ഇന്റര്‍നെറ്റില്‍ പക്ഷപാതമെത്തുമ്പോള്‍

April 21, 2015, 8:35 pm
 ഇന്റര്‍നെറ്റില്‍  പക്ഷപാതമെത്തുമ്പോള്‍
Spotlight
Spotlight
 ഇന്റര്‍നെറ്റില്‍  പക്ഷപാതമെത്തുമ്പോള്‍

ഇന്റര്‍നെറ്റില്‍ പക്ഷപാതമെത്തുമ്പോള്‍

ഒരു സമൂഹം കാലങ്ങളായി അനുഭവിച്ചു വരുന്ന ഒരു സ്വാതന്ത്ര്യം, ആ സ്വാതന്ത്ര്യം ആവശ്യമുണ്ടോ എന്നൊരു ചോദ്യം ആ സമൂഹത്തോട് ഒരു ദിവസം തിരിച്ചു ചോദിച്ചാല്‍ എങ്ങിനെയുണ്ടാവും? അത്തരമൊരു ചോദ്യമാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, അഥവാ ട്രായ്, നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഇന്ത്യാക്കാരോട് ചോദിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് നമുക്കെല്ലാം ലഭ്യമായ കാലം തൊട്ടു തന്നെ നാം അനുഭവിക്കുന്ന, ഇന്റര്‍നെറ്റിന്റെ അടിസ്ഥാന ആശയം തന്നെയായ, സമഭാവനയുടെ കടയ്ക്കല്‍ തന്നെ കത്തിവെച്ചോട്ടെ എന്നാണ് ഈ ചോദ്യം യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്. ഇതിങ്ങനെ വ്യക്തമായി ചോദിച്ചാല്‍ ആരും അനുകൂലമായി പ്രതികരിക്കില്ല എന്നതിനാലാവാം 'Consultation Paper on Regulatory Framework for Overthetop (OTT) services' എന്ന പേരില്‍ 118 പേജ് നീളമുള്ള ഒരു ടെക്‌നിക്കല്‍ പേപ്പറിനെ അധികരിച്ചുള്ള അഭിപ്രായ സര്‍വേയായി ട്രായ് ഇതേ ചോദ്യം ചോദിക്കുന്നത്. ഈ പേപ്പര്‍ വായിച്ചു പഠിച്ച്, ട്രായ് ചോദിക്കുന്ന ഇരുപത് ചോദ്യങ്ങള്‍ക്ക് നാം നല്‍കുന്ന ഉത്തരങ്ങളെ അധികരിച്ചാവും ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയുടെ ഭാവിയെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.

ഏത് രൂപത്തിലുമുള്ള ഏതൊരു വിവരമോ സേവനമോ ആയിക്കൊള്ളട്ടെ, അതിന്റെ ഉള്ളടക്കം എന്തുമായിക്കൊള്ളട്ടെ, അത് നല്‍കുന്നത് ആരുമാവട്ടെ; ഇവയൊന്നും പരിഗണിക്കാതെ ഉപയോക്താക്കളുടെ താത്പര്യാനുസരണം ഇ്ന്റര്‍നെറ്റ് വിഭവങ്ങളെ, അല്ലെങ്കില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളെ ഉപയോക്താവിലെത്തിക്കുക എന്നതാണ് ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ധര്‍മ്മം. ഇതവര്‍ പാലിക്കുക എന്നതാണ് ഇന്റര്‍നെറ്റ് സമത്വം എന്നതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. വിക്കിപീഡിയയുടെ വാചകങ്ങള്‍ കടമെടുത്താല്‍;

Net neutrality is the principle that Internet service providers and governments should treat all data on the Internet equally, not discriminating or charging differentially by user, content, site, platform, application, type of attached equipment, or mode of communication.

എന്നാലിവിടെ ഐഎസ്പികള്‍ സ്വയം 'ദാദാ'കളായി മാറുകയും, തങ്ങളുടെ നെറ്റ്‌വര്‍ക്കിലൂടെ ഉപയോക്താവിലെത്തുന്നതു വഴി വെബ്‌സൈറ്റുകള്‍ക്ക് / ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉണ്ടാവുന്ന ലാഭത്തില്‍ ഒരു വിഹിതം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന വാദം ട്രായ്ക്ക് മുന്നില്‍ ഉന്നയിക്കുകയുമാണ് ചെയ്തിരിക്കുന്നത്. നെറ്റ് ന്യൂട്രാലിറ്റി എന്നത് സഞ്ചാര സ്വാതന്ത്ര്യം പോലെ, ആശയ സ്വാതന്ത്ര്യം പോലെ ഒരു പൗരാവകാശമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട ഒരു കാലത്ത്, പല രാജ്യങ്ങളും അപ്രകാരം അംഗീകരിച്ചു കഴിഞ്ഞ ഒരു ഘട്ടത്തിലാണ് ഇത് ഇന്ത്യയിലും ചര്‍ച്ചയാവുന്നത്. എന്നാല്‍, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ ലാഭത്തെ ചുറ്റിപ്പറ്റിയുള്ള ചില വാദപ്രതിവാദങ്ങള്‍ക്കപ്പുറം ഈ ചര്‍ച്ചകള്‍ എവിടെയെങ്കിലും എത്തിയിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുകയും ചെയ്യുന്നു.
സൗജന്യ ഇന്റര്‍നെറ്റ് നല്ലതല്ലേ?

നെറ്റ് ന്യൂട്രാലിറ്റിക്കൊപ്പം സജീവമായി ഉന്നയിക്കപ്പെടുന്ന മറ്റൊരു സംഗതിയാണ് സീറോ റേറ്റിംഗ് സേവനങ്ങള്‍. ഒറ്റനോട്ടത്തില്‍ നല്ലകാര്യമെന്ന് തോന്നും പക്ഷെ, നെറ്റ് ന്യൂട്രാലിറ്റിയെ മറ്റൊരു തലത്തില്‍ അട്ടിമറിക്കുക തന്നെയാണ് ഈ സേവനങ്ങളും ചെയ്യുന്നത്. കാരണം, ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുന്നു എന്നാണ് പറച്ചിലെങ്കിലും, ചില തിരഞ്ഞെടുത്ത ഇന്റര്‍നെറ്റ് സേവനങ്ങളെ അല്ലെങ്കില്‍ വെബ്‌സൈറ്റുകളെ സൗജന്യമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക മാത്രമാണ് എല്ലാ സീറോ റേറ്റിംഗ് സേവനങ്ങളും ചെയ്യുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മറ്റനേകം വിഭവങ്ങളെ / സേവനങ്ങളെ നല്‍കാതിരിക്കലാണ് ഇതുവഴി സീറോ റേറ്റിംഗ് പ്രായോജകര്‍ സാധ്യമാക്കുന്നത്. ഏതെങ്കിലും ഒരു സേവനദാതാവിലൂടെ മാത്രമായി ഇപ്രകാരമുള്ള ലഭ്യത ചുരുക്കുക കൂടി ചെയ്യുമ്പോള്‍ പ്രസ്തുത സേവനദാതാവിന്റെ വരിക്കാരായവര്‍ക്ക്, ചുരുക്കം ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുവാനുള്ള അല്ലെങ്കില്‍ ആപ്പുകള്‍ ഉപയോഗിക്കുവാനുള്ള അവസരം മാത്രമായി സീറോ റേറ്റിംഗ് സേവനങ്ങള്‍ ചുരുങ്ങുന്നു.

നിലവില്‍ ഇന്റര്‍നെറ്റിന്റെ ചിലവ് താങ്ങുവാന്‍ പ്രാപ്തിയില്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള സൗജന്യ ഇന്റര്‍നെറ്റ് നല്‍കി, അതുവഴി ചില വെബ്‌സൈറ്റുകള്‍ക്ക് / ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രചാരവും ലാഭവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ സംരംഭകര്‍ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് ഒട്ടുമില്ലാതിരിക്കുന്നതിലും നല്ലതല്ലേ ഇത്രയെങ്കിലുമുള്ളത് എന്നതാണ് സീറോ റേറ്റിംഗ് അനുകൂലികളുടെ പ്രധാനവാദം. ഇവിടെ ഓര്‍ക്കേണ്ടത്; പൊട്ടക്കിണറ്റിലെ തവളകള്‍ അതാണ് ലോകം എന്നു ധരിക്കുന്നതു പോലെ, ഫേസ്ബുക്കും എട്ടോ പത്തോ വെബ്‌സൈറ്റുകളുമാണ് ഇന്റര്‍നെറ്റ് എന്നു ധരിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുത്താല്‍, നാളെ നെറ്റ് ന്യൂട്രാലിറ്റി ഇല്ലായ്മ ചെയ്യുവാന്‍ ഇന്നത്തെയത്ര ബുദ്ധിമുട്ടേണ്ടി വരില്ല എന്നതാണ്. ഒരു പക്ഷെ അതിനു വേണ്ടി ഒരു മുഴം മുന്നേ കൂട്ടിയുള്ള ഏറല്ലേ ഈ സീറോ റേറ്റിംഗ് സേവനങ്ങള്‍ എന്നും സംശയിക്കാം.

ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കേണ്ടതല്ലേ?

മൊബൈല്‍ ആപ്പുകളുടെ പ്രചാരം, അതുവഴിയുണ്ടായ വര്‍ദ്ധിച്ച നെറ്റ്‌വര്‍ക്ക് ഉപയോഗം, അവയ്ക്കായി നെറ്റ്‌വര്‍ക്കിനെ പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകത, അതിനുണ്ടാവുന്ന വര്‍ദ്ധിച്ച ചിലവുകള്‍, ലൈസന്‍സിംഗ് ഫീസിനത്തില്‍ ഉണ്ടായ വര്‍ദ്ധന, ഇതിനൊക്കെ പുറമേ വാട്ട്‌സ്ആപ്പ്, മെസഞ്ചര്‍ തുടങ്ങിയ ഓവര്‍ ദി ടോപ് അഥവാ ഒ.ടി.പി. സേവനങ്ങളെ (ഐ.എസ്.പി.കളുടെ നെറ്റ്‌വര്‍ക്കിനെ ഉപയോഗപ്പെടുത്തി എന്നാല്‍ ഐ.എസ്.പി.കള്‍ക്ക് അധിക വരുമാനമോ, ഉപയോക്താക്കള്‍ക്ക് അധിക ചിലവോ ഇല്ലാതെ നല്‍കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത സമാന്തര സേവനങ്ങള്‍) മെസേജുകള്‍ അയ്ക്കാനും വിളിക്കാനും ഉപയോക്താക്കള്‍ ആശ്രയിക്കുമ്പോള്‍ വോയിസ് കോള്‍ / മെസേജിംഗ് എന്നിവയിലൂടെ ഉണ്ടായിരുന്ന വരുമാനത്തിലുണ്ടാവുന്ന കുറവ്; ഇങ്ങിനെ നെറ്റ് ന്യൂട്രാലിറ്റി തുടര്‍ന്നാല്‍ രാജ്യത്തെ ഐ.എസ്.പി.കളെല്ലാം നഷ്ടത്തിലായി പൂട്ടിപ്പോകും എന്ന നിലയ്ക്കാണ് ട്രായുടെ ടെക്‌നിക്കല്‍ പേപ്പര്‍ ഈയൊരു പ്രശ്‌നത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇവിടെ സൗകര്യപൂര്‍വം മറക്കുന്ന ചില കാര്യങ്ങളുണ്ട്;

1. പ്രവര്‍ത്തന ചെലവുമായി തട്ടിച്ചു നോക്കിയാല്‍ വോയിസ് കോള്‍ / മെസേജിംഗ് ഇനത്തില്‍ ടെലികോം കമ്പനികള്‍ ഈടാക്കുന്നത് വളരെ ഉയര്‍ന്ന തുകയാണ്. എന്നാല്‍ അതിനനുസരിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനമാണോ നല്‍കുന്നത് എന്നു ചോദിച്ചാല്‍ അല്ല എന്നും പറയേണ്ടിവരും.

2. മൊബൈല്‍ സേവനങ്ങളിലെ ഭൂരിപക്ഷം പ്ലാനുകളും യഥാര്‍ത്ഥ ഉപയോഗത്തിന് അനുസൃതമായല്ല ചാര്‍ജ് ഈടാക്കുന്നത്. വോയിസ് കോള്‍ / മെസേജ് ചെയ്താലും ഇല്ലെങ്കിലും നിശ്ചിതവരുമാനം സേവനദാതാക്കള്‍ക്ക് ലഭിക്കുന്ന തരത്തിലാണ് പോസ്റ്റ് പെയ്ഡ് / പ്രീ പെയ്ഡ് പ്ലാനുകള്‍. പ്ലാനിനപ്പുറമുള്ള ഉപയോഗത്തിലൂടെ ലഭിക്കുമായിരുന്ന അധിക വരുമാനമാണ്, ഇന്റര്‍നെറ്റ് അധിഷ്ഠിത കാള്‍ / മെസേജ് ആപ്പുകള്‍ കാരണമായി നഷ്ടമാവുന്നെങ്കില്‍  തന്നെ നഷ്ടമാവുക.

3. അഥവാ വോയിസ് / മെസേജിംഗ് വരുമാനത്തില്‍ കുറവുണ്ടാവുന്നെങ്കില്‍ തന്നെ  ഡാറ്റയിലൂടെയുള്ള വരുമാനം കുതിച്ചു കയറുകയുമാണ്. സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരനിരക്ക് കൂടി കണക്കിലെടുത്താല്‍, ഡാറ്റയിലൂടെയുള്ള വരുമാനം വരുന്ന വര്‍ഷങ്ങളില്‍ പലമടങ്ങ് അധികരിക്കുവാന്‍ മാത്രമേ സാധ്യത കാണുന്നുമുള്ളൂ.

4. പരമ്പരാഗത കോള്‍ / മെസേജിംഗ് സേവനങ്ങള്‍ക്ക് പകരമാവുന്നില്ല ഇന്റര്‍നെറ്റ് അധിഷ്ഠിത കോള്‍ / മെസേജിംഗ് സേവനങ്ങള്‍. ഉദാഹരണത്തിന്; വാട്‌സ്ആപ്പിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ ബഹുഭൂരിപക്ഷവും പ്രസ്തുത ആപ്പിലൂടെ അധികച്ചിലവില്ലാതെ അയക്കുവാന്‍ സൗകര്യമുള്ളതുകൊണ്ട് അയ്ക്കുന്നവയാണ്. അവയുടെ പെരുപ്പം എസ്എംഎസ്സിന്റെ നഷ്ടമായി കാണുവാന്‍ കഴിയില്ലെന്ന് സാരം.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വരുമാനത്തെ ഓവര്‍ ദി ടോപ് സേവനങ്ങള്‍ പ്രതികൂലമായി ബാധിക്കും എന്നതില്‍ കഴമ്പില്ല എന്നു വ്യക്തമാവും. ഇനി അഥവാ ബാധിച്ചാല്‍ തന്നെയും, മാറിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ വാണിജ്യശൈലിയെ പുനഃക്രമീകരിക്കുകയാണ് വേണ്ടത്, അല്ലാതെ ഇതര സേവനങ്ങളുടെ ലാഭത്തിന്റെ വിഹിതമെന്ന 'വെര്‍ച്വല്‍ നോക്കുകൂലി'ക്കായി കൈ നീട്ടുകയല്ല.

നെറ്റ് ന്യൂട്രാലിറ്റി ഇല്ലെങ്കില്‍ എനിക്കെന്ത്?

ഇന്റര്‍നെറ്റ് എന്നത് ഒരു സാമൂഹിക ഇടമാണ്. വിശാലമായ കാഴ്ചപ്പാടില്‍, ഇന്റര്‍നെറ്റില്‍ ലഭ്യമായ  വിഭവങ്ങളുടെ സൃഷ്ടാക്കളും ഉപഭോക്താക്കളും അതില്‍ കണ്ണി ചേരുന്ന നാം ഓരോരുത്തരുമാണ്. ഇവിടെ നെറ്റ് ന്യൂട്രാലിറ്റി ഇല്ലെങ്കില്‍ ഓരോ വ്യക്തിക്കുമുണ്ടാവുന്ന പരിമിതികളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഇന്റര്‍നെറ്റ് സമൂഹത്തിനു മൊത്തത്തിലുണ്ടാവുന്ന കെടുതികളാണ്. നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാല്‍ ഒരു ജനസമൂഹമെന്ന നിലയില്‍ നമ്മുടെ വികസനസാധ്യതകളെത്തന്നെ അതു മുരടിപ്പിക്കും എന്നതില്‍ ഒരു സംശയവും വേണ്ട.

1. പരിമിതമായ സാധ്യതകള്‍: നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാവുന്നതോടെ നിലവില്‍ നമുക്ക് ഓരോ ആവശ്യത്തിനും ലഭ്യമായ വിവിധ സാധ്യതകള്‍ വിരലിലെണ്ണാവുന്നതായി ചുരുങ്ങും അല്ലെങ്കില്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും എന്നതിനാല്‍ അപ്രകാരം ചുരുക്കുവാന്‍ നാം നിര്‍ബന്ധിതരാവും. (ഉദാ: ഇമെയില്‍ അക്കൗണ്ടുകളെല്ലാം ഒരു പ്രൊവൈഡറുടെ മാത്രം, ഏതെങ്കിലുമൊരു ഇകോമേഴ്‌സ് വെബ്‌സൈറ്റില്‍ ലഭ്യമായ സാധനങ്ങള്‍ മാത്രം വാങ്ങുവാന്‍ അവസരം.)

2. അപൂര്‍ണമായ വിവരങ്ങള്‍: വെബ് പേജുകളിലെ വിവരശേഖരം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ലിങ്കുചെയ്ത് പോവുന്ന ഈ ശേഖരത്തിന്റെ കണ്ണികള്‍ നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാവുന്നതോടെ ശിഥിലമാവും. ഫലമോ, വിവരങ്ങളുടെ സമഗ്രതയും ആധികാരികതയും പരിശോധിക്കുവാന്‍ സാധിക്കാതെ വരും. (ഉദാ: വിക്കിപീഡിയയിലെ ഒരു ലേഖനം വായിക്കുവാന്‍ കഴിഞ്ഞെന്നിരിക്കും, എന്നാല്‍ ചുവടെ നല്‍കിയിരിക്കുന്ന റഫറന്‍സ് ലിങ്കുകള്‍ പലതും ലഭ്യമല്ലായെന്നു വരാം.)

3. ഉള്ളടക്കത്തിനു മേല്‍ നിയന്ത്രണം: ഐ.ടി. ആക്ടില്‍ നിന്നും 66A നീക്കം ചെയ്തത് ഇന്റര്‍നെറ്റ് ലോകം ആഘോഷമാക്കിയിട്ട് അധികനാളായില്ല. എന്നാല്‍ സന്തോഷിക്കാന്‍ വരട്ടെ. നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാവുന്നതോടെ ഉള്ളടക്കത്തിനു മേല്‍ നിയന്ത്രണം കൊണ്ടുവരുവാന്‍ പ്രയാസമുണ്ടാവില്ല. (ഉദാ: വിക്കിലീക്‌സ് കൂടുതല്‍ പേരിലെത്തുന്നത് തടയണമെങ്കില്‍, കൂടിയ തുക പ്രസ്തുത ഉള്ളടക്കം കാണുവാന്‍ ആവശ്യമാണ് എന്ന് ഐ.എസ്.പി.കള്‍ നിലപാടെടുക്കുകയോ, അവരെക്കൊണ്ട് നിലപാടെടുപ്പിക്കുകയോ ചെയ്താല്‍  മതിയാവും.)

4. പുതുസംരംഭങ്ങള്‍ക്കു വെല്ലുവിളി: പുതിയതായി എത്തുന്ന സംരംഭകര്‍ ഏതെങ്കിലുമൊരു സേവനദാതാവുമായോ അല്ലെങ്കില്‍ എല്ലാവരുമായോ കരാറിലെത്തിയാല്‍ മാത്രമേ തങ്ങളുടെ ഉത്പന്നം / സേവനം ഇന്റര്‍നെറ്റിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ കഴിയുകയുള്ളൂ. നിലവില്‍ പ്രസ്തുത സേവനം നല്‍കുന്ന, കരാറിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ താത്പര്യം സംരക്ഷിച്ചു മാത്രമേ ഐ.എസ്.പി.കള്‍ പുതുസംരംഭങ്ങള്‍ക്ക് പച്ചക്കൊടി കാട്ടൂ. ചുരുക്കത്തില്‍, ഐ.എസ്.പി.കളുടെ ഔദാര്യത്തില്‍ മാത്രമേ പുതുസംരംഭകര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയുകയുള്ളൂ. (ഉദാ: ഒരു പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങണമെങ്കില്‍, ഫേസ്ബുക്ക് കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലുമൊരു നെറ്റ്‌വര്‍ക്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. അങ്ങിനെയൊരു നെറ്റ്‌വര്‍ക്ക് ലഭ്യമല്ലെങ്കില്‍, പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന പദ്ധതി, എത്രയൊക്കെ സവിശേഷതകളുള്ള ഒന്നാണെങ്കിലും, പ്രാരംഭത്തിലേ ഉപേക്ഷിക്കാവുന്നതാണ്.)

5. ത്രിശങ്കുവിലാവുന്ന സ്വകാര്യത: ഇനി സ്വകാര്യതയുടെ കാര്യമെടുക്കാം. ഓരോ ആപ്പിനും, വെബ്‌സൈറ്റിനും, വെബ് ട്രാഫിക്കിനും പ്രത്യേകമായി പണമീടാക്കുക എന്നു പറഞ്ഞാല്‍, അവ ഓരോന്നിന്റെയും ഉപയോഗം, ചിലപ്പോള്‍ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചനകള്‍ ഉള്‍പ്പടെ ഐ.എസ്.പി.കള്‍ക്ക് ശേഖരിക്കേണ്ടി വരും. ചിലപ്പോള്‍ ഒരു പടികൂടി കടന്ന് ഉള്ളടക്കം തന്നെയും ശ്രദ്ധിച്ചുവെന്നും വരാം. നാളെ കൂടുതല്‍ വലിയ വിലപേശലിന് ഈ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തുകയുമാവാം.

6. പങ്കുവെയ്ക്കലുകള്‍ക്കും പരിധി: സ്വതന്ത്ര / സൗജന്യ ആപ്ലിക്കേഷനുകള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാണ് എന്നത് കുറച്ചൊന്നുമല്ല വ്യക്തികളേയും ചെറിയ സംരംഭകരേയും തുണയ്ക്കുന്നത്. നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാവുന്നതോടെ ഈ സോഫ്റ്റ്‌വെയറുകള്‍ സൗജന്യമാണെങ്കില്‍ പോലും ഐ.എസ്.പി.കള്‍ക്ക് പണം നല്‍കി ഡൌണ്‍ലോഡ് ചെയ്യേണ്ടി വന്നേക്കാം. അങ്ങിനെ വന്നാലത് ഇന്ത്യയ്ക്കായി, അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ വികസനത്തെ പ്രതികൂലമായി ബാധിക്കും.

നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാവുന്നതോടെ നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന, പെട്ടെന്ന് ഓര്‍മ്മയിലെത്തിയ ചില വിഷമതകളാണ് മുകളില്‍ സൂചിപ്പിച്ചത്. നാം നിത്യേന ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുള്‍പ്പടെ എല്ലാം ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെടുകയും, നമ്മുടെ വിവരങ്ങളൊക്കെയും ക്ലൌഡില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. സമഭാവന ഇല്ലാതാവുന്നത് എങ്ങിനെയൊക്കെയാവും ഓരോ ഉപയോക്താവിനേയും, ഇന്റര്‍നെറ്റ് സമൂഹത്തെ ആകെ തന്നെയും ബാധിക്കുക എന്നത് ഇപ്പോള്‍ ചിന്തിക്കാവുന്നതിനും അപ്പുറമുള്ള കാര്യമാണ് എന്നതാണ് വാസ്തവം.

നെറ്റ് ന്യൂട്രാലിറ്റിക്കായി എന്തു ചെയ്യാം?

ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ, നെറ്റ് ന്യൂട്രാലിറ്റി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ട്രായിയെ അറിയിക്കുക സാധാരണക്കാര്‍ക്ക് ഒരുപക്ഷെ അത്ര എളുപ്പമുള്ള കാര്യമാവില്ല. സേവ് ദി ഇന്റര്‍നെറ്റ് വെബ്‌സൈറ്റാണ് ഇവിടെ നമ്മുടെ സഹായത്തിനെത്തുന്നത്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് [http://www.savetheinternet.in/] അവിടെ നല്‍കിയിരിക്കുന്ന [Respond to TRAI now] ലിങ്കില്‍ ക്ലിക്ക് ചെയ്ത് എളുപ്പത്തില്‍ ഇതു ചെയ്യാം. ഓര്‍ക്കുക, ഏപ്രില്‍ 24 വരെയാണ് ട്രായിയെ അഭിപ്രായമറിയിക്കുവാനുള്ള സമയപരിധി. അതിനു മുന്‍പായി ചെയ്യാനുള്ളത് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍  ഇവിടെയും [http://www.netneturaltiy.in/support/] ലഭ്യമാണ്.