എന്താണ് ‘ദേശവിരുദ്ധത’യെന്ന് പറഞ്ഞുതരുമോ? ‘ഫോളന്‍ ചിനാറി’ന്റെ സംവിധായകര്‍ ചോദിക്കുന്നു 

June 11, 2017, 5:39 pm
എന്താണ് ‘ദേശവിരുദ്ധത’യെന്ന് പറഞ്ഞുതരുമോ? ‘ഫോളന്‍ ചിനാറി’ന്റെ സംവിധായകര്‍ ചോദിക്കുന്നു 
Spotlight
Spotlight
എന്താണ് ‘ദേശവിരുദ്ധത’യെന്ന് പറഞ്ഞുതരുമോ? ‘ഫോളന്‍ ചിനാറി’ന്റെ സംവിധായകര്‍ ചോദിക്കുന്നു 

എന്താണ് ‘ദേശവിരുദ്ധത’യെന്ന് പറഞ്ഞുതരുമോ? ‘ഫോളന്‍ ചിനാറി’ന്റെ സംവിധായകര്‍ ചോദിക്കുന്നു 

തിരുവനന്തപുരം രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ കേന്ദ്രഅനുമതി നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രദര്‍ശനാനുമതി നഷ്ടപ്പെട്ട മൂന്ന് ചിത്രങ്ങളില്‍ ഒന്ന് 'ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍' ആണ്. ഫാസില്‍ എന്‍.സിയും ഷോണ്‍ സെബാസ്റ്റിയനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം കാലിക രാഷ്ട്രീയപശ്ചാത്തലത്തില്‍ കാശ്മീര്‍ യുവതയുടെ സ്വപ്നങ്ങളും കാഴ്ചപ്പാടുകളുമാണ് പകര്‍ത്തിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇത് ഞങ്ങള്‍ കാണേണ്ടെന്ന് നിങ്ങള്‍ പറയുന്നതെന്ന ഭരണകൂടത്തോടുള്ള പ്രേക്ഷകന്റെ ചോദ്യത്തിനുള്ള ഉത്തരം ആ സിനിമകള്‍ സംസാരിക്കുന്ന വിഷയങ്ങളിലുണ്ട്. സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മൂന്ന് വിഷയങ്ങള്‍, 'എന്റെ ജന്മം തന്നെയാണ് എന്റെ മരണകാരണ'മെന്ന് എഴുതിവെച്ച് ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത്ത് വെമുല, കശ്മീര്‍ ജനത കടന്നുപോകുന്ന സംഘര്‍ഷങ്ങള്‍, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍, ഇവ ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിരിക്കുന്നത്.

പക്ഷേ കര്‍ശന സെന്‍സറിങ്ങിലൂടെ കടന്നുപോയി മാത്രം പ്രദര്‍ശനാനുമതി നേടേണ്ടതാണെങ്കില്‍പ്പിന്നെ ഡോക്യുമെന്ററി എന്ന മാധ്യമരൂപത്തിനുതന്നെ എന്തെങ്കിലും പ്രസക്തിയുണ്ടോ? ലോകത്തൊരിടത്തും ഡോക്യുമെന്ററി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സംഘാടകര്‍ ആവശ്യപ്പെടുന്ന പതിവില്ല. ഒരു ഡോക്യുമെന്ററി ചിത്രം മുന്നോട്ടുവെക്കുന്ന പ്രിയമോ അപ്രിയമോ ആയ വിഷയങ്ങളും നിലപാടുകളും ആ രണ്ടഭിപ്രായമുള്ളവര്‍ക്കും കാണാനുള്ള അവസരമല്ലേ ഉണ്ടാവേണ്ടത്? അപ്പോഴല്ലേ ചര്‍ച്ചകള്‍ സാധ്യമാകൂ? സംഘര്‍ഷഭരിതമായ കശ്മീരിന്റെ സമകാലം അവിടുത്തെ കലാലയ വിദ്യാര്‍ഥികളുടെ കണ്ണിലൂടെ പ്രതിഫലിപ്പിച്ച, കേരള ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞ, ഡോക്യുമെന്ററി 'ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാറി'ന്റെ സംവിധായകര്‍, മലയാളികളായ ഫാസില്‍ എന്‍.സി, ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചോദിക്കുന്നു.

ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാറിന്റെ ഭാഗമായ കശ്മീരി വിദ്യാര്‍ഥികള്‍ക്കൊപ്പം ഫാസില്‍ എന്‍.സി. (ഇടത്തുനിന്ന് രണ്ടാമത്) 
ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാറിന്റെ ഭാഗമായ കശ്മീരി വിദ്യാര്‍ഥികള്‍ക്കൊപ്പം ഫാസില്‍ എന്‍.സി. (ഇടത്തുനിന്ന് രണ്ടാമത്) 

സാധാരണ ഒരു ഡോക്യുമെന്ററി ആഖ്യാനത്തില്‍ നിന്ന് വേറിട്ടതാണ് കഴിഞ്ഞ ഓഗസ്റ്റില്‍ യുട്യൂബ് വഴി റിലീസ് ചെയ്യപ്പെട്ട 'ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍' ചിനാറിന്റേത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നില്ല 'ഫോളന്‍ ചിനാറി'ന്റെ ചിത്രീകരണമെന്നും കശ്മീര്‍ യാത്രയെക്കുറിച്ചുള്ള വ്യക്തിപരമായ ഒരു ഓര്‍മ്മ എന്ന നിലയ്ക്കാണ് ഷൂട്ട് ചെയ്തതെന്നും പറയുന്നു സംവിധായകരില്‍ ഒരാളായ ഫാസില്‍ എന്‍.സി.

കശ്മീര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വീണുകിടക്കുന്ന ചിനാര്‍ മരത്തില്‍ ചിത്രം വരയ്ക്കുന്ന വിദ്യാര്‍ഥിനി 
കശ്മീര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വീണുകിടക്കുന്ന ചിനാര്‍ മരത്തില്‍ ചിത്രം വരയ്ക്കുന്ന വിദ്യാര്‍ഥിനി 
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എംഎ ചെയ്യുമ്പോള്‍ ശ്രീനഗറിലാണ് ഞാന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തത്. അവിടെ ഒരുപാട് പരിചയങ്ങളുണ്ട്. പിന്നീട് മറ്റൊരു ഡോക്യുമെന്ററി ആലോചനയുടെ ഭാഗമായി കഴിഞ്ഞ ജൂണില്‍ കശ്മീരില്‍ എത്തി. കശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി. ക്യാംപസില്‍ വീണുകിടക്കുന്ന ഒരു ചിനാര്‍ മരമുണ്ടായിരുന്നു. കലയോടും രാഷ്ട്രീയത്തോടുമൊക്കെ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഒത്തുകൂടാനുള്ള ഒരു സ്ഥലമായി അത് പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു. ചിലര്‍ അവിടെയിരുന്ന് ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു. മറ്റുചിലര്‍ ഗിറ്റാര്‍ വായിച്ചു. ചര്‍ച്ചകളും മാഗസിന്‍ ഇറക്കലും ഫോട്ടോഎടുക്കലുമൊക്കെ.. ആ സ്ഥലത്തോട് വലിയ ഇഷ്ടം തോന്നി. ദിവസങ്ങള്‍ കഴിയവേ അവരില്‍ ഒരാളായി മാറി. കൈയിലുണ്ടായിരുന്ന ക്യാമറ കൊണ്ട് ആ ദൃശ്യങ്ങളൊക്കെ പകര്‍ത്തി. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി എന്ന ആലോചനയിലല്ല അന്നത് ചെയ്തത്. പക്ഷേ പിന്നീട് അങ്ങനെയൊന്ന് ചെയ്താലോ എന്ന ചിന്തയുണ്ടായി. തുടര്‍ന്ന് ഞാന്‍ ഷോണിനെ വിളിച്ചു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ അഭിമുഖങ്ങള്‍ ചിത്രീകരിച്ചു. അപ്പു ഭട്ടതിരി എന്ന സുഹൃത്താണ് എഡിറ്റ് ചെയ്തത്. എഡിറ്റിങ്ങിലൂടെ ഷൂട്ട് ചെയ്തതിന് ഒരു രൂപം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഏറെ സമയമെടുത്താണ് എഡിറ്റിംഗ് പൂര്‍ത്തിയാക്കിയത്. 
ഫാസില്‍ എന്‍.സി. 

യുട്യൂബില്‍ ഇതിനകം 44,000 പേര്‍ കണ്ടുകഴിഞ്ഞ ചിത്രത്തിന് ഇത്തരമൊരു എതിര്‍പ്പ് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലെന്നും പക്ഷപാതിത്വമൊന്നുമില്ലാതെ കശ്മീര്‍ യുവതയുടെ വികാരങ്ങളെ പകര്‍ത്താന്‍ ശ്രമിച്ച ചിത്രം എന്തുകൊണ്ട് 'പ്രദര്‍ശനയോഗ്യ'മല്ലാതാവുന്നുവെന്ന് അറിയില്ലെന്നും പറയുന്നു സംവിധായകരില്‍ ഒരാളായ ഷോണ്‍ സെബാസ്റ്റിയന്‍.

ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍

കശ്മീരിന്റെ അവസ്ഥകളെ വിദ്യാര്‍ഥികളിലൂടെ പ്രതിഫലിപ്പിക്കുകയായിരുന്നു ഉദ്ദേശം. വിഷയത്തില്‍ ഏതെങ്കിലും വശം പിടിക്കുകയോ എന്തെങ്കിലും ആശയപ്രചാരണമോ ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. വിഷയത്തെ വസ്തുനിഷ്ഠമായി കാണാനാണ് ശ്രമിച്ചത്. ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് മുന്‍പ് ഞങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. വാനിയുടെ മരണശേഷം കശ്മീര്‍ അടഞ്ഞുകിടന്നിരുന്ന മാസങ്ങളില്‍ ഇതിന് പ്രസക്തിയുണ്ടെന്ന് തോന്നി. തുടര്‍ന്ന് യുട്യൂബില്‍ റിലീസ് ചെയ്യുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാളേറെ പ്രതികരണം യുട്യൂബില്‍ ലഭിച്ചു. കേരളത്തിന് പുറത്തും ക്യാമ്പസുകളിലുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ ശ്രദ്ധ നേടാനായി ചിത്രത്തിന്. ഹൈദരാബാദില്‍ ഒരു പൊതുപ്രദര്‍ശനമുണ്ടായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഫിലിം ഫെസ്റ്റിവലുകള്‍ എന്നതിനേക്കാള്‍ ഇത് കോളെജ് വിദ്യാര്‍ഥികളെ കാണിക്കണമെന്നായിരുന്നു ഞങ്ങള്‍ക്ക്. അവരുടെ പ്രതികരണങ്ങള്‍ എന്താണെന്ന് അറിയണമെന്നും. സാധാരണ കശ്മീരിനെ നോക്കിക്കാണുമ്പോഴുള്ള ഒരു ആഖ്യാനത്തിന് പുറത്തുനിന്ന് ചെയ്തത് എന്ന പ്രതികരണമാണ് ഞങ്ങള്‍ക്ക് മുഖ്യമായും ലഭിച്ചത്. വലതുപക്ഷ കാഴ്ചപ്പാടിയുള്ള ദേശീയതയുടെ കണ്ണിലൂടെയോ അല്ലെങ്കില്‍ വിഘടനവാദപരമോ ആയിരിക്കുമല്ലോ കശ്മീരിലേക്ക് സാധാരണ ഉണ്ടാവാറുള്ള ‘നോട്ടങ്ങള്‍’. അതിനുപകരം വിദ്യാര്‍ഥികളുടെ പ്രതികരണങ്ങളാണ് ഞങ്ങള്‍ അന്വേഷിച്ചത്. പൊതുവെ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യുട്യൂബിലല്ലാതെ കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷത്തെ സൈന്‍സ് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ഫോളന്‍ ചിനാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ കിട്ടിയിരുന്നു. യുട്യൂബില്‍ സിനിമയ്‌ക്കെതിരായ ചില കമന്റുകള്‍, ‘ദേശവിരുദ്ധം’ എന്ന രീതിയിലൊക്കെ വന്നുവെങ്കിലും ഇത്തരത്തില്‍ തടയപ്പെടുന്ന ഒരനുഭവം ആദ്യമാണ്. 
ഷോണ്‍ സെബാസ്റ്റിയന്‍ 
ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍ 
ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍ 

'ഫോളന്‍ ചിനാറി'നൊപ്പം പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ചിത്രങ്ങള്‍ രോഹിത്ത് വെമുലയെക്കുറിച്ചും ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളെക്കുറിച്ചുമുള്ളതായതിനാല്‍ ഒരു 'കൂട്ടിവായിക്കല്‍' ആവശ്യമുണ്ടെന്നും പറയുന്നു ഷോണ്‍. “മൂന്ന് സിനിമകളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ആര്‍ക്കൊക്കെയോ താല്‍പര്യമില്ലാത്തവയാണ്. ഡോക്യുമെന്ററി എന്ന മാധ്യമത്തിന്റെ കാര്യം പറഞ്ഞാല്‍ സെന്‍സര്‍ഷിപ്പിന് പുറത്തുനില്‍ക്കുന്ന, നില്‍ക്കേണ്ട മീഡിയമാണ് അത്. ലോകത്തെ ഒരു ഡോക്യുമെന്ററി ഫെസ്റ്റിവലിലും ആരും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കാറില്ല. തിരുവനന്തപുരം ഫെസ്റ്റിവലിലും സെലക്ഷന്‍ സമയത്ത് സെന്‍സര്‍ഷിപ്പ് നിര്‍ബന്ധമല്ല. പകരം സംവിധായകന്റെ ഒരു സാക്ഷ്യപ്പെടുത്തല്‍ മാത്രം മതി. ഡോക്യുമെന്ററികള്‍ പറയുന്ന വിഷയങ്ങള്‍ ഒരുപക്ഷേ ഭരണസംവിധാനത്തിനോ അതുപോലെയുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കോ ദഹിക്കുന്നതായിരിക്കില്ല. ഡോക്യുമെന്ററി എന്ന മീഡിയത്തിന്റെ ഉദ്ദേശം തന്നെ അതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരം വിഷയങ്ങളെ അഭിസംബോധന ചെയ്തില്ലെങ്കില്‍ പിന്നെ ഡോക്യുമെന്ററിയുടെ ആവശ്യമില്ല. ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാനാവൂ എന്ന് വരുമ്പൊഴും പിന്നെ ഈ മീഡിയത്തിന്റെ ആവശ്യമില്ല.”

പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട വാര്‍ത്തയ്ക്ക് പിന്നാലെ ഒട്ടേറെ അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും കൊണ്ടോട്ടിയിലും കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമൊക്കെ പുതുതായി സ്‌ക്രീനിംഗുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പറയുന്നു ഫാസില്‍. അതേസമയം ഇത്തരം സ്‌ക്രീനിംഗുകളിലും വാക്കാലുള്ള ഐക്യദാര്‍ഢ്യപ്രകടനങ്ങളിലുമൊക്കെയായി മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍, ചിത്രം അവതരിപ്പിക്കാന്‍ ശ്രമിച്ച കേന്ദ്രവിഷയത്തിലേക്ക് കടക്കാതെ 'പ്രതിഷേധങ്ങള്‍' അവസാനിക്കുമോ എന്നും..

ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍ 
ഇന്‍ ദി ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍ 
“ഇന്ത്യയില്‍ മൊത്തത്തിലുള്ള ഒരു സ്ഥിതി എന്താണെന്നുവെച്ചാല്‍ കലയ്‌ക്കെതിരായ ഭരണകൂട നീക്കങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമൊന്നും പലപ്പോഴും ആ വര്‍ക്കുകള്‍ പറയുന്ന വിഷയങ്ങളിലേക്ക് എത്താറില്ല. കലയ്ക്ക് പ്രാധാന്യം ലഭിക്കുമ്പോള്‍ അത് പറയുന്ന വിഷയങ്ങള്‍ പലപ്പൊഴും തിരസ്‌കരിക്കപ്പെടുന്നു. എന്നെ സംബന്ധിച്ച് ഞങ്ങളുടെ ചിത്രം നിരോധനം നേരിടുന്നതിനേക്കാള്‍ വലിയ വിഷയം കശ്മീരിലെ ഒരു വിദ്യാര്‍ഥിയെ സമരം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നതാണ്. ഒരു സിനിമ നിരോധിച്ചാല്‍ പ്രതിഷേധിച്ച് പുറത്ത് സ്‌ക്രീംനിംഗുകള്‍ എങ്ങനെ നടത്താമെന്നായിരിക്കും സാധാരണ നമ്മുടെ ആലോചനകള്‍. കേരളത്തില്‍ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ തുടര്‍ന്ന് എന്താണുണ്ടാവുകയെന്ന് നമുക്ക് കൃത്യമായി പ്രവചിക്കാന്‍ പറ്റും. ഇപ്പോഴത്തെ കാര്യങ്ങളുടെ പരിണതി എന്താവുമെന്നാണ് നോക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇതിന്റെ ഫോളോഅപ്പുകള്‍ ഒന്നുമുണ്ടാവണമെന്നില്ല. കേന്ദ്രം അനുമതി തന്നില്ല, അതുകൊണ്ട് കാണിക്കാന്‍ പറ്റുന്നില്ല എന്നൊരു ഒറ്റവരി ഉത്തരത്തില്‍ ചര്‍ച്ചകള്‍ അവസാനിക്കാം. ഒരു ഇഷ്യൂവിലേക്ക് അടുക്കുമ്പോള്‍, എന്തോ അങ്ങനെയാണ് നമ്മള്‍..” 

ലോകത്തെ ഏത് വിഷയത്തെയും സംബന്ധിച്ച് നിലപാടുള്ള മലയാളികള്‍ക്ക് കശ്മീര്‍ വിഷയത്തില്‍ അങ്ങനെയൊന്ന് കണ്ടിട്ടില്ലെന്നും പറയുന്നു ഫാസില്‍. “കണ്ണൂരില്‍ അഫ്‌സ്പ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യം ഉന്നയിക്കുമ്പോള്‍പ്പോലും നമ്മള്‍ കശ്മീരിനെക്കുറിച്ച് സംസാരിക്കുന്നില്ല. കോടിയേരിയുടെ ഒരു പ്രസ്ഥാവന വിവാദമാവുകയാണ് ചെയ്തത്. പക്ഷേ അദ്ദേഹം പറഞ്ഞതാണ് വാസ്തവം. വിവാദമായപ്പോള്‍ സിപിഎമ്മും അതിനെ പ്രതിരോധിക്കുന്നതാണ് കണ്ടത്. കേന്ദ്രസര്‍ക്കാര്‍ ഏറ്റവും പ്രതിരോധാത്മക നിലപാടെടുക്കുന്ന മൂന്ന് വിഷയങ്ങളിന്മേലുള്ള ഡോക്യുമെന്ററികള്‍ക്കാണ് തിരുവനന്തപുരത്ത് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സിപിഎമ്മിനെ സംബന്ധിച്ച് ഈ വിഷയങ്ങളില്‍ ഒരു കൃത്യം നിലപാടെടുക്കേണ്ട സമയമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തൊക്കെയാണ് 'ദേശവിരുദ്ധ'മെന്ന് ആളുകള്‍ക്ക് മൊത്തത്തില്‍ ആശയക്കുഴപ്പമുണ്ട്. എന്തൊക്കെ പറഞ്ഞാലാണ് 'ദേശവിരുദ്ധ'മാവുക എന്ന്. എനിയ്ക്കുണ്ട് ആ സംശയം. അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് സമൂഹത്തില്‍ ഒരു ഭീതി വരുമ്പോള്‍ ഒന്നും പറയാതിരിക്കുക എന്നതാണ് സാധാരണ അഭിലഷണീയമായ കാര്യം. അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടാണിപ്പോള്‍ ഈ അനുഭവം.”

ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഡോക്യുമെന്ററി ഫെസ്റ്റിവലാണ് തിരുവനന്തപുരത്തേതെന്നും അതിന്റെ നടത്തിപ്പില്‍ കൈകടത്താനുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നീക്കം അപകടകരമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു ഷോണ്‍ സെബാസ്റ്റിയന്‍.

ഷോണ്‍ സെബാസ്റ്റിയന്‍, ഫാസില്‍ എന്‍.സി. 
ഷോണ്‍ സെബാസ്റ്റിയന്‍, ഫാസില്‍ എന്‍.സി. 
“ഇന്ത്യയില്‍ ഇന്ന് ഒരുപാട് ഡോക്യുമെന്ററി ഫെസ്റ്റിവലുകള്‍ നടക്കുന്നുണ്ട്. അവിടേക്കെല്ലാം വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ കണ്ണ് പോകുയും അവര്‍ക്ക് താല്‍പര്യമില്ലാത്ത വിഷയങ്ങള്‍ വേണ്ടെന്നുവെക്കുകയും ചെയ്തുകഴിഞ്ഞാല്‍ ഡോക്യുമെന്ററി ഫിലിം മേക്കേഴ്‌സിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അത് ബാധിക്കും. ഇതിനെതിരേ ഒരു പ്രതികരണം ഉണ്ടായില്ലെങ്കില്‍ വരും നാളുകളിലും ഇത് ആവര്‍ത്തിക്കും. ഇത് ഈ ഫെസ്റ്റിവലില്‍ ഞങ്ങളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കുണ്ടായ ദുരനുഭവം എന്ന നിലയ്ക്കല്ല കാണുന്നത്. മറിച്ച് ഡോക്യുമെന്ററി സെന്‍സര്‍ഷിപ്പിന് എതിരേയുള്ള ഒരു പ്രതിരോധം വിജയിക്കുക എന്നതിലാണ് കാര്യമെന്നും കരുതുന്നു. പറയുന്നത് എല്ലാവര്‍ക്കും സ്വീകാര്യമല്ലെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ പറയുന്നത് ഇഷ്ടപ്പെടാത്തവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും അത് കാണാനുള്ള ഒരു അവസരമുണ്ടാവണം. താല്‍പര്യമില്ലാത്തത് നിരോധിക്കുകയല്ലല്ലോ വേണ്ടത്. മറിച്ച് ഒരു ചര്‍ച്ചയ്ക്ക് അത് സഹായകമാവില്ലേ? അതല്ലേ ഉണ്ടാവേണ്ടത്?”