അഫ്രീദിയുടെ സ്വര്‍ണം പുരണ്ട സന്ദേശം  

August 19, 2017, 8:59 pm
അഫ്രീദിയുടെ സ്വര്‍ണം പുരണ്ട സന്ദേശം  
Spotlight
Spotlight
അഫ്രീദിയുടെ സ്വര്‍ണം പുരണ്ട സന്ദേശം  

അഫ്രീദിയുടെ സ്വര്‍ണം പുരണ്ട സന്ദേശം  

'ഇന്ത്യയും പാക്കിസ്ഥാനും അയല്‍ക്കാരാണ്. അയല്‍ക്കാരെ നമുക്ക് മാറ്റാന്‍ കഴിയില്ല. അതിനാല്‍ സ്‌നേഹത്തിനും സമാധാനത്തിനും വേണ്ടി നമുക്ക് നിലകൊള്ളാം' ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു കൊണ്ട് പാകിസ്താന്‍ മുന്‍നായകന്‍ ഷാഹിദ് അഫ്രീദി ടിറ്റ്വറില്‍ കുറിച്ച വാക്കുകളാണിത്.

കഴിഞ്ഞ ജൂണില്‍, ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് തൊട്ടു മുമ്പ് ഇന്ത്യയുടെ മുന്‍നായകന്‍ എം.എസ്.ധോണി പാകിസ്താന്‍ നായകന്‍ സര്‍ഫറസ് അഹമ്മദിന്റെ കൊച്ചു മകന്‍ അബ്ദുള്ളയെ കയ്യിലെടുത്തു നില്‍ക്കുന്ന, പ്രസാദാത്മകമായൊരു ചിത്രം ചില ദേശീയ മാധ്യമങ്ങള്‍ (18-ജൂണ്‍-2017-ടൈംസ് ഓഫ് ഇന്ത്യ) പ്രധാന്യത്തോടെ നല്‍കിയിരുന്നു.

ക്രിക്കറ്റ് ആരാധകരെയാകെ ഞെട്ടിച്ചു കൊണ്ട് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ 180 റണ്‍സിന് പാകിസ്താനോട് തോറ്റു. മത്സരശേഷം ഇന്ത്യയുടേയും പാകിസ്താന്റേയും താരങ്ങള്‍ ഫലം മറന്ന് പരിസ്പരം ഫലിതങ്ങള്‍ പങ്കുവച്ച് പൊട്ടിച്ചിരിക്കുന്ന കാഴ്ചയും നാം കണ്ടു. അതിന്റെ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കിയ ചില മാധ്യമങ്ങള്‍ ഈ ദൃശ്യങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കി. (ചില സോദ്ദേശ്യ മന്ദബുദ്ധികള്‍ പിന്നീടിതിനെ വിവാദമാക്കി എന്നത് മറക്കുന്നില്ല. എന്നാല്‍ ആ വിവാദങ്ങള്‍ ആരാധകരെ അണുപോലും ചലിപ്പിച്ചില്ല എന്നതാണ് പ്രധാനം).

ഈ തുടര്‍ക്കാഴ്ചകള്‍ യാദൃച്ഛികമല്ല. ഇവ തരുന്ന സന്തോഷവും പ്രതീക്ഷയും ചെറുതുമല്ല. ഒരേ ചരിത്രവും സംസ്‌കാരവും രക്തവും പങ്കുവയ്ക്കുന്നവര്‍ എവിടെയൊക്കയോ വീണ്ടും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രകാശം പരത്തുന്ന സൂചനകളാണിവ. ചരിത്രത്തിന്റെ ഏതോ അശ്ലീലതകളില്‍ തടസപ്പെട്ടുപോയൊരു ഉറവ തുറന്നൊഴുകാന്‍ തുടങ്ങുന്നതിന്റെ കുളിര്‍മയും ആരവവും ഈ സന്ദര്‍ഭങ്ങളെ ഹൃദയസ്പര്‍ശിയാക്കുന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത്തരം ഔപചാരിക സന്ദേശങ്ങള്‍ അസാധാരണമല്ല. എന്നാല്‍ അഫ്രീദിയുടെ സന്ദേശം ആ ഗണത്തില്‍ വരില്ല. അതിലടങ്ങിയിരിക്കുന്ന ഊഷ്മളതയും കരുതലും പൊതുബോധത്തിന്റെ സ്പന്ദനവും നമ്മുടെ ഉള്ളിലൊന്ന് തൊടുക തന്നെ ചെയ്യും. ഇന്ത്യാ-പാക് ബന്ധങ്ങള്‍ മെച്ചമായിരുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഇത്തരം സന്ദേശങ്ങള്‍ വിരളമായിരുന്നു എന്നും കൂടി മനസിലാക്കുക. അപ്പോഴാണ് അഫ്രീദിയുടെ സന്ദേശത്തിന്റെ വര്‍ത്തമാനകാല പ്രസക്തിയും സുഗന്ധവും മനസിലാകുന്നത്.

കപട ദേശാഭിമാനത്തിന്റേയും സ്വാര്‍ഥരാഷ്ട്രീയ അസംബന്ധതകളുടേയും പൊള്ളയായ ചട്ടക്കൂടുകള്‍ ഭേദിച്ച് ഒന്നാകാന്‍ വെമ്പുന്ന രണ്ട് ഹൃദയങ്ങളുടെ തുടിപ്പായിട്ടു വേണം ഈ സന്ദര്‍ഭങ്ങളെകാണാന്‍. ഇത് അഫ്രീദിയിലോ ധോണിയിലോ ഇരുരാജ്യങ്ങളിലേയും കളിക്കാരിലോ മാത്രമായി ഒതുങ്ങുന്നതുമല്ല. അത് മെല്ലേ രൂപപ്പെട്ട് വരുന്നൊരു പൊതുബോധത്തിന്റെ ആദ്യ രാഗാലാപനങ്ങളാണ്. ചരിത്രം, അതിന്റെ ആവശ്യനുസരണം രൂപപ്പെടുത്തിയ ശത്രുതയേയും നീരസങ്ങളേയും തിരിച്ചറിയുന്നതിന്റെ ശ്രുതിശുദ്ധായ രാഗാലാപനം.

കോഹ്‌ലിയും ആഫ്രീദിയും 
കോഹ്‌ലിയും ആഫ്രീദിയും 

ഈ നിഗമനങ്ങളെ ശരിവയ്ക്കുന്നതായിരുന്നു ചാമ്പ്യന്‍സ് കപ്പിലെ പരാജയത്തെ ഇന്ത്യന്‍ ടീമും ആരാധകരും സമീപിച്ച രീതി. ഒരുവിധ വൈകാരിക പ്രകടനങ്ങളും വിസ്‌ഫോടനങ്ങളും തോല്‍വിയുടെ പേരില്‍ ഉണ്ടായില്ല. ഇക്കുറി വിസ്‌ഫോടനങ്ങള്‍ക്ക് കാരണങ്ങളും ധാരാളമായിരുന്നു. ഏറ്റവും മികച്ച ടീമായിരുന്നു ഇന്ത്യയുടേത്. മികച്ച ഫോമിലായിരുന്നു കളിക്കാര്‍. ഗ്രൂപ്പ് മല്‍സരങ്ങളിലൊന്നില്‍ പാകിസ്താനെ നമ്മള്‍ 124 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. നമ്മുടെ ലോകപ്രശസ്തബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഏറെക്കുറെ ഒരു പോലെ ഫൈനലില്‍ പരാജയപ്പെട്ടു. (43 പന്തില്‍ 76 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയെ മറക്കുന്നില്ല). അതിനേക്കാള്‍ പ്രധാനം ചാമ്പ്യന്‍സ് കപ്പിന്റെ എട്ടുവര്‍ഷത്തെ ചരിത്രത്തില്‍ ഒരു ടീമും ഫൈനലില്‍ ഇത്രയും കനത്ത തോല്‍വി വഴങ്ങിയിട്ടില്ല എന്നുള്ളതാണ്.

ചില സങ്കേതികപ്പിഴവുകള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചതൊഴിച്ചാല്‍ എല്ലാം ശാന്തമായിരുന്നു. പാകിസ്താനെതിരെയാണെങ്കില്‍ പോലും തോല്‍വിയെ തോല്‍വിയായി അംഗീകരിക്കാനും അതിനെ അതിന്റേതായ സ്പിരിറ്റിലെടുക്കാനും നാം പഠിച്ചിരിക്കുന്നു. ഇതിലടങ്ങയിരിക്കുന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനേക്കാള്‍ പ്രധാനം നേരത്തെ സൂചിപ്പിച്ച പൊതുബോധത്തിന്റെ രൂപപ്പെടല്‍ തന്നെ. അഞ്ചോ ആറോ വര്‍ഷം മുമ്പായിരുന്നെങ്കില്‍ നായകന്റെ വീടാക്രമിക്കാനും വിമാനത്താവളത്തിലെത്തി കൂക്കിവിളിക്കാനും ആരാധകര്‍ തയ്യാറാകുമായിരുന്നു. (വിശേഷിച്ച് തോല്‍വി പാകിസ്താനോടാകുമ്പോള്‍) ആ കാലം മാറിയിരിക്കുന്നു.

ഇന്ത്യന്‍ മാധ്യമങ്ങളും മിതത്വം പാലിച്ചു. 'ഇന്ത്യാ-പാക് യുദ്ധം' എന്നമട്ടിലുള്ള തലക്കെട്ടുകളും യുദ്ധങ്ങളുടെ പദാവലിയും അവര്‍ ഉപേക്ഷിച്ചു. കളിയ്ക്കുമുമ്പുള്ള മാധ്യമ സമ്മേളനത്തില്‍ നായകന്‍ കോഹ്‌ലി പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി. 'ഇന്ത്യയും പാകിസ്താനും മികച്ച ടീമുകളാണ്. സാധാരണ രണ്ടു ടീമുകള്‍ തമ്മിലുള്ള മല്‍സരമെന്നതില്‍ നിന്ന് ഒരു വ്യത്യാസവും ഇന്ത്യയും പാകിസ്താനുമായുള്ള മല്‍സരത്തിനില്ല. കളി ക്രിക്കറ്റായതിനാല്‍ ഫലം പ്രവചിക്കാന്‍ ആകില്ല. ആരും ജയിക്കാം ആരും തോല്‍ക്കാം'

ഇന്ത്യന്‍താരങ്ങള്‍ ഒപ്പിട്ട കോഹ്‌ലിയുടെ ജേഴ്‌സി. വിടവാങ്ങല്‍ സമ്മാനമായി അഫ്രീദിക്ക് നല്‍കിയ ജേഴ്‌സിയില്‍ ‘താങ്കള്‍ക്കെതിരെ കളിക്കുന്നത് എപ്പോഴും സന്തോഷപ്രദമായിരുന്നു’ എന്ന് എഴുതിയിരുന്നു.  
ഇന്ത്യന്‍താരങ്ങള്‍ ഒപ്പിട്ട കോഹ്‌ലിയുടെ ജേഴ്‌സി. വിടവാങ്ങല്‍ സമ്മാനമായി അഫ്രീദിക്ക് നല്‍കിയ ജേഴ്‌സിയില്‍ ‘താങ്കള്‍ക്കെതിരെ കളിക്കുന്നത് എപ്പോഴും സന്തോഷപ്രദമായിരുന്നു’ എന്ന് എഴുതിയിരുന്നു.  

ഫൈനലില്‍ കരുത്തരായ ഇന്ത്യയെ തോല്‍പ്പിച്ച് ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് കപ്പ് നേടിയ പാകിസ്താനും ആഘോഷങ്ങള്‍ക്കും ആവേശത്തിമിര്‍പ്പുകള്‍ക്കും പരിധി കല്‍പ്പിച്ചിരുന്നു. അവര്‍ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കുകയും സൗഹൃദം പുതുക്കുകയുമായിരുന്നു. തമാശകള്‍ പറഞ്ഞ് രംഗത്തിന്റെ വൈകാരിക തീവ്രതയെ മയപ്പെടുത്താണ് അവര്‍ ശ്രമിച്ചത്. എന്തുകൊണ്ടും പാകിസ്താന് തുള്ളിച്ചാടാന്‍ വകനല്‍കുന്നതായിരുന്നു വിജയം. കാരണം പാകിസ്താന്‍ ക്രിക്കറ്റ് അത്രേറെ വെല്ലുവിളികള്‍ നേരിടുകയായിരുന്നു. അതിന്റെ അനുരണനങ്ങള്‍ ടീമിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നു. അതിനാല്‍ വിജയം അവരെ സംബന്ധിച്ചടത്തോളം ജീവന്മരണമായിരുന്നു. എന്നിട്ടും മിതത്വം പാലിച്ചു. മറ്റൊരു സന്ദര്‍ഭത്തിലായിരുന്നെങ്കില്‍ ആഘോഷങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ല.

ഇപ്പോള്‍ തലനീട്ടിത്തുടങ്ങിയ സൗഹൃദങ്ങളും സഹിഷ്ണുതയും തഴച്ചു വളരേണ്ടതുണ്ട്. അതിന് വിഘാതമായതൊന്നിനേയും പൊറുത്തുകൂടാ. ഐ.പി.എല്‍ പോലുള്ള വേദികളില്‍ നിന്ന് പാകിസ്താനിലെ കളിക്കാരെ ഇനി അണകെട്ടി ചെറുത്തുകൂട. കോഹിലിക്ക് പാകിസ്താനിലും അഫ്രീദിക്ക് ഇന്ത്യയിലും കോടിക്കണക്കിന് അരാധകരുണ്ടാകാം. അതിനാല്‍ കോഹിലി പാകിസ്താനില്‍ കളിക്കുന്നതും അഫ്രീദി ഇന്ത്യയില്‍ കളിക്കുന്നതും അവര്‍ സ്വപ്‌നം കാണുന്നുണ്ടാകും. പാകിസ്താന്റെ കിരീട നേട്ടത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച ചില ഇന്ത്യക്കാര്‍ക്കെതിരെ അല്‍പബുദ്ധികള്‍ വാളെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരം വിരട്ടലുകള്‍ ഇപ്പോള്‍ ഉരിത്തിരിഞ്ഞുവരുന്ന സൗഹാര്‍ദത്തിന്റെ മുന്നില്‍ ഒന്നുമല്ല. അങ്ങനെയുള്ള ആഹ്ലാദപ്രകടനങ്ങളില്‍ കുടിലതകള്‍ കാണുന്നവരുടെ കുടിലതകളെ തുറന്നു കാട്ടേണ്ടതുമുണ്ട്. ലോകകപ്പു വേളകളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും വേണ്ടി അവരുടെ ജേഴ്‌സിയുമണിഞ്ഞ് മലപ്പുറത്തും മറ്റും ആയിരങ്ങല്‍ നിരത്തിലിറങ്ങാറുണ്ട്. അവരുടെ വിജയങ്ങളില്‍ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും പങ്കുചേരാറുണ്ട്. അതിലൊന്നുമാരും ദേശദ്രോഹം കാണാറില്ല. കളിയോടുള്ളശുദ്ധസ്‌നേഹത്തില്‍ നിന്ന് ഉടലെടുക്കുന്ന നിരുപദ്രവകരമായ ആഘോഷങ്ങള്‍ മാത്രമാണതെല്ലാം. പാകിസ്താന്‍ നന്നായികളിക്കുകയും ജയിക്കുകയുംചെയ്താല്‍ അവരുടെ പേരില്‍ അഹ്‌ളാദം പ്രകടിപ്പിക്കുന്നതില്‍ എവിടെയാണ് തെറ്റെന്ന് മനസിലാകുന്നുമില്ല.

പണ്ട് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ കണ്ടിരുന്നൊരു സ്വപ്‌നമുണ്ട്. കപിലും ഗവാസ്‌കറും ഇമ്രാന്‍ഖാനും വസീം അക്രവും മിയാന്‍ദാദും ഒരുമിക്കുന്നൊരു ടീം. അങ്ങനെയൊരു ടീം നമുക്ക് ഇനിയും സങ്കല്‍പ്പിക്കാം.

അതേ, ശത്രുഭാവം വെടിഞ്ഞ് ക്ഷണികമായ വിജയപരാജയങ്ങള്‍ക്കപ്പുറമുള്ളൊരു പ്രതലത്തില്‍ രണ്ടുരാജ്യങ്ങളുടേയും ഹൃദയങ്ങള്‍ അര്‍ഥവത്തായൊരുസംഗമത്തിനൊരുങ്ങുകയാണ്. മാനവീകതയുടെ ഒരു മഹാസംഗമം. താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കായി അതിര്‍ത്തിയില്‍ തീപടര്‍ത്തിരസിക്കുന്നവര്‍ക്കും പശുവിനേയും പോത്തിനേയും കാട്ടി ജനത്തെ ഭിന്നിപ്പിച്ച് ലാഭം കൊയ്യുന്ന കുടലതകകള്‍ക്കും ഇതൊരു താക്കീതാകട്ടെ. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. അഫ്രീദിക്ക് നന്ദി.