റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതിരിക്കാനുള്ള 5 കാരണങ്ങള്‍   

September 30, 2017, 5:05 pm
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതിരിക്കാനുള്ള 5  കാരണങ്ങള്‍   
Spotlight
Spotlight
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതിരിക്കാനുള്ള 5  കാരണങ്ങള്‍   

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതിരിക്കാനുള്ള 5 കാരണങ്ങള്‍   

അടിസ്ഥാന പലിശ നിരക്കുകളായ റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള വായ്പാ നയമായിരിക്കും റിസര്‍വ് ബാങ്ക് ഇത്തവണ പ്രഖ്യാപിക്കുകയെന്ന് പൊതുവെ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ നാലിനാണ് ആര്‍ബിഐ ഗവര്‍ണ്ണര്‍ പുതിയ നയം പ്രഖ്യാപിക്കുക.

ഇപ്രാവശ്യം സ്റ്റാറ്റസ്‌കോ നിലനിര്‍ത്തി, നിരക്കുകളില്‍ ഇളവ് പ്രഖ്യാപിക്കുന്നത് ഡിസംബറിലേക്ക് മാറ്റി വയ്ക്കുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്. മോനിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിംഗിന് മുന്നോടിയായി ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ചില ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ പലിശ നിരക്കില്‍ കുറവ് വരുത്താനുള്ള സാധ്യതകള്‍ തീരെ കുറവാണ്. 6 ശതമാനമാണ് നിലവില്‍ റിപോ നിരക്ക്.

ഇനി ആ 5 കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1 പണപ്പെരുപ്പം തുടരുന്നു

ഇതിനു മുന്‍പ് പലിശ നിരക്ക് കുറച്ച സമയത്തെ അപേക്ഷിച്ച് ചില്ലറ വില്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റില്‍ പണപ്പെരുപ്പ നിരക്ക് 200 ബേസിസ് പോയിന്റ് ഉയര്‍ന്ന് 3.36 ശതമാനമായി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധനയാണ് ഇതില്‍ നിര്‍ണ്ണായക ഘടകമായത്. ഈ വര്‍ധന പലിശ നിരക്കുകള്‍ താഴ്ത്താനുള്ള സാഹചര്യം മന്ദീഭവിപ്പിക്കുന്നു.

2 സാമ്പത്തിക രംഗത്തെ മാന്ദ്യം

ജിഡിപി വളര്‍ച്ചാ നിരക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തോതിലാണ്. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5.7 ശതമാനമാണ് നിരക്ക്. സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ധനമന്ത്രിയും പ്രധാനമന്ത്രിയും തുറന്ന് സമ്മതിച്ചിരിക്കുന്നു. ഇത് പുതിയ സ്വകാര്യ നിക്ഷേപ സാധ്യതകളെ കുറയ്ക്കുന്നതാണ്. അതുകൊണ്ട് വായ്പ എടുക്കുന്നതിന്റെ തോത് കുറയുമെന്നും വിദഗ്ധര്‍ അനുമാനിക്കുന്നു. ഇപ്പോള്‍ പലിശ നിരക്കില്‍ ഇളവ് വരുത്തിയാല്‍ അതുകൊണ്ട് പ്രതീക്ഷിച്ച ഗുണം ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

3 ഇന്ധന വില വര്‍ധന, ജി എസ് ടി

ഇന്ധന വില വര്‍ധന, ജി എസ് ടി ഉണ്ടാക്കിയ ആശങ്ക-പെട്രോള്‍, ഡീസല്‍ വിലയിലെ പ്രകടമായ വര്‍ധനയാണ് മറ്റൊരു നെഗറ്റീവ് ഫാക്ടര്‍. ഇത് പണപ്പെരുപ്പം കൂടാന്‍ ഇടയാക്കുമെന്ന നിഗനമനമുണ്ട്. ഇതിനു പുറമെ, ജിഎസ്ടി ഏര്‍പ്പെടുത്തിയത് മൂലമുണ്ടായ പ്രതിസന്ധിയും വിലക്കയറ്റത്തിന് ഇടയാക്കി. ഈ രണ്ട് സാഹചര്യങ്ങളും പലിശ നിരക്ക് ഇളവിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഡിസംബര്‍ ആകുമ്പോഴേക്കും . ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു പരിഹാരമാകുമെന്ന് കരുതുന്നു. അതുകൊണ്ട് നിരക്ക് ഇളവ് അപ്പോഴത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത.

4 അന്താരാഷ്ട്ര സാഹചര്യം വഷളാകുന്നു

അന്താരാഷ്ട്ര രംഗത്തു കാര്യങ്ങള്‍ അത്ര ശുഭോദര്‍ക്കമല്ല. ഉത്തര കൊറിയയും അമേരിക്കയുമായുള്ള ബന്ധങ്ങള്‍ വഷളാകുന്നത് സാമ്പത്തിക ലോകത്തു ആശങ്ക പടര്‍ത്തുന്നു. രാജ്യാന്തര സാമ്പത്തിക സ്ഥിതിയും റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. 2017ന്റെ തുടക്കത്തെയപേക്ഷിച്ച് ഇപ്പോള്‍ ലോകസാമ്പത്തിക മേഖല പിന്നോക്കമാണ്. വികസ്വര രാജ്യങ്ങളുടെ വിദേശ കടബാധ്യത 2009നെയപേക്ഷിച്ച് 2016ല്‍ 80 ശതമാനം വര്‍ധിച്ചതായി കണക്കാക്കപ്പെടുന്നു. ഈ രാജ്യങ്ങളുടെ മൊത്തം വിദേശകടം 7.1 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍  
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍  

5 അമേരിക്കല്‍ ഫെഡറല്‍ റിസര്‍വിന്റെ നീക്കങ്ങള്‍

യു. എസ് ഫെഡറല്‍ റിസേര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് സാധ്യതയുണ്ട്. ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്‌സണ്‍ ജാനറ്റ് യെല്ലന്‍ പറഞ്ഞത് ഈ വര്‍ഷം ഡിസംബറില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ്. അങ്ങനെ വന്നാല്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് കൂട് മാറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അവരുടെ നീക്കങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമായിരിക്കും ആര്‍ബിഐ തീരുമാനം.

എന്നാല്‍ ഇപ്പോഴുള്ള മാന്ദ്യത്തെ മറികടക്കുന്നതിന് പലിശ നിരക്ക് താഴ്ത്തണമെന്ന ആവശ്യവും ശക്തമാണ്. കോര്‍പറേറ്റ് മേഖലയാണ് ഇത് ശക്തമായി ഉന്നയിക്കുന്നത്. നിരക്കുകള്‍ 25 ബേസിസ് പോയിന്റ് താഴ്ത്തുന്നതും ജിഡിപി വളര്‍ച്ച എസ്റ്റിമേറ്റ് താഴ്ത്തി നിര്‍ണ്ണയിക്കുന്നതും ഗുണം ചെയ്യുമെന്ന് ഇവര്‍ വാദിക്കുന്നു. ലെന്‍ഡിങ് നിരക്കുകള്‍ താഴുന്നത് ഇന്നത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

റിസര്‍വ് ബാങ്കിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി അറിയാന്‍ ബുധനാഴ്ച ഉച്ച തിരിഞ്ഞു 2.30 വരെ കാത്തിരിക്കാം.