ഇടിക്കാലൂരി പനമ്പട്ടടികളുടെ അങ്കമാലി വായന

March 14, 2017, 12:55 pm


ഇടിക്കാലൂരി പനമ്പട്ടടികളുടെ അങ്കമാലി വായന
Spotlight
Spotlight


ഇടിക്കാലൂരി പനമ്പട്ടടികളുടെ അങ്കമാലി വായന

ഇടിക്കാലൂരി പനമ്പട്ടടികളുടെ അങ്കമാലി വായന

നിരൂപകൻ, ഫിലിം സൊസൈറ്റി പ്രവർത്തകൻ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിനെ ജനം ടിവി നിരൂപകൻ രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ കാണുന്നത് കൃസ്തീയ ആധിപത്യ സിനിമയായിട്ടാണ്. ക്രൈസ്തവ ബിംബങ്ങളാണത്രെ സിനിമയിൽ മുഴുവൻ. ഇതിനകം തന്നെ സൈബർ ലോകത്ത് ട്രോളുകളും പരിഹാസ്യങ്ങളും ജനം ടിവിയുടെ രഞ്ജിത്ത് വായനക്ക് കിട്ടിക്കഴിഞ്ഞു.

നിരൂപകൻ(അങ്ങനെ വിളിക്കപ്പെടുന്ന) രഞ്ജിത്തിന്റേയും ജനം ടിവി ടീമിന്റെയും മറുവാദം മുൻ കാലങ്ങളിൽ നിരൂപകർ ആറാം തമ്പുരാനെ ഹൈന്ദവ ബിംബ സിനിമയായി കണ്ടെന്നും ധ്രുവം പോലുള്ള സിനിമകളിൽ നായകൻ സവർണനാണെന്നു കണ്ടെത്തിയതും(കണ്ടെത്തിയതാണ് തെറ്റ്,ആയതിലല്ല) വില്ലന്മാർ മുസ്ലിങ്ങളായത്, മത ജാതി ന്യൂനപക്ഷങ്ങളിൽ നിന്നായത് നിഷ്കളങ്കമായി കാണാത്തതുമാണ്. മേൽ വാദങ്ങൾ മുഴുവൻ നിരൂപണത്തെ സാധൂകരിക്കാൻ ഉപയോഗിക്കുമ്പോൾ അവർ മറക്കുന്നത് (മറവി ഒട്ടും നിഷ്കളങ്കമല്ല) അല്ലെങ്കിൽ ബോധപൂർവം മാറ്റി നിർത്തുന്നത്, സിനിമയിലെ നായകസങ്കല്പങ്ങളുടെ പരികല്പനകൾ സവർണ മേധാവിത്വത്തിനോടെന്നും ഒട്ടി നിന്നിരുന്നെന്ന വസ്തുതയും ആ പശ്ചാത്തലം ഉണ്ടാക്കിയെടുക്കുന്ന അപരനിർമിതികളെയുമാണ്. സിനിമ കേവല പ്രമേയസാധ്യതകളിൽ മാത്രം നോക്കിക്കാണുന്നതിനോട് പ്രത്യക്ഷത്തിൽ തന്നെ വിയോജിക്കാമെങ്കിലും ജാതി മത ലിംഗ ന്യൂനപക്ഷങ്ങളെ അപാരസ്ഥാനത്ത് നിർത്തുന്ന തിരഞ്ഞെടുപ്പുകൾ ബോധപൂർവ്വമല്ലെന്നും ആ തിരഞ്ഞെടുപ്പുകൾ തീർത്തും നിഷ്കളങ്കമാണെന്നും കരുതുക വയ്യ. പ്രതിനിധാനത്തിന്റെ രാഷ്ട്രീയമെന്തെന്നു തിരിച്ചറിയാത്ത രഞ്ജിത്തിനെ പോലുള്ള നിരൂപകരും ജനം ടി വി പോലുള്ള മീഡിയയും തെറ്റുകളെ ചൂണ്ടികാണിച്ചവരെ ഇപ്പോൾ അപരസ്ഥാനത്തു നിർത്തി തങ്ങളും ചെയ്യുന്നതതു പോലെയെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുകയാണ്. മനകളിൽ മാത്രം ഒതുങ്ങി കൂടേണ്ടതാണ് സിനിമയെന്ന ഭൂത കാലത്തെ സ്വപ്നം കാണുന്ന ,ഒറ്റപാലത്തു ഷൂട്ട് ചെയ്യാത്ത സിനിമ സിനിമയല്ലെന്നും കരുതിയ സവർണ പൊതുബോധത്തിനെ കലഹം കൊണ്ടും സിനിമ കൊണ്ടും നേരിട്ട പുതിയ സംവിധായകരുടെ സിനിമയെ അംഗീകരിക്കാൻ കഴിയാത്ത ജനം ടി വിയുടെ നിരൂപണം ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല.

ഇത്തരം നിരൂപങ്ങളിൽ, അല്ലെങ്കിൽ വാദങ്ങളിൽ മുൻ കാലങ്ങളിൽ ഒളിച്ചുകടത്തപ്പെട്ടിരുന്ന ഹിന്ദുത്വ അജണ്ടകൾ ഇപ്പോൾ പ്രത്യക്ഷമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നു. ഇസ്‌ലാമോഫോബിയ കച്ചവടമാക്കുന്ന, നാലു കെട്ടിയ ഹാജിമാരും പല കാമുകിമാർക്കു വാട്സാപ്പ് സന്ദേശം അയക്കുന്നവരും ഉൾച്ചേരുന്ന കഥകൾ സാംസ്‌കാരിക മണ്ഡലത്തിൽ നിഷ്കളങ്കമായി ചർച്ച ചെയ്യപ്പെടുന്നിടത്ത് പൊതുബോധത്തിൽ ഹിന്ദുത്വ ഇൻസ്റ്റലേഷൻ കുറച്ചു കൂടി എളുപ്പമാണെന്നത് ഫാസിസ്റ്റുകൾ തിരിച്ചറിഞ്ഞ കാലമാണിത്. സാംസ്‌കാരിക വിമർശന രംഗത്ത് യാതൊരു വിധ ചരിത്രവും അവകാശപ്പെടാനില്ലാത്ത വലതുപക്ഷം, ഇടതുപക്ഷത്തിലെ ഇടിക്കാലൂരി പനമ്പട്ടടികളെ വിലക്കെടുക്കുകയും ഈ ഇടങ്ങളിൽ ഇത്തരത്തിൽ ഇടപെടലുകൾ നടത്തിക്കുകയും ചെയ്യുന്നു. ഈ ബൗദ്ധിക വ്യാപാരത്തെ, തലച്ചോറുകളുടെ കച്ചവടത്തെ, കണ്ടെത്തേണ്ടതും തടയേണ്ടതും ഇടതുപക്ഷമാണ്. അത് ഇടതുപക്ഷത്തിലെ വലതുപക്ഷത്തെ തിരിച്ചറിയുക എന്ന വലിയ പ്രോസസ്സിൽ നിന്ന് ആരംഭിക്കേണ്ടതാണ്.

നരസിംഹം
നരസിംഹം

പൊതുബോധത്തിൽ ഹിന്ദുത്വം അതിന്റെ നാനാവിധത്തിലുള്ള ടൂളുകൾ ഉപയോഗിച്ചു പൊതുബോധ നിർമിതി നിർമിച്ചെടുക്കുകയും, പ്രത്യക്ഷ ഇടതുപക്ഷം , നിർമിക്കപ്പെട്ട ഈ പൊതുബോധത്തിനോട് കലഹിക്കേണ്ടിവരികയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ ഇടതുപക്ഷത്തുള്ളവർ തന്നെ നിർമിക്കപ്പെട്ട പൊതുബോധത്തിനോട്, അതിന്റെ കൃത്യവും വ്യക്തവുമായ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങളോട് സന്ധി ചെയ്തുപോരുന്നത് ഇടതുപക്ഷത്തിന്റെ വലതുവത്കരണമാണ്. ഇത് വലതുപക്ഷം വളരെ ബോധപൂർവം ചെയ്യുന്ന കാര്യമാണ്. സാംസ്‌കാരിക വിമർശന രംഗത്ത്, ആ ഇടത്തിൽ രഞ്ജിത്തിനെ പോലുള്ള നിരൂപകർ വെളിച്ചം കാണുമ്പോൾ, പ്രത്യക്ഷത്തിൽ തന്നെ ഇടതുപക്ഷത്തെ ബുദ്ധിജീവികളെ തിരസ്കരിക്കണമെന്ന അവരുടെ ഫാസിസ്റ്റ് സമീപനം വ്യക്തമാണ്. നിരൂപണത്തിന്റെ സത്ത പൊളിയുമെന്നുറപ്പുണ്ടായിട്ടും, ചോദ്യം ചെയ്യപ്പെടുമ്പോൾ മറുവാദവുമായി വലതുപക്ഷം അപര സ്ഥാനത്തു പ്രതിഷ്ഠിക്കുന്നത് ബുദ്ധിജീവികളെയാണ്.

ധ്രുവം
ധ്രുവം

ഈ കൾച്ചറൽ സ്‌പേസ് ഹൈജാക്കിങിനെ മറ്റൊരർത്ഥത്തിൽ താങ്ങി നിർത്തുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നത് ഇടതുപക്ഷത്തെ വലതു വാദികളാണ്.. പൊതുഇടത്തിൽ ആശയകുഴപ്പം സൃഷ്ടിക്കുക എന്നത് വലതുപക്ഷവാദികൾക്കു കൂടുതൽ ഊർജമാണ്.ലേഖകൻ ഇടതു അനുഭാവി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെ സംഭവിക്കുന്നത് "ദി ഗ്രാൻഡ് നരേറ്റിവ് ഓഫ് ലെഫ്റ്റ്" എന്ന വിശാല ഇടതു ഐക്യത്തിനപ്പുറത്തേക്കും ഇടതുപക്ഷത്തിലെ ഇടതു ആശയങ്ങൾ ചലിക്കുന്നതാണ്, രഞ്ജിത്തിനെപ്പോലെ ഇത്തരം വ്യക്തികളെ പ്രസ്ഥാനത്തിന് വലതുരാഷ്ട്രീയത്തിനു സംഭാവനയായി കൊടുക്കാൻ കഴിയുന്നതിലെ മൂലകാരണം. മൂല ആശയങ്ങളോട് ഒരിക്കലും ജനാധിപത്യപരമായി കലഹിക്കാതെ, മാറ്റങ്ങൾ വരുത്താതെ പാരമ്പര്യ വാദത്തെ ഉത്തേജിപ്പിച്ചു "വേരുകളിലേക്കു മടങ്ങുക"എന്ന തീവ്ര പുരോഗമന വിരുദ്ധതയുമായി മുന്നോട്ടു പോകുന്ന ചില പ്രസ്ഥാനങ്ങൾ യാതൊരു ക്രിട്ടിക്കൽ എൻഗേജുമെന്റിനും സാധ്യതയില്ലാത്ത രാഷ്ട്രീയ അവബോധം അണികളിൽ നിറക്കുന്നു എന്നത് സന്ധി ചെയ്യാൻ കഴിയാത്ത കുറ്റമാണ്. പലപ്പോഴും ആശയങ്ങൾ തളക്കപ്പെടുന്നത് അവിഭക്ത കമ്മ്യൂണിസ്റ് പാർട്ടിയെന്ന തറവാട് നൊസ്റാൾജിയയിലാണെന്നതും, അതിന്റെ ഉപോല്പന്നങ്ങൾ പാർട്ടിയിലെ നേതാക്കളെകൊണ്ടുതന്നെ വിമാനവും പ്ലാസ്റ്റിക് സർജറിയും കണ്ടെത്തുന്നതിന് മുൻപ് തന്നെ പുരാണങ്ങളിൽ അവ ഉണ്ടായിരുന്നെന്ന ശാസ്ത്ര വിരുദ്ധ കണ്ടെത്തലിലേക്കു നയിക്കുന്നു.

"മോബ് സൈക്കി"ക്കൊപ്പം നിൽക്കുന്നതും പൊതുബോധത്തിനോട് യാതൊരുവിധ ജനാധിപത്യ കലഹത്തിനും മുതിരാതെയുള്ള ഈ തറവാട്ടു വാദ ഫ്യൂഡൽ കമ്മ്യൂണിസം ജനാധിപത്യത്തിന് അപകടമാണ്. കനയ്യകുമാറിനെ പോലെ രാജ്യം പറയേണ്ടുന്ന രാഷ്ട്രീയം പറഞ്ഞ യുവതയുടെ കേരള പരിപ്രേക്ഷ്യം ഇപ്പോൾ ചെയ്യുന്നതെന്താണ്? ഫാഷിസം മതേതര ജനാധിപത്യത്തിൽ നുഴഞ്ഞു കയറുന്ന കാലത്ത് അവരോടു സന്ധി ചെയ്യുകയും അവർക്ക് അവരുടെ രാഷ്ട്രീയം ഒളിച്ചു കടത്താൻ ഒത്താശ ചെയ്യുകയും ചെയ്യുന്ന അടവുനയങ്ങളാണ് ലോ കോളേജിലടക്കം കണ്ടത്. ആ അർത്ഥത്തിൽ ജനാധിപത്യ പരാജയവുമാണ്. അവിഭക്ത കമ്മ്യുണിസ്റ് പാർട്ടിയുടെ പാർടി പരിപാടികളോ നയരേഖകളോ പോലും ആരംഭിക്കുന്നത് അടുത്തകാലത്താണ്. മാർക്സിസ്റ് വിരുദ്ധത എന്ന നയപരിപാടിയിലൂന്നി ഇടതു ഐക്യത്തിൽ വിള്ളലുകൾ സൃഷ്ടിച്ചു മുന്നോട്ടു നീങ്ങുമ്പോൾ ആശയപരതയിൽ അത് വലതുപക്ഷ വിങ്ങിനെയാണ് സാധൂകരിക്കുന്നത്.

ജനം റിവ്യൂ ആധാരമാക്കിയുള്ള ട്രോള്‍ 
ജനം റിവ്യൂ ആധാരമാക്കിയുള്ള ട്രോള്‍ 

സ്വാഭാവികമായും പാർട്ടിക്കുള്ളിൽ ഈ വലതു രാഷ്ട്രീയം ഉൾച്ചേർന്നു പ്രവർത്തിക്കുന്ന പ്രവർത്തകർ ഫ്യൂഡലിസ്റ്റ് രാഷ്ട്രീയത്തിന്റെ(രാഷ്ട്രീയമില്ലായ്മയുടെ) വക്താക്കളും ചിലർ ഇരകളുമാവുന്നു. പൊതുവിൽ പുരോഗമന പക്ഷത്തു നിൽക്കുമ്പോഴും അടിത്തട്ടിലെ രാഷ്ട്രീയം മാടമ്പിത്തരത്തിന്റെയും സവർണ ഹെജിമണിയുടേതുമാണ്. പൊതുബോധ നിർമിതിയോടൊപ്പം ചലിക്കുന്നതുമാണാ രാഷ്ട്രീയം. ഇത്തരമൊരു പ്രായോഗിക രാഷ്ട്രീയ പരിതസ്ഥിതിയിൽ നിന്നുമുയർന്നു വരുന്ന രഞ്ജിത്ത് ജി കാഞ്ഞിരത്തിനെപോലുള്ളവരുടെ എസ്കലേഷൻ സ്റ്റേറ്റ് ആർ എസ് എസ് സംഘപരിവാർ കൾച്ചറൽ സ്‌പേസുകൾ ആവുന്നതിൽ അത്ഭുതമില്ല..

രഞ്ജിത്തിന്റെ റീഡിങ്ങുകൾ അംഗീകരിക്കുന്ന പൊതുബോധമാണ് നിരൂപണത്തേക്കാൾ അപകടം. "പ്രാക്ടീസിങ് സംഘി" കളെന്ന പൂർവ്വാശ്രമത്തിലെയും നിലവിൽ പുരോഗമന പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുന്നവരും "പറഞ്ഞതിൽ തെറ്റില്ല" എന്ന് തോന്നിപ്പിക്കുന്ന വിധമാണ് നിരൂപണത്തിന്റെ ശൈലി പോകുന്നത്. അത് ഫാസിസ്റ്റ് വലതുപക്ഷത്തിന്റെ കൾച്ചറൽ സ്‌പേസുകളിലെ ഖണ്ഡന വാദമാണ്. ഖണ്ഡിക്കപ്പെടുമെന്നുറപ്പുള്ള വാദങ്ങൾ പൊതു ഇടങ്ങൾക്കു എറിഞ്ഞു കൊടുക്കുക. എന്ഗേജുമെന്റിന്റെ സ്‌പേസ് കയ്യാളുക.

ട്രോളുകളിലൂടെയും മറുവാദങ്ങളിലൂടെയും സൈബർ സ്‌പേസ് രഞ്ജിത്തിന്റെ നിരീക്ഷണങ്ങളെ തള്ളുന്നുണ്ടെങ്കിൽ പോലും അത്തരം നിരീക്ഷണങ്ങൾ ഉത്പാദിപ്പിക്കുന്ന വ്യാഖ്യാന ഫാക്റ്ററികളും അത് ശരിയെന്നു വിശ്വസിക്കുന്ന മറ്റൊരു ഭാഗത്തെ (അ)സാംസ്കാരിക വിഭാഗം സജീവവും ക്രിയാത്മകവുമാണെന്നതും കൂടി ഓർക്കേണ്ടതുണ്ട്..

വലതു സംഘപരിവാർ ഹിന്ദുത്വ ഫാസിസത്തിലേക്കു കിളിവാതിൽ തുറക്കുന്ന ഇടത്താവളങ്ങളും ട്രാൻസിഷൻ സ്റ്റേറ്റുകളും ആയി മുഖ്യധാരയിൽ തന്നെ ഇടതു ആശയങ്ങൾ സംവദിക്കേണ്ടവർ ഇടിക്കാലൂരി പനമ്പട്ടടികളായി മാറുന്നത് ഭീതി ഉണ്ടാക്കുന്നതാണ്.

ഇടത്താവളങ്ങളിൽ പുരോഗമനം പഠിക്കുന്ന, ഭാവികാലത്തു വലതുപക്ഷ രാഷ്ട്രീയം വളർത്തുമ്പോൾ പ്രസക്തമാവുന്നത് പി എൻ ഗോപികൃഷ്ണന്റെ ഈ വരികളാണ്.

ഇടിക്കാലൂരി പനമ്പട്ടടി കേരളത്തിൽ പ്രവേശിച്ച ശേഷം/എന്ത് സംഭവിച്ചു??/ഇതായിരുന്നു, ചോദ്യം./കേരളത്തിനു പലതും പറ്റിയിരിക്കുന്നതിനാൽ /എന്തുത്തരവും പറയാം./ പക്ഷെ,/ആരാണീ/ഇടിക്കാലൂരി പനമ്പട്ടടി?/അങ്ങനൊരാൾ പാഠത്തിലില്ല.പത്രത്തിലും./ശങ്കരാചാര്യർ-വാസ്കോ ഡി ഗാമ-/ശ്രീനാരായണഗുരു-/സർ സി.പി.-ഇ എം എസ്.-പുലിക്കോടൻ നാരായണൻ-/ഓർമ്മിക്കാൻ വിധിക്കപ്പെട്ടവർക്കു പുറത്ത്/ആരാണീ വിദ്വാൻ??/എൻസൈക്ളോപീഡിയ ബ്രിട്ടാനിക്കയിലും വിക്കിപീഡിയയിലും ഗൂഗിളിന്റെ സർവാംഗലോകങ്ങളിലും ഇല്ലാത്തവൻ. പക്ഷെ,/ചെറുപ്പത്തിലെപ്പോഴോയ ഞാൻ കണ്ടിട്ടുണ്ട്. /ഫോട്ടോ തീർച്ചയായും./അതിൽ മുടി നീട്ടിവളർത്തിയിട്ടുണ്ട്. ബെൽബോട്ടം പാന്റ്സാണ് വേഷം. /ചുണ്ടിന് താഴേക്ക് മീശ ഒലിച്ചിറങ്ങിയിട്ടുണ്ട്. /ഉമ്മൻചാണ്ടിയിലും എം.എ. ബേബിയിലും കെ വേണുവിലും സാമാന്യമായി കാണാവുന്ന ഒരു പ്രാഗ്‌രൂപം. /ഗയയിലെ ആൽത്തറയിലിരിക്കുമ്പോൾ നമുക്ക് മുൻപേ വേണ്ടപ്പെട്ടൊരാൾ അവിടെയിരുന്നിട്ടുണ്ട് എന്ന് തോന്നും./ഇടുക്കി അണക്കെട്ടിന് മുകളിലൂടെ നടക്കുമ്പോൾ പരിചയമുള്ളൊരാൾ മുന്നേ പോകുന്നതായി തോന്നും. ഏതമ്പലത്തിൽ ചെന്നാലും യുക്തിവാദത്തിന്റെ ഒരു ചിലമ്പിച്ച ശബ്ദം നമ്മെ തേടിയെത്തും.. അതയാളാണ്.. അയാൾ മാഷമ്മാരുടെ മാഷായിരുന്നു. പോലീസുകാരുടെ പോലിസ്. ബ്ലാക്‌ബെൽറ്റുകാരുടെ സെംപായ്. അയാളാണ് ഗ്രാമത്തിൽ ആദ്യമായി ക്രിക്കറ്റ് കൊണ്ടുവന്നത്. ബോണിയെമ്മിന്റെ പാട്ടു പാടിയത്. കിംഗ് ഓഫ് ദി റോഡ് എന്ന് സൈക്കിളിൽ പേരെഴുതിയത്. /മഡ്ഗാർഡ് ഊരിവെച്ച്, അതിന് ദാരിദ്ര്യത്തിന്റെ പരിവേഷമണിയിച്ചത് അതിൽ കയറി ഊരു ചുറ്റിയത്. / അയാളാണ്, ബിസ്‌ലെരിയുടെ കുപ്പി ആദ്യമായി പ്രദർശിപ്പിച്ചത്./മക്കന്നാസ് ഗോൾഡിനെപറ്റിയും കുറോസോവയെപ്പറ്റിയും പറഞ്ഞുതന്നത്. /അയാളാണ് ഖസാക്കിന്റെ ഇതിഹാസം ലൈബ്രറിയിൽ നിന്നെടുത്ത് വീട്ടിലെ ടീപ്പോയിൽ പത്രത്തിന് പകരം കൊണ്ടിട്ടത്. /ചെ ഗുവേരയുടെ പടം ശ്രീകൃഷ്ണന്റെ പടത്തിനൊപ്പം വെച്ചത്./സെക്കന്ഡ് സെക്സ് അദ്ധ്യാത്മരാമായണത്തോടു ചേർത്ത് ബൈൻഡ് ചെയ്തത്. /നിരവധി കാലടയാളങ്ങളും അതിലേറെ സംശയങ്ങളും ബാക്കിവെച്ച് അയാളെ കാണാതായി. അന്തർധാനം ചെയ്തു. /വെടിയേറ്റ്‌ മരിച്ചു./ഏതോ സർക്കാരാപ്പീസിൽ ഗുമസ്തക്കസേരയിൽ ഇരുന്നുണങ്ങിപ്പോയി എന്നൊക്കെ കേട്ടു./പക്ഷെ ഞാനയാളെ കണ്ടു./സത്യം, നിറയെ ട്രാഫിക്കുള്ള റോഡിനപ്പുറത്തൂടെ നടന്നുപോകുന്നു./അച്ചടക്കമില്ലാതെ നീട്ടിവളർത്തിയ, എന്നാലിപ്പോൾ, നരച്ച തലമുടി./ബെൽബോട്ടത്തേക്കാളും വിസ്തൃതിയിൽ തിളങ്ങുന്ന കാവിമുണ്ട്./സന്തോഷം സഹിക്കവയ്യാതെ ഞാൻ പൊട്ടിത്തെറിച്ചു./ ഇടിക്കാലൂരി പനമ്പട്ടടീ: നിങ്ങൾ കേരളത്തെ എന്തുചെയ്തു??/വിളികേട്ട് പതുക്കെ തിരിഞ്ഞുനിന്നു./ അതേ ആൾ./എന്നാൽ മുഖത്ത് ചെറിയ വ്യത്യാസങ്ങൾ. /നെറ്റിയിൽ ഒരു കുറി./കണ്ണുകളിൽ-കൃഷ്ണമണി കുറേക്കൂടി മുകളിൽ./ചുണ്ടിൽ തണുത്തുരുണ്ട് പതിഞ്ഞ ഒരു നാമജപം.

ഇടിക്കലൂരി പനമ്പട്ടടികളെ തിരിച്ചറിയുക എന്നത് കൂടി സാംസ്കാരികവിമർശനത്തിന്റെ ഭാഗമാണ്..