ഡീപ്പ് സ്റ്റേറ്റിന്റെ പൊതുബോധ നിര്‍മാണം 

July 8, 2017, 5:57 pm
ഡീപ്പ് സ്റ്റേറ്റിന്റെ പൊതുബോധ നിര്‍മാണം 
Spotlight
Spotlight
ഡീപ്പ് സ്റ്റേറ്റിന്റെ പൊതുബോധ നിര്‍മാണം 

ഡീപ്പ് സ്റ്റേറ്റിന്റെ പൊതുബോധ നിര്‍മാണം 

സെന്‍കുമാര്‍ ബെഹ്റയെക്കാള്‍ ഭേദമാണ് എന്ന് പറഞ്ഞിരുന്നവരോട് മുന്‍പ് തര്‍ക്കിച്ചിരുന്നു. സെന്‍കുമാറിനെ കുറിച്ചുള്ള ധാരണ കൃത്യമായിരുന്നു എന്ന് കൂടുതല്‍ വ്യക്തമായി എന്നേയുള്ളൂ. ഇതിനിടയില്‍ സെന്‍കുമാര്‍ സമകാലിക മലയാളം വെബ്സൈറ്റില്‍ പറഞ്ഞ ഇസ്ലാമോഫോബിക്കായ വര്‍ത്തമാനത്തിന്റെ പശ്ചാത്തലത്തില്‍ ബെഹ്റ ഇങ്ങനെയൊക്കെ പറയില്ല എന്നൊക്കെ പറഞ്ഞു വരുന്നവരോട് :ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ നിലപാട് ഒക്കെ യൂട്യൂബില്‍ കാണും എടുത്ത് നോക്കാവുന്നതാണ്.

ഡീപ്പ് സ്റ്റേറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ രണ്ടു സ്‌പെസിമെനുകളാണ് ബെഹ്റയും സെന്കുമാറും. ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമാണ് എന്ന് തോന്നലിലാണ് പ്രശ്‌നം. സെന്‍കുമാറിന്റെ അഭിമുഖത്തിലേക്ക് ചെല്ലാം. അദ്ദേഹം പറയുന്നു: 'ഇസ്രയേലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. ഇസ്രയേലിന്റെ മറുപടി എന്താണെന്നോ. 'ഇസ്രയേലില്‍ ഒന്നര ദശലക്ഷം മുസ്ലിംകളുണ്ട്. അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, സമുഹത്തിലെ എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാകുന്നു. പക്ഷേ, ലിബിയലില്‍ എത്ര ജൂതന്മാരുണ്ട്? മുമ്പ് ഇത്രയുണ്ടായിരുന്നു, ഇപ്പോഴെത്ര. സൗദിയില്‍, ഈജിപ്്റ്റില്‍.. നേരത്തേ എത്ര ജൂതന്മാരുണ്ടായിരുന്നു, ഇപ്പോഴെത്രയുണ്ട്.' ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ജിഹാദ് അങ്ങനെയല്ലെന്നും എല്ലാവര്‍ക്കും തുല്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടതെന്നും മനസിലാക്കിക്കൊടുക്കണം. ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം.''

ശശികലയൊക്കെ പറയുന്ന മുസ്ലിം ജനസംഖ്യ കുടുന്നതിനെ കുറിച്ചുള്ള ഉത്കണ്ഠ, തുടങ്ങി പലരും പല വട്ടം യുക്തിസഹമായി മറുപടി പറഞ്ഞ ലൗവ് ജിഹാദ് കഥ പോലും ഉണ്ട് അതില്‍. കൂടാതെ ഇസ്രയേലിലെ ഒന്നര ദശലക്ഷം മുസ്ലിംകളുണ്ട് എന്ന വാദവും ആ അഭിമുഖത്തില്‍.

ഈ ഒന്നര ലക്ഷം മുസ്ലിംങ്ങള്‍ അധിവസിക്കുന്ന ഇസ്രയേലില്‍ പലസ്തിന്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെടുന്നുവെന്നതൊന്നും ഈ പോലീസുകാരന്‍ അറിഞ്ഞിട്ടേയില്ല. സെന്‍കുമാര്‍ പറയുന്ന ഈ ഇസ്രേയേല്‍ മാഹാത്മ്യത്തിന്റെ ചരിത്രം തന്നെ എടുക്കാം. എഡി70 നു മുന്‍പ് പലസ്തിന്‍ എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഇസ്രേയേലും. 1948 നു മുന്‍പ് ഇസ്രയേല്‍ എന്നൊരു രാജ്യം നിലവിലുണ്ടായിരുന്നില്ല എന്ന് പലസ്തിനും വാദിക്കുന്നു. ഐക്യരാഷ്ട്ര സഭ 1947നവംബറില്‍ രണ്ടു രാജ്യങ്ങളായി തിരിക്കുകയുണ്ടായി 55% വരുന്ന ജൂത രാഷ്ട്രവും 45% പലസ്തീനും. 1948 ഇത് അവഗണിച്ചുകൊണ്ട് യഹൂദര്‍ അധിനിവേശം ആരംഭിച്ചു. ഈ ചരിത്രം അവഗണിച്ചാണ് സെന്‍കുമാര്‍ ഇസ്രയേല്‍ അപദാനം പാടുന്നത്.

ഇനി മുസ്ലിം ജനസംഖ്യാ വര്‍ദ്ധനവിന്റെ കാര്യമെടുക്കാം. 2001 ലെ സെന്‍സസ് റിപോര്‍ട്ടനുസരിച്ച് മുസ്ലിംകള്‍ക്കിടയിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 33 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി കുറയുകയാണ് ചെയ്തിട്ടുള്ളത്. അടുത്തത് സെന്‍കുമാര്‍ പറയുന്ന ലൗവ് ജിഹാദ് കഥയാണ്. 2007 മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാരം തുടങ്ങിവച്ച ലൗവ് ജിഹാദ് പ്രചാരവേല. അത് കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. 'ലൗജിഹാദി'ന്റെ പേരില്‍ മതംമാറ്റം നടക്കുന്നില്ല എന്ന കേരള ഹൈക്കോടതിയുടെ വിധിയും കേരള പോലിസിന്റെ അന്വേഷണ റിപോര്‍ട്ടും ഉണ്ടായിട്ടും സെന്‍കുമാറിനെ പോലെ ഒരു പോലീസ് ഓഫീസര്‍ എന്ത് കൊണ്ട് ആവര്‍ത്തിക്കുന്നു എന്ന് ചോദിക്കേണ്ട?

അപ്പോള്‍ കാര്യം വ്യക്തമല്ലേ സെന്‍കുമാര്‍ ഇപ്പോള്‍ പറയുന്ന കഥ ആര്‍ക്കു വേണ്ടിയെന്നത് വ്യക്തമല്ലേ? ഈ കഥയെഴുത്ത്' ഡീപ്പ് സ്റ്റേറ്റ് തങ്ങളുടെ തല്‍പര്യം ഉദ്പാദിപ്പിക്കുന്ന ഒരു പൊതുബോധ നിര്‍മാണ പ്രക്രിയയാണ്. അത് എതിര്‍ക്കേപ്പെടേണ്ടതാണ്.