എന്‍ജിനിയറിങ് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി

August 11, 2017, 6:30 pm


എന്‍ജിനിയറിങ് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി
Spotlight
Spotlight


എന്‍ജിനിയറിങ് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി

എന്‍ജിനിയറിങ് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി

25 വർഷമായി എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നു. ഐ ഐ ടി ബോംബെ യിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ പി എച് ഡി നേടിയിട്ടുണ്ട്. ഇപ്പോൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറ്റിങ്ങലിലെ പ്രിൻസിപ്പാൾ ആയി ജോലി ചെയ്യുന്നു.

ഈ വര്‍ഷത്തെ എന്‍ജിനീയറിങ് അഡ്മിഷന്‍ ഈയായഴ്ചയോടെ പൂര്‍ത്തിയാവുകയാണ്. എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ പുറത്തിറക്കിയ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിച്ചാല്‍ സംസ്ഥാനത്തെ മിക്ക എന്‍ജിനിയറിംഗ് കോളെജുകളിലും പഠിക്കാന്‍ കുട്ടികളില്ലെന്ന് കാണാം. ഈ അലോട്ട്മെന്റ് പ്രകാരം സര്‍ക്കാര്‍ കോളെജുകളില്‍ സീറ്റൊഴിവില്ല. സര്‍ക്കാര്‍ നിയന്ത്രിത കോളെജുകളില്‍ ഏകദേശം 70 ശതമാനം സീറ്റുകളില്‍ കുട്ടികള്‍ ചേര്‍ന്നു. എന്നാൽ സ്വകാര്യ സ്വാശ്രയ കോളെജില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഈ മേഖല നേരിടുന്ന പ്രതിസന്ധിയെയും ഇതുമൂലം സമീപ ഭാവിയിലുണ്ടാകാവുന്ന പ്രശ്‌നങ്ങളെയും പരിശോധിക്കുകയാണ് ഈ ചെറു കുറിപ്പിന്റെ ലക്ഷ്യം.

കേരളത്തില്‍ 1993 വരെ ഗവണ്‍മന്റ്/ ഗവണ്‍മന്റ്എയ്ഡഡ് മേഖലകളില്‍ മാത്രമേ എന്‍ജിനിയറിങ് കോളെജുകളുണ്ടായിരുന്നുള്ളൂ. ചുരുക്കം സീറ്റുകള്‍ മാത്രം ലഭ്യമായിരുന്ന അക്കാലത്ത് കേരളത്തിലെ കോളെജുകളില്‍ അഡ്മിഷന്‍ കിട്ടുന്നത് ഉന്നത അക്കാദമിക് നിലവാരം പുലര്‍ത്തുന്നവര്‍ക്ക് മാത്രമായിരുന്നു. ഫീസ് നിരക്ക് നന്നെ കുറവായിരുന്നു. 1993ല്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ കൂടിയ ഫീസോടെ ചെങ്ങന്നൂരില്‍ ഒരു എന്‍ജിനിയറിങ് കോളെജ് തുടങ്ങുകയുണ്ടായി. സ്വാശ്രയ പരീക്ഷണത്തിന്റെ ടെസ്റ്റ് ഡോസായിരുന്നു അത്. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ IHRD, LBS എന്നീ സർക്കാർ സ്ഥപനങ്ങളുടെ നിയന്ത്രണത്തിൽ   കൂടുതല്‍ സ്വാശ്രയ കോളെജുകള്‍ തുറന്നു. ഇവയെല്ലാം തന്നെ ഫീസ് കൂടുതലുള്ളതാണെങ്കിലും നല്ല നിലവാരമുള്ള സ്ഥാപനങ്ങളായി തന്നെ വളര്‍ന്നു.

2001ലെ എകെ ആന്റണി മന്ത്രിസയഭയുടെ കാലത്താണ് എന്‍ജിനിയറിങ് വിദ്യാഭ്യാസ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തത്. അക്കാലത്ത് ഇത് വലിയ വിവാദമായിരുന്നു. അഴിമതി ഒഴിവാക്കാനെന്ന വ്യാജേന ചേദിച്ചവര്‍ക്കെല്ലാം കോളെജുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

എന്‍ജിനിയറിങ് വിദ്യാഭ്യാസ മേഖലയില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത സ്വകാര്യ മുതലാളിമാര്‍ക്കും മത-ജാതി സംഘടനകള്‍ക്കും കോളെജുകള്‍ ലഭിച്ചു. വലിയ മുതല്‍ മുടക്കോടെ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുത്തെങ്കിലും ഈ കോളെജുകള്‍ വിദ്യാഭ്യാസത്തിന് വേണ്ട അടിസ്ഥാന ഘടകമായ അധ്യാപകരെ കണ്ടെത്തുന്നില്‍ തികഞ്ഞ പരാജയമായിരുന്നു. മിക്കയിടങ്ങളിലും റിട്ടയര്‍ ചെയ്ത അധ്യാപകര്‍ പ്രിന്‍സിപ്പല്‍മാരായും തമിഴ്‌നാട്ടില്‍നിന്നൊക്കെ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തവര്‍ അധ്യാപകരാായും അവതരിച്ചു. എന്തിനേറെ ഇവിടെനിന്നിറങ്ങുന്നവരുടെ നിലവാരം കൂപ്പുകുത്തി. വമ്പന്‍ പരസ്യങ്ങളുടെ അകമ്പടികളോടെ ഇവര്‍ കുട്ടികളെ ആകര്‍ഷിച്ചെങ്കിലും ഇവിടങ്ങളിൽ നിന്നിറങ്ങുന്നവരുടെ employability വളരെ കുറവായിരുന്നു.

ഈ കാലയളവില്‍ ഇന്ത്യയില ഐടി വ്യവസായം ഒരു വന്‍ കുതിച്ചു ചാട്ടം നടത്തി. കമ്പനികള്‍ എന്‍ജിനിയറിങ് ഡിഗ്രിയിലുള്ളവരെ ഓടിച്ചിട്ട് പിടിച്ച് റിക്രൂട്ട് ചെയ്തു. സ്വാശ്രയ കോളെജുകള്‍ ഈ അവസരം ശരിക്ക് മുതലെടുത്ത് വന്‍ പരസ്യങ്ങളുടെ അകമ്പടിയോടെ കുട്ടികളെ പ്രവേശിപ്പിക്കുകയും തോന്നുതുപോലെ ഫീസ് ഈടാക്കുകയും ചെയ്തു. പണവും 45 ശതമാനം മാർക്കുമുള്ള ആർക്കും എൻജിനിയറാകാനുള്ള നില വന്നു. ഈ സമയത്തും വൈദഗ്ദ്യം   വേണ്ട   ജോലികൾക്ക് സര്‍ക്കാര്‍ മേഖലയില്‍ പഠിച്ചവരെയായിരുന്നു കമ്പനികള്‍ പരിഗണിച്ചിരുന്നത്. അക്കാദമിക് മികവുള്ള കുട്ടികളും അദ്ധ്യാപകരുമുള്ള സര്‍ക്കാര്‍ കോളെജുകൾ എപ്പോഴും ഒരുപടി മുന്നില്‍ തന്നെയായിരുന്നു.

തുടര്‍ന്നുവന്ന വര്‍ഷങ്ങളിലും സര്‍ക്കാര്‍ ആവശ്യക്കാര്‍ക്കൊക്കെ കോളെജ് അനുവദിച്ചുകൊണ്ടിരുന്നു. 2017ലെ പ്രോസ്പക്ടസ് പ്രകാരം കേരളത്തിലാകെ 174 എന്‍ജിനിയറിങ് കോളെജുകളുണ്ട്. സര്‍ക്കാര്‍ 9, എയ്ഡഡ് 3, സര്‍ക്കാര്‍ നിയന്ത്രിത കോളെജുകള്‍ 25, സ്വകാര്യ സ്വാശ്രയ 137 കോളെജുകള്‍, എന്നിങ്ങനെയാണ് കണക്ക്. ഇതു കൂടാതെ ആർക്കിടെക്ചർ അഗ്രിക്കൾചർ എൻജിനിയറിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ വേറെയും ഉണ്ട്.

ഇതിലെ 137 സ്വകാര്യ കോളേജുകളിൽ മിക്കതും കുട്ടികളെ കിട്ടാതെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഈ 137 കോളെജുകളിലായി ഏകദേശം 12000 ത്തോളെ ജീവനക്കാരുണ്ട്. കൂടാതെ അനുബന്ധ സ്ഥാപനങ്ങള്‍ ,ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരുമുണ്ട്.ഇവരെല്ലാം പിരിച്ചുവിടൽ ഭീഷണിയിലാണ്. ഈ വര്‍ഷത്തെ അഡിമിഷന്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ഒട്ടുമിക്ക സ്വകാര്യ കോളെജുകളിലും കുട്ടികള്‍ ചേര്‍ന്നില്ലെന്ന് കാണാം. അടുത്ത ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്കുള്ളിൽ ഇവയൊക്കെ കച്ചവടം അവസാനിപ്പിക്കാനാണ് സാധ്യത. ഇത് നൂറുകണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കും. ഇപ്പോള്‍ ഇവിടങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ഭാവി ഒരു ചോദ്യചിഹ്നമാകാനും സാധ്യതയുണ്ട്.

ഇനി സ്ഥാപനങ്ങളുടെ തകർച്ചക്ക് കാരണമെന്തെന്ന്   പരിശോധിക്കാം. ഡിമാന്‍ഡ് കുറഞ്ഞതും സപ്ലൈ കൂടിയതുമാണ് ഒന്നാത്തെ പ്രശ്‌നം.     എന്‍ജിനിയര്‍മാരെ പ്രധാനമായും ജോലിക്കെടുക്കുന്ന ഐടി മേഖലയില്‍ കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളായി നിലവധി പ്രശ്‌നങ്ങളുണ്ട്. കൂടാതെ അമേരിക്കയിലെ ഭരണമാറ്റത്തോടെനുബന്ധിച്ചുണ്ടായ നയം മാറ്റവും ഐടി മേഖലയെെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇക്കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷം റിക്രൂട്ട്‌മെന്റില്‍ വ്യാപകമായ ഇടിവ് വന്നിട്ടുണ്ട്. വമ്പന്‍ കമ്പനികളൊക്കെ സര്‍ക്കാര്‍ കോളെജുകളില്‍ മാത്രമാണ് കാമ്പസ് പ്ലേസ്‌മെന്റിന് വരുന്നത്. സ്വാശ്രയ രംഗത്ത് ചുരുക്കം ചില കോളെജുകളില്‍ മാത്രമാണ് റിക്രൂട്ട്മെന്റ് ഉള്ളത്.

രണ്ടാമത്തെ പ്രശ്‌നം പുറത്തിറങ്ങുന്നവരുടെ നിലവാരമാണ്.   സ്വാശ്രയ കോളേജുകളിൽ ചേരുന്ന കുട്ടികൾ താരതമ്യേന അക്കാദമിക് മികവ് കുറഞ്ഞവരാണ്. എൻട്രൻസ് പരീക്ഷയിൽ കൂടിയ റാങ്ക് വാങ്ങുന്നവരാരും സ്വകാര്യ കോളേജുകളിൽ ചേരാറില്ല.   മാസ് റിക്രൂട്ടിട്മെന്റ് കാലം കഴിഞ്ഞ തിനാൽ കമ്പനികൾ പഠനത്തിലും അഭിരുചിയിലും മികവുള്ള വരെ മാത്രമാണ് ജോലിക്കെടുക്കുന്നത്. സ്വാഭാവികമായും അവർ സർക്കാർ സ്ഥാപനങ്ങൾക്ക് മുൻഗണന കൊടുക്കും.

നിലവാരമുള്ള അധ്യാപകരുടെ കുറവ് കേരളത്തിലെ എല്ലാം സ്ഥാപനങ്ങളിലുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം അധ്യാപകരും സ്വാശ്രയ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ തന്നെയാണ്. ഐഐടി, എന്‍ഐടി പോലുള്ള സ്ഥാപനങ്ങങളില്‍ പഠിച്ചിട്ടുള്ള അധ്യാപകര്‍ സർക്കാർ കോളേജുകളിൽ പോലും കുറവാണ്. അധ്യാപകരുടെ നിലവാര തകര്‍ച്ച കുട്ടികളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമാണ്. നിലവാരമില്ലാത്ത ധാരാളം എൻജിനിയർമാർ തൊഴിൽ രഹിതരായി നിൽക്കുന്നുണ്ട്. ഇനിയും ഇത്തരക്കാരെ സൃഷ്‌ടിക്കാൻ സ്വകാര്യ സ്വാശ്രയക്കാരെ അനുവദിക്കരുത്. മാനവശേഷി കയറ്റുമതി സംസ്ഥാനമായ കേരളം   വിദ്യാഭ്യാസ നിലവാരം കാത്ത് സൂക്ഷിക്കാന്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.

ജിഷ്ണു പ്രണോയ് യുടെ ആത്മഹത്യയെ തുടർന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ചില കോളേജുകളിലുണ്ടായ പ്രശ്നങ്ങൾ   സ്വകാര്യ സ്വാശ്രയ കോളേജുകളിലെ അഡ്മിഷനെ നന്നായി ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ കോളേജുകൾക്കെതിരെ വന്ന വാർത്തകളും വെളിപ്പെടുത്തലുകളും കുട്ടികളെ ഭയപെടുത്തിയിട്ടുണ്ട്. കീം അഡ്മിഷൻ ലിസ്റ്റിൽ ഈ കോളേജുകളെ നോക്കിയാൽ ഇതിന്റെ സോഷ്യൽ മീഡിയ ഇക്കാര്യത്തിൽ ചെലുത്തിയ സ്വാധീനം മനസ്സിലാക്കാം.

സംസ്ഥാനത്തെ എല്ലാ കോളെജുകളും KTU വിലാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. അക്കാദമിക് രംഗത്ത് ഇതുവരെ കെടിയു വമ്പന്‍ പരാജയമാണ്. യാഥാർത്ഥ്യബോധത്തോടെ തയ്യാർ ചെയ്യാത്ത കരിക്കുലവും ഉട്ടോപ്യന്‍ പരിഷ്‌കാരങ്ങളും കൊണ്ട് എന്‍ജിനിയറിങ് വിദ്യാഭ്യാസ മേഖലയെ ശ്വാസം മുട്ടിക്കുകയാണ് കെടിയു ചെയ്യുന്നത്.

(മുമ്പ് ഇത് മെച്ചമായിരുന്നു എന്ന അഭിപ്രായം ഈ ലേഖകനില്ല. എങ്കിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലൊക്കെ കരിക്കുലവും സ്‌കീമും സാമാന്യം തരക്കേടില്ലാത്തതായിരുന്നു). പല കുട്ടികളും കേരളത്തിലെ കോളേജുകളെ വിട്ട് തമിഴ് നാട്ടിലും ബംഗളൂരും എഞ്ചിനിയറിംഗിന് ചേരുന്ന സാഹചര്യം നിലവിലുണ്ട്.

എന്‍ജിനിറയറിങ് വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഈ മേഖലയെ ഭാവിയിലേക്കുള്ള ഒരു ഇന്‍വസ്റ്റമെന്റ് എന്ന നിലയിലാണ് കാണേണ്ടത്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്ന ചില കാര്യങ്ങള്‍ താഴെ നിര്‍ദേശിക്കുന്നു.

1. കുട്ടികളില്ലാത്ത കോളെജുകളെ ഈ മേഖലയില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കുക. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ദോഷമില്ലാത്ത രീതിയില്‍ കോളെജ് പൂട്ടാന്‍ ഒരു സംവിധാനമൊരുക്കുക. അഭിരുചി ഇല്ലാത്തവർ   ഈ രോഗത്തേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തുംക നമ്മുടെ ഈ കൊച്ചു സംസ്ഥാത്തിനു 174 കോളേജുകളെ താങ്ങാനുള്ള ശേഷിയില്ല . അമ്പതോ അറുപതോ നല്ല സ്ഥാപനങ്ങൾ മാത്രം നിലനിർത്തുക. ജാതി-മത സംഘടനകളും മദ്യ രാജാക്കൻമാരുമൊക്കെ നടന്ന സ്ഥാപനങ്ങൾ മിക്കവാറും ഇത്തവണ പൂട്ടിക്കെട്ടും. സർക്കാർ അവയെ സംരക്ഷിക്കാൻ ശ്രമിക്കരുത്.
2 സര്‍ക്കാര്‍ മേഖലയിലെ കോളെജുകളെ ശക്തിപ്പെടുത്തക, ഐഎച്ച് ആര്‍ഡി (IHRD), എല്‍ബിഎസ് (LBS), കേപ് (CAPE) എന്നിവയിലെ ഫീസ് കുറച്ച് മിടുക്കന്മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുക. ഫീസ് കുറക്കുന്നത് നഷ്ടമുണ്ടാക്കും എന്ന് കരുതരുത്. നമ്മൾ കയറ്റി അയക്കുന്ന മാനവശേഷി സമീപ ഭാവിയിൽ തന്നെ വിദേശത്തുനിമ്മും സ്വദേശത്തുനിന്നും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഈ പണം തിരിച്ചെത്തിച്ചുകൊള്ളും. 60 കളിൽ ഇന്ത്യ ഐ ഐ ടി കളിൽ നടത്തിയ നിക്ഷേപമാണ് ഇവിടുത്തെ ഐ ടി വ്യവസായത്തിന്റെ കാതൽ എന്നകാര്യം ഇത്തരുണത്തിൽ ഓർക്കാം.
3. ഇവയെ സർക്കാർ പണമുണ്ടാക്കാനുള്ള ഒരു വേദിയായി കാണരുത്. ഈ സ്ഥാപനങ്ങള്‍ എല്ലാം പൊതുപണം കൊണ്ട് നിര്‍മ്മിച്ചവയാണ്. കുറേക്കൂടി നിക്ഷേപം നടത്തി ഇവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക.   അടിസ്ഥാന നൗകാര്യങ്ങളുടെ വികസനത്തിനും അദ്ധ്യാപക നിലവാരം ഉയർത്തുന്നതും മുൻഗണന നൽകണം .
4. അധ്യാപക നിലവാരം മെച്ചപ്പെടുത്തുക. ഇന്ത്യാ ഗവണ്‍മെന്റ് അധ്യാപക നിലവാരം മെച്ചപ്പെടുത്തുന്നതിന് QIP പോലുള്ള പദ്ധതികള്‍ നടത്തുന്നുണ്ട്. ഇവയില്‍ പങ്കെടുക്കാന്‍ അധ്യാപകരെയും സ്ഥാപനങ്ങളെയും നിര്‍ബന്ധിക്കുക. തുടക്കത്തില്‍ കുറേ പണം ചെലവാകും. പക്ഷെ ഭാവിയിലേക്കുള്ള നിക്ഷേപമാണത്.
5. KTU വിന്റെ കരിക്കലവും പരീക്ഷാ രീതികളും കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുനക്രമീകരിക്കുക. ഇപ്പോഴത്തെ കരിക്കുലം എല്ലാ കുട്ടികളും ഹോസ്റ്റലില്‍ താമസിക്കുന്ന റിസിഡന്‍ഷ്യല്‍ സ്ഥാപനമാണ് എന്ന അ അനുമാനത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. പക്ഷെ മിക്കവാറും കുട്ടികൾ ഡേ സ്കോളർസ്‌ ആണ്. അതിനാൽ പല പ്രവർത്തനങ്ങളും കടലാസിലൊതുങ്ങും.
6. എന്‍ജിനിയറിങ് പ്രവേശന മാനദണ്ഡം പരിഷ്‌കരിക്കുക. ഗണിതത്തില്‍ 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ഇപ്പോള്‍ എന്‍ജിനിയറിങിന് ചേരാം. എന്‍ജിനീയറിങിന്   ബിരുദാന്തര ബിരുദ നിലവാരത്തിലുള്ള ഗണിതമാണ് പഠിക്കേണ്ടത്. അതിനാൽ ഗണിതത്തിലെ ശാസ്ത്രത്തിലും അടിസ്ഥാന ധാരണയില്ലാത്തവർക്ക് എൻജിനിയറിംഗ് പ്രവേശനം അപ്രാപ്യമാക്കുക   അടിസ്ഥ ആശയങ്ങള്‍ അറിയാതെ എന്‍ജിനിയറിങ് പാസായിട്ട് ഒരു കാര്യവുമില്ല. ഇക്കാര്യം കുട്ടികളെയും മാതാപിതാക്കളെയും പറഞ്ഞു മനസ്സിലാക്കേണ്ടതുമുണ്ട്.
7. എല്ലാ സ്ഥാപനങ്ങളും അക്രഡിറ്റഡ് ആക്കുക. ഇനി കൂടുതല്‍ സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് വ്യക്തമായ പഠനത്തിന് ശേഷം മാത്രമാക്കുക.
8. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഹോസ്റ്റല്‍ സൗകര്യം അടിയന്തരമായി വര്‍ധിപ്പിക്കുക. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
9. പ്ലസ് 2 തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ കരിയർ ഉപദേശം നൽകുക. എൻജിനിയറിങ് അഭിരുചിയുള്ളവരെ മാത്രം ഈ മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുക.

കേരളത്തില്‍നിന്ന് പുറത്തിറങ്ങുന്ന എന്‍ജിനിയര്‍മാര്‍ക്ക് ഒരു നിലയവും വിലയും ഒക്കെ ഉണ്ടായിരുന്നു. അത് നമ്മള്‍ വീണ്ടെടുക്കേണ്ടതുണ്ട്. ഇപ്പോഴത്തെ മാന്ദ്യമൊക്കെ താല്‍ക്കാലികമാണ്. വ്യക്തമായ ഒരു പദ്ധതിയോടെ മുന്നോട്ടുപോയാല്‍ കേരളത്തില്‍നിന്ന് ഇനിയും ധാരാളം നല്ല എന്‍ജിനീയര്‍മാരുണ്ടാകും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥിക്ക് ഇവര്‍ നല്ല സംഭാവന ചെയ്യുകയും ചെയ്യും.

References:
1) കിം 2017 ന്റെ പ്രോസ്പെക്ട്സ്
2) കിം 2017 മൂന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ്
3) കെടിയു അക്കാഡമിക് റെഗുലേഷൻസ്