മംഗളം കുറിച്ചത് അധമ മാധ്യമ സംസ്‌ക്കാരത്തിന്  

March 29, 2017, 6:32 pm
മംഗളം കുറിച്ചത് അധമ മാധ്യമ സംസ്‌ക്കാരത്തിന്  
Spotlight
Spotlight
മംഗളം കുറിച്ചത് അധമ മാധ്യമ സംസ്‌ക്കാരത്തിന്  

മംഗളം കുറിച്ചത് അധമ മാധ്യമ സംസ്‌ക്കാരത്തിന്  

ശശീന്ദ്രനെതിരായുള്ള ചാനല്‍ ആക്രമണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്ന് മംഗളം ടെലിവിഷന്‍ വിശദീകരിക്കുന്നു. അനുവദനീയമായ മാധ്യമ പ്രവര്‍ത്തനത്തിനു പകരം അനഭിലഷണീയവും നിയമവിരുദ്ധവുമായ ബ്ലാക്ക്‌മെയിലിങ്ങ് തന്ത്രത്തിലാണ് ചാനല്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തം. കൈവശമുള്ളത് മുഴുവന്‍ പുറത്ത് വിട്ടിട്ടില്ലെന്ന് ചാനല്‍ വക്താവ് മറ്റൊരു ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞപ്പോള്‍ ദുരുദ്ദേശ്യം പൂര്‍ണമായി.

സെന്‍സര്‍ഷിപ്പിന് വിധേയമാകാത്ത മാധ്യമപ്രവര്‍ത്തനമാണ് ഇന്ത്യയിലുള്ളത്. അതിനര്‍ത്ഥം എന്തും ആകാമെന്നല്ല. കുട്ടികള്‍ കേള്‍ക്കരുതെന്ന മുന്നറിയിപ്പോടെയുള്ള വാര്‍ത്താവതരണം നമുക്ക് പരിചയമുള്ളതല്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ റെജീനയുടെ വെളിപ്പെടുത്തല്‍ സംപ്രേക്ഷണം ചെയത് ചാനലിന് ഇപ്രകാരം മുന്നറിയിപ്പ് നല്‍കേണ്ടിവന്നില്ല. കുടുംബത്തില്‍ കേള്‍ക്കാന്‍ കൊള്ളാത്ത അശ്ളീല പദങ്ങളും പ്രയോഗങ്ങളും ഒരു പെണ്‍കുട്ടിയെ കൊണ്ട് വായിപ്പിച്ച ചാനല്‍ അധമമായ മാധ്യമസംസ്‌കാരത്തിന്റെ മംഗളകരമല്ലാത്ത ഉദ്ഘാടനം കൂടിയാണ് അന്ന് നടത്തിയത്.

ഹണിട്രാപ്പെന്ന് ഇംഗ്ലീഷിലും പെണ്‍കെണിയെന്ന് മലയാളത്തിലും പറയാവുന്ന കെണിയിലാണ് മന്ത്രിയെ അവര്‍ വീഴ്ത്തിയത്. യക്ഷിയെപ്പോലെ വശീകരണോക്തികളുമായി ഒരു യുവതിയുണ്ടായിരുന്നു. അത് ആ ചാനലിലെ ജീവനക്കാരിതന്നെയെന്ന് സൂചനകളുണ്ട്. അതാരാണെന്ന് ആരെങ്കിലും വെളിപ്പെടുത്തണം. അതുണ്ടായില്ലെങ്കില്‍ ചാനലുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വനിതകളും തെറ്റിധരിക്കപ്പെടും. അവള്‍ ലൈംഗികാക്രമണത്തിന്റെ ഇരയോ പരാതിക്കാരിയോ അല്ലാത്തതിനാല്‍ ഐപിസിയിലെ 228എ വകുപ്പിന്റെ പരിരക്ഷയില്ല. പരിരക്ഷയുള്ള നടിയെക്കുറിച്ചുള്ള സൂചനകള്‍ മാധ്യമങ്ങള്‍ നല്‍കിയ കാര്യം ഓര്‍ക്കുക. അത് നന്നായെന്നും പറയാം. അല്ലെങ്കില്‍ എല്ലാ നടികളെകുറിച്ചും കഥകള്‍ പ്രചരിക്കുമായിരുന്നു. അതുകൊണ്ട് ശശീന്ദ്രന്റെ മനസിളക്കിയ മേനക ആരെന്ന് എല്ലാവരും അറിയട്ടെ.

പരാതി വന്നാല്‍ പരിശോധിക്കാമെന്ന നിലപാട് പൊലീസ് ഉപേക്ഷിക്കണം. പരാതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാവുന്ന വിഷയങ്ങള്‍ ഇക്കാര്യത്തിലുണ്ട്. വകുപ്പുകള്‍ പൊലീസിനെ പഠിപ്പിക്കേണ്ട കാര്യമില്ല. ജുഡിഷ്യല്‍ അന്വേഷണം സമയബന്ധിതമായി എല്ലാ കാര്യങ്ങളും പുറത്ത് കൊണ്ടുവരില്ല. സോളാര്‍ അന്വേഷണം തന്നെ നല്ല ഉദാഹരണമാണ്. പലതലങ്ങളില്‍ കുറ്റകരമായ ഗൂഡാലോചന നടന്ന വിഷയത്തില്‍ പൊലീസിന്റെ ഇടപെടല്‍ അനിവാര്യമാണ്.

ആണുങ്ങളെ കെണിയിലാക്കാന്‍ വനിതാ പൊലീസുകാര്‍ അഭിസാരികകളായി ചമയുന്നത് ശരിയല്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ തത്വം ബാധകമാണ്. കോള്‍ ഗേള്‍സല്ല മാധ്യമരംഗത്തെ പെണ്‍കുട്ടികള്‍. ഒരു വര്‍ഗമെന്ന നിലയില്‍ അവര്‍ക്കു മുഴുവന്‍ അപമാനകരമായിത്തീര്‍ന്ന അധമവൃത്തിയിലെ കഥാപാത്രങ്ങള്‍ ആരെന്ന് ജനം അറിയട്ടെ. മുഖംമൂടികള്‍ അഴിയുന്നത് ആസ്വാദ്യകരമായ സ്ട്രിപ്ടീസിന്റെ തുടക്കമാണ്.

ആഭാസകരമായ പദങ്ങളും ദൃശ്യങ്ങളും ടെലിവിഷനില്‍ അനുവദനീയമല്ല. അങ്ങനെ ചെയ്താല്‍ ലൈസന്‍സ് താത്ക്കാലികമായോ സ്ഥിരമായോ രദ്ദാക്കാന്‍ അനുവാദമുണ്ട്. പിഴയീടാക്കാനും വ്യവസ്ഥയുണ്ട്. അത് പ്രയോഗിക്കണം. അശ്‌ളീലതയും സ്വകാര്യതയുടെ ലംഘനവും ഒരുമിക്കുമ്പോള്‍ അനായാസം അവഗണിക്കാനാവാത്ത കുറ്റമാകുന്നു.

മന്ത്രിയും പരാതി പറയാനെത്തിയ 'വീട്ടമ്മ'യും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് ചാനല്‍ പുറത്തുവിട്ടത്. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയോട് ഏത് റൂട്ടിനെക്കുറിച്ചുള്ള പരാതിയാണ് വീട്ടമ്മയ്ക്ക് പറയാനുണ്ടായിരുന്നത്?. രാത്രിയിലാണോ പരാതി പറയാന്‍ മന്ത്രിയെ വിളിക്കുന്നത്? അഹിതകരമായ വര്‍ത്തമാനം ഉണ്ടായപ്പോള്‍ വീട്ടമ്മയ്ക്ക് കോള്‍ മുറിക്കാമായിരുന്നു. അതുണ്ടായില്ല. പകരം വര്‍ത്തമാനം അവള്‍ ആസ്വദിക്കുകയായിരുന്നു. ഇഷ്ടപ്പെട്ട വര്‍ത്തമാനം ആസ്വദിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തേക്കൂടി മംഗളം നിഷേധിച്ചിരിക്കുന്നു. ദുര്‍നടത്തക്കാരുടെ സദാചാര സംരക്ഷണം ഗുരുതരമായ അവസ്ഥകള്‍ക്ക് കാരണമാകും. രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഒരു ഭാഗം പൂര്‍ണമായും മറച്ചത് ചാനലിന്റെ നടപടി വെളിപ്പെടാതിരിക്കാനുള്ള കുതന്ത്രമായിരുന്നു.

ചോര്‍ത്തിയെടുത്ത ടെലഫോണ്‍ സംഭാഷണമാണ് ചാനല്‍ പരസ്യമാക്കിയത്. അനുവദനീയമല്ലാത്ത ഫോണ്‍ ചോര്‍ത്തല്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. സാങ്കേതികമായി സങ്കീര്‍ണമായ ഫോണ്‍ ചോര്‍ത്തലില്‍ പൊലീസ് സംവിധാനത്തെ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കണം.

നാളെ ഞാന്‍ എന്ന ആശങ്കയല്ല ഈ കുറിപ്പിന് നിദാനം. രാഷ്ട്രീയ രംഗത്തെന്നപോലെ മാധ്യമരംഗത്തും ആവശ്യം വേണ്ടതാണ് ധര്‍മനിഷ്ഠയും സദാചാരബോധവും. അതിന് ചില തിരുത്തല്‍ നടപടികള്‍ അടിയന്തരമായി ആവശ്യമുണ്ട്.