‘വിലയ്ക്കുവാങ്ങാം ഇന്ത്യന്‍ ജനാധിപത്യം’ നാടകം; ജനമൊന്നു കൂവിക്കോട്ടെ ശ്രീമാന്‍ അമിത് ഷാ 

August 10, 2017, 5:25 pm
‘വിലയ്ക്കുവാങ്ങാം ഇന്ത്യന്‍ ജനാധിപത്യം’ നാടകം; ജനമൊന്നു കൂവിക്കോട്ടെ ശ്രീമാന്‍ അമിത് ഷാ 
Spotlight
Spotlight
‘വിലയ്ക്കുവാങ്ങാം ഇന്ത്യന്‍ ജനാധിപത്യം’ നാടകം; ജനമൊന്നു കൂവിക്കോട്ടെ ശ്രീമാന്‍ അമിത് ഷാ 

‘വിലയ്ക്കുവാങ്ങാം ഇന്ത്യന്‍ ജനാധിപത്യം’ നാടകം; ജനമൊന്നു കൂവിക്കോട്ടെ ശ്രീമാന്‍ അമിത് ഷാ 

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേല്‍ ജയിച്ചു എന്നുള്ളതിനെക്കാള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അയാളെ തോല്‍പ്പിക്കാന്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ എല്ലാ നീക്കങ്ങളേയും മറികടന്ന് അയാള്‍ വിജയിച്ചു എന്നതാണ് പ്രധാനം.

അധികാരത്തിലിരിക്കുന്ന ദേശീയ കക്ഷി യാതൊരു വിധ രാഷ്ട്രീയ ധാര്‍മ്മികതയും കണക്കിലെടുക്കാതെ എതിര്‍പക്ഷത്തുള്ള എം എല്‍ എമാരെ സകലവിധ അധികാര ദുര്‍വിനിയോഗവും നടത്തി, പണവും പദവികളും മറ്റ് സകലവിധ പ്രലോഭനങ്ങളും നിവര്‍ത്തിച്ചുകൊടുത്ത് കൂറുമാറ്റുന്ന കാഴ്ച്ച ഇത്ര ലജ്ജാരഹിതമായി നടത്തുന്നു എന്നു മാത്രമല്ല, അതൊക്കെ ചെയ്യുന്നതിന് നേതൃത്വം നല്‍കുന്ന ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ, കോഴക്കളിയുടെ ഗുണഫലമറിയാന്‍ അര്‍ദ്ധരാത്രിയില്‍ കാത്തിരിക്കുന്ന അശ്ലീലദൃശ്യം ഒരു ചാണക്യന്റെ കാത്തിരിപ്പായി അവതരിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍, പട്ടേലിന്റെ വിജയം ചെറുതെങ്കിലും ഈ ക്രിമിനല്‍-കോഴ രാഷ്ട്രീയത്തിന്റെ തലങ്ങളെ ഒന്നുകൂടി കാട്ടിത്തരുന്നുണ്ട്.

ഒരു രാജ്യസഭ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ഒരു തരത്തിലുള്ള ആകാംക്ഷയും ഉയര്‍ത്തേണ്ടതില്ലാത്ത ഒന്നാണ്. വിവിധ രാഷ്ട്രീയ കക്ഷികളിലെ എം എല്‍ എമാരുടെ എണ്ണം കൃത്യമായി അറിയുന്നതിനാല്‍ ആ കക്ഷികള്‍ക്ക് എത്ര പേരെ ജയിപ്പിക്കാനാകും എന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേ അറിയും. കൂറുമാറ്റം നടന്നില്ലെങ്കില്‍ അതില്‍ മാറ്റമുണ്ടാകാനും ഇടയില്ല. എന്നാല്‍ ഗുജറാത്തില്‍ നടന്നത് ഒരംഗത്തെ ജയിപ്പിക്കാനുള്ള ബലം നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിട്ടും ആ കക്ഷിയിലെ എം എല്‍ എമാരെ പല തരത്തില്‍ കൂറുമാറ്റിക്കൊണ്ട് ആ സീറ്റുകൂടി പിടിച്ചെടുക്കാന്‍ ഏതാണ്ട് പരസ്യമായിതന്നെ ബി ജെ പി നടത്തിയ ശ്രമങ്ങളാണ്. ഇതാദ്യമായല്ല ഇത്തരത്തില്‍ കൂറുമാറ്റം എന്നു പറഞ്ഞേക്കാം. പക്ഷേ ഈ പരസ്യലേലത്തിന് മറ്റൊരു തലമുണ്ടെന്ന് കാണാതിരുന്നുകൂടാ. അത് വര്‍ഷങ്ങളായി നരേന്ദ്ര മോഡി- അമിത് ഷാ ദ്വന്ദം അല്ലെങ്കില്‍ സംഘപരിവാറിന്റെ ഏറ്റവും കൃത്യമായ രാഷ്ട്രീയ-കുറ്റവാളി സംവിധാനം ഗുജറാത്തില്‍ നടപ്പാക്കുകയും ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു ആസൂത്രിത ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലാം നടക്കുന്നത് എന്നാണ്.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക മാത്രമല്ല സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യം. അത് തങ്ങളുടെ രാഷ്ട്രീയം ഏറ്റവും പ്രധാന രാഷ്ട്രീയ ലക്ഷ്യമായ ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കുള്ള ഏറ്റവും നിര്‍ണായകമായ ഒന്നാക്കി അവര്‍ മനസിലാക്കുന്നു എന്നത് ശരിയാണ്. അതിനോടൊപ്പം തീര്‍ത്തൂം അഭിന്നമായ രീതിയില്‍ സ്വകാര്യ മൂലധനത്തിന്റെ താത്പര്യങ്ങളെയും അവര്‍ സംരക്ഷിക്കും. എന്നാല്‍ ഈ അധികാര മണ്ഡലത്തിന്റെ വിവിധ തലങ്ങളെ ഹിന്ദു രാഷ്ട്ര പദ്ധതിക്കായി രൂപപ്പെടുത്തുക എന്ന രാഷ്ട്രീയ-സാമൂഹ്യ അജണ്ട അധികാരത്തിനകത്തും പുറത്തും അവര്‍ നടത്തിക്കൊണ്ടേയിരിക്കും. ഇതിന്റെ നിരവധി ഋതുക്കള്‍ കടന്നുപോയതുകൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ തങ്ങളുടെ കോഴക്കളിയുടെ ഫലമറിയാന്‍ കാത്തിരിക്കുന്ന അമിത് ഷാ ചാണക്യനായി മാറുന്നത്.

ഗുജറാത്തില്‍ മോഡി-ഷാ ദ്വന്ദം നടപ്പാക്കിയ സംഘപരിവാര്‍ അജണ്ട രാഷ്ട്രീയത്തിന്റെ കുറ്റവാളിവത്കരണത്തിന്റെ ഏറ്റവും ഭയാനകമായ രൂപമായിരുന്നു. സ്വന്തം കക്ഷിയിലെ എതിരാളികള്‍ക്കുവരെ ജീവന്‍ നഷ്ടപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ കയ്യാളായിരുന്ന അമിത് ഷാ പ്രതിയായി. സംസ്ഥാനത്തെ ഐ പി എസ് ഉദ്യോഗസ്ഥര്‍ കൂട്ടുപ്രതികളായി. ഒരു സര്‍ക്കാര്‍ സംവിധാനം ഒരു കുറ്റവാളി സംഘത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക അജണ്ടകള്‍ നടപ്പാക്കാനുള്ള ഗുണ്ടാ സംഘമായി മാറിയ കാഴ്ചയായിരുന്നു അത്. എന്നാല്‍ അധികാരമുഷ്‌ക്കിന്റെ ആത്മവിശ്വാസത്തിന് മാത്രം നല്കാന്‍ കഴിയുന്ന പ്രലോഭനങ്ങളെ നീതിയുടെ നടത്തിപ്പുകാരും മറികടന്നില്ല. നീതിയുടെ കുരിശില്‍ നിന്നും സംഘപുത്രന്മാര്‍ ഒന്നൊന്നായി ഇറങ്ങിപ്പോന്നു. അമിത് ഷായെ കുറ്റവിമുക്തനാക്കിയ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സദാശിവം കേരള ഗവര്‍ണറായി. വിധേയന്‍മാരുടെ പാനപാത്രങ്ങള്‍ നിറഞ്ഞുകൊണ്ടേയിരുന്നു. പണമായും പദവികളായും മറ്റ് രാഗവിവശതകളുടെ ആഘോഷങ്ങളായും.

മോഡി-ഷാ ദ്വന്ദം പ്രതിനിധീകരിച്ച ഈ രാഷ്ട്രീയ-കുറ്റവാളി-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിലാണ് അദാനിക്ക് സ്വന്തമായി ഒരു പ്രധാനമന്ത്രി ഉണ്ടായതും ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ ഒരു അശ്ലീലപദമാക്കി മുദ്രകുത്തിയതും. കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന സ്വകാര്യ എന്നയുടെ തലത്തിലേക്ക് ഇന്ത്യയിലെ ഭരണകൂടങ്ങള്‍ ഏതാണ്ടെല്ലാക്കാലവും മാറിക്കൊണ്ടേയിരുന്നു. അഥവാ അതാണ് അവര്‍ തുടക്കം മുതലേ ചെയ്തുകൊണ്ടിരുന്നതും. ഇതില്‍ ഹിന്ദുത്വ ഭീകരതയുടെ മാരകമായ ആയുധപ്രയോഗം കൂടി നടത്തി എന്നു മാത്രമല്ല, ഭരണഘടനയനുസരിച്ചുള്ള ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും സമാന്തരമായി കോര്‍പ്പറേറ്റ്-ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മൂല്യബോധവും സാമ്പത്തിക താത്പര്യവും അനുസരിച്ചുള്ള ഒരു സമാന്തര വ്യവസ്ഥിതി നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തു മോഡി-ഷാ സംഘം.

ഇതാണ് പശു സംരക്ഷകരെ തെരുവിലും അടുക്കളകളിലും അഴിഞ്ഞാടാന്‍ വിടുന്നതും സംഘപരിവാറിന്റെ രാഷ്ട്രീയമായ അധികാരം പൗരസമൂഹത്തിന് മേലുള്ള കായികമായ മേധാവിത്വം കൂടിയാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നത്. ഇങ്ങനെ ആശയപരമായ രാഷ്ട്രീയ മേല്‍ക്കോയ്മയും കോര്‍പ്പറേറ്റ് സാമ്പത്തിക പ്രീണനവും പൗരസമൂഹത്തിനുമേലുള്ള, നിയമബാഹ്യമായ കായിക മേധാവിത്തവും കൂടിച്ചേരുമ്പോള്‍ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ചിത്രം പൂര്‍ത്തിയാവുന്നു. ഇന്ത്യയിലെ സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയായ ഹിന്ദു രാഷ്ട്രത്തിലേക്ക് അവിടെനിന്നും അധികം ദൂരമില്ല. ഉദാര ജനാധിപത്യ മൂല്യങ്ങള്‍ക്കൊ പണ്ടേ ദുര്‍ബലമായ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കൊ തിരിച്ചുപിടിക്കാന്‍ ആകാത്ത വിധത്തില്‍ ഈ ഹിന്ദുത്വ രാഷ്ട്രീയ-കുറ്റവാളി-കോര്‍പ്പറേറ്റ് സഖ്യം പിടിമുറുക്കും.

അത്തരമൊരു ഭാവിയെ തടയാനുള്ള തരത്തില്‍ സമരനിര കെട്ടിപ്പടുക്കുകയും, ബഹുജന ഐക്യനിര ശക്തമാക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് അത്, രാഷ്ട്രീയ തിരിച്ചറിവുള്ള പ്രവര്‍ത്തനമാകുന്നത്. അതായത് ഇന്നിനെതിരെ മാത്രമല്ല നിങ്ങള്‍ പോരാടേണ്ടത്, നാളത്തെ സമരം കൂടി ഇന്ന് നടത്തേണ്ടതുണ്ട് എന്നാണ്.

ഇത്തരമൊരു സമഗ്രാധിപത്യ കേന്ദ്രീകൃത അധികാര ഘടന എത്രയും വേഗത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമിത് ഷായുടെ രാജ്യത്തൊട്ടാകെ പ്രതിപക്ഷത്തെ വിലയ്ക്കുവാങ്ങി ഇല്ലാതാക്കുന്ന 'ഗ്രാന്‍ഡ് ഇന്ത്യന്‍ ഷാ സര്‍ക്കസ്' കൊണ്ടുനടക്കുന്നത്. അസമില്‍, മണിപ്പൂരില്‍, അരുണാചല്‍ പ്രദേശില്‍, ത്രിപുരയില്‍, ഗുജറാത്തില്‍, ഇനി നടക്കാനിരിക്കുന്ന ഒഡിഷയില്‍ എല്ലാം തിരക്കഥ സമാനമാണ്. ജനാധിപത്യത്തിലെ പ്രതിപക്ഷം എന്ന അനിവാര്യതയെ ഇല്ലാതാക്കുക എന്നത് ഒരു രാഷ്ട്രീയ ലക്ഷ്യമായി പരസ്യമായി പ്രഖ്യാപിച്ച സംഘപരിവാര്‍ അത് നടപ്പാക്കാന്‍ കണ്ടെത്തിയ എളുപ്പവഴികളിലൊന്ന് കുതിരക്കച്ചവടവുമാണ് എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നല്ല.

അതുകൊണ്ടുതന്നെ ഈ പ്രതിപക്ഷ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ഗുജറാത്തില്‍ ഇപ്പോള്‍ സംഭവിച്ച കണകൂകൂട്ടല്‍ പിഴവുകള്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നോ നീണ്ട കാലത്തേയ്ക്ക് തളര്‍ത്തുമെന്നോ ഒക്കെ കരുതുന്നത് ശരിയായിരിക്കില്ല. എങ്കിലും ഈ കച്ചവടത്തിന്റെ ഗതിവിഗതികളെ ഒന്നുകൂടി പരസ്യമാക്കി എന്നതാണ് ഏറ്റവും പുതിയ ശ്രമത്തിന്റെ നീക്കിബാക്കി.

അഹമ്മദ് പട്ടേലെന്ന, ദേശീയ രാഷ്ട്രീയത്തിലെ ‘ഇടപാട്’ രാഷ്ട്രീയകാരുടെ ഉസ്താദ് എന്നൊക്കെ വിളിക്കാവുന്ന ഒരാളുടെ ജയപരാജയങ്ങളുമായല്ല നമ്മളിതിനെ ബന്ധിപ്പിക്കേണ്ടത്. ഒരു രാഷ്ട്രീയ കാലാവസ്ഥയെ തിരിച്ചറിയുക എന്നതിനര്‍ത്ഥം ഓരോ ഘട്ടത്തിലും സ്ഥിരമായി ഒരേ കരുക്കള്‍ ഉപയോഗിച്ച് മാത്രം കളിക്കാതിരിക്കുക എന്നതുകൂടിയാണ്. എന്നാല്‍ ഇതിനെയൊക്കെ തെരഞ്ഞെടുപ്പുകളികളാക്കി ചുരുക്കിക്കണ്ടാല്‍ ഇന്ത്യയിലെ സംഘപരിവാര്‍ ആക്രമണത്തെ ചെറുക്കുകയെന്നത് വെറും കാടും പടലും തല്ലല്‍ മാത്രമായി മാറും.

നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് അടക്കമുള്ള അല്പമെങ്കിലും മതേതരമായ പ്രതിപക്ഷം ഇതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ തിരിച്ചറിയാനോ അതിനനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കാനോ കഴിയാതെ നോക്കുകുത്തികളാവുകയാണ്. ഒരുതരത്തില്‍ ഇത് അവരുടെ അനിവാര്യമായ പ്രതിസന്ധിയാണ്. കാരണം കോര്‍പ്പറേറ്റ് ദാസ്യത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കിയതിന്റെയും ഫെഡറല്‍ സംവിധാനത്തെ ഗവര്‍ണര്‍മാരെ ഇടപെടുവിച്ചും സംസ്ഥാനാധികാരങ്ങളിലേക്ക് കടന്നുകയറിയുമൊക്കെ തകര്‍ത്തത്തിന്റെയുമൊക്കെ ആദ്യകാലപാഠങ്ങള്‍ അവരുടെ വകയാണ്. വളരെ വിദഗ്ദമായി, ഇഴപിരിച്ചെടുക്കാനാകാത്ത വിധത്തില്‍ ഹിന്ദുത്വ ഭീകരതയും മതേതര മൂല്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണവുമായി സംഘപരിവാര്‍ ആ കാലം പിടിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള ഉപരിവര്‍ഗ രാഷ്ട്രീയ കക്ഷികള്‍ അന്തം വിട്ടുനില്‍ക്കുന്നത് സ്വാഭാവികമാണ്.

ഇതാണ് കോണ്‍ഗ്രസിലെ ഇപ്പോളത്തെ നേതൃത്വ പ്രതിസന്ധിയായി പുറത്തുവരുന്നതും. രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതിനെതിരെ എങ്ങനെയാണ് ശബ്ദമുയര്‍ത്തേണ്ടത് എന്നു ഇക്കണ്ടകാലം അതേ ജനാധിപത്യവിരുദ്ധ സംവിധാനത്തിന്റെ ഗുണഭോക്താക്കളായി നിന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് അറിഞ്ഞുകൂടാ. രാഹുലിനെ രാഷ്ട്രീയത്തില്‍ വഴിതെറ്റിക്കയറിയ ഒരു വിഡ്ഢിയായി ചിത്രീകരിക്കുന്ന ബി ജെ പി പ്രചാരണത്തെ ഫലപ്രദമായി ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയാണെങ്കില്‍ തന്നാലാവുന്ന സംഭാവനകള്‍ അതിലേക്കു ചെയ്യുന്നുമുണ്ട്.

അതുകൊണ്ട് അഹമ്മദ് പട്ടേല്‍, അമിത് ഷായുടെ അശ്ലീല ചാണക്യസൂത്രങ്ങളെ ദീര്‍ഘകാലത്തെ തന്റെ 'ഇടപാട്' രാഷ്ട്രീയപരിചയം കൊണ്ട് ഇഞ്ചോടിഞ്ച് നടത്തിയ പോരാട്ടത്തില്‍ തോല്‍പ്പിച്ചതൊന്നും കോണ്‍ഗ്രസിനെ സന്തോഷിപ്പികേണ്ടതില്ല. എന്നാല്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അമിത് ഷാ സംഘം നടത്തുന്ന ഈ ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങാം എന്ന നാടകത്തില്‍ തെളിഞ്ഞോന്നു കൂവാന്‍ ജനത്തിന് അവസരം കിട്ടിയെന്നത് ഒട്ടും നിസാരമായ കാര്യമല്ല.

ആയിരക്കണക്കിന് മുസ്ലീങ്ങളുടെ വംശഹത്യയും, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കൈവിറയില്ലാത്ത കുറ്റകൃത്യ ചരിത്രവുമുള്ള മോഡി-ഷാ ദ്വന്ദവും, ഹിന്ദുത്വ ഭീകരതയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഹിംസയും ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിലേക്ക് മുള്‍വേരുകളുമായി പടര്‍ന്നുകയറുമ്പോള്‍, ജനാധിപത്യത്തിന്റെ തായ്ത്തണ്ടില്‍ നിന്നും രക്തമൊഴുകുന്നത് ജനം കാണുന്നുണ്ട് എന്നുറപ്പാക്കുന്നു ഇത്തരം ചരിത്ര സന്ദര്‍ഭങ്ങള്‍. അതിനപ്പുറമോ ഇപ്പുറമോ അഹമ്മദ് പട്ടേലിന്റെ വിജയത്തെ വായിച്ചെടുക്കരുത്.