മെട്രോ ഉദ്ഘാടനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന് പറയാനുള്ളത് 

June 16, 2017, 3:02 pm
മെട്രോ ഉദ്ഘാടനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന് പറയാനുള്ളത് 
Spotlight
Spotlight
മെട്രോ ഉദ്ഘാടനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന് പറയാനുള്ളത് 

മെട്രോ ഉദ്ഘാടനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന് പറയാനുള്ളത് 

കൊച്ചി മെട്രോ ആഘോഷിക്കപ്പെടുകയാണ്. ഒപ്പം ചില ചോദ്യങ്ങളും. തീര്‍ച്ചയായും ആഘോഷിക്കണം അത് യാഥാര്‍ത്ഥ്യങ്ങളെ മറന്നു കൊണ്ടാകരുത് എന്ന് മാത്രം.

ആലുവ മുതല്‍ ജോസ് ജംഗ്ഷന്‍ വരെയുള്ള നൂറുകണക്കിന് വ്യാപാരികളുടെ കണ്ണീരില്‍ ചവിട്ടിയാണ് മെട്രോ ആഘോഷിക്കപെടുന്നത്. ചെറിയ പെട്ടിക്കട മുതല്‍ വലിയ തുണിക്കടകള്‍ വരെ മെട്രൊയുടെ പാച്ചിലില്‍ ഒലിച്ചുപോയി. ആരും വ്യാപാരികളുടെ ദുരിതത്തെക്കുറിച്ച് വ്യാകുലപ്പെട്ടില്ല. അവരുടെ സംഘടനകള്‍ പോലും. മെട്രോയുടെ നിര്‍മ്മാണം പോലും ഒരു വലിയ മാളിലേക്ക് ഉപഭോക്താക്കളെ ചാനലൈസ് ചെയ്യാനുള്ള സൂത്രവിദ്യയായിരുന്നു എന്ന് സംശയിച്ചാല്‍ അത് തെറ്റാകില്ല. കാരണം നൂറുകണക്കിന് കടകളില്‍ ചിതറിക്കിടക്കുന്ന വ്യത്യസ്ത വ്യാപാരങ്ങളെ ഒരു കേന്ദ്രത്തിലേക്ക് എത്തിക്കണമെങ്കില്‍ ഉപഭോക്കാളുടെ മൂവ്‌മെന്റില്‍ തടസങ്ങള്‍ വരണം. അങ്ങനെ വരുമ്പോള്‍ അവന്‍ ബദല്‍ സാദ്ധ്യത തേടും. ആ സാധ്യതയാണ് ലുലു മാള്‍ ഉപയോഗപ്പെടുത്തിയത്.

മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടു കൂടി എറണാകുളത്തെ വ്യാപാര കേന്ദ്രങ്ങള്‍ക്ക് പാര്‍ക്കിംഗ് ആസാധ്യമാകുകയും എറണാകുളത്തേയ്ക്കുളള യാത്ര ദുരിതമാകുകയും ചെയ്തതോടു കൂടി ലുലു മാളിലേക്ക് ആളുകള്‍ ഇരച്ചുകയറി. എറണാകുളത്തുള്ള കടകളില്‍ 20% മുതല്‍ 70% വരെ ഡിസ്‌കൗണ്ട് ബോര്‍ഡു വച്ചിട്ടും പച്ച തൊട്ടില്ല. ആയിരക്കണക്കിന് കോടി രൂപയുടെ വ്യാപാര നഷ്ടം ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്. ആ നഷ്ടത്തില്‍ നിന്നു കൊണ്ടാണ് മെട്രോ യെ മാധ്യമങ്ങളും സോ കോള്‍ഡ് വികസനവാദികളും ആഘോഷികുന്നത്. നൂറു കണക്കിന് മനുഷ്യര്‍ കുത്തുപാളയെടുത്തപ്പോള്‍ ഒരു കുത്തക വ്യാപാരി തടിച്ചുകൊഴുത്തു എന്നിടത്താണ് ആലോഷത്തിന്റെ ക്‌ളൈമാക്‌സ്.

215 കോടി രൂപ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടി അല്ലെങ്കില്‍ പാത നിര്‍മ്മാണത്തിനു വേണ്ടി ചിലവഴിക്കേണ്ട അത്ര അത്യാവശ്യം നമുക്കുണ്ടായിരുന്നോ? നാലോ അഞ്ചോ ഫ്‌ളൈ ഓവറുകള്‍ ഉണ്ടാക്കിയാല്‍ തീരാവുന്ന ഗതാഗത പ്രശ്‌നങ്ങളല്ലെ കൊച്ചിക്കുണ്ടായിരുന്നുള്ളൂ?

കൊച്ചിയിലെ ഏറ്റവും വലിയ മാസ്സ് ട്രാന്‍സ്‌പോര്‍ട്ടിംഗ് സംവിധാനമായ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് ഇപ്പോഴും മഴ കാലത്ത് വെള്ളത്തിനടിയിലാണ്. ഇടറോഡുകളു ടെ കാര്യം പറയാനില്ല. ഇതല്ലെ അദ്യം പരിഹരിക്കേണ്ടത്. മെട്രോ നഷ്ടത്തിലേ ഓടുവെന്ന് ഈ ലേഖനടക്കം പലയാളുകളും നാല് കൊല്ലം മുമ്പ് പറഞ്ഞിരിന്നു. ഇന്ന് മെട്രോയുടെ ചുമതലക്കാരടക്കം എല്ലാവരും പറയുന്നു മെട്രോ നഷ്ടത്തിലാകും പ്രവര്‍ത്തിക്കുക എന്ന്.

മെട്രോ അസ്സല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്നും ഞങ്ങളെ പോലുള്ളവര്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് ബദല്‍ സാധ്യതകള്‍ ഉണ്ടായിട്ടും മുട്ടത്തെ 200 ഏക്കറിലധികം ചവറ പാടം എന്ന നെല്‍വയല്‍ നിയമ വിരുദ്ധമായി നികത്തിയത്. ബാക്കി വരുന്ന 300 ഏക്കര്‍ നെല്‍വയല്‍ നികത്തി മെട്രോ വില്ലേജ് എന്ന പേരില്‍ വില്ലകള്‍ പണിതു വിറ്റാലാണ് പിടിച്ചു നില്ക്കാന്‍ കഴിയു എന്ന് അതിന്റെ ഉത്തരവാദിത്തപെട്ടവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാടം നികത്തലിന് തടസമുള്ളതിനാല്‍ കാക്കനാട് മെട്രോ വില്ലകള്‍ നിര്‍മ്മിച്ചു വില്ക്കാന്‍ പോകുകയാണ്. അപ്പോള്‍ ഇതൊരു നഷ്ടകച്ചവടമാണ്. പിന്നെ ഇത് എന്തിനു വേണ്ടി എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.

ഒരു മെട്രോ റെയില്‍ വേണമെന്ന് അവകാശമുന്നയിക്കണമെങ്കില്‍ ചില മിനിമം മാനദണ്ഡങ്ങള്‍ വേണം. അതിലൊന്നാണ് ജനസംഖ്യ. 30 ലക്ഷത്തിനു മേല്‍ ജനസംഖ്യയെങ്കിലും വേണം. കൊച്ചിയില്‍ ആറ് ലക്ഷമാണ്. സമീപ പഞ്ചായത്തകളും വന്നു പോകുന്നവരെയും കൂട്ടിയാല്‍ 12 ലക്ഷത്തിലധികമാകില്ല.

ബാക്കിയൊക്കെ കഥയാണ്. വികസനത്തിന്റെ കഥ. അതില്‍ ചോദ്യമില്ല. വല്ലാര്‍പാടം എന്തു വികസനമാണ് നമുക്ക് തന്നത് എന്ന ചോദ്യത്തിന് മറുചോദ്യം നിങ്ങള്‍ മാവോയിസ്റ്റ് അല്ലേ എന്നാണ്. വികസനവും ജനങ്ങളും മുഖാമുഖമാണ് ഇവിടെ. നഷ്ടപെടുന്നത് ജനങ്ങളുടെ ജീവിതമാണ്. ഐ.ഒ.സി.സംഭരണ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന വൈപ്പിനിലെ ജനങ്ങളും വികസനത്തിന്റെ ഇരകളാകയാണ്.
ഞാന്‍ മെട്രോ വിരുദ്ധനല്ല