എത്ര ഗൗരിമാര്‍ ബാക്കിയുണ്ട് ഇനി? 

September 9, 2017, 10:23 pm
എത്ര ഗൗരിമാര്‍ ബാക്കിയുണ്ട് ഇനി? 
Spotlight
Spotlight
എത്ര ഗൗരിമാര്‍ ബാക്കിയുണ്ട് ഇനി? 

എത്ര ഗൗരിമാര്‍ ബാക്കിയുണ്ട് ഇനി? 

മാധ്യമ പ്രവര്‍ത്തകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് സ്വന്തം വീട്ടുമുറ്റത്ത് വെടിയേറ്റുവീണപ്പോള്‍ ആ വെടിയുണ്ടകള്‍ വീണത് ഇന്ത്യയിലെ മതേതര ബൗദ്ധിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശരീരത്തില്‍ കൂടിയാണ്. ഗാന്ധി മുതല്‍ ഗൗരി വരെ ഹിന്ദുത്വ ഭീകരത വധിച്ച രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍, എണ്ണമറ്റ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ട അനേകായിരം മനുഷ്യര്‍, സംഘപരിവാര്‍ തകര്‍ത്തിട്ട ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍, തങ്ങള്‍ കത്തിച്ച നഗരവഴികളിലൂടെ ആചാരവെടികളുടെ അകമ്പടിയോടെ പട്ടടയിലേക്ക് പോയ വര്‍ഗീയകലാപങ്ങളുടെ സൂത്രധാരന്മാര്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കുറ്റപത്രത്തില്‍ നിന്നും നീതിയെ പുറങ്കാല്‍കൊണ്ട് തൊഴിച്ച് ഇറങ്ങിപ്പോന്ന് രാജ്യഭാരത്തിന്റെ സുഖാസനങ്ങളില്‍ ഇരിപ്പുറപ്പിച്ച കുറ്റവാളികള്‍, അങ്ങനെ ഈ രാജ്യത്തിലെ ദുര്‍ബലമായ മതേതര ശരീരം ഒന്നൊന്നായി ഏറ്റുവാങ്ങുന്ന ആക്രമണങ്ങളുടെ പട്ടിക നീളുകയാണ്.

ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഹിംസാത്മകമായ സംഘടിതരൂപത്തിലേക്കുള്ള വളര്‍ച്ച തുടങ്ങിയ രാഷ്ട്രീയ സ്വയം സേവക്-ആര്‍എസ്എസ്- സ്ഥാപിച്ച 1925-ല്‍ നിന്നും ഏതാണ്ട് ഒരു നൂറ്റാണ്ടു പിന്നീടുമ്പോള്‍ ഇന്ത്യന്‍ പൗര, രാഷ്ട്രീയ സമൂഹത്തിലെ അതിന്റെ പലശതങ്ങളായ കൈകള്‍ക്കൊണ്ടുള്ള നീരാളിപ്പിടിത്തം മുറുകിക്കൊണ്ടേയിരിക്കുന്നു. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതുമുതല്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള രാഷ്ട്രീയ അജണ്ട വ്യക്തമായി പുറത്തെടുത്തുകഴിഞ്ഞു. ഇരട്ടത്തലയുള്ള ഒരു പാമ്പായാണ് ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിലിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയാധികാരം കയ്യാളുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരും പൗരസമൂഹത്തിന്റെ നാനാതലങ്ങളിലും ഹിന്ദുരാഷ്ട്ര അജണ്ടയുടെ ആശയാധികാരം സ്ഥാപിച്ചെടുക്കുന്ന സംഘപരിവാര്‍ സംഘടനകളും.

തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന അധികാരം ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായുള്ള അടിത്തറയിടാന്‍ ഉപയോഗിക്കുന്നത് വാസ്തവത്തില്‍ സംഘപരിവാറിനെ സംബന്ധിച്ച് രണ്ടാമത്തെ അജണ്ടയാണ്. ആദ്യ അജണ്ട ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഹിന്ദുത്വ രാഷ്ട്രീയത്തിനു മേല്‍ക്കൈ ഉണ്ടാക്കുകയും അതിനു വെള്ളത്തില്‍ മീനെന്നപോലെ വളരാന്‍ കഴിയുന്ന ഒരു സാമൂഹ്യവ്യവഹാര അന്തരീക്ഷത്തിനെ വളര്‍ത്തിയെടുക്കുകയുമാണ്. സംഘടനാരൂപത്തില്‍ അത് ആദിവാസികള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ നാനാവിധത്തിലുള്ള വിഭാഗങ്ങളുടെ ഇടയില്‍ നിലയുറപ്പിക്കുകയും തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ വ്യാപനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതായത് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യധീശ്വത പദ്ധതിക്കു ഒരു തെരഞ്ഞെടുപ്പ് വിജയത്തിന്റെ പഴക്കമല്ല, മറിച്ച് ഒരു നൂറ്റാണ്ടുകാലത്തെ നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ചരിത്രവും നൈരന്തര്യവുമുണ്ട്. അതാണ് യൂറോപ്യന്‍ ഫാഷിസത്തിന്റെ അധികാര രൂപങ്ങളില്‍ നിന്നും സാമൂഹ്യസ്വാധീനത്തില്‍ നിന്നും ഹിന്ദുത്വ രാഷ്ട്രീയത്തെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഒരു പ്രധാന ഘടകം.

സംഘപരിവാര്‍ പ്രയോഗിക്കുന്ന ഈ സാമൂഹ്യ വ്യവഹാരങ്ങളിലെ അധീശത്വത്തിന്നായുള്ള ആസൂത്രിത നീക്കങ്ങളില്‍ അവരുടെ ഏറ്റവും വലിയ പ്രതിബന്ധം ഇന്ത്യയിലെ മതേതര ബൗദ്ധിക രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സ്വാതന്ത്ര്യസമരകാലം മുതല്‍ പലവിധ രൂപങ്ങളില്‍ ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയവും മതേതര രാഷ്ട്രീയവുമായി ഏറിയും കുറഞ്ഞുമുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. നിര്‍ല്ലജ്ജം ബ്രിട്ടീഷ് കൊളോനിയല്‍ ഭരണത്തിന് പിന്തുണ പ്രഖ്യാപിച്ച ആര്‍എസ്എസും ഹിന്ദു മഹാസഭയുമെല്ലാം സ്വാതന്ത്ര്യസമരത്തെയും അതിന്റെ നിരവധി രൂപങ്ങളിലുള്ള പോരാട്ടത്തെയും എല്ലാത്തരത്തിലും തള്ളിപ്പറഞ്ഞിരുന്നു.

(നാസിക്കില്‍ ഹിന്ദു സൈനിക അക്കാദമി സ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിനോട് അപേക്ഷ നല്കിയ ഹിന്ദു മഹാസഭനേതാവ് ബി എസ് മൂഞ്‌ജെ ആ അപേക്ഷയില്‍ പറഞ്ഞത്, 'ലോകത്ത് ആരും എതിരിടാന്‍ ധൈര്യപ്പെടാത്ത ബ്രിട്ടീഷ് നാവികസേനയുള്ളപ്പോള്‍ ഇനിയൊരു നാവികസേനയെക്കുറിച്ച് നമുക്കെന്തായാലും ആകുലപ്പെടേണ്ടതില്ല'' എന്നായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ഹിന്ദുരാഷ്ട്രവാദികള്‍ക്ക് ആര്‍ഷഭാരതത്തെ കാക്കുന്നതിന് ബ്രിട്ടീഷ് രാജിലുള്ള വിശ്വാസം.) മാത്രവുമല്ല ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അതിന്റെ അവസാന രണ്ടു ദശകങ്ങളില്‍ വളരെ ശക്തമായിത്തന്നെ ഉയര്‍ന്നുവന്ന ഇടതുമതേതര രാഷ്ട്രീയധാര, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകള്‍ക്ക് ദേശീയ സ്വാതന്ത്ര്യസമര മുന്നേറ്റത്തെ വഴിതിരിച്ചുവിടാനുള്ള ഇടം കൊടുത്തില്ല എന്നു പറയുന്നതായിരിക്കും ശരി.

കോണ്‍ഗ്രസിനകത്തുതന്നെ ശക്തമായിരുന്ന ഇടതു വലതു വേര്‍തിരിവുകളില്‍ ഇത് പ്രതിഫലിച്ചിരുന്നു. കോണ്‍ഗ്രസിനകത്തെ വലതുപക്ഷം ഹിന്ദു മഹാസഭയോ, ആര്‍എസ്എസോ ഉയര്‍ത്തിയ ഹിന്ദുത്വ രാഷ്ട്രീയത്തെ അംഗീകരിച്ചിരുന്നു എന്നു പറയുന്നതു അന്യായമായ ഒരു ലളിതവായനയായിരിക്കും. എന്നാല്‍ ഹിന്ദു പൊതുബോധത്തിന്റെ മേല്‍ക്കൈ ആ വിഭാഗത്തിന്റെ സ്വഭാവമായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുമതത്തിന്റെ ജാതിഘടനയെയും അതിന്റെ സാമ്പ്രദായിക രീതികളെയും കയ്യൊഴിയാത്ത തരത്തില്‍ പടിഞ്ഞാറന്‍ ആധുനികതയോട് പൊരുത്തപ്പെടുന്നതിന് തയ്യാറുള്ള ഒരു സവര്‍ണ വിഭാഗവും പടിഞ്ഞാറന്‍ ആധുനികതയെ പരമാവധി നിഷേധിച്ചുകൊണ്ട് ഹിന്ദുമതത്തിനെ ബ്രിട്ടീഷ് കൊളോണിയലിസത്തിനും പടിഞ്ഞാറന്‍ ആധുനികതയ്ക്കും ബദലായി ഉയര്‍ത്തിക്കാട്ടിയ ഒരു വിഭാഗവും അതിലുണ്ടായിരുന്നു. എന്നാല്‍ ഹിന്ദുമത ബോധത്തെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റാനും അതിനെ രാഷ്ട്രീയാധികാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുമുള്ള സംഘടനാശ്രമങ്ങള്‍ ഇവര്‍ നടത്തിയില്ല. അത് നടത്തുന്നു എന്നതുകൂടിയാണ് സംഘപരിവാറിനെ മത യാഥാസ്ഥിതികരില്‍ നിന്നു വ്യത്യസ്തരാക്കുന്നതും, നരേന്ദ്ര മോദി സര്‍ക്കാര്‍ അടക്കമുള്ള ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയ പ്രകടനങ്ങളിലേക്ക് എത്തിച്ചതും.

എന്നാല്‍, ഇന്ത്യന്‍ പൊതുസമൂഹത്തെ ഹിന്ദുത്വവത്കരിക്കുകയും അതിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നാനാവിധ പ്രയോഗങ്ങളെ സ്വീകരിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്ന സംഘപരിവാറിന്റെ നിര്‍ണായക അജണ്ടയെ കോണ്‍ഗ്രസിലെ ഈ രണ്ടു വിഭാഗങ്ങളും ഒരുതരത്തില്‍ സഹായിച്ചിരുന്നു. 1950-ലെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിനകത്തെ ഈ ചേരിതിരിവ് സ്വാതന്ത്ര്യത്തിനുശേഷം എത്ര പ്രബലമായാണ് നിലനിന്നതെന്ന് കാണാം. സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസിനകത്തുണ്ടായ ഇടതുധാരകള്‍ അപ്പോഴേക്കും കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് കക്ഷികളായി സ്വതന്ത്രരൂപം പ്രാപിച്ചിരുന്നു. അതുകൊണ്ട് ജവഹര്‍ലാല്‍ നെഹ്രു നേതൃത്വം നല്കിയിരുന്ന മതേതര രാഷ്ട്രീയത്തിന് കോണ്‍ഗ്രസിനകത്തുനിന്നും കനത്ത വെല്ലുവിളിയാണ് നേരിട്ടിരുന്നത്.

പുരുഷോത്തം ദാസ് ടണ്ടന്‍, ആചാര്യ കൃപലാനി, ശങ്കറാവു ദിയോ എന്നീ മൂന്നു സ്ഥാനാര്‍ത്ഥികളാണ് മതസരരംഗത്തുണ്ടായിരുന്നത്. മൂന്നുപേരും യാഥാസ്ഥിതിക ഹിന്ദുപൊതുബോധത്തിന്റെ വക്താക്കളായിരുന്നു. നെഹ്‌റു മൂന്നു പേരെയും പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നില്ല. എങ്കിലും ടണ്ടന്റെ കടുത്ത യാഥാസ്ഥിതിക നിലപാടുകളും മറ്റും കണക്കിലെടുത്ത് കൃപലാനിയെ നെഹ്‌റു പിന്തുണച്ചു. എന്നാല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള പ്രബല സംഘം നല്കിയ പിന്തുണയില്‍ ടണ്ടന്‍ വിജയിച്ചു. ടണ്ടന് 1306 വോട്ടും കൃപലാനിക്ക് 1092 വോട്ടും ദിയോവിന് 202 വോട്ടുമാണ് ലഭിച്ചത്.

തുടര്‍ന്നങ്ങോട്ട് ഓരോ ഘട്ടത്തിലും, പ്രത്യേകിച്ചു ഹിന്ദു കോഡ് ബില്ലിന്റെ കാര്യത്തിലടക്കം നെഹ്‌റുവിന് ഈ വിഭാഗവുമായി കടുത്ത ഏറ്റുമുട്ടലുകള്‍ നടത്തേണ്ടിവന്നു. ഒടുവില്‍ 1951-ല്‍ പ്രവര്‍ത്തകസമിതിയില്‍ നിന്നും രാജിവെക്കുന്നതടക്കമുള്ള സമ്മര്‍ദ തന്ത്രങ്ങള്‍ പയറ്റിയിട്ടാണ് നെഹ്‌റുവിന് ടണ്ടനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും നീക്കാനായത്. കോണ്‍ഗ്രസിനകത്തടക്കം ഇന്ത്യയിലെ പൊതുസമൂഹത്തില്‍ ഹിന്ദുത്വരാഷ്ട്രീയം ചെലുത്തിയിരുന്ന സ്വാധീനം കേവലമായ രാഷ്ട്രീയാധികാരത്തിനപ്പുറത്താണ് എന്നതിന്റെ തെളിവുകളില്‍ ഒന്നാണിത്.

ഈ സ്വാധീനമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ എപ്പോള്‍ വേണമെങ്കിലും സജീവമാക്കാവുന്ന, ആക്രമാണോത്സുകസ്വഭാവം കൈവരിക്കാന്‍ ശേഷിയുള്ള ഒന്നാക്കി നിലനിര്‍ത്തുന്നത്. ഇതിനെ പ്രതിരോധിക്കുക എന്നത് കേവലമായ തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ക്കപ്പുറത്തുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകേണ്ടതും ഇതുകൊണ്ടാണ്.

സംഘടനാപരമായ ആസൂത്രണം കൂടാതെ തന്നെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഒപ്പം ചേര്‍ന്ന ജനം, ശത്രുക്കളെ തെരഞ്ഞുപിടിക്കുന്നു. ആരാണ് ശത്രു എന്നു കൃത്യമായി പറയുകയും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആദ്യസൂചനകള്‍ നല്കുകയും ചെയ്യേണ്ട പണിയെ പിന്നെ സംഘപരിവാറിനുള്ളൂ. ഇങ്ങനെ ഹിന്ദുത്വ ഭീകരത ഒരാള്‍ക്കൂട്ടത്തിലേക്ക് സന്നിവേശിപ്പിച്ചാല്‍ പിന്നെ അത് സമൂഹത്തില്‍ ജനിപ്പിക്കുന്നത് കനത്ത ഭയമാണ്. നിങ്ങളുടെ അയല്‍ക്കാരനും, സുഹൃത്തും, ജീവിത പങ്കാളിയും അങ്ങനെ ആരും നിങ്ങളുടെ രാഷ്ട്രീയാധാരണകളുടെ പേരില്‍ നിങ്ങളെ ഒറ്റുകൊടുക്കുകയോ ഇല്ലാതാക്കാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന ഒരവസ്ഥയാണിത്. അവിശ്വാസത്തിന്റെ കാണാരൂപങ്ങള്‍ കനംപിടിപ്പിച്ച അന്തരീക്ഷത്തില്‍ ജനാധിപത്യസംവാദവും വ്യക്തിസ്വാതന്ത്ര്യവും പതുക്കപ്പതുക്കെ ഇല്ലാതാകും.

ഈ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ചാണ് ഹിന്ദുത്വ ഭീകരത പ്രവര്‍ത്തിക്കുന്നത്. ഈ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ചാണ് അവര്‍ പശുവിന്റെ പേരില്‍ ആളുകളെ കൊള്ളുന്നത്, സങ്കുചിത ദേശീയതയുടെ പേരില്‍ ആക്രമണം നടത്തുന്നത്, വന്ദേമാതരം പാടാത്തവരെ ദേശദ്രോഹികളായി മുദ്ര കുത്തുന്നത്. ഈ ആക്രമണമാണ് മുസ്ലീങ്ങള്‍ക്ക് നേരെ ഏറെക്കാലമായി നടത്തുന്നത്. ബ്രാഹ്മണ്യ മേല്‍ക്കോയ്മയുടെ ജാതിവ്യവസ്ഥയെ പല രൂപത്തില്‍ സംരക്ഷിക്കാന്‍ ദളിതരുടെ രാഷ്ട്രീയ സംഘങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്.

അതായത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഈ ആള്‍ക്കൂട്ടത്തെ ഭൂരിപക്ഷമാക്കാനാനുള്ള ശ്രമം ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതില്‍ നീണ്ടകാലത്തേക്കുള്ള വിജയം അവര്‍ക്കാവശ്യമില്ല. ഒരു ചെറിയ ഇടവേളയില്‍ ആള്‍ക്കൂട്ടത്തിന് മുകളില്‍ ലഭിക്കുന്ന ഈ മേല്‍ക്കോയ്മയെ, പൊതുസമൂഹത്തിന് മേലുള്ള രാഷ്ട്രീയാധികരത്തിനും ആശയാധീശത്വത്തിനും അവര്‍ ഉപയോഗിക്കും. അതിനുശേഷം ഈ ആള്‍ക്കൂട്ടത്തിന്റെ സേവനം പോലും ഫാഷിസത്തിന് ആവശ്യമില്ല. രണ്ടുതരത്തില്‍ അവര്‍ ഈ ആള്‍ക്കൂട്ടത്തെ പകരം വെക്കും. ഒന്ന്, എല്ലാത്തരത്തിലും തലത്തിലും ശക്തമായ സൈനികവത്കരണം. രണ്ട്, പൗരസമൂഹത്തിന് മുകളില്‍ നിയന്ത്രണാധികാരങ്ങളുള്ള തരത്തില്‍ രൂപവും നിഴലുമായി ജാഗ്രതയോടെ നിരീക്ഷിക്കുന്ന ഒരു രാഷ്ട്രീയ സേന. ഇത് രണ്ടും വരുന്നതോടെ സമൂഹത്തിലെ ഭൂരിപക്ഷം എന്നത് അവരെ സംബന്ധിച്ച് അപ്രസക്തവും അനാവശ്യവുമാണ്. പൗരസമൂഹത്തിന്റെ നിശബ്ദതയില്‍ അവര്‍ ഫാഷിസ്റ്റ് അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കും.

ഈ നിശബ്ദതക്കായുള്ള ഇന്ത്യന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ആസൂത്രിത അജണ്ടയാണ് ഉപ്പോള്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന് എപ്പോള്‍ വേണമെങ്കിലും എടുത്തുപയോഗിക്കാവുന്ന ശത്രുനിര്‍മ്മിതിയില്‍ മുസ്ലീങ്ങളെ അവര്‍ ആദ്യം മുതലേ കുടിയിരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്ലീങ്ങളുടെ പ്രതിരോധവും ചെറുത്തുനില്‍പ്പുമൊന്നും സംഘപരിവാറിനെ അലോസരപ്പെടുത്തുന്നില്ല. നേരെ തിരിച്ച്, മുസ്ലീം പ്രതിരോധം എത്രത്തോളം സജീവമാകുന്നുവോ അത്രയും പ്രചാരണവേഗമുണ്ടാക്കാമെന്ന നേട്ടവും അവരതില്‍ കാണുന്നുണ്ട്.

എന്നാല്‍, മതേതരമായ ബൗദ്ധിക വ്യവഹാരത്തിലൂടെയുള്ള എതിര്‍പ്പിനെ സംഘപരിവാറിന് അത്തരമൊരു രീതിയില്‍ നേരിടാനൊ ദുരുപയോഗിക്കാനോ കഴിയില്ല. മതേതര രാഷ്ട്രീയകക്ഷികളുടെ അവസ്ഥ എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല. 'അമിത് ഷാ ഇന്ദ്രജാലം' എന്ന അശ്ലീലാനുമോദനവുമായി വിധേയ മാധ്യമങ്ങള്‍ കൊണ്ടാടിയ വിവിധ സംസ്ഥാനങ്ങളില്‍ ബി ജെ പി നടത്തിയ കുതിരക്കച്ചവടം അതാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കളം മാറലും വെച്ചുമാറലും ഒരു സ്വാഭാവിക പ്രക്രിയയായാണ് അവര്‍ കാണുന്നത്. അപ്പോള്‍, രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറ്റവും നിര്‍ണായകമായ വെല്ലുവിളി ഉയര്‍ത്തുന്നത്തില്‍ ഒന്ന് ഈ മതേതര ബൗദ്ധിക വ്യവഹാരമാണ്. ഇതിനെ പൂര്‍ണമായും വിലക്കെടുക്കാനോ ഭയപ്പെടുത്തി ഇല്ലാതാക്കാനോ സംഘപരിവാറിനും ബി ജെ പി സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. സമയം നീണ്ടുപോകുന്തോറും ഈ പ്രതിരോധം ദുര്‍ബലമാവുകയല്ല, മറിച്ച് ശക്തിപ്പെടുകയാണ് ചെയ്യുക എന്നും അവര്‍ക്കറിയാം. കാരണം നീണ്ടുനില്‍ക്കുന്ന ശൈത്യത്തില്‍ പോരാട്ടത്തിന്റെ അതിജീവനവസ്ത്രങ്ങള്‍ ഒരു സമൂഹം തുന്നിച്ചെടുക്കാന്‍ തുടങ്ങും.

ഈ മതേതര ബൗദ്ധിക വ്യവഹാര മണ്ഡലത്തിനാകട്ടെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും അതില്‍ ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റ് ചിന്താധാരയുടെയും അതിനൊപ്പവും അതിന് സമാന്തരമായും വളര്‍ന്ന കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെയും ചരിത്രവുമുണ്ട്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഈ ചരിത്രകാലവുമായി കൂടിച്ചേര്‍ന്നുനില്‍ക്കാവുന്ന ഒരു സമരകാലവുമില്ല എന്നു മാത്രമല്ല, അതിനെ വഞ്ചിക്കുകയും ബ്രിട്ടീഷ് കൊളോനിയല്‍ മേധാവിത്തത്തിന്റെ വിനീത ദാസന്മാരായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ചരിത്രവുമുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ മതേതര ബൗദ്ധിക വ്യവഹാരത്തെ ഇല്ലാതാക്കേണ്ടത് സംഘപരിവാറിന് തങ്ങളുടെ ചരിത്രത്തെ മറച്ചുവെക്കാനും കുളിപ്പിച്ചെടുക്കാനുമുള്ള ഒരു ആവശ്യകത കൂടിയാണ്.

അതിനുവേണ്ടി ഇത്തരം വ്യവഹാരകേന്ദ്രങ്ങളെയും അതിലേര്‍പ്പെടുന്ന വ്യക്തികളെയും തകര്‍ക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. ഇന്ത്യയിലെ സര്‍വകലാശാലകളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടുക്കളപ്പുറങ്ങളാക്കി മാറ്റാനുള്ള ശ്രമം മുന്നോട്ടുപോകുന്നത് നാം കാണുന്നുണ്ട്. അതിനവര്‍ ഉപയോഗിക്കുന്ന മാര്‍ഗം സര്‍ക്കാര്‍ സംവിധാനങ്ങളും സംഘടിതമായ കായികശേഷിയുമാണ്. ജെ എന്‍ യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലും ജാദവ്പൂരിലുമൊക്കെ ഇതാണ് നടക്കുന്നത്. ഇതിനൊപ്പം ത്തന്നെയാണ് മതേതര ബുദ്ധിജീവികളെ വകവരുത്തുക എന്ന ആസൂത്രിതനീക്കവും നടത്തുന്നത്. എം എം കല്‍ബുര്‍ഗിയും, ഗോബിന്ദ് പന്‍സാരെയും നരേന്ദ്ര ധാബോല്‍ക്കറുമൊക്കെ കൊല്ലപ്പെടുന്നത് ഈ മതേതര ബൗദ്ധിക സംവാദത്തെ ഇല്ലാതാക്കുക എന്ന പരിപാടിയുടെ ഭാഗമായാണ്. അത്തരം സംവാദങ്ങള്‍ നടത്തുകയും ഹിന്ദുത്വ ഭീകരതയ്ക്ക് നേരെ എതിര്‍പ്പുയര്‍ത്തുകയും ചെയ്യുന്നവരെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഗൗരിലങ്കേഷും കൊല്ലപ്പെടുന്നത്.

ഫാഷിസത്തിന്റെ ഒരു പ്രചാരണായുധം കൂടിയാണ് ഈ കൊലകള്‍. നാസി ജര്‍മ്മനിയില്‍ കമ്മ്യൂണിസ്റ്റുകാരടക്കമുള്ള ഫാഷിസ്റ്റ് വിരുദ്ധരെ കൊന്നിരുന്നത് ഇങ്ങനെയായിരുന്നു. ആദ്യഘട്ടങ്ങളില്‍ കൂട്ടക്കൊലകളായിരുന്നില്ല അത്. 'ഉറച്ച ഒരു വ്യവസ്ഥയും ക്രമവും' നിലനിര്‍ത്താന്‍ വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുന്ന ഭരണാധികാരിയുടെ പ്രചാരണചിത്രീകരണത്തില്‍, ഈ കൊലപാതകങ്ങള്‍ ചേര്‍ന്നുനില്‍ക്കും. ന്യൂറംബര്‍ഗ് നാസി പ്രകടനത്തിന്റെ ദൃശ്യങ്ങളില്‍, ലെന്നി റീഫന്‍സ്റ്റാളിന്റെ പ്രചാരണ ചിത്രത്തില്‍ കണ്ടതുപോലെ അധികാരത്തിന്റെ ചിട്ടയും കൃത്യതയും നിങ്ങളെ അകന്നുമാറിയും ഭയത്തോടെയും മാത്രം നില്ക്കാന്‍ അനുവദിക്കുന്നു. ഫാഷിസ്റ്റ് ഭരണകൂടവും പൗരസമൂഹത്തിലെ അതിന്റെ സൈനികവത്കരിക്കപ്പെട്ട അധീശത്വവും ഇങ്ങനെയാണ് പൗരന്‍മാര്‍ നില്‍ക്കുന്നത് എന്നും ഉറപ്പുവരുത്തും.

ഗൗരി ലങ്കേഷില്‍ എത്തിനില്‍ക്കുന്ന സംഘപരിവാറിന്റെ ഈ അജണ്ട ഇനിയും ആവര്‍ത്തിക്കും എന്നതില്‍ സംശയമില്ല. അപകടകരമായ മറ്റൊരു വസ്തുത, മതേതര ബൗദ്ധിക വ്യവഹാരങ്ങള്‍ക്ക് എല്ലാവിധ മത മൗലികവാദികളില്‍ നിന്നും ഭീഷണിയും എതിര്‍പ്പും നേരിടേണ്ടിവരുന്നു എന്നതാണ്. കാരണം മതേതരമായ ഒരു രാഷ്ട്രീയ,സാമൂഹ്യ ക്രമത്തില്‍ നിലനില്‍പ്പില്ലാതെ പോകുന്ന നിക്ഷിപ്ത താത്പര്യക്കാരാണ് ഇവര്‍.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ഇന്ത്യയിലെ പല മാധ്യമങ്ങളും മധ്യവര്‍ഗവും ഇത്ര ഞെട്ടലോടെ ഏറ്റെടുക്കാനും പ്രതിഷേധിക്കാനുമുള്ള കാരണങ്ങളിലൊന്ന് ഈ മതേതര സ്വഭാവമാണ്. ഒപ്പം തന്നെ, ഗൗരി ലങ്കേഷിനെപ്പോലുള്ളവര്‍ പ്രതിനിധീകരിക്കുന്നത് ഫ്യൂഡല്‍ ബന്ധങ്ങളെ ഉപേക്ഷിക്കുകയും ആധുനികതയിലേക്ക് (modernity) ചേക്കേറുകയും ഉദാര ജനാധിപത്യത്തിന്റെ മൂല്യങ്ങളില്‍ സ്വന്തം ജീവിതപരിസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു വിഭാഗത്തെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, നെഹ്‌റു മാതൃകയിലുള്ള പാശ്ചാത്യ മതേതര പ്രതിബദ്ധതയെ പിന്തുടര്‍ന്ന വിഭാഗമാണവര്‍. മുതലാളിത്തത്തോടോ അതിന്റെ ചൂഷണ സംവിധാനങ്ങളോടൊ ഒരുതരത്തിലും കലഹിക്കാതെയിരിക്കുമ്പോളും (വ്യക്തിപരമായ സൂചനകളല്ല, ഒരു വിഭാഗം എന്ന നിലയിലെ അടയാളങ്ങളാണ്) ആധുനികതയുടെ ജീവിത, ലാവണ്യബോധങ്ങള്‍ സൃഷ്ടിച്ച മതേതരമായ ലോകവീക്ഷണമാണ് ഇവരില്‍ ഭൂരിപക്ഷവും കൊണ്ടുനടന്നത്. ഹിന്ദുത്വ ഫാഷിസം ഒരു രാഷ്ട്രീയ അധികാര ഘടനയായി രൂപം മാറുന്നതോടെ ഇവരില്‍ ഏറെപ്പേര്‍ പ്രകടമായ മതേതര സംവാദങ്ങളില്‍ നിന്നും പിന്‍വലിഞ്ഞു എന്നതാണ് വസ്തുത. എന്നാല്‍ ഇത്തരം കൊലപാതകങ്ങളും മറ്റും തങ്ങളുടെ അടിസ്ഥാനപരമായ ജീവിതാവബോധത്തിനെ ചോദ്യം ചെയ്യുന്നു എന്നും അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നുമുള്ള ഇവരുടെ ബോധ്യത്തില്‍ നിന്നാണ് ഈ പ്രതിഷേധത്തിന് ഇപ്പോഴുള്ള ഛായ കൈവരുന്നത്.

പക്ഷേ ഈ പ്രാതിനിധ്യ സ്വഭാവം രാഷ്ട്രീയമായി നോക്കിയാല്‍ ഒരു പോരായ്മയല്ല. കാരണം ചരിത്രപരമായി ഇന്ത്യയിലെ മതേതര, ഉദാര ജനാധിപത്യ മൂല്യങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഈ വിഭാഗം ഒരു സ്വാഭാവിക സഖ്യകക്ഷിയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഫാഷിസ്റ്റ് സ്വഭാവത്തിലെ അവിഭാജ്യ ഘടകമായ കോര്‍പ്പറേറ്റ് ദാസ്യത്തില്‍ എതിര്‍പ്പൊന്നുമില്ലെങ്കിലും, പാശ്ചാത്യ ആധുനികതയുടെയും അതിന്റെ ചരിത്രപരമായ ഉരുത്തിരിയലിലെ ആണിക്കല്ലുകളിലൊന്നായ മതേതരത്വത്തിന്റെയും കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നത് ഈ വിഭാഗത്തെ പ്രതിസന്ധിയിലാക്കും. ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും പ്രകടമായ ദൃശ്യ സാധ്യതയുള്ള വിഭാഗം എന്ന നിലയ്ക്കും കഴിഞ്ഞ ഏറെ പതിറ്റാണ്ടുകള്‍ ഭരണനിര്‍വ്വഹണ, സാമൂഹ്യക്രമത്തില്‍ അവഗണിക്കാനാകാത്ത സ്ഥാനം ഉള്ളവര്‍ എന്ന നിലയ്ക്കും ഇവരുടെ പ്രതിഷേധം നിര്‍ണായകവുമാണ്.

ഈ മതേതര വ്യവഹാര ധാരയോട് ചേര്‍ന്നുനിന്നുകൊണ്ട് ഫാഷിസ്റ്റ് വിരുദ്ധ സമരം നടത്താന്‍ സഹജമായ കുത്സിത താത്പര്യങ്ങള്‍ ഉള്ള ഇസ്ലാമിക രാഷ്ട്രീയത്തിന്റെയോ മറ്റേതെങ്കിലും മത യാഥാസ്ഥിതികത്വത്തിന്റെയോ സംഘടനകള്‍ക്ക് കഴിയില്ല. കാരണം മതേതരത്വം എന്നത് അവരുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന, അന്ധവിശ്വാസ, ചൂഷണ ജടിലമായ അവരുടെ മതബദ്ധതയെ തള്ളിക്കളയുന്ന, സാമൂഹ്യ, രാഷ്ട്രീയ ക്രമത്തില്‍ മതപൗരോഹിത്യത്തിനോ, മതസ്വത്വത്തിനോ സവിശേഷാവകാശങ്ങള്‍ നല്‍കാത്ത ഒന്നാണ്.

മതങ്ങള്‍ കൊണ്ടുനടക്കുന്ന ജനാധിപത്യ വിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പ്രമാണങ്ങളെ പാടെ നിരസിക്കുന്നതാണ്. അതുകൊണ്ട് മതേതര ബൗദ്ധിക വ്യവഹാരത്തിന് ഹിന്ദുത്വ ഫാഷിസവുമായുള്ള ഏറ്റുമുട്ടലിനൊപ്പം പലപ്പോഴും മേല്‍പ്പറഞ്ഞ മതവാദികളുടെ ആക്രമണം കൂടി നേരിടേണ്ടിവരുന്നുണ്ട്. പക്ഷേ അത് ഒഴിവാക്കാനാകാത്തതാണ്.

ഹിന്ദുത്വ ഫാഷിസവും മതേതര, ജനാധിപത്യ ബൗദ്ധിക വ്യവഹാരവുമായുള്ള പോരാട്ടത്തില്‍ സംഘപരിവാറും ഹിന്ദുത്വ ഫാഷിസവും ഉപയോഗിക്കുന്നത് ഇല്ലാതാക്കലില്‍ കുറഞ്ഞു മറ്റൊന്നുമല്ല എന്നതുകൊണ്ട്, വിട്ടുവീഴ്ചയില്ലാത്ത മതേതര, ജനാധിപത്യ നിലപാടുകളുമായി ഈ പോരാട്ടം തുടര്‍ന്നെ മതിയാകൂ. അതിലെത്ര ഗൗരിമാര്‍ ബാക്കിയുണ്ടാകും എന്നത് നാം നമ്മോടു ചോദിക്കേണ്ട ചോദ്യമാണ്.