സര്‍ക്കാര്‍ ഒപ്പമുണ്ട്: അതൊരു ഭയപ്പെടുത്തലാണ് 

June 19, 2017, 4:30 pm
സര്‍ക്കാര്‍ ഒപ്പമുണ്ട്: അതൊരു ഭയപ്പെടുത്തലാണ് 
Spotlight
Spotlight
സര്‍ക്കാര്‍ ഒപ്പമുണ്ട്: അതൊരു ഭയപ്പെടുത്തലാണ് 

സര്‍ക്കാര്‍ ഒപ്പമുണ്ട്: അതൊരു ഭയപ്പെടുത്തലാണ് 

സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ പത്രാധിന്മാരുടെ യോഗം വിളിച്ചിരുന്നു. പുതിയ സര്‍ക്കാരുമായി സമന്വയത്തിന്റെ ഉടമ്പടിയിലെത്താന്‍. സര്‍ക്കാരിന്റെ കാഴ്ചപ്പാട് എന്തായിരിക്കുമെന്ന വിവരണം മുഖ്യമന്ത്രി നല്‍കി. അദ്ദേഹം ആവശ്യപ്പെട്ട ഒരു കാര്യം ഇതാണ്. 'നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികള്‍ക്കിടയില്‍ സമവായത്തിലെത്തുന്ന വികസന വിഷയങ്ങളില്‍ പുറത്തുനിന്നുള്ള എതിര്‍പ്പുകള്‍ക്ക് മാധ്യമങ്ങള്‍ ഇടം കൊടുക്കരുത്'. ഒട്ടുമേ വക്രീകരിക്കാത്ത നിലപാട്. സഭയിലുള്ള പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ക്ക് മാത്രമേ മാധ്യമങ്ങള്‍ ഗൗരവം കൊടുക്കാന്‍ പാടുള്ളൂ എന്നര്‍ത്ഥം. ജനകീയ കൂട്ടായ്മകളോ 'മുഖ്യധാരയ്ക്ക്' പുറത്തുള്ളവരോ നടത്തുന്ന എതിര്‍പ്പുകളെ അവഗണിക്കണം. ആ യോഗത്തിന് ഏതാണ്ട് മൂന്നാഴ്ച മുമ്പ് വോട്ട് ചോദിച്ചിറങ്ങിയ പിണറായി വിജയനോട് ധര്‍മ്മടം മണ്ഡലത്തിലെ ചില കുടുംബങ്ങള്‍ ഒരു ആവലാതി പറഞ്ഞു. ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുമ്പോള്‍ കുടിയൊഴിപ്പിക്കുന്നതില്‍ സങ്കടവും എതിര്‍പ്പുമുള്ളവര്‍. സ്ഥാനാര്‍ത്ഥി പിണറായി സശ്രദ്ധം കേട്ടു. എന്നിട്ട് മറുപടി നല്‍കി. 'പാര്‍ട്ടി വികസനത്തിന് എതിരല്ല'. പിന്നീടുള്ള കുടുംബ യോഗങ്ങളും പൊതുയോഗങ്ങളിലും പിണറായി ഭാവി കേരള സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് ആവര്‍ത്തിച്ചു. കൊച്ചി മെട്രോ സര്‍വീസ് ഉദ്ഘാടന വേദിയിലും മുഖ്യമന്ത്രി വികസനനയം ആവര്‍ത്തിച്ചു. 'പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. എന്നിട്ടും എതിര്‍പ്പ് തുടര്‍ന്നാല്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും.'

പുതുവൈപ്പിനില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്
പുതുവൈപ്പിനില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്

വികസനകാര്യത്തില്‍ മുഖ്യമന്ത്രിയുടേത് വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാര്‍ഢ്യമെന്ന് വികസനവാദികള്‍ക്ക് വാഴ്ത്താം. പക്ഷെ അവസാനം പറഞ്ഞതില്‍ ഒരുഭീഷണിയുടെ സ്വരം കൂടിയുണ്ട്. എത്ര എതിര്‍പ്പുണ്ടായാലും നടപ്പാക്കുമെന്ന മുന്‍കൂര്‍ പ്രഖ്യാപനം ജനാധിപത്യത്തിലെ നിശ്ചയദാര്‍ഢ്യമല്ല, അധികാരസ്ഥാനത്തുനിന്നുള്ള ഭീഷണിയാണ്. ഒപ്പമുണ്ട് എന്ന് സര്‍ക്കാര്‍ പറയുന്ന ജനങ്ങളോടുള്ള ഭീഷണി. 'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്നത് ഇപ്പോള്‍ ഒരു ആശ്വാസമല്ല, ആന്തലാണ്. പുതുവൈപ്പിനില്‍ അതാണ് കാണുന്നത്. അവിടെ ജീവിതം തുലാസിലാകുന്ന നിസ്വരായ ജനവിഭാഗങ്ങളുടെ അതിജീവനത്തിനുള്ള ചെറുത്തുനില്‍പ്പ് പൊലീസിനെ കയറൂരിവിട്ട് അടിച്ചമര്‍ത്തിയ അതേ മണിക്കൂറിലാണ് വികസന കാര്യത്തിലെ 'നിശ്ചയദാര്‍ഢ്യം' മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. ഒന്നാം നാളിലെ ഒറ്റത്തല്ലില്‍ തീര്‍ന്നതല്ല, സമരചരിത്രത്തിന്റെ ഗതകാലവീരസ്യങ്ങള്‍ പാടിനടക്കാത്ത ആ ജനതയുടെ നിശ്ചയദാര്‍ഢ്യം. അധികാരത്തിന്റെയും സേനാബലത്തിന്റെയും പിന്‍ബലമുള്ള മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ചോരപൊടിഞ്ഞ മണിക്കൂറുകളിലും ആ ജനത ഉറച്ചമനസ്സോടെയാണ് ചെറുത്തുനിന്നത്. സര്‍ക്കാരിന് കലിതീരാത്തതും അതുകൊണ്ടുതന്നെയാവും.

ഇപ്പോള്‍ ഇതാ പുതുവൈപ്പ് പ്രതിഷേധത്തിന്റെ പുതിയ കാരണക്കാരെ പിണറായി വിജയന്റെ പൊലീസ് കണ്ടെത്തിയിരിക്കുന്നു. സമരത്തിന് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടെന്നതാണ് ആ വാദം. തീര്‍ച്ചയായും അവരുടെ വാദം തീവ്രം തന്നെയാണ്. അത് അതിജീവനത്തിനുള്ളതാണ്. സര്‍ക്കാരിനെ അത് അലോസരപ്പെടുത്തുക തന്നെ ചെയ്യും. അതില്ലാതാക്കാനുള്ള എളുപ്പവഴിയാണ് ഈ തീവ്രവാദ മുഖം ചാര്‍ത്തല്‍. മുഖ്യധാരയെ അലോസരപ്പെടുത്തുന്ന എല്ലാ സമരങ്ങളെയും മുന്നേറ്റങ്ങളെയും തീവ്രവാദത്തിന്റെ ഒറ്റ ചതുരത്തിലേക്ക് തള്ളിയാല്‍ എല്ലാം എളുപ്പമായി. എല്ലാ ഭരണകൂടങ്ങളും എല്ലാകാലത്തും ചെയ്യുന്നത് ഇതുതന്നെയാണ്. പിണറായി വിജയന്റെ സര്‍ക്കാര്‍ ആ പതിവും തെറ്റിച്ചില്ല. വിയോജിപ്പുകളെ ജനാധിപത്യരീതിയില്‍ നേരിടാനുള്ള വിഭവങ്ങളില്ലാത്തപ്പോഴാണ് ഒരുമൂലയിലേക്ക് തള്ളിയുള്ള ആക്ഷേപം ചൊരിയല്‍.

പിണറായി വിജയന്റെ പൊലീസ് നയം വിമര്‍ശിക്കപ്പെട്ടപ്പോഴെല്ലാം സിപിഐഎം നേതാക്കളും അനുയായികളും ഒരേസ്വരത്തില്‍ പറഞ്ഞത് ഭരണമേ മാറിയിട്ടുള്ളൂ, പൊലീസ് മാറിയിട്ടില്ല എന്നായിരുന്നു. സംസ്ഥാനത്ത് ഇപ്പോഴുള്ള പൊലീസിനെ നിയമിച്ചത് പിണറായി വിജയന്‍ അധികാരത്തില്‍ വന്നശേഷമല്ലെന്നായിരുന്നു ആ വാദത്തിന്റെ കാതല്‍. ഒരുകാലത്തും പൊലീസ് നിയമനം അങ്ങനെയല്ല. പൊലീസ് നടപ്പാക്കുന്നത് നിലനില്‍ക്കുന്ന സര്‍ക്കാരിന്റെ നയമായിരിക്കും. അങ്ങനെയല്ലെങ്കില്‍ മുന്‍സര്‍ക്കാരുകളുടെ കാലത്ത് പൊലീസ് നയത്തിന്റെപേരില്‍ സര്‍ക്കാരിനെതിരെ തൊടുത്ത എല്ലാ വിമര്‍ശനങ്ങളെയും സിപിഎൈഎം സ്വയം റദ്ദ് ചെയ്യണം.

സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രിമാരും മുന്നണി നേതാക്കളും ആവര്‍ത്തിക്കുന്നു. യുഎപിഎ കേസില്‍ എന്നതുപോലെ ‘സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ’ കാര്യം കേരള പൊലീസ് സമരങ്ങളോടും കാണിക്കുന്നു. പുതുവൈപ്പിനില്‍ സമരം ചെയ്ത ജനങ്ങളോടുള്ള പൊലീസിന്റെ ആദ്യമര്‍ദനം സര്‍ക്കാര്‍ നയമല്ലെന്നാണ് വാദമെങ്കില്‍, ഒരുവാദത്തിനുവേണ്ടിമാത്രം അംഗീകരിക്കാം. നയത്തിന് വിരുദ്ധമെങ്കില്‍ ആവര്‍ത്തിക്കരുത്. അവിടെ ഇതിനകം മൂന്നുതവണ പൊലീസ് നിഷ്ഠൂരമര്‍ദനം അഴിച്ചുവിട്ടു. നയമല്ലെങ്കില്‍ എങ്ങനെ ആവര്‍ത്തിക്കുന്നു? തീര്‍ച്ചയായും ‘സര്‍ക്കാര്‍ നയം’ അട്ടിമറിക്കുന്ന തീവ്രവാദികള്‍ അവിടെയുമുണ്ടാകാം!

പുതുവൈപ്പിനിലെ സമരത്തില്‍ നിന്നും
പുതുവൈപ്പിനിലെ സമരത്തില്‍ നിന്നും

ആര്‍ക്കൊപ്പമാണ് സര്‍ക്കാര്‍? ക്ഷേമപെന്‍ഷനുകള്‍ നൂറുരൂപ കൂട്ടിയും കുടിശിക വിതരണം ചെയ്തും മേനിനടിക്കേണ്ടതല്ല 'ഒപ്പമുണ്ട്' എന്ന ടാഗ് ലൈന്‍. 'അരിവേണമെന്ന് ആവശ്യപ്പെടുന്നില്ല, കൂലി വേണമെന്ന് ആവശ്യപ്പെടുന്നില്ല, സ്വന്തമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയാല്‍ മതി' എന്നാണ് പുതുവൈപ്പിനിലെ ജനത സര്‍ക്കാരിനോട് പറയുന്നത്. ജീവിക്കാനുള്ള മൗലികാവകാശമാണ് വികസനമന്ത്ര കടുംപിടുത്തത്തില്‍ അവിടെ ഹനിക്കപ്പെടുന്നത്. നവകേരള സൃഷ്ടിനടത്തിയ മുഖ്യമന്ത്രിയെന്ന ഖ്യാതി സ്വന്തമാക്കാനുള്ള ആഗ്രഹം മുഖ്യമന്ത്രി പിണറായി വിജയനുണ്ടാകാം. 1957ലെ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ നേര്‍ തുടര്‍ച്ചക്കാരനെന്ന ബഹുമതി ആവര്‍ത്തിച്ച് പറഞ്ഞ് സ്ഥാപിക്കാനുള്ള വ്യഗ്രതയുമുണ്ടാകാം. നായനാരും വിഎസ് അച്യുതാനന്ദനും നേതൃത്വം നല്‍കിയ മുന്‍ ഇടതുസര്‍ക്കാരുകളേക്കാള്‍ പുകള്‍പെറ്റതാണ് പിണറായികാലം എന്ന് രേഖപ്പെടുത്തുന്നതിനെ സ്വപ്‌നം കാണുന്നുണ്ടാകാം. അടിയന്തരാവസ്ഥയുടെ ഇരുളിലും കുടചൂടി നിന്ന സി അച്യുതമേനോന് കേരളത്തിലെ വികസനോന്മുഖമാധ്യമ വക്താക്കള്‍ പതിച്ചുകൊടുത്ത മികച്ച മുഖ്യമന്ത്രിയെന്ന ബഹുമതി തന്റെപേരിലാക്കണമെന്ന താല്‍പര്യവും വിജയനുണ്ടാകാം. വികസനത്തിനായി മുഖപ്രസംഗം എഴുതുന്ന മാധ്യമങ്ങള്‍ക്ക്, അന്നത്തിനുള്ള വക പരസ്യത്തിലൂടെ നല്‍കി മുഖ്യമന്ത്രി ആവശ്യപ്പെട്ട മുഖ്യധാരയ്ക്ക് പുറത്തെ ചെറുത്തുനില്‍പ്പുകളെ അവഗണിക്കാനുമാകും. അത് സ്ഥായിയാകില്ല. ആ മാധ്യമങ്ങള്‍ നരേന്ദ്രമോഡിയുടെ കുര്‍ത്തയുടെ നിറം മെട്രോയോട് ചേര്‍ത്തുവെച്ച് സായൂജ്യമടയട്ടെ.

വിഎസിന്റെ മൂലമ്പിള്ളിയില്‍നിന്ന് ഒട്ടും അകലയെല്ല, പിണറായിയുടെ പുതുവൈപ്പിന്‍. മൂന്ന് തവണയായി നടന്ന പൊലീസ് അതിക്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. നൂറുപേരെങ്കിലും പൊലീസ് കസ്റ്റഡിയിലും. അവരില്‍ സ്ത്രീകളാണ് കൂടുതല്‍. മുഖ്യഘടകകക്ഷിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പൊലീസ് അതിക്രമത്തിലെ തങ്ങളുടെ കൈകളിലെ ചോരപ്പാടുകള്‍ കഴുകാന്‍ ശ്രമിക്കുന്നുണ്ട്. കഴുകിയാല്‍ തീരുന്നതല്ല ചോരപ്പാടുകള്‍. ഒറ്റ പ്രസ്താവനകൊണ്ട് എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിയാനുമാകില്ല.

തെങ്ങിന്റെ മണ്ടയില്‍ വികസനം വരില്ലെന്ന ബോധോദയം പത്താണ്ടുമുമ്പേ ഉണ്ടായതാണ് സിപിഐഎമ്മിന്. കിനാലൂര്‍ ആവര്‍ത്തിക്കരുതെന്നതില്‍നിന്നാണ് പത്രാധിപരോട് മുഖ്യമന്ത്രി ആദ്യം തന്നെ വികസന നിലപാട് പ്രഖ്യാപിച്ചത്. സഭയില്‍ പ്രാതിനിധ്യമില്ലാത്ത കക്ഷികളുടെ പ്രതിഷേധങ്ങളെ അവഗണിക്കാനുള്ള പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്ക്ക് സമാനമായി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും നിലപാടെടുത്താലുള്ള സാഹചര്യം എന്താകും. മധ്യപ്രദേശിലെ മന്ദ്‌സൗര്‍ കര്‍ഷകപ്രശ്‌നത്തെ കുറിച്ച് അഭിപ്രായം പറയാന്‍ പിണറായി വിജയന്റെ പാര്‍ട്ടിക്ക്‌പോലും സാധ്യമാകില്ല. നന്ദിഗ്രാമും സിങ്കൂരും പിണറായിയുടെ പാര്‍ട്ടിക്ക് ഇപ്പോഴും നിദ്രാഭംഗമുണ്ടാക്കുന്ന ദുരന്തമാണ്. അത് ഓര്‍മപ്പെടുത്തുന്നവര്‍ കുലംകുത്തികളായി വേറിട്ടാക്രമിക്കപ്പെടുന്നതും അതുകൊണ്ടാണ്. സംഘം ചേര്‍ന്നുള്ള വാഴ്ത്തുപാട്ടുകള്‍കൊണ്ട് ഇല്ലാതാക്കാവുന്നതല്ല അടിത്തട്ടിലുള്ള സാധാരണക്കാരുടെ വിലാപങ്ങള്‍. ആര്‍ത്തനാദം പുറപ്പെടുവിക്കുന്ന ജനങ്ങള്‍ക്ക് വാഴ്ത്തുഗീതങ്ങള്‍ ഇമ്പമുള്ളതായി അനുഭവപ്പെടില്ല. ഒപ്പമുണ്ട് എന്ന അശരീരി തുളച്ചുകയറുന്നത് അവരുടെ സ്വാസ്ഥ്യത്തിലേക്കാണ്. നാലുപതിറ്റാണ്ടുമുമ്പ് നേരിട്ട പൊലീസ് മര്‍ദനത്തിന്റെ അനുഭവം ഇനിയും പറഞ്ഞ് ഈ ജനതയെ പരിഹസിക്കരുത്.