വീരമൃത്യുഗാഥകള്‍ക്കിടയില്‍, ഇതാ ഈ ഗര്‍ഭപാത്രം കൂടി നിങ്ങളുടെ മഹാരാജ്യത്തിനായി  

April 28, 2017, 4:59 pm
വീരമൃത്യുഗാഥകള്‍ക്കിടയില്‍, ഇതാ ഈ ഗര്‍ഭപാത്രം കൂടി നിങ്ങളുടെ മഹാരാജ്യത്തിനായി  
Spotlight
Spotlight
വീരമൃത്യുഗാഥകള്‍ക്കിടയില്‍, ഇതാ ഈ ഗര്‍ഭപാത്രം കൂടി നിങ്ങളുടെ മഹാരാജ്യത്തിനായി  

വീരമൃത്യുഗാഥകള്‍ക്കിടയില്‍, ഇതാ ഈ ഗര്‍ഭപാത്രം കൂടി നിങ്ങളുടെ മഹാരാജ്യത്തിനായി  

ഛത്തീസ്ഗഡില്‍ CRPF-കാര്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത കൊടുത്ത പല മാധ്യമങ്ങളും 'വീരമൃത്യു' വിശേഷണം ഒഴിവാക്കിയില്ല. ഭരണകൂടവും മാധ്യമങ്ങളും ഒരേ ഭാഷ ഉപയോഗിക്കുന്നത് ഒട്ടും നിഷ്ക്കളങ്കമല്ല. അര്‍ദ്ധസൈനികര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ശ്രദ്ധയില്‍ വരേണ്ട ഒന്നല്ല മധ്യ ഇന്ത്യയിലെ ആദിവാസി ആവാസ വനമേഖലകള്‍. CRPF അടക്കമുള്ള അര്‍ദ്ധസൈനിക/പൊലീസ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ അവിടെ കൊല്ലപ്പെടുന്നത് വീര മൃത്യു ആണെങ്കില്‍ അവര്‍ അവിടെ ചെയ്യുന്ന 'വീര ബലാത്സംഗം' 'വീര പീഡനം' വീര മര്‍ദ്ദനം' ഇതൊക്കെ രാജ്യസ്നേഹ പദകോശത്തിലേക്ക് മുതല്‍ക്കൂട്ടാക്കണം മാധ്യമങ്ങള്‍.

ഈ രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ഒരു ജനവിഭാഗത്തിന് നേരെ, ആയിരക്കണക്കിന് അര്‍ദ്ധസൈനികരെ അണിനിരത്തേണ്ടിവരുന്ന ഒരു രാജ്യത്തിന്റെ ജനിതകഘടനയില്‍ കാര്യമായ തകരാറുകളുണ്ട്. നൂറുകണക്കിനു ആദിവാസികളാണ് ഈ വേട്ടയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഒരു സന്തുലനത്തിന് വേണ്ടി എല്ലാ അക്രമവും അക്രമം എന്നൊക്കെ പറയാം. പക്ഷേ ഭരണകൂടം ഒരു ജനതയെ ആക്രമിക്കുന്നതും ഒരു ജനവിഭാഗം ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തലിന് നേരെ സായുധമായി അണിനിരക്കുന്നതും രണ്ടും രണ്ടാണ്. അതിലെ രാഷ്ട്രീയ, തന്ത്ര/അടവ് ശരികള്‍, അത്തരം ജനവിഭാഗങ്ങള്‍ക്ക് ഈ സമരത്തിലുള്ള പങ്ക്, അതിന്‍റെ സാമൂഹ്യാഘാതങ്ങള്‍ എന്നിവയൊക്കെ മറ്റൊരു വിഷയമാണ്. പക്ഷേ സാമൂഹ്യ സംഘര്‍ഷങ്ങളില്‍ ഭരണകൂടത്തെയും ആദിവാസികളടക്കമുള്ള ദരിദ്ര ജനതയെയും തുലനം ചെയ്യുന്നത് കൃത്യമായ ഉപരിവര്‍ഗ പക്ഷപാതിത്വമുള്ള രാഷ്ട്രീയമാണ്.

എസ്സാറും ടാറ്റയും അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് ഖനന അനുമതി ലഭിച്ച ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ വേണ്ടി അവരുടെ ചെല്ലും ചെലവും പറ്റിയാണ് സല്‍വാ ജുഡും എന്ന-പിന്നീട് സുപ്രീം കോടതി നിരോധിച്ച- സര്‍ക്കാര്‍ പ്രായോജിത സായുധ സ്വകാര്യ സേന നിലവില്‍ വന്നത്. ആദിവാസികളെയായിരുന്നു ആ സേനയില്‍ സര്‍ക്കാര്‍ ചേര്‍ത്തത്. അങ്ങനെ ആദിവാസികള്‍ തമ്മില്‍ കൊന്നുതീരട്ടെ എന്ന തന്ത്രപരമായ ബുദ്ധി കാണിച്ച ലോകത്തെ അപൂര്‍വം സര്‍ക്കാരുകളില്‍ ഒന്നായിരിക്കും ഇന്ത്യയിലേത്.

സുപ്രീം കോടതി നിരോധിച്ചിട്ടും ഛത്തീസ്ഗഡ് സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരിന്റെ സജീവ പിന്തുണയോടെ സല്‍വാ ജുഡുമിലുണ്ടായിരുന്നവരെ പ്രത്യേക സേനയിലേക്ക് ചേര്‍ത്തു. ആദിവാസി വേട്ടയുടെ പുതിയ രൂപങ്ങള്‍ വനമേഖലകളില്‍ അരങ്ങേറുന്നു. സര്‍ക്കാരിനും സല്‍വാ ജൂഡുമിനുമെതിരെ കോടതിയെ സമീപിച്ച നന്ദിനി സുന്ദറിനെയും മറ്റും കൊലപാതകക്കേസില്‍ പ്രതിചേര്‍ത്താണ് ഭരണകൂടം പ്രതികരിച്ചത്.

മധ്യ ഇന്ത്യയിലെ വനമേഖലകളില്‍ നടക്കുന്ന അതിഭീകരമായ അടിച്ചമര്‍ത്തല്‍ വെളിച്ചത്തുവരാതിരിക്കുകയും ആ അടിച്ചമര്‍ത്തലിന്റെ ഭരണകൂട ഉപകരണങ്ങളാകാന്‍ നിര്‍ഭാഗ്യവശാല്‍ വിധിക്കപ്പെട്ട സൈനികരുടെ വീരമൃത്യുഗാഥകള്‍ കൊണ്ടാടപ്പെടുകയും ചെയ്യുമ്പോള്‍ നിശബ്ദരായി കേള്‍ക്കുക എന്നത് ഇന്ത്യന്‍ ഭരണകൂടം ആസൂത്രിതമായി നടപ്പാക്കുന്ന ഒരു വംശഹത്യക്കും ചൂഷണ അജണ്ടയ്ക്കും കൂട്ടുനില്‍ക്കലാകും.

ബസ്തര്‍ അടക്കമുള്ള ആദിവാസി ആവാസ വനമേഖലകളില്‍ നടത്തുന്ന സൈനിക അടിച്ചമര്‍ത്തലിനെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്ത ഒരാളെയും ഭരണകൂടം വെറുതെ വിടുന്നില്ല. ജഗ്ദാല്‍പ്പൂരില്‍ ഇതിനെതിരെ നിയമപോരാട്ടം നടത്തിയ ശാലിനി ഖേര, ഇഷാ ഖണ്ഡേല്‍വാള്‍,ഗൂനീത് കൌര്‍, സാമൂഹ്യ ഗവേഷകയും പ്രവര്‍ത്തകയുമായ ബേല ഭാട്ടിയ, മാധ്യമ പ്രവര്‍ത്തക മാലിനി സുബ്രഹ്മണ്യം എന്നിവരെയെല്ലാം ഇക്കാരണം കൊണ്ട് സര്‍ക്കാരും കോര്‍പ്പറേറ്റ് ഗുണ്ടകളും അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടിയവരാണ്.

ഭരണകൂടത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഹിംസ സ്വാഭാവികമായ ഒന്നാവുകയും അടിച്ചമര്‍ത്തപ്പെടുന്നവരുടെ സായുധമായ ചെറുത്തുനില്‍പ്പ് ‘അക്രമമാവുകയും’ ചെയ്യുന്നത് ഒട്ടും ചിരിവരാത്ത തമാശയാണ്. പശ്ചിമ ബംഗാളിലെ ലാല്‍ഗഡ് മേഖലയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്ത് ശക്തിപ്രാപിച്ച മാവോവാദി മുന്നേറ്റത്തിന്റെ പേരില്‍, Operation Green Hunt-ന്റെ ഭാഗമായി ഇടതുഭരണകാലത്തും പിന്നീട് മമത ബാനര്‍ജിയുടെ ഭരണത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ആദിവാസി വേട്ടയില്‍ നായ്ക്കളെപ്പോലെയാണ് ആദിവാസികളെ കൊന്നുകെട്ടിത്തൂക്കി അര്‍ധസേന വിഭാഗങ്ങളുടെ വണ്ടികളിലേക്ക് തൂക്കിയെറിഞ്ഞത്. ചില നിറംപിടിപ്പിച്ച പ്രകൃതിവര്‍ണനകളല്ലാതെ ഒരു പ്രതിഷേധവും മാധ്യമങ്ങളില്‍ വന്നില്ല.

ഛത്തീസ്ഗഡില്‍ ആദിവാസി കുടിലുകളില്‍ പരിശോധന നടത്തുന്ന, അടുത്തകാലത്ത് പെറ്റ പെണ്ണുങ്ങളാണോ എന്നറിയാന്‍ മുല പിഴിഞ്ഞ് പാല് വരുന്നുണ്ടോ എന്നു നോക്കുമായിരുന്നു. കാരണം നക്സലൈറ്റ് പെണ്ണുങ്ങള്‍ സംഘത്തില്‍ ഉള്ള സമയത്ത് പ്രസവിക്കാറില്ല എന്നാണ് സൈനികരുടെ കണ്ടുപിടിത്തം. ഇന്ത്യന്‍ റിപ്പബ്ലിക്കിനായി ചുരത്തുന്ന ആദിമ മുലകള്‍!

അതിഭീകരമായ ലൈംഗിക അതിക്രമങ്ങളാണ് മാവോവാദി വേട്ടയുടെ പേരില്‍ ആദിവാസി മേഖലകളില്‍ നടക്കുന്നത്. ഇതിനെതിരെ പരാതി പറയാന്‍ പോലും പോലീസ് ഭീകരത അനുവദിക്കുന്നില്ല. സുരക്ഷാ സേനയുടെ ലൈംഗിക അതിക്രമങ്ങള്‍തിരെ തെളിവ് കൊടുക്കാന്‍ ആദിവാസി സ്ത്രീകള്‍ക്ക് സഹായം നല്കി എന്നതിന്റെ പേരിലാണ് ബേല ഭാട്ടിയയെ ഛത്തീസ്ഗഡില്‍ കാലുകുത്തരുതെന്ന് ഭീഷണിപ്പെടുത്തിയത്. അടുത്തകാലം വരെ ബസ്തര്‍ പോലീസ് മേധാവിയായിരുന്ന ആര്‍ പി കല്ലൂരി മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരയാണ് അവിടെ അഴിച്ചുവിട്ടത്. ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അയാളോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാരിന് പോലും ആവശ്യപ്പെടേണ്ടി വന്നു.

ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിയ സോണി സോരിയെ കടുത്ത മര്‍ദ്ദനത്തിന് ഇരയാക്കിയ ഉദ്യോഗസ്ഥന് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നല്‍കിയാണ് രാജ്യം അതിന്റെ ക്രമസമാധാന പ്രതിബദ്ധത തെളിയിച്ചത്. മര്‍ദ്ദനം അത്ര സാരമായിരുന്നില്ല എന്നാണ് പിന്നെ ഒരാശ്വാസം; യോനിയില്‍ ചെറിയ കല്ലുകള്‍ അടിച്ചുകയറ്റിയിരുന്നു.

ഈ ജനുവരിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞത് ബീജാപ്പൂര്‍ ജില്ലയില്‍ നവംബര്‍ 2015-ല്‍ 16 ആദിവാസി സ്ത്രീകളെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തതായി പരാതിയുണ്ട് എന്നാണ്. 20 പേരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ബാക്കിനില്‍ക്കുന്നു. സുക്മ, ദന്തേവാഡ ജില്ലകളിലും സമാനമായ ലൈംഗിക പീഡനങ്ങള്‍ നടന്നതായി കമ്മീഷന് പരാതി ലഭിച്ചു.

ലൈംഗിക പീഡനത്തിനിരകളായ 28 സ്ത്രീകളാണ് ഹൈക്കോടതിയില്‍ നടപടി ആവശ്യപ്പെട്ടു റിട് പെറ്റീഷന്‍ നല്കിയിരിക്കുന്നത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായി. ഇതിന്റെ ഫലമായി അവര്‍ പ്രസവിച്ച കുട്ടിയുടെ മലദ്വാരം അടഞ്ഞുപോയിരുന്നു. സാരമില്ല, പ്രജാപതിമാര്‍ക്ക് സുഖവിരേചനം രാജ്യം ഉറപ്പാക്കുന്നുണ്ട്.

കോര്‍പ്പറേറ്റുകളുടെ ദല്ലാളുകളും ആയിരക്കണക്കിന് അര്‍ദ്ധസൈനികരുമായാണ് ഇന്ത്യന്‍ റിപ്പബ്ലിക് അവിടെയെത്തുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സുരക്ഷാ സേനാ സാന്നിധ്യം സാധാരണ ജനങ്ങള്‍ക്കുമേല്‍ ഉള്ള സ്ഥലം. ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായ, വിദ്യാഭ്യാസ,ആരോഗ്യരക്ഷ സൌകര്യങ്ങള്‍ അപൂര്‍വമായ, ആത്മാഭിമാനത്തോടെയുള്ള ജനാധിപത്യ ഇടപെടലിന് യാതൊരു സാധ്യതയും ലഭിക്കാത്ത ഒരു വലിയ വിഭാഗം ജനങ്ങള്‍ താമസിക്കുന്ന ഭൂപ്രദേശത്തു, അവര്‍ക്കെതിരെയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ-സൈനിക സാന്നിധ്യം എന്നത് ഈ റിപ്പബ്ലിക്കിന്റെ മുന്‍ഗണനകള്‍ വ്യക്തമാക്കുന്നു.

എന്തായാലും വീരമൃത്യുവിനോടൊപ്പം ഒട്ടും വീരസ്യമില്ലാത്ത ചില കഥകള്‍ കൂടി കേള്‍ക്കണം. രാജ്യസ്നേഹവും വ്യവസ്ഥിതിയുടെ സൌകുമാര്യവും വ്യക്തമാകാന്‍ അത് നിങ്ങളെ സഹായിക്കും. വേട്ടക്കഥകള്‍ ഇനിയും ഏറെ വരും എന്നുള്ളതുകൊണ്ടു എല്ലാം പറയണ്ട.

അപ്പോള്‍ ഇനി ഭരണകൂടത്തിന്‍റെ വികസനവണ്ടിയില്‍ വീരന്മാര്‍ വന്നിറങ്ങിയ ഒരു കഥ പറയാം.

പറഞ്ഞുവന്നാല്‍ ഒരു ഗര്‍ഭപാത്രത്തിന്‍റെ കഥയാണ്. പരിലാളനകളും സ്വപ്നങ്ങളും വിശ്വമാതൃത്വത്തിന്‍റെ ഉള്‍വിളികളും ഒക്കെയായി നമ്മള്‍ ആഘോഷിച്ച് വശംകെടുന്ന ആ ജീവന്‍റെ സഞ്ചി. പക്ഷേ അത്തരം ആഘോഷങ്ങളൊന്നും എല്ലാവര്‍ക്കുമില്ല.

2008 ജനുവരിയിലാണ് സുക്മയിലെ (ഇപ്പോഴത്തെ വീരമൃത്യു ജില്ല) ബോര്‍ഗുഡ ഗ്രാമത്തിലുള്ള, 16-കാരിയായ ഹിദ്മെ കവാസിയെ പൊലീസ് പിടികൂടുന്നത്. കുറ്റം? അങ്ങനെയൊന്നുമില്ല, അതൊക്കെ ഇനി കുറെ നാളുകള്‍ക്ക് ശേഷം പോലീസുകാര്‍ ആലോചിച്ചു ചാര്‍ത്തുന്നതായിരിക്കും. തൊട്ടടുത്ത ഗ്രാമത്തിലെ ആഘോഷത്തില്‍ പോയ ഹിദ്മെയെ പൊലീസ് തൂക്കിയെടുത്ത് വണ്ടിയിലിട്ടു. ഒരു ഗര്‍ഭപാത്രം അതിന്‍റെ സഹനപ്രപഞ്ചങ്ങളിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു.

പൊലീസ് സ്റ്റേഷനുകളിലെ ഇരുട്ടുമുറികളില്‍ വീരന്മാര്‍ ദേശസേവനത്തിന്‍റെ ഉദ്ധൃതലിംഗങ്ങളുമായി ഹിദ്മേയുടെ ചെറിയ ശരീരത്തിനു മുകളില്‍ വന്നും പോയും കൊണ്ടിരുന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ചെലവില്‍ അവള്‍ മാറി മാറി യാത്ര ചെയ്തു. ജനാധിപത്യത്തിന്‍റെ ലിംഗങ്ങള്‍ പകലും രാത്രിയുമില്ലാതെ ആ ചെറിയ ഗര്‍ഭപാത്രത്തെ തൊട്ടുവിളിച്ചു.

മാസങ്ങള്‍ നീണ്ട പീഡനവും ബലാത്സംഗവും 'പെണ്ണ് ചത്തേക്കുമോ' എന്ന അവസ്ഥയില്‍ എന്നാലിനി കുറ്റം ചാര്‍ത്താം എന്നു പൊലീസ് നിശ്ചയിച്ചു. പതിവുപോലെ സി ആര്‍ പി എഫ് ജവാന്മാരെ കൊന്ന കേസില്‍ ആ പെണ്‍കുട്ടി പ്രതിയായി. ഛത്തീസ്ഗഡ് പൊതു സുരക്ഷാ നിയമം എന്ന കരിനിയമം കാവല്‍ നിന്നു. ന്യായാധിപന്‍ അവളെ റിമാന്‍ഡ് ചെയ്തു!

ജയിലില്‍ എത്തിയപ്പോളേക്കും മാസങ്ങള്‍ നീണ്ട ബലാത്സംഗം ആ ചെറിയ ശരീരത്തെ തകര്‍ത്തിരുന്നു. 16-കാരിയായ ഒരു പെങ്കുട്ടി നിങ്ങളും ആയിരുന്നിരിക്കും എന്നെങ്കിലും, നിങ്ങളുടെ വീട്ടിലും കാണും!! ഇരുണ്ട മുറികളില്‍ മാസങ്ങളോളം, ഊഴം കാത്തു നില്‍ക്കുന്ന പൊലീസുകാര്‍, ഒരിടത്തുനിന്നും മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന യോനിയുള്ള ജന്തുവായി ചുരുക്കപ്പെട്ട പെണ്‍കുട്ടി പക്ഷേ നിങ്ങളല്ല, നിങ്ങളുടെ വീട്ടിലില്ല! അതുകൊണ്ടു മനസിലായേക്കില്ല.

അങ്ങനെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ ലാളനകള്‍ ഏറ്റുവാങ്ങിയ ആ ഗര്‍ഭപാത്രം പുറം ലോകം കാണാന്‍ തീരുമാനിച്ചു. തടവറയിലെ അരണ്ട വെളിച്ചത്തില്‍, ഹിദ്മേയുടെ ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിവന്നു. മഹാരാജ്യത്തിന്റെ കാവലുള്ള ഗര്‍ഭപാത്രം. സ്വന്തം ഗര്‍ഭപാത്രം തൂങ്ങിക്കിടക്കുന്നത് കണ്ട ആ പെണ്‍കുട്ടി വെപ്രാളത്തിലും ഭയത്തിലും വേദനയിലും എങ്ങനെയൊക്കെയോ അത് തള്ളി അകത്തുകയറ്റി. അകത്തും പുറത്തും ചോര; തടവറയുടെ പരുക്കന്‍ നിലത്ത് നീതിയുടെ ചുവന്ന ഭൂപടം പല്ലിളിച്ചു.

മാസങ്ങള്‍ നീണ്ട ലൈംഗികാക്രമണം നേരിട്ട ആ ചെറിയ അവയവത്തിന്‍റെ സന്തുലനം നഷ്ടപ്പെട്ടിരുന്നു. പിറ്റേന്നു അത് വീണ്ടും പുറത്തുവന്നു. വേദന സഹിക്കാന്‍ പറ്റാതെ ഹിദ്മെ വിശ്വമാതൃത്വം ഇത്ര മതിയെന്ന് തീരുമാനിച്ചു. എവിടെനിന്നോ തപ്പിയെടുത്ത ഒരു ബ്ലേഡുമായ് ഗര്‍ഭപാത്രം മുറിച്ചുമാറ്റാന്‍ ചോരയില്‍ മുങ്ങി നില്‍ക്കുന്ന ഹിദ്മെയെന്ന പെണ്‍കുട്ടിയെ സഹതടവുകാര്‍ നിലവിളികൂട്ടി ആശുപത്രിയിലെത്തിച്ചു.

പക്ഷേ നീതിയുടെ രഥങ്ങള്‍ ഉരുണ്ടുകൊണ്ടേയിരുന്നു. അതിന്‍റെ കുതിരകള്‍ നേരെ മാത്രം നോക്കി. വിധികള്‍ തയ്യാറായിരുന്നു, കഥകള്‍ മാത്രമേ മാറുന്നുള്ളൂ.

CRPF-കാരെ ആക്രമിക്കാന്‍ വന്ന നക്സലൈറ്റുകള്‍ പരസ്പരം പേരുകള്‍ വിളിച്ചുപറഞ്ഞിരുന്നുവത്രെ! അതുകേട്ട പോലീസുകാര്‍ എഴുതിയതത്രെ ഇക്കണ്ട പേരുകളുള്ള കുറ്റപത്രം! അങ്ങനെ ആരെയും ചേര്‍ക്കാന്‍ പാകത്തിലുള്ള കുറ്റപത്രത്തില്‍ ഹിദ്മെയും അണിചേര്‍ക്കപ്പെട്ടു.

വിചാരണ തീരാറായപ്പോള്‍ ഇനിയിപ്പോള്‍ ജാമ്യം കൊടുക്കാമോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ ന്യായാസനം മറുപടി നല്കി, "ഇത്രയും നാള്‍ കിടന്നില്ലെ, ഇനി കുറച്ചു മാസം കൂടി കിടക്കട്ടെ". എന്തായാലും ഒരു തെളിവും മരുന്നിന്നുപോലും ഇല്ലാതിരുന്ന കേസില്‍ നിന്നും അവള്‍ മോചിപ്പിക്കപ്പെട്ടു. പക്ഷേ അത് 2015-ലാണ്. 16 വയസില്‍ തുടങ്ങി നീണ്ട 7 വര്‍ഷങ്ങള്‍!

സുക്മയിലെ പൊലീസ് സ്റ്റേഷനുകളില്‍ കൈകള്‍ കെട്ടി കമിഴ്ന്നുകിടക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കൌമാര പുത്രി. ആടിക്കളിക്കുന്ന ആ മഞ്ഞവെളിച്ചത്തില്‍ അവള്‍ക്ക് കാണാനാകുന്ന ഏക ജനാധിപത്യ സ്തംഭം പുരുഷ ലിംഗങ്ങളായിരുന്നു. കയ്യില്‍ തൂക്കിപ്പിടിച്ച ഗര്‍ഭപാത്രവുമായി നിന്ന ആ പെണ്‍കുട്ടിയെയാണ് നീതിപീഠം 7 വര്‍ഷം വിചാരണ തടവിലിട്ടത്.

വരണം പൌരപ്രമുഖരെ, തീണ്ടാരിയുടെ അമ്പരപ്പ് മാറാത്ത പെങ്കുട്ടികള്‍ ഈ കാടുകളില്‍ ഒളിച്ചുനടപ്പുണ്ട്. മഹുവ മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ തുള്ളിയിട്ടുവീഴുന്ന കന്യാരക്തത്തില്‍ നിങ്ങളുടെ റിപ്പബ്ലിക്കിന്റെ ആഭിചാരങ്ങള്‍ നടക്കണ്ടേ? വീരന്മാര്‍ എ കെ 47-ഉം ലിംഗങ്ങളും തയ്യാറാക്കിക്കോളൂ, ജനാധിപത്യത്തെ സംരക്ഷിക്കേണ്ടെ?

ഇതാ, ഈ ഗര്‍ഭപാത്രം കൂടി, നിങ്ങളുടെ മഹാരാജ്യത്തിനായി!