ലൗവ് ജിഹാദ് റീ ലോഡഡ് 

August 28, 2017, 6:53 pm
ലൗവ് ജിഹാദ് റീ ലോഡഡ് 
Spotlight
Spotlight
ലൗവ് ജിഹാദ് റീ ലോഡഡ് 

ലൗവ് ജിഹാദ് റീ ലോഡഡ് 

'മനുഷ്യന്റെ സ്വീകാര്യക്ഷമത(Receptive power )വളരെ പരിമിതമാണ്. അതിനാല്‍ അവന്റെ ഗ്രഹണശക്തിയും വളരെ ശുഷ്‌കിച്ചതാവും. അതുകൊണ്ട് പ്രചാരണം എല്ലായ്പ്പോഴും അത്യാവശ്യകാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കണം. സ്ഥിരം രൂപമായ(Stereotyped)പ്രമാണ സൂത്രത്തിലൂടെ അവനില്‍ അടിച്ചേല്‍പ്പിക്കണം. മുദ്രാവാക്യങ്ങള്‍ അവസാനത്തെ വ്യക്തിയുടെ മനസ്സില്‍ പതിയുംവരെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കണം.' (മെയ്ന്‍കാഫ്, ഹിറ്റ്ലര്‍)

മണ്ണൊരുക്കുക വിത്തിടുക വിളവ് കൊയ്യുക എന്നത് പ്രാചീനമായ കാര്‍ഷിക വിജ്ഞാനമാണ്. ആരോഗ്യകരമായ നമ്മുടെ അതിജീവനത്തിന് അതുകൊണ്ടുതന്നെ ഈ അറിവ് അത്യന്താപേക്ഷിതവുമാണ്. എന്നാല്‍ ഇതേ ഫോര്‍മുല ഫാഷിസ്റ്റ് സംഘടന പ്രാഥമിക തത്വമായി നിരന്തരം പ്രയോഗിക്കുമ്പോള്‍ അനാരോഗ്യത്തിലേക്കാണ് അത് ജനതയെ നയിക്കുക. വിത്തെറിഞ്ഞ മണ്ണില്‍ കനകം വിളയാത്തതിനാല്‍ ദേശംതന്നെ ഉപേക്ഷിച്ചുപോകുന്ന എസ്.കെയുടെ 'വിഷകന്യക'യിലെ കുടിയേറ്റ കര്‍ഷകന്റെ മനോനിയിലല്ല ഫാഷിസം പ്രവര്‍ത്തിക്കുക. ഒരിക്കല്‍ തോറ്റെന്ന് കരുതിയാലും വിദ്വേഷത്തിന്റെ വിത്തുകള്‍ നിരന്തരം പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നവര്‍, അതിനനുസരിച്ച് സമൂഹമനസ്സിനെ പാകപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവര്‍. ഒരിക്കല്‍ ചീറ്റിപ്പോയ ലൗവ് ജിഹാദ് പദ്ധതിയുമായി സംഘപരിവാര്‍ ശക്തികള്‍ രണ്ടാമതുമെത്തുകയാണ്. ഇക്കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്സ് പ്രസില്‍ വെളിപ്പെട്ട ലൗവ്ജിഹാദ് വാര്‍ത്ത (After denial, the admission: Love Jihad, a reality in Kerala-2017 august 26) അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലിനൊപ്പം പൊതുബോധനിര്‍മിതിക്കായി മാധ്യമങ്ങളെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് സഘപരിവാറിനെ പഠിപ്പിക്കേണ്ടതില്ലല്ലോ. അതില്‍ പരിണതപ്രജ്ഞരാണിന്നവര്‍. പ്രണയത്തില്‍ കുടുക്കി മുസ്ലീം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനെയാണ് പൊതുവെ സംഘപരിവാര്‍ ലൗ ജിഹാദ് എന്ന് വിളിക്കുന്നത്. ഇത്തരം കേസുകള്‍ കേരളത്തിലുണ്ടെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ സ്ഥിരീകരിച്ചു എന്നതായിരുന്നു എക്പ്രസ് വാര്‍ത്തയുടെ ആധികാരികത. ലൗവ് ജിഹാദ് നടപ്പാക്കുന്നതിനായി ദവാ സ്‌ക്വാഡ്(Dawa Squad) എന്ന സംവിധാനമുണ്ടെന്നും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവടങ്ങളില്‍ നിരവധി പേരെ ഇത്തരത്തില്‍ മതം മാറ്റിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. പ്രൊഫഷണല്‍ യോഗ്യതയുള്ളവരെയും സിപിഐഎമ്മിനോടും ഇടതുപക്ഷ സംഘടനകളോടും ആഭിമുഖ്യമുള്ളവരുമായ പെണ്‍കുട്ടികളെയുമാണ് ദാവാ സംഘങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുവെന്നുമായിരുന്നു അജയ് കാന്ത് എന്ന ലേഖകന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ താന്‍ അത്തരമൊരു സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും കോടതി ഇത്തരമൊരു കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് മേധാവിയെ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ബെഹ്റ ഇതിനോട് പ്രതികരിച്ചത്. കേരളത്തില്‍ ലൗവ് ജിഹാദ് എന്നു പറയപ്പെടുന്ന ഒന്ന് നിലനില്‍ക്കുന്നതായി സ്ഥിരീകരിക്കുന്ന ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ കുറേക്കാലമായി അമിത്ഷായും മോഡിയുമടങ്ങുന്ന സംഘപരിവര്‍ ഭരണത്തിന്റെ ജിഹ്വയായി പരിണമിച്ച ദി ന്യൂ ഇന്ത്യന്‍ എക്സപ്രസില്‍ വന്ന ഈ ‘എസ്‌ക്ലൂസീവ് പൊലിസ് സ്റ്റോറി’യുടെ ഉറവിടം എവിടെയാണെന്നറിയാന്‍ നാഗ്പൂരിലേക്ക് വണ്ടി കയറേണ്ടതുണ്ടോ?

ഒരു നുണ നൂറാവര്‍ത്തി പറഞ്ഞാല്‍ അത് സത്യമായി ജനത സ്വീകരിക്കപ്പെടുമെന്ന് തെളിയിച്ചയാളാണ് പോള്‍ ജോസഫ് ഗീബത്സ്. ഹിറ്റ്ലര്‍ ഭരണത്തില്‍ പ്രചാരണത്തിന്റെയും ജനകീയ പ്രബോധനത്തിന്റെയും (propoganda&public Enlightenment) ചുമതലയുള്ള മന്ത്രിയായ ഗീബല്‍സ് ഇന്ത്യയിലിന്ന് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയുടെയും സംഘപരിവാര്‍ശക്തികളുടെയും ആരാധ്യ പുരുഷനാണ്. നാസിനേതാക്കള്‍ അന്ന് ജര്‍മനിയില്‍ അനുവര്‍ത്തിച്ച കുതന്ത്രങ്ങളും പ്രാചാരണരീതിയും ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രഫഷനല്‍ വൈദഗ്ധ്യത്തോടെ ആര്‍ എസ്എസ് ഇന്ത്യയില്‍ നടപ്പാക്കിയതിന്റെ ഉല്‍പ്പന്നമാണ് നരേന്ദ്രമോദി സര്‍ക്കാര്‍.

ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങളില്‍ ചേരിതിരിവുണ്ടാക്കി വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിച്ച് ജാതീയമായ ആഭ്യന്തര വൈരുധ്യങ്ങളെ മറികടന്ന് വിശാല ഹിന്ദുഏകീകരണം സൃഷ്ടിക്കുന്നതിന് സംഘപരിവാര്‍ നേരത്തെതന്നെ വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. അതിലൊന്നാണ് മിശ്രവിവാഹിതരെ മതപരിവര്‍ത്തനക്കാരാക്കി ചിത്രീകരിക്കുന്ന ലൗ ജിഹാദ് ബ്രാന്റിങ്ങ്. മുസ്ലീം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് ഇതാദ്യമായി അപ്ലൈ ചെയ്തത് കേരളത്തിലും കര്‍ണാടകത്തിലുമായിരുന്നു. ഹിന്ദു പെണ്‍കുട്ടികളെ ആസൂത്രിതമായി പ്രണയത്തില്‍ വീഴ്ത്തി മുസ്ലിം മതത്തിലേക്ക് വ്യാപകമായി മതം മാറ്റിക്കുന്നു എന്നതായിരുന്നു 2009 കാലത്തെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍. ഇന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസായിരുന്നെങ്കില്‍ അന്ന് കേരളത്തിലെ സായാഹ്ന പത്രങ്ങളിലും കേരളകൗമുദി മംഗളം പത്രങ്ങളിലും പിന്നീട് മിക്ക മുഖ്യധാരകളിലേക്കും ഈ വാര്‍ത്ത പരന്നൊഴുകി.

കേരളത്തില്‍ 4,000 വും കര്‍ണാടകത്തില്‍ 5,000വും അടക്കം രാജ്യത്ത് 30,000 പെണ്‍കുട്ടികളെ കാണാതായെന്നും ഇവര്‍ ലവ് ജിഹാദ് ഇരകളാണെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഹിന്ദു-മുസ്ലീം പ്രണയത്തെയും മിശ്രവിവാഹിതരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തി വാര്‍ത്തകള്‍ ശക്തമാക്കിയതോടെ സംഘപരിവാര്‍ അനുകൂലികള്‍ പരാതിയുമായി കോടതിയിലെത്തി. പൊലീസ് കേസ് എടുക്കുന്നതിനു മുന്‍പേ കോടതി അമിതാവേശത്തില്‍ ഹര്‍ജി സ്വീകരിക്കുകയും ജഡ്ജ് ചില 'ലൗവ് ജിഹാദ്' പരാമര്‍ശം നടത്തുകകൂടി ചെയ്തതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു. അന്വേഷണത്തിനൊടുവില്‍ പരാതിയിലും വാര്‍ത്തകളിലും കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. പോരാത്തതിന് അന്നീ വാര്‍ത്തകള്‍ പ്ലാന്റ് ചെയത് പ്രചരിപ്പിച്ചതിന്റെ മൂല സ്രോതസ് hindujagrut.org എന്ന വെബ് സൈറ്റ് ആയിരുന്നെന്ന് സൈബര്‍ പൊലീസും കണ്ടെത്തി .

അറിഞ്ഞോ അറിയാതെയോ അന്ന് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന വാര്‍ത്തകള്‍ പടച്ചുവിട്ട മാധ്യമങ്ങളെല്ലാം ക്ഷമപോലും ചോദിക്കാതെ തല പൂഴ്ത്തിയപ്പോള്‍ സമയവും സന്ദര്‍ഭവും പണ്ടെന്നത്തേക്കാളും അനുകൂലമായ പുതിയ സാഹചര്യത്തില്‍ പഴയ അതേ വിഷം വീണ്ടും ചീറ്റുകയാണ് ചില മാധ്യമങ്ങളിലൂടെ. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് പിന്നാലെ അതിന്റെ തന്നെ മലയാളം ഓണ്‍ലൈനായ സമകാലിക മലയാളത്തിലും മറ്റ് പല ഓണ്‍ലൈനിലും വലിയ ചര്‍ച്ചയായി ലൗവ് ജിഹാദ് രണ്ടാം എപ്പിസോഡ് അരങ്ങ് തകര്‍ക്കുകയാണ്.

നവോത്ഥാന മുന്നേറ്റവും ഇടതുപക്ഷ ധാരയും സാഹിത്യസാംസ്‌കാരികലോകം സൃഷ്ടിച്ചെടുത്ത മതേതര ബോധവും ആഴത്തില്‍ വേരോടിയതിനാല്‍ കേരളത്തിലന്ന് ലൗവ് ജിഹാദ് വാര്‍ത്തയുടെ പേരില്‍ വലിയൊരു ഹിന്ദു ധ്രുവീകരണം സൃഷ്ടിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞില്ല. സകല അടവുകളും പയറ്റിയിട്ടും ബി.ജെ.പി ക്ക് ശക്തമായ വേരുറപ്പിക്കാന്‍ കഴിയാത്ത ഒറ്റപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഇന്നും കേരളം. തൊട്ടടുത്ത തമിഴ്നാട്ടില്‍പോലും അമിത്ഷായുടെ കുതന്ത്രങ്ങളിലൂടെ 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലേക്കുവേണ്ട സാഹചര്യങ്ങള്‍ ബി.ജെ.പി ഒരുക്കിക്കഴിഞ്ഞു. കേന്ദ്രത്തിലെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ചും മതേതര ഇടത്രാഷ്ട്രീയ ധാരയുടെ പ്രത്യയശാസ്ത്ര ബലഹീനത ചൂഷണം ചെയ്തും എങ്ങനെ ഹിന്ദു വോട്ടുകളെ ധ്രുവീകരിക്കാം എന്നതിന്റെ പുതിയ അണിയറപ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ശക്തമാണ്.

യു.പി അടക്കം സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ലൗവ് ജിഹാദ്. മുസഫര്‍ നഗര്‍ വര്‍ഗീയ കലാപമടക്കം നിരവധി സംഭവങ്ങളുടെ തുടക്കം ലൗവ്ജിഹാദ് പ്രചാരണമായിരുന്നു. ഇന്ന് അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിന്റെ പ്രചാരകനായിരുന്നു. 'നമ്മുടെ ഒരു പെണ്‍കുട്ടിയെ അവര്‍ വലയില്‍ കുടുക്കിയാല്‍ അവരുടെ 100 പെണ്‍കുട്ടികളെ നമ്മള്‍ വലയിലാക്കണ'മെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം. ശാസ്ത്രീയമായി വിജയിപ്പിച്ചെടുത്ത അതേ തന്ത്രംതന്നെ കേരളത്തില്‍ രണ്ടാമതും പ്രയോഗിക്കാന്‍ ഇതുമൊരു കാരണമാകാം. അതിനനുസരിച്ച് പശ്ചാത്തലമൊരുക്കാന്‍ പൊലീസിലും എന്തിന് മാധ്യമങ്ങളില്‍പോലും ആളുകള്‍ റെഡിയാണിപ്പോള്‍. നേരത്തെതന്നെ ആര്‍.എസ്.എസ് അനുഭാവി എന്ന് പേരുദോഷമുള്ള റിട്ട.ഡി.ജി.പി സെന്‍കുമാറാണ് ഈ ലൗവ് ജിഹാദ് വിവാദം രണ്ടാം എപ്പിസോഡിന്റെ ട്രീസര്‍ ആദ്യം പുറത്തുവിട്ടത്. കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്നും മുസ്ലീംകളുടെ ജനസംഖ്യ കൂടുകയാണെന്നുമുള്ള വര്‍ഗീയപരാമര്‍ശമായിരുന്നു അത്. സമകാലിക മലയാളം ഓണ്‍ലൈന്‍ എഡിഷനിലാണ് ഈ വെളിപ്പെടുത്തലും വന്നതെന്നോര്‍ക്കണം. ഏറെ വിവാദമായ ഈ അഭിമുഖം വളരെ യാദൃച്ഛികമായി രംഗപ്രവേശം ചെയ്താണെന്ന് ഇനി വിശ്വസിക്കേണ്ടതുണ്ടോ? പ്രസ്താവനയുടെ പേരില്‍ കേസില്‍ അകപ്പെട്ടെങ്കിലും ബി.ജെ.പി അനുകൂല നിലപാടിലാണ് സെന്‍കുമാര്‍ ഇപ്പോഴും.

സംഘപരിവാര്‍ പ്രതിസ്ഥാനത്തു വരുന്നതോ അവര്‍ക്ക് ഗുണം ചെയ്യുന്നതോ ആയ നിരവധി കേസുകളില്‍ നിലവിലുള്ള ഡി.ജി.പി ഉള്‍പ്പെടെ കേരളാപൊലീസ് എടുത്ത മൃദുസമീപനം നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടതാണ്. അതിനാല്‍ ലൗവ് ജിഹാദ് വാര്‍ത്ത വരുന്നതിനു പിന്നില്‍ ബെഹ്റയ്ക്കുള്ള പങ്കിനെക്കുറിച്ച് ആശങ്കയ്ക്ക് വകയുണ്ടുതാനും.

ലൗവ് ജിഹാദ് രണ്ടാം വരവിന്റെ കാരണമായി രൂപംകൊണ്ട്/ രൂപപ്പെടുത്തിയ കേസും സുപ്രധാനമാണ്. ഇപ്പോള്‍ എന്‍.ഐ.എ അന്വേഷിക്കുന്ന ഹാദിയാ കേസാണത്. മതം മാറിയ വൈക്കം സ്വദേശി ഹാദിയ(അഖില)യുടെയും ഷഫിന്‍ ജഹാന്റെയും വിവാഹത്തെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എതിര്‍ക്കുകയും അവര്‍ കോടതിയെ സമീപിക്കുകയുമായിരുന്നു. മുന്‍പ് ലൗവ് ജിഹാദ് കേസിലെന്നതുപോലെ ഇവിടെയും കേരളാ ഹൈക്കോടതി അമിതാവേശത്തോടെ ഈ മിശ്രവിവാഹം അസാധുവാക്കി. പൊലീസ് സംരക്ഷണത്തില്‍ വീട്ടുതടങ്കലിലാണിപ്പോള്‍ ഹാദിയ. സംഘപരിവാര്‍ ആഗ്രഹിക്കുന്നതുപോലെ ഈ വിവാഹത്തെയും കോടതി ലൗവ് ജിഹാദ് സംശയത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. മലപ്പുറത്ത് ആയിരം പേരെ മാസംതോറും മതം മാറ്റുന്നുണ്ടെന്ന(മുസ്ലീംകളിലേക്ക് ) ബി.ജെ.പി.നേതാവും കേന്ദ്രമന്ത്രിയുമായ ഹന്‍സ് രാജ് ആഹിറിന്റെ പ്രസ്താവനയും തൊട്ടുപിന്നാലെ വന്നു.

എത്ര ഭംഗിയായാണ് സംഘപരിവാര്‍ അജണ്ടകള്‍ക്കനുസരിച്ച് ജനാധിപത്യത്തിന്റെയും ജുഡീഷ്യറിയുടെയും എല്ലാ മെഷിനറികളും പ്രവര്‍ത്തിക്കുന്നത്? തീവ്രവാദവിരുദ്ധ കേസുകള്‍ അന്വേഷിക്കുന്നതിന് 2009ല്‍ രൂപം കൊണ്ട് എന്‍.ഐ.എ ഇതിനകം ഏറ്റെടുത്ത കേസുകളില്‍ ഭൂരിപക്ഷവും മുസ്ലീം സമൂഹം പ്രതിസ്ഥാനത്തുള്ളതാണെന്നത് യാദൃച്ഛികമല്ല. നേരത്തെ കേരളാപൊലീസ് അന്വഷിച്ച് തുമ്പൊന്നുമില്ലെന്ന് കണ്ട് ഉപേക്ഷിച്ച ലൗവ് ജിഹാദ് ഇനി എന്‍.ഐ.എ അന്വേഷിക്കുമ്പോള്‍ അതിന് പുതിയ മാനങ്ങള്‍ രൂപംകൊള്ളാനാണ് സാധ്യത.

മുന്‍പ് ചീറ്റിപ്പോയതിനാല്‍ത്തന്നെ കേരളീയ മതേതരമനസ്സിലെ നന്നായി പിളര്‍ത്തുന്ന നിലയിലേക്ക് ഈ കേസിന്റെയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും തുടര്‍ച്ചകള്‍ ആധികാരികമെന്ന് തോന്നുന്ന തരത്തിലേക്ക് ഇനിയും വികസിക്കാനാണ് സാധ്യത. അതെ, മണ്ണറിഞ്ഞ് വിത്തിറക്കാന്‍ ഇനി സംഘപരിവാറിന് ഹിറ്റ്ലറെയോ മുസോളനിയെയോ പഠിക്കേണ്ടതില്ല. ഇന്ത്യയില്‍ അവര്‍ തന്നെ അതെത്രയോ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട്.

അത്രയ്ക്ക് അനുഭവ പാരമ്പര്യവുമായി സംഘപരിവാര്‍ നമുക്ക് മുന്നിലേക്ക് വരുമ്പോള്‍ പുതിയ കാലത്തെ ലവ് ജിഹാദ് വാര്‍ത്തകളെ അത്ര നിഷ്‌കളങ്കമായി എഴുതിത്തള്ളാന്‍ പറ്റില്ല. വേരില്ലെങ്കിലും വേര് പിടിപ്പിക്കുന്നതിലേക്ക് ആ വാര്‍ത്ത ആഴ്ന്ന് സഞ്ചരിക്കാനാണ് സാധ്യത.