ആ ആണത്ത ആധിയില്‍നിന്നാണ് മീശപിരി സിനിമകള്‍ പിറന്നത് 

February 27, 2017, 4:09 pm
ആ ആണത്ത ആധിയില്‍നിന്നാണ് മീശപിരി സിനിമകള്‍ പിറന്നത് 
Spotlight
Spotlight
ആ ആണത്ത ആധിയില്‍നിന്നാണ് മീശപിരി സിനിമകള്‍ പിറന്നത് 

ആ ആണത്ത ആധിയില്‍നിന്നാണ് മീശപിരി സിനിമകള്‍ പിറന്നത് 

ഏതെങ്കിലും ഒരു എഴുത്തുകാരനോ സംവിധായകനോ നടനോ തെറ്റ് ചെയ്തിട്ടുണ്ട് എന്നമട്ടില്‍ ഞാന്‍ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. ഒരു പാട്രിയാര്‍ക്കല്‍ സമൂഹമായതുകൊണ്ട് ഇവിടെനിന്ന് വരുന്ന പ്രതികരണങ്ങള്‍ ഇങ്ങനെ മാത്രമേ ആവൂ എന്നാണ് കൃത്യമായി ഞാന്‍ പറഞ്ഞിട്ടുള്ളത്. അതായത് ഒരു രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവിടെയുള്ള എല്ലാ ഉപകരണങ്ങളിലും കാണിച്ചുകൊണ്ടിരിക്കുന്നത്. അത് സിനിമയാണെങ്കിലും രാഷ്ട്രീയമാണെങ്കിലും എല്ലാവരും അതുതന്നെയാണ് കാണിക്കുന്നത്. അതിന് പല മുഖങ്ങളാണ്. അല്ലാതെ ഏതോ ഒരുമുഖം അല്ല. അതാണ് പ്രധാനമായി പറയാനുള്ള കാര്യം. ' സിനിമയിലെ സ്ത്രീവിരുദ്ധത' സംബന്ധിച്ചുള്ള എല്ലാ ചര്‍ച്ചകളിലും ഇത് ഞാന്‍ പറഞ്ഞിട്ടുണ്ട്. 'തമ്പുരാന്‍ സിനിമകള്‍' എന്ന് ജി.പി.രാമചന്ദ്രന്‍ പറഞ്ഞതിന് മറുപടിയായിട്ടും ഇത് പറഞ്ഞിരുന്നു. 'ഏതോ ഒരു തമ്പുരാന്‍ സിനിമയിലാണ്' സ്ത്രീവിരുദ്ധതയെന്ന് ഞാന്‍ വിചാരിക്കുന്നതേയില്ല. കുടുംബചിത്രങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന സത്യന്‍ അന്തിക്കാട് സിനിമകള്‍ എടുക്കുക. സ്ത്രീക്ക് സ്വത്തവകാശമില്ല, വീട്ടിലേക്ക് തിരിച്ചുവരാന്‍ പാടില്ല എന്നെല്ലാം എസ്റ്റാബ്ലിഷ് ചെയ്യുന്ന കഥകള്‍ സത്യന്‍ അന്തിക്കാട് സിനിമകളിലൂടെയാണ് നാം കണ്ടത്. ഇതേപോലെയാണ് അടൂരിന്റെ സിനിമകളും. മലയാളസിനിമയിലെ ഏതെങ്കിലുമൊരു 'സ്‌കൂള്‍' സ്ത്രീവിരുദ്ധതയില്‍നിന്ന് മുക്തമല്ല. ഇതിന്റെയെല്ലാം അടിസ്ഥാനകാരണം ഇവിടുത്തെ പുരുഷാധിപത്യ വ്യവസ്ഥിതിയാണ്. അതിന്റെ പരിണതഫലമാണ് ഇതെല്ലാം. അതുകൊണ്ടാണ് രഞ്ജിത്ത് എടുത്ത സിനിമകളെപ്പറ്റിയോ രഞ്ജിത്ത് എഴുതിയ ഡയലോഗുകളെപ്പറ്റിയോ വ്യക്തിപരമായി ഒന്നും പറയാത്തത്. ഇത് ഏതോ രഞ്ജിത്തിന്റെ കുഴപ്പമാണ് അല്ലെങ്കില്‍ ഇപ്പോള്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കുഴപ്പമാണ് അല്ലെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ കുഴപ്പമാണ് എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. കാരണം ഈ വ്യവസ്ഥിതിയില്‍ ആളുകള്‍ ഇങ്ങനെയൊക്കെ മാത്രമേ പ്രതികരിക്കൂ.

രാവണപ്രഭു
രാവണപ്രഭു

മാതൃഭൂമി പത്രത്തില്‍ രഞ്ജിത്ത് എഴുതിയത് പല നിലയ്ക്കും ഒരു ഉത്തരംപോലും അര്‍ഹിക്കുന്നില്ല. അത് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ വരുന്നു എന്നതുതന്നെ വിചിത്രമാണ്. പ്രേംചന്ദ്, അദ്ദേഹത്തിന്റെ അമ്മായിഅച്ഛന്‍ മരിക്കുന്നതിന് മുന്‍പെഴുതിയ കഥകളില്‍ തിരുത്ത് വരുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതില്‍ രണ്ടുമൂന്ന് കാര്യങ്ങളുണ്ട്. 'ഭാര്യാപിതാവ്' എന്നൊക്കെ പറയുന്നതില്‍ ഭയങ്കരമായിട്ടുള്ള സ്ത്രീവിരുദ്ധതയുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. രണ്ട്, ഭാര്യാപിതാവിന്റെ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുകയല്ലല്ലോ ഈ ലേഖകന്റെ പണി. പ്രേംചന്ദിനെ എനിക്ക് ന്യായീകരിക്കേണ്ട ആവശ്യമില്ല. ഏറ്റവും സ്ത്രീവിരുദ്ധമായിട്ടുള്ള മൂന്ന് സംഭാഷണങ്ങളാണ് അദ്ദേഹം പത്രത്തില്‍ എടുത്തെഴുതിയത്. അവ ഏതൊക്കെ സിനിമകളിലുള്ളതാണെന്ന് അദ്ദേഹത്തിന് അറിയുമോ എന്നുപോലും എനിക്ക് സംശയമുണ്ട്. പൃഥ്വിരാജ് ഒരു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചുപോയ അച്ഛനെക്കൂടി തിരുത്തണമായിരുന്നെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ രഞ്ജിത്ത് പറഞ്ഞതിന്റെ അര്‍ഥം എനിക്ക് മനസിലാവുമായിരുന്നു.

ഇന്നല്ലെങ്കില്‍ നാളെ പോസ്റ്റര്‍ 
ഇന്നല്ലെങ്കില്‍ നാളെ പോസ്റ്റര്‍ 

വ്യക്തിപരമായി പറഞ്ഞാല്‍, എനിക്ക് ഓര്‍മ്മവെച്ച കാലംമുതല്‍ അച്ഛനെഴുതുന്ന ഡയലോഗുകളിലെ മുഴുവന്‍ സ്ത്രീവിരുദ്ധതയും അദ്ദേഹത്തോട് നേരിട്ട് പറഞ്ഞ് തിരുത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പിന്നെ ജീവിതംകൊണ്ട് എന്നെ ഒരു ഫെമിനിസ്റ്റ് ആക്കിയതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ആളാണ് അദ്ദേഹം പറഞ്ഞ ദാമോദരന്‍ മാഷ്. സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ഇഷ്ടംപോലെ എഴുതിയിട്ടുണ്ട് അദ്ദേഹം. പക്ഷേ അതൊന്നും മലയാളത്തില്‍ ഏറ്റവുമുയര്‍ന്നതോതില്‍ സ്ത്രീവിരുദ്ധത കാട്ടിയ മൂന്നെണ്ണത്തിനൊപ്പം വരില്ല. ഒന്നുണ്ട്, ഇതേ ദാമോദരന്‍ മാഷാണ് 'ഇന്നല്ലെങ്കില്‍ നാളെ' എന്ന മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫെമിനിസ്റ്റ് സിനിമയും എടുത്തത്. ആളുകള്‍ അങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്‍കുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇത്രകാലവും ഫെമിനിസ്റ്റ് വായന നടത്തിയ, അതില്‍തന്നെ നിരന്തരം പണിയെടുക്കുന്ന എന്നെപ്പോലൊരാള്‍ അങ്ങനെ വിശ്വസിക്കുന്നു. അദ്ദേഹം എഴുതിയ സ്ത്രീവിരുദ്ധ ഡയലോഗുകളൊക്കെ 'ഇന്നല്ലെങ്കില്‍ നാളെ' എന്ന സിനിമയുടെ മുന്നില്‍ റദ്ദുചെയ്യപ്പെടുന്നുണ്ടെന്നാണ് വ്യക്തിപരമായി ഞാന്‍ വിചാരിക്കുന്നത്. മരിച്ചുപോയ ദാമോദരന്‍മാഷ് വന്ന് ഡയലോഗുകള്‍ തിരുത്തണമെന്നും അത് ലേഖകന്റെ അമ്മായിഅച്ഛനാണ് എന്നുമൊക്കെയുള്ള ആവശ്യം ഒരു മറുപടിപോലും അര്‍ഹിക്കുന്നില്ല. പ്രേംചന്ദ് ചൂണ്ടിക്കാട്ടിയ ഡയലോഗ് രഞ്ജിത്ത് തിരുത്തിക്കണ്ടു. ആ 'തിരുത്ത്' സിനിമയിലെ സംഭാഷണംപോലെ അത്രതന്നെ സ്ത്രീവിരുദ്ധമാണ്.

പ്രേംനസീര്‍ 
പ്രേംനസീര്‍ 

പിന്നെ, മീശ പിരിയ്ക്കുന്ന ആണിന്റെ പ്രശ്‌നമെന്താണെന്ന് ഇവിടെ കൂണുപോലെ മുളച്ചുപൊന്തിയ ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തെളിവ് നല്‍കുന്നുണ്ട്. അപ്പോള്‍പിന്നെ ആണത്തം ഇങ്ങനെ കാണിക്കേണ്ടിവരും. അതിന്റെ പ്രകടനപരത കൂടിക്കൊണ്ടിരിക്കും സിനിമയില്‍. ചോര്‍ന്നുപോകുന്ന ആണത്തെക്കുറിച്ചുള്ള ആധിയില്‍ നിന്നാണ് അതുണ്ടാവുന്നത്. മീശപിരി സിനിമകളുടെ കാലമൊന്ന് പരിശോധിച്ചാല്‍ മതി. തൊണ്ണൂറുകളിലാണ് അത്തരം സിനിമകള്‍ വരുന്നത്. അതേസമയത്താണ് കേരളത്തില്‍ ഇന്‍ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ തുടങ്ങുന്നത്. അത്രയും പരസ്പരബന്ധമുള്ള കാര്യങ്ങളാണിവ. പ്രേംനസീറിന് മീശ പിരിക്കേണ്ടി വരാതിരുന്നത്, കുഞ്ഞിരാമനാവാന്‍ തയ്യാറായതും അദ്ദേഹത്തിന് ആണത്തത്തെക്കുറിച്ച് സ്വയമേവ ഒരു സംശയം ഇല്ലാതിരുന്നതിനാലാണ്. അതേക്കുറിച്ച് സ്വയം സംശയമുള്ള ഒരാണിനാണ് പ്രകടനപരത കൂട്ടേണ്ടിവരുന്നത്. പുറമേയുള്ള ആണത്തത്തില്‍ മാത്രമേ അയാള്‍ക്ക് ചെയ്യാന്‍പറ്റൂ. സഹജമായ ആണ്‍മ എത്രകണ്ട് ചോര്‍ന്നുപോയിട്ടുണ്ട് എന്ന് തിരിച്ചറിയുന്ന ഒരു പുരുഷന് മാത്രമേ ഇതേപോലെ ചെയ്യാന്‍പറ്റൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഉള്ളിലെ പാപ്പരത്തത്തില്‍ നിന്ന് രക്ഷപെടാനാണ് പ്രകടനപരതയില്‍ അഭയം പ്രാപിക്കുന്നത്. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യും, എന്നാലും നീ എന്റെ അധീനതയില്‍ വേണം എന്ന് ഒരാണിന് പെണ്ണിനോട് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. സാമാന്യബോധമുള്ള ആര്‍ക്കും തിരിച്ചറിയാവുന്നതേയുള്ളൂ ഇത്.

പക്ഷേ ഇതിനെയൊക്കെ 'ദയനീയമായ' ഒരു വ്യവസ്ഥകാരണം എന്നുമാത്രമേ നമ്മളൊക്കെ വിചാരിക്കുന്നുള്ളൂ. ഈ ആണുങ്ങളെക്കൊണ്ട് ഇനിയും കുട്ടികളെ ജനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന സ്ത്രീകളാണ്. അല്ലാതെ അവരെ ഭയക്കുന്നവരല്ല. പാവം തോന്നുകയാണ് ചെയ്യുന്നത്. അവരുടെ അക്രമം കാണുമ്പോള്‍ സ്ത്രീകളെ സംബന്ധിച്ച് അവരോട് അനുതാപം മാത്രമേ ഉള്ളൂ. അത്രേയുള്ളൂ ആ സിനിമകളുടെ സംവിധായകരോടും. അതുകൊണ്ടുതന്നെ അവരുടെ സിനിമകളോടൊന്നും വ്യക്തിപരമായി ഞാന്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല. കൃത്യമായിട്ട് ഒരു സേവനം ചെയ്ത് കൊടുക്കാറുണ്ട്. ഈ സിനിമകളെല്ലാം ആദ്യത്തെ ദിവസം പോയി കാണാറുണ്ട്. ഒന്നിനെപ്പറ്റിയും നെഗറ്റീവായി ഒരു കമന്റ് എവിടെയും പറഞ്ഞിട്ടില്ല. ഈ വ്യവസ്ഥയുടെ ഒരു ഉല്‍പ്പന്നം മാത്രമായാണ് ആ സിനിമകളെയൊക്കെ ഞാന്‍ കണ്ടിട്ടുള്ളത്. രഞ്ജിത്തിന്റെ രണ്ടാമത്തെ ആരോപണത്തില്‍ എന്റെ അച്ഛന്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് അതേക്കുറിച്ച് പ്രതികരിച്ചത്. പിന്നെ ഒരാള്‍ക്ക് ഒരു ലേഖനമെഴുതണമെങ്കില്‍ ഭാര്യാപിതാവിനെ തിരുത്തണമെന്നൊക്കെ പറയുന്നത് ഒരാള്‍ക്ക് സ്വയം ചെറുതാകാവുന്നതിന്റെ അങ്ങേയറ്റമാണ്. അതില്‍ അത്ഭുതവുമില്ല. കാരണം എനിക്കയാളെ വളരെ വ്യക്തിപരമായിട്ട് അറിയാവുന്നതുമാണ്. രണ്ട് നിലയ്ക്ക് രഞ്ജിത്ത് സംസാരിക്കുന്നത് കേള്‍ക്കുന്നതില്‍ അത്ഭുതമുണ്ട്, തമാശയും. ദാമോദരന്‍ മാഷിന് പിറക്കാതെപോയ മകനാണെന്ന് പലപ്പൊഴും പറഞ്ഞിട്ടുള്ള ആളാണ് രഞ്ജിത്ത്. അദ്ദേഹംതന്നെയാണ് ഇപ്പോള്‍ ഒരാള്‍ക്ക് ലേഖനമെഴുതണമെങ്കില്‍ മരിച്ചുപോയ അമ്മായിഅച്ഛന്റെ കഥകള്‍ തിരുത്തണമെന്നും പറയുന്നത്. ഇതില്‍ പരസ്പരവൈരുദ്ധ്യമുണ്ട്.

ടി.ദാമോദരന്‍ 
ടി.ദാമോദരന്‍ 

പിന്നെ, മാതൃഭൂമി പോലൊരു പത്രത്തിന്റെ എഡിറ്റോറിയലില്‍ അങ്ങനെയൊരു സാധനം വരുത്താന്‍മാത്രം കഴിവുള്ളയാളുമാണ് രഞ്ജിത്ത്. അത്രയും വലിയ ആള്‍ക്കാരുടെയൊന്നും നേര്‍ക്കുനേര്‍നിന്ന് പോരടിക്കാനുള്ള നീളം എന്റെ ആയുസ്സിനില്ല, അതിനുള്ള ആരോഗ്യവുമില്ല. എനിക്ക് പ്രതിരോധിച്ച് നില്‍ക്കാന്‍പോലും ആവാത്തതരത്തിലുള്ള 'പവര്‍ ബ്ലോക്ക്‌സാ'ണ് ഇവരൊക്കെ. എതിര്‍ക്കാനൊന്നും പോകാതെ മാറിനടക്കുകയേ ഇന്നുവരെ ചെയ്തിട്ടുള്ളൂ. പക്ഷേ അപ്പൊഴും എന്റെ വ്യക്തിത്വത്തെ അവര്‍ അംഗീകരിക്കുന്നുവെന്നും അതവരെ ഭയപ്പെടുത്തുന്നുവെന്നുമുള്ള ചെറിയ ആശ്വാസവുമുണ്ട്.