അന്തിച്ചാനലുകള്‍ സൈബറിടങ്ങളിലെ ചായക്കടകള്‍

August 25, 2017, 5:42 pm


അന്തിച്ചാനലുകള്‍ സൈബറിടങ്ങളിലെ ചായക്കടകള്‍
Spotlight
Spotlight


അന്തിച്ചാനലുകള്‍ സൈബറിടങ്ങളിലെ ചായക്കടകള്‍

അന്തിച്ചാനലുകള്‍ സൈബറിടങ്ങളിലെ ചായക്കടകള്‍

ചാനല്‍ ചര്‍ച്ചകള്‍ ചായക്കടയിലെ വായ്ത്താരി മാത്രമാണെന്ന് ഹൈക്കോടതി. ചായക്കടയില്‍ പോവുകയോ മലയാളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ മനസിലാക്കുകയോ ചെയ്യാത്ത ആളാണ് ബിഹാറില്‍ നിന്നെത്തിയ ചീഫ് ജസ്റ്റീസ്. സഹജഡ്ജിമാരില്‍ നിന്നാകാം അദ്ദേഹത്തിന്റെ അഭിപ്രായം രൂപപ്പെട്ടത്. അതിനോട് ഞാന്‍ ആദരവോടെ യോജിക്കുന്നു. പൊതു ഇടങ്ങളിലാണ് ജനാധിപത്യം വളര്‍ന്നതും നിലനില്‍ക്കുന്നതും. ഏഥന്‍സിലെ അങ്ങാടിയിലാണ് ജനാധിപത്യ സംവാദങ്ങള്‍ ആരംഭിച്ചത്.

ഒരിക്കല്‍ ലോക്‌സഭ ബഹളത്തില്‍ മുങ്ങിയപ്പോള്‍ ഇത് മീന്‍ചന്തയാണോയെന്ന് അന്നത്തെ സ്പീക്കര്‍ സങ്മ ക്രോധത്തോടെ ചോദിച്ചു. അദ്ദേഹത്തെ ജനാധിപത്യത്തിന്റെ ഉത്ഭവചരിത്രം വിനയത്തോടെ അനുസ്മരിപ്പിക്കേണ്ടി വന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ആവിര്‍ഭാവത്തോടെ പൊതുജനങ്ങളുടെ സമ്പൂര്‍ണ പങ്കാളിത്തം ജനാധിപത്യത്തില്‍ ഇല്ലാതായി. അവര്‍ കേവലം സമ്മതിദായകര്‍ മാത്രമായി. അവര്‍ക്കുവേണ്ടി പാര്‍ലമെന്റിനു പുറത്ത് രൂപപ്പെട്ട പൊതുഇടങ്ങള്‍ ജനാധിപത്യത്തിലെ സംവാദഭൂമിയായി. സംവാദമില്ലാതെ ജനാധിപത്യമില്ല. സംവാദത്തിന് കോടതി ഉപയോഗിച്ച പദമാണ് വായ്ത്താരി.

പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉദയം ചെയ്ത പൊതുഇടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജര്‍മന്‍ ചിന്തകനായ ഹാബെര്‍മാസ് നിരീക്ഷിക്കുന്നുണ്ട്. ഡോ. ജോണ്‍സണ്‍ പ്രസിദ്ധമാക്കിയ ലണ്ടന്‍ കോഫി ഹൗസ് ലക്ഷണമൊത്ത പൊതുഇടമായിരുന്നു. ആ പാരമ്പര്യത്തിലുള്ളതാണ് കേരളത്തിലെ ചായക്കടകള്‍. ചായയും പത്രവുമായി എല്ലാ പ്രഭാതങ്ങളിലും അവിടെ നടക്കുന്ന വിമര്‍ശനാത്മക പൊതുസംവാദത്തിന്റെ സൈബര്‍ അന്തിപ്പതിപ്പാണ് ചാനല്‍ ചര്‍ച്ചകള്‍. ഇതറിഞ്ഞുകൊണ്ടാവണം ചാനല്‍ ചര്‍ച്ചകളെ ചായക്കടയിലെ വായ്ത്താരിയായി കോടതി കണ്ടത്.

ചാനല്‍ ചര്‍ച്ചകളില്‍നിന്ന് കുറേക്കാലമായി വിട്ടുനില്‍ക്കുന്ന ആളാണ് ഞാന്‍. മൈക്കിന്റെ ഉടമയായ അവതാരകന്റെ ഏകപക്ഷീയമായ ധാര്‍ഷ്ട്യത്തോടുള്ള പ്രതിഷേധമാണത്. അപമാനിതനാകുന്നതിനുവേണ്ടി ഇരുന്നുകൊടുക്കേണ്ട കാര്യമില്ല. അര്‍ണാബ് ഗോസ്വാമിയെ റോള്‍ മോഡലായി കാണുന്ന ജൂണിയര്‍ ഗോസ്വാമിമാരാണ് കേരളത്തിലെ അവതാരകര്‍. അവരുടെ ഇരകളായി ഇരുന്നുകൊടുക്കുന്നവരെ പൊതുജനം സ്‌നേഹപൂര്‍വം ചര്‍ച്ചത്തൊഴിലാളികള്‍ എന്നു വിളിക്കുന്നു. പ്രതിഫലമില്ലാത്ത പണിയാണത്. ഉണ്ടെന്നാണ് പൊതുധാരണ. എങ്കിലും ചാനല്‍ ചര്‍ച്ചയുടെ പ്രാധാന്യത്തെ ഞാന്‍ കുറച്ചു കാണുന്നില്ല. അരമനയില്‍ കാണുന്നതും കേള്‍ക്കുന്നതും അങ്ങാടിയില്‍ ചര്‍ച്ചയാകും. രാജാവിന്റെ നഗ്നത അരമനയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. ജനാധിപത്യത്തിലെ അരമനയാണ് കോടതി. അവിടെ അധിപര്‍ പറയുന്നത് ജനം ചര്‍ച്ചയാക്കും.

വാക്കും വിധിയും തമ്മിലുള്ള വ്യത്യാസം അറിയുന്നവരാണ് ജനങ്ങള്‍. അതറിയാത്തവരാണ് അഭിഭാഷകര്‍. അവരുടെ അസഹിഷ്ണുത ന്യായാധിപര്‍ പങ്കുവയ്ക്കരുത്. കോടതിയില്‍ കേള്‍ക്കുന്നത് പുറത്ത് പറയരുതെന്ന് സുപ്രീം കോടതിയിലെ റിപ്പോര്‍ട്ടര്‍മാരോട് ജസ്റ്റീസ് മാര്‍ക്കണ്‌ഠേയ കട്ജു പറഞ്ഞു. അതിലെ അസ്വീകാര്യത ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ഒരു പത്രത്തില്‍ ഞാനെഴുതിയ ലേഖനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. പിന്നീട് പ്രസ് കൗണ്‍സില്‍ ചെയര്‍മാനായപ്പോഴും പത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം ശരിയായിരുന്നില്ല. നിയമകാര്യലേഖകര്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതിനുള്ള ഉദ്യമത്തില്‍നിന്ന് സുപ്രീം കോടതിക്ക് പിന്തിരിയേണ്ടിവന്നു.

ഡ്രസ് കോഡാകാം; റിപ്പോര്‍ട്ടിങ് കോഡ് വേണ്ട

ജനാധിപത്യം ഒരു തരം കലപിലയാണ്. ജനാധിപത്യത്തിലെ കോടതികള്‍ക്കും അതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. കേരളം ബീഹാറാണോ എന്ന് ഒരു ജഡ്ജി ഒരിക്കല്‍ ചോദിച്ചു. അല്ല എന്നാണ് ഉത്തരം. പട്‌ന ഹൈക്കോടതി പറയുന്നത് ബിഹാറിലെ ജനങ്ങള്‍ ശ്രദ്ധിക്കുന്നില്ല. പക്ഷേ കേരളം വ്യത്യസ്തമാണ്. നീതിന്യായപ്രഭുക്കള്‍ പറയുന്നതെല്ലാം തങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കോടതിയില്‍ നടക്കുന്നതും പറയുന്നതും അവര്‍ക്ക് തല്‍ക്ഷണം അറിയണം. അറിയുന്നത് ചര്‍ച്ചയാകും. ചര്‍ച്ചയാണ് ജനാധിപത്യത്തിന്റെ കാതല്‍.

കണ്ണൂരിലെ ബീഡിതെറുപ്പുകാരെക്കുറിച്ചും ചീഫ് ജസ്റ്റീസ് അറിഞ്ഞിരിക്കണം. കൂട്ടത്തിലൊരാളെ പ്രവൃത്തിയില്‍നിന്ന് വിമുക്തനാക്കി ഉറക്കെ പത്രം വായിക്കുന്നതിന് അവര്‍ നിയോഗിക്കുന്നു. അയാളുടെ വേതനം അവര്‍ പിരിവിട്ട് നല്‍കും. കേള്‍ക്കുന്നത് ചര്‍ച്ചയാക്കിക്കൊണ്ടാണ് അവര്‍ ബീഡി തെറുക്കുന്നത്. അതാണ് ജനാധിപത്യം. ഹാബെര്‍മാസ് നിരീക്ഷിച്ചതും ഡോ. ജോണ്‍സണ്‍ പ്രസിദ്ധമാക്കിയതുമായ പൊതുഇടങ്ങള്‍ ഇന്ന് ഡിജിറ്റലായി. സൈബര്‍ ചായക്കടകളാണ് അന്തിക്ക് തുറക്കുന്ന ചാനലുകള്‍. അമ്പലപ്പറമ്പുകള്‍പോലും ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍ സൈബറിടങ്ങള്‍ പൊതുഇടങ്ങളാകുന്നു. അവയെ അവമതിച്ചില്ലാതാക്കരുത്.