29 ദിവസത്തെ സമരത്തില്‍ എസ്എഫ്‌ഐ തോറ്റത് എങ്ങനെയൊക്കെ?

February 8, 2017, 7:59 pm


29 ദിവസത്തെ സമരത്തില്‍ എസ്എഫ്‌ഐ തോറ്റത് എങ്ങനെയൊക്കെ?
Spotlight
Spotlight


29 ദിവസത്തെ സമരത്തില്‍ എസ്എഫ്‌ഐ തോറ്റത് എങ്ങനെയൊക്കെ?

29 ദിവസത്തെ സമരത്തില്‍ എസ്എഫ്‌ഐ തോറ്റത് എങ്ങനെയൊക്കെ?

ജനുവരി 11ന്, 29 ദിവസം മുമ്പ്, ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ സമരം ആരംഭിക്കുമ്പോള്‍ എസ്എഫ്‌ഐ സമരത്തില്‍ ഇല്ലായിരുന്നു. 2016 ഫെബ്രുവരി എട്ടിന് ഉച്ചയോടെ സമരം വിജയിച്ചെന്ന വാര്‍ത്ത അക്കാദമിയിലെ സമരപ്പന്തലുകളിലേക്ക് പടര്‍ന്നെത്തുമ്പോള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തിയവരുടെ മുന്‍നിരയിലും എന്തിന് പിന്നില്‍പോലും എസ്എഫ്‌ഐയുടെ നേതാക്കന്‍മാരെ കാണാനില്ല. ഇടതുസര്‍ക്കാരിന്റെ കാലത്ത് ക്യാംപസ് ഒന്നാകെ ഒരു സമരത്തില്‍ മുഴുകിയപ്പോള്‍ പാതിവഴിയില്‍ വിജയപ്രഖ്യാപനം നടത്തി എസ്എഫ്‌ഐ പടിയിറങ്ങിയത് എങ്ങോട്ടാണ്? കളഞ്ഞുകുളിക്കുമ്പോഴെല്ലാം വീണ്ടും തിരിച്ചുകിട്ടാവുന്ന ഒന്നല്ല രാഷ്ട്രീയ വിശ്വാസ്യത.

വാര്‍ത്താചാനലുകളുടെ ലൈംലൈറ്റില്‍ നിന്ന് മുദ്രാവാക്യങ്ങളും വാഗ്വാദങ്ങളും മുഴക്കിയത് പോലെ ഇനിയങ്ങോട്ട് എസ്എഫ്‌ഐക്ക് പോകാന്‍ കഴിയില്ല. ഏകപക്ഷീയമായി സമരാവസാനിപ്പിച്ച, പിന്നീട് അവസാനവും വിജയത്തില്‍ പങ്കുപറ്റാനെത്തിയ എസ്എഫ്‌ഐക്ക് വിമര്‍ശനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഒരിക്കലും കഴിയുകയുമില്ല. ഒരു സംഘടിത സമരത്തെ ഇല്ലാതാക്കാനും തത്പരകക്ഷികള്‍ക്ക് അനുകൂലമായി വിദ്യാര്‍ഥികളെ ഭിന്നിപ്പിക്കാനും ശ്രമിച്ചുവെന്ന ഗുരുതര കുറ്റങ്ങളായിരിക്കും എസ്എഫ്‌ഐക്ക് മേല്‍ കാലം ചാര്‍ത്തുന്നത്.

നേരത്തെ വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് സമരത്തില്‍ നിന്നും പിന്‍വാങ്ങിയ എസ്എഫ്‌ഐയാണ് തുടര്‍ന്ന് രണ്ടുവട്ടവും വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. അതാകട്ടെ വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേക താത്പര്യത്തിലും. മുന്‍ ഉറപ്പുകള്‍ കൈയിലിരിക്കെ ഇന്നത്തെ യോഗതീരുമാനത്തില്‍ ഒപ്പുവെക്കാനും സമരത്തില്‍ ഇല്ലാതിരുന്നിട്ടും എസ്എഫ്‌ഐക്ക് മടിയേതുമുണ്ടായില്ല. മാനെജ്‌മെന്റിലെ ഏതാനും ചിലരുമായി മാത്രം തനിച്ച് ചര്‍ച്ച നടത്തി കരാറൊപ്പിട്ട് സമരം അവസാനിപ്പിക്കുന്നതാണ് ശരിയെന്നായിരുന്നു ഇതുവരെ എസ്എഫ്‌ഐ നേതാക്കളുടെ ധാരണ. ഇതര വിദ്യാര്‍ഥി സംഘടനകള്‍ തങ്ങള്‍ക്കുശേഷവും സമരം തുടര്‍ന്നപ്പോള്‍ അവരെ അപഹസിക്കുകയായിരുന്നു ലോ അക്കാദമിയിലെ എസ്എഫ്‌ഐയും സംസ്ഥാന നേതാക്കളും അണികളും ചെയ്തതും.

ആരോപണവിധേയരായ മാനെജ്മെന്റുമായി ചര്‍ച്ച നടത്തി വിജയിച്ചുവെന്ന് പറയുന്നതിലെ അപഹാസ്യത ബോധ്യമായപ്പോള്‍ സമരക്കാരെ അപഹസിക്കാന്‍ ശ്രമിച്ചത് വഴി മാനെജ്മെന്റിന്റെ മെഗാഫോണായി എസ്എഫ്‌ഐയും സിപിഐഎമ്മും മാറുകയായിരുന്നു. സിപിഐക്കെതിരെ ആയിരുന്നു സിപിഐഎമ്മിന്റെയും എസ്എഫ്‌ഐയുടെയും പ്രധാന ആരോപണം. അവര്‍ ബിജെപി പന്തലില്‍ പോയി എന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചാരണവും നടത്തി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ഒ.രാജഗോപാലിന്റെ വസതിയിലെത്തി പൊതുപ്രവര്‍ത്തനത്തിന്റെ 50 വര്‍ഷത്തില്‍ ആശംസ അര്‍പ്പിക്കാന്‍ പോയ സമീപകാല ചരിത്രം പോലും ഇല്ലാതെയാണ് ഈ ആരോപണം. അന്ന് രാജഗോപാലിന് ആശംസ നേരാന്‍ പോയ പിണറായി തന്നെ ഇതിന് വിശദീകരണം നല്‍കുന്നുണ്ട്. എത്ര കടുത്ത രാഷ്ട്രീയ വിരോധമായാലും അതിന്റെ അര്‍ത്ഥം കണ്ടാല്‍ മിണ്ടില്ലെന്നോ തൊട്ടുകൂടായ്മ ഉണ്ടെന്നോ അല്ലെന്നായിരുന്നു പിണറായി പറഞ്ഞത്. മറ്റെന്തിലും മുഖ്യമന്ത്രിയെ പിന്‍പറ്റുന്ന അണികള്‍ പോലും സൗകര്യപൂര്‍വം ഇതൊക്കെ മറക്കുകയും ചെയ്തു.

നേരത്തെ മാനെജ്‌മെന്റുമായി ഏകപക്ഷീയമായി നടത്തിയ ചര്‍ച്ചയില്‍ ഡയറക്ടര്‍ ബോര്‍ഡിലെ നാലംഗങ്ങള്‍ മാത്രം ഒപ്പിട്ട് അക്കാദമിയുടെ ലെറ്റര്‍പാഡില്‍ എസ്എഫ്‌ഐക്ക് നല്‍കിയ ആദ്യ ഉറപ്പ് ഇതായിരുന്നു.

പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനത്തുനിന്നും ഒഴിഞ്ഞ് പകരം വൈസ്പ്രിന്‍സിപ്പാലിന് പ്രിന്‍സിപ്പാലിന്റെ ചുമതല നല്‍കിയിരിക്കുന്നു. അഞ്ചുവര്‍ഷത്തേക്ക് പേരൂര്‍ക്കട ലോ അക്കാദമി ക്യാംപസില്‍ ഫാക്കല്‍റ്റി സ്ഥാനത്തുണ്ടാവില്ല.

ഇതാണ് അഞ്ചുവര്‍ഷത്തെ കണക്ക് പറഞ്ഞ് എസ്എഫ്‌ഐ പ്രചരിപ്പിച്ചത്. തൊട്ടടുത്ത ദിവസം ക്ലാസുണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ സ്ഥാനത്ത് മാധവന്‍ പോറ്റി ഉണ്ടാകുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലോ അക്കാദമിയിലെ സമരം വിജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനം  (ഫോട്ടോ കടപ്പാട്: മനോരമ)
ലോ അക്കാദമിയിലെ സമരം വിജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനം (ഫോട്ടോ കടപ്പാട്: മനോരമ)

എന്നാല്‍ ഇന്ന് വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായ തീരുമാനം ഇപ്രകാരമാണ്

കേരള ലോ അക്കാദമി ലോകോളെജ് പ്രിന്‍സിപ്പലായ ലക്ഷ്മിനായരെ ഗവേണിങ് കൗണ്‍സില്‍ തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റി. യൂണിവേഴ്‌സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുളള ഒരു പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് ബഹു.വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും മാനെജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനെജ്‌മെന്റ് ഈ ഉറപ്പില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതുമായിരിക്കും

ലോ അക്കാദമി മാനെജ്‌മെന്റിലെ രണ്ടു പ്രതിനിധികളും ആറു വിദ്യാര്‍ഥി സംഘടനയുടെ പ്രതിനിധികളും ആര്യ വി ജോണ്‍ എന്ന വിദ്യാര്‍ഥിനിയും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥുമാണ് യോഗതീരുമാനത്തിന്റെ മിനിറ്റ്‌സില്‍ ഒപ്പുവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തുന്ന ചര്‍ച്ചയാണോ മാനെജ്‌മെന്റും എസ്എഫ്‌ഐയും മാത്രം നടത്തുന്ന ചര്‍ച്ചയ്ക്കാണോ നിയമസാധുതയെന്നും സര്‍ക്കാര്‍ ഇടപെടലിന് എളുപ്പമെന്നും ആര്‍ക്കും മനസിലാകുന്നതാണ്.

എന്നിട്ടും തങ്ങള്‍ നേരത്തേ നേടിയെടുത്തതില്‍ കവിഞ്ഞ് ഒന്നുമില്ലെന്ന വാദമാണ് എസ്എഫ്‌ഐ പറയുന്നത്. മാനെജ്‌മെന്റ് തങ്ങള്‍ക്ക് താത്പര്യമുളള ഒരധ്യാപകന് വൈസ് പ്രിന്‍സിപ്പല്‍ ചുമതല നല്‍കിയതിനെ അംഗീകരിച്ച എസ്എഫ്‌ഐ ഇന്ന് വീണ്ടും മലക്കം മറിയുകയും ചെയ്തു. യൂണിവേഴ്‌സിറ്റി നിയമപ്രകാരം പുതിയ പ്രിന്‍സിപ്പാലിനെ തെരഞ്ഞെടുക്കണമെന്നുളള ആവശ്യം മറ്റ് വിദ്യാര്‍ഥി സംഘടനകളാണ് ഉന്നയിച്ചത്. കൂടാതെ കാലപരിധിയില്ലാതെ ലക്ഷ്മിനായരെ നീക്കം ചെയ്യണമെന്നും പുതിയ പ്രിന്‍സിപ്പലിനും ഇത്തരത്തില്‍ സര്‍വീസിന് പരിധി ഏര്‍പ്പെടുത്തരുതെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളെല്ലാം ന്യായമാണെന്നാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയ വിദ്യാഭ്യാസമന്ത്രി ഇന്ന് അറിയിച്ചതും.

ഒരിക്കല്‍ വിജയിച്ചെന്ന പ്രഖ്യാപനം ഏകപക്ഷീയമായി നടത്തി മാനെജ്‌മെന്റുമായി കരാറൊപ്പിട്ട് സമരത്തില്‍ നിന്നും പിന്‍വാങ്ങിയ എസ്എഫ്‌ഐ നേതാക്കന്മാര്‍ എന്തിനാണ് ശേഷം നടന്ന രണ്ടുചര്‍ച്ചകളിലും പങ്കെടുത്തത്. സമരനിലപാടില്‍ നിന്നും കുറുക്കുവഴിയിലൂടെ വിജയത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുളള കരുനീക്കങ്ങളാണ് എസ്എഫ്‌ഐ നടത്തിയത്. ഇതുകൊണ്ടാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് ഇന്നുനടന്ന ചര്‍ച്ചയ്ക്കുശേഷം തെളിച്ചമില്ലാത്ത മുഖത്തോടെ തലകുനിച്ചിറങ്ങി പോകേണ്ടി വന്നത്. സമരത്തിന്റെ നാള്‍വഴികളിലൂടെ വീണ്ടുമൊന്ന് ഓടിച്ചുനോക്കിയാല്‍ കാരണങ്ങള്‍ വ്യക്തമാകും.

കൊടിയില്‍ പാറുന്ന, ഏറ്റുവിളിക്കുന്ന മുദ്രാവാക്യത്തിലെ ജനാധിപത്യബോധം പോലും കാട്ടാതെയാണ് മറ്റുവിദ്യാര്‍ഥി സംഘടനകളെ ഒഴിവാക്കി എസ്എഫ്‌ഐ മാനെജ്‌മെന്റുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പോകുന്നത്. ഇതിന്റെ ബുദ്ധി എസ്എഫ്‌ഐയുടെ കൊടിമരച്ചോട്ടില്‍ നിന്നായിരുന്നില്ല. അത് എകെജി സെന്ററില്‍ നിന്നുമായിരുന്നു. ആ നീക്കങ്ങളുടെ തുടക്കം ഇങ്ങനെയായിരുന്നു.

ആദ്യം ജനുവരി 23ന് വൈകിട്ട് സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസില്‍ എസ്എഫ്‌ഐ നേതാക്കന്മാരെ വിളിച്ചുവരുത്തി രാജിയെന്ന ആവശ്യം പ്രായോഗികമല്ലെന്ന് അറിയിച്ചത്. പിന്നാലെ സമരം തുടങ്ങി 18 ദിവസങ്ങള്‍ക്കുശേഷം ജനുവരി 28ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി സമരവേദിയിലേക്കും എത്തി. രാഷ്ട്രീയസമരമല്ലെന്ന് പാര്‍ട്ടി സെക്രട്ടറി നയം വ്യക്തമാക്കിയെങ്കിലും അന്നുനടന്ന സിന്‍ഡിക്കേറ്റില്‍ കൈക്കൊള്ളേണ്ട തീരുമാനം സിപിഐഎം പ്രതിനിധികളിലേക്ക് എത്തിയിരുന്നു. ലക്ഷ്മിനായര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി നടപടി രേഖപ്പെടുത്താതെ സിപിഐഎം ഭൂരിപക്ഷ സിന്‍ഡിക്കേറ്റ് സര്‍ക്കാരിന് തീരുമാനം വിട്ടു. ആ തീരുമാനത്തില്‍ പ്രതിഷേധിച്ച് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്മിനായരുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമ്പോള്‍ എസ്എഫ്‌ഐ സമരവേദിയാകട്ടെ സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ അതൃപ്തി വേണ്ടെന്ന് സമരസഖാക്കളെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു. തങ്ങള്‍ ഉന്നയിച്ച ഒമ്പതോളം ആവശ്യങ്ങളാണ് സിന്‍ഡിക്കേറ്റ് അംഗീകരിച്ചതെന്നും എസ്എഫ്‌ഐ പറയുന്നുണ്ടായിരുന്നു. പക്ഷേ പിന്നീടും രാജി ആവശ്യം മുന്‍നിര്‍ത്തി തന്നെ എസ്എഫ്‌ഐ മറ്റ് സംഘടനകള്‍ക്കൊപ്പം സമരം തുടര്‍ന്നു.

ജനുവരി 29നാണ് ലക്ഷ്മിനായര്‍ക്കും ലോ അക്കാദമി ഡയറക്ടറും പിതാവുമായ നാരായണന്‍നായര്‍ക്കും എകെജി സെന്ററിലേക്ക് വിളി വരുന്നത്. ഒപ്പം സിപിഐഎം സംസ്ഥാനസമിതി അംഗവും സഹോദരനുമായ കോലിയക്കോട് ഉണ്ടാകാതെ തരമില്ലല്ലോ. നിര്‍ണായകമായ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് മുമ്പായിട്ടായിരുന്നു എസ്എഫ്‌ഐക്കായിട്ടുളള സിപിഐഎമ്മിന്റെ ആ ഉള്‍വിളി. സിന്‍ഡിക്കേറ്റ് യോഗത്തില്‍ പാസാക്കിയ പ്രമേയം പോലെ,സിപിഐഎം എസ്എഫ്‌ഐ നേതാക്കളെ ധരിപ്പിച്ച പ്രായോഗികത പോലെ രാജിയില്ലെന്ന് ലക്ഷ്മിനായരും ഡയറക്ടര്‍ ബോര്‍ഡും ഒന്നടങ്കം നിലപാട് വ്യക്തമാക്കി. രാജിയൊഴികെ മറ്റെന്തും തങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. രാജിവെക്കുംവരെ സമരമെന്ന നിലപാടില്‍ അന്നുവൈകിട്ടും എസ്എഫ്‌ഐ ഉറച്ചുനിന്നു. ഒപ്പം എഐഎസ്എഫും കെഎസ്‌യുവും അടക്കമുളള മറ്റിതര വിദ്യാര്‍ഥി സംഘടനകളും.

ജനുവരി 30ന് മാനെജ്‌മെന്റുമായി എസ്എഫ്‌ഐ നേതാക്കള്‍ ചര്‍ച്ച നടത്തി. രാജി ആവശ്യത്തില്‍ വഴങ്ങില്ലെന്ന നിലപാടില്‍ ലക്ഷ്മിനായര്‍ ഉറച്ചുനില്‍ക്കുകയും മറ്റാവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ലക്ഷ്മിനായര്‍ മാറി നില്‍ക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എത്രകാലത്തേക്ക് എന്നതിലാണ് തീരുമാനം ആകാത്തതെന്നുമായിരുന്നു എസ്എഫ്‌ഐയുടെ അന്നത്തെ മറുപടി. 90 ശതമാനം ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി വിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു അടുത്തദിവസമാകട്ടെ എസ്എഫ്‌ഐ അടിയന്തരമായി സംസ്ഥാന സമിതി യോഗം വിളിക്കുന്നു. അഞ്ചുവര്‍ഷത്തേക്ക് ലക്ഷ്മിനായരെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യമെന്നും രാജിവേണ്ടെന്നും യോഗത്തില്‍ വിശദമാക്കുന്നു. ഇത്രയും ദിവസമുയര്‍ത്തിയ ലക്ഷ്മിനായരുടെ രാജിയെന്ന ആവശ്യം അന്നു മാനെജ്‌മെന്റുമായി തനിച്ച് നടത്തിയ ചര്‍ച്ചയില്‍ എസ്എഫ്‌ഐ ഒഴിവാക്കുന്നു. ശേഷം സമരം വിജയിച്ചെന്ന് അറിയിച്ച് മാനെജ്‌മെന്റിലെ പ്രതിനിധികളില്‍ നാലുപേര്‍ മാത്രം ഒപ്പിട്ട് നല്‍കിയ ലോ അക്കാദമിയുടെ ലെറ്റര്‍പാഡിലെ 17ഇന കാര്യങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മറ്റുവിദ്യാര്‍ഥി സംഘടനകള്‍ അറിയിക്കുന്നു.

മാനെജ്‌മെന്റ് എസ്എഫ്‌ഐയെ വിലക്കെടുത്ത് ഏകപക്ഷീയമായി നടത്തിയ ചര്‍ച്ചയാണെന്നും തങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും ഇതരസംഘടനകള്‍ വിശദമാക്കി. ചര്‍ച്ച പ്രകാരം ഒപ്പിട്ടുകിട്ടിയ ആദ്യ നിര്‍ദേശം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനത്തുനിന്നും ഒഴിഞ്ഞ് പകരം വൈസ്പ്രിന്‍സിപ്പാലിന് പ്രിന്‍സിപ്പാലിന്റെ ചുമതല നല്‍കിയിരിക്കുന്നു. അഞ്ചുവര്‍ഷത്തേക്ക് പേരൂര്‍ക്കട ലോ അക്കാദമി ക്യാംപസില്‍ ഫാക്കല്‍റ്റി സ്ഥാനത്തുണ്ടാവില്ല എന്നതായിരുന്നു. ഇതോടെ സമരരംഗത്തുനിന്നും പിന്‍വാങ്ങിയ എസ്എഫ്‌ഐയെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. ക്യാംപസില്‍ ക്ലാസുകള്‍ തുടങ്ങാനുളള അനുകൂല സാഹചര്യമാണെന്നാണ് ആ ചര്‍ച്ചയില്‍ എസ്എഫ്‌ഐ ആകെ മുന്നോട്ടുവെച്ച നിര്‍ദേശം. കൂടാതെ ക്ലാസുകള്‍ തുടങ്ങുന്ന നിമിഷം പരമാവധി വിദ്യാര്‍ഥികളെ ക്ലാസില്‍ എത്തിച്ച് സമരവിജയം നേടിയത് തങ്ങളാണെന്നുറപ്പിക്കാനും ക്യാംപെയ്‌നുകള്‍ തുടങ്ങി. സമരത്തിലിരിക്കുന്ന ഇതരവിദ്യാര്‍ഥിസംഘടനകളുടെ ആവശ്യത്തെ അത്യാര്‍ത്തി സമരമെന്ന് പരിഹസിക്കുകയും ചെയ്തു.

ആ പരിഹാസത്തിനുളള കാവ്യനീതിയാകാം ഇന്ന് നടന്നത്. ചര്‍ച്ചയില്‍ ഇതര വിദ്യാര്‍ഥി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അത്യാര്‍ത്തിയല്ല, ന്യായമാണെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കുമ്പോള്‍ അരികെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വിജിനും ഇരിപ്പുണ്ടായിരുന്നു. മാനെജ്‌മെന്റുമായി മാത്രം ഉണ്ടാക്കിയ തങ്ങളുടെ കരാറിനെക്കാള്‍ സാധുതയോടെ സര്‍ക്കാര്‍ മാധ്യസ്ഥത്തില്‍ മിനിറ്റ്‌സ് തയ്യാറാക്കി കൈയിലേക്ക് കിട്ടിയപ്പോള്‍ ഇങ്ങനെ പെടുമെന്ന് എസ്എഫ്ഐ യും കരുതിക്കാണില്ല. ഒപ്പുവെച്ചാലും, ബഹിഷ്‌കരിച്ചാലും കുടുങ്ങും. വിദ്യാഭ്യാസമന്ത്രി കൂടെ ഒപ്പിട്ട നിയമപരമായി സാധുതയുളള മിനിറ്റ്‌സില്‍ ആദ്യവട്ടം തനിച്ച് വിജയിച്ചെന്ന് പ്രഖ്യാപിച്ച് ഗര്‍വ് കാട്ടിയ എസ്എഫ്‌ഐക്ക് ഗത്യന്തരമില്ലാതെ ഒപ്പിടേണ്ടിയും വന്നു. അതാകട്ടെ 29 ദിവസങ്ങളുടെ രാഷ്ട്രീയസമരത്തില്‍ എസ്എഫ്‌ഐയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒപ്പായിരിക്കും. പക്ഷേ എസ്എഫ്‌ഐയുടെ ആ ഒപ്പ് വിജയികളുടെ ചരിത്രത്തില്‍ ആയിരിക്കില്ലെന്നുറപ്പാണ്.