പനീര്‍വിപ്ലവം അടഞ്ഞ അധ്യായമാകുമോ? 

February 16, 2017, 8:08 pm
പനീര്‍വിപ്ലവം അടഞ്ഞ അധ്യായമാകുമോ? 
Spotlight
Spotlight
പനീര്‍വിപ്ലവം അടഞ്ഞ അധ്യായമാകുമോ? 

പനീര്‍വിപ്ലവം അടഞ്ഞ അധ്യായമാകുമോ? 

ഒറ്റരാത്രിയില്‍ എഐഎഡിഎംകെയെ ഇളക്കിമറിച്ച ജയലളിതയുടെ എക്കാലത്തെയും വിനീത വിധേയന്‍ ഒ പനീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയഭാവി ഇനിയെന്താകും? ജയലളിതയുടെ പകരക്കാരനായി മൂന്ന് തവണ മുഖ്യമന്ത്രിയായ ഈ 61കാരന്റെ സാധ്യതകളെ കുറിച്ച് അദ്ദേഹത്തിന് പോലും നിശ്ചയമുണ്ടാകില്ല. ജയലളിതയോടുള്ള വിധേയത്വത്തില്‍ ശശികലയും പനീര്‍ശെല്‍വവും ഒട്ടും ഭിന്നമല്ല. ഒന്നിനൊന്ന് മികച്ചതോ വേറിട്ടതോ ആയിരുന്നില്ല ഇരുവരുടെയും വിധേയത്വം. ശശികല 'അമ്മ'യുടെ അകത്തളങ്ങളിലെ അടുപ്പക്കാരിയായിരുന്നു. പനീര്‍ശെല്‍വം രാഷ്ട്രീയബാഹ്യപ്രതലത്തിലെ സാമന്തന്റെ മുഖവും. ജയലളിതയുടെ ഏറ്റവും വലിയ അടുപ്പക്കാര്‍ ഇവരല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്നത് എഐഎഡിഎംകെ അണികള്‍ക്ക് പോലും ഉറപ്പിക്കാനാകുമായിരുന്നില്ല. അത്രമേല്‍ ദൃഢമായിരുന്നു ആ ബന്ധം.

ശശികലയുടെ സാധ്യതകള്‍ പൂര്‍ണമായി അടച്ച സുപ്രിം കോടതി വിധി വന്ന രാത്രിയില്‍, പനീര്‍ശെല്‍വം ചിലപ്പോള്‍ ഒരു വീണ്ടുവിചാരം നടത്തിക്കാണും. ഫെബ്രുവരി ഏഴിന് മറീനാ ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ പോയി ശശികലയ്‌ക്കെതിരെ കലാപത്തിന്റെ വിമതശബ്ദം ഉയര്‍ത്താന്‍ എടുത്ത തീരുമാനത്തെ ഒരു നിമിഷാര്‍ദ്ധനേരമെങ്കിലും പഴിച്ചിട്ടുണ്ടാകും. ജയലളിയ ഒഴിഞ്ഞപ്പോഴെന്നതുപോലെ, സുപ്രിം കോടതി വിധിവന്നപ്പോള്‍ ശശികലയ്ക്ക് നഷ്ടമാകുന്ന പദവി, പഴയ വിധേയത്വത്തിന്റെ ബലത്തില്‍ പനീര്‍ശെല്‍വത്തിലേക്ക് തിരികെയെത്താനുള്ള വഴിയാകുമായിരുന്നില്ലെന്ന് ആരുകണ്ടു. രാഷ്ട്രീയത്തില്‍ ഭൂതകാല സാധ്യതകള്‍ക്ക് പ്രസക്തിയില്ല. മുഖ്യമന്ത്രി പദത്തിലേക്ക് ഒരിക്കല്‍ പോലും പേര് പരിഗണിക്കപ്പെട്ടിട്ടില്ലാത്ത എടപ്പാടി കെ പളനിസാമി പനീര്‍ശെല്‍വത്തെ തല്‍ക്കാലത്തേക്കെങ്കിലും അപ്രസക്തനാക്കിയിരിക്കുന്നു.

ഒറ്റ നേതാവിനെ പിന്‍പറ്റി നില്‍ക്കുന്ന ആള്‍ക്കൂട്ടം മാത്രമായി ദശകങ്ങളായി ശീലിച്ചുവന്ന ഒരു പാര്‍ട്ടിയാണ് എഐഎഡിഎംകെ. 'അമ്മ'യുടെ പിന്‍ഗാമിയായി പോലും അവരാരെയും കണക്കാക്കിയിട്ടില്ല. ഇനിയുള്ള പോര് മുഴുവന്‍ ജയലളിതയുടെ രാഷ്ട്രീയ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ളതായിരിക്കും. 135 പാര്‍ട്ടി എംഎല്‍എമാരില്‍ മേധാവിത്വം നേടാനുള്ള പാതിപ്പേരെ പോലും സ്വന്തമാക്കാന്‍ പറ്റാതെ പോയ പനീര്‍ശെല്‍വത്തിന് ഈ ആള്‍ക്കൂട്ടത്തിന്റെ മനസ്സ് പിടിച്ചെടുക്കാനാകുമോ എന്നതാണ് ജയപരാജയം നിശ്ചയിക്കുക. ശശികലയുടെ വാതില്‍ അടഞ്ഞപ്പോള്‍ പുതിയ രാഷ്ട്രീയ എതിരാളികളാണ് പനീര്‍ശെല്‍വത്തിന്റെ മുന്നില്‍. പളനിസാമി എല്ലാ അധികാരശക്തിയോടും കൂടി രണ്ടാഴ്ച തമിഴകത്തെ നിയന്ത്രിക്കും. അധികാരമുള്ള പളനിസാമിയും അധികാരമൊഴിഞ്ഞ പനീര്‍ശെല്‍വവും തമ്മിലുള്ള നേര്‍യുദ്ധമാണ് ഇനി എഐഎഎഡിഎംകെയുടെ രാഷ്ട്രീയഭാവി. അതില്‍ പളനിസാമിയേക്കാള്‍ നഷ്ട സാധ്യത പനീര്‍ശെല്‍വത്തിനും.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പളനിസാമിയെ ക്ഷണിച്ചതിന് പിന്നാലെ 'ധര്‍മ്മയുദ്ധം' തുടരുമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. ജയലളിതയുടെ അഴിമതികള്‍ക്കും സേച്ഛാധിപത്യത്തിനും റാന്‍മൂളിനിന്ന പനീര്‍ശെല്‍വം ഏത് 'ധര്‍മ്മ'ത്തെയാണ് ഓര്‍മ്മിപ്പിച്ചുണ്ടാവുക? ധാര്‍മികതയും അധാര്‍മികതയും എഐഎഡിഎംകെ അണികളുടെ മുന്നില്‍ വലിയ വിഷയമാകില്ലായിരിക്കാം. അമ്മയുടെ നേരവകാശിയെന്ന് അവര്‍ മനസ്സില്‍ കണക്കുകൂട്ടുന്നവര്‍ക്കൊപ്പം അണികള്‍ ഒന്നടങ്കം ചിലപ്പോള്‍ നീങ്ങിയേക്കാം. അല്ലെങ്കില്‍ ചിതറിത്തെറിഞ്ഞ് രണ്ടാകാം. റാണിയെ നഷ്ടപ്പെട്ട തേനീച്ചകളെ പോലെ കൂട്ടംതെറ്റിയലഞ്ഞ് ഏതോതോ ആലയങ്ങളില്‍ അഭയം തേടിയേക്കാം.

ശശികലയില്ലാത്ത എഐഎഡിഎംകെയിലേക്ക് പനീര്‍ശെല്‍വത്തിന് എളുപ്പത്തില്‍ തിരിച്ചുപോകാനാകില്ല. ജയിലിലേക്ക് പോകും മുമ്പ് പാര്‍ട്ടിയുടെ താക്കോല്‍സ്ഥാനങ്ങള്‍ ശശികല മന്നാര്‍ഗുഡി സംഘത്തിന് കൈമാറിയിട്ടുണ്ട്. അകന്നുപോയ എല്ലാവര്‍ക്കും തിരിച്ചുവരാം എന്നാണ് പളനിസാമിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ശശികലയുടെ വിശ്വസ്തനായ നേതാവ് സി രാജശേഖരന്‍ പറഞ്ഞത്. പനീര്‍ശെല്‍വം ചതിയനാണെന്ന ഒരു 'പക്ഷെ' കൂടി അതിനൊപ്പം അദ്ദേഹം ചേര്‍ത്തു. പനീര്‍ശെല്‍വത്തെ ഒറ്റപ്പെടുത്തുക. ഇപ്പോള്‍ ചാഞ്ചാടിപ്പോയ മറ്റ് എംഎല്‍എമാരെ തിരികെ കൊണ്ടുവരിക. ഇതാണ് ശശികല-പളനിസാമി പക്ഷം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട്. ഒപ്പമുള്ള ഒമ്പതോ പത്തോ എംഎല്‍എമാര്‍ കൂടി തിരിച്ചുപോയാല്‍ പനീര്‍ശെല്‍വം എല്ലാം പൂജ്യത്തില്‍നിന്ന് തുടങ്ങേണ്ടിവരും. അധികാരമില്ലാത്ത പനീര്‍ശെല്‍വത്തിന് കൂടെയുള്ള പത്ത് എംഎല്‍എമാരെയും ഒപ്പം നിര്‍ത്തണമെങ്കില്‍ നല്ല വിയര്‍പ്പൊഴുക്കേണ്ടിവരും.

വിശ്വാസം തെളിയിക്കാന്‍ പളനിസാമിക്ക് ലഭിച്ച 15 ദിവസം രണ്ടാഴ്ച വിലപേശല്‍ കാലമാണ്. അടച്ചിട്ട റിസോട്ടില്‍നിന്ന് തുറന്ന വിശാല ലോകത്തില്‍. പണവും സ്വാധീനവും ഇരുപക്ഷത്തുനിന്നും വേണ്ടുവോളം പ്രവഹിക്കാം. അതിലെല്ലാമുപരി സ്വന്തം മണ്ഡലങ്ങളിലും സംസ്ഥാനത്താകെയുമുള്ള ജനവികാരം, അണികളുടെ താല്‍പര്യം ഇതെല്ലാം അടുത്തുനിന്ന് മനസ്സിലാക്കാം. റിസോട്ടിലെ ഇരുണ്ട മുറിയില്‍ കണ്ടതല്ല, പുറത്തെ അണികളുടെ യഥാര്‍ത്ഥ വികാരമെങ്കില്‍ പളനിസാമിയുടെ മുഖ്യമന്ത്രി പദത്തിന് രണ്ടാഴ്ചയുടെ ആയുസ്സേയുണ്ടാകൂ. ദീര്‍ഘമായ കാലപരിധിക്ക് ഇടകൊടുക്കാതെ വിശ്വാസവോട്ടിനെ തോല്‍പ്പിച്ച് അവര്‍ പനീര്‍ശെല്‍വത്തോട് ഐക്യപ്പെട്ടുകൂടെന്നില്ല.

ജയലളിത പുറത്താക്കിയ മന്നാര്‍കുടി സംഘം പാര്‍ട്ടിയില്‍ വീണ്ടും പിടിമുറുക്കിയത് കൗശലക്കാരനായ രാഷ്ട്രീയനേതാവിന് പാര്‍ട്ടിയെ തിരിച്ചുപിടിക്കാനുള്ള വഴിയാണ്. വിധേയത്വമല്ലാതെ വൈഭവം കാണിക്കാത്ത പനീര്‍ശെല്‍വത്തിന് ആ കൗശലം പുറത്തെടുക്കാനാകുമോ എന്ന് ഉറപ്പില്ല. ജയലളിതയ്ക്ക് വേണ്ടാത്തവരെ അണികള്‍ എന്തിന് പേറണമെന്ന ചോദ്യം ഉന്നയിച്ചാല്‍ അമ്മയെ അതിവൈകാരികമായി കാണുന്ന അണികളില്‍ അത് അലയൊലി സൃഷ്ടിച്ചേക്കാം. പനീര്‍ശെല്‍വത്തിന്റെ അവശേഷിക്കുന്ന സാധ്യത നിലനില്‍ക്കുന്നത് അവിടെയാണ്. വ്യക്തിവൈഭവമുള്ള നേതാവ് എഐഎഎഡിഎംകെയില്ലെന്നതാണ് ആ പാര്‍ട്ടി നേരിടുന്ന വലിയ പ്രതിസന്ധി. ജയലളിത ആരെയും തനിക്കൊപ്പം പറക്കാന്‍ അനുവദിച്ചിരുന്നില്ല. രണ്ടടി പിന്നാക്കം നിര്‍ത്തുന്നതായിരുന്നു അവരുടെ ശൈലി. അടിയൊഴുക്ക് നിശ്ചയിക്കാനാകാത്ത അണികളുടെ വികാരം പനീര്‍ശെല്‍വത്തിനൊപ്പമാണെങ്കില്‍ പളനിസാമിയുടെ വീണുകിട്ടിയ മുഖ്യമന്ത്രിപദം അല്‍പായുസ്സാകും.

ജനമനസ്സ് അറിയാന്‍ ഒരു തെരഞ്ഞെടുപ്പോളം കാത്തിരിക്കേണ്ടതില്ല. വിശ്വാസവോട്ടെടുപ്പ് അതിന്റെ സൂചകമാകും. അതിനെ അതിജീവിച്ചാലും ജയലളിതയുടെ മണ്ഡലമായ ആര്‍കെ പുരത്തെ ഉപതെരഞ്ഞെടുപ്പ് ആ ചോദ്യത്തിനുള്ള യഥാര്‍ത്ഥ ഉത്തരം നല്‍കും. ജയലളിതയോടുള്ള സ്‌നേഹത്തിന്റെ അനുകമ്പ പനീര്‍ശെല്‍വത്തിനാണോ ശശികല-പളനി സാമി സംഘത്തിനാണോ എന്ന്.