മുഖ്യധാരയ്ക്ക് പുറത്തുമുണ്ട് ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍, ഇടതുപക്ഷം അവരെ അറിയുമോ? 

June 8, 2017, 8:14 pm
മുഖ്യധാരയ്ക്ക് പുറത്തുമുണ്ട് ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍, ഇടതുപക്ഷം അവരെ അറിയുമോ? 
Spotlight
Spotlight
മുഖ്യധാരയ്ക്ക് പുറത്തുമുണ്ട് ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍, ഇടതുപക്ഷം അവരെ അറിയുമോ? 

മുഖ്യധാരയ്ക്ക് പുറത്തുമുണ്ട് ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍, ഇടതുപക്ഷം അവരെ അറിയുമോ? 

സി പി ഐ എം ജനറല്‍ സെക്രട്ടറിയും രാജ്യസഭ അംഗവുമായ സീതാറാം യെച്ചൂരിയെ ഹിന്ദു തീവ്രവാദി സംഘാഗംങ്ങള്‍ ആക്രമിച്ചിട്ട് ഒരു ദിവസം കഴിഞ്ഞു. ആര്‍ എസ് എസ്സിനും ബി ജെ പിയ്ക്കും ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടുമായി കേരളത്തിലെ പ്രാദേശിക സംഘ്പരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ചില ചാനലുകളില്‍ ഡല്‍ഹിയില്‍നിന്നുള്ള ആര്‍ എസ് എസ് നേതാക്കളുടെ പ്രതികരണം   ഈ സംഭവം അത്ര ഗൗരവത്തിലുള്ളതല്ല എന്നതാണ്. അതായത് ഇന്ത്യയിലെ പ്രമുഖമായ ഒരു പാര്‍ട്ടിയുടെ നേതാവിനെ കൈയേറ്റം ചെയ്യുന്നത് അത്ര ഗൗരവമായി ആര്‍ എസ് എസ്സിന് തോന്നിയില്ല. ആര്‍ എസ് എസ് ആദ്യമായല്ല ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത്. ആ സംഘടനയുടെ സ്വഭാവം തന്നെയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതും. ആര്‍ എസ് എസ്സ് രീതി തന്നെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഈ സമീപനങ്ങളെ കാണുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അദ്ദേഹം ഇതേക്കാള്‍ ഗൗരവമുള്ള വിഷയങ്ങളെപോലും സമീപിച്ചത് ലാഘവത്തോടെയാണ്. മുഹമ്മദ് അഖ്‌ലാക്ക് എന്ന മനുഷ്യനെ സംഘ്പരിവാറിന്റെ നികൃഷ്ട രാഷട്രീയം തല്ലി കൊന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് അത് അടിയന്തരമായി പ്രതികരിക്കേണ്ട വിഷയമായിരുന്നില്ല. ദളിതരെ ബ്രഹ്മണിസം ഉത്തരേന്ത്യയില്‍ തല്ലി ചതച്ചപ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി അംബാനിയുടെയും അദാനിയുടെയും നിക്ഷേപസാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള നയപരിപാടികള്‍ ആലോചിച്ചുറപ്പിക്കുന്നതിനുള്ള ചിന്തയിലായിരുന്നു.

ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ പാര്‍ലമെന്ററിയേന്‍ (ആ അര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് സീതാറാം യെച്ചൂരി) അക്രമിക്കപ്പെട്ടിട്ട് അദ്ദേഹം ഒന്നും മിണ്ടിയിട്ടില്ല.

അതു മാത്രമല്ല, ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം കടുത്ത ദുരിതത്തിലായി പ്രക്ഷോഭത്തിനിറങ്ങിയ ആറ് കര്‍ഷകരെ മധ്യപ്രദേശില്‍ വെടിവെച്ചു കൊന്നതും കഴിഞ്ഞ ദിവസമാണ്. പക്ഷെ പ്രധാനമന്ത്രി മൗനത്തില്‍ തന്നെയാണ്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനെതുടര്‍ന്ന് മുസ്ലീങ്ങളും ദളിതരും വ്യാപകമായി അക്രമിക്കപ്പെടുമ്പോഴും പ്രധാനമന്ത്രി മൗനത്തിലാണ്. ബി ജെ പിയും ആര്‍ എസ് എസ്സും അവരെ പോലുള്ള രാജ്യസ്‌നേഹികളും മൗനത്തിലാണ്.

പക്ഷെ അതിലൊന്നും ആര്‍ എസ് എസ്സിനെ മനസ്സിലാക്കിയവര്‍ ഒരു അത്ഭുതവും കാണുന്നില്ല.

മുസ്ലീങ്ങളെയും ദളിതരെയും മാത്രമല്ല, ചുവപ്പിന്റെ ഏത് രൂപത്തെയും സംഘ്പരിവാരം എതിര്‍ക്കും, തകര്‍ക്കാന്‍ ശ്രമിക്കും, അക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യുന്നതില്‍ ആ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെല്ലാം മൗനമായെങ്കിലും പങ്കാളികളുമായിരിക്കും. അത് മനസ്സിലാക്കുകയെന്നതാണ് പ്രധാനം.

ഇന്ത്യന്‍ ഫാസിസം ഇന്ത്യയില്‍ വരവറിയിച്ചത് ഇന്നലെ എ കെ ജി ഭവനില്‍ വച്ചായിരുന്നില്ല എന്നകാര്യത്തിലേക്ക് ഒരിക്കല്‍കൂടി കടക്കാന്‍ പുതിയ സംഭവം ഇന്ത്യന്‍ മുഖ്യധാര ഇടതുപക്ഷത്തെ പ്രാപ്തമാക്കുന്നുണ്ടോ എന്നതാണ് ചെറുത്തുനില്‍പ്പ് അത്രമേല്‍ പ്രധാനമെന്ന് കരുതുന്നവര്‍ പ്രതീക്ഷയോടെ നോക്കുന്നത്. ബാബ്‌റി പള്ളി പൊളിച്ചും, ഗുജറാത്തിലും പിന്നെ മുസ്സഫര്‍നഗറിലും മുസ്ലീങ്ങളെ കൊന്നൊടുക്കിയും ഇന്ത്യന്‍ ഫാസിസം അതിന്റെ ദംഷ്ട്രകള്‍ കാണിച്ചുകൊണ്ടെയിരുന്നതാണ്. ചിലര്‍ പക്ഷെ അതിനെ, ജര്‍മ്മനിയിലെയും ഇറ്റലിയിലേയും സാഹചര്യങ്ങളുമായി ചേര്‍ത്തുനോക്കി, അതുപോലെയില്ലല്ലോ ഇത്, അന്നത്തെ കാലം പോലെയല്ലല്ലോ എന്ന് ലളിതവത്കരിക്കുകയായിരുന്നു. ഇനി അത് മാറുമെന്ന് കരുതാം. ആ സമീപനത്തില്‍ തിരുത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

കാരണം ഫാസിസത്തെ ചെറുക്കാന്‍ ആശയപരമായി ശേഷിയുണ്ടെന്ന് കരുതുന്ന ഇടതുപക്ഷത്തെ കൂടാതെ, അവര്‍ മുന്നില്‍ നില്‍ക്കാതെയുള്ള സംവിധാനങ്ങള്‍ ആന്തരികമായി അങ്ങേയറ്റം ദുര്‍ബലമായിരിക്കുമെന്നത് തന്നെ. ആര്‍ എസ് എസ്സിനെ ചെറുക്കാന്‍ ഇന്ത്യന്‍ മുഖ്യധാരയുടെ രാഷ്ട്രീയം ഏറ്റുപാടിയതുകൊണ്ട് മാത്രം കഴിയില്ലെന്നത് ഒട്ടേറ തവണ വ്യക്തമായതാണ്. ഈ സാഹചര്യത്തിലാണ് സീതാറാം യെച്ചൂരിക്കെതിരായ അതിക്രമം എന്തിനായിരുന്നുവെന്ന കാര്യം പ്രസ്‌ക്തമാകുന്നത്.

ഇതിന് കാരണമായി ആര്‍ എസ് എസ്സുകാര്‍ പറയുന്നത് പിപ്പീള്‍സ് ഡമോക്രസില്‍ വന്ന ഒരു ലേഖനമാണ്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് എഴുതിയ പത്രാധിപകുറിപ്പില്‍ കരസേനമേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്നുണ്ടായിരുന്നു. അത് ആര്‍ എസ് എസ്സിനെ മാത്രമല്ല ചൊടിപ്പിച്ചത്. സംഘ്പരിവാരം ഇട്ടുകൊടുക്കുന്ന ആശയങ്ങള്‍ ചവച്ചരച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ചില ഇംഗ്ലീഷ് ഹിന്ദി (മലയാളത്തിലും ഒട്ടും കുറവല്ല) ചാനല്‍ അവതാരകരും തീര്‍ത്തും അസ്വസ്ഥരായിരുന്നു ഈ ലേഖനം വായിച്ചിട്ട്. അവരുടെ രാജ്യസ്‌നേഹം സ്റ്റുഡിയോകളില്‍ പൊട്ടി ഒലിക്കുകയായിരുന്നു. കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറ് ചെറുക്കാന്‍ ഒരു നാട്ടുകാരനെ പിടിച്ച് സൈനിക വാഹനത്തിന് മുകളില്‍കെട്ടിയിട്ട നീചമായ നടപടിയെയായിരുന്നു സി പി ഐ എം മുഖപത്രം നിശിതമായി വിമര്‍ശിച്ചത്. പട്ടാളത്തെ വിമര്‍ശിക്കാന്‍ പാടില്ലാത്ത, അവരെന്ത് ചെയ്താലും- അത് അഫ്‌സ നിയമത്തിന്റെ തണലില്‍നടത്തുന്ന ബലാല്‍സംഗങ്ങളാകട്ടെ, മറ്റ് അതിക്രമങ്ങളാകട്ടെ- അത് രാഷ്ട്രത്തിന്റെ അഭിമാനങ്ങളായി അംഗീകരിച്ച് തലയാട്ടണമെന്നതാണ് അര്‍ണബ് ഗോസാമിമാരുടെ തീട്ടൂരം. ഇത് അംഗീകരിക്കാന്‍ കഴിയാത്ത പ്രസ്ഥാനങ്ങളെ അവര്‍ ചര്‍ച്ച ചെയ്ത് 'ഇല്ലാതാക്കി കളയും'. പ്രതിഷേധക്കാരില്‍നിന്നും രക്ഷനേടാന്‍ മനുഷ്യ കവചത്തെ ഉപയോഗിച്ച സൈനിക നടപടിയെ ന്യായികരിച്ച സൈനിക മേധാവിയെ ജാലിയന്‍ വാലബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് സൈനികന്‍ ജനറല്‍ ഒ ഡയറിന്റെ നടപടിയുമായി താരതമ്യം ചെയ്ത സാമൂഹ്യ ശാസ്ത്രകാരന്‍ പാര്‍ത്ഥാ ചാറ്റാര്‍ജിയേയും ഈ ദേശീയതാ സംഘം കനത്ത അക്രമണത്തിന് വിധേയമാക്കിയിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജിക്കും അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ച thewire.in എന്ന വെബ്‌സൈറ്റിനെതിരെയുമുള്ള എതിര്‍പ്പിന് നേതൃത്വം നല്‍കിയത് അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ തന്നെ. ( സംഘ്പരിവാര്‍ വിധേയത്തിനപ്പുറം ഇതിനൊരു കാരണമുണ്ട്. thewire.in ആയിരുന്നു ഏഷ്യനെറ്റിന്റെ തലവന്‍ കൂടിയായ ബി ജെ പി എം പി രാജീവ് ചന്ദ്രശേഖരന്‍, അര്‍ണബിന്റെ കമ്പനിയിലെ നിക്ഷേപകനാകുമ്പോള്‍ ഉണ്ടാകുന്ന വിരുദ്ധ താല്‍പര്യങ്ങളെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചത് കോടതിയില്‍ പോയി ഇത്തരം ലേഖനങ്ങള്‍ നീക്കം ചെയ്യിപ്പിക്കുകയാണ് ഗോസ്വാമി ചെയ്തത്!).

ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ദേശീയതയുമായി അവര്‍ പ്രചരിപ്പിക്കുന്ന ചരിത്രവിരുദ്ധത ചോദ്യം ചെയ്യുമ്പോഴാണെന്നത് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണ്. അതുകൊണ്ടാണ് കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍, സൈനികരുടെ അമിതാധികാര പ്രവണതകളെ വിമര്‍ശിക്കുമ്പോള്‍, ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ഫാസിസ്റ്റുകള്‍ ആക്രോശിച്ചടുക്കുന്നത്. ഈ ജനാധിപത്യ വിരുദ്ധതെയെ, ചരിത്ര വിരുദ്ധതയെ കൂടെക്കൂട്ടി ഇപ്പോള്‍ ചില മാധ്യമങ്ങളും സംഘ് പരിവാറിന്റെ വിനീത വിധേയരായി കൂടെ നടക്കുന്നത്.

എന്നാല്‍ ഇതിന്റെ കൂടെ നടക്കില്ലെന്ന് പറഞ്ഞതാണ് ഇപ്പോള്‍ ഫാസിസ്റ്റുകളെ ചൊടിപ്പിച്ചത്. കശ്മിരിനെയും കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ചെറുത്തുനില്‍പ്പുകള്‍ക്ക് പിന്നിലെ രാഷ്ട്രീയ ചരിത്രയാഥാര്‍ഥ്യങ്ങളെ കാണാതെ ദേശീയതയുടെ വായ്ത്താരി മുഴക്കിയുള്ള ആള്‍ക്കൂട്ട രാഷ്ട്രീയമല്ല, സി പി ഐ എം പോലുള്ള പാര്‍ട്ടികള്‍ പിന്തടരുക. ഇതിനുള്ള 'അംഗീകരമാണ്' അക്രമി സംഘത്തിലൂടെ സംഘ്പരിവാരം എ കെ ജി ഭവനിലേക്ക് കൊടുത്തുവിട്ടത്.

ഫാസിസത്തെ ചെറുക്കാനുള്ള വിശാല ജനാധിപത്യ സഖ്യത്തിന് നേതൃപരമായ പങ്ക് വഹിക്കുമ്പോള്‍ തന്നെ ഫാസിസത്തെ ആശയപരമായി ഇല്ലാതാക്കാനുള്ള ദൗത്യം ഇടതുപക്ഷത്തിന് മാത്രം സാധ്യമാകുന്നതാണ്. രാഷ്ട്രീയ വിമത ശബ്ദങ്ങളെയും പ്രസ്ഥാനങ്ങളെയും പകയോടെ കണ്ടുകൊണ്ടുള്ള സമീപനം ഫാസിസത്തിനെതിരായ മുന്നേറ്റത്തിന് കരുത്തു നല്‍കില്ലെന്ന രാഷ്ട്രീയ ബോധ്യം സി പി ഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം വീണ്ടെടുക്കണം. കാശ്മിരീലായാലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായാലും മധ്യ ഇന്ത്യയിലെ വിഭവ ചൂഷണത്തിനെതിരെ ആദിവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പായിലും, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്രാഹ്മണിസത്തിനെതിരെ ദളിതര്‍ നടത്തുന്ന വിവധങ്ങളായ പോരാട്ടങ്ങളായാലും അവരൊക്കെയും ഏര്‍പ്പെട്ടിരിക്കുന്നത് ഒരര്‍ത്ഥത്തില്‍ ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പിൽ കൂടിയാണ്.

ഈയൊരു രാ്ഷ്ട്രീയ ബോധ്യത്തിലേക്ക് ഇന്ത്യയിലെ മറ്റ് പാര്‍്ട്ടികള്‍ക്ക് എത്തിപ്പെടുക സാധ്യമല്ല. ക്ാശ്മിരിലെ സൈനിക ആക്രമണങ്ങളെക്കുറിച്ചാകട്ടെ, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാവട്ടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പാര്‍ട്ടികളുടെ സമീപനം ബി ജെ പിയില്‍നിന്ന് വ്യത്യസ്തമാവില്ല. കാരണം അടിസ്ഥാനപരമായ ഹിന്ദുത്വ ദേശീയതയുടെ സ്വാധീനത്തിലാണ് അവരുടെയും നിലനില്‍പ്പ്. ഇതില്‍നിന്ന് പുറത്തുകടക്കാനാവുക ഇടതുപക്ഷത്തിനാണ്. കാശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനം ഇതിന്റെ സൂചനയാണ്. അതാണ് സംഘ് പരിവാരത്തിനെ ഇത് അത്ര പ്രകോപിപ്പിക്കുന്നതും.

സ്വന്തം സാധ്വീന പ്രദേശങ്ങളില്‍ ചിന്തയുടെ നൂറു പൂക്കള്‍ വിടരുന്നത് കാണാനുള്ള സന്നദ്ധതയാണ് സി പി ഐ എം ആർജ്ജിക്കേണ്ടത് അല്ലാതെ വിഭാഗീയ രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടില്‍ കിടന്ന് യാന്ത്രികമായ മാനദണ്ഡമുപയോഗിച്ച് ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചയല്ല. ഫാസിസം വാതില്‍പടി കടന്ന് അകത്തെത്തിയിരിക്കുന്നുവെന്ന് ചിലരെ ബോധ്യപ്പെടുത്താന്‍ മാത്രമല്ല, ഹിംസയിലൂന്നിയ ഈ പ്രത്യയശാസ്ത്രത്തെ നീര്‍വീര്യമാക്കാന്‍ ദേശീയതയുള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള സംഘപരിവാര വ്യാഖ്യനങ്ങളെ കൂടുതല്‍ നിശതമായി 'കൈകാര്യം' ചെയ്യണമെന്നുകൂടിയാണ്. പീപ്പിള്‍സ് ഡമോക്രസിയിലെ ലേഖനം അതിന്റെ തുടക്കമാകട്ടെ.