നെറ്റ്: ഹൈക്കോടതി വിധിയും യുജിസിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളും 

February 12, 2017, 11:56 am
നെറ്റ്: ഹൈക്കോടതി വിധിയും യുജിസിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളും 
Spotlight
Spotlight
നെറ്റ്: ഹൈക്കോടതി വിധിയും യുജിസിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളും 

നെറ്റ്: ഹൈക്കോടതി വിധിയും യുജിസിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളും 

നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി വിധി പിന്നോക്ക ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായിട്ടുകൂടി ഏറെ ചര്‍ച്ചചെയ്യാതെ പോയി. മിനിമം മാര്‍ക്ക് കിട്ടുന്നവരുടെ വിഷയാടിസ്ഥാനത്തിലും വര്‍ഗാടിസ്ഥാനത്തിലുമുള്ള ലിസ്റ്റ് ആകെ (Aggregate) മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കി ഓരോ വിഷയത്തിലെയും വിഭാഗത്തിലെയും ആദ്യ 15% പേര്‍ നെറ്റിന് യോഗ്യത നേടും. ഈ വര്‍ഗീകരണത്തെയാണ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് റദ്ദാക്കിയത്. എന്‍എസ്എസ് സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് പിബി സുരേഷ്‌കുമാറാണ് വിധി പറഞ്ഞത്. ഉദേശത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള മാനദണ്ഡം (Impugn Criteria) നടപ്പാക്കുന്നതിലൂടെ ഭരണഘടനാ അനുച്ഛേദം 16(4) അനുശാസിക്കുന്ന സംവരണ തത്വം നടപ്പാക്കുക വഴി പിന്നാക്ക വിഭാഗത്തിലുളളവര്‍ ഓപ്പണ്‍ വേക്കന്‍സിയിലും സംവരണം വഴിയും നിയമനങ്ങള്‍ നേടുകയും ജനറല്‍ വിഭാഗങ്ങള്‍ അവഗണിക്കപ്പെടാന്‍ ഇടയാവുകയും ചെയ്യുന്നു. ഇത് ഭരണഘടനാ അനുച്ഛേദം 16(1) അനുശാസിക്കുന്ന തുല്യതയെ (Quality in Public Employment) മറികടക്കാന്‍ കാരണമാകും. 2015 ജൂണ്‍ മാസത്തിലെ റിസള്‍ട്ടാണ് ഇതിനായി ഹൈക്കോടതി പരിശോധിച്ചത്.

ഹൈക്കോടതിയില്‍ യുജിസി സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. പരാതിക്കാരനായ നിഖില്‍ അനിലിന്റെ നെറ്റ് അഡ്മിഷന്‍ കാര്‍ഡ് കോപ്പി മാത്രമാണ് യുജിസി രേഖയായി കോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രിം കോടതിയിലും, ഹൈക്കോടതികളിലും നിരവധി വ്യവഹാരങ്ങള്‍ യുജിസി യുടേതായി ഉണ്ടെന്നിരിക്കെ കേസുമായി ബന്ധമുള്ള ഒരു കോടതി വ്യവഹാരത്തിന്റെയും രേഖ ഹാജരാക്കാന്‍ യുജിസി തയ്യാറായിട്ടില്ല. സാധാരണ യുജിസി ക്കെതിരായി ഉണ്ടാവുന്ന ഏതൊരു ഹൈക്കോടതി വിധിക്കെതിരെയും സുപ്രിം കോടതിയില്‍ അപ്പീല്‍ പോവാറുള്ള യുജിസി. 2016 ഡിസംബര്‍ 16 നു വന്ന ഹൈക്കോടതി വിധിക്കെതിരെ ഇതുവരെയും അപ്പീലിന് പോയിട്ടുമില്ല.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യുജിസി വഴി പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടിവരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗവേഷണ പഠനങ്ങള്‍ക്കായി മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കി വരുന്ന ഫെലോഷിപ് അനിശ്ചിതമായി തടഞ്ഞു വെച്ചിരിക്കുകയാണ്. +1, +2 ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മൗലാനാ ആസാദ് സ്‌കോളര്‍ഷിപ് തുകയുടെ ചെക്ക് ഏറെ വൈകി വിദ്യാര്‍ത്ഥികളില്‍ എത്തിയതിനാല്‍ പലരുടെയും ചെക്കുകള്‍ തിയ്യതി കഴിഞ്ഞ് പണം ലഭിക്കാതെ മടങ്ങി. കഴിഞ്ഞ വര്‍ഷം ഒരിക്കല്‍ സമര്‍പ്പിച്ച എല്ലാ അപേക്ഷകളും റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിക്കുന്ന സാഹചര്യവും ഉണ്ടായി. ഏറ്റവും ഒടുവില്‍ കേന്ദ്ര യൂണിവേഴ്സിറ്റികളിലെ സംവരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു. എം.ഫില്‍, പി.എച്.ഡി അഡ്മിഷനുകള്‍ക്ക് യു.ജി.സി സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ജെ.എന്‍.യു അക്കാദമിക് കൗണ്‍സില്‍ തീരുമാനത്തിനെതിരെ വൈവ മാര്‍ക്ക് 30 ല്‍ നിന്ന് 15 ആയി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിനാണ് പിന്നോക്ക വിഭാഗക്കാരായ ഒമ്പത് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. മാര്‍ക്കിളവ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ യു.ജി.സി സ്വീകരിച്ച നിലപാടും പിന്നോക്ക ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളില്‍ ഒടുവിലത്തെതാണ്.

2012 മുതലാണ് യുജിസി നെറ്റ് പരീക്ഷ ഒബ്ജക്റ്റീവ് രൂപത്തിലേക്ക് മാറ്റിയത്. മിനിമം മാര്‍ക്ക് നേടുന്നവരില്‍ നിന്ന് അന്തിമ ഫലം പ്രഖ്യാപിക്കാനുള്ള ലിസ്റ്റ് തയ്യാറാക്കി, അന്തിമ യോഗ്യതാ മാനദണ്ഡം ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് യുജിസി തീരുമാനിക്കുമെന്നുമായിരുന്നു 2012 ജൂണിലെ നോട്ടിഫിക്കേഷനില്‍ പറഞ്ഞിരുന്നത്. ഇതനുസരിച് പരീക്ഷ എഴുതിയവരില്‍ മിനിമം മാര്‍ക്ക് നേടിയ 2,04,150 ആളുകളുടെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ആകെ മാര്‍ക്ക്, ജനറല്‍ 65%, ഒബിസി 60%, എസ് സി/എസ്ടി/പിഡബ്ല്യുഡി 55% എന്നിങ്ങനെ നിശ്ചയിച്ച് 43,974 പേര്‍ നെറ്റ് യോഗ്യത നേടിയതായി പ്രഖ്യാപിച്ചു. യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് യുജിസിക്ക് ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബറില്‍ ചേര്‍ന്ന കമ്മീഷന്‍ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ വിഷയം പഠിക്കാന്‍ നിയമിച്ചു.

വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശപ്രകാരം ഓരോ വിഷയത്തിനും വിഭാഗങ്ങള്‍ക്കും കട്ട് ഓഫ് (Cut-Off) നിശ്ചയിച്ച് നെറ്റിന് അപേക്ഷിച്ച, എന്നാല്‍ മിനിമം മാര്‍ക്ക് നേടിയവരില്‍ ആദ്യത്തെ 7% പേര്‍ക്ക് കൂടി യോഗ്യത നല്‍കാന്‍ തീരുമാനിച്ചു. അതുവഴി 15,178 പേര്‍ കൂടി യോഗ്യത നേടി. അന്തിമ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡം നിശ്ചയിക്കാനുള്ള യുജിസി യുടെ അര്‍ഹത ചോദ്യം ചെയ്ത് ബോംബെ, നാഗ്പൂര്‍, കേരള ഹൈക്കോടതികളില്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം അംഗീകരിച്ച് യുജിസി ക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആകെ മാര്‍ക്ക് യോഗ്യത മാനദണ്ഡമായി നിശ്ചയിക്കാനുള്ള ശേഷിയില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയ യുജിസി അനുകൂല വിധി സമ്പാദിച്ചു.

അക്കാദമിക വിഷയങ്ങളില്‍ ചട്ടവ്യവസ്ഥ കളിലോ, നോട്ടിഫിക്കേഷനിലോ കൃത്യമായ ലംഘനങ്ങള്‍ ഇല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ക്കാണ് കോടതി മുന്‍ഗണന നല്‍കാറുള്ളത്. യൂണിവേഴ്സിറ്റികളില്‍ അധ്യാപനത്തിന്റെയും, പരീക്ഷയുടെയും, ഗവേഷണങ്ങളുടെയും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഉചിതമായ തീരുമാനങ്ങളും നടപടികളും സ്വീകരിക്കാന്‍ പര്യാപ്തമായ ചുമതലപ്പെട്ടവര്‍ യുജിസിക്കുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്ന ഉദ്ദേശ്യം കൈവരിക്കുന്നതി നാവശ്യമായ വിവേകപൂര്‍ണമായ യോഗ്യതാ മാനദണ്ഡം നിശ്ചയിക്കാനുള്ള അധികാരം യു.ജി.സിക്കുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായം നടപ്പിലാക്കുകയാണ് യു.ജി.സി ചെയ്തത്, ഇതിനെ സ്വേച്ഛാധിപത്യപരമെന്നോ, നിയമ വിരുദ്ധമെന്നോ, വിവേചനപരമെന്നോ ഭരണഘടനാ അനുച്ഛേദം 14 ന്റെ ലംഘനമായോ പരിഗണിക്കാന്‍ പറ്റില്ല. ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് എകെ സിക്രി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിന്യായത്തില്‍ പറയുകയുണ്ടായി.

യുജിസി അപ്പീല്‍ അംഗീകരിച്ചതോടെ ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും, നെറ്റ് പരീക്ഷ എഴുതിയവരില്‍ നിന്ന് 7% പേര്‍ക്കും യോഗ്യത നല്‍കിയ യു.ജി.സി നടപടിയും ശരിവെക്കുകയാണുണ്ടായത്. ഇത്തരത്തിലുള്ള മാനദണ്ഡം ഭരണഘടനാ അനുച്ഛേദം 14 ന് വിരുദ്ധമല്ലെന്നും കോടതി പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. യു.ജി.സി ഒരു റിക്രൂട്ട്മെന്റ് ഏജന്‍സിയല്ല, യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഗുണനിലവാരം ഉറപ്പ് വരുത്തുന്ന ബോഡിയാണ്. സമയാസമയങ്ങളില്‍ ആവശ്യമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിക്കൊണ്ടാണ് കമ്മീഷന്‍ മുന്നോട്ട് പോവുന്നത്.

വിഷയാടിസ്ഥാനത്തിലും വര്‍ഗാടിസ്ഥാനത്തിലും ആദ്യ 15% പേര്‍ക്ക് നെറ്റ് യോഗ്യത നല്‍കാനുള്ള കമ്മീഷന്റെ തീരുമാനം, യുജിസിയുടെ അധികാര പരിധിയില്‍ നിന്നുകൊണ്ടുള്ള സുപ്രിം കോടതി അംഗീകരിച്ച മാനദണ്ഡത്തിന്റെ പരിഷ്‌കരിച്ച രൂപമാണ്. ഇത് 7% നെറ്റ് അപേക്ഷകര്‍ക്ക് (മിനിമം മാര്‍ക്ക് നേടിയവര്‍ക്ക് മാത്രം) യോഗ്യത എന്നതായിരുന്നു. ഇതിനെയാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന തുല്യതയെ മറികടക്കുന്നതാണെന്നും ഉദേശത്തെ ചോദ്യം ചെയ്യുന്ന മാനദണ്ഡമാണെന്നും പറഞ്ഞ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധി സുപ്രിം കോടതിയെ മറികടക്കുന്നതാണെന്നും, V Lavanya v State of Tamil Nadu and Vijay Sankhala v Vikas Kumar Agarwal എന്നീ സുപ്രിം കോടതി വിധികളെ ഹൈക്കോടതി പൂര്‍ണ്ണമായും അവഗണിച്ചതായും അഡ്വ. അലോക് പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു.

നെറ്റ് യോഗ്യത നേടിയ പിന്നാക്ക വിഭാഗക്കാരെക്കാള്‍ യോഗ്യരായവര്‍ ജനറല്‍ വിഭാഗക്കാര്‍ പുറത്തിരിക്കുന്നു എന്ന ഹൈക്കോടതി പരാമര്‍ശം വരേണ്യ വര്‍ഗം കാലാകാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന വാദത്തെ ഏറ്റുപിടിക്കലാണ്. പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കുന്നത് വഴി ജനറല്‍ വിഭാഗക്കാരെ ഒഴിവാക്കുന്ന സാഹചര്യം വിപരീത വിവേചനത്തിന് (Reverse Discrimination) ഇടയാക്കുമെന്ന് കോടതി പറയുന്നു. എന്നാല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണ സീറ്റുകള്‍ മാത്രമല്ല ഓപ്പണ്‍ സീറ്റുകള്‍ നേടുന്നതിനും യാതൊരു വിലക്കും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.

നിയമനങ്ങള്‍ക്ക് 50% ജനറല്‍ കാറ്റഗറി എന്നത് മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണമൊന്നും അല്ല. കേരളത്തിലെ സര്‍ക്കാര്‍ നിയമനങ്ങള്‍ മാത്രം ഒരു സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കിയാല്‍ വ്യക്തമാവും ആരാണ് ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റുകള്‍ കയ്യടക്കിവെച്ചിരിക്കുന്നതെന്ന്. യൂണിവേഴ്സിറ്റികളിലും കോളേജുകളിലും നിയമനങ്ങള്‍ക്ക് നെറ്റ് യോഗ്യത നിശ്ചയിച്ചത് മിനിമം യോഗ്യത ഉറപ്പ് വരുത്താന്‍ വേണ്ടിയാണ്. നെറ്റ് യോഗ്യത നേടുന്നവര്‍ക്ക് മാത്രമല്ല യുജിസി റഗുലേഷന്‍ 2009 അനുസരിച്ച് പിഎച്ച്ഡി യോഗ്യതനേടുന്നവര്‍ക്കും (Clause 3.3.1, 4.4.1 (iii) ) യൂണിവേഴ്സിറ്റികളിലും/ കോളേജുകളിലും നിയമനം നേടാം. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ മാത്രം നൂറുകണക്കിന് അണ്‍ എയ്ഡഡ് കോളേജുകള്‍ ഉണ്ട് ഇവിടെങ്ങളില്‍ ഒന്നും സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടല്ല നിയമനങ്ങള്‍ നടക്കുന്നത്. 2015 ഡിസംബറിലെ നെറ്റ് റിസള്‍ട്ടിന് ഈ വിധി ബാധകമല്ലെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിധിയുടെ പശ്ചാത്തലത്തില്‍ 2016 ല്‍ നെറ്റ് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.