നോട്ടു റദ്ദാക്കല്‍: ഒരു പോസ്റ്റ്‌മോര്‍ട്ടം  

March 15, 2017, 12:59 pm
നോട്ടു റദ്ദാക്കല്‍: ഒരു പോസ്റ്റ്‌മോര്‍ട്ടം  
Spotlight
Spotlight
നോട്ടു റദ്ദാക്കല്‍: ഒരു പോസ്റ്റ്‌മോര്‍ട്ടം  

നോട്ടു റദ്ദാക്കല്‍: ഒരു പോസ്റ്റ്‌മോര്‍ട്ടം  

ബാങ്കിങ് വിദഗ്ധന്‍


യുപി തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ ചിത്രം വളരെ വ്യക്തമായിരിക്കുന്നു. റദ്ദാക്കിയ നോട്ടുകളില്‍ മുക്കാലേമുണ്ടാണിയും തിരിച്ച് വെള്ളപ്പണമായി ബാങ്കുകളില്‍ എത്തിയതും പതിനായിരക്കണക്കിനാളുകള്‍ ക്യൂവില്‍ നിന്ന് തളര്‍ന്നതുമൊന്നും മോഡിയുടെ ഖ്യാതിക്ക് ഇടിവുണ്ടാക്കിയിട്ടില്ല.

എന്നാല്‍ നവംബര്‍ 8 ന് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. തെരഞ്ഞെടുപ്പ് കാലത്ത് ഉച്ചസ്ഥായിയിലായിരുന്നു ഖ്യാതി. പിന്നീടത് കൂടിക്കൂടി വരികയായിരുന്നു. കരുത്തനായ ഒരു ഭരണാധികാരിയെന്ന നിലക്ക് തനിക്ക് നടത്തിത്തീര്‍ക്കാനുള്ളതെല്ലാം മോഡി ശങ്കാലേശമന്യേ ചെയ്തു തീര്‍ക്കും എന്ന പ്രതീക്ഷയായിരുന്നു നിലനിന്നത്. അതിനിടക്കാണ് സംഘപരിവാര്‍ സംഘടനയായ ബിഎംഎസ് അടക്കം 18 കോടി തൊഴിലാളികള്‍ സര്‍ക്കാര്‍ നയത്തെ വെല്ലുവിളിച്ചു കൊണ്ട് പണി മുടക്കുന്നത്. അതിന്റെ ആഘാതം നില നില്‍ക്കെയാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ല് പിന്‍വലിപ്പിക്കാന്‍ കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭത്തിന് കഴിഞ്ഞത്. സര്‍ക്കാറിന്റെ കാര്യക്ഷമതയെപ്പറ്റിയുള്ള വിശ്വാസത്തിന് ചില്ലറ ഇടിവല്ല ഇതുവഴി വന്നു പെട്ടത്. മോഡിയുടെ റെയ്റ്റിങ്ങ് വീണ്ടും താഴാനിടവരുത്തിയ ഒന്നാണ് ദളിതരുടെ പ്രക്ഷോഭം. അതിനു മുമ്പേ നടന്ന പട്ടേല്‍മാരുടെ സമരം വരുത്തിവെച്ച പേരുദോഷം ചെറുതല്ല.

സര്‍വ്വകലാശാലകള്‍ പുകയുന്നതിനിടയിലാണ് നജീബിനെ കാണാതാവുന്നത്. എവിടെ നജീബ് എന്ന ചോദ്യം ഇന്ത്യയിലാകെ മുഴങ്ങുകയായിരുന്നു. അതു വരെ അനുകുലമായി മാത്രം പ്രതികരിച്ചിരുന്ന മാധ്യമങ്ങള്‍ നിലപാട് മാറ്റാന്‍ തുടങ്ങി. അപ്പോഴാണ് എന്‍ഡിടിവി അടച്ചുപൂട്ടാന്‍ ഉത്തരവിറക്കുന്നത്. പക്ഷേ മണിക്കൂറുകള്‍ക്കകം നാണം കെട്ട് ആ ഉത്തരവ് തന്നെ പിന്‍വലിക്കേണ്ടി വന്നതോടെ മോഡിയുടെ റെയ്റ്റിങ്ങ് കുത്തനെ താഴുകയായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധ ശബ്ദങ്ങളെയാകെ കഴുത്തുഞെരിച്ചു ശരിപ്പെടുത്താനുള്ള ഒറ്റമൂലി തന്നെയായിരുന്നു നോട്ട് റദ്ദാക്കല്‍ നടപടി. അതോടെ, ആ ഒരൊറ്റ പ്രശ്‌നമായി മാറി ചര്‍ച്ചാ വിഷയം. എതിരാളികളുടെ ശബ്ദത്തെ ഇത്ര ഫലപ്രദമായി നിസ്‌തേജമാക്കാനായ അനുഭവം ഇതിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടേയില്ല.

ഇപ്പോള്‍ എത്ര കടുത്ത മോഡിഭക്തനും പറയില്ല നോട്ടു റദ്ദാക്കിയത് കള്ളപ്പണം കണ്ടു കെട്ടാനായിരുന്നു എന്ന്. പക്ഷേ നവംബര്‍ 8 ന് അത്തരമൊരുദ്ദേശ പ്രഖ്യാപനം നടത്തേണ്ടതുണ്ടായിരുന്നു. കലഹിച്ചു നില്‍ക്കുന്നവരെയാകെ ദേശസ്‌നേഹത്തിന്റെ ചങ്ങലയില്‍ കുരുക്കിയെടുക്കാനുള്ള ഇമോഷണല്‍ ഹൈജാക്കിങ്ങിനു വേണ്ടി മാത്രമാണ് പാകിസ്തനില്‍ നിന്ന് ലക്ഷക്കണക്കിന് കോടി കള്ള നോട്ടുകള്‍ അതിര്‍ത്തി കടന്നെത്തുന്നു എന്ന് പ്രചരിപ്പിച്ചത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഇത്ര പിടിപ്പു കെട്ടതോ എന്ന് ആരും സംശയിച്ചു പോവാനിടവരുത്തുന്ന അത്തരമൊരു പ്രയോഗം ഇപ്പോള്‍ അനുചിതം എന്നു തോന്നാമെങ്കിലും, നവംബറില്‍ അത് അത്യാവശ്യമായിരുന്നു.

കറന്‍സിയിലുള്ള കള്ളപ്പണം ആറു ശതമാനം മാത്രമേ വരൂ എന്ന കാര്യം എത്ര പെട്ടെന്നാണ് നാട്ടുകാര്‍ മറന്നു പോയത്? സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ ലിസ്റ്റ്കിട്ടിയിട്ടും അനങ്ങാതിരിക്കുന്ന മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചായിരുന്നല്ലോ മോഡിയുടെ പരാതി. താന്‍ അധികാരത്തിലെത്തിയാല്‍ ആ കള്ളപ്പണം വീണ്ടെടുത്ത് ഓരോ ഇന്ത്യക്കാരനും 15 ലക്ഷം വീതം അക്കൗണ്ടിലെത്തിച്ചു കൊടുക്കും എന്നതായിരുന്നല്ലോ മോഡിയുടെ വാഗ്ദാനം. എന്നാല്‍ ആ കാര്യം തന്നെ വിസ്മൃതമാക്കാന്‍ പറ്റിയ പ്രചാരണമാണ് സകലമാന ഔദ്യാഗിക സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയത്.

Also Read: എപ്പോള്‍ വരും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിലെ ആ 15 ലക്ഷം?

പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ എന്ന സംവിധാനം തന്നെ വേണ്ടെന്നു വെച്ച് കള്ളപ്പണ വ്യാപനം തടയണമെന്ന തങ്ങളുടെ ഡിമാന്റ് വേണ്ടുംവിധം മുന്നോട്ടുവെക്കാനും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിന് കഴിയാതെയും പോയി. വിദേശത്തു നിന്ന് അജ്ഞാതനാമാവായി ഇന്ത്യന്‍ ഓഹരിച്ചന്തയില്‍ നിക്ഷേപം നടത്താന്‍ ഏതു കള്ളപ്പണക്കാരനും അവസരം നല്‍കുന്ന ഒന്നാണ് ഈ 'പി നോട്ടുകള്‍' എന്നറിയപ്പെടുന്ന പാര്‍ട്ടിസിപേറ്ററി നോട്ടുകള്‍. ഓവര്‍ ഇന്‍വോയ്‌സിങ്ങും അണ്ടര്‍ ഇന്‍വോയ്‌സിങ്ങും വഴി കുത്തക കമ്പനികള്‍ ഉണ്ടാക്കുന്ന കള്ളപ്പണം ഇന്ത്യന്‍ ഓഹരിച്ചന്തയിലേക്ക് തിരികെ ഒഴുകിയെത്തുന്നത് ഇതുവഴിയാണ്, അതിനെ സ്പര്‍ശിക്കാനേ തയാറാവാതെ, സ്വിസ് ബാങ്ക് ലിസ്റ്റ് വെളിപ്പെടുത്തിയ കള്ളപ്പണത്തെ അതേപടി വിടുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. പക്ഷേ ഇക്കാര്യം മറച്ചുവെച്ചു കൊണ്ട് മുഴുവന്‍ കള്ളപ്പണക്കാരെയും വരിഞ്ഞുമുറുക്കി ശരിപ്പെടുത്തുകയാണ് താന്‍ എന്ന് ധരിപ്പിക്കുന്നതില്‍ മോഡിയുടെ പ്രചാരണ മെഷിനറി വിജയിച്ചു എന്നു തന്നെയാണ് യുപി തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

യഥാര്‍ത്ഥ ഉദ്ദേശ്യം കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും അമര്‍ച്ച ചെയ്യുക എന്നതല്ല. ഇക്കാര്യം മറ്റൊരു ഘട്ടത്തില്‍ മോഡി തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്ത്യയെ ക്യാഷ് ലെസ് സമൂഹമാക്കി മാറ്റാനാണ് പോകുന്നത് എന്നായി രുന്നല്ലോ പ്രഖ്യാപനം. അത്തരമൊരു നടപടിക്കായി ചരടുവലിച്ചുകൊണ്ടിരിക്കുന്ന വന്‍കിട കമ്പനിക്കാര്‍ ചില്ലറക്കാരല്ല. നോട്ടു റദ്ദാക്കല്‍ നടപടി കൈക്കൊള്ളുന്നതിനു ഒരു മാസം മുമ്പ് 'വിസ 'ഒരുപഠനരേഖ പുറത്തുവിട്ടിരുന്നു. കാശച്ചടിക്കാനായി ഇന്ത്യാ ഗവണ്‍മെന്റ് ചെലവാക്കുന്ന വന്‍ സംഖ്യയെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു കണക്കുണ്ടതില്‍. ജിഡിപി യുടെ 1.7 ശതമാനം വരുമത്രെ നോട്ടച്ചടിച്ചെലവ്. ഇത് 1.3 ശതമാനമാക്കി ചുരുക്കാനായാല്‍ ലാഭിക്കുക നാല് ലക്ഷം കോടി രൂപയാണത്രെ!

സര്‍ക്കാര്‍ നോട്ടച്ചടി കുറച്ചാല്‍ ലാഭം സര്‍ക്കാറിനു മാത്രമല്ല, വിസ പോലുള്ള കമ്പനികള്‍ക്ക് കൂടിയാണ്. പിന്‍വലിച്ചേടത്തോളം കറന്‍സി അച്ചടിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. പേടിഎം കമ്പനി തലവന്‍ വിജയ് ശേഖര്‍ ശര്‍മ്മ നവംബര്‍ അവസാനം നടത്തിയ പ്രസ്താവന ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്. നോട്ടു റദ്ദാക്കലിനു ശേഷം തങ്ങളുടെ ബിസിനസ്സിലുണ്ടായ കുതിച്ചു ചാട്ടത്തെപ്പറ്റിയായിരുന്നു അത്.

നോട്ടു റദ്ദാക്കിയതോടെ, ഏറ്റവും മിനിമം കാശ് കൊണ്ട് എങ്ങനെ ജീവിക്കാം എന്ന് ഇന്ത്യന്‍ ജനത പരിശീലിപ്പിക്കപ്പടുകയായിരുന്നു. അക്കൗണ്ടില്‍ നിന്ന് എത്രകാശ് പിന്‍വലിക്കാം എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കുക എന്നുവരെയെത്തി കാര്യങ്ങള്‍. കറന്‍സി ക്ഷാമം അനുഭവപ്പെടുന്ന ഒരു സാഹചര്യത്തില്‍ സ്വാഭാവികമായും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും.

നോട്ടച്ചടിക്കാനുള്ള ചെലവ് കുറയ്ക്കണമെന്ന് സര്‍ക്കാറിനെ ഉപദേശിക്കുന്ന ‘വിസ ‘ പോലുള്ള കമ്പനികള്‍ക്ക് ഇതുവഴി വന്നു വീഴുന്ന ലാഭം ചെറുതല്ല. കാശ് കൊടുത്ത് വാങ്ങിച്ചിരുന്ന എല്ലാ സേവനങ്ങള്‍ക്കും കാശിനൊപ്പം ഫീസും കൂടി കൊടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും. ആ ഫീസിനും കൊടുക്കണം സേവന നികുതി. ഇതത്രയും കൊടുത്ത് രാജ്യസ്‌നേഹികളുടെ പട്ടികയില്‍ പെടാന്‍ തീരുമാനിച്ചാലോ? കാശു മാത്രമല്ല മനസ്സമാധാനവും പോയിക്കിട്ടും എന്നതാണ് അവസ്ഥ. 30 ലക്ഷം കാര്‍ഡുകളാണ് സ്‌റ്റേറ്റ് ബാങ്കിന് മാത്രം റദ്ദാക്കേണ്ടി വന്നത്. ഇന്റര്‍നെറ്റ് തസ്‌കരന്മാര്‍ രഹസ്യങ്ങളൊക്കെ കുത്തിച്ചോര്‍ത്തിയതുകൊണ്ടാണിത്. ഇതാണ് നമ്മുടെ ഇന്റര്‍നെറ്റ് സുരക്ഷിതത്വത്തിന്റെ കഥ.

അതു മാത്രമുമല്ല നമ്മുടെ ഇന്റര്‍നെറ്റ് പെനിട്രേഷന്‍ വെറും 27 ശതമാനം മാത്രമാണ്. ബ്രോഡ്ബാന്റ് നാറോ ബ്രാന്റായാണ് മിക്കയിടങ്ങളിലും കിട്ടുന്നത്. വൈദ്യുതിയെത്താത്ത ഗ്രാമങ്ങള്‍ അനേകമുള്ള ഒരു നാട്ടിലാണ് ജനങ്ങളെയാകെ ഡിജിറ്റലൈസ് ചെയ്തു കളയും എന്ന് ഗീര്‍വാണമടിക്കുന്നത്. ജനങ്ങളുടെ സൗകര്യമല്ല പുതിയ ഫിന്‍ ടെക് കമ്പനികളുടെയും പേമെന്റ് ബാങ്കുകളുടെയും ലാഭമാണ് പ്രധാനം. അതിനനുസരിച്ച് നയങ്ങളാകെ തിരിച്ചിടുകയാണ്, നിയമങ്ങളാകെ മാറ്റിയെഴുതുകയാണ്.

അതിന്റെ ഭാഗമായാണ് കമ്മിറ്റി ഓണ്‍ ഡിജിറ്റലൈസേഷന്‍ എന്ന ഒരു പുതിയ കമ്മിറ്റിയെ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നിയമിക്കുന്നത്. മൂന്ന് മാസം കഴിയുമ്പോഴേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആ കമ്മിറ്റിക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. Growth of digital payments in India: A 5 year outlook എന്ന പേരില്‍ വിസ തയാറാക്കി ഒക്ടോബറില്‍ പുറത്തിറക്കിയ രേഖവെറുതെ പകര്‍ത്തിയെഴുതാന്‍ വലിയ മിനക്കേടില്ലല്ലോ.

മുന്‍ ധനകാര്യ സെക്രട്ടറിയായിരുന്ന രത്തന്‍ വഡാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മുന്നോട്ടുവെച്ച പകര്‍ത്തെഴുത്ത് നിര്‍ദേശങ്ങള്‍ ഒന്നു വെറുതെ വായിച്ചാല്‍ മതി, ആര്‍ക്കും മനസ്സിലാവും എന്തിനു വേണ്ടിയാണ് നോട്ട് നിരോധനവും നിയന്ത്രണവുമൊക്കെ നടപ്പിലാക്കിയതെന്ന്! മാസങ്ങള്‍ക്ക് മുമ്പ് പേമെന്റ് ബാങ്കുകള്‍ എന്ന പുതിയ ഇനം ബാങ്കുകള്‍ സ്ഥാപിച്ചത് എന്തിനായി രുന്നുവെന്ന്! ഫിന്‍ ടെക് കമ്പനികളെ കയ്യയച്ച് സഹായിക്കാന്‍ വേണ്ടി ബാങ്കുകളില്‍ നിന്ന് പേമെന്റ് സംവിധാനത്തെത്തന്നെ വെട്ടിമാറ്റണമെന്നാണ് നിര്‍ദേശം. അതിനെ റിസര്‍വ് ബാങ്ക് മേല്‍നോട്ടത്തിന് പുറത്താക്കണമത്രെ. കേന്ദ്ര ബാങ്കിന് പേമെന്റുകളുടെ റെഗുലേറ്റര്‍ ആവാന്‍ അര്‍ഹതയില്ല. പകരം പുതിയ ഒരു പേമെന്റ് റെഗുലേറ്ററി ബോര്‍ഡ് സ്ഥാപിക്കണമത്രെ. ഫിന്‍ ടെക് കമ്പനികള്‍ ഇപ്പോള്‍ തന്നെ അനാവശ്യ നിയന്ത്രണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട് എന്നാണ് കമ്മിറ്റിയുടെ കണ്ടുപിടുത്തം. ബാങ്കുകളോട് പേമെന്റിന്റെ കാര്യത്തില്‍ മത്സരിക്കേണ്ടി വരുന്ന ഇത്തരം കമ്പനികള്‍ക്ക് ലെവല്‍ പ്ലേയിങ്ങ് ഫീല്‍ഡ് ഉറപ്പ് വരുത്താനായി എല്ലാ പേമെന്റ് സംവിധാനങ്ങളിലും പ്രവേശനം നല്‍കണമത്രെ. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി മുതലായ സൗകര്യങ്ങള്‍ ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് കൂടി തുറന്നിട്ടു കൊടുക്കണം എന്നാണ് നിര്‍ദേശം. നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥത ഇവര്‍ക്ക് കൂടി പതിച്ചു കൊടുക്കണം എന്നുകൂടി നിര്‍ദേശിക്കുന്നുണ്ട് വഡാല്‍ കമ്മിറ്റി.

ചിത്രം വ്യക്തമാണ്: നോ മോര്‍ ഫ്രീ ലഞ്ച്. ഇനിമേല്‍ സൗജന്യമൊന്നുമില്ല. കാശച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കുന്ന സംഖ്യ കുറയ്ക്കും. സര്‍ക്കാറിനും ഫിന്‍ ടെക് കമ്പനികള്‍ക്കും ഒരുപോലെ ലാഭം. ഈ ലാഭമാത്ര പ്രചോദിതമായ നെട്ടോട്ടം തന്നെയാണല്ലോ നിയോലിബറല്‍ നയങ്ങളുടെ ഉദ്ദിഷ്ട കാര്യം. നോട്ട് റദ്ദാക്കലും നോട്ടച്ചടി കുറയ്ക്കലുമൊക്കെ ഇതിന്റെ ഭാഗം മാത്രം.

തക്ക സമയത്ത് പ്രഖ്യാപനം നടത്തി ദേശസ്‌നേഹം പതപ്പിച്ചെടുത്ത് പ്രഹരം പോലും തലോടലാക്കി തോന്നിപ്പിച്ച് ഒരു ജനതയെ ആകെ മയക്കാനായതിന്റെ ആഹ്ലാദം പക്ഷേ അധികനാള്‍ നിലനില്‍ക്കില്ല.

Also Read: നോട്ട് പിന്‍വലിക്കല്‍ ബുദ്ധിശൂന്യം, ജനവിരുദ്ധം: പ്രഭാത് പട്നായിക്