ആര്‍ക്കും ക്വട്ടേഷനെടുക്കാവുന്ന മലയാള സിനിമ 

February 22, 2017, 6:23 pm
ആര്‍ക്കും ക്വട്ടേഷനെടുക്കാവുന്ന മലയാള സിനിമ 
Spotlight
Spotlight
ആര്‍ക്കും ക്വട്ടേഷനെടുക്കാവുന്ന മലയാള സിനിമ 

ആര്‍ക്കും ക്വട്ടേഷനെടുക്കാവുന്ന മലയാള സിനിമ 

അധോലോക സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നത് അപൂര്‍വമാണ്, എന്നാല്‍ സിനിമ അധോലോക ഇടങ്ങളുമായി എത്രമാത്രം ചങ്ങാത്തത്തിലാണെന്ന് മനസിലാകണമെങ്കില്‍ ഫോര്‍ട്ട് കൊച്ചിയിലോ,എറണാകുളത്തെ ഉള്‍പ്രദേശങ്ങളിലോ ഷൂട്ടിംഗ് നടക്കുമ്പോള്‍ നാലോ അഞ്ചോ ദിവസം ചെലവഴിച്ചാല്‍ മതിയാകും. ക്വട്ടേഷന്‍-ഗുണ്ടാ വിളയാട്ടമുള്ള ലൊക്കേഷനുകളില്‍ ചിത്രീകരണ സഹായത്തിനായി ഗത്യന്തരമില്ലാതെയാണ് ഗുണ്ടകളുമായും ക്രിമിനല്‍ ബന്ധമുള്ളവരുമായും തുടക്കത്തില്‍ സഹകരിച്ചിരുന്നത്. എന്നാല്‍ പിന്നീടെപ്പോഴോ ക്രിമിനല്‍ സംഘങ്ങളുടെ നുഴഞ്ഞുകയറ്റം വ്യാപകമായി. നിരവധി കേസുകളില്‍ പ്രതികളായി മുങ്ങിനടക്കുന്നവരുടെ ഒളിത്താവളായും പലവേളകളിലും ലൊക്കേഷനുകള്‍ മാറി. സിനിമാ ലൊക്കേഷനിലേക്ക് മദ്യവും മറ്റ് ലഹരിവസ്തുക്കളും എത്തിക്കുന്നതിനും ലൊക്കേഷന്‍ മാനേജര്‍മാരായും മറ്റ് പല സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങളെയടക്കം പ്രയോജനപ്പെടുത്തുന്നുണ്ട്. പലപ്പോഴും പ്രധാന താരങ്ങളോ സംവിധായകരോ നിര്‍മ്മാതാക്കളോ പോലും തങ്ങളുടെ സിനിമയുമായി ഇവര്‍ സഹകരിക്കുന്ന കാര്യവും ലൊക്കേഷനില്‍ വിലസുന്ന കാര്യവും അറിയണമെന്നില്ല. പ്രൊഡക്ഷന്‍ മാനേജര്‍മാരും കണ്‍ട്രോളര്‍മാരുമൊക്കെയാവും ഇവരുടെ അടുപ്പക്കാര്‍.

2006-2007 കാലയളവില്‍ മട്ടാഞ്ചേരിയിലും കൊച്ചിയിലുമായി ചിത്രീകരിച്ച അധോലോക പശ്ചാത്തലമുള്ള രണ്ട് സിനിമകളുടെ ചിത്രീകരണം ഗുണ്ടാപ്പിരിവ് നല്‍കാത്തത് മൂലം ക്വട്ടേഷന്‍ ടീമംഗങ്ങള്‍ തടസ്സപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആദ്യകാലത്ത് സിനിമാ ലൊക്കേഷനുകളില്‍ പുറത്തുനിന്നുള്ളവരെ നിയന്ത്രിക്കാനും, പ്രദേശവാസികളിലെ 'വില്ലന്‍മാരുടെ' വിളയാട്ടം ഒതുക്കാനും ചെറിയ കൈമടക്ക് മതിയായിരുന്നു. പിന്നീട് ഗുണ്ടാപ്പിരിവ് നല്‍കുന്നതിന് പകരം ഇത്തരക്കാരെ തന്നെ ലൊക്കേഷന്‍ നിയന്ത്രണ ചുമതല ഏല്‍പ്പിച്ചു. ഇതോടെ സിനിമയ്ക്കകത്തും ക്വട്ടേഷന്‍ ടീമിന്റെ സൈ്വര്യവിഹാരം തുടങ്ങി. ആറ് മാസം മുമ്പ് ഫോര്‍ട്ട് കൊച്ചിയില്‍ ഒരു ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ വീട്ടമ്മ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ചോദ്യം ചെയ്യാനെത്തിയത് ക്വട്ടേഷന്‍ ടീമംഗമാണ്. അതിന് മുമ്പ് നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഫോര്‍ട്ട് കൊച്ചിയില്‍ ചെറുകിട വ്യാപാരികളുടെ വ്യാപാരം തടസ്സപ്പെടുത്തി ചിത്രീകരണം നടത്തുന്നതിനെതിരെ കടയുടമകള്‍ ചോദ്യം ചെയ്തപ്പോള്‍ ലോക്കല്‍ പോലീസും ജനപ്രതിനിധികളും നടപടിയെടുത്തില്ലെന്ന് പരാതിയുണ്ടായിരുന്നു. പരാതി നല്‍കിയ കടയുടമകളെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ ടീമുകളുമെത്തി. സിനിമാ മേഖലയിലുള്ളവരെ വെറുതെ പിണക്കാന്‍ നില്‍ക്കേണ്ടതില്ലല്ലോ എന്ന ചിന്തയിലാണ് ലോക്കല്‍ പോലീസ് ഇടപെടാത്തത്, മുകളില്‍ പിടിയുള്ളതിനാല്‍ സിനിമയിലുള്ളവരെ തൊട്ടാല്‍ പണി കിട്ടുമെന്ന പേടിയും.

24x7 സേവനകേന്ദ്രമാകുന്ന ഗുണ്ടകളും ക്രിമിനലുകളും

ഔട്ട് ഡോര്‍ ചിത്രീകരണത്തില്‍ സിനിമയുടെ രഹസ്യസ്വഭാവം നിലനിര്‍ത്താനും ചിത്രീകരണം കാണാനെത്തുന്നവര്‍ താരങ്ങള്‍ക്കായി തിക്കുംതിരക്കുമുണ്ടാക്കുന്നത് തടയാനും മൊബൈല്‍ ഉപയോഗിച്ചും ക്യാമറയിലും ചിത്രീകരണ രംഗങ്ങള്‍ പകര്‍ത്തുന്ന ഒഴിവാക്കാനുമാണ് ലൊക്കേഷന്‍ സഹായികളാണ് ക്വട്ടേഷന്‍ ടീമുകള്‍ രംഗത്തിറങ്ങുന്നത്. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും സിനിമാ ചിത്രീകരണം മലയാളമോ മറുഭാഷയോ ആകട്ടെ ലൊക്കേഷന്‍ സേവനത്തിന് ഗുണ്ടാപ്പട റെഡിയാണ്. ചിത്രീകരണം മുലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തി രംഗത്തുവരുന്ന പ്രാദേശവാസികളെ മെരുക്കാനും ഇവര്‍ക്കാകും. സിനിമയുടെ ചിത്രീകരണം ആതിരപ്പളളിയിലോ പൊന്‍മുടിയിലോ വാഗമണ്ണിലോ മൂന്നാറിലോ ഏതെങ്കിലും വനമേഖലയിലോ ആകട്ടെ നാടന്‍മദ്യവും വെടിയിറച്ചിയുമൊക്കെയായി നിര്‍മ്മാതാവിനെയും ചലച്ചിത്രപ്രവര്‍ത്തകരെയും തൃപ്തരാക്കാന്‍ ഇവരെത്തും. ഗത്യന്തരമില്ലാതെയും ഇത്തരക്കാരെ സിനിമയുമായി സഹകരിപ്പിക്കാറുണ്ട്. ചിത്രീകരണം നടക്കുന്ന പ്രദേശത്ത് സ്വാധീനമുള്ള ഇക്കൂട്ടരെ പിണക്കിയാലുള്ള ഭവിഷ്യത്താവും ചലച്ചിത്രമേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കുക. രാത്രിയോ പകലോ ഇല്ലാതെ സേവനം ലഭ്യമാകുമെന്നതാണ് ലൊക്കേഷനില്‍ ക്വട്ടേഷന്‍ ടീമിനെ ഉപയോഗപ്പെടുത്താന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ പ്രേരിപ്പിക്കുന്നത്. കഞ്ചാവോ മറ്റ് ലഹരിവസ്തുക്കളോ സിനിമാ പ്രവര്‍ത്തകര്‍ക്ക് എത്തിക്കുന്നതിലും മുന്‍നിരയിലും ഇവരുണ്ട്.

ദിവസം 25,000 രൂപ മുതല്‍ പ്രതിഫലം, ഗുണ്ടാനേതാവിന് ഒരു റോള്‍

കൊച്ചിയിലെ ചില ഏരിയകളാണ് ഏറ്റവും പ്രശ്നമെന്ന് പറയുന്നു മലയാളത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. “തീരമേഖലയിലും അങ്കമാലി, ചാവക്കാട് മേഖലകളിലും പ്രാദേശിക പിന്തുണയേക്കാള്‍ ക്വട്ടേഷന്‍ ടീമുകളുടെ സമ്മതമാണ് പ്രധാനം. പൊലീസിലൊന്നും പരാതിപ്പെട്ടിട്ട് കാര്യമുണ്ടാവില്ല. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ഏലൂര്‍, ശാന്തിനഗര്‍ എന്നിവിടങ്ങളാണ് കൊച്ചിയിലെ 'പ്രശ്നബാധിത' ഏരിയകള്‍. തീരെ ഒഴിവാക്കാന്‍ പറ്റാത്തതാണ് ആ ലൊക്കേഷനുകളെങ്കിലേ സിനിമക്കാര്‍ അവിടേക്ക് പോകാറുള്ളൂ. തോപ്പുംപടി, മരട്, കുണ്ടന്നൂര്‍, നെട്ടൂര്‍, തൃപ്പൂണിത്തുറ, തിരുവാങ്കുളം എന്നിവിടങ്ങളിലൊന്നും പ്രശ്നമുണ്ടാവാറില്ല. ചെറിയ സിനിമകള്‍ക്ക് ഒരു ദിവസത്തെ ചിത്രീകരണം മുടങ്ങിയാല്‍ ഒന്നര-രണ്ട് ലക്ഷം രൂപ നഷ്ടം വരും. സൂപ്പര്‍സ്റ്റാര്‍ സിനിമയാണെങ്കില്‍ ഏഴ്-എട്ട് ലക്ഷം രൂപയും. എട്ട് പോന്നതിനേക്കാള്‍ 50,000 കൊടുത്ത് നടക്കട്ടേ എന്ന് ചിന്തികും. സിനിമാനിര്‍മ്മാതാവ് ഒരു കറവപ്പശുവാണ്. പരിചയക്കാരുണ്ടെങ്കില്‍ ചിലര്‍ റേറ്റ് കുറയ്ക്കാന്‍ തയ്യാറാവാറുണ്ട്. തിരുവനന്തപുരത്തും തൃശൂരും ചില പ്രത്യേക സ്ഥലങ്ങളില്‍ ഈ പ്രശ്നമുണ്ട്. പക്ഷേ കൊച്ചി പോലെ മലയാളസിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷനായ തൊടുപുഴയിലൊന്നും ഈ പ്രശ്നമില്ല. ഒരു ഗാനരംഗമെങ്കിലും കൊച്ചിയില്‍ ചിത്രീകരിക്കാത്ത മലയാളസിനിമകള്‍ അപൂര്‍വ്വമാണിന്ന്. തുക വാങ്ങിക്കൊടുത്താല്‍ ലൊക്കേഷന്‍ മാനേജര്‍മാര്‍ക്ക് ചെറിയ കമ്മിഷനുണ്ട്. ഡെയ്ലി 5,000 രൂപയൊക്കെ ലൊക്കേഷന്‍ മാനേജര്‍ക്ക് വിഹിതം കിട്ടും. ”

പക്ഷേ കൊച്ചിയെന്നല്ല, കേരളത്തില്‍ മിക്കയിടങ്ങളിലും കടപ്പുറം ചിത്രീകരിക്കണമെങ്കില്‍ ഗുണ്ടാപ്പിരിവ് കൊടുക്കണമെന്ന് മലയാളത്തിലെ ഒരു മുന്‍നിര സംവിധായകന്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറയുന്നു..

‘’നിയമപരമായ അനുമതികള്‍ ഇല്ലാതെ ഒരു സ്ഥലത്തും ഒരു സിനിമാക്കാരനും ഷൂട്ട് ചെയ്യുന്നില്ല. അങ്ങനെ പറ്റില്ല. സര്‍ക്കാര്‍ അനുമതി ആവശ്യമുള്ള സ്ഥലമാണെങ്കില്‍ ട്രഷറിയില്‍ പണമടച്ച്, പൊലീസ് സ്റ്റേഷനില്‍ നിന്ന് കത്ത് വാങ്ങിയിരിക്കും. പക്ഷേ അതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ചിത്രീകരണം നടത്തിപ്പോകാമെന്ന് കരുതണ്ട. അതിന് മറ്റ് ചിലരുടെ അനുമതി കൂടി വേണം. ചിത്രം മുടക്കാന്‍ സാധ്യതയുള്ള സാമൂഹ്യവിരുദ്ധര്‍ക്ക് അത് മുടക്കാതിരിക്കാനുള്ള ഗുണ്ടാപ്പിരിവ് നല്‍കണം. പത്ത് പേര്‍ സംഘം ചേര്‍ന്ന് വന്നാല്‍ മതിയല്ലോ നമ്മുടെ ചിത്രീകരണം മുടങ്ങാന്‍’’

ബൗണ്‍സേഴ്‌സ് ടീമിന്റെ റോളിലും ക്വട്ടേഷന്‍ അംഗങ്ങള്‍

മലയാള സിനിമയില്‍ അധോലോക നിയന്ത്രണമുണ്ടെന്ന് വെളിപ്പെടുത്തിയത് താരസംഘടനയായ അമ്മ വൈസ് പ്രസിഡന്റും യുഡിഎഫ് ഭരണകാലത്ത് സിനിമാ മന്ത്രിയുമായിരുന്ന നടന്‍ കെബി ഗണേഷ്‌കുമാറാണ്. സിനിമാമേഖലുടെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലും തുറന്നടിച്ചിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞത് ക്രിമിനലുകളുടെ സിനിമാ മേഖലയിലുള്ള നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ്. കൂട്ടത്തിലുള്ള ഒരു താരം ക്രൂരമായി ആക്രമിക്കപ്പെട്ട ഘട്ടത്തില്‍ മാത്രമാണ് മറ്റ് സിനിമാ മേഖലയെക്കാള്‍ സംഘടനകളുടെ ആധിക്യമുള്ള മലയാള സിനിമാ മേഖല സിനിമയിലെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് മിണ്ടിത്തുടങ്ങിയത്.

താരനിശകളിലും അവാര്‍ഡ് നിശകളിലും പ്രധാന താരങ്ങള്‍ക്ക് അകമ്പടിയായി അവരെ വേദിയിലേക്ക് ആനയിക്കാന്‍ പലപ്പോഴുമെത്തുന്നത് സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളുടെ യൂണിഫോം ധരിച്ച ക്വട്ടേഷന്‍ അംഗങ്ങളാണ്. സെലിബ്രിറ്റികളുടെ സുരക്ഷാ ചുമതല ഏറ്റെടുത്ത് ലൊക്കേഷനിലും പൊതുചടങ്ങുകളിലും സജീവസാന്നിധ്യമായ ബൗണ്‍സേഴ്‌സ് എന്നറിയപ്പെടുന്ന സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളുടെ കൂട്ടത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.

റിയല്‍ എസ്റ്റേറ്റും ബിസിനസ് പങ്കാളിത്ത വാഗ്ദാനങ്ങളും

ഒരു നടനോ നടിയോ സംവിധായകനോ തുടര്‍ച്ചയായ സാമ്പത്തിക വിജയമുള്ള സിനിമകളുടെ ഭാഗമാവുകയും താരമൂല്യം ഉയര്‍ത്തുകയും ചെയ്താല്‍ റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരും വ്യവസായ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നവരും ഇവരുടെ പിന്നാലെ കൂടും. കേരളത്തിലോ ഗള്‍ഫിലോ ഉള്ള കമ്പനികളില്‍ ഓഹരി പങ്കാളിത്തമോ സഹകരണമോ ആഗ്രഹിച്ചാണ് ഇവരെ സമീപിക്കുന്നത്. താരങ്ങളുടെയോ സംവിധായകന്റെ സെലിബ്രിറ്റി പ്രതിഛായ തങ്ങളുടെ ബിസിനസിന് ഗുണമുണ്ടാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ പേരുമെത്തുന്നത്. മുതല്‍മുടക്കില്ലാതെ ലഭിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ കൊതിപൂണ്ട് താരങ്ങളോ സംവിധായകരോ ഇവരുമായി സൗഹൃദത്തിലും ബിസിനസ് പങ്കാളിത്തത്തിലും ഏര്‍പ്പെടും. പലപ്പോഴും തങ്ങളെ തേടിയെത്തുന്ന ബിസിനസുകാരന്റെ പശ്ചാത്തലത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇവര്‍ക്ക് വലിയ പിടിയുണ്ടാകില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരും, തട്ടിപ്പുകേസുകളുടെ പശ്ചാത്തലമുളളവരും,ക്രിമിനല്‍ ബന്ധമുള്ളവരുമെല്ലാം ഇത്തരത്തില്‍ ചലച്ചിത്രലോകവുമായി ചങ്ങാത്തത്തിലും കൂട്ടുകച്ചവടത്തിലുമാകുന്നു.

റിയല്‍ എസ്‌റ്റേറ്റ് മാഫിയയും അവരുടെ പ്രധാന താല്‍പ്പര്യമേഖലയായി സിനിമയെ പരിഗണിക്കുന്നത് ചുരുങ്ങിയ കാലയളവില്‍ വലിയ പണം സമാഹരിക്കാവുന്ന ഇടം എന്ന നിലയ്ക്കും സുതാര്യമല്ലാതെ സാമ്പത്തിക ഇടപാടുകള്‍ താല്‍പ്പര്യപ്പെടുന്നവര്‍ കൂടുതലുള്ള മേഖല എന്നതിനാലുമാണ്. റിയല്‍ എസ്റ്റേറ്റിന് സമാനമായി കളളപ്പണത്തിന്റെ വിനിമയം നടക്കുന്ന ഇടമാണ് ചലച്ചിത്ര വ്യവസായം. കേരളത്തിലെ ഏത് ജില്ലയിലാണെങ്കിലും കണ്ണായ ഇടത്ത് നടക്കുന്ന വസ്തുക്കച്ചവടത്തില്‍ വിലപേശല്‍ ഘട്ടത്തില്‍ മറുഭാഗത്ത്് നിലയുറപ്പിക്കുന്നവരില്‍ സിനിമാ നിര്‍മ്മാതാവോ താരങ്ങളോ മിക്കവാറും കാണും. നികുതിവെട്ടിപ്പിനായി ഏറ്റവും എളുപ്പത്തില്‍ നിക്ഷേപിക്കാവുന്ന മേഖല എന്നതും ചലച്ചിത്രവ്യവസായവും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായുള്ള സൗഹൃദ ദൃഢതയ്ക്ക് ഒരു കാരണമാണ്. ഹ്രസ്വകാലം മാത്രമാണ് സിനിമയിലെ കരിയര്‍ എന്ന് ചിന്തിക്കുന്ന നടിമാരുടെ മാതാപിതാക്കളെ ഇക്കാര്യത്തില്‍ സ്വാധീനിക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ക്ക് എളുപ്പം സാധിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പുകേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടീനടന്‍മാര്‍ കുടുങ്ങുന്ന സാഹചര്യം ഇത് കൂടിയാണ്. താരമൂല്യത്തില്‍ ഉള്‍പ്പെടെ വലിയ മാറിമറിച്ചില്‍ സംഭവിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മേഖലയില്‍ പണം നിക്ഷേപിച്ചാല്‍ സിനിമ ഇല്ലാതെ വീട്ടിലിരിക്കേണ്ടി വന്നാലും ബുദ്ധിമുട്ടില്ലെന്ന ചിന്തയില്‍ പല മേഖലയിലും മുതല്‍മുടക്കിയ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെയുണ്ട്. എന്നാല്‍ സാമ്പത്തിക സഹകരണത്തില്‍ ഏര്‍പ്പെടുന്നവരുടെ പശ്ചാത്തലമോ വിശ്വാസ്യതയോ കൃത്യമായി മനസിലാക്കിയെടുക്കാന്‍ പലര്‍ക്കും കഴിയാറില്ല.

വിസിറ്റിംഗ് പ്രൊഡ്യൂസേഴ്‌സും, സാമ്പത്തിക ഇടപാടുകളുടെ ഇടനിലയും

തമിഴ്,തെലുങ്ക് സിനിമാ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള നിര്‍മ്മാതാക്കളും പ്രമുഖ ബാനറുകളുമാണ് നിര്‍മ്മാണരംഗം നിയന്ത്രിക്കുന്നത്. മലയാളത്തില്‍ നേരേ തിരിച്ചാണ് കാര്യം. മലയാളത്തില്‍ നീണ്ടവര്‍ഷക്കാലം സിനിമാ നിര്‍മ്മാണവുമായി സജീവമായിരുന്ന പല പ്രധാന ബാനറുകളും സിനിമാ മേഖല വിട്ടു. അവശേഷിക്കുന്ന പത്തില്‍ താഴെ വരുന്ന ബാനറുകള്‍ അപൂര്‍വമായാണ് സിനിമകള്‍ നിര്‍മ്മിക്കാറുളളത്. ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വരുന്ന വിസിറ്റിംഗ് പ്രൊഡ്യൂസേഴ്‌സാണ് കൂടുതലും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുതിയ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി മാനദണ്ഡവും നിബന്ധനയുമൊക്കെ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും കൈ നിറയെ കാശുള്ള നിര്‍മ്മാതാവിന്റെ സാമ്പത്തിക പശ്ചാത്തലമോ ക്രിമിനല്‍ പശ്ചാത്തലമോ സിനിമാ വ്യവസായത്തിലേക്കുള്ള വരവിന് തടസമാകാറില്ല. സിനിമാ നിര്‍മ്മാതാവായി ചലച്ചിത്രലോകവുമായി ബന്ധം സ്ഥാപിച്ച് ക്രിമിനല്‍ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ആഗ്രഹിച്ചെത്തുന്നവരും നിരവധി. സിനിമാ നിര്‍മ്മാതാക്കള്‍ വലിയ തോതില്‍ പലിശ ഇടപാടുകാരെ ആശ്രയിക്കുന്നതും, ഇടപാടുകളുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ മേഖലയിലുള്ളവരും ക്വട്ടേഷന്‍ സംഘങ്ങളുമായി ചങ്ങാത്തം രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായി സിനിമയെ കാണുന്നവരുമുണ്ട്. ബിനാമിയായി ഒരു നിര്‍മ്മാതാവിനെ മുന്നില്‍ നിര്‍ത്തി സിനിമാ നിര്‍മ്മാണത്തിന് പണമിറക്കുന്നവരും കുറവല്ല. താരങ്ങളുമായി സഹകരിച്ചോ, സംവിധായകരുമായോ പ്രധാന നിര്‍മ്മാതാക്കളുമായോ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടോ ആയിരിക്കും നിര്‍മ്മാതാവായുള്ള ഇവരുടെ രംഗപ്രവേശം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട ഫയാസ് മലയാള സിനിമയില്‍ മുതല്‍മുടക്കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രമുഖ നിര്‍മ്മാതാവിന് നേരെ തോക്കുചൂണ്ടി ഭീഷണി മുഴക്കിയ പണമിടപാട് മാഫിയയെക്കുറിച്ചും സിനിമാ മേഖലയില്‍ ചര്‍ച്ചയുണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രയില്‍ നടിയുടെ ഡ്രൈവറായി ആദ്യം നിയോഗിക്കപ്പെട്ടത് പള്‍സര്‍ സുനിയെ ആയിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ വ്യക്തമാക്കിയിരുന്നു. സുനി അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് അയാള്‍ നിശ്ചയിച്ച മാര്‍ട്ടിന്‍ പകരക്കാരനായത്. വര്‍ഷങ്ങളായി ക്രിമിനലായി വിലസുന്ന, ബ്ലാക്ക്‌മെയിലിംഗ് ഉള്‍പ്പെടെ പല കേസുകളിലും പ്രതിയായ ക്രിമിനല്‍ പ്രധാന നായകനും നായികയ്ക്കും ഡ്രൈവറായി എത്തുന്നത് ഭീതിത സാഹചര്യം കൂടിയാണ് ഈ ഘട്ടത്തില്‍ ആലോചിക്കേണ്ടത്. ഒരു പള്‍സര്‍ സുനിയില്‍ തീരുന്നില്ല ക്രിമിനല്‍ പശ്ചാത്തലമുളളവരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരും ക്വട്ടേഷന്‍ ഇടപാടുകാരുമെല്ലാം താരങ്ങളുടെ ഡ്രൈവര്‍മാരായും സഹായിമാരായും ലൊക്കേഷന്‍ മാനേജര്‍മാരായും വിലസുന്നുണ്ട്. പ്രശസ്തിയും താരപ്രതിഛായയും സംരക്ഷിക്കാനായും താരപ്രതിഛായ ബാധ്യതയാകുന്ന ചില കാര്യങ്ങളില്‍ വഴിവിട്ട സഹായത്തിനും ഇത്തരക്കാരെ ഉപയോഗിക്കുമ്പോള്‍ വരാനിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച് ഇവര്‍ ബോധവാന്മാരാകുന്നില്ല.

മറ്റ് വ്യവസായമേഖകളെ അപേക്ഷിച്ച് ഒട്ടും സുതാര്യമല്ല ചലച്ചിത്രലോകം. സിനിമയില്‍ ആര് പണം മുടക്കുന്നു എന്നത് മുതല്‍ താരങ്ങളുടെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലം, സിനിമ തിയറ്ററുകളില്‍ നിന്ന് നേടുന്ന വരുമാനം എന്നിവയൊന്നും കൃത്യമായി പുറത്തുവരാറില്ല. പണം മുടക്കുന്നയാള്‍ക്ക് നികുതിവെട്ടിപ്പിന് സഹായകമായ ഇടമെന്ന സുരക്ഷിതത്വം ചലച്ചിത്ര വ്യവസായം നല്‍കുന്നുണ്ട്. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ ബിനാമി പണം ഒഴുകുന്നത് കഴിഞ്ഞ കുറേവര്‍ഷങ്ങളിലായി കൂടിയിട്ടുണ്ട്. സിനിമയിലെ ക്രിമിനല്‍വല്‍ക്കരണം ഇല്ലാതാക്കി ശുദ്ധീകരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞെങ്കിലും അത് നടപ്പാക്കുക അത്ര എളുപ്പമാവില്ല. നിലവില്‍ മൂന്നോ നാലോ സംഘടനകളുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ചലച്ചിത്രനിര്‍മ്മാണം നടക്കുന്നത്. ഫിലിം റെഗുലേറ്ററി അതോറിറ്റിയും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പാക്കുന്നതോടെ സിനിമാ മേഖലയില്‍ സര്‍ക്കാരിന് ഇടപെടല്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലായിരിക്കാം എകെ ബാലന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ക്ക് മുതല്‍മുടക്കാനും നിര്‍മ്മാണപങ്കാളിയാകാനും അവസരമുള്ളിടത്തോളം ഈ ശുദ്ധീകരണം പ്രഖ്യാപനമായി ഒതുങ്ങും.