‘ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്’ എല്‍ഡിഎഫ് വിട്ടത് ഗുണം കണ്ടു; കണ്ണന്താനം സഭ പിടിക്കാനുള്ള കരു

September 3, 2017, 11:47 am
‘ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്’ എല്‍ഡിഎഫ് വിട്ടത് ഗുണം കണ്ടു; കണ്ണന്താനം സഭ പിടിക്കാനുള്ള കരു
Spotlight
Spotlight
‘ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്’ എല്‍ഡിഎഫ് വിട്ടത് ഗുണം കണ്ടു; കണ്ണന്താനം സഭ പിടിക്കാനുള്ള കരു

‘ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്’ എല്‍ഡിഎഫ് വിട്ടത് ഗുണം കണ്ടു; കണ്ണന്താനം സഭ പിടിക്കാനുള്ള കരു

സിവില്‍ സര്‍വിസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനല്ല അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍ സാധ്യതയെവിടെ എന്ന് കണ്ട്, സാമര്‍ത്ഥ്യത്തോടെ പാര്‍ട്ടികളെ തെരഞ്ഞെടുത്ത് അതിലും വിജയം വരിച്ച മലയാളിയായ ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിട്ടു കൂടിയാവും അല്‍ഫോണ്‍സ് കണ്ണന്താനം അറിയപ്പെടുക.

സിവില്‍ സര്‍വീസില്‍ നിന്നും രാജിവെച്ചപ്പോള്‍ ഇടതുപക്ഷത്തെയായിരുന്നു തന്റെ ഭാവി രാഷ്ട്രീയ പദ്ധതിയ്ക്ക് ഉചിതമായ മുന്നണിയായി കണ്ണന്താനം തെരഞ്ഞെടുത്തത്. കാഞ്ഞിരപ്പള്ളിയില്‍ നിര്‍ത്തി അദ്ദേഹത്തെ നിയമസഭയിലെത്തിക്കാനും ഇടതുപക്ഷം തയ്യാറായി. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം കേവലം ഒരു എംഎല്‍എയായി തുടാരാന്‍ ഊര്‍ജ്ജസ്വലനായ ഈ ഉദ്യോഗസ്ഥന് കഴിയുമായിരുന്നില്ല. അദ്ദേഹം മുന്നണി വിട്ടു. അതിനായി ഒരു കാരണവും പറഞ്ഞു. തനിക്ക് ഗ്രാമങ്ങളില്‍ പോയി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാപൃതനാവണം. പിണറായി വിജയന്‍ അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പും നല്‍കി.

അന്ന് പിണറായി എറണാകുളത്ത് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ കണ്ണന്താനത്തിന് പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള ദാരിദ്ര്യാവസ്ഥ ഇല്ലാത്തതിനാല്‍ അതിന് പറ്റിയ സ്ഥലം തേടി അദ്ദേഹം പോകുന്നു എന്നാണ് അന്ന് പിണറായി വിജയന്‍ പറഞ്ഞത്. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം കേന്ദ്രമന്ത്രിയായി തിരിച്ചെത്തുമ്പോള്‍, പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പങ്കെടുത്തില്ലെങ്കിലും, യുപിഎ ഭരിക്കുന്ന കാലത്ത് സിപിഐഎമ്മിനെ ഉപേക്ഷിച്ച് ബിജെപിയിലേക്ക് പോയ കണ്ണന്താനത്തിന്റേത് വിജയിച്ച ഒരു നീക്കമാണെന്ന കാര്യത്തില്‍ സംശയമില്ല.
ഡല്‍ഹി ഡവലപ്‌മെന്റ് കമ്മീഷണറായിരിക്കുമ്പോഴാണ് കണ്ണന്താനം ദേശീയ ശ്രദ്ധ നേടുന്നത്. കോട്ടയം ജില്ലാ കലക്ടറായിരിക്കെ സമ്പൂര്‍ണ സാക്ഷരത പരിപാടി നടത്തി പേരെടുത്തതിന് ശേഷമാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്. അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റിയപ്പോള്‍ അദ്ദേഹം മധ്യവര്‍ഗത്തിന്റെ പ്രിയങ്കരനായി. നിയമം യാതൊരു ദാക്ഷിണ്യവുമില്ലാതെ നടപ്പിലാക്കുകയായിരുന്നു അദ്ദേഹം. കാരണം വന്‍കിടക്കാരുടെ കൈയേറ്റങ്ങള്‍ മാത്രമല്ല, സര്‍ക്കാര്‍ ഭൂമിയിലെ ചേരികളും അദ്ദേഹം ഒഴിപ്പിച്ചു. കൈയേറ്റത്തെ എല്ലാം ഒരേ കണ്ണില്‍ കണ്ട് നീതി രഹിതമായി നിയമത്തെ അഴിച്ചുവിട്ടുകൊണ്ടു കൂടിയാണ് കണ്ണന്താനം ശ്രദ്ധ നേടിയത്.

അവസരം കിട്ടിയപ്പോഴൊക്കെ അഴിമതിയുടെ പുതു മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന കേരളത്തിലെ ബി ജെ പി നേതാക്കളെ തീര്‍ത്തും അസ്വസ്ഥരാക്കി കൊണ്ടാണ് കണ്ണന്താനം മന്ത്രിയാവുന്നത്. കുറെ നാളായി കാത്തിരിക്കുന്ന വി മുരളിധരനും കുമ്മനത്തിനും ചെയ്യാന്‍ കഴിയാത്ത എന്ത് ദൗത്യമാവും സംഘപരിവാരത്തിന് വേണ്ടി ഈ ക്രിസ്ത്യാനിക്ക് ചെയ്യാന്‍ കഴിയുക? അതിന് ഉത്തരം അമിത് ഷായും മോഡിയും തുടരുന്ന രാഷ്ട്രീയ തന്ത്രത്തിലുണ്ട്.

വര്‍ഗീയ വിഷം ചീറ്റിയും സമൂഹത്തെ ധ്രൂവികരിക്കാനുള്ള അതിതീവ്രശ്രമങ്ങളുമായി ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ അവരുടെ ദൗത്യം പലരീതിയില്‍ നിര്‍വഹിക്കുമ്പോഴും അതുകൊണ്ട് മാത്രം കേരളത്തില്‍ ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് അറിയുന്നവരാണ് മോഡിയും ഷായും. ഇതിന് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘപരിവാറുമായി അടുപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭയാണെങ്കില്‍ അതിന് തയാറുമാണ്. ഒറീസയില്‍ സംഘപരിവാരം നടത്തിയ ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളൊന്നും കേരളത്തിലെ സഭ ഇപ്പോള്‍ ഗൗരവത്തില്‍ കാണുന്ന മട്ടില്ല. അത്തരത്തില്‍ അനൂകൂല മനോഭാവം പുലര്‍ത്തുന്ന സഭയെ അടുപ്പിച്ച് നിര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിക്കുക കൂടിയാണ് കണ്ണന്താനത്തിന്റെ ഉത്തരവാദിത്തം. കേരളത്തിലെ ബിഡിജെഎസ് പരീക്ഷണം ഏശാത്ത അവസ്ഥയില്‍ അടുത്ത തന്ത്രം ബിജെപി പയറ്റി തുടങ്ങിയിരിക്കുന്നുവെന്ന് മാത്രം. ശങ്കിച്ചു നില്‍ക്കുന്ന മാണിയും വഴിയേ പോരുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ടെലിവിഷന്‍ ചാനലുകളും പണവും എംപി സ്ഥാനവും ഉണ്ടായിട്ടും, മന്ത്രി പണിക്ക് പരിഗണിക്കപ്പെടാത്ത രാജീവ് ചന്ദ്രശഖരാനാവും പുതിയ പുനഃസംഘടനയില്‍ ഏറ്റവും നിരാശന്‍. അദ്ദേഹത്തെ അടുത്ത തെരഞ്ഞെടുപ്പിലുടെ ലോക്‌സഭയിലെത്തിക്കുക കൂടിയാവും കണ്ണന്താനത്തിന്റെ പ്രധാന ഉത്തരവാദിത്തം.

കേരളത്തില്‍നിന്ന് കേന്ദ്ര മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ ബിജെപിക്കാരനാണ് കണ്ണന്താനം. ജീവിതകാലം മുഴുവന്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച ഒ രാജഗോപാലായിരുന്നു വാജ്പയ് മന്ത്രിസഭയിലെ അംഗം. റെയില്‍വെ സഹമന്ത്രിയായിരുന്നു അദ്ദേഹം. ഇപ്പോള്‍, ഒരു കാലത്തും സംഘപരിവാര്‍ ആയിരുന്നിട്ടില്ലാത്ത, തന്റെ ഉയര്‍ച്ചക്ക് ബിജെപിയാണ് ഇപ്പോള്‍ നല്ലതെന്ന് കണ്ടെത്തിയ ഒരു ക്യരിയറിസ്റ്റ് രാഷ്ട്രീയക്കാരനെ, ബിജെപി മന്ത്രിയാക്കിയിരിക്കുന്നു.

കേരളത്തില്‍നിന്നുള്ളവര്‍ എന്നൊക്കെ പറയാമെങ്കിലും മന്ത്രിസ്ഥാനത്ത് തുടരാന്‍ രാജഗോപാലിനെ പോലെ കണ്ണന്താനത്തിനും മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ പിന്തുണ വേണം. അവിടെനിന്ന് രാജ്യസഭയിലേക്ക് ആറുമാസത്തിനകം എത്തേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയ്ക്ക് ഈ അവസ്ഥ ഉണ്ടാകരുത് എന്ന് ഉറപ്പുവരുത്താനുളള ഉത്തരവാദിത്തം കൂടിയുണ്ട് കണ്ണന്താനത്തിന്. അതിന് അദ്ദേഹത്തിന് കഴിഞ്ഞാല്‍ അത് കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിന് വലിയ ബാധ്യതയായി മാറുമെന്ന കാര്യം ഈ ഘട്ടത്തിലും പറയാതിരുന്നിട്ട് കാര്യമില്ല