വംശശുദ്ധീകരണത്തിന്റെ ബുദ്ധിസ്റ്റ് ക്രൂരതകള്‍  

September 20, 2017, 5:28 pm
വംശശുദ്ധീകരണത്തിന്റെ ബുദ്ധിസ്റ്റ് ക്രൂരതകള്‍  
Spotlight
Spotlight
വംശശുദ്ധീകരണത്തിന്റെ ബുദ്ധിസ്റ്റ് ക്രൂരതകള്‍  

വംശശുദ്ധീകരണത്തിന്റെ ബുദ്ധിസ്റ്റ് ക്രൂരതകള്‍  

മ്യാന്‍മാറില്‍ ഇപ്പോള്‍ നടക്കുന്നത് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന വംശീയശുദ്ധീകരണമാണ്, അങ്ങേയറ്റത്തെ മനുഷ്യാവാകാശധ്വംസനമാണ്. ഹിറ്റലര്‍ നടപ്പിലാക്കിയ വംശശുദ്ധീകരണം വായിക്കുകയും അറിയുകയും മനസിലാക്കുകയും ചെയ്ത നമ്മള്‍ ഇത് കണ്ട് നില്‍ക്കുന്നത് ശരിയല്ല. ലക്ഷക്കണക്കിന് മുസ്ലീങ്ങളെയാണ് മ്യാന്‍മാര്‍ പട്ടാളം നാട് കടത്തുന്നത്. ഹിറ്റലര്‍ ജൂതന്മാരെ ഇല്ലാതാക്കാന്‍ ഗ്യാസ് ചേംബറുകളും മറ്റും ഉപയോഗിച്ചപ്പോള്‍ മ്യാന്‍മാര്‍ പട്ടാളവും ബുദ്ധിസ്റ്റ് തീവ്രവാദികളും വളരെ ലളിതമായാണ് ആ പ്രശ്നം പരിഹരിക്കാന്‍ നോക്കുന്നത്. പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത റോഹിങ്ക്യന്‍ മുസ്ലിങ്ങളെ അവര്‍ ബോട്ടിലും മറ്റുമാക്കി പുറംകടലില്‍ തള്ളുകയാണ്.

ഏതാണ്ട് അഞ്ചര കോടിയോളമാണ് മ്യാന്‍മാര്‍ ജനസംഖ്യ. അതില്‍ ചെറിയൊരു ശതമാനമാണ് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍. ഇവരെയാണ് പട്ടാളത്തിന്റെ നേതൃത്വത്തില്‍ പീഡിപ്പിക്കുന്നത്. സത്യത്തില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്നത് വലിയ മനുഷ്യാവകാശധ്വംസനമാണ്. പരിധികളില്ലാത്ത പീഡനവും അതിക്രമങ്ങളും സഹിക്കാന്‍ വയ്യാതെയാണ് അവര്‍ പലായനം ചെയ്യാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ പലായനം ഇപ്പോഴും തുടരുകയാണ്. അതിന് ഒരു പരിധിവരെ അറുതി വരുത്താന്‍ സാധിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണല്ലോ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ ഇന്ത്യയുടെ പൂര്‍വകാലം ചിലരെങ്കിലും ഓര്‍മ്മിപ്പിക്കുന്നത്. ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്, ചരിത്രബോധമില്ലാത്ത ഭരണാധികാരികള്‍ ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും.

ചൈന ടിബറ്റിനെ ആക്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടവര്‍ക്ക് ഇന്ത്യ അഭയം നല്‍കിയപ്പോള്‍ നെഹ്റു ആയിരുന്നു പ്രധാനമന്ത്രി പദത്തില്‍. ഇപ്പോള്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ അഭയം തേടിയെത്തുമ്പോള്‍ മോദിയാണ് പ്രധാനമന്ത്രി. ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ ധര്‍മ്മശാലയിലെ മെക്ലൗഡ് ഗഞ്ചില്‍ സുരക്ഷിതമായി കഴിയുമ്പോള്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ രാജ്യസുരക്ഷയുടെ പേരില്‍ ആട്ടിപായിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നെഹ്റുവിനും മോദിക്കുമിടയില്‍ ഇന്ത്യ കൈവിട്ട മാനുഷികമൂല്യങ്ങളുടെ ഏറ്റവും വ്യക്തമായ തെളിവാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടുതന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ ഇവിടെ ആവശ്യമാണ്.

വളച്ചൊടിക്കപ്പെടുന്ന ചരിത്രം

റോഹിങ്ക്യന്‍ എന്നത് ഒരു പ്രാദേശിക ഭാഷയുടെ പേരാണ്. ബര്‍മ്മയുടെ പടിഞ്ഞാറന്‍ ഭാഗത്തെ ഒരു ജനതവിഭാഗം ഉപയോഗിക്കുന്ന ഭാഷയാണ് രോഹിഗ്യന്‍. മുസ്ലിങ്ങളാണ് ആ പേരിട്ടത്. എന്നാല്‍ അവിടെയുള്ളത് മുസ്ലിങ്ങള്‍ മാത്രമല്ല എന്നാണ് മനസിലാക്കുന്നത്. ബര്‍മ്മക്കാര്‍ ആ പ്രദേശത്തെ വിളിച്ചുവന്നത് അരക്കാന്‍ എന്നാണ്. ഇപ്പോഴത്തെ വിളിപ്പേര് രാക്കിനയെന്നും.

1982ല്‍ നടത്തിയ നിയമനിര്‍മ്മാണം വഴി ഇവരുടെ പൗരത്വം ഇല്ലാതാക്കിയതോടെ ഇവരുടെ ജീവിതം പ്രശ്‌നഭരിതമായി. ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കില്ല, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകില്ല, കേസ് കൊടുക്കാന്‍ സാധിക്കില്ല. എട്ടാം നൂറ്റാണ്ട് മുതല്‍ കുറേശ്ശെ കുറേശ്ശേ കുടിയേറിയ ആളുകളാണ്. അതില്‍തന്നെ വലിയൊരു ശതമാനം ഇന്ത്യയില്‍ നിന്ന് പോയവരാണ്.

ബുദ്ധമതവിശ്വാസികളും പട്ടാളത്തിലും ഭരണതലത്തിലും വലിയ സ്വാധീനമുള്ളവരുമായ തീവ്രമതദേശീയത ഉള്ള ആളുകള്‍ ഇവരെ രോഹിഗ്യന്‍ എന്ന് പോലും വിളിക്കുന്നില്ല. ബംഗാളികള്‍ എന്നാണ് ഇവരെ വിളിക്കുന്നത്. വിഭജനാനന്തരം ബംഗ്ലാദേശായി മാറിയ കിഴക്കന്‍ ബംഗാളില്‍ നിന്നുള്ളവരാണ് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സമൂഹം. വംശീയവിദ്വേഷത്തിന്റെ കാണാച്ചരടുകള്‍ ഇവിടെയാണ് ഒളിച്ചിരിക്കുന്നത്.


മ്യാന്‍മറിലെ പൗരത്വം അടിസ്ഥാനപരമായ ബുദ്ധമതക്കാര്‍ക്കുള്ളതാണെന്ന അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ നിലപാടാണ്. അതാണ് പട്ടാളഭരണകൂടത്തിന്റെ സഹായത്തോടെ മ്യാന്‍മാറിലെ ബുദ്ധിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്തത്. കുടിയേറ്റക്കാരെന്ന മുദ്ര കുത്തി റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ പൗരത്വം എടുത്ത് കളഞ്ഞതോടെ തീവ്രമതവാദികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. വംശശുദ്ധീകരണമെന്ന് നാമകരണം ചെയ്താണ് ബുദ്ധസന്യാസിമാര്‍ മുസ്ലീം വിരുദ്ധത നടപ്പിലാക്കിയത്.

ഞാന്‍ മനസിലാക്കിയ മ്യാന്‍മാറിന്റെ ചരിത്രത്തില്‍ പത്താം നൂറ്റാണ്ടിലാണ് ബുദ്ധമതം വരുന്നത്. എട്ടാം നൂറ്റാണ്ടില്‍ ഇസ്ലാംമതം അവിടെയെത്തി. അപ്പോള്‍ വന്നവനും നിന്നവനും തമ്മിലുള്ള അതിജീവനയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കാണാം. ഈ അതിജീവനസമരത്തില്‍ പരാജയപ്പെട്ട മുസ്ലീം ജനവിഭാഗം തീര്‍ത്തും ദുര്‍ബലരാകുകയും ബുദ്ധ മതവിശ്വാസികള്‍ പ്രബല ശക്തിയാകുകയും ചെയ്തിരിക്കാം. ദുര്‍ബലര്‍ക്ക് നേരെ പ്രബലശക്തി നടത്തുന്ന അതിക്രമങ്ങള്‍ക്ക് ചരിത്രം പലതവണ സാക്ഷ്യം വഹിച്ചതാണ്. ഇവിടെയും അതിന് തുടര്‍ച്ച ഉണ്ടാകുന്നു.

ബ്രിട്ടീഷ് വാഴ്ചയുടെ കാലങ്ങളിലും ധാരാളം കുടിയേറ്റം ബര്‍മ്മയിലേക്ക നടന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷ് ബര്‍മ്മയിലേക്ക് പോകുന്നതിന് പ്രത്യേകം അനുവാദം വേണ്ടാതിരുന്ന കാലത്തെ കുടിയേറ്റക്കാര്‍പോലും ഇപ്പോള്‍ പ്രശ്നം നേരിടുകയാണ്. അവരുടെ വേര് ഇന്ത്യയിലാണ്. മറ്റുള്ളവരുമായുള്ള വ്യത്യാസം രണ്ട് കാര്യത്തിലാണ്. ഒന്ന് മതവിശ്വാസമാണ്, രണ്ടാമത്തേത് ഭാഷയും. ഈ രണ്ട് വ്യത്യാസങ്ങളുടെ പേരിലാണ് അവര്‍ തിരസ്‌കൃതരാകുന്നത്. ബര്‍മ്മ ഒരു സ്വതന്ത്ര മുസ്ലിം രാഷ്ട്രമാവണമെന്ന ആഗ്രഹം പേറിയിരുന്ന ഒരുകൂട്ടമാളുകള്‍ രോഹിഗ്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു, ഇപ്പോഴും ചെറിയൊരു ന്യൂനപക്ഷം ഉണ്ടാകാനിടയുണ്ട്. പാക്കിസ്ഥാന്‍ രൂപംകൊള്ളുന്ന സമയത്ത് അരക്കാന്‍ പാക്കിസ്ഥാന്റെ ഭാഗമാകണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്രായോഗികപ്രശ്നം ചൂണ്ടിക്കാട്ടി ജിന്ന അന്നത് തള്ളിക്കളഞ്ഞതാണ്.


അവിടത്തെ ഒരു ന്യൂനപക്ഷം ആളുകള്‍ മുസ്ലിം മതമൗലികവാദത്തിലും തീവ്രവാദത്തിലും താത്പര്യം ഉള്ളവര്‍ ഉണ്ടായിരുന്നു എന്നതും വിസ്മരിച്ചുകൂടാ. അതിന്റെ ചില സംഘര്‍ഷങ്ങള്‍ അവിടെ ഉണ്ടായിട്ടുമുണ്ട്. ഒരുകാലത്ത് അവര്‍ മ്യാന്‍മാര്‍ മുസ്ലീം രാഷ്ട്രം ആകണം എന്നാഗ്രഹിച്ച, പാക്കിസ്ഥാന്റെ ഭാഗമാകണം എന്നാഗ്രഹിച്ച ഒരു ന്യൂനപക്ഷത്തിന്റെ താത്പര്യത്തിന്റെ പേരിലാണ് ഈ അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നത്. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍തന്നെ മ്യാന്‍മറില്‍ ന്യൂനപക്ഷമാണ്. അവരിലെ ന്യൂനപക്ഷമാണ് മുസ്ലീം തീവ്രവാദം പിന്തുടരുന്നത്. രാജ്യസുരക്ഷയ്ക്ക ഭീഷണിയാകുന്ന മുസ്ലീം തീവ്രവാദികളെ നിയമപരമായി ശിക്ഷിക്കുന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകേണ്ട കാര്യവുമില്ല. എന്നാല്‍ അതിന്റെ പേരില്‍ മുഴുവന്‍ മുസ്ലിങ്ങള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിടുന്ന പ്രവണതയാണ് പിന്നീട് മ്യാന്‍മറില്‍ കണ്ടുവന്നത്. തീവ്രവാദത്തോടും ഇസ്ലാമിക മതമൗലികവാദത്തോടും താത്പര്യമുള്ള കുറച്ചുപേര്‍ ഉണ്ടെന്ന കാരണത്താല്‍ ക്രൂരമായ ശിക്ഷാവിധികളാണ് പട്ടാളഭരണകൂടം റോഹിങ്ക്യന്‍ മുസ്ലിങ്ങളോട് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന വലിയൊരു കൂട്ടമാളുകളെ പുറംകടലില്‍ തള്ളുകയാണ്. എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്നതാണ് അവരുടെ നിലപാട്. ഇവര്‍ക്ക് പൗരത്വമില്ലാത്തത് കൊണ്ടുതന്നെ നിയമപരമായി തെറ്റല്ലെന്ന വാദമാണ് അവര്‍ക്കുള്ളത്. ഹിറ്റലര്‍ ജൂതന്മാരെ തുടച്ചുനീക്കാന്‍, വംശശുദ്ധീകരണം ചെയ്യാന്‍ നടപ്പിലാക്കിയ പദ്ധതിക്ക് സമാനമാണ് മ്യാന്‍മാര്‍ പട്ടാളത്തിന്റെ ചെയ്തികള്‍. ജൂതന്മാര്‍ പൗരന്മാരല്ലെന്ന നിയമം കൊണ്ടുവന്നാണ് ഹിറ്റലര്‍ വംശശുദ്ധീകരണം നടപ്പിലാക്കിയത്. മ്യാന്‍മാറില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതും വംശീയശുദ്ധീകരണമാണ്. വംശീയാധിപത്യമാണ് തീവ്രബുദ്ധമത വിശ്വാസികള്‍ പിന്തുടരുന്നത്. പൗരത്വമില്ലാത്തവന് പൗരാവകാശമില്ലെന്ന യുക്തിയിലാണ് ഇതെല്ലാം നടപ്പിലാക്കുന്നത്.

മതത്തിന്റെ പേരിലാണ് പീഡനം അനുഭവിക്കുന്നതെങ്കില്‍, ഭാഷയുടെ പേരിലാണ് പീഡനം അനുഭവിക്കുന്നതെങ്കില്‍, അവരുടെ വംശത്തിന്റെ പേരിലാണ് പീഡനം അനുഭവിക്കുന്നതെങ്കില്‍ അവരെ സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമായി മാറുന്നുണ്ട്. വംശീയശുദ്ധീകരണം നടപ്പിലാക്കാന്‍ ആരേയും അനുവദിച്ചുകൂടാ.

പഴയ ബര്‍മ്മയും മ്യാന്‍മാറും

പഴയ ബര്‍മ്മ, മ്യാന്‍മാര്‍ എന്ന പുതുനാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയ കാലത്തിന് മുമ്പുള്ളതാണ് റോഹിങ്ക്യന്‍ മുസ്ലിം പ്രശ്നം. ഇന്ത്യ- ബംഗ്ലാദേശ് വിഭജനത്തിന് മുമ്പ് ബംഗാളില്‍നിന്ന് ബര്‍മ്മയിലേക്ക് കുടിയേറിയ ജനവിഭാഗമാണ് ഭൂരിഭാഗവും റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ എന്നറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഇടപെടേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ല. ഒരു ജനത അവരുടെ വിശ്വാസത്തിന്റെ പേരില്‍ മാത്രം കൊന്നൊടുക്കപ്പെടുന്നത് തുടരുകയാണ്. രോഹിഗ്യന്‍ മുസ്ലിങ്ങളുടെ കൂടി പങ്കാളിത്വത്തോടെ, സജീവ ഇടപെടലോടെ അധികാരത്തില്‍ വന്ന ഓങ് സാന്‍ സൂചിയുടെ സര്‍ക്കാരിന് പോലും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഇതാണ് ഇപ്പോഴത്തെ സ്ഥിതി.

പട്ടാളഭരണകൂടത്തെ മറികടക്കാനും മാത്രം ശക്തമല്ല മ്യാന്‍മാറിലെ ജനാധിപത്യ സംവിധാനമെന്നാണ് മനസിലാക്കുന്നത്. തീവ്ര ബുദ്ധിസ്റ്റ് നിലപാടുകളും അവര്‍ക്കുള്ള വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിലപാടും ഇടപെടലും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ അതുണ്ടാകുന്നില്ല. ആ ചോദ്യത്തിനുള്ള ഉത്തരം മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടപ്പിലാക്കിയ നിരവധി കാര്യങ്ങളില്‍നിന്ന് വ്യക്തമാണ്. മുസ്ലിങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുന്ന ഇന്ത്യന്‍ സാഹചര്യമാണ് റോഹിങ്ക്യന്‍ മുസ്ലിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്.

സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കാന്‍ ഇന്ത്യയും ബംഗ്ലാദേശും തയ്യാറാകേണ്ടതുണ്ട്. ലോകം മുഴുവനുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനും വിഷയത്തില്‍ ഇടപെടണം. അന്താരാഷ്ട്ര സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ 2015ല്‍ യുഎന്‍ നിര്‍ദ്ദേശം തള്ളിയവരാണ് മ്യാന്‍മാര്‍ ഭരണകൂടം എന്നത് മറന്നുകൂട. പീഡനം സഹിക്കവയ്യാതെ ബോട്ടുകളില്‍ പലായനം ചെയ്യാന്‍ തുടങ്ങിയതോടെയാണല്ലോ റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പുറംലോകത്തിന് ബോധ്യമായത്. കടലില്‍ അലഞ്ഞുതിരിയുന്ന അവരുടെ ദൈന്യജീവിതത്തിന് കേവല ഐക്യദാര്‍ഢ്യങ്ങള്‍ക്കപ്പുറമുള്ള പിന്തുണ ആവശ്യമാണ്.
റോഹിങ്ക്യന്‍ മുസ്ലിങ്ങളെ പൗരന്മാരായി അംഗീകരിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റേയും യുഎന്റേയും തന്നെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞാണ് മ്യാന്‍മാര്‍ തങ്ങളുടെ വംശീയവിദ്വേഷം പ്രകടമാക്കുന്നത്.

വംശഹത്യയോളമെത്തിയ അതിക്രമങ്ങള്‍


വംശഹത്യയോളമെത്തിയ അതിക്രമങ്ങളാണ് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ നേരിടുന്നത്. ഓങ് സാന്‍ സൂചിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്‍പ്പെടെ സജീവമായി ഇടപെട്ട ഒരു ജനതയാണ് വേട്ടയാടപ്പെടുന്നത്. അവരെ സംരക്ഷിക്കാന്‍ ഓങ് സാന്‍ സൂചിയും തയ്യാറാകുന്നില്ല. മ്യാന്‍മാറിലേത് പട്ടാളഭരണകൂടമാണ്, അതുകൊണ്ട് തന്നെ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മാറിനിന്ന പാശ്ചാത്യ രാജ്യങ്ങളും ഓങ് സാന്‍ സൂചിയുടെ ഇപ്പോഴത്തെ നിലപാടില്‍ മൗനം പാലിക്കുന്നതും അപകടകരമാണ്.

ക്രിസ്തുവിന് 500 വര്‍ഷം മുമ്പ് അഹിംസയുടെ ദൂതനായി അവതരിച്ച ബുദ്ധന്റെ അനുയായികളാണ് ഈ ഹിംസകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അത് പുതിയ കാലത്തെ വലിയ ഐറണികളില്‍ ഒന്നാണ്. ഇത്ര വലിയ മനുഷ്യത്വവിരുദ്ധതയ്ക്ക് നേതൃത്വം നല്‍കാന്‍ ബുദ്ധന്റെ അനുയായികള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
പട്ടാള ഭരണത്തില്‍നിന്ന് ജനാധിപത്യ സംവിധാനത്തിലേക്ക് വന്നതിനുശേഷമാണ് രോഹിഗ്യന്‍ മുസ്ലിങ്ങള്‍ ഇത്ര വലിയ അതിക്രമങ്ങള്‍ നേരിടുന്നത്. ജനാധിപത്യത്തിലെ അതിക്രമങ്ങളെ ചെറുക്കാന്‍ ലോകം ഇനിയും വളരേണ്ടിയിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘനകള്‍ നേരിട്ടനുഭവിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഓങ് സാന്‍ സൂകി സര്‍ക്കാര്‍ നിശബ്ദതയുടെ അര്‍ത്ഥം മനസിലാകും. അങ്ങേയറ്റം ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവരുടെ പ്രശ്നങ്ങളെ അന്താരാഷ്ട്രവേദികളില്‍ അവതരിപ്പിക്കാനോ ഇടപെടാനോ പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങളെ സ്വീകരിക്കാനോ മുസ്ലീം രാഷ്ട്രങ്ങള്‍പോലും തയ്യാറാകാത്തതിന് പിന്നിലുള്ള കാരണവും അജ്ഞാതമാണ്. വലിയൊരു സംഘമാളുകളാണ് പ്രശ്നഭരിതരായി അലയുന്നത്. ഇവര്‍ കടന്നുവന്നാല്‍ അറബ് നാടുകളില്‍ ജനാധിപത്യാശയം പ്രചാരം നേടുമെന്ന് അറബ് നാടുകളിലെ ഭരണാധിപന്മാര്‍ പേടിക്കുന്നുണ്ടാകാം. താരതമ്യേന ജനസംഖ്യ കുറവുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതിന് പിന്നിലുള്ള കാരണം ഇതാവണം.

എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് അങ്ങനെയൊരു ഭീതി ഉണ്ടാകേണ്ട കാര്യമില്ല. എന്നാല്‍ മോദി ഭാരതത്തിലെ രാഷ്ട്രീയാവസ്ഥകളാണ് അവരെ അസ്വീകാര്യരാക്കുന്നത്.

സൂചിയുടെ മൗനം ആര്‍ക്കുവേണ്ടി?


നാല്‍പതുകളില്‍തന്നെ തുടങ്ങിയതാണ് മ്യാന്‍മാറിലെ ബുദ്ധ വര്‍ഗ്ഗീയവാദികളുിടെ ആക്രമണം. അന്ന് ലക്ഷങ്ങളാണ് പലായനം ചെയ്തത്. കുറച്ചുകാലം പ്രശ്നരഹിതമായി കടന്നുപോയെങ്കിലും 78ല്‍ വീണ്ടും ആക്രമണം രൂക്ഷമായി. 1982ലാണ് കുടിയേറ്റക്കാരെന്ന് ചൂണ്ടിക്കാട്ടി രോഹിഗ്യന്‍ മുസ്ലിങ്ങളുടെ പൗരത്വം റദ്ദാക്കിയത്. അന്ന് മുതലാണ് ഇവരുടെ യഥാര്‍ത്ഥ കഷ്ടകാലം തുടങ്ങിയത്. അന്ന് മുതല്‍ തുടങ്ങിയ ദുരിതജീവിതമാണ് ഇപ്പോഴും തുടരുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ വലിയ പരമ്പര തന്നെയാണ് രോഹിഗ്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെ ഉണ്ടായിട്ടുള്ളത്. വിവാഹം കഴിക്കുന്നതില്‍പ്പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഭരണകൂടം നടത്തിയ കിരാതകൃത്യങ്ങളുടെ കഥകള്‍, മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പുറംലോകം കാര്യമായി അറിഞ്ഞതുമില്ല. പലായനം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ലോകം കഥകളറിയാന്‍ തുടങ്ങിയത്. പലായനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.

പലതവണയാണ് ബംഗ്ലാദേശിലേക്ക് മ്യാന്‍മാര്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ നാട് കടത്തിയത്. അത് പരിധി കടന്നതോടെ ഇനി ആരേയും സ്വീകരിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലേക്ക് ബംഗ്ലാദേശും എത്തി. മെഡിറ്ററേനിയന്‍ തീരംവഴിയുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് സമാനമായിരുന്നു രോഹിഗ്യന്‍ മുസ്ലിങ്ങളുടെ അലച്ചിലും. ലോകം വേദനയോടെ കണ്ട് കണ്ണ് നിറഞ്ഞ ചിത്രങ്ങളുടെ കൂട്ടത്തില്‍ ബോട്ടിലുള്ള റോഹിങ്ക്യന്‍ മുസ്ലിങ്ങളും ഉള്‍പ്പെടാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ഇത്രയും കാലം കേവല പ്രസ്താവനകളില്‍ പ്രതിഷേധം ഒതുക്കിയിരുന്ന യുഎന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും രൂക്ഷമായി പ്രതികരിക്കാന്‍ തുടങ്ങി. അതുണ്ടാക്കിയത് ആശാവഹമായ പുരോഗതിയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഓങ് സാന്‍ സൂചി പ്രതികരിച്ചിട്ടുണ്ട്, അത്രയും നല്ലത്. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുഴുവന്‍ ഇടങ്ങളിലും ആക്രമണം ഇല്ലെന്നും അത് നേരിട്ട് ബോധ്യപ്പെടാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാഗതം ചെയ്തും അവര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ നേരിടാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.

എന്ന് മുതലാണ് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ മ്യാന്‍മാറിലെ ബുദ്ധ മതവിശ്വാസികളുടെ കണ്ണിലെ കരടായി മാറിയതെന്ന ചോദ്യം പ്രസക്തമാണ്. എല്ലാ ജനസമൂഹത്തിലും എന്നപോലെ രോഹിഗ്യന്‍ മുസ്ലിങ്ങളുടെ ഇടയിലും വര്‍ഗ്ഗീയവാദികളും മുസ്ലിം സ്വത്വവാദികളും ഉണ്ട്. മ്യാന്‍മാറിനെ മുസ്ലീം രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ നടത്തുന്നതായുള്ള സംശയങ്ങളാണ് ഇത്ര വലിയ മനുഷ്യാവകാശധ്വംസനത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. സംശയങ്ങള്‍ക്കപ്പുറം അതില്‍ സത്യമുണ്ടെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിങ്ങളില്‍ ചെറിയൊരു വിഭാഗം ചെയ്യുന്ന കാര്യങ്ങള്‍ക്ക് മുഴുവന്‍പേരും ശിക്ഷ അനുഭവിക്കേണ്ട ഗതികേടിലാണ് കാര്യങ്ങള്‍.

സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന വലിയൊരു കൂട്ടമാളുകളാണ് ആശ്രയമില്ലാതെ അലഞ്ഞ് തിരിയുന്നത്. പൗരത്വവും അതിന്റെ സുരക്ഷിതത്വവും നിഷേധിക്കപ്പെട്ടു എന്നത് മാത്രമല്ല ഇവിടെ ഉയരുന്ന പ്രശ്നം. അവരുടെ അങ്ങേയറ്റം പ്രശ്നഭരിതമായ അഭയാര്‍ത്ഥി ജീവിതത്തിന് ഒരു തരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ല. അഞ്ച് ലക്ഷത്തിലേറെ പേരെ നാട് കടത്തിയപ്പോള്‍തന്നെ ലോകം തിരിച്ചറിഞ്ഞതാണ് രോഹിഗ്യന്‍ മുസ്ലിങ്ങളുടെ അരക്ഷിതാവസ്ഥ. ഏതൊക്കെ രാജ്യങ്ങളിലേക്കാണ് അവര്‍ പോയത്. സ്വന്തം നാട്ടില്‍ പൗരത്വമില്ലാതെ ഓടിപ്പോയവര്‍ക്ക് പോയ നാടുകളിലൊന്നും ജോലിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമായില്ല. എന്തിന് അഭയാര്‍ത്ഥികള്‍ എന്ന പരിഗണന പോലും ലഭിച്ചില്ല. നരകിച്ച ജീവിതങ്ങള്‍ക്കൊടുവില്‍ മരിച്ച് മണ്ണടിഞ്ഞത് ലക്ഷങ്ങളാണ്. ഇത്രയൊക്കെ ദുരിതം സഹിക്കാന്‍ ഇവര്‍ എന്ത് തെറ്റാണ് ചെയ്തത്. വിശ്വാസത്തിന്റെ പേരിലാണ് ഇക്കണ്ട ദുരിതങ്ങള്‍ മുഴുവന്‍ സഹിക്കുന്നതെങ്കില്‍ അതിനെ ചെറുക്കേണ്ടത് മതേതര സമൂഹത്തിന്റെ ആവശ്യമാണ്.

സൂചിയും സമാധാനത്തിന്റെ വെള്ളരിപ്രാവുകളും

ദീര്‍ഘകാലം വീട്ടുതടങ്കലലില്‍ കഴിഞ്ഞ ഓങ് സാന്‍ സൂചിയാണ് ഇപ്പോഴത്തെ മ്യാന്‍മാറിന്റെ ഭരണാധികാരി. ഇവരുടെ ഭരണത്തിന്‍ കീഴിലാണ് റോഹിങ്ക്യകള്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയായത്. സമാധാനത്തിന്റെ ഈ ആഗോളചിഹ്നം അധികാരമേല്‍ക്കാന്‍ കാത്തിരുന്നത് പോലെയാണ് പട്ടാളം പ്രതികരിക്കാനും രോഹിഗ്യോകളുടെ ഉന്‍മൂലനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. റോഹിങ്ക്യകള്‍ തന്റെ രാജ്യത്തെ പൗരന്മാരാണോ എന്ന കാര്യത്തില്‍പ്പോലും ഓങ് സാന്‍ സൂചിക്ക് ഇപ്പോള്‍ സംശയമാണ്. ഇലക്ഷന്‍ പ്രചരണങ്ങളുടെ സമയങ്ങളില്‍ അങ്ങനെയൊരു സംശയം അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.

പ്രധാനമായും പട്ടാളത്തേയും അവരെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമം നടത്തിയ അമേരിക്കയേയും പിണക്കാന്‍ സൂചിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അഞ്ച് ശതമാനം വോട്ട് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലേക്ക് അവര്‍ എത്തുന്നത്.

മുസ്ലീം വംശഹത്യയുടെ പേരില്‍ സമാധാന നോബേല്‍ ജേതാവിന്റെ നിലപാടിനെതിരെ രാജ്യാന്തര സമൂഹം ഒന്നടങ്കം ശബ്ദമുയര്‍ത്തിയെങ്കിലും അവര്‍ ഇതുവരെ നിലപാട് മാറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സൂചി തന്റെ മുന്‍നിലപാട് പുനഃപരിശോധിക്കുമോ എന്നതാണ് സമാധാനപ്രേമികള്‍ ഉറ്റുനോക്കുന്നത്.

എം എന്‍ കാരശേരിയുമായി സൗത്ത്‌ലൈവ് പ്രതിനിധി സംഭാഷണത്തില്‍ നിന്ന് തയ്യാറാക്കിയത്