ഉസൈന്‍ബോള്‍ട്ടും ‘കവിബുദ്ധനും’  

August 14, 2017, 8:13 pm
ഉസൈന്‍ബോള്‍ട്ടും ‘കവിബുദ്ധനും’   
Spotlight
Spotlight
ഉസൈന്‍ബോള്‍ട്ടും ‘കവിബുദ്ധനും’   

ഉസൈന്‍ബോള്‍ട്ടും ‘കവിബുദ്ധനും’  

'ബദ്ധനല്ലിന്നു നീ ബുദ്ധന്‍,
സിദ്ധം ജീവനതത്ത്വവും
വല്‍സ, പോക, പ്രയന്തിക്ക
ദുഃഖിതര്‍ക്കു ശിവം വരാന്‍
പുഴുവിന്നും പൊടിക്കും പുല്‍-
ക്കൊടിക്കും മുക്തി നല്‍കുവാന്‍.
ഇതല്ലോ ഭിക്ഷുവിന്‍ ധര്‍മ്മ-
മിതത്രേ കവിധര്‍മവും;
ഒരേ ധ്യാന,മൊരേയാനം
ഒരേബോധി, യൊരേ ഗതി '
(കവിബുദ്ധന്‍-സച്ചിദാനന്ദന്‍-1992)

ജീവനതത്വം (ജീവിതത്തിന്റെ പൊരുള്‍) അറിഞ്ഞ് ബദ്ധനില്‍ (അജ്ഞാനത്താല്‍ ബന്ധിതന്‍ ) നിന്ന് ബുദ്ധനിലേക്ക് (ജ്ഞാനത്താല്‍ ഉണര്‍ത്തപ്പെട്ടവന്‍) പരിണമിച്ചവരാണ് കവിയും ഭിക്ഷുവും. അതിനാല്‍ അവര്‍ ഭിന്നരാകുന്നില്ല. സകലതിനേയും നിത്യസ്വാതന്ത്ര്യത്തിന്റെ പ്രകാശത്തിലേക്കു വീണ്ടെടുത്ത് ശിവം (മംഗളം, സുഖം) പകരലാണ് അവരുടെ ധര്‍മം. ഭിക്ഷു, ഭിക്ഷുവാകുന്നതും കവി, കവിയാകുന്നതും ഇതേ ബിന്ദുവില്‍. അതിനുള്ള ധ്യാനവും ബോധിയും (ബോധിവൃക്ഷം, അരയാല്‍) യാനവും (യാത്ര) ഗതിയും (മാര്‍ഗം) ഇവര്‍ക്കു സമം. അതിനാല്‍ കര്‍മത്തിലും ധര്‍മത്തിലും ഇവര്‍ അഭിന്നരാകുന്നു. കായികതാരങ്ങളേയും കൂടി നമുക്ക് ഈ കവിബുദ്ധനെന്ന രൂപകത്തോട് ചേര്‍ത്തുനിര്‍ത്താം. സമാന്യ-വിശേഷങ്ങളില്‍ അവരുടെ കര്‍മധര്‍മങ്ങളും മാര്‍ഗവും ലക്ഷ്യം വയ്ക്കുന്നത് ഇതുതന്നെയാണല്ലോ (കായികതാരങ്ങളും ശ്രദ്ധയോടെ വായിക്കേണ്ട കവിതയാണ് 'കവിബുദ്ധന്‍.').

ആരാധകരേയും ശാസ്ത്രലോകത്തേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് 9.58 സെക്കന്റിന്റെ വരുതിയില്‍ 100 മീറ്റര്‍ ദൂരത്തെ ഉസൈന്‍ ബോള്‍ട്ട് വരിഞ്ഞു മുറുക്കുമ്പോഴും മുപ്പത്തിയാറാം വയസിലും പതിനെട്ടിന്റെ യൗവന ദാര്‍ഢ്യത്തോടെ റോജര്‍ ഫെഡററും സെറീനാ വില്യംസും അടുത്ത അങ്കത്തിന് കച്ചമുറുക്കുമ്പോഴും എല്ലാ ദുരിതങ്ങളേയും വറുതികളേയും വകഞ്ഞുമാറ്റിക്കൊണ്ട് എത്യോപ്യയിലേയും കെനിയയിലേയും സൊമാലിയയിലേയും ജമൈക്കയിലേയും ദരിദ്രകായികതാരങ്ങള്‍ സുവര്‍ണ മുദ്രചാര്‍ത്തി ലോകവേദികളില്‍ വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുമ്പോഴും നമ്മള്‍ ഓര്‍ത്തുപോവുക കവി പറഞ്ഞ ധ്യാനത്തേയും ബോധിയേയും യാനത്തേയും ഗതിയേയും കുറിച്ച് തന്നെ.

ആ, ധ്യാന-ബോധികളുടെ അഭാവത്തില്‍ ആര്‍ക്കും ഇതൊന്നും സുസാധ്യമല്ല. ഓരോവട്ടവും അവര്‍ പുതുകിരീടങ്ങളേയും പുതുമുദ്രകളേയും ചുംബിക്കുമ്പോള്‍ അതിനുപിന്നില്‍ ആ ഇതിഹാസങ്ങള്‍ അനുഷ്ഠിച്ച ഉഗ്രമായ ത്യാഗങ്ങളും തീവ്രധ്യാനവും നമ്മളെ സ്പര്‍ശിക്കും. മുദ്രകളും റെക്കോഡുകളും അവരുടെ വൈയക്തിക നേട്ടങ്ങളായി ചുരുങ്ങുമ്പോള്‍ ഈ സ്പര്‍ശം മാനവീകതയുടെ ഉണര്‍ത്തുപാട്ടാകുന്നു. അതവന്റെ ആത്മവിശ്വാസത്തേയും സ്വത്വശക്തിയേയും ഉണര്‍ത്തുന്നു. അവനില്‍ നിലീനമായ ശക്തിവിശേഷങ്ങളെ ത്വരിപ്പിക്കുന്നു. തന്നില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൗര്‍ബല്യങ്ങളെ പൊഴിച്ചുകളയാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ അവന്‍ അരുതായ്മകളില്‍ നിന്നും ക്ഷണികോന്മാദങ്ങളില്‍ നിന്നും വിമോചിതനാകുന്നു. പുതിയൊരു സ്വാതന്ത്ര്യത്തിന്റെ ചൂടും വെളിച്ചവും കൊടുങ്കാറ്റായി വന്ന് അവനെ പുണരുന്നു. ഒരര്‍ഥത്തില്‍ ശുദ്ധസ്വാതന്ത്ര്യത്തിലേക്കുള്ള വീണ്ടെടുക്കലാണത്. അതോടെ അവന്‍ കൂടുതല്‍ സമൂഹോന്മുഖനാകുന്നു. കവിയും ഭിക്ഷുവും അനുഷ്ഠിക്കുന്ന അതേ ദൗത്യം. അതിനാല്‍ കവിയും ഭിക്ഷുവും കായിക താരവും ഭിന്നരാകുന്നില്ല. മൂവരും ഒരു പോലെ ബദ്ധനില്‍ നിന്ന് ബുദ്ധനിലേക്ക് ഉയര്‍ന്നവര്‍.

ജെസി ഓവന്‍സും മുഹമ്മദലിയും നാദിയാ കൊമനേച്ചിയും കാള്‍ലൂയിസും ബ്യോണ്‍ ബോര്‍ഗും ഇവാന്‍ ലെന്‍ഡലും പെലേയും മറഡോണയും കളിക്കളമൊഴിഞ്ഞിട്ട് ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാലും അവരുടെ സാന്നിധ്യം തീവ്രമായൊരനുഭവമാണ് നമുക്കിപ്പോഴും. ആ ഇതിഹാസങ്ങളുടെ മാസ്മരികതകള്‍ക്ക് പിന്നിലുള്ള ധ്യാനവും അതിന്റെ സാമൂഹികമാനങ്ങളുമാണ് അതിനു കാരണമെന്നു സ്പഷ്ടം. ഇപ്പോള്‍ ഈ സുവര്‍ണതാരങ്ങളുടെ നിരയിലേക്കാണ് സാക്ഷാല്‍ ഉസൈന്‍ബോള്‍ട്ടും ഉയര്‍ന്നെത്തിയിരിക്കുന്നത്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഇക്കുറി അസാധാരണമായൊരു കാഴ്ചയ്ക്ക് സാക്ഷിയായി. ലോകം ആവേശത്തോടെ കാത്തിരുന്ന 100 മീറ്റര്‍ മല്‍സരത്തിന് ശേഷമായിരുന്നു അത്. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവുമായി അഭിമാനത്തോടെ വിടപറയാന്‍ വന്ന ബോള്‍ട്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ഗാറ്റ്‌ലിനും കോള്‍മാനും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തി. ലോകം നിശ്ചലമായ നിമിഷം. എന്നാല്‍ അടുത്ത നിമിഷം അതൊര്‍ഥവത്തായ ചലനമായിമാറി. ഒന്നാം സ്ഥാനത്തെത്തിയ ഗാറ്റ്‌ലിന്‍ അതാ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ ബോള്‍ട്ടിന്റെ കാല്‍ക്കല്‍ മുട്ടുകുത്തുന്നു. ശിരസ് കുനിക്കുന്നു. അല്‍പ്പമൊന്ന് അമ്പരന്നുപോയ ബോള്‍ട്ട് അയാളെ എഴുന്നേല്‍പ്പിക്കുന്നു. വിജയത്തില്‍ അഭിനന്ദിക്കുന്നു. ഒരേയിനത്തില്‍ ജീവന്മരണ പോരാട്ടം നടത്തിയവര്‍ തോല്‍വിയിലും ജയത്തിലും പരസ്പരം അഭിനന്ദിച്ചു പിരിയുന്ന കാഴ്ചമാത്രമേ ആരാധകര്‍ അതുവരെ കണ്ടിരുന്നുള്ളു. ഇപ്പോഴിതാ ഒന്നാം സ്ഥാനക്കാരന്‍ മൂന്നാം സ്ഥാനക്കാരന്റെ കാല്‍ക്കല്‍ മുട്ടുകുത്തുന്നു... !

ഓര്‍ക്കുക. ബോള്‍ട്ട് വെറും കുട്ടിയായിരിക്കുമ്പോള്‍ ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ താരമാണ് ഗാറ്റ്‌ലിന്‍. (2004-ലെ ഏതന്‍സ് ഒളിമ്പിക്‌സിലും 2005-ലെ ഹെല്‍സിങ്കി ലോകചാമ്പ്യന്‍ഷിപ്പിലും 100 മീറ്ററില്‍ സ്വര്‍ണം ഗാറ്റ്‌ലിനായിരുന്നു). ബോള്‍ട്ടിനേക്കാള്‍ അയാള്‍ക്ക് അഞ്ചുവയസ് കൂടും. 100 മീറ്ററില്‍ ഗാറ്റ്‌ലിന്റെ മികച്ച സമയം 9.74-ഉം (2015-മേയ് 15-ഖത്തര്‍). ബോള്‍ട്ടിന്റെ ലോക റെക്കോഡായ 9.58-നേക്കാള്‍ 0.16 സെക്കന്റുമാത്രം അകലെ. 2009-നും 2017-നും ഇടയില്‍ ബോള്‍ട്ടിനെ പിന്നിലാക്കിയ ഒരേയൊരു താരവും ഗാറ്റ്‌ലിനാണ് (2013-ജൂണ്‍ ആറ് -റോമിലെ ഗോള്‍ഡന്‍ ഗാലാ മീറ്റ്).

അങ്ങനെ ഏതുമാനദണ്ഡം ഉപയോഗിച്ചാലും ബോള്‍ട്ടിനോട് കിടപിടിക്കാന്‍ പോന്ന താരമാണ് ഗാറ്റ്‌ലിന്‍. അതിലുപരി വിടവാങ്ങല്‍ സ്വര്‍ണമെന്ന ബോള്‍ട്ടിന്റെ സ്വപ്നം തകര്‍ത്തയാള്‍. അതൊന്നും ഗാറ്റ്‌ലിനെ ഉന്മാദിയാക്കിയില്ല. ആ കിരീടങ്ങളെല്ലാം വലിച്ചെറിഞ്ഞുകൊണ്ടാണ് ബോള്‍ട്ടിന് മുന്നില്‍ അയാള്‍ മുട്ടുകുത്തിയത്. ഇവിടെ, എന്തുകൊണ്ട് എന്നൊരു ചോദ്യമുയരാം. അതിനുള്ള ലളിതമായ ഉത്തരം ബോള്‍ട്ടിന്റെ മഹത്വം എന്നു മാത്രമാണ്. ആ മഹത്വത്തിന് മുന്നില്‍ തന്റെ വിജയം എത്രയോ തുച്ഛമാണെന്നും അര്‍ഥരഹിതമാണെന്നും അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആ തിരിച്ചറിവാണ് ഗാറ്റ്‌ലിനെക്കൊണ്ട് മുട്ടുകുത്തിച്ചത്.
 ഗാറ്റ്‌ലിനും ബോള്‍ട്ടും ലണ്ടന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ  
ഗാറ്റ്‌ലിനും ബോള്‍ട്ടും ലണ്ടന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ  

ഉത്തേജകമരുന്ന് ഉപയോഗത്തിന് രണ്ടു തവണ വിലക്കപ്പെട്ടതാരമാണ് ഗാറ്റ്‌ലിന്‍. 2002-ല്‍ പ്രഫഷണല്‍ അത്‌ലറ്റായിമാറിയ ഗാറ്റ്‌ലിന്‍ 2017-ആകുമ്പോഴേക്കും ആ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു. പക്ഷേ ഈ പതിനഞ്ചില്‍ എട്ടുവര്‍ഷവും ഉത്തേജകമടിച്ച് നഷ്ടമാക്കി. കരിയറില്‍ ആകെ കിട്ടിയത് ഏഴുവര്‍ഷം മാത്രം. എന്നിട്ടും ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ അഞ്ചുമെഡലുകള്‍ സ്വന്തമാക്കി. ലോകചാമ്പ്യന്‍ഷിപ്പുകളില്‍ മൂന്നു സ്വര്‍ണവും നാലു വെള്ളിയും ഉള്‍പ്പെടെ ഏഴു മെഡലുകള്‍. ഈ പതിനഞ്ചുവര്‍ഷത്തിനിടയില്‍ നാല് ഒളിമ്പിക്‌സുകള്‍ അയാളെ കടന്നു പോയി. വിലക്കുണ്ടായിരുന്നതിനാല്‍ 2008, 2012 ഒളിമ്പിക്‌സുകളില്‍ പങ്കെടുക്കാനായില്ല. 2004, 2016 ഒളിമ്പിക്‌സുകളിലേ പങ്കെടുത്തിട്ടുള്ളു. ഇങ്ങനെ ലോക മീറ്റുകളും നഷ്ടമായിട്ടുണ്ട്. അല്ലാതിരന്നെങ്കില്‍ എന്തെന്ത് അത്ഭുതങ്ങള്‍ ആ കരിയറില്‍ സംഭവിക്കുമായിരുന്നില്ല. അത്രക്ക് വീറും പ്രതിഭയുമുള്ള അത്‌ലറ്റായിരുന്നു ഗാറ്റ്‌ലിന്‍. അതുകൊണ്ടാണ് മുപ്പത്തഞ്ചാം വയസിലും തന്നേക്കാള്‍ പ്രതിഭാശാലിയും മുപ്പതുകാരനുമായ ബോള്‍ട്ടിനെ മറികടക്കാന്‍ കഴിഞ്ഞത്. വിലക്കിനും അധിക്ഷേപങ്ങള്‍ക്കും അയാളിലെ ഇച്ഛാശക്തിയെ തോല്‍പ്പിക്കാനായില്ല. കായികതാരങ്ങള്‍ക്ക് ഏതു പ്രതിസന്ധിയിലും അനിവാര്യമായ ആ ഇച്ഛാശക്തിയെ നമുക്കും നമിക്കേണ്ടതുണ്ട്. അപ്പോഴും മരുന്നടി എന്ന അപരാധത്തെ പൊറുക്കേണ്ടതുമില്ല.

സ്വന്തം ശരീരം, മനസ്, ബുദ്ധി, എന്നിവയുടെ കരുത്തില്‍ മാത്രം വിശ്വസിച്ച് അതിനെ സൂചിസൂക്ഷ്മതയുടെ പാരമ്യതയില്‍ സ്ഫുടം ചെയ്ത് ശിഥിലമാകാത്ത ധ്യാനശുദ്ധമായ ഏകാഗ്രതയോടെ വിനിയോഗിച്ചപ്പോഴാണ് ബോള്‍ട്ട് ഇതിഹാസമായത്. കഴിഞ്ഞ ഒരു ദശകമായി കായികലോകം അത്ഭുതത്തോടേയും ആദരവോടേയും പിന്തുടര്‍ന്നത് ബോള്‍ട്ടിനെ മാത്രമാണ്. ഓരോ പ്രകടനവും അവര്‍ മനസില്‍ കുറിച്ചു. സൂക്ഷ്മതയോടെ പിന്‍പറ്റി. അയാള്‍ ലോകത്തെ വലിയ സെലിബ്രറ്റികളില്‍ ഒരാളായി. ഭൂമിയുടെ ഏതുകോണിലായാലും ലക്ഷങ്ങള്‍ അത്ഭുതത്തോടെ വളഞ്ഞു. കായിക ലോകത്തെ വലിയ സമ്പന്നന്മാരുടെ പട്ടികയിലും മുന്നിലെത്തി. ആരും ഒന്നിളകിപ്പോകുന്ന സാഹചര്യങ്ങള്‍. എന്നാല്‍ ഇതൊന്നും ബോള്‍ട്ടിനെ ഉന്മാദിയാക്കിയില്ല. ഇതിലൊക്കെ ഉള്‍ച്ചേരുമ്പോഴും ആ മനസ് നിസംഗമായിരുന്നു. അപ്പോഴും കണ്ണുകളില്‍ തന്റെ ലക്ഷ്യപ്രഖ്യാപനത്തിന്റെ ജ്വാലകള്‍ സൂക്ഷിച്ചു.

2002ലെ ലോക ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ബോള്‍ട്ട് വിജയാഹ്ലാദത്തില്‍  
2002ലെ ലോക ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ബോള്‍ട്ട് വിജയാഹ്ലാദത്തില്‍  

ഏതു പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും ശിഥിലമാകാത്ത സമാധി (നിരൂപകനായ കെ.പി.അപ്പന്റെ പ്രയോഗം. കാക്കനാടന്റെ നോവലുകളെക്കുറിച്ചു പറയുമ്പോഴാണ് 'പലപ്പോഴും ശിഥിലസമാധിയില്‍' എന്ന അര്‍ഥവത്തായ പ്രയോഗം അദ്ദേഹം നടത്തുന്നത് ) എന്ന് ബോള്‍ട്ടിലെ ഇതിഹാസത്തെ നമുക്ക് ചുരുക്കിവായിക്കാം. മൂന്ന് ഒളിമ്പിക്‌സുകളില്‍ അതായത് തുടര്‍ച്ചയായി പന്ത്രണ്ടു വര്‍ഷക്കാലം മൂന്ന് ഇനങ്ങളില്‍ സ്വര്‍ണ നിലനിര്‍ത്തുക എന്നത് ഒട്ടും അനായാസമല്ല. അപ്പോഴെല്ലാം ബോള്‍ട്ടിന് മുമ്പ് ട്രാക്കിലെത്തിയവരും ഒപ്പം എത്തിയവരും ശേഷമെത്തിയവരുമായ സ്പ്രിന്റര്‍മാര്‍ മല്‍സരിക്കാന്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും ആ ഇതിഹാസത്തെ പക്ഷേ തൊടാനായില്ല. പന്ത്രണ്ടു വര്‍ഷക്കാലം ഒരു പോലെ നിലനിര്‍ത്തിയ പ്രകടനത്തിലെ ആ സ്ഥിരതയാണ് ഒരു പക്ഷേ ബോള്‍ട്ട് സൃഷ്ടിച്ച റെക്കാഡുകളേക്കാള്‍ നമ്മെ അത്ഭുതപ്പെടുത്തുക. ഒരു സാഹചര്യത്തിലും ശിഥിലമാകാതെ സൂക്ഷിച്ച സമാധിയാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഒരു 'ശിഥിലസമാധി'യുടെ കഥയാണ് ഗാറ്റ്‌ലിന്റേത്. തന്റെ മുപ്പത്തിയഞ്ചാമത്തെ വയസില്‍ അയാളതില്‍ പശ്ചാത്തപിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ എത്ര ഉയരത്തില്‍ നില്‍ക്കേണ്ടവനാണ് താനെന്ന ചിന്ത അയാളെ മഥിക്കുന്നുണ്ടാകാം. തന്നേക്കാള്‍ ഇളപ്പമാണെങ്കിലും ബോള്‍ട്ടിനേപ്പൊലൊരു അത്‌ലറ്റിനെ മാതൃകയാക്കാന്‍ കഴിയാത്തതില്‍ അയാള്‍ ദുഃഖിക്കുന്നുണ്ടാവാം. ആ മുട്ടുകുത്തലിന് ഇങ്ങനേയും ഒരര്‍ഥമുണ്ട്.

തന്റെ, ഒരു ദശകം നീണ്ട അര്‍ഥവത്തും അഭിമാനകരവുമായ കരിയറില്‍ ഒരിക്കല്‍പ്പോലും ഉത്തേജകമരുന്നുകളുടെ സഹായം ബോള്‍ട്ട് തേടിയിട്ടില്ല. എന്നല്ല, അതിനെതിരെ ശക്തമായി പ്രതികരിക്കുകയും കാമ്പയിന്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ജീവതകാലം മുഴുവന്‍ അതു തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ജമൈക്കയിലെ തന്റെ സഹതാരങ്ങളില്‍ ചിലര്‍ ഉത്തേജക മരുന്ന് വിവാദങ്ങളില്‍ അകപ്പെട്ടപ്പോള്‍ ബോള്‍ട്ട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നുമില്ല. കായികതാരങ്ങള്‍ തങ്ങളുടെ സ്വന്തം കരുത്തില്‍ വിശ്വസിക്കണമെന്നും അതിനെ പോഷിപ്പിക്കാനും ലക്ഷ്യം ഭേദിക്കാനും ഫലപ്രദമായി വിനിയോഗിക്കണമെന്നുമായിരുന്നു ബോള്‍ട്ടിന്റെ ആഹ്വാനം. അതിനപ്പുറമെല്ലാം ക്ഷണികവും ക്ഷുദ്രവുമാണെന്ന് അദ്ദേഹം ആവര്‍ത്തക്കുന്നു. ഉത്തേജക മരുന്നുകളോടുള്ള ബോള്‍ട്ടിന്റെ സമീപനം അവസാനകാലത്ത് ഗാറ്റ്‌ലിനേയും ഇളക്കിയിട്ടുണ്ടാകാം. അതിനാല്‍ ഉത്തേജകമരുന്ന് ഉപയോഗത്താല്‍ കായിക രംഗത്തെ മലിനമാക്കിയതിനുള്ള ക്ഷമാപണം കൂടിയാകാം ഒരു പക്ഷേ ആ മുട്ടുകുത്തല്‍.

2004-ല്‍ അതായത് തന്റെ പതിനെട്ടാം വയസില്‍ പ്രഫഷണലായ ബോള്‍ട്ട്, 2017-ലെ ലോകചാമ്പ്യന്‍ഷിപ്പ് പിന്നിടുമ്പോള്‍ രംഗത്ത് 13 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 2008, 12, 16 ഒളിമ്പിക്‌സുകളില്‍ 100, 200, റിലേ ഇനങ്ങളിലായി എട്ടു സ്വര്‍ണം. 2009 മുതല്‍ 15 വരേയുള്ള ലോകമീറ്റുകളില്‍ ഇതേയിനങ്ങളില്‍ 11 സ്വര്‍ണം. 2009-ലെ ബര്‍ലിന്‍ ലോകമീറ്റില്‍ 100 മീറ്ററില്‍ 9.58 സെക്കന്റിന്റേയും 200-ല്‍ 19.19 സെക്കന്റിന്റേയും ലോക റെക്കോഡ്. എട്ടുവര്‍ഷത്തിനുശേഷവും അവ ഭേദിക്കപ്പെട്ടിട്ടുമില്ല. മനുഷ്യസാധ്യമായ സമയംകൊണ്ട് സൃഷ്ടിച്ചതല്ല ഈ റെക്കോഡുകളെന്ന് ശാസ്ത്രലോകം ഇഴകീറി വിശദമാക്കുന്നു. അവയെ ഭേദിക്കാന്‍ മറ്റൊരു ബോള്‍ട്ടു തന്നെ വേണ്ടിവരുമെന്നും..

ഈ റെക്കോഡുകള്‍ നിലനില്‍ക്കുമ്പോള്‍ ബോള്‍ട്ടിന്റെ വിടവാങ്ങലെന്നത് സാങ്കേതികം മാത്രമാണെും, അവ ഭേദിക്കപ്പെടുന്നതുവരെ ട്രാക്കിന്റെ ഊര്‍ജ്ജസ്വലവും ദിവ്യവുമായ ഓര്‍മകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരിക്കുമെന്നും ഗാറ്റ്‌ലിന് അറിയാം. ആ മുട്ടുകുത്തലിന് പിന്നില്‍ ഈ സത്യവുമുണ്ടാകും.

പലകാരണങ്ങളാല്‍ ലോക കായികരംഗമാകെ മലിനമായിക്കൊണ്ടിരരിക്കുന്നൊരു കാലത്താണ് ബോള്‍ട്ട് നമ്മുടെ മുന്നിലൂടെ ട്രാക്ക് ഭേദിച്ച് കടന്നു പോയിരിക്കുന്നത്. തന്റെ ഉറച്ച നിലപാടുകളും പ്രതിഭയും കൊണ്ട് ആ രംഗത്തെ ശുദ്ധീകരിക്കുവാനുള്ള ശ്രമങ്ങളില്‍ അദ്ദേഹം വ്യാപൃതനായി എന്നത് ചെറിയ കാര്യമല്ല. നമ്മുടെ അപൂര്‍വം ചില താരങ്ങള്‍ ഒഴിച്ചാല്‍ മറ്റുള്ളവരെല്ലാം വ്യക്തിപരമായ നേട്ടങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്നവരാണ്. ബോള്‍ട്ടാകട്ടെ വെറും ഒരു സാധാരണക്കാരനേപ്പോലെ സമൂഹത്തിന്റെ ഭാഗമായി നില്‍ക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. പുറത്തുവന്ന അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങളില്‍ ഇക്കാര്യം മടികൂടാതെ വ്യക്തമാക്കിയിട്ടുമുണ്ട്.

ഒരു കായിക താരത്തിന്റെ സാമൂഹിക ഉത്തരവാദിത്വമെന്തെന്ന് ബോള്‍ട്ടിന് വ്യക്തമായിരുന്നു. ഉത്തേജക മരുന്നുകള്‍ക്കെതിരെയുള്ള നിലപാടുകളും ഒരു കായികതാരം എന്ന നിലയില്‍ അദ്ദേഹം സൂക്ഷിച്ച വ്യക്തിശുദ്ധിയും സാമൂഹികബോധവും ഇതിന് തെളിവാണ്. 2004-ല്‍ അതായത് ബോള്‍ട്ട് തന്റെ പ്രതിഭ ട്രാക്കുകളില്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയ കാലത്ത് ചില അമേരിക്കന്‍ സര്‍വകലാശാലകള്‍ മികച്ച വാഗ്ദ്ധാനങ്ങള്‍ നല്‍കി ബോള്‍ട്ടിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ബോള്‍ട്ടിന്റെ പ്രായവും പ്രതിഭയും ഉള്ളൊരാള്‍ പെട്ടന്നു വശപ്പെട്ടുപോകുന്നതായിരുന്നു വാഗ്ദ്ധാനങ്ങള്‍. പക്ഷേ പരിമിതമെങ്കിലും ജന്മനാട്ടിലെ സൗകര്യങ്ങളില്‍ തുടരാനായിരുന്നു ബോള്‍ട്ടിന്റെ തീരുമാനം. ഈ തീരുമാനത്തിലടങ്ങയിട്ടുള്ള രാഷ്ട്രീയം ശ്രദ്ധേയമാണ്. ചരിത്രത്തിന്റെ ക്രൂരതകള്‍ക്ക് എപ്പോഴും ഇരയായിട്ടുള്ളൊരു സമൂഹത്തിന്റെ പ്രതിനിധിയാണ് താന്‍ എന്ന ബോധമാണ് ആ രാഷ്ട്രീയത്തിന്റെ കാതല്‍. തന്റേതായതെല്ലാം അവര്‍ക്കുകൂടി സ്വന്തമാണെന്ന ബോധം. അതിനാല്‍ ആ ക്രൂരതകള്‍ ഇപ്പോഴും പരോക്ഷമായെങ്കിലും തുടരുന്നവരുടെ സൗജന്യങ്ങള്‍ ആവശ്യമില്ലെന്ന ദാര്‍ഢ്യം. താന്‍ പ്രതിനിധാനം ചെയ്യുന്ന ജനതയ്ക്ക് ആത്മവിശ്വാസവും സ്വത്വബലവും നല്‍കലാണ് തന്റെ പ്രതിഭയുടെ ആത്യന്തിക ലക്ഷ്യമെന്ന തിരിച്ചറിവ്. കായികതാരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഈ ബോധം ബോള്‍ട്ടിന്റെ എല്ലാചെയ്തികളിലും പ്രകടവുമായിരുന്നു. കായിക രംഗത്ത് മാത്രമല്ല പൊതുസമൂഹത്തിലും താന്‍ മികച്ചൊരു മാതൃകയായിരിക്കണമെന്നൊരു ബോധം ബോള്‍ട്ടിനെ നിയന്ത്രിച്ചിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. അതിലദ്ദേഹം സമ്പൂര്‍ണയായി വിജയിക്കുകയും ചെയ്തു.

ഇതിന്റെ അര്‍ഥവത്തായൊരു പ്രതിഫലനത്തിനും ലണ്ടനിലെ ട്രാക്ക് സാക്ഷിയായി. പ്രതീക്ഷയ്ക്കു വിരുദ്ധമായി ബോള്‍ട്ട് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടെങ്കിലും കയ്യടി ലഭിച്ചത് ബോള്‍ട്ടിനായിരുന്നു. ഒന്നാംസ്ഥാനത്തെത്തിയ ഗാറ്റ്‌ലിനെ ജനം കൂകുകയും ചെയ്തു. മെഡല്‍ദാനച്ചടങ്ങിലും ഇതാവര്‍ത്തിക്കപ്പെട്ടു. ബോള്‍ട്ടിലെ കായികതാരത്തേക്കാള്‍ സാമൂഹികപ്രതിബദ്ധതയുള്ള ബോള്‍ട്ടിലെ വ്യക്തിയെയാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്നതിന്റെ വിളംബരമായിരിക്കാം ഒരു പക്ഷേ അത്. ഒരുകായികതാരത്തിന്റെ ആത്യന്തികവിജയ മുഹൂര്‍ത്തംകൂയിടാണിത്.

തന്റെ പ്രതിഭയിലുള്ള അടിയുറച്ച വിശ്വാസം. അതിനെ അതിന്റെ പാരമ്യതയില്‍ എത്തിച്ച് പൊലിപ്പിച്ചെടുക്കാനുള്ള നിഷ്ഠ. അതിനുവേണ്ടി ചിട്ടപ്പെടുത്തിയ ഋഷിതുല്യവും കഠിനവുമായ ജീവിത ശൈലി. കുടംബബന്ധങ്ങളില്‍ സൂക്ഷിച്ച സത്യസന്ധതയും ഊഷ്്മളതയും. ഏതു സ്വര്‍ഗത്തേയ്ക്കുയര്‍ന്നു പോയപ്പോഴും പാദങ്ങളെ പച്ചമണ്ണില്‍ ഉറപ്പിച്ചു നിറുത്തുവാന്‍ കാണിച്ച വ്യഗ്രത. താന്‍ പ്രതിനിധാനം ചെയ്യുന്ന നിത്യവ്യഥിതരോടുള്ള ഒടുങ്ങാത്ത പ്രതിബദ്ധത. സര്‍വോപരി താന്‍ സമൂഹത്തിന്റെ ഭാഗം മാത്രമാണെന്ന ഉറച്ച ബോധ്യം-ഉസൈന്‍ബോല്‍ട്ടിന്റെ തിരുശേഷിപ്പുകളാണിവ. വരും തലമുറയ്ക്കുള്ള കരുതല്‍ മൂലധനം. നാളെ ബോള്‍ട്ടിന്റെ റെക്കോഡുകളെ മറികടക്കാന്‍ മറ്റൊരു ബോള്‍ട്ടു വന്നേക്കാം. അപ്പോഴും സാക്ഷാല്‍ ബോള്‍ട്ടിന്റെ ശിരസില്‍ ഈ നക്ഷത്രങ്ങള്‍ കിരീടമായി ജ്വലിച്ചു തന്നെ നില്‍ക്കും.

അതേ, കവിയ്ക്കും ഭിക്ഷുവിനും ഒപ്പം ഉസൈന്‍ബോള്‍ട്ടും ഇവിടെ തോള്‍ചേര്‍ക്കുന്നു. ഇനി സച്ചിദാനന്ദനിലേക്ക് മടങ്ങാം.

'ഗുരോ പഠിച്ചു ഞാന്‍ ധ്യാനം
പോയ് ഞാന്‍ കാതിന്നുമപ്പുറം;
എത്ര സീമിതമീമാംസം
പഞ്ചേന്ദ്രിയ നിയന്ത്രിതം '
പുണര്‍ന്നു ഗുരു തന്‍ ശിഷ്യ-
വരനെക്കരുണാകരം:
'ബദ്ധനല്ലിന്നു നീ ബുദ്ധന്‍,
സിദ്ധം ജീവനതത്ത്വവും
വല്‍സ, പോക, പ്രയത്‌നിക്ക
ദുഃഖിതര്‍ക്കു ശിവം വരാന്‍.
പുഴുവിന്നും പൊടിക്കും പുല്‍-
ക്കൊടിക്കും മുക്തി നല്‍കുവാന്‍.
ഇതല്ലോ ഭിക്ഷുവിന്‍ ധര്‍മ-
മിതത്രേ കവിധര്‍മവും;
ഒരേ ധ്യാന, മൊരേ യാനം
ഒരേ ബോധി, യൊരേ ഗതി '