വിനായകന്റെ രക്തത്തില്‍, കുഞ്ഞുമോന്റെ രക്തത്തില്‍ പിണറായിക്കും ഇടതുപക്ഷ സര്‍ക്കാരിനും പങ്കുണ്ട്

July 27, 2017, 4:11 pm


വിനായകന്റെ രക്തത്തില്‍,  കുഞ്ഞുമോന്റെ രക്തത്തില്‍ പിണറായിക്കും ഇടതുപക്ഷ സര്‍ക്കാരിനും  പങ്കുണ്ട്
Spotlight
Spotlight


വിനായകന്റെ രക്തത്തില്‍,  കുഞ്ഞുമോന്റെ രക്തത്തില്‍ പിണറായിക്കും ഇടതുപക്ഷ സര്‍ക്കാരിനും  പങ്കുണ്ട്

വിനായകന്റെ രക്തത്തില്‍, കുഞ്ഞുമോന്റെ രക്തത്തില്‍ പിണറായിക്കും ഇടതുപക്ഷ സര്‍ക്കാരിനും പങ്കുണ്ട്

കഴിഞ്ഞ മാര്‍ച്ചില്‍ എസ്എസ്എഫിന്റെ മലപ്പുറം സമ്മേളനത്തില്‍ (profsummit) ഫാസിസത്തെ കുറിച്ച് സംസാരിക്കവെ കേരളത്തിലെ ഒരു സുപ്രധാന തെറിയുടെ ചരിത്ര ഉറവിടത്തെ പറ്റി കെഇഎന്‍ കുഞ്ഞഹമ്മദ് വിവരിക്കുകയുണ്ടായി. മനുസ്മൃതിയെ പറ്റി സുകുമാര്‍ അഴിക്കോട് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അത് വിവരിച്ചത്. സവര്‍ണനെ നിന്ദിക്കുന്ന ശൂദ്രന്റെ വായില്‍ പന്ത്രണ്ടങ്കുലം നീളമുള്ള ശൂലം തറക്കണമെന്നുള്ള മനുസ്മൃതിയിലെ ഒറ്റപ്രയോഗം മതി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാജ്യമായി പ്രഖ്യാപിക്കുവാന്‍ എന്നതാണ് സുകുമാര്‍ അഴിക്കോടിന്റെ വാക്കുകള്‍. എന്നാല്‍ ഇതേ മനുസ്മൃതി ശൂദ്രനെ നിന്ദിക്കുന്ന, ശൂദ്രനെ വധിക്കുന്ന സവര്‍ണര്‍ക്ക് എന്ത് ശിക്ഷയാണ് വിധിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുമ്പോഴാണ് പ്രസ്തുത തെറിയുടെ ഉത്ഭവം മനസിലാകുക. ശൂദ്രനെ കൊല്ലുന്ന ബ്രാഹ്മണന് മനുസ്മൃതി കരുതിവെച്ചിരിക്കുന്ന പരമാവധി ശിക്ഷ തലമുണ്ഡനം ചെയ്യല്‍ മാത്രമാണ്. അഥവാ കെഇഎന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘’ഒരു ഫ്രീ ഹെയര്‍കട്ടിങ് നടന്നുകിട്ടും. അത്ര മാത്രം’’. ഈ ചരിത്രത്തില്‍ നിന്നാണ് ‘നിനക്ക് എന്റെ രോമത്തിന്റെ വിലയേയുളളൂ’ എന്ന തെറി രൂപം പ്രാപിക്കുന്നത്. അതെ തെറികളൊന്നും ആകാശത്ത് നിന്ന് പൊട്ടിവരുന്നതല്ല, മറിച്ച് ചരിത്രത്തില്‍ നിന്ന് തെറിച്ച് വരുന്നത് തന്നെയാണ്.

മുടിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ നിന്ന് ഈ കുറിപ്പ് തുടങ്ങിയതിനും കാരണമുണ്ട്. എന്തുകൊണ്ടെന്നാല്‍ ഈ രോമചര്‍ച്ചയ്ക്ക് ആഴത്തിലുള്ള ജാതീയമായ വേരുകളുണ്ട്, ചരിത്രമുണ്ട് എന്ന് സൂചിപ്പിക്കാനാണ്. മുടി നീട്ടിവളര്‍ത്തിയെന്ന കാരണത്താല്‍ തൃശൂര്‍ പാവറട്ടിയില്‍ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി ഭേദ്യം ചെയ്ത വിനായകന്‍ എന്ന യുവമനസിനോടും, അവന്റെ മരണത്തോടും കേരളത്തിലെ പൊലീസും അതുപോലെ സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടിന് ഈ തെറിയുമായും അതിന്റെ വംശീയമാനമായും അഭേദ്യമായ ബന്ധമുണ്ട്. കാരണം അവനെ പൊലീസുകാര്‍ കൊന്ന് കളഞ്ഞത്, ഭരണകൂടം കൊന്നു കൊലവിളിച്ചത് അവന്‍ വളര്‍ത്തിയ തലമുടിയെ കുറിച്ച് പറഞ്ഞാണ്. അവന്റെ ജീവന്‍, അതുപോലുള്ള മനുഷ്യരുടെ ജീവന്‍ തലമുടിയോളം നിസാരമാണ് ഈ ഭരണകൂടത്തിന് എന്ന് തിരിച്ച് ചിന്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ജാതീയമായ ചരിത്രവേരുകള്‍ വീണ്ടും വീണ്ടും നമ്മുടെ കണ്‍മുന്നില്‍ ഭീതിദമായി തെളിഞ്ഞ് തെളിഞ്ഞ് വരുന്നത്. അതെ അവരുടെ ജീവനുകള്‍ക്ക് നിങ്ങള്‍ തലമുടിയുടെ വില കല്‍പ്പിക്കുന്നില്ല എന്ന ജാതീയ ചരിത്ര യാഥാര്‍ത്ഥ്യം.

ഈ കൊലപാതകം വംശീയമല്ല, കേവലമൊരു ആത്മഹത്യയാണ് എന്ന് ന്യായീകരിക്കാന്‍ എങ്ങനെയാണ് കഴിയുന്നത്? കൊല്ലപ്പെട്ട വിനായകന്റെ നിറം, സ്‌റ്റൈല്‍, വാസം എന്നിങ്ങനെ പല ഘടകങ്ങളും നോക്കിയാണ് അവന്‍ കള്ളനെന്ന് ഇവിടുത്തെ പൊലീസുകാര്‍ തീരുമാനിച്ചിരിക്കുന്നത്? അതിന് അവര്‍ക്ക് മറ്റൊരു തെളിവും വേണ്ട. മുടി നീട്ടിവളര്‍ത്തിയ കറുത്ത, കോളനികളില്‍ നിന്നുവരുന്ന മനുഷ്യന്‍ ആയാല്‍ മതി, ധാരാളം. ഒരാള്‍ക്ക് കള്ളനെന്ന പേര് വീണുകിട്ടും. ഭേദ്യം ചെയ്യപ്പെടും. പീഡിപ്പിക്കപ്പെടും. ഗുഹ്യഭാഗം തകര്‍ക്കപ്പെടും. മുലക്കണ്ണ് ഞെരിച്ചുടക്കപ്പെടും. അഭിമാനം മൊത്തം, ജീവിക്കാനുള്ള ആഗ്രഹം പോലും തല്ലി കെടുത്തപ്പെടും. പിന്നെ ഒരു ഭാഗ്യമുണ്ട് നമ്മുടെ ഇടത് മതേതര കേരളം അത് കണ്ട് നിസ്സംഗമായി നോക്കി നില്‍ക്കുകയേയുള്ളു, ഒന്ന് വാ തുറക്കില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ ഇടത് കേരളത്തിന്റെ ഹീറോ ‘’ഇരട്ടച്ചങ്കന്‍’’ എന്ന് വീരവിശേഷണം കിട്ടിയിരിക്കുന്ന പൊലീസ് മന്ത്രിയായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇതുവരെയും ഈ വിഷയത്തില്‍ വാതുറക്കാതിരിക്കുന്നത്. അദ്ദേഹം വാ തുറക്കാതിരിക്കുന്നതിനാല്‍ വാ തുറക്കാത്ത ഇടത് അനുഭാവി വൃന്ദങ്ങളും.

പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്‍ 
പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്‍ 

വംശീയത കടന്നുവരുന്ന ഇടങ്ങള്‍ അതിസൂക്ഷ്മമാണ്. പെട്ടെന്ന് അത് മനസിലാക്കുക സാധ്യവുമല്ല. കഴിഞ്ഞ ദിവസമാണ് മഴവില്‍ മനോരമയില്‍ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമാ സംവിധായകന്‍ അങ്ങേയറ്റത്തെ വംശീയ കളിയാക്കലുകള്‍ക്ക് വിധേയമായത്. കേരളത്തിലെ പൊതുമനസാക്ഷി സന്തോഷിനെ എങ്ങനെയാണ് കാണുന്നത് എന്നത് മാത്രം മതി ഇവിടെ എത്രമാത്രം കറുപ്പ് വിരോധവും ദളിത് വിരോധവും നിറഞ്ഞു നില്‍ക്കുന്നു എന്ന് മനസിലാക്കാന്‍. അതിന്റെ ഒരു പ്രകടിതരൂപം വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു ഡി4 ഡാന്‍സ് എന്ന പരിപാടിയിലും. സന്തോഷിന്റെ പേര് തെരഞ്ഞെടുക്കുന്നതുപോലും അത്തരത്തില്‍ അതില്‍ ‘ചിരിക്കാനായി ചിലതുണ്ട്’ എന്നുള്ള പൊതുബോധ ഹിംസയുടെ ഭാഗമാണ്. ഇത്തരത്തില്‍ കറുത്തവനെ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്ന, കോളനി നിവാസികളെ കാണുമ്പോള്‍ കള്ളനെന്ന് തോന്നുന്ന, ‘കഞ്ചാവ് വില്‍പ്പനക്കാരന്‍’ ആണെന്ന് തോന്നുന്ന ആ മാനസിക അവസ്ഥയെയാണ്, അല്ലെങ്കില്‍ അത്തരം മുന്‍വിധികളെയാണ് വംശീയത എന്ന് പറയുന്നത്. വംശീയ മുന്‍വിധികളാണത്. മുസ്ലീങ്ങളെ പൊട്ടന്‍ഷ്യല്‍ തീവ്രവാദികളായി കാണുന്ന, അവരുടെ ഏതൊരു രാഷ്ട്രീയ പ്രതിനിധാനങ്ങളെയും മാറ്റിനിര്‍ത്തണമെന്ന് ശഠിക്കുന്ന ഇടത്/ ലിബറല്‍/ സെക്കുലര്‍ വ്യവഹാരങ്ങളിലും ഇതേ വംശീയത കാണാന്‍ സാധിക്കും.

അതുകൊണ്ട് തന്നെയാണ് മനുഷ്യനെ തങ്ങള്‍ ഉയര്‍ത്തി എന്നുള്ള വാദങ്ങള്‍ ആവര്‍ത്തിക്കുന്നത്. പ്രോഗ്രസീവ് എന്ന് പറയുന്ന ‘മുകളിലേയ്ക്ക് നോക്കല്‍’ തന്നെ വാസ്തവത്തില്‍ മുകളില്‍ നിന്നും ലോകത്തെ നോക്കിക്കാണുന്ന മറ്റൊരു കാഴ്ച്ചപ്പാടാണ്. അവിടെ നിന്ന് ലോകത്തെ നോക്കിക്കാണുകയും തങ്ങളുടെ കാഴ്ച്ചവട്ടത്തിനു പുറത്തു നില്‍ക്കുന്നവരോട് തങ്ങളാകാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരു മുകള്‍ സ്ഥാനമാണത്. ഒട്ടും തിരശ്ചീനമല്ലാത്ത ലംബതലത്തിലുള്ള നോട്ടമാണത്. എല്ലാ ഫാസിസ്റ്റ് നോട്ടങ്ങളും ലംബതലത്തിലാണ് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവിടെ നിന്നും മനുഷ്യനെ നോക്കി കണ്ടുകൊണ്ടാണ് ‘’അതിലേയ്ക്ക് കടന്നുവരു’, ‘’മനുഷ്യരായി കടന്നുവരു’’, ഗോത്രപരതയില്‍ നിന്നും നിങ്ങളെ ‘’ഞങ്ങള്‍ മനുഷ്യരാക്കിയില്ലേ’’ എന്നൊക്കെ പറയുന്നത്. വാസ്തവത്തില്‍ ആ നോട്ടവട്ടങ്ങള്‍ക്ക് യോജിക്കുന്ന ശരീരങ്ങള്‍ സവര്‍ണശരീരങ്ങളാണ് എന്നത് ചരിത്രമാണ്. അത്തരം നോട്ടവട്ടങ്ങള്‍ക്കിണങ്ങാത്ത ശരീരങ്ങളെ, വംശങ്ങളെ, സമുദായങ്ങളെ മനുഷ്യരായിപ്പോലും ഈ കാഴ്ച്ചകള്‍ പരിഗണിക്കുന്നില്ല എന്നിടത്താണ് സവര്‍ണ/അധികാര/വംശങ്ങള്‍ക്കും വംശബോധത്തിനും ഇത്തരം ‘പുരോഗമന’ ആശയധാരകളില്‍ സ്വീകാര്യത ലഭിക്കുന്നു എന്ന് അടിവരയിടേണ്ടി വരുന്നത്.

ലോകത്തില്‍ എല്ലായിടത്തും ഇത്തരം നോട്ടങ്ങള്‍ക്കെതിരെ കൂടിയാണ് വംശീയതാവിരുദ്ധ രാഷ്ട്രീയം പച്ചപിടിച്ചത്. ഇത്തരം സൈദ്ധാന്തികതയെ പൊളിച്ചടുക്കി പുതുക്കിയാണ് വംശീയവിരുദ്ധ ചരിത്രം മുന്നോട്ട് പോയത്. ഇടത് സെക്കുലര്‍ ലിബറല്‍ സ്പേസുകള്‍ക്കുള്ളില്‍ നിന്നല്ല, മറിച്ച് പുറത്ത് സമുദായത്തിന്റെയും വിശ്വാസത്തിന്റെയും ആരാധനയുടെയും ദൈവസങ്കല്‍പ്പങ്ങളുടെയും ഒക്കെ ഐക്യങ്ങളില്‍ നിന്നും അടരുകളില്‍ നിന്നുമാണ് വംശീയാധിക്ഷേപങ്ങള്‍ക്കും ഫാസിസത്തിനും വിധേയമാകുന്ന മനുഷ്യര്‍ സവര്‍ണവിരുദ്ധ സമരങ്ങള്‍ക്കുള്ള ഊര്‍ജം കണ്ടെത്തുന്നത്. അവിടെ മനുഷ്യന്റെ എല്ലാ സൂക്ഷ്മ/സ്ഥൂലചിന്തകള്‍ക്കും ഇടമുണ്ട്. അത്തരം ഇടങ്ങളെ വികസിപ്പിക്കേണ്ടതുമുണ്ട്.

കേരളത്തിലെ പൊലീസ് കാലങ്ങളായി ഇതേ വംശീയബോധത്തിന്റെയും മുന്‍വിധികളുടെയും ഉത്സവപ്പറമ്പാണ്. ഏതൊരു കള്ളനും സൃഷ്ടിക്കപ്പെടുന്നത്, ഏതൊരു ഗുണ്ടയും സൃഷ്ടിക്കപ്പെടുന്നത്, ഏതൊരു കുറ്റകൃത്യവും രൂപപ്പെടുന്നത് കോളനികളിലാണ് എന്നൊരു സമവാക്യം വെച്ചുകൊണ്ട് തന്നെയാണ് അവര്‍ ഇന്നോളം പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. അതിലെ ഏറ്റവും അവസാനത്തെ കൊലപാതകമായിരുന്നു ‘ജനാധിപത്യ’ കേരളത്തിലെ, ‘ഇടത് പൊതുബോധ’ കേരളത്തിലെ വിനായകന്റെ കൊലപാതകം.

മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും
മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും

ഇതൊരൊറ്റപ്പെട്ട സംഭവമല്ല. എത്രയെത്ര വിനായകന്‍മാരാണ് കേരളത്തില്‍ പൊലീസിന്റ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുള്ളത്. എത്ര വിനായകന്‍മാരാണ് കൊന്ന് തള്ളപ്പെട്ടത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ തന്നെയല്ലേ അടുത്തകാലത്തായി കുഞ്ഞുമോന്‍ എന്ന ദളിത് യുവാവിനെ അമ്മമാത്രമുള്ള ഒരു വീട്ടില്‍ നിന്ന് രായ്ക്ക് രാമാനം പിടിച്ചുകൊണ്ടുപോയി പിറ്റേദിവസം മോര്‍ച്ചറിയില്‍ തള്ളിയത്. ആ അമ്മയുടെ അന്നത്തെ നിലവിളി കേരളം കേട്ടിട്ടില്ല. ആര്‍ക്കും അതൊരു നിലവിളിയായിപ്പോലും തോന്നിയില്ല. അതുകൊണ്ടാണ് കേരളത്തിലെ ദളിതരുടെയും മുസ്ലീങ്ങളുടെയും ചോരദാഹിച്ച് വീണ്ടും വീണ്ടും പൊലീസുകാര്‍ കോളനികള്‍ കേറിയിറങ്ങുന്നത്.

ഇടക്കൊച്ചി സ്വദേശി സുരേഷിന്റെ നട്ടെല്ല് പൊട്ടിച്ച പൊലീസ് വണ്ടൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെ രാത്രി പിടിച്ചുകൊണ്ട് പോകുകയാണ് ചെയ്തത്. പിറ്റേദിവസം ലത്തീഫ് സ്റ്റേഷന്‍ കക്കൂസില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. സൂരജ് എന്ന എറണാകുളം വെണ്ണല സ്വദേശിയായ ദളിത് യുവാവിനെ പൊലീസ് കേറി മേയുകയായിരുന്നു. അന്ന് പൊലീസ് കംപ്ലൈന്റ് അഥോറിറ്റി ഇതിനെ കുറിച്ച് പറഞ്ഞത് ‘ഇവരെ ജനമൈത്രി പൊലീസ് എന്നല്ല ജനദ്രോഹി പൊലീസ് എന്നാണ് വിളിക്കേണ്ടത്’ എന്നാണ്. തലശേരി പൊലീസ് സ്റ്റേഷനില്‍ കാളിമുത്തു കൊല്ലപ്പെട്ടു. അങ്ങനെ ഒരു തുടര്‍ക്കഥയായി ഇടതുസര്‍ക്കാരിന് കീഴില്‍ പൊലീസ് കസ്റ്റഡിയില്‍ പീഡനങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നു എന്നത് എങ്ങനെയാണ് നോക്കിക്കാണേണ്ടത്?

നിലമ്പൂരില്‍ പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍ 
നിലമ്പൂരില്‍ പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍ 

രണ്ട് വ്യക്തികളെയാണ് മാവോയിസ്റ്റ് എന്ന പേരില്‍ ഈ ഇടതു സര്‍ക്കാരിന്റെ പോലീസ് എന്‍കൗണ്ടര്‍ ചെയ്ത് തളളിയത്. അന്ന് കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. കരുണാകരന്റെ കാലത്തെ നക്സലൈറ്റ് വേട്ടകള്‍ക്ക് ശേഷം നടന്ന എന്‍കൗണ്ടര്‍ കഥ പിണറായി വിജയന്റെ കിരീടത്തിലാണ് ചാര്‍ത്തപ്പെട്ടിരിക്കുന്നതെന്ന് മറക്കാന്‍ പാടില്ല. പിണറായി വിജയന്‍ തന്നെ സമ്മതിക്കുന്ന കാര്യം കേരളത്തില്‍ ്്അദ്ദേഹം അധികാരത്തിലെത്തിയ ശേഷം 106 പേര്‍ക്കെതിരെ യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ്. അതില്‍ തന്നെ പകുതിയോളം അതായത് 51 പേര്‍ മുസ്ലീങ്ങളായ ചെറുപ്പക്കാരാണ്. നോക്കണം ഇടതു പക്ഷത്തിന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് എങ്ങോട്ടാണ് പോകുന്നതെന്ന്. അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊലീസ് നയം എന്താണെന്ന്. ഇത് ഇടത് പൊലീസ് നയമല്ല എന്ന് വാദിക്കുന്നവര്‍ക്കും പിണറായി വിജയന്‍ മറുപടി നല്‍കുന്നുണ്ട്. പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പിണറായി വിജയന്‍ ആവശ്യപ്പെട്ടത് കേരളത്തില്‍ കൂടുതല്‍ അര്‍ദ്ധമിലിറ്ററി സംവിധാനങ്ങളും അതുപോലെ തന്നെ അതിനുള്ള പരിശീലന സ്‌കൂളുകളുമായിരുന്നു. മാത്രവുമല്ല ആധാര്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഇതെന്ന് അഹങ്കരിക്കുകയും ചെയ്തിരുന്നു പിണറായി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

തന്ത്രപ്രധാനമായവിധം സ്ഥാനപ്പെട്ടുകിടക്കുന്ന മേഖലയെന്ന നിലയില്‍ ഞങ്ങള്‍ക്ക് കേരളത്തിന്റെ ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്. അതിനെ നേരിടുന്നതില്‍ ഞങ്ങള്‍ക്ക് അലംഭാവമില്ല. ഭീഷണിയുയര്‍ത്തുന്ന സജീവഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ജാഗ്രതപുലര്‍ത്തുകയും സസൂക്ഷ്മം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സികളും ഇന്‍ലിജന്‍സ് വിഭാഗങ്ങളും സംസ്ഥാന പൊലീസ് സംവിധാനവും തമ്മില്‍ നല്ല നിലയിലുള്ള ആശയവിനിമയമാണ് (interaction) നിലനില്‍ക്കുന്നതെന്ന് അറിയിക്കുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇനിയുമത് കുറേക്കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍
മൂന്ന് സംസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വടക്കന്‍ ജില്ലകളിലെ ഇടത് തീവ്രവാദ പ്രവര്‍ത്തനത്തെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രത്യേക സേന രൂപീകരിച്ചും അവയെ സായുധമാക്കിയും സംസ്ഥാനം അതിനെ നേരിടാന്‍ ആവുംവിധം ശ്രമിക്കുന്നുണ്ട്. സാമ്പത്തികപരവും സൈനികപരവും മാനവവിഭവശേഷീപരവുമായ കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നത് ഞങ്ങളുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായകമാകും. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം ആവശ്യപ്പെടുന്ന തീവ്രവാദ വിരുദ്ധ/പ്രത്യാക്രമണ സേനാ (Counter Insurgency & Anti-terrorism (CIAT)) പരിശീലന കേന്ദ്രം അനുവദിക്കണം. ഒരു റിസര്‍വ് ബറ്റാലിയനെ കൂടി അനുവദിക്കണം. സിആര്‍പിഎഫില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഓഫീസര്‍മാരെ വേണം. എന്‍എസ്ജി, സിഎപിഎഫ്(സെന്‍ട്രല്‍ ആംഡ് ഫോഴ്സസ്), ഐ.ബി എന്നിവര്‍ സംസ്ഥാന പൊലീസിനെ പരിശീലിപ്പിക്കണം. ഇടത് തീവ്രവാദത്തിന്റെ പിടിയിലുള്ള അഞ്ച് ജില്ലകളും സെക്യൂരിറ്റി റിലേറ്റഡ് എക്സ്പന്‍ഡിച്ചര്‍ സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തണം. പൊലീസ് ഇന്റലിജന്‍സ് സംവിധാനത്തെ ആധുനികവത്കരിച്ച് ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി വേണം. വിദേശത്തുള്ള നിരോധിത ഭീകരവാദ സംഘടനകളുമായി ചില മലയാളികള്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നുള്ള അടുത്തകാലത്ത് സംസ്ഥാനത്തു നിന്നുമുണ്ടായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാനസര്‍ക്കാര്‍ ഗൗരവപൂര്‍വ്വം തന്നെ നോക്കിക്കാണുന്നുണ്ട്. കൃത്യമായ തിരിച്ചറിവോടെ നിയമപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും കൂടുതല്‍ പിന്തുണയും സഹായവും ആവശ്യമാണ്. അന്വേഷണത്തിലും എല്ലാ വിധത്തിലുമുള്ള സഹായങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്നോളമുള്ള സുരക്ഷാ ഭരണകൂടം അഥവാ മിലിറ്ററി ഭരണകൂടത്തിന്റെ പക്ഷത്താണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ എന്ന് തന്നെയല്ലേ ഇത് വ്യക്തമാക്കുന്നതും. ഇത്തരത്തില്‍ ‘സുരക്ഷാ’ഭരണകൂടത്തിനായി നിലകൊള്ളുന്ന പൊലീസ് മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ എങ്ങനെയാണ് പൊലീസിനെ നിയന്ത്രിക്കാനും ജനങ്ങളുടെ ഭാഗത്ത് നിലയുറപ്പിക്കാനും ശ്രമിക്കുക? തീര്‍ച്ചയായും പിണറായി കരുണാകരന്റെ വംശാവലിയിലേക്കാണ് പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്നത്. അഥവാ ഭരണകൂടഭീകരതയുടെ നെടുംതൂണാവാനാണ് അദ്ദേഹം കേരളത്തില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നത്.

  • പൊലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് വിനായകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുളള പ്രതിഷേധങ്ങളെ പിന്തുണച്ച് മ്യൂസിക് ബാന്‍ഡായ ഊരാളി പുറത്തിറക്കിയ പോസ്റ്ററുകള്‍ 

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ഏറ്റവും പ്രകോപനരമായ മുദ്രാവാക്യവുമായാണ് ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലേറിയത്. ഒരു പക്ഷെ മാര്‍ക്സിസത്തിന്റെ പരികല്‍പ്പനവെച്ച് നോക്കിയാല്‍ എത്രമാത്രം അസാധ്യതയുളള ഒരു മുദ്രാവാക്യമായിരുന്നു ഇത്? എത്രമാത്രം ജനവഞ്ചനാപരമായ മുദ്രാവാക്യമായിരുന്നു ഇത്. ഒന്നും ശരിയാകാന്‍ പോകുന്നില്ല എന്ന് അറിയുമ്പോഴും എല്ലാം ഞങ്ങള്‍ ശരിയാക്കി കാണിച്ചുതരാം എന്നുള്ള അഹങ്കാര വെല്ലുവിളികൂടിയായിരുന്നു ഇടതുപക്ഷത്തിന്റെ ഈ മുദ്രാവാക്യം. സാധാരണക്കാരില്‍ സാധാരണക്കാരെ ചെറുതായൊന്നുമല്ല ഇതാകര്‍ഷിച്ചത് എന്നതിന്റെ തെളിവായിരുന്നു ഇടതുപക്ഷത്തിന്റെ അധികാരലബ്ധി. ഈ മുദ്രാവാക്യം ഉപയോഗിച്ചവര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്നോളവും കേരളത്തില്‍ നടന്നിട്ടുള്ള പൊലീസ് അതിക്രമങ്ങളോട് എന്ത് സമീപനമാണ് വെച്ചുപുലര്‍ത്തിയിട്ടുള്ളത്? ഭരണകൂടം ‘ബൂര്‍ഷ്വാഭരണകൂടമാണ്. അത് മാറുകയില്ല’ എന്ന് ആവര്‍ത്തിച്ച് പറയുക മാത്രമാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഭരണകൂടം വര്‍ഗഭരണകൂടമാണ് എന്നത് മാര്‍ക്സിസ്റ്റ് പരികല്‍പ്പനയാണ്. അത് ഇന്ത്യന്‍ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഇന്ത്യയിലെ കേരളത്തിലെ സമ്മതിദായകര്‍ വിശ്വസിക്കണമെന്ന ബാധ്യത എവിടെ നിന്ന് വരുന്നതാണ്? അവര്‍ക്ക് അതിന്റെ ആവശ്യമില്ല. ഇന്ത്യയില്‍ ഭരണകൂട ഭീകരതയുണ്ടായാല്‍, ഇന്ത്യയില്‍ പൊലീസ് വേട്ടകളുണ്ടായാല്‍ അതിനെതിരെ നിയമ സംവിധാനങ്ങള്‍ ഭരണഘടനയ്ക്ക് കീഴിലുണ്ട്. മറ്റെല്ലാ കാര്യങ്ങളും എന്തിനേറെ യുഎപിഎ എന്ന ഭീകരനിയമം പോലും വാരിക്കോരി വിതറി മുസ്ലീം ചെറുപ്പക്കാരെ മൊത്തം അഴിക്കുള്ളിലാക്കാന്‍ യാതൊരു മടിയുമില്ലാത്ത പിണറായി സര്‍ക്കാരിനും പൊലീസ് ചെയ്യുന്ന ക്രൂരതകള്‍ക്ക്, വംശീയതകള്‍ക്ക്, ദളിത് പീഡനങ്ങള്‍ക്ക് എതിരെ ചെറുവിരലനക്കാന്‍ സാധിക്കില്ല എന്നും അത്തരം കാര്യങ്ങള്‍ വരുമ്പോള്‍ മാത്രം പൊലീസ് ‘’ബൂര്‍ഷ്വാപോലീസ്’’ ആണ് എന്ന തീയറി ചമയ്ക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്ന തരത്തില്‍ അങ്ങേയറ്റം നിഷ്‌ക്രിയത്വം എങ്ങനെയാണ് ഇടതുപക്ഷത്തിന് ‘സ്വാഭാവികമായി’ വരുന്നത് എന്നത് ചിന്തനീയമല്ലേ?

ഇവിടെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പോലീസ് സേന വരുന്നത്. അതിന്റെ എല്ലാ നിയന്ത്രണങ്ങളും ആ മന്ത്രാലയത്തിനാണ്. വലിയ ശതമാനം തുക തന്നെയാണ് ആഭ്യന്തരവകുപ്പിനായി ഓരോ ബഡ്ജറ്റിലും നീക്കിവെക്കാറുള്ളത്. അതിന്റെ ഉത്തരവാദിത്വം അതിന്റെ വകുപ്പുതല മന്തിക്കാണ്. അത് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ടും അതിനുള്ളില്‍ പൊലീസുകാര്‍ സാധാരണ ജനങ്ങള്‍ക്കു മേല്‍ കുതിര കയറുന്നുണ്ടെങ്കില്‍, കുഞ്ഞുമോന്‍മാരും വിനായകന്‍മാരും കൊല്ലപ്പെടുന്നുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ആ മന്ത്രാലയത്തിനും അത് നിയന്ത്രിക്കുന്ന പൊലീസ് മന്ത്രിക്കും സര്‍ക്കാരിനും അല്ലാതെ പിന്നെ ആര്‍ക്കാണുള്ളത്. മോഡിയെപോലെ ഈ വിഷയങ്ങളില്‍ പിണറായിയും മൗനം പാലിക്കുകയാണ്. ആദര്‍ശത്തിനായി ആദര്‍ശപ്രസംഗങ്ങള്‍ക്കായിട്ട് മോഡിയെ പോലെ പിണറായിയും വാ തുറക്കുകയാണ്.

ഇത്തരം കൊലപാതകങ്ങളും പൊലീസ് ഭീകരതകളും ഉണ്ടാകുമ്പോള്‍ ഇത് ബൂര്‍ഷ്വാ പൊലീസാണെന്ന വാദങ്ങള്‍ സൈബറിടത്തിലെ ഇടതുപക്ഷ അനുഭാവികളാണ് ഉന്നയിക്കുന്നത്. എന്നാല്‍ അതിനെ ഭേദിക്കുന്നതാണ് വാസ്തവത്തില്‍ ഇവരുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒന്നും തന്നെ ഉണ്ടാകാന്‍ പാടില്ല, അതിന് തന്റെ സര്‍ക്കാര്‍ നിന്നുകൊടുക്കില്ല എന്നാണ് പിണറായി നേരത്തെ പ്രഖ്യാപിച്ചത്. അത്തരം പ്രഖ്യാപനങ്ങള്‍ വാസ്തവത്തില്‍ വംശീയമായി ദളിതര്‍ക്കെതിരെ, മുസ്ലീങ്ങള്‍ക്കെതിരെ, ആദിവാസികള്‍ക്കെതിരെ വേട്ടയാടലുകളുമായി രംഗത്തു നില്‍ക്കുന്ന പൊലീസിന് പ്രോത്സാഹനമല്ലാതെ മറ്റെന്തായാണ് വായിക്കേണ്ടത്. മനുഷ്യരെ പോലീസ് വെടിവെച്ചുകൊന്നാലും ദളിതരെ, മുസ്ലീങ്ങളെ, ആദിവാസികളെ പൊലീസ് വേട്ടയാടിക്കൊന്നാലും പിണറായിയില്‍ നിന്നും ഇതല്ലാതെ കേരളം മറ്റൊന്നും കേള്‍ക്കാന്‍ പോകുന്നില്ല. കാരണം ഇത് ഇടത് സര്‍ക്കാരാണ്. ഈ സര്‍ക്കാരിനെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല. അതുകൊണ്ടാണ് വിനായകന്റെ രക്തത്തില്‍, കുഞ്ഞുമോന്റെ രക്തത്തില്‍ പിണറായിക്കും ഇടതുപക്ഷ സര്‍ക്കാരിനും വംശീയമായി പങ്കുണ്ട് എന്ന് പറയേണ്ടി വരുന്നത്. അത്രമാത്രം ദളിത് വിരുദ്ധമാണ് ഇടതുപക്ഷ സര്‍ക്കാരെന്ന്. അതുതന്നെയാണ് പിണറായി വിജയന്റെ മൗനവും വിളിച്ചോതുന്നത്.