പൊങ്ങച്ചത്തിന് നല്‍കാം ഒരു ലൈക്ക്! അവര്‍ ഇപ്പോഴും ആ ഊറ്റം കൊള്ളലിന് പുറത്താണ്

August 9, 2017, 1:27 pm


പൊങ്ങച്ചത്തിന് നല്‍കാം ഒരു ലൈക്ക്! അവര്‍ ഇപ്പോഴും ആ ഊറ്റം കൊള്ളലിന് പുറത്താണ്
Spotlight
Spotlight


പൊങ്ങച്ചത്തിന് നല്‍കാം ഒരു ലൈക്ക്! അവര്‍ ഇപ്പോഴും ആ ഊറ്റം കൊള്ളലിന് പുറത്താണ്

പൊങ്ങച്ചത്തിന് നല്‍കാം ഒരു ലൈക്ക്! അവര്‍ ഇപ്പോഴും ആ ഊറ്റം കൊള്ളലിന് പുറത്താണ്

ഇന്ത്യന്‍ ദേശീയതയ്ക്ക് അകത്തുനിന്നും പുറത്താകുന്ന ചില ആള്‍ക്കാരുണ്ട്. കാശ്മീരിയായ/മുസ്ലീമായ/ദളിതായ/വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരനായ/ ഇതിലേതെങ്കിലുമൊക്കെയായ സ്ത്രീയായ ആളുകള്‍! ചില പ്രത്യേക കണക്കുകള്‍ കൊണ്ടുണ്ടാക്കുന്ന, അതിര്‍ത്തി വച്ച മാനസികാവസ്ഥകളുടെ ഒരുമിച്ച് ചേരലില്‍ നിന്ന് ആ കണക്കുകളിലും സൂചകങ്ങളിലും പെടാതെ ചിലര്‍ക്ക് പുറത്താകേണ്ടി വരും. അത്തരം ഉത്തമ ഗുണങ്ങളെ ജന്മനാ തന്നെയോ, മുന്‍ഗണനാ ക്രമങ്ങളുടെ അടിസ്ഥാനത്തിലോ സ്വന്തമാക്കാന്‍ കഴിയാത്തവര്‍ക്ക് അപരത്വത്തോടൊപ്പം ശത്രുത കൂടി കിട്ടും. നിങ്ങളുടെ സാന്നിദ്ധ്യം മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഞങ്ങളുടെ ചില പൂര്‍ണതകള്‍, മേന്‍മകള്‍ എന്നിവയുടെയൊക്കെ പക അവരുടെ നേര്‍ക്കായിരിക്കും.

അതിരാവിലെ എറണാകുളം കലൂരിലെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചെന്നാല്‍ നമുക്കധികം സുപരിചിതമല്ലാത്തൊരു തൊഴിലാളി ചന്ത കാണാം. രാവിലെ ഏഴു മുതല്‍ നൂറുകണക്കിന് തൊഴിലാളികള്‍ തങ്ങളുടെ കൈവശമുള്ള ഏറ്റവും പരിമിതമായ പണിയായുധങ്ങള്‍ കൊണ്ട് നിര നിരയായി നില്‍ക്കും. ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍. മറ്റു സംസ്ഥാനക്കാരുടെ ഒഴുക്ക് ഉണ്ടായപ്പോഴും ഇവിടെ അവരത്ര ഉണ്ടാകില്ല. സെപ്റ്റിക് ടാങ്ക് ക്‌ളീനിങ്ങ് മുതല്‍ പറമ്പ് പണികള്‍ക്കും ചെറിയ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുമായി പണിക്കാരെ നോക്കി ഇവര്‍ക്കിടയിലേക്ക് വരുന്ന ആവശ്യക്കാര്‍ തടിമിടുക്കൊക്കെ നോക്കി ചെറിയ വില പേശലുകള്‍ക്ക് ശേഷം തങ്ങള്‍ക്കാവശ്യമുള്ളവരെ വിളിച്ചുകൊണ്ട് പോകും.

കാഴ്ചയില്‍ ആരോഗ്യം കുറഞ്ഞവരും വലിയ വാചക മിടുക്കില്ലാത്തവരൂം കുഞ്ഞുങ്ങളുമുള്ള സ്ത്രീകളൊക്കെ പത്തുമണിയോടെ ബാക്കിയാകും. ഉത്സവപ്പറമ്പില്‍ അവസാന ദിവസം കഴിഞ്ഞാലും നില്‍ക്കുന്ന ചെറുകിട ബലൂണ്‍ കച്ചവടക്കാരെ പോലെയാണ്. തൊട്ടടുത്ത ദിവസം നടക്കുന്ന അടുത്ത ഉത്സവത്തെ കുറിച്ച് ധാരണയൊന്നുമില്ലാത്ത ആകര്‍ഷകമായ ഉത്പന്നങ്ങളൊന്നും കയ്യിലില്ലാത്തവര്‍. തേടി വരുന്ന കുട്ടികളുടെ എണ്ണം കുറവാകുന്നതോടെ വില കിഴിച്ച് സാധനം വിറ്റ് എന്തെങ്കിലും കിട്ടിയാല്‍ മതിയെന്നാകുന്നവര്‍. ഏറ്റവും കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ തയ്യാറാകുന്ന ഈ കൂട്ടത്തില്‍ നിന്ന് താത്കാലിക വീട്ടുപണിക്കോ പറമ്പുപണിക്കോ വേണ്ടവരെ ഇത് ഞങ്ങളുടെ ആവശ്യമല്ല, നിങ്ങള്‍ക്ക് പണി വേണമെങ്കില്‍ പോരേ എന്ന മട്ടില്‍ ആവശ്യക്കാര്‍ കൊണ്ടുപോകും.

എറണാകുളം കലൂരില്‍ തൊഴിലിനായി പുലര്‍ച്ചെ കാത്തുനില്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍
എറണാകുളം കലൂരില്‍ തൊഴിലിനായി പുലര്‍ച്ചെ കാത്തുനില്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍

കലൂരിലെ രാത്രികള്‍ ഇവരുടേതാണ്. വൈകുന്നേരം ഇരുപത് രൂപക്ക് കോഴിക്കറിയും രസവും ചോറും പൊതിഞ്ഞ് തമിഴ് സ്ത്രീകള്‍ വില്‍ക്കാനെത്തും. കോഴിയുടെ എല്ലാ ഭാഗങ്ങളും അരിഞ്ഞിട്ട് എണ്ണയും എരിവും അധികം ചേര്‍ത്തുണ്ടാക്കുന്ന വില കുറഞ്ഞ മദ്യത്തിന്റെ കുത്തിനെ നേര്‍പ്പിക്കുന്ന രുചിയാണത്. പൊടി കലക്കിയ കള്ള് കുപ്പിക്ക് അറുപത് രൂപക്ക് കിട്ടുന്ന ഷാപ്പില്‍ നിന്നോ ബീവറേജ് ഷോപ്പിലേ ഏറ്റവും കുറഞ്ഞ മദ്യം ഫുള്ളു വാങ്ങി പങ്കുവെച്ചോ ആണ്‍ പെണ്‍ ഭേദമന്യേ എല്ലാവരും കുടിക്കും. വഴക്കിടും. പാട്ടു പാടും.

കാര്യമായ പണിയൊന്നും കിട്ടാത്തവര്‍ ഒരു റസ്റ്റോറന്റില്‍ സൗജന്യമായി ആളുകള്‍ ഭക്ഷണം കൊണ്ടുവെക്കുന്ന ഫ്രിഡ്ജിലേക്കും നോക്കി ഇരിപ്പുണ്ടാകും. ആരെങ്കിലും ഭക്ഷണ പൊതികളുമായി എത്തുന്നത് കണ്ടാല്‍ ജാഗരൂകരായി റോഡിനിപ്പുറം കാത്തു നില്‍ക്കും. അവര്‍ പോയതും വണ്ടികളെ മുറിച്ച് കടന്ന് കടയിലെ ജോലിക്കാരാരെങ്കിലും അത് പങ്കുവെച്ച് കൊടുക്കാനായി ക്ഷമയോടെ നില്‍ക്കുന്നത് കാണുമ്പോള്‍ നെഞ്ചിലൊരു മിന്നലാളിത്തീരും. ഇങ്ങനെ കിട്ടിയ പൊതികള്‍ പങ്കു വെക്കുമ്പോഴും കാത്തുനില്‍ക്കുമ്പോഴും ഒക്കെ ചെറിയ വഴക്കുകള്‍ തിരി കത്തി പൊട്ടും. ഭക്ഷണത്തിന്റെ മേല്‍ തന്റെ കൈയ്ക്കും നാക്കിനും അവകാശം സ്ഥാപിച്ച് കിട്ടാന്‍ കലഹിക്കേണ്ടി വരുന്നത് പോലൊരു ഗതികേടില്ല.

നഗരം ഉറങ്ങുന്നതിന് മുമ്പുതന്നെ ഫ്‌ളെക്‌സ് ഷീറ്റുകളോ പത്രങ്ങളോ വിരിച്ച് കൊതുകു വല കൊണ്ട് പുതച്ച് ഉറങ്ങാന്‍ കിടക്കും. അപൂര്‍വ്വം ചിലര്‍ മാസികകള്‍ വായിക്കും. മിക്കവരുടെയും തലക്കപ്പുറത്ത് കിടക്കുന്ന പ്‌ളാസ്റ്റിക് ഷീറ്റിലെ ഉച്ചിഷ്ടങ്ങളോ ഛര്‍ദ്ദിയോ തിന്ന് കൊണ്ട് നായ്ക്കളുണ്ടാകും. അടഞ്ഞ് കിടക്കുന്ന കടകള്‍ക്കിടയിലെ ഇത്തിരിയിടങ്ങളില്‍ കയറി ധൃതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. തിരിച്ച് വന്ന് കൊതുകു വലക്കിടയില്‍ ചേര്‍ന്നുകിടക്കും.

കലൂര്‍ ബസ് സ്റ്റാന്‍ഡിനകത്ത് അറവ് ശാലക്കരികിലുള്ള കക്കൂസുകളാണ് ഇവരുപയോഗിക്കുക. ഇത്രയും പേരെങ്ങനേ നേരം വെളുക്കുമ്പോഴേക്കും പ്രാഥമിക ആവശ്യങ്ങള്‍ ആ കുറഞ്ഞ സൗകര്യങ്ങള്‍ കൊണ്ട് തീര്‍ത്ത് വരുമെന്ന സംശയത്തിന് മറുപടിയായി അവിടങ്ങളിലെ ഇടവഴികളിലെല്ലാം മലത്തിന്റെ ചുരുള്‍ കുന്നുകള്‍ കാണാം. മഴക്കാലത്ത് ഇവരെ രാത്രി കാണാതാകും. ഭാഗ്യമുള്ള ആര്‍ക്കൊക്കെയോ മഴച്ചാറ്റലേറ്റാലും കുതിരാത്ത പൊക്കത്തിലുളള കടത്തിണ്ണകള്‍ കിട്ടും. ബാക്കിയുള്ളവര്‍ എങ്ങോട്ടോ അപ്രത്യക്ഷരാകും. കൊച്ചി മെട്രോക്കായുളള റെയില്‍ പാലങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം പലരും കിടപ്പ് അതിന്റെ താഴേക്ക് മാറ്റി. രണ്ട് തൂണുകള്‍ക്കിടയിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കുന്നു കൂടി കിടക്കുന്നിടത്ത്, സാധ്യമാകുന്നത്രേം നിരപ്പുണ്ടാക്കി പല കുടുംബങ്ങളുറങ്ങും.

അറുപത് വയസ് കഴിഞ്ഞ ഒരമ്മുമ്മയുണ്ട്. പകല്‍ ഭര്‍ത്താവിന് കിട്ടുന്ന ചെറിയ പണികളൊക്കെയാണ് ഇവരുടെ വരുമാനം. രണ്ട് പേര്‍ക്കും തീരെ ആരോഗ്യമില്ലാത്ത ദിവസങ്ങളില്‍, ചോദിച്ച ആരും പൈസ കൊടുത്തില്ലെങ്കില്‍ പട്ടിണിയാണ്. ഇളം പച്ച നിറമുള്ളൊരു കൊതുകു വലയ്ക്കുള്ളിലാണ് കുറച്ച് മദ്യമൊക്കെ കഴിച്ച് രണ്ടാളും ഉറങ്ങാന്‍ കിടക്കുന്നത്. ചില ദിവസം ആരോടെന്നില്ലാത്ത വഴക്കായിരിക്കും. ഇടക്ക് പിണങ്ങി മാറിയിരുന്നാലും തമിഴ് സിനിമകളിലെ പതിവ് ഗ്രാമീണന്റെ മുഖഛായയുള്ള മൂപ്പര് അനുനയിപ്പിച്ച് കൊണ്ടു പോക്കാണ്.

ഒരു ദിവസം രാത്രി ആ വഴി പോകുമ്പോള്‍ പതിവില്ലാത്ത രീതിയിലുള്ള ഒരു ചീത്തപറച്ചില്‍ കേട്ടു. ഒരാളെ തള്ളി നീക്കിയിട്ട് ആ സ്ത്രീ ശകാരിക്കുകയും തല്ലുകയും കരയുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഉറങ്ങി കിടക്കുന്നതിനിടയിലേക്ക് ഇവന്‍ കയറി കിടന്നതാണ്. കെട്ടിപ്പിടിച്ചപ്പോ എന്റെ കെട്ടിയവനാണെന്ന് കരുതി എന്നൊക്കെ ചുറ്റും നിന്നവരോട് പറയുന്നുണ്ട്. അന്നേരം പ്രത്യക്ഷപ്പെട്ട ആങ്ങളമാര്‍ വലിയ ബാധ്യത ഒന്നും ഉണ്ടാക്കാത്ത രീതിയില്‍ കൈത്തരിപ്പ് തീര്‍ക്കാന്‍ കിട്ടിയ അവസരം പാഴാക്കാതെ അയാളെ തല്ലാന്‍ തുടങ്ങി. അതൊഴിവാക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലാത്തത് കൊണ്ട് പൊലീസിനെ വിളിക്കേണ്ടി വന്നു.

‘ഇവനെയൊക്കെ കൊണ്ടു പോയി ലോക്കപ്പിലിട്ട് ചത്തു പോയാല്‍ ഞങ്ങള്‍ തൂങ്ങും എന്നും പറഞ്ഞ് മൂന്നാമത്തെ വിളിയിലെത്തിയ പൊലീസുകാരന്‍ ചൂരല്‍ ചുഴറ്റി അയാളെ ഓടിച്ചു. വിനായകന്‍ മരിച്ചതിന്റെ പിറ്റേന്നാണത്. ഇന്നലെ ഒരു ചെക്കനെ പിടിച്ചോണ്ട് പോയി തല്ലിക്കൊന്നതിന്റെ ഹാങ്ങ് ഓവറല്ലേ ഈ ചിന്ത എന്ന് ചോദിച്ചതിന് ആ പൊലീസുകാരന്‍ മറുപടി ഒന്നും പറഞ്ഞില്ല. പകരം പറഞ്ഞത് ഇത്രയുമാണ്. ‘ഈ വരവുകാര് കാരണം ഇവിടെ എപ്പോഴും പ്രശ്‌നമാണ്. ഇവരുടെ നാട്ടില് ടീവിം അരീം ഭക്ഷണോം ഒക്കെ ഫ്രീ കിട്ടീട്ടും ഇങ്ങോട്ട് വരുന്നതെന്തിനാണാവോ.!

കേരളം/മലയാളി എന്ന വൃത്തിയുള്ള വിദ്യാഭ്യാസമുള്ള/ഇംഗ്‌ളീഷ് അറിയുന്ന/സംസ്‌കാരമുള്ള/ആരോഗ്യ കാര്യത്തില്‍ ശ്രദ്ധാലുക്കളായ മാതൃകാ ജനതയെന്ന ഊറ്റം കൊള്ളലിന്റെ പുതപ്പിന് വെളിയിലായവരെ കുറിച്ചാണ്. അവര്‍ മണ്ണ് കിളയ്ക്കുകയും, കക്കൂസ് കോരുകയും, കെട്ടിടം പണിയുകയും, വീട് വൃത്തിയാക്കുകയും ചെയ്യുമ്പോള്‍ ഉലയാതിരിക്കുന്ന വൃത്തിയൊക്കെയേ ഇവിടുള്ളു. പതിനഞ്ചും ഇരുപതും പേര്‍ കുടുസു മുറികളില്‍ താമസിച്ച് പണിയെടുക്കുന്നത്, മതിയായ ശൗചാലയങ്ങളില്ലാത്തത്, പൊതു നിരത്തുകളില്‍ മണം/വേഷം/രൂപം കൊണ്ടൊക്കെ രണ്ടാം തരക്കാരായും ക്രിമിനലുകളായും പരിഗണിക്കപ്പെടുന്നത് ഒക്കെ ഇവിടത്തെ മഹത്തായ മാനവ വികസന സൂചികകള്‍ക്കപ്പുറത്താണ്.

മൂന്നരക്കോടി മലയാളിയുടെ ഒന്നാം നമ്പര്‍ അഭിമാനത്തിനു വെളിയിലുള്ള മുപ്പത് ലക്ഷം തൊഴിലാളികളെ കുറിച്ച് പറഞ്ഞന്നെ ഉള്ളൂ. അവരുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍, ശുചിത്വ പ്രശ്‌നങ്ങള്‍, സാംസ്‌കാരിക അധിനിവേശം തുടങ്ങിയ ആധികളുടെ ഉറവിടത്തെ മലയാളി/ കേരളീയന്‍ എന്ന അഭിമാന പറച്ചിലിനോട് ബന്ധിപ്പിച്ച് നോക്കൂ. സ്റ്റാറ്റിസ്റ്റിക്‌സുകളുടെ ശരാശരി കണക്കില്‍ അദൃശ്യരാകുന്ന ചെറു കൂട്ടങ്ങള്‍ അനവധിയാണ്. സംഘപരിവാറിനെതിരെ പ്രതിരോധമുയര്‍ത്തേണ്ടതുണ്ട് എന്നതില്‍ സംശയമില്ല. പക്ഷേ ഇപ്പോള്‍ നടക്കുന്ന കേരളത്തിന്റെ മികവിനെ കുറിച്ചുള്ള പൊങ്ങച്ചപ്പറച്ചിലില്‍, നിശ്ചിത ഭൂമിശാസ്ത്ര, ഭാഷ അതിരുകള്‍ക്കുള്ളിലെ മനുഷ്യര്‍ ഒന്നാണെന്ന കൃത്രിമ വികാരം പ്രതിരോധമാണെന്ന അവകാശപ്പെടലില്‍ ഈ ‘പൊതു’അഭിസംബോധന ചെയ്യാത്ത, അന്യരാക്കുന്ന മനുഷ്യരെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്.

കഴിഞ്ഞ കേരളപ്പിറവിക്ക് കേരളം ശൗചാലയങ്ങളുടെ കാര്യത്തില്‍ സമ്പൂര്‍ണത കൈവരിച്ചെന്ന് പ്രഖ്യാപിച്ചപ്പോഴും, കോഴിക്കോട് കല്ലുത്താങ്കടവ് കോളനിയിലെ അറുന്നൂറോളം മനുഷ്യര്‍ രണ്ട് കക്കൂസുകളില്‍ തൂറുകയും മൂത്രമൊഴിക്കുകയും കുളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. റെയില്‍വേ ട്രാക്കില്‍ തൂറുന്ന, കക്കൂസ് കണ്ടാല്‍ അത്ഭുതപ്പെടുന്നവരെന്ന് ഉത്തരേന്ത്യക്കാരെ ട്രോളി തോല്‍പ്പിക്കുന്നവരേ, സമയം ക്രമീകരിച്ചും മുട്ടിയും സഹിച്ചും അപമാനിക്കപ്പെട്ടും വഴക്കിട്ടും ഇടുങ്ങിയ രണ്ട് കക്കൂസുകളില്‍ തങ്ങളുടെ വയറിന്റെയും മൂത്രസഞ്ചിയുടേയും ഭാരം കളയേണ്ടി വരുന്ന ഒന്നാം നമ്പറിടത്തെ നൂറു കണക്കിന് പൗരന്‍മാര്‍ നിങ്ങളോടൊപ്പമുണ്ടോ?

വിനായകനോ, ഭൂമിയില്ലാത്ത ആദിവാസികള്‍ക്കോ, വികസന ബോംബുകള്‍ കൊണ്ട് വെക്കുന്നിടത്തെ ജനങ്ങള്‍ക്കോ, തെരുവില്‍ മര്‍ദ്ദിക്കപ്പെടുന്ന ട്രാന്‍സ് ജെന്‍ഡറുകള്‍ക്കോ, പകലത്തെ പണിക്കൊഴികെ മറ്റെല്ലാത്തിലും വംശീയമായി അധിക്ഷേപിക്കപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളിക്കോ, നിങ്ങളുടെ വിക്ടറി സ്റ്റാന്‍ഡുകളില്‍ ഇടമുണ്ടോ?