മരണം അമ്മയെ രക്ഷിച്ച വിധി; ഇതള്‍ പിരിയുന്ന അണികള്‍

February 14, 2017, 3:28 pm
 മരണം അമ്മയെ രക്ഷിച്ച വിധി; ഇതള്‍ പിരിയുന്ന അണികള്‍
Spotlight
Spotlight
 മരണം അമ്മയെ രക്ഷിച്ച വിധി; ഇതള്‍ പിരിയുന്ന അണികള്‍

മരണം അമ്മയെ രക്ഷിച്ച വിധി; ഇതള്‍ പിരിയുന്ന അണികള്‍

അനധികൃത സ്വത്ത് സമ്പാദന കേസിലെ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കി ബംഗ്ലൂരു വിചാരണ കോടതി വിധി സുപ്രിം കോടതി ശരിവെച്ചതിലൂടെ ജയലളിതയുടെ ഉറ്റതോഴി ചിന്നമ്മ ശശികലയുടെ രാഷ്ട്രീയ ഭാവി അവസാനിച്ചു. നാലുവര്‍ഷത്തെ തടവും 10 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയും ശശികലയുടെ ഇരുണ്ട ഭാവിയുടെ ചിത്രം തരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രതീക്ഷയോടെ നോക്കിനിന്ന ശശികലയ്ക്ക് എല്ലാ അര്‍ത്ഥത്തിലും തിരിച്ചടി. ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് എന്നും ഭാഗ്യമായി മാറിയ ഒ പനീര്‍ശെല്‍വത്തിന് വീണ്ടും അതേ ഭാഗ്യം സുപ്രിം കോടതിയിലൂടെ ഒരുപക്ഷെ തിരിച്ചെത്തിയേക്കാം. 'നന്ദികെട്ടവന്‍' എന്ന് രണ്ട് ദിവസം മുമ്പ് ശശികല അധിക്ഷേപിച്ച അദ്ദേഹത്തിനൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ ചാഞ്ഞാല്‍. വിധി സൃഷ്ടിച്ച ഏറ്റവും വലിയ നിര്‍ഭാഗ്യവതി ശശികല നടരാജനാണ്. ഒന്നാലോചിച്ചു നോക്കൂ. ജയലളിതയായിരുന്നെങ്കില്‍. ജനപ്രീതിയുള്ള അമ്മയുടെ രാഷ്ട്രീയഭാവിയും ഇതുതന്നെയാകുമായിരന്നു. യഥാര്‍ത്ഥത്തില്‍ സുപ്രിംകോടതി ശിക്ഷിച്ചിരിക്കുന്നത് ജയലളിതയെ തന്നെയാണ്. അവരുടെ ദേഹത്തെ ഇത്തിള്‍കണ്ണി മാത്രമായിരുന്നു ശശികല. മരണത്തിലൂടെ ജയലളിത വിശുദ്ധയാവുകയും ശശികല പാപിയാവുകയും ചെയ്യുന്നതാണ് സുപ്രിംകോടതി വിധി നല്‍കുന്ന രാഷ്ട്രീയ പ്രസക്തി.

വിചാരണ കോടതി ജയലളിതയെ ശിക്ഷിച്ചപ്പോള്‍ അസ്വസ്ഥമായ തമിഴ്‌നാടിനെ എല്ലാവര്‍ക്കുമറിയാം. മേല്‍ക്കോടതിയുടെ അപ്പീല്‍ സാധ്യതകളാണ് വലിയൊരു ആളിക്കത്തല്‍ ഇല്ലാതാക്കിയത്. തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും നിലനിര്‍ത്തി പനീര്‍ശെല്‍വം പകരക്കാരന്റെ വേഷം ജയലഴിയിലെ അമ്മയെയും വണങ്ങി അന്ന് ആടിത്തീര്‍ത്തു. അപ്പീല്‍ സാധ്യതയില്ലാത്തതാണ് സുപ്രിം കോടതിയുടെ അന്തിമ തീര്‍പ്പ്. പ്രതീക്ഷാ തുരുത്ത് ഇവിടെയില്ല. അക്ഷോഭ്യയായി ഒരുപക്ഷെ ജയലളിത ഇത്തരമൊരു തീര്‍പ്പിനെ കടിച്ചമര്‍ത്തുമായിരിക്കും. വാഴ്ചയും വീഴ്ചയും ഏകാകിയായി അനുഭവിച്ച ആ സ്ത്രീയുടെ ഉള്ളം അതിനുകൂടി പാകമായിരുന്നിട്ടുണ്ടാകാം. പക്ഷെ, അണികളെ അടക്കിനിര്‍ത്തുക അത്ര എളുപ്പമാകുമായിരുന്നില്ല. ഒരു കലാപത്തെ നേരിടാന്‍ അഴിക്കുള്ളിലെ അമ്മയുടെ നിഴല്‍ മാത്രമാകുന്ന ആ പനീര്‍ശെല്‍വത്തിനും സാധ്യമാകുമോ എന്ന സംശയം. സംഭവിച്ചേക്കുമായിരുന്ന ആ വലിയ ദുരന്തമാണ് ജയലളിതയുടെ മരണത്തിലൂടെ അകന്നില്ലാതായത്. വടവൃക്ഷത്തിന്റെ തണലും തടസ്സവുമില്ലാത്ത ഏത് പുതിയ മുഖ്യമന്ത്രിക്കും കൂടുതല്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്നതാണ് ഇനിയുള്ള അണ്ണാഡിഎംകെ രാഷ്ട്രീയത്തിന്റെ പ്രത്യേകത.

ശിക്ഷയേറ്റുവാങ്ങി നിന്ദിക്കപ്പെട്ട ജയലളിതയല്ല അണ്ണാ ഡിഎംകെ അണികളുടെ മനസ്സില്‍. സുപ്രിം കോടതി വിധിയിലെ മുഖ്യകുറ്റക്കാരി ജയലളിതയാണെങ്കിലും പാര്‍ട്ടി അണികളുടെ ഇടയില്‍ അവര്‍ കുറ്റക്കാരിയല്ലാതെ അമരത്വം നേടിയിരിക്കുന്നു. ആ വിഗ്രഹത്തെ ഉടച്ചുവാര്‍ക്കാന്‍ ഇനിയവര്‍ക്കാകില്ല. അമ്മയുടെ കീര്‍ത്തിപറ്റി പാര്‍ട്ടിയെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കുന്നവരാണ് സുപ്രിം കോടതി വിധിയുടെ ഉയര്‍ത്തിയ ധാര്‍മിക ചോദ്യങ്ങള്‍ക്ക് ഇനി ഉത്തരം പറയേണ്ടിവരിക. 'തമിഴ്‌നാട് രക്ഷപ്പെട്ടു' എന്നാണ് വിധി വന്നയുടനെയുള്ള പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. ശശികലയെന്ന മഹാവിഘ്‌നം ഒഴിഞ്ഞുമാറിയതിന്റെ സന്തോഷ പ്രകടനം. ഇതേ വിധി ജയലളിത ജീവിച്ചിരിക്കെയാണ് സുപ്രിം കോടതിയില്‍നിന്ന് വന്നതെങ്കില്‍ ആഗ്രഹിച്ചാല്‍ പോലും പനീര്‍ശെല്‍വത്തിന് അങ്ങനെ പറയാനുള്ള ധൈര്യമുണ്ടാകില്ല. അമ്മയുടെ കീര്‍ത്തി പാടിക്കൊണ്ടേ പനീര്‍ശെല്‍വത്തിനും എഐഎഡിഎംകെയില്‍ വേരുറപ്പിക്കാനാകൂ. ജയലളിതയ്ക്ക് ദിവ്യത്വം നല്‍കി ശശികലയെ മാത്രം പഴിപറഞ്ഞ് സല്‍പേര്‍ നേടിയെടുക്കാന്‍ രാഷ്ട്രീയ ധാര്‍മ്മികതയക്കുപരി അതിവൈകാരികതയ്ക്ക് പ്രമുഖ്യം കല്‍പ്പിക്കുന്ന എഐഎഡിഎംകെ രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ സാധ്യമായേക്കാം.

കര്‍ണാടക ഹൈക്കോടതി വിചാരണ കോടതി വിധി റദ്ദാക്കി ജയലളിതയെയും സംഘത്തെയും കുറ്റവിമുക്തരാക്കിയപ്പോള്‍ 'അമ്മ വാഴ്ക' എന്ന ആരവങ്ങളായിരുന്നു കോടതിഹാളില്‍നിന്ന് പുറത്തേക്ക് വന്നത്. അത് തമിഴ്‌നാട്ടില്‍ പാര്‍ട്ടി അണികള്‍ ഏറ്റുപാടി. കോടതി ശിക്ഷിച്ചാലും മുന്‍കുറ്റങ്ങള്‍ക്കെല്ലാം തങ്ങള്‍ നേരത്തെ ക്ഷമകൊടുത്തു എന്നതായിരുന്നു തമിഴ്‌നാടിന്റെ ജനവിധി. അമ്മ വാഴ്ക മുദ്രാവാക്യത്തിലും ആര്‍കെ പുരത്ത് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും തമിഴ്‌നാട് പൊതുതെരഞ്ഞെടുപ്പിലും ജനമതം അങ്ങനെ തന്നെ രേഖപ്പെടുത്തി. സുപ്രിം കോടതി വിധി ജയലളിതയെ കുറിച്ച് അവര്‍ രൂപപ്പെടുത്തിയ ചിത്രത്തില്‍ വലിയ മാറ്റമൊന്നും വരുത്താനിടയില്ല.

ശശികലയുടേതാണ് മഹാദുരന്തം. ജയലളിതയുടെ നിഴല്‍മാറി ഒരിക്കല്‍പോലും ശശികല നിന്നിട്ടില്ല. അവര്‍ രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ജയലളിതയും ആഗ്രഹിച്ചുകാണില്ല. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയ ജയലളിതയ്ക്ക് ശശികലയെ ഇതിന് മുമ്പേ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു തടസ്സവുമില്ലായിരുന്നു. മഹാറാണി കാലം ചെയ്ത ശേഷം മാത്രം ഏറ്റെടുക്കാവുന്ന പദവിയായി കല്‍പിച്ച് ശശികല സ്വയം മാറിനിന്നതല്ലെങ്കില്‍. മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണുവെച്ചില്ലെങ്കില്‍ ഇപ്പോള്‍ 'തമിഴ്‌നാട് രക്ഷപ്പെട്ടു' എന്ന് പ്രതികരിച്ച പനീര്‍ശെല്‍വത്തില്‍നിന്നുകൂടി ഇളംകനിവ് ശശികലയ്ക്ക് ലഭിക്കുമായിരുന്നു. നിഴലായി നിന്ന ശശികല അമ്മയുടെ എല്ലാപാപഭാരവും ഏറ്റെടുത്ത് അഴിക്കുള്ളിലായതിന്റെ കനിവ്. ജയലളിതയുടെ അനധികൃത സമ്പാദ്യത്തിന്റെയും നിഴല്‍ മാത്രമായിരുന്നു ശശികലയെങ്കില്‍ അത്തരം കനിവുകള്‍ക്ക് നേരിയ അര്‍ഹതയുണ്ടാകും. ദുഷ്‌പേര് കേള്‍പ്പിച്ച മന്നാര്‍ഗുഡി മാഫിയുടെ ഇംഗിതതത്തിന് വഴങ്ങി ജയലളിത സ്വയം പടുകുഴിക്ക് വഴിയൊരുക്കിയതാണെങ്കില്‍ മറിച്ചും. സ്വത്ത് സമ്പാദിച്ച രണ്ട് പതിറ്റാണ്ടിന് മുമ്പ് അവരുടെ സ്വാധീനതീവ്രതയുടെ യഥാര്‍ഥ ചിത്രമറിയുന്നവര്‍ക്കേ അതിനുത്തരം നല്‍കാനാകൂ.

എഐഎഡിഎംകെ ഏറെക്കുറേ ഇതള്‍ പിരിഞ്ഞു. ശശികലയ്ക്ക് പകരം അവരുടെ പക്ഷം പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തു. ഏത് ഇതളിനാണ് അമ്മ അണികളില്‍ വളക്കൂറോടെ വേരുറപ്പിക്കാന്‍ കഴിയുകയെന്നത് അചിന്ത്യം. ജാനകി രാമചന്ദ്രനെ വീഴ്ത്തി ജയലളതയെ പുല്‍കിയ അണ്ണാ അണികളുടെ ഒരു തലമുറയിലേക്ക് പുതി ഇളംതലമുറ വന്നിരിക്കുന്നു. ശശികല-പനീര്‍ശെല്‍വം പോരില്‍ അണികള്‍ക്കിടയിലെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിചയബലമായിരുന്നു പനീര്‍ശെല്‍വത്തിന്റെ മേല്‍കൈ. എന്നും തലകുനിച്ച നിന്ന നേതാക്കളെ മെരുക്കിനിര്‍ത്തിയ പരിചയം ശശികലയ്ക്കും. ജയലളിതയും ശശികലയും ഇല്ലാതായതോടെ പുതിയ പോരാളികളുടെ ജെല്ലിക്കെട്ടിനാണ് എഐഎഡിഎംകെയില്‍ നിലമൊരുങ്ങുന്നത്.