ഇടയ്ക്കുവെച്ച് അവസാനിച്ച ചലച്ചിത്രം 

June 25, 2017, 9:27 pm
ഇടയ്ക്കുവെച്ച് അവസാനിച്ച ചലച്ചിത്രം 
Spotlight
Spotlight
ഇടയ്ക്കുവെച്ച് അവസാനിച്ച ചലച്ചിത്രം 

ഇടയ്ക്കുവെച്ച് അവസാനിച്ച ചലച്ചിത്രം 

ഉറ്റസഖാവിനെ, സ്വന്തം സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് മോഹനേട്ടന്റെ വേര്‍പാട് സൃഷ്ടിക്കുന്നത്. ഇടയ്ക്കുവച്ച് അവസാനിച്ച ഒരു ചലച്ചിത്രം പോലെയാണ് അപ്രതീക്ഷിതമായ മോഹനേട്ടന്റെ മരണം. വ്യക്തി എന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും അപൂര്‍വ്വതകള്‍ മോഹനേട്ടന്റെ സവിശേഷതയാണ്. വളരെ പതിഞ്ഞ സംസാരം, ചുരുക്കം മാത്രം വാക്കുകള്‍.. എന്നാല്‍ അനാവശ്യമായി ഒരു വാക്കെങ്കിലും എപ്പോഴെങ്കിലും ആരോടെങ്കിലും മോഹനേട്ടന്‍ പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ ചലച്ചിത്രോത്സവങ്ങളില്‍ വച്ചാണ് മോഹനേട്ടനെ പലകുറി കണ്ടിട്ടുള്ളത്. അശ്വത്ഥാമാവിന്റെയും പുരുഷാര്‍ത്ഥത്തിന്റെയും സ്വരൂപത്തിന്റെയും സാക്ഷാത്കാരം നിര്‍വ്വഹിച്ച പ്രതിഭാശാലി എന്ന ആദരവോടെയാണ് ഞാന്‍ മോഹനേട്ടനെ സമീപിച്ചത്. എന്നാല്‍ തുല്യതയോടുകൂടി തനിക്കിഷ്ടപ്പെട്ട സഹോദരനെപ്പോലെ എന്നെ മോഹനേട്ടന്‍ തന്റെ സ്‌നേഹവൃത്തത്തില്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ചാനല്‍ തുടങ്ങുന്ന ഘട്ടത്തിലാണ് കൂടുതല്‍ അടുത്തിടപഴകാന്‍ അവസരമുണ്ടായത്. ഒരു ജനതയുടെ ആത്മാവിഷ്‌കാരം എന്ന വളരെ ഉന്നതമായ ലക്ഷ്യത്തോടെയാണ് അതാരംഭിച്ചത്. കൈരളി ചാനലിന്റെ ഉള്ളടക്കം നിര്‍ണയിക്കുന്നതില്‍ അതിന്റെ ഭാഗമായി തുടരുന്ന കാലത്തെല്ലാം നേതൃത്വപരമായ പങ്ക് മോഹനേട്ടനായിരുന്നു. അക്കാലത്ത് ടെലിവിഷന്‍ മേഖലയില്‍ കൈരളി ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് അര്‍ഹമായത് മോഹനേട്ടന്റെ പ്രതിഭാസ്പര്‍ശത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു.

2014 ഐഎഫ്എഫ്‌കെയുടെ ഓപണ്‍ ഫോറത്തിനിടെ കെ.ആര്‍.മോഹനന്‍. സണ്ണി ജോസഫ്, അക്കൊല്ലത്തെ ജൂറി അംഗമായിരുന്ന ക്ലൗസ് എദര്‍, ടി.വി.ചന്ദ്രന്‍, സി.എസ്.വെങ്കിടേശ്വരന്‍, ഭഗറോസ് ഗാന്ധി എന്നിവര്‍ സമീപം
2014 ഐഎഫ്എഫ്‌കെയുടെ ഓപണ്‍ ഫോറത്തിനിടെ കെ.ആര്‍.മോഹനന്‍. സണ്ണി ജോസഫ്, അക്കൊല്ലത്തെ ജൂറി അംഗമായിരുന്ന ക്ലൗസ് എദര്‍, ടി.വി.ചന്ദ്രന്‍, സി.എസ്.വെങ്കിടേശ്വരന്‍, ഭഗറോസ് ഗാന്ധി എന്നിവര്‍ സമീപം

കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷന്റെ ചുമതല നിര്‍വഹിച്ച 2006-2011 കാലത്ത് ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. ചലച്ചിത്രോത്സവം കേരള സാംസ്‌കാരിക രംഗത്ത് ഒരു സവിശേഷ അനുഭവമാക്കി മാറ്റാന്‍ മോഹനേട്ടനും ബീനാ പോളും വി.കെ.ജോസഫും ശ്രീകുമാറും ഉള്‍പ്പെടുന്ന കൂട്ടായ്മ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് ആ കാലഘട്ടത്തില്‍ നടത്തിയത്. അക്കാലത്ത് രണ്ട് ചരിത്രപ്രധാനങ്ങളായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും കഥാചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടയ്ക്ക് പലപ്പോഴും അശ്രദ്ധമായും അവഗണിക്കപ്പെടുന്ന വിധത്തിലുമാണ് ചലച്ചിത്രോത്സവങ്ങളില്‍പ്പോലും പ്രദര്‍ശിപ്പിക്കപ്പെട്ട് വരുന്നത്. ഈ ദുരവസ്ഥയ്ക്ക് ഒരു മാറ്റം വേണ്ടേ എന്ന് ഞങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തു. അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി അന്താരാഷ്ട്ര ഹ്രസ്വ, ഡോക്യുമെന്ററി ചലച്ചിത്രോത്സവം നടത്താന്‍ കേരള സാംസ്‌കാരിക വകുപ്പ് തീരുമാനിക്കുന്നത്. ഇത് നടപ്പാക്കാന്‍ ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തെ തയ്യാറെടുപ്പ് സമയം നല്‍കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. ബാക്കി സാംസ്‌കാരിക ചരിത്രമാണ്. ഇന്ത്യയില്‍ ഇന്നേറ്റവും ശ്രദ്ധിക്കപ്പെടുന്ന ഹ്രസ്വ, ഡോക്യുമെന്ററി ചിത്രങ്ങളുടെ അന്താരാഷ്ട്രമേള കേരളത്തിന്റേതാണ്. ഈ വര്‍ഷം അത് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകളുടെകൂടി ഭാഗമായി കൂടുതല്‍ പ്രശസ്തി കൈവരിച്ചു എന്നതും നമുക്ക് മറക്കാതിരിക്കാം. രണ്ടാമത്തേത് ചലച്ചിത്ര കലയ്ക്ക് ലോകനിലവാരത്തിലുള്ള സംഭാവന നല്‍കുന്ന കലാപ്രതിഭകളുടെ സമഗ്രസംഭാവനയെ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ആദരിക്കാന്‍ കൈക്കൊണ്ട തീരുമാനമാണ്. കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ ഇതിന് പരിഗണിക്കേണ്ടതില്ലായെന്നും ആദ്യമേതന്നെ തീരുമാനിച്ചിരുന്നു. അതിന് കാരണം ജെ.സി.ഡാനിയല്‍ പുരസ്‌കാരം പോലെ കേരളീയ ചലച്ചിത്ര പ്രതിഭകള്‍ക്ക് മാത്രമായുള്ള അംഗീകാരം ഇവിടെ നിലവിലുണ്ട് എന്നതാണ്.

സ്വരൂപ (1992)ത്തില്‍ ശ്രീനിവാസനും സന്ധ്യ രാജേന്ദ്രനും 
സ്വരൂപ (1992)ത്തില്‍ ശ്രീനിവാസനും സന്ധ്യ രാജേന്ദ്രനും 

മേല്‍പ്പറഞ്ഞ തീരുമാനത്തിന്റെ ഭാഗമായി പ്രഥമ പുരസ്‌കാരത്തിന് മൃണാള്‍ സെന്‍ അര്‍ഹനായി. രണ്ടാംവര്‍ഷം ജര്‍മന്‍ ചലച്ചിത്ര പ്രതിഭയായ വെര്‍ണര്‍ ഹെര്‍സോഗാണ് ഈ ബഹുമതിയ്ക്ക് അര്‍ഹനായത്. ഇക്കഴിഞ്ഞ തവണ ജെറി മെന്‍സലും ബഹുമതിയ്ക്ക് അര്‍ഹനായി. ലോക ചലച്ചിത്ര വേദിയിലെ മഹാപ്രതിഭകളെ കേരളത്തിലെത്തിക്കുന്ന ഈ അഭിമാനപുരസ്‌കാരം മോഹനേട്ടന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കുന്ന കാലഘട്ടത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ മൂല്യവത്തായ ഒരു സാംസ്‌കാരിക നേട്ടമാണ്.

1999-2000ാമാണ്ടില്‍ സഹ്രസ്രാബ്ദ സംക്രമണത്തോടനുബന്ധിച്ച് 'മാനവീയം സാംസ്‌കാരിക മിഷന്‍' നടപ്പാക്കിയപ്പോള്‍ മോഹനേട്ടന്റെ സജീവമായ പങ്കാളിത്തം ഓര്‍മ്മിക്കുന്നു. അതിനുംമുന്‍പ് പാലക്കാട് വച്ച് നടന്ന 'മാനവമൈത്രി സംഗീതിക' അവിസ്മരണീയ വിജയമാക്കുന്നതിന്റെ സംഘടനാ പ്രവര്‍ത്തനത്തിലും മോഹനേട്ടന്റെ സഹകരണം ഉണ്ടായിരുന്നു.

പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിമാനഭാജനങ്ങളായ സാംസ്‌കാരിക ഭടന്മാരില്‍ ഒരാളാണ് മോഹനേട്ടന്‍. തന്റെ മാധ്യമമായ കലാരൂപത്തോട് അഗാധമായ പ്രതിബന്ധത അദ്ദേഹം പുലര്‍ത്തി. താന്‍ ജീവിക്കുന്ന സമൂഹത്തോടും അതുപോലെ അദ്ദേഹം പ്രതിബദ്ധനായിരുന്നു. സമൂഹത്തിലെ സൂക്ഷ്മമായ ചലനങ്ങള്‍പോലും മോഹനേട്ടന്‍ ശ്രദ്ധിച്ചുപോന്നു. പ്രതികരിക്കേണ്ടപ്പോഴൊക്കെ അവയോട് പ്രതികരിച്ചു. തന്റെ കലാസൃഷ്ടികളിലൂടെ മാത്രമല്ല അദ്ദേഹം പ്രതികരിച്ചത്. മതേതര, ജനാധിപത്യ, പുരോഗമന മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന സഹപ്രവര്‍ത്തകരോടൊപ്പം അദ്ദേഹത്തെ സാംസ്‌കാരിക സമരവേദികളിലെല്ലാം കാണാമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വ നിരയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തില്‍ സര്‍ഗ്ഗാത്മകതയുള്ളവര്‍ ഇല്ലെന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ കെ.ആര്‍.മോഹനനെപ്പോലുള്ള സര്‍ഗ്ഗപ്രതിഭകള്‍ അതിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നുവെന്ന് കാണാത്തവരാണ്. അഥവാ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരാണ്. പു.ക.സയോടോ പുരോഗമന പ്രസ്ഥാനത്തോടോ ഉള്ള ബന്ധം തന്റെ സര്‍ഗ്ഗാവിഷ്‌കാരങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് ഒരിക്കലും അദ്ദേഹം പരിതപിച്ചിട്ടില്ല. മറിച്ച് പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായി ജീവിക്കാന്‍ കഴിയുന്നത് തന്റെ കലാപ്രവര്‍ത്തനങ്ങള്‍ ശരിയായ ജീവിതവീക്ഷണത്തോടെ ഉള്ളതുതന്നെയാണ് എന്ന് ഉറപ്പാക്കാന്‍ സഹായകമായിട്ടുണ്ട് എന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

കെ.ആര്‍.മോഹനന്‍ 
കെ.ആര്‍.മോഹനന്‍ 

തന്റെ മികച്ച ചലച്ചിത്രസൃഷ്ടികളെ വേണ്ടപോലെ മനസിലാക്കാനും ആദരിക്കാനും സമൂഹം ഉത്സാഹം കാണിക്കാതെ പോന്നതിനെ മോഹനേട്ടന്‍ നിസ്സംഗമായാണ് സ്വീകരിച്ചത്. നിലവാരമുള്ള ചലച്ചിത്രസൃഷ്ടികളോടുള്ള കേരളീയരുടെ ഉദാസീനതയോടുള്ള പ്രതികരണമായിട്ടുകൂടിയാണോ അധികം കഥാചിത്രങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാന്‍ അദ്ദേഹം ഉത്സാഹം കാട്ടാതിരുന്നത് എന്നും സംശയിച്ചുപോകുന്നു.

ശ്രദ്ധേയങ്ങളായ സിനിമകളെയും ഹ്രസ്വചിത്രങ്ങളെയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളില്‍ ഒരു നിശ്ചിത സമയമെങ്കിലും പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കുക എന്നത് മോഹനേട്ടന്റെ വലിയ ആഗ്രഹമായിരുന്നു. ഇന്ന് കേരളത്തിലെ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക രംഗത്ത് വളരെ അര്‍ത്ഥവത്തായ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വലിയ സംഭാവന നല്‍കുവാന്‍ കഴിയുമായിരുന്ന മോഹനേട്ടന്‍ ഇത്ര പെട്ടെന്ന് വിട്ടുപിരിഞ്ഞത് താങ്ങാനാവാത്ത വേദന ഉണ്ടാക്കുന്നു. തിരശ്ശീലയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തപ്പോള്‍ നായകന്‍ അപ്രത്യക്ഷനായതുപോലെ..