അച്ഛന് ഞങ്ങള്‍ നാല് പെണ്‍മക്കളാണ്; ആരും ചോദിക്കാനില്ലെന്ന് കരുതുന്നുണ്ടാകാം  

June 12, 2016, 7:04 pm
അച്ഛന് ഞങ്ങള്‍ നാല് പെണ്‍മക്കളാണ്; ആരും ചോദിക്കാനില്ലെന്ന് കരുതുന്നുണ്ടാകാം   
Spotlight
Spotlight
അച്ഛന് ഞങ്ങള്‍ നാല് പെണ്‍മക്കളാണ്; ആരും ചോദിക്കാനില്ലെന്ന് കരുതുന്നുണ്ടാകാം   

അച്ഛന് ഞങ്ങള്‍ നാല് പെണ്‍മക്കളാണ്; ആരും ചോദിക്കാനില്ലെന്ന് കരുതുന്നുണ്ടാകാം  

തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ ജാതിഅധിക്ഷേപവും മര്‍ദനവും ഏല്‍ക്കേണ്ടിവന്ന പെണ്‍കുട്ടി


തലശേരി കുട്ടിമാക്കൂല്‍ സിപിഐഎമ്മുകാര്‍ ധാരാളമുള്ള സ്ഥലമാണ്. കോണ്‍ഗ്രസുകാര്‍ ഏതാനും പേര്‍ മാത്രം. അവിടെയാണ് കഴിഞ്ഞ 30 കൊല്ലത്തിലേറെയായി ഞങ്ങളുടെ കുടുംബത്തിന്റെ താമസം. അച്ഛന്‍ എന്‍ രാജന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അച്ഛനും അമ്മയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഇവിടെ മുമ്പ് മത്സരിച്ചിട്ടുമുണ്ട്. അച്ഛന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തോടുള്ള വിരോധം സിപിഐഎം പ്രവര്‍ത്തകര്‍ അച്ഛനോട് മാത്രമല്ല, ഞങ്ങള്‍, നാല് പെണ്‍മക്കളോടും കാണിക്കും. സിപിഐഎമ്മുകാരില്‍നിന്ന് അച്ഛന്‍ നേരിട്ട എതിര്‍പ്പുകള്‍ ഞങ്ങളുടെ കുട്ടിക്കാലം മുതല്‍ കാണാറുണ്ട്. എത്രയോ തവണ അച്ഛന് മര്‍ദനമേറ്റിട്ടുണ്ട്. മുപ്പത് കൊല്ലത്തിലേറെയായി അച്ഛന്‍ സിപിഐഎമ്മുകാരുടെ എതിര്‍പ്പ് നേരിടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ അതുകൊണ്ടൊന്നും അച്ഛന്‍ തയ്യാറായില്ല.

ഓരോ തെരഞ്ഞെടുപ്പുകാലവും അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രധാന രാഷ്ട്രീയ സംഭവങ്ങളുണ്ടാകുമ്പോഴും ഞങ്ങള്‍ക്ക് ആശങ്കയാണ്. ഏതെങ്കിലും തരത്തില്‍ സിപിഐഎമ്മുകാരില്‍നിന്നുള്ള അക്രമം അച്ഛന്റെ നേരെയുണ്ടാകും. ഞങ്ങള്‍ മുതിര്‍ന്നപ്പോള്‍, ഏതാണ്ട് 10 കൊല്ലത്തിലേറെയായി അച്ഛനോട് മാത്രമല്ല, എതിര്‍പ്പ് ഞങ്ങളോടും കൂടിയായി. ഹരിജന്‍ കുടുംബമാണ് ഞങ്ങളുടേത്. ജാതിപ്പേര് വിളിച്ചാണ് ചില സിപിഐഎം പ്രവര്‍ത്തകര്‍ ഞങ്ങളെ അധിക്ഷേപിക്കുക. പലപ്പോഴും കടുത്ത അസഭ്യമായിരിക്കും ഭാഷ. പലതവണ പൊലീസില്‍ പരാതി നല്‍കി. പക്ഷെ, ആ പരാതികളിലൊന്നും ഒരു നടപടിയുമുണ്ടാകില്ല. പലപ്പോഴെല്ലാം അച്ഛനെ വിളിച്ച് ഒത്തുതീര്‍പ്പുണ്ടാക്കും. അങ്ങനെയാണ് കേസുകള്‍ നടപടികളില്ലാതെ തീരുന്നത്.

രണ്ടുദിവസം മുമ്പ് സിപിഐഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് അച്ഛനെ മര്‍ദ്ദിച്ചു. ശനിയാഴ്ച വൈകിട്ട് ഞാനും അനുജത്തി അഞ്ജനയും വീടിനടുത്തുള്ള കടയില്‍ പോയപ്പോള്‍ അവര്‍ ഞങ്ങളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്റെ അച്ഛനെ അടിച്ചവര്‍, ഞങ്ങളെയും അധിക്ഷേപിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അച്ഛന് ഞങ്ങള്‍ നാല് പെണ്‍മക്കളേയുള്ളൂ, അവരാരും ചോദിക്കാന്‍ വരില്ലെന്ന ധാരണയിലാണ് അവരുടെ ഈ ധിക്കാരം. കടയുടെ മുകളിലെ സിപിഐഎം ഓഫീസില്‍ കയറി ഇതേക്കുറിച്ച് ഞങ്ങള്‍ അവരോട് ചോദിച്ചു. ഞങ്ങളുടെ ചോദ്യത്തിന് അവരുടെ മറുപടി കസേരകൊണ്ടുള്ള മര്‍ദനവും അസഭ്യവുമായിരുന്നു. എന്റെ കൈക്ക് പരുക്കേറ്റു. ഈ കോലാഹലത്തിനിടയില്‍ ഓഫീസിലുണ്ടായിരുന്ന ചിലര്‍ ‘ഇവരുടെ ഫോട്ടോയെടുക്കൂ, വീഡിയോ എടുക്കൂ’ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഫോട്ടോയെടുത്താലും വീഡിയോ എടുത്താലും ഞങ്ങള്‍ക്ക് ഭയമില്ലെന്ന് അവരോട് തിരിച്ചുപറഞ്ഞു. കാരണം എത്രയോ വര്‍ഷമായി ഇവരുടെ അധിക്ഷേപങ്ങള്‍ ഞങ്ങള്‍ കേള്‍ക്കുന്നു, അച്ഛന് മര്‍ദനമേല്‍ക്കുന്നൂ. അതില്‍ കൂടുതലൊന്നും ഈ ഫോട്ടെയെടുപ്പിലൂടെ ഉണ്ടാകില്ലല്ലോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

ഓഫീസില്‍നിന്ന് ഇറങ്ങിയ ശേഷവും നടുറോഡില്‍ തടഞ്ഞുനിര്‍ത്തിയും ഞങ്ങളെ തെറിവിളിച്ചു. പൊലീസുകാര്‍ എത്തിയ ശേഷമാണ് ഞങ്ങള്‍ അവിടെനിന്ന് പോയത്. വീട്ടിലെത്തിയ ശേഷം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ അച്ഛനോട് പറഞ്ഞു. അല്പം കഴിഞ്ഞ വീണ്ടും നാലഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ വീട്ടിലേക്ക് കയറിവന്നു. നാല് തടിമാടന്മാരായിരുന്നു വന്നവര്‍. അവര്‍ അച്ഛനെ വീട്ടുമുറ്റത്ത് വച്ച് അടിച്ചു. അതുകണ്ട് ഓടിയെത്തിയ ഞങ്ങളെയും തല്ലി. എന്റെ കയ്യില്‍ ഒന്നര വയസ്സുള്ള മകളുണ്ടായിരുന്നു. മകളെ അവര്‍ പിടിച്ചുവലിച്ച് എറിയാന്‍ നോക്കി. കല്ലും വടിയും കൊണ്ടായിരുന്നു ആക്രമണം. അച്ഛനെ വടികൊണ്ട് തല്ലി. വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും കല്ലെറിഞ്ഞ് തകര്‍ത്തു. അക്രമത്തിന് ശേഷം പൊലീസുകാരെത്തി. ഞങ്ങള്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.

ആക്രമിച്ചതും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചവരും ഈ ചുറ്റുവട്ടത്തുള്ളവരാണ്. ഏതാനും വീടുകളേ ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതായുള്ളൂ. മറ്റെല്ലാം സിപിഐഎമ്മുകാരുടേതാണ്. ഞങ്ങളുടെ കൂട്ടിക്കാലത്തും സ്‌കൂളില്‍ പഠിക്കുമ്പോഴും ഒപ്പം പഠിച്ചവരും കളിച്ചവരും തന്നെയാണ് ഇപ്പോള്‍ ഈ അക്രമം നടത്തുന്നത്. വീടിനോട് ചേര്‍ന്നുള്ള പുഴയുടെ തീരത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു ഇവരെല്ലാം. അപ്പോഴെല്ലാം അവര്‍ കുടിവെള്ളം വാങ്ങി കുടിച്ചത് ഞങ്ങളുടെ വീട്ടില്‍നിന്നായിരുന്നു. മുതിര്‍ന്നപ്പോള്‍, രാഷ്ട്രീയം സജീവമായപ്പോള്‍ അവര്‍ എതിര്‍പ്പ് തുടങ്ങി.

തെരഞ്ഞെടുപ്പ് കാലത്താണ് സാധാരണ പ്രശ്‌നങ്ങളുണ്ടാകാറ്. ഞങ്ങളുടെ വീടിനടത്ത് ചെറിയ റോഡുണ്ട്. അതിലൂടെ പ്രകടനവുമായി പോകുന്ന സിപിഐഎമ്മുകാര്‍ക്ക് ഞങ്ങളുടെ വീടിനടുത്തെത്തുമ്പോള്‍ മുദ്രാവാക്യം വിളിക്ക് പ്രത്യേക ശൗര്യമാണ്. അത് പലപ്പോഴും അച്ഛനെതിരായ മുദ്രാവാക്യവുമായി മാറും. ചെറിയ വാഹനങ്ങള്‍ മാത്രം പോകാന്‍ പറ്റുന്നതാണ് വഴി. അതിലൂടെ വലിയ വാഹനവുമായി പ്രകടനം നടത്തും. വലിയ വാഹനം വന്നാല്‍ ഞങ്ങളുടെ വീടിന്റെ കിടങ്ങ് തകരും. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഇത് നിരന്തരം ആവര്‍ത്തിക്കുന്നു. വലിയ വാഹനം കൊണ്ടുവരുന്നത് തന്നെ ഞങ്ങളുടെ കിടങ്ങ് തകര്‍ക്കാനാണ്. ഒരോ തവണയും ഇപ്പോള്‍ ശരിയാക്കി തരാം എന്ന മറുപടിയാണ് സിപിഐമ്മുകാരന്‍ നല്‍കുക. ഇതുവരെ അവര്‍ തകര്‍ത്ത ഞങ്ങളുടെ കിടങ്ങ് അവര്‍ ശരിയാക്കിയിട്ടില്ല. അച്ഛന്‍ തന്നെ അത് വീണ്ടും വീണ്ടും നന്നാക്കും. ഒരിക്കല്‍ ഞങ്ങള്‍ മുതിര്‍ന്നപ്പോള്‍, ഞങ്ങളുടെ കിടങ്ങ് തകര്‍ക്കാനുള്ള വലിയ വാഹനവുമായി സിപിഐഎമ്മിന്റെ പ്രകടനം വന്നപ്പോള്‍ അനുജത്തി അതിനെ എതിര്‍ത്തു. അവരുടെ പ്രകടനം തടയാനായിരുന്നില്ല, ഞങ്ങളുടെ മതില്‍ കാക്കാനായിരുന്നു അനുജത്തിയുടെ ശ്രമം.

വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മാലിന്യം നിറഞ്ഞ മണല്‍ നിക്ഷേപിച്ചതിനെയും ഞങ്ങള്‍ എതിര്‍ക്കുകയുണ്ടായി. തൊട്ടുചേര്‍ന്നുള്ള വീടുകളിലെ കിണറിലേക്ക് മലിനവെള്ളം ഒഴുകിയെത്തുന്ന വിധത്തിലായിരുന്നു ഈ മാനില്യ നിക്ഷേപം. തലശേരി നഗരസഭയ്ക്ക് ഞങ്ങള്‍ പരാതി നല്‍കി. പൊലീസിലും പരാതി നല്‍കി. ഞങ്ങള്‍ തന്നെയാരുന്നു പരാതി നല്‍കിയത്. നടപടിക്ക് പകരം പൊലീസും നഗരസഭയും എല്ലാം ചേര്‍ന്ന് അച്ഛനെ വിളിച്ച് ഒത്തുതീര്‍പ്പുണ്ടാക്കി ഒതുക്കിതീര്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ വീണ്ടും അകാരണമായി അച്ഛനുനേരെയും ഞങ്ങള്‍ക്ക് നേരെയും അക്രമം നടത്തുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും പുറമെ ഞങ്ങളുടെ കുടുബം കഴിയുന്നത് പോലും വധഭീഷണിയുടെ നിഴലിലാണ്. ആരില്‍നിന്നാണ് ഞങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുക?