മോഹനേട്ടന്‍ ബാക്കിവച്ച വൈറ്റ് ബാലന്‍സ് 

June 26, 2017, 1:06 pm
 മോഹനേട്ടന്‍ ബാക്കിവച്ച വൈറ്റ് ബാലന്‍സ് 
Spotlight
Spotlight
 മോഹനേട്ടന്‍ ബാക്കിവച്ച വൈറ്റ് ബാലന്‍സ് 

മോഹനേട്ടന്‍ ബാക്കിവച്ച വൈറ്റ് ബാലന്‍സ് 

മോഹനേട്ടന്‍ എന്ന് ഞങ്ങള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും നിരൂപകരും മറ്റ് നവസിനിമാക്കാരും ഫിലിം ഫെസ്റ്റിവല്‍ സ്ഥിരക്കാരും ഇടതുപക്ഷ സാംസ്‌ക്കാരിക മുന്നണിക്കാരും വിളിക്കുന്ന കെ ആര്‍ മോഹനന്‍ ഇത്ര വേഗം ബന്ധുക്കളും സുഹൃത്തുക്കളുമായ ഞങ്ങളെ വിട്ടു പോകേണ്ടായിരുന്നു. പറഞ്ഞിട്ടെന്താ കാര്യം. ഉദരസംബന്ധമായ എന്തൊക്കെയോ തകരാറുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത് എന്തോ ഒരു ഓപ്പറേഷന്‍ ചെയ്തിരുന്നുവത്രെ. ആ ശരീര ഭാഗങ്ങളില്‍ വീണ്ടും ഗുരുതരമായ തകരാറ് സംഭവിച്ചിരിക്കുന്നു. ഏതാനും ആഴ്ചകളായി അദ്ദേഹം ആശുപത്രിവാസത്തിലായിരുന്നു. രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് രണ്ടു തവണ മറ്റു കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് പോയപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ആദ്യം പോയപ്പോള്‍, ക്ഷീണവും വേദനകളും ശരീരത്തില്‍ ഘടിപ്പിച്ച കുഴലുകളും എല്ലാം ഉണ്ടായിരുന്നുവെങ്കിലും ബോധത്തോടെ ഉണര്‍ന്നു കിടന്നിരുന്ന മോഹനേട്ടന്‍ മുറിയുടെ വാതില്‍ തുറന്ന് ഞാന്‍ അകത്തേക്ക് കടന്നപ്പോള്‍, ജീപ്പി പാലക്കാട്ട്ന്നാ എന്ന് തൃശ്ശൂര്‍ സ്ലാങ്ങില്‍ ചോദിച്ചു. അത് കേട്ടപ്പോളുണ്ടായ സമാധാനവും ആശ്വാസവും പറഞ്ഞറിയിക്കാവുന്നതല്ല. എന്നും മോഹനേട്ടന്‍ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ഞങ്ങള്‍ അനിയന്മാര്‍ക്കു മേലെ നിലക്കൊണ്ടു. പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനവും നിരവധി വര്‍ഷത്തെ തിരുവനന്തപുരം വാസവും കഴിഞ്ഞിട്ടും ചാവക്കാട്ടുകാരന്‍ അല്ലെങ്കില്‍ തൃശ്ശൂരുകാരന്‍ എന്ന നാടനവസ്ഥയില്‍ നിന്ന് മോഹനേട്ടന്‍ പരിണമിച്ചിരുന്നില്ല. മതമൈത്രിയുടെയും ഇടതനുഭാവത്തിന്റെയും മാറാത്ത ഉറപ്പുകളാണ് ചാവക്കാടിന്റെ മുഖമുദ്ര. അതൊരിക്കലും കൈവിട്ടില്ല എന്നതാണ് മോഹനേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത. ചാവക്കാട്ട് അദ്ദേഹം പണിതുകൊണ്ടിരുന്ന പുതിയ വീട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായില്ല.

മോഹനേട്ടനെ പരിചയപ്പെട്ടിട്ട് ഇരുപത് - ഇരുപത്തഞ്ചു വര്‍ഷത്തിലധികമായിട്ടുണ്ടാവും. കൃത്യമായി ഓര്‍മ്മയില്ല. എന്നാല്‍, ആദ്യം പരിചയപ്പെട്ട ഉടനെ തന്നെ എന്റെ എല്ലാ വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കി വെച്ചിരുന്നു. പിന്നെ എപ്പോള്‍ കാണുമ്പോഴും അതെല്ലാം ചോദിച്ച് കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. ദേശീയ അവാര്‍ഡ് ജേതാവും അക്കാദമി ചെയര്‍മാനും എല്ലാമായിരുന്നിട്ടും ആള്‍ക്കൂട്ടത്തിലൊരാള്‍ എന്ന നില ഒരിക്കലും പരിഷ്‌ക്കരിച്ചില്ല. അതു കാരണം, ബസ്സിലോ സ്ലീപ്പര്‍ ക്ലാസിലോ സഞ്ചരിക്കാനോ സാധാരണ മുറികളില്‍ അന്തിയുറങ്ങാനോ മോഹനേട്ടന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ ഗ്യാങ്ങിനൊപ്പമാണ് അദ്ദേഹം യാത്രയും താമസവും നടത്താറുള്ളത്. നേത്രാവതിയില്‍ കയറി, കര്‍മലിയിലിറങ്ങി പ്രീപെയ്ഡ് ടാക്‌സിയില്‍ കയറി പനാജിയിലെ കാരിത്താസ് ഹോളിഡേ ഹോമിലെ അറുനൂറ്റമ്പത് രൂപ ദിവസ വാടകയുള്ള സാദാ മുറിയില്‍ രണ്ടാള്‍ പങ്കിട്ട് താമസമുറപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഞാന്‍ മാത്രം തൊട്ടടുത്തുള്ള കമ്പാലിലെ ബാങ്കിന്റെ ഹോളിഡേ ഹോമിലാണ് അധികവും തങ്ങാറുള്ളത്. എങ്കിലും കാരിത്താസിലാണ് സൗഹൃദത്തറവാട്. മിരാമറിലേക്കും തിരിച്ചും മണ്‌ഡോവി നദിക്കരയിലൂടെയുള്ള പ്രഭാതനടത്തങ്ങള്‍, വിവാന്തയുടെ മൂലയിലുള്ള കഫേ നവദുര്‍ഗയിലെ ചായകുടികള്‍, സിനിമകള്‍ക്ക് വേണ്ടിയുള്ള വരിനില്‍പുകള്‍, എല്ലാം ഒരു പോലെ ഞങ്ങളെല്ലാം അനുഷ്ഠാനമെന്ന കണക്ക് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം മറ്റൊരു വിശേഷമുണ്ടായി. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ അവരോധിച്ചതിനെതിരായ സമരത്തിന്റെ അലയൊലികള്‍ മേളസ്ഥലത്തുമെത്തി. എല്ലാവരും പ്രതിഷേധ ബാഡ്ജ് ധരിച്ച് സിനിമക്കു കയറണമെന്ന് നിശ്ചയിച്ചു. അക്കൂട്ടത്തില്‍ മോഹനേട്ടന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. വിവരമില്ലാത്ത ഏതോ സെക്യൂരിറ്റിക്കാരന്‍ (അല്ലെങ്കില്‍ സെക്യൂരിറ്റിക്കാരന് എങ്ങിനെയാ വിവരമുണ്ടാവുക അല്ലേ!) അദ്ദേഹത്തിന്റെ കുപ്പായത്തില്‍ നിന്ന് ബലം പ്രയോഗിച്ച് ബാഡ്ജ് വലിച്ചെടുത്തു ചുരുട്ടിക്കൂട്ടി ചവറ്റകുട്ടയിലെറിഞ്ഞു. അതയാളുടെ പണിയല്ലേ എന്ന മട്ടില്‍ മോഹനേട്ടന്‍ നിസ്സംഗനായി തന്റെ ചര്യകള്‍ തുടരുകയും ചെയ്തു.

1948ല്‍ കെ എസ് രാമന്‍ മാസ്റ്ററുടെയും കെ വി പാറുക്കുട്ടിയുടെയും മകനായി തൃശ്ശര്‍ ജില്ലയിലെ ചാവക്കാട്ട് ജനിച്ച കെ ആര്‍ മോഹനന്‍, തിരുവത്ര എലമെന്ററി സ്‌കൂളിലും ചാവക്കാട് ഹൈസ്‌ക്കൂളിലും തൃശ്ശൂര്‍ സെന്റ് തോമസിലും പഠിച്ച് സുവോളജിയില്‍ ബിരുദമെടുത്തതിനു ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ സംവിധാനത്തില്‍ ഡിപ്ലോമ നേടി. ദീര്‍ഘകാലം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍(കെ എസ് എഫ് ഡിസി) ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, കൈരളി ചാനലിന്റെ തുടക്കക്കാലത്ത് പ്രോഗ്രാം ഡയരക്ടറുടെ ചുമതലയിലും ജോലി ചെയ്തിരുന്നു. പിന്നീട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. മേളകളും അവാര്‍ഡുകളും മാത്രമല്ല, കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് ടൂറിംഗ് ടാക്കീസും ആസ്വാദനക്യാമ്പുകളും ഫെല്ലോഷിപ്പുകളും മറ്റും മറ്റുമായി അക്കാദമി ഇറങ്ങിച്ചെന്ന ഒരു കാലമായിരുന്നു അത്. എല്ലായിടത്തും മോഹനേട്ടന്‍ എത്തുമായിരുന്നു. സംഘാടകനായും ക്യാമ്പ് ഡയകരക്ടറായും സഹപ്രാസംഗികനായും സഹയാത്രികനായും ഒക്കെ മിക്കപ്പോഴും കൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു. എടുക്കാന്‍ കഴിയാതെ പോകുന്ന പുതിയ സിനിമകളെക്കുറിച്ചുള്ള വേദനകള്‍ പങ്കിട്ടു. വൈറ്റ് ബാലന്‍സ് എന്ന ശീര്‍ഷകത്തില്‍ എടുക്കാനിരുന്ന ഒരു സിനിമയുടെ തിരക്കഥ മോഹനേട്ടന്‍ പൂര്‍ത്തീകരിച്ചിരുന്നു. നിര്‍മാതാക്കളെ ഒത്തുകിട്ടിയില്ല.

1978ലെടുത്ത അശ്വത്ഥമാവാണ് ആദ്യത്തെ ഫീച്ചര്‍. മാടമ്പ് കുഞ്ഞുകുട്ടന്റെ കഥയും സംഭാഷണവും. അദ്ദേഹം തന്നെ മുഖ്യ വേഷത്തിലഭിനയിച്ചു. മധു അമ്പാട്ട്(ഛായ), കൃഷ്ണനുണ്ണി(ശബ്ദലേഖനം), സി എന്‍ കരുണാകരന്‍(കലാസംവിധാനം) എന്നീ പ്രമുഖരും പിന്നണിയിലുണ്ടായിരുന്നു. സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രചരിച്ച അസ്തിത്വവാദ ചിന്തകളെ, ബ്രാഹ്മണ പാരമ്പര്യവും അതിന്റെ ഭാവനകളുമായും, കൂട്ടിയിണക്കി എന്നതായിരിക്കും ഒരു പക്ഷെ അശ്വത്ഥാമാവിനെ അക്കാലത്തെ മറ്റു കൃതികളില്‍ നിന്ന് വ്യത്യസ്തമാക്കിയത് എന്ന് ഡോ. സി എസ് വെങ്കിടേശ്വരന്‍ നിരീക്ഷിക്കുന്നു. അസ്തിത്വവാദചിന്തകള്‍ പോലുള്ള 'ആധുനിക' ബേജാറുകളും അവിടെ കൂടിക്കലര്‍ന്നു. അതുകൊണ്ടു തന്നെ നേരിട്ടുള്ള അത്തരം സമന്വയങ്ങള്‍ സാധ്യമല്ലാത്ത ഒരിടത്തു നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ മലയാളത്തിന്റെ ആധുനികതാപ്രസ്ഥാനത്തിന്റെയും ആത്മീയതയുടെയും(വര്‍ഗ്ഗീയതയുടെയും) ചരിത്രത്തില്‍ ആ കൃതി/ചിത്രം പ്രത്യേകമായ ഒരു വഹിക്കുന്നുണ്ട് എന്നു തോന്നുന്നു എന്നും വെങ്കിടേശ്വരന്‍ രേഖപ്പെടുത്തുന്നു. ഈ ധാരകളുടെ സംഘര്‍ഷത്തിന്റെ കഥയും കൂടിയാണല്ലോ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം. ഏറ്റവും നല്ല ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ അശ്വത്ഥാമാവ്, 1980ല്‍ ബാംഗളൂരില്‍ നടന്ന ഫിലിമോത്സവത്തില്‍(അക്കാലത്ത് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള ഓരോ വര്‍ഷവും ഇടവിട്ട് ദില്ലിയിലും മറ്റ് നഗരങ്ങളിലുമായിരുന്നു സംഘടിപ്പിക്കപ്പെട്ടിരുന്നത്; ദില്ലിയിലാവുമ്പോള്‍ ഐഎഫ്എഫ്‌ഐയും മറ്റിടങ്ങളിലാവുമ്പോള്‍ ഫിലിമോത്സവും) പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അശ്വത്ഥാമാവ് ഫ്രാന്‍സില്‍ നടന്ന നാന്റ്‌സ് ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലും പ്രശസ്തമായ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫോറം ഫോര്‍ യങ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു.

1987ലാണ് കെ ആര്‍ മോഹനന്റെ രണ്ടാമത്തെ സിനിമ, പുരുഷാര്‍ത്ഥം പൂര്‍ത്തിയായി പുറത്തു വന്നത്. സി വി ശ്രീരാമന്റെ രണ്ടു കഥകളെ -പുരുഷാര്‍ത്ഥം, ഇരിക്കപ്പിണ്ഡം - അവലംബമാക്കി സംവിധായകന്‍ തന്നെ തയ്യാറാക്കിയ തിരക്കഥയാണ് പുരുഷാര്‍ത്ഥത്തിന്റേത്. എം ബി ശ്രീനിവാസനായിരുന്നു സംഗീതം. മധു അമ്പാട്ടും കൃഷ്ണനുണ്ണിയും ഈ ചിത്രത്തിലും ഛായയും ശബ്ദ ലേഖന-മിശ്രണവും നിര്‍വഹിച്ചു. സുജാതാ മേത്ത, അടൂര്‍ഭാസി, ശ്രീരാമന്‍ എന്നിവരോടൊപ്പം മാടമ്പു കുഞ്ഞുകുട്ടനും അഭിനയിച്ചു. രണ്ടു ജീവിത വ്യവസ്ഥകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഒരു തലത്തില്‍ ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സി എസ് വെങ്കിടേശ്വരന്‍ രേഖപ്പെടുത്തുന്നത്. ഗ്രാമം-നഗരം, താമസം-പ്രവാസം, ദാമ്പത്യം-ജാരസംസര്‍ഗ്ഗം, ഓര്‍മ്മ-മറവി, ഭൂതം-വര്‍ത്തമാനം, കാര്‍ഷികവ്യവസ്ഥ-വ്യാവസായിക വ്യവസ്ഥ ഇവയൊക്കെ തമ്മിലുള്ള അപരിഹാര്യമായ വൈരുദ്ധ്യമായി ആ സംഘര്‍ഷം പടര്‍ന്നു നില്‍ക്കുന്നു. മലയാള ആധുനികതയുടെ സാമൂഹികപ്രതീകമായ സിവി ശ്രീരാമന്റെ കഥകളുടെ സങ്കീര്‍ണ-ലാളിത്യങ്ങളുടെ സംക്രമണം കൊണ്ടു കൂടിയാണ് പുരുഷാര്‍ത്ഥം സവിശേഷമായത്. ഏറ്റവും നല്ല മലയാള സിനിമക്കുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും, ഏറ്റവും നല്ല സിനിമക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയ പുരുഷാര്‍ത്ഥം, 1988ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

1992ല്‍ പുറത്തു വന്ന സ്വരൂപം ഏറെ സവിശേഷതകളുള്ള സിനിമയായിരുന്നു. കെ ആര്‍ മോഹനന്റേതു തന്നെയായിരുന്നു കഥയും തിരക്കഥയും എല്ലാം. മധു അമ്പാട്ടും കൃഷ്ണനുണ്ണിയും ഈ ചിത്രത്തിലും മുഖ്യ സാങ്കേതിക പിന്നണിക്കാരായി. എല്‍ വൈദ്യനാഥനായിരുന്നു സംഗീതം. ശ്രീനിവാസനും തിലകനും സന്ധ്യാരാജേന്ദ്രനുമായിരുന്നു മുഖ്യ വേഷങ്ങള്‍ ചെയ്തത്. ആത്മീയാനുഭൂതികള്‍ക്കു കൂടി ഇടമുള്ള ഒന്നാണ് ജീവിതത്തിന്റെ രഥ്യ എന്ന സങ്കീര്‍ണമായ സത്യത്തിന്റെ ധ്വനി, സുതാര്യമായ സിനിമയുടെ സ്വരൂപത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മാത്രം സാമൂഹികമായ ധൈര്യം പ്രദര്‍ശിപ്പിച്ച മഹത്തായ സിനിമയായിരുന്നു സ്വരൂപം. കൃത്യമായി ആ വര്‍ഷം(1992) മുതല്‍ മാറി മറിഞ്ഞ ഇന്ത്യയുടെ സാംസ്‌ക്കാരിക-വര്‍ഗീയ-രാഷ്ട്രീയ-മത പരിസരങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു സ്വരൂപം. ശ്രീനിവാസന്‍ തന്നെ മുഖ്യവേഷത്തിലഭിനയിച്ച് സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയുടെ ചോദനക്കു പിന്നില്‍ സ്വരൂപത്തിന്റെ സ്വാധീനം ആരോപിക്കപ്പെട്ടിരുന്നു. അതെന്തോ ആവട്ടെ. സ്വരൂപത്തിലുന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ ചോര്‍ത്തിക്കളഞ്ഞിരുന്ന ചരിത്ര വിരുദ്ധ ആഖ്യാനമായി ചിന്താവിഷ്ടയായ ശ്യാമള പില്‍ക്കാല കേരളസമൂഹത്തെ നോക്കു കുത്തി പോലെ പരിഹാസ്യമാക്കുകയാണ് ചെയ്തത്. ഏറ്റവും നല്ല മലയാള സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സ്വരൂപം, 1993ല്‍ ദില്ലിയില്‍ നടന്ന ഇഫിയില്‍ പനോരമ വിഭാഗത്തിലുണ്ടായിരുന്നു.

ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, ഏറ്റവും നല്ല പാരിസ്ഥിതിക ഡോക്യുമെന്ററിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ വിശുദ്ധ വനങ്ങള്‍, പനോരമയിലുള്‍പ്പെടുത്തപ്പെട്ട ദേവഗൃഹം എന്നീ ഡോക്കുമെന്ററികളും കെ ആര്‍ മോഹനന്റേതായുണ്ട്. കെ ആര്‍ ഗൗരിയമ്മയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്കുമെന്ററി ചില സാങ്കേതികപ്രശ്‌നങ്ങളാല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. മുഖ്യധാരാസിനിമയുമായി ഒരു വിധ നീക്കുപോക്കുകളും ഒരു കാലത്തും നടത്താത്ത സ്ഥിരം സമാന്തരക്കാരനായിരുന്നു കെ ആര്‍ മോഹനന്‍. അതുകൊണ്ട്, മുഖ്യധാരാ സിനിമയുടെ ശബ്ദ-വര്‍ണ ധാടികള്‍ക്ക് അദ്ദേഹം എന്നും അപരിചിതനായി തുടര്‍ന്നു.

മുന്‍ എം എല്‍ എയും പ്രസിദ്ധ ചലച്ചിത്ര കാരനുമായ പി ടി കുഞ്ഞുമുഹമ്മദായിരുന്നു മോഹനേട്ടന്റെ മൂന്നു ഫീച്ചറുകളുടെയും നിര്‍മാതാവ്. എന്‍എഫ് ഡിസിയുടെ സഹായം അവസാന രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. പി ടിയും മോഹനേട്ടനും തമ്മിലുള്ള അഗാധമായ സൗഹൃദവും സാഹോദര്യവും തൊട്ടു പുറകെയുള്ള തലമുറക്കാരായ ഞങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമായിരുന്നു. അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനു ശേഷം, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ(കേരളം) വൈസ് പ്രസിഡണ്ടായി ഗൗരവ-സിനിമാ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. കഴിഞ്ഞ വര്‍ഷം പുന: സംഘടിപ്പിക്കപ്പെട്ട ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മരണപ്പെടുമ്പോള്‍ അദ്ദേഹം. ഐ ഡി എസ് എഫ് എഫ് കെയായിരിക്കും, ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് പങ്കെടുക്കാതെ പങ്കെടുത്ത അദ്ദേഹത്തിന്റെ അവസാനത്തെ മേള. കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വെച്ച മൂന്നു സിനിമകളുടെ പേരില്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിറ സാന്നിദ്ധ്യമാവേണ്ടിയിരുന്നു അദ്ദേഹം. നിരവധി സ്വദേശ-വിദേശ മേളകളില്‍ ജൂറിയായി പങ്കെടുത്തിട്ടുള്ള മോഹനേട്ടന്‍ നല്ലൊരു അധ്യാപകന്‍ കൂടിയായിരുന്നു.