സാമൂഹിക കാഴ്ചപ്പാടുകള്‍ ആദ്യം മാറട്ടേ, സിനിമ വഴിയേ നന്നായിക്കോളും 

March 11, 2017, 11:38 am
സാമൂഹിക കാഴ്ചപ്പാടുകള്‍ ആദ്യം മാറട്ടേ, സിനിമ വഴിയേ നന്നായിക്കോളും 
Spotlight
Spotlight
സാമൂഹിക കാഴ്ചപ്പാടുകള്‍ ആദ്യം മാറട്ടേ, സിനിമ വഴിയേ നന്നായിക്കോളും 

സാമൂഹിക കാഴ്ചപ്പാടുകള്‍ ആദ്യം മാറട്ടേ, സിനിമ വഴിയേ നന്നായിക്കോളും 

ചലച്ചിത്രകാരനും ചലച്ചിത്ര നിരൂപകനും

സിനിമ കണക്കൊരു കല്പനാസൃഷ്ടിയെ നിത്യജീവിതത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു അപഗ്രഥനം നടത്തിയാൽ സീൻ ഒന്ന് മുതൽക്കേ അയഥാർഥ്യങ്ങൾ ചൂണ്ടിക്കാണിക്കാം. ഒരു സിനിമ കൈക്കൊള്ളുന്നത് കഥാപാത്രപക്ഷമാണ്. പ്രധാന കഥാപാത്രങ്ങളുടെ P.O.V. ൽ (പോയിന്റ് ഓഫ് വ്യൂ / വീക്ഷണകോൺ) നിന്നുകൊണ്ടാണ് തിരക്കഥ രൂപപ്പെടുന്നത്. തിരശീലയിലെ അവരുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും നിലപാടുകൾക്കും എല്ലാം പ്രചോദനം പുറം ലോകത്തോടോ അല്ലെങ്കിൽ തന്നോട് തന്നെയോ ഉള്ള അവന്റെ /അവളുടെ പക്ഷത്തു നിന്ന് കൊണ്ടുള്ള പ്രതികരണങ്ങളാണ്. ഈയവസരത്തിൽ പ്രധാന കഥാപാത്രങ്ങൾ, സ്ത്രീ - പുരുഷ ഭേദമന്യേ, 'പൊളിറ്റിക്കലി കറക്റ്റ് ' ആവുന്നതിനു പകരം നന്മ-തിന്മകളുടെ വേലി പൊളിക്കുകയോ ഇരുണ്ട സ്വഭാവഭേദങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്യും. അപ്പോഴാണ് ഡ്രാമ രൂപപ്പെടുന്നത്. ആ ഡ്രാമയിൽ നിന്നുമാണ് വികാരങ്ങൾ (emotion) പ്രേക്ഷകരിലേക്ക് പകർത്തപ്പെടുന്നത്. നമ്മുടെ പല നല്ല ചലച്ചിത്രങ്ങളുടെയും നടനങ്ങളുടെയും തിരക്കഥ പരിശോധിച്ചാൽ ഇതറിയാം.

എന്നാൽ സിനിമയിൽ വിരുദ്ധതകൾ സൃഷ്ടിക്കപ്പെടുന്നത് പലപ്പോഴും മേല്പറഞ്ഞതിനു ഘടകവിരുദ്ധമായി തിരക്കഥകൾ മതിൽ ചാടുമ്പോഴാണ് എന്ന് തോന്നിയിട്ടുണ്ട്. കഥാപാത്രനിലപാടുകളെ തോന്നുംവഴി തുടലഴിച്ചു വിട്ട ശേഷം പ്രേക്ഷകരുചി എന്നൊന്നാരോപിച്ചു എഴുത്തുകാരും സംവിധായകരും കൂടി അവരവരുടെ മനോവൈലക്ഷണ്യങ്ങളെ (perversions) സമം കുഴച്ചു വറുത്തുകോരുമ്പോൾ കിട്ടുന്നത് എണ്ണയൊലിക്കുന്ന ചലച്ചിത്ര സന്ദർഭങ്ങളാണ്. അവ ഹാനികരമോ അല്ലയോ എന്ന് തീരുമാനിക്കത്തക്ക സിനിമാ സാക്ഷരത കിട്ടിയ പ്രേക്ഷകരൊന്നുമല്ല ബഹുഭൂരിപക്ഷവും നമ്മുടെ നാട്ടിലുള്ളത്, പകരം കാഴ്ച്ചാശീലങ്ങൾ കൊണ്ട് ദുർമേദസ്സുകളായ, പരിണാമം പൂർത്തിയാകാത്ത പാവം സിനിമാ പ്രേമികൾ മാത്രമാണ്. ഇത്തരം നിഷ്കളങ്ക മസ്തിഷ്കത്തിനുമേൽ സിനിമ വൻ സ്വാധീനം ചെലുത്തുന്നത് മൂലമാണ് അത് കൊണ്ടാണ് ജീവിതം സിനിമാക്കഥ പോലെ എന്ന് ഇവിടുത്തെ സാമൂഹിക-രാഷ്ട്രീയ പരിതഃസ്ഥിതികളെപ്പറ്റി പലരും അഭിപ്രായപ്പെടുന്നത്.

സിനിമാ മേഖല പിഴച്ചവരുടെ സാമ്രാജ്യമാണെന്ന ഗുഹാചിന്താഗതികളുടെ പ്രഥമ ഇരകൾ ആദ്യകാലത്തെ നടികളായിരുന്നു. പിന്നീട് ബ്ലാക് ആൻഡ് വൈറ്റ് കാലഘട്ടത്തിലെ മലയാള സിനിമകളിൽ നന്മയുടെ ആൺരൂപമായ നായകന്റെ പിറകിലായി ചേഷ്ടകൾ കൊണ്ടും സംസാരത്തിലും വിടത്തരം വിളമ്പുന്ന വിദൂഷകനും അവനു കൂട്ടായി അവന്റെ വഷളത്തരങ്ങൾ ആസ്വദിക്കുന്ന ഒരു പെണ്ണും ഉണ്ടാവാറുണ്ടായിരുന്നു. അത് തമാശയുടെ ഭാഗമായിക്കണ്ടു അന്നത്തെ പ്രേക്ഷകർ ആർത്തു ചിരിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് . അതേ പ്രേക്ഷകരുടെ മക്കൾ കണ്ടത് ക്യാബറെയും റേപ്പും അവശ്യ ഘടകങ്ങളായി നിലകൊണ്ടിരുന്ന എഴുപതുകളാണ്. (അതിൽ ക്യാബറെയുടെ രൂപാന്തരം ആണ് ഏറെക്കുറെ ഇന്നത്തെ ഐറ്റം ഡാൻസ്). മനുഷ്യർ സാമൂഹിക ജീവിതം തുടങ്ങിയ നൂറ്റാണ്ടുകൾ മുതൽക്കേ ക്രൂരകൃത്യമെന്നു സാക്ഷ്യപ്പെടുത്തിയ ബലാത്‌സംഗം സിനിമയിൽ വന്നപ്പോൾ അവിഭാജ്യഘടകം (പലപ്പോഴും കഥാവഴിയുമായി ബദ്ധമില്ലാത്ത റേപ് സീനുകൾ) ആയി മാറിയതിലെ സോഷ്യൽ സൈക്കോളജിക്കൽ പഠനങ്ങൾ പലരും നടത്തിയിട്ടുണ്ട്, സിനിമയുടെ കാഴ്ചസുഖം എന്നതാണ് കിട്ടിയ ഉത്തരം. ഇന്നും വിദേശീയർ ബോളിവുഡ് സിനിമകളിലെ നടികളുടെ നിയമനങ്ങളെ ഇറോട്ടിക് പ്ലെഷർ എന്ന പേരിട്ടാണ്‌ വിളിക്കുന്നത്.

പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് വഴി എഴുപതുകളുടെ മദ്ധ്യം മുതൽ ഇന്ത്യ ഒട്ടുക്കും വന്ന സിനിമാ മൂവ്മെന്റുകൾ മൂലവും രാഷ്ട്രീയ സാമൂഹ്യ പരിഷ്കരണങ്ങൾ വഴിയും ഒരു സിനിമാ സംസ്കാരം ഇന്ത്യയിൽ രൂപപ്പെടുകയും മലയാളത്തിലും മറ്റും മധ്യവർത്തിസിനിമകൾ പോപ്പുലർ സിനിമയുടെ ഭാഗവാക്കാവുകയും ചെയ്തതോടെയാണ് കുറെയൊക്കെ സംസ്കാരശൂന്യത മലയാളസിനിമ തരണം ചെയ്തത്. എൺപതുകൾ മുതൽ തൊണ്ണൂറുകളുടെ പകുതി വരെ സുവർണ്ണകാലഘട്ടം എന്ന് അതിനാൽ വിളിക്കപ്പെടുന്നുമുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തോടെ സംസ്കാരം കൊടിയിറങ്ങി തീയേറ്ററുകൾ അഡൾട് സിനിമകൾ കയ്യേറി. അവയിൽ ഉണ്ടായിരുന്ന സ്ത്രീകളുടെ ഒബ്ജെക്റ്റിഫിക്കേഷൻ (ശരീരപ്രദർശനം) പക്ഷെ '60 - '70 കളിലെ പോപ്പുലർ സിനിമകളോട് സമാനമായതോ ഒരൽപം കൂടി എറിയതോ എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ 'മീശമാധവൻ' എന്ന സിനിമയാണ് പിന്നീട് കൊഴിഞ്ഞു പോയ കുടുംബങ്ങളെ തീയേറ്ററിലേക്ക് തിരിച്ചെത്തിച്ചത്. പക്ഷെ അന്ന് തിരിച്ചെത്തിയ പ്രേക്ഷകരും "കെടക്കണ കിടപ്പിൽ ഒറ്റ റേപ്പ് വെച്ച് തന്നാലുണ്ടല്ലോ" എന്ന് ഉറങ്ങിക്കിടക്കുന്ന നായികയോട് നായകൻ പറഞ്ഞപ്പോൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു. എന്ന് വെച്ചാൽ അമ്പതു കൊല്ലങ്ങൾ കൊണ്ട് ഇവിടുത്തെ പ്രേക്ഷക വൃന്ദം സാമൂഹികകാഴ്ചപ്പാടിൻ പ്രതി അണുവിട മാറിയിട്ടില്ല എന്ന് സാരം, അണിയറക്കാരും തഥൈവ!

നവതരംഗം വന്നതിനു ശേഷം മലയാള സിനിമ സാങ്കേതികമായി മാത്രം പരിഷ്കരിക്കപ്പെട്ടു. സ്ത്രീകളുടെ മേനീപ്രദര്ശനം മലയാള സിനിമയിൽ ഏകദേശം പൂർണമായും ഒഴിവാക്കപ്പെട്ടു, അതിനു കാരണം അത്തരം കാഴ്ചകൾക്ക് ഇതരഭാഷാ ചിത്രങ്ങളും മറ്റും ഇന്റർനെറ്റിൽ സുലഭം ആയതു കൊണ്ട് കൂടിയാണ്. തരാതര പോൺ സൈറ്റുകളുടേതുൾപ്പെടെ ഒരു സമാന്തര പ്രപഞ്ചം കണക്കെ അത് നിലനിൽക്കുന്നുമുണ്ട്. ഇത്തരം അതിരു കവിഞ്ഞ ലഭ്യത കൊണ്ടാകാം ചുരുക്കം ചില സൂപ്പർതാര / ജനപ്രിയ / കച്ചവട സിനിമകളൊഴിച്ചു നിർത്തിയാൽ കാര്യമായ തകരാറുകളോ ഗുണങ്ങളോ ഒന്നും തന്നെ സ്ത്രീ കഥാപാത്രങ്ങൾക്ക് വന്നു ഭവിച്ചിട്ടില്ല. എന്ന് വെച്ച് നമ്മുടെ സാംസ്കാരികവൃന്ദം മെച്ചപ്പെട്ടെന്നല്ല, അങ്ങനെയിരിക്കെ ദൃശ്യമേഖലയുടെ ഒന്നാമിടമായ ടെലിവിഷൻ ചാനെലുകൾ കോമെടി റിയാലിറ്റി ഷോകൾ കൊണ്ട് നിറഞ്ഞു. ഒരാഴ്ച ആവറേജ് ഇരുപതു മണിക്കൂറോളം സ്‌കിറ്റുകൾക്കു ജനം വിധേയമാകുന്ന അവസ്ഥ വന്നു. ചിരിപ്പിക്കുക എന്നത് ഏറ്റവും വലിയ ഒരു ബാധ്യത ആയപ്പോൾ ലക്‌ഷ്യം സ്ത്രീവിഷയ / വിരുദ്ധ തമാശകളിലേക്കു തൊടുക്കുക എന്നതായിരുന്നു ഏറ്റവും എളുപ്പം. കുറ്റം പറയരുതല്ലോ, ഒരൊറ്റ സ്ത്രീ വിധികർത്താക്കളും അവയെ തിരുത്തുന്നത് കണ്ടിട്ടില്ല, കണ്ടാസ്വദിച്ചു മറിയുന്നതല്ലാതെ ! ചുരുക്കത്തിൽ ഇന്നത്തെ മലയാള സിനിമകളിൽ സ്ത്രീവിരുദ്ധ തമാശകളുടെ തീവ്രത താരതമ്യേന കുറയാനുള്ള കാരണം അതിനെ അതിലും വ്യാപ്തിയിൽ മറ്റു രൂപങ്ങളിൽ ലഭിക്കുന്നുള്ളത് കൊണ്ടാണ്. ഇതിന്റെ പ്രതിഫലനമാണ് ഇക്കാലത്തും കറുത്ത് തടിച്ച യുവതിയെ 'സാധനം' എന്ന് എസ്. ഐ. ബിജു വിളിക്കാനുണ്ടായ സന്ദർഭം. ബോഡി ഷെയ്മിങ് എന്ന ഇത്തരത്തിലുള്ള ഇകഴ്ത്തൽ പ്രക്രിയയെ സ്കൂളുകൾ മുതൽക്കേ നിയമം മൂലം വിദേശങ്ങളിൽ പൂട്ടിയിട്ടുണ്ട്.

സിനിമകളിൽ സ്ത്രീവിരുദ്ധത പ്രകോപനപരമായ തമാശകളായും ചേഷ്ടകളായും മാത്രമല്ല ആണിന് ഒരു പടി കേറി നിൽക്കാനുള്ള വാചകക്കസർത്തായും, ചിലപ്പോഴൊക്കെ കൈക്കരുത്തായും സംഭവിക്കാറുണ്ട്. എങ്കിലും അവയെല്ലാം, വിളമ്പുന്നവരുടെ മാത്രം ഉത്തരവാദിത്തത്തിൽ ഒതുക്കാതെ വിഴുങ്ങുന്നവനും പങ്കു പറ്റുകാരാണെന്ന ബോധം ഉണ്ടാവുകയാണ് വേണ്ടത്. പ്രശ്നം ഒളിഞ്ഞു കിടക്കുന്നത് എവിടെയെന്നാൽ, ക്ലീൻ യു സർട്ടിഫിക്കേറ്റ് ലഭിക്കുന്ന കുടുംബ ചിത്രങ്ങളുടെ ലേബലിൽ വരുന്ന സിനിമകളിലാണ് കുട്ടികളടക്കമിരുന്നു സാന്ദർഭികമോ മനഃപ്പൂർവ്വമോ ആയ ആന്തരിക - ദ്വയാർഥങ്ങൾ ആസ്വദിക്കുന്നത്. വിദേശങ്ങളിൽ അവിശുദ്ധ ബന്ധങ്ങൾ പറയുന്ന ടി.വി. സീരിയലുകൾ പോലും റേറ്റിങ്ങിനു വിധേയമാണ്. അറിയാതെ പോലും ഒരു കുട്ടിയത് കാണാനിടയായി എന്നറിഞ്ഞാൽ മാതാപിതാക്കൾ അകത്തു പോകും.

ഇനി മറ്റൊരു സംശയം, ഒരു നിശ്ചിത സീനിൽ എവിടം മുതലാണ് സ്ത്രീ വിരുദ്ധത തുടങ്ങുക, അല്ലെങ്കിൽ ആർക്കൊക്കെ എപ്പോഴാണത് വിരുദ്ധമാവുക? എന്ന് മുതൽക്കാണ് നാം ഇവയെ സ്പോട് ചെയ്തു തുടങ്ങിയത് ? അതും എല്ലാം സ്പോട് ചെയ്യപ്പെടുന്നുണ്ടോ ? ഒരു ചെറു സംഭവം പറയാം. 2014-ൽ ഇറങ്ങിയ ഡേവിഡ് ഫിഞ്ചർ ചിത്രം "ഗോൺ ഗേൾ" ഞാൻ കണ്ടത് ഓസ്‌ട്രേലിയയിലെ ഒരു തീയേറ്ററിൽ ഏകദേശം നിറഞ്ഞ ഒരു സദസ്സിൽ വെച്ചായിരുന്നു, R റേറ്റിംഗ് ഉള്ള ചിത്രമായതിനാൽ കാണികളെല്ലാം പ്രായപൂർത്തിയായവരും. ചിത്രത്തിന്റെ കഥ; എഴുത്തുകാരിയും എന്നാൽ ആധിപത്യമനോഭാവവും ഈഗോയും ബുദ്ധികൂർമ്മതയും ഉള്ള വീട്ടമ്മയായ നായിക, താരതമ്യേന തണുപ്പനായ തന്റെ ഭർത്താവിനെ, അവൾ കെട്ടിച്ചമച്ച ഒരു കൊലപാതകത്തിൽ പ്രതിയാക്കി ശിഷ്ടകാലം നരകിപ്പിക്കാനായി പ്ലാനിടുന്ന ഒരു സാഡിസ്റ്റാണ്. ക്രൈം ഡ്രാമ വിഭാഗത്തിൽ വരുന്ന ഈ സിനിമയിൽ പ്രധാന കഥാപാത്രവും നായികയും വില്ലനും(ത്തിയും) എല്ലാം ഈയൊരുവളാണ്. രക്ഷപ്പെടാനാവാത്തത്ര ദാമ്പത്യക്കുരുക്കിലേക്കു ഭർത്താവിനെ സിനിമയുടെ ആവാസനഷോട്ടിൽ പോലും തളച്ചിടുന്ന അവളോട് ഭയപ്പാടുള്ള ഒരു അനിഷ്ടമാണ് പ്രേക്ഷകർക്കു തോന്നുക.

അവസാനത്തോടടുക്കെ സിനിമയിൽ ഒരു സീനിൽ ഭാര്യയുടെ മാനസിക പീഢനം സഹിക്കവയ്യാതെ ഭർത്താവ് അവളെ ഒരൊറ്റ തള്ളു(ഉന്ത്) വെച്ച് കൊടുക്കുകയും അവൾ നിലത്തു വീഴുകയും ചെയ്യുന്നുണ്ട്. ഫിഞ്ചർ ഈ ആക്ഷൻ സ്ലോ മോഷനിൽ, ഏതാനും കട്ടുകളിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 'കുറഞ്ഞത് ആ അപ്പാവി കെട്ട്യോൻ അതെങ്കിലും ചെയ്തല്ലോ' എന്ന് ഞാൻ കരുതിയപ്പോഴേക്കും കാണികൾക്കിടയിൽ നിന്നും കേട്ടത് നടുക്കം നിറഞ്ഞ "അയ്യോ" നെടുവീർപ്പുകളാണ്. അതായത് അവർ കണ്ടത് പ്രത്യക്ഷത്തിൽ ഒരു ഡൊമസ്റ്റിക് വയലൻസ് ആണ്. അരാജകത്വം വിളയാടുന്നു എന്ന് നമ്മുടെ മത-സാംസ്ക്കാരിക മന്നന്മാർ പറയുന്ന വെള്ളക്കാരന്റെ ഒരു രാജ്യത്തു, ക്രൈം വിഭാഗമെങ്കിൽ പോലും കുടുംബം പശ്ചാത്തലമാക്കിയുള്ള ഭൂരിഭാഗം സിനിമകളിലും അന്യമായൊരു സീൻ ആയിരുന്നു അത്, ചുരുക്കത്തിൽ സിനിമയിലെന്നാകിൽപ്പോലും അവരുടെയൊക്കെ സാമൂഹിക കാഴ്ചപ്പാടിൽ പ്രത്യക്ഷമായൊരു സ്ത്രീ-ശരീര പീഢനത്തിനാണ്/ മനുഷ്യാവകാശ ലംഘനത്തിനാണ് അവർ സാക്ഷ്യം വഹിച്ചത്, അത് കൊണ്ട് കൂടിയാണ് സംവിധായകൻ കാണികളെ ഞെട്ടിക്കാൻ അതിന്റെ ഇന്റെൻസിറ്റി മനസ്സിലാക്കാൻ അത് സ്ലോ മോഷനിൽ ചിത്രീകരിച്ചത്. നായിക എത്ര നിഷ്ടൂരയായിരുന്നിട്ടും കൂടി ഇമോഷണലി കാണികൾ ആ ടൈം പീരീഡിൽ നായികക്കൊപ്പം നിന്നുപോയി. അവളുടെ അത്രയും നേരത്തെ ചെയ്തികളെ അൽപ്പമെങ്കിലും സാധൂകരിക്കാൻ നായകൻറെ ഈ കടന്നുകയറ്റം തിരക്കഥയിൽ സഹായമായി. 'ആരാണ് ശെരി?' എന്ന ഒരു പസിൽ ആ നിമിഷം അവിടെ രൂപപ്പെട്ടു. ആ തരത്തിലുള്ള ഒരു ഇമോഷണൽ മാനിപ്പുലേഷൻ ആണ് സംവിധായകൻ അതിലൂടെ നേടിയത്.

ഇന്നാട്ടിലെ സിനിമ കണ്ടു തുടങ്ങിയ പ്രായം മുതൽ ഇപ്പോൾ വരേയ്ക്കും, പ്രൈം ടൈം സീരിയലുകളിൽ പോലും അവസരോചിതമായി അല്ലെങ്കിൽ അവസരമുണ്ടാക്കി കരണത്തടി മഹോത്സവം നടത്തുന്ന പുരുഷന്മാരെയും, കറ തീർന്ന കുടുംബ ചിത്രങ്ങളിൽ പോലും കരണം തടവി പാഠം പഠിക്കുന്ന വീട്ടമ്മമാരെയും കണ്ടു ശീലിച്ച എനിക്ക് ഈ ചീള് രംഗം കാണുമ്പോൾ എന്ത് കുലുക്കം തട്ടാനാണ് ?

നാം നിത്യജീവിതത്തിൽ ശീലിച്ച പലതും പല സ്പെക്ട്രങ്ങളിൽ അക്രമങ്ങൾ തന്നെയാണ്. അവയിൽ പലതും നമ്മൾ മനസ്സാൽ അംഗീകരിച്ചവയാണ് എന്നതാണ് ഭയാനകം. അപ്പോൾ അവയെ തിരിച്ചു മറിച്ചും കാണിച്ചു പണവും കയ്യടിയും തരപ്പെടുത്താൻ വരുന്നവരെ നാം എങ്ങിനെ തിരിച്ചറിയും? ശീലങ്ങളെയൊക്കെ പാടെ വിസ്മരിച്ചു വിദേശരാജ്യങ്ങളിൽ നിന്നും കടമെടുത്തതാണേലും സ്കൂളുകൾ മുതലുള്ള ബോധവൽക്കരണവും, ശേഷം സമൂഹത്തിൽ മനുഷ്യാവകാശ മൂല്യങ്ങളെക്കുറിച്ചുള്ള ശക്തമായ അവബോധവും താക്കീതും ശിക്ഷാ നടപടികളും നടപ്പിലാക്കുകയുമാണ് പോംവഴി, സിനിമ വഴിയേ നന്നായിക്കോളും, കാരണം ഇന്നാട്ടിൽ സിനിമ സങ്കല്പങ്ങളെക്കാളും പക്വതയെത്താത്ത സാമൂഹിക കാഴ്ചപ്പാടുകളുടെ തിരഞ്ഞെടുത്ത പ്രതിഫലനങ്ങൾ മാത്രമാണ്.

ജനമനസാക്ഷിയെ ഒന്നടങ്കം വരഞ്ഞു കീറിയ ഒരു സംഭവത്തെ മുൻ നിറുത്തി പൃഥ്വിരാജിന്റെയും, ആഷിഖ് അബുവിന്റെയും സിനിമകകത്തു നിന്നുകൊണ്ടുള്ള ഏറ്റുപറച്ചിലിനെയും നിശ്ചയങ്ങളെയും ആശ്ലേഷിക്കുന്നു, ഇതിനിടയിൽ സ്ത്രീവിരുദ്ധതയെ കൂവി തോൽപ്പിക്കണമെന്ന ഡോ. ബിജുവിന്റെ പ്രഖ്യാപനത്തെ കാട് കയറ്റത്തോട് ഉപമിക്കാം. എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും, വെളുത്ത തൊലി വാഗ്ദാനം ചെയ്യുന്നതടക്കമുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വക്താവാകുകയില്ല എന്ന് നിലപാടെടുത്തുകൊണ്ട് ജനമധ്യത്തിൽ തന്നെ അവയെ തള്ളിപ്പറഞ്ഞ കങ്കണ രണാവത്തിന്റെ രാഷ്ട്രീയമാണ് ഈ വിഷയത്തിൽ സമൂഹത്തിൽ കൂടുതൽ വിശാലമായ കാഴ്ചപ്പാടുകൾക്കു വഴി തെളിക്കുക എന്ന് വിശ്വസിക്കുന്നു.