72 ലക്ഷം പേരാണ് കുടുങ്ങാന്‍ പോവുന്നതെന്നാണ് കണക്ക്. 2.89 ലക്ഷം കോടി അത്ര ചെറിയ സംഖ്യയൊന്നുമല്ല. പ്രചാരകാരില്‍ നാവിന് നീളമേറിയവരും അല്ലാത്തവരും ഒരുപോലെ പറഞ്ഞ ഒരു കാര്യം ഏതാണ്ട് മൂന്നു നാലു ലക്ഷം കോടി രൂപയുടെ കറന്‍സി കള്ളക്കണക്ക് സമര്‍പ്പിക്കാനാവാതെ സ്വയം റദ്ദായി പോവുമെന്നായിരുന്നല്ലോ. വന്ന കാശ് എണ്ണി നോക്കിയപ്പോള്‍ അടിച്ച കാശത്രയും തിരിച്ചു വന്നിരിക്കുന്നു. റദ്ദാക്കിയ നടപടി മിച്ചം. കിട്ടാനുള്ള 15 ലക്ഷത്തിന്റെ നിലയെന്തായി എന്നന്വേഷിച്ചേക്കാവുന്ന വിവരദോഷികളുടെ കണ്ണില്‍ പൊടിയിടാനായി ഒരു കണക്കവതരിപ്പിക്കുന്നത് യുക്തമാണെന്ന് നന്നായി ബോദ്ധ്യം വന്നതിനാലാണ് 3 ലക്ഷം കോടിക്കടുത്തെത്തുന്ന ഒരു സംഖ്യയിതാ പിടികൂടപ്പെടാന്‍ പോവുന്നു എന്നൊരു ധാരണ പരത്തുന്നത്.

പക്ഷേ അവിടെയാണ് കണക്കിലെ കുടുക്ക്. 2.89 ലക്ഷം കോടി സംഖ്യ കൊള്ളാം. പക്ഷേ ഇത്രയും സംഖ്യ എത്ര പേരുടെ അക്കൗണ്ടിലാണ് എന്നും അറിയാതെ പറഞ്ഞു പോയിട്ടുണ്ട്. 9.72 ലക്ഷം പേരുടെ. എളുപ്പത്തിന് 10 ലക്ഷം പേരുടെ അക്കൗണ്ട് എന്നു കണക്കാക്കി നോക്കൂ. 2.89 ലക്ഷം കോടിയെ 9.72 ലക്ഷം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയെത്ര? എളുപ്പക്കണക്ക് ഒഴിവാക്കി കൃത്യമായി കൂട്ടിയാല്‍ 29 ലക്ഷത്തി എഴുപതിനായിരം രൂപ.

പറമ്പ് വിറ്റ് കിട്ടിയ കാശ് കണക്കില്‍ കാണിക്കാതെ നികുതി വെട്ടിച്ചു നടക്കുന്ന അങ്ങേതിലെ മമ്മദും ഷുക്കൂറുമാണ് കള്ളപ്പണക്കാരെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു പഠിപ്പിക്കുകയാണല്ലോ റദ്ദാക്കല്‍ പ്രചാരകര്‍. കള്ളപ്പണത്തിന്റെ മഹാഭൂരിപക്ഷവും നാട്ടിലെ വന്‍കിട കുത്തകകള്‍ തങ്ങളുടെ വിദേശ വ്യാപാരത്തില്‍ നടത്തുന്ന ഓവര്‍ ഇന്‍വോയ്‌സിങ്ങും അണ്ടര്‍ ഇന്‍വോയ്‌സിങ്ങും ഉപയോഗിച്ചുണ്ടാക്കുന്ന സഹസ്രകോടികള്‍ വഴിയാണ് നടക്കുന്നതെന്ന കാര്യമാണ് ഇക്കൂട്ടര്‍ മറച്ചുവെക്കുന്നത്.

അങ്ങനെയുള്ള കോടികള്‍ സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിക്കുന്നവര്‍ അത് തിരിച്ച് നാട്ടിലെത്തിക്കാനായി പി- നോട്ട് സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നതെന്നും ആ സംവിധാനം റദ്ദാക്കിയാല്‍ അനേക ലക്ഷം കോടി കള്ളപ്പണം ഒഴുകിയെത്തുന്നത് തടയാനാവുമെന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത്. പക്ഷേ അവരെ ഭരിക്കുന്നവര്‍ പറയുന്നതല്ലെ അവര്‍ക്ക് ചെയ്യാനാവൂ? അതു കൊണ്ടാണ് പുരയിടം വിറ്റുകിട്ടിയ കണക്കില്‍ കാട്ടാത്ത 29 ലക്ഷം രൂപ പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്ന് പറയുന്നത്. പി നോട്ട് റദ്ദാക്കുമെന്ന് പറയാനാവാത്തതും അതുകൊണ്ടു തന്നെ.

എലിയെ പേടിച്ചാണെന്നും പറഞ്ഞ് ആരാന്റെ കൂരക്ക് തീക്കൊടുത്ത കാടന്‍ നടപടിയായിരുന്നു നോട്ടു റദ്ദാക്കല്‍ എന്ന കാര്യം ഇതുകൊണ്ടൊക്കെ കൃത്യമായി വെളിപ്പെട്ടു വരികയാണ്. അവിടെയാണ് ക്യൂവില്‍ തളര്‍ന്ന് വീണ് ചാവുന്നതിന് മുമ്പുള്ള അവസാനശ്വാസമുതിര്‍ക്കുമ്പോഴും ഇങ്ങനെയെങ്കിലും നാട് നന്നാവട്ടെ എന്നു കരുതിയ ആ പാവങ്ങളുടെ രക്തസാക്ഷിത്വം വൃഥാവിലാവില്ല എന്ന് തോന്നിപ്പോവുന്നത്.